അവൾ ഒരു പ്രിയ. കോടമ്പാക്കത്തിനടുത്തായിരുന്നതുകൊണ്ട് സിനിമയുമായി ബന്ധമുള്ള പല പെണ്‍കുട്ടികളും ഞങ്ങളുടെ ഹൊസ്റ്റെലിലെ താമസക്കാരായിരുന്നു. ജൂനിയർ ആര്ടിസ്റ്റുകൾ, സീരിയൽ നടികൾ, സിനിമാ മോഹവുമായി നാടുവിട്ടു വന്നവർ, നായികയുടെ രൂപ സാദൃശ്യം കൊണ്ട് ഡ്യൂപ്പ് ആയവർ അങ്ങനെ.. പ്രിയയും അവരിലൊരാൾ. വളരെ വർഷങ്ങൾക്കു മുൻപേ തന്നെ ആന്ധ്രയിൽ നിന്നും കോടമ്പാക്കത്ത് ഇറങ്ങിയവൾ. (തമിഴിലെ ഹാസ്യ താരങ്ങളുടെ ജോടിയായും ചില നൃത്തങ്ങളിലെ പ്രധാനിയായും അവളെ ഞാൻ പിന്നീട് ചില ചാനൽ കറക്കത്തിനിടയിൽ കണ്ടിട്ടുണ്ട്.) ഞാൻ പരിചയപ്പെടുമ്പോൾ അവൾ ഏതോ സീരിയലിൽ ചെറിയ വേഷം ചെയ്യുകയായിരുന്നു. സ്നേഹത്തോടെ പെരുമാറുന്ന, പരസഹായിയും സുന്ദരിയുമായ ഒരു യുവതി, അതാണ് പ്രിയ.
ഞാൻ താഴെയും അവൾ മൂന്നാം നിലയിലുമായതിനാൽ വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണങ്ങൾ മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരിക്കൽ അവൾ മുഖവുരയൊന്നുമില്ലതെ പറഞ്ഞു, "സീരിയൽ ആക്ടിംഗ് വേണ്ടാന്നു വെച്ചു.. 'അവർ' പോകവേണ്ടാംന്നു സൊല്ലിട്ടാർ"
മിഴിച്ചു നിന്ന എന്നോട് അവൾ "അവരെ" കുറിച്ച് ബഹുമാനത്തോടെയും തെല്ലു നാണത്തോടെയും പറഞ്ഞുതന്നു.
"അവര്‍ ട്രിച്ചിയിലെ പെരിയ അരസിയൽവാദി(രാഷ്ട്രീയക്കാരൻ).. സീരിയൽ ഡയറക്ടർ ഫ്രണ്ട്.. അപ്പടി താൻ തെരിയും.. അടിക്കടി ചെന്നൈ വരുവാര്... കല്യാണം പണ്രെന്നു സോന്നാര്.."
എന്നെക്കാൾ പ്രായമുള്ള അവൾക്കു ഒരു നല്ലൊരു ജീവിതമുണ്ടാകുന്നതിൽ എനിക്കുണ്ടായ സന്തോഷത്തെ തല്ലിക്കെടുത്തിക്കൊണ്ട് അവൾ മറ്റൊരു ദിവസം പറഞ്ഞു.. "ഹൊസ്റ്റെലിലെ തങ്കിക്ക സോന്നാര്.. അവർ വരപ്പോ മട്ടും എങ്കെയാവതു കൂട്ടീട്ടുപോറെൻ ന്ന് "
"എന്ന് വെച്ചാൽ?" എന്റെ ദേഷ്യം അറിയാതെ പുറത്തുചാടി.
"വേറെന്ന പ ണ്ണ സൊൽറീങ്കെ? അവർതാൻ പുള്ളക്കുട്ടിയുള്ളവരാച്ചേ "
ഭഗവാനെ... കല്യാണം കഴിഞ്ഞു കുട്ടികൾ വരെയുള്ള ഒരുത്തനാണ് ഇവളെ...!! ശരിക്കും ദേഷ്യവും സങ്കടവും തോന്നി.
ചെന്നൈയിൽ വരുമ്പോൾ മാത്രം ഉപയോഗിക്കാവുന്ന ഒരു...!! മാത്രമല്ല, അവളെ ജോലി ചെയ്യാനനുവദിക്കില്ല.. ചിലവിനു മാത്രം കൊടുക്കും.. തോന്നുമ്പോൾ വരും, കാണും... എനിക്കാലോചിക്കാനെ പറ്റുന്നുണ്ടായില്ല...
മറ്റൊരു ദിവസം അയാൾ അവളെ കാണാനെത്തി. ഹോസ്റ്റൽ പടിക്കൽ സ്കോർപിയോ നിർത്തി ഇറങ്ങി വരുന്ന, കയ്യിലും കഴുത്തിലും നിറയെ മഞ്ഞലോഹമണിഞ്ഞ കറുത്തു തടിച്ച വെള്ള വസ്ത്രധാരിയെ കണ്ട് കണ്ണുതള്ളി നിൽക്കുമ്പോൾ അവൾ തോണ്ടി, "ഇദ്ദാൻ അവര്‍..പോയിട്ടുവരേൻ "
ഞങ്ങളുടെ നിർബന്ധം കൊണ്ടാണെന്ന് തോന്നുന്നു, അവൾ വിവാഹം കഴിക്കണമെന്ന് വാശി പിടിച്ചത്. ഏതോ വഴിയിൽവെച്ച് കാറിന്റെ പിൻസീറ്റിൽ ഇരുന്ന് അയാൾ കഴുത്തിലെ തടിച്ച മാല ഊരി അവളെ അണിയിച്ചു.
"ഇതുക്ക് മേലെ എന്ന കിടൈക്കും, സൂണ്‍.. എങ്കളെയെല്ലാം യാര് കല്യാണം പണ്റത്? ചിന്ന വയസായിരുന്താ സിനിമാവിലെ ഏതാവത് റോൾ കിടൈക്കും, ഇനിമേ അതുമില്ലൈ.. ഇല്ലെന്നാ അവുങ്ക സൊല്ല്രതെ എല്ലാം ചെയ്യണം "
അവളുടെ വാക്കുകൾ എന്റെ ഹൃദയത്തെ ഉലച്ചു കടന്നുപോയി.