About Me

My photo
A person who loves to read, write, sing and share thoughts.

Friday, October 28, 2011

കണ്ണടയില്‍ കണ്ണെത്തുമ്പോള്‍..


കുട്ടിക്കാലത്ത് കണ്ണട വെച്ച മുഖം എന്നത് ഗൌരവമുള്ള വ്യക്തിത്വത്തിന്റെ പ്രതീകമാണ് എന്ന തോന്നല് കൊണ്ടാവാം, ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്. ‍ അതുകൊണ്ടുതന്നെ ഇലക്കറികള്‍ കഴിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച കുറയും, പിന്നെ കണ്ണട വെച്ചു നടക്കേണ്ടി വരും എന്ന ഭീഷണിയെ ഒട്ടും ഭയന്നിരുന്നില്ല.

മുതിര്‍ന്നു കഴിഞ്ഞാല്‍ കണ്ണട ഒരു വാര്‍ധക്യലക്ഷണമായി മനസ്സില്‍ കയറികൂടും. സിനിമകളില്‍ പോലും നായികയുടെയോ നായകന്റെയോ പ്രായമായ അവസ്ഥ കാണിക്കാന്‍ യൌവനയുക്തമായ മുഖത്ത് വലിയൊരു കണ്ണട വെച്ച് കൊടുക്കും. അതുപോലെ ദുരന്തനായികക്കും ഉണ്ടാവും മുഖത്തിന്റെ പാതിയോളം മറയ്ക്കുന്ന കണ്ണട.

ചിലര്‍ക്ക് കണ്ണട ജനിക്കുമ്പോഴേ ഉണ്ടായിരുന്നതായി തോന്നും. അങ്ങനെയുള്ളവരെ കണ്ണട ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരു മുഖമാണ് സംവിധായകന്‍ പ്രിയദര്‍ശന്റേത്. അതുപോലെ കരുണാനിധിയുടെയും. പക്ഷെ കണ്ണുകളെ മറക്കുന്ന അത്തരം കണ്ണടകള്‍ മുന്നില്‍ നില്‍ക്കുന്ന നമ്മെ കുഴപ്പത്തിലാക്കും. എതിരില്‍ അപരിചിതന്‍ ആണെങ്കില്‍ നോട്ടം എവിടേയ്ക്കാണ് എന്നറിയാത്തതിനാല്‍ കൈകളും മനസും വസ്ത്രം സ്ഥാനം മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിപ്പോവും.

ഗാന്ധിജിയുടെയും വയലാറിന്റെയും ചങ്ങമ്പുഴയുടെയും പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ തെളിയുക അവരുടെ കണ്ണടകള്‍ ആണ്.
ഇനിയുമുണ്ട്.. സാനിയ മിര്‍സ, സല്‍മാന്‍ റുഷ്ദി തുടങ്ങിയ താരങ്ങളുടെ സ്റ്റൈലന്‍ കണ്ണടകള്‍!‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണടകള്‍ ഒരു സ്റ്റാറ്റസ് പ്രതീകമായി കാണുന്നുണ്ട് പൊതുവേ പലരും.

ചിലര്‍ക്ക് കണ്ണടകള്‍ അലങ്കാര വസ്തുവാണ്. കഷണ്ടി മറയ്ക്കുന്ന, അല്ലെങ്കില്‍ മനോഹരമായ കേശാലങ്കാരത്തിനു മാറ്റുകൂട്ടാന്‍ നെറ്റിക്ക് മുകളിലായി വലിയ സണ്‍ ഗ്ലാസ്സുകള്‍ വിശ്രമിക്കും.

രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് കണ്ണടകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഗര്‍ഭകാലത്തെ പ്രശ്നങ്ങളോ, ജനിതക വൈകല്യങ്ങളോ കൊണ്ട് പുതിയൊരു അവയവമായി ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട അവസ്ഥ കഷ്ടമാണ്.

പരിചിതമായ കണ്ണടകള്ക്ക് വേണ്ടി മനസിന്‍റെ അന്വേഷണ കണ്ണട ഓര്‍മ്മകളിലേക്ക് വെറുതെ തിരിച്ചുവെച്ചുനോക്കട്ടെ..

ആദ്യം ഓര്‍മ്മവരുന്നത്‌ അച്ഛന്‍റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയാണ്. പൂമുഖത്ത് ചുവരിലെ മാലയിട്ട ചിത്രത്തിലെ കണ്ണടകണ്ണുകള്‍ ‍ വെറുതെ നോക്കിയിരിക്കുന്നത് കുട്ടിക്കാലത്തെ ഒരു ഏകാന്ത വിനോദമായിരുന്നു. ആ കണ്ണട അച്ഛന്റെ മുറിയിലെ അലമാരയില്‍ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്. ഒരിക്കല്‍ അത് കയ്യിലെടുത്തെങ്കിലും സാധാരണ ചെയ്യാറുള്ളതുപോലെ മൂക്കിന്മേല്‍ വെച്ചു നിലക്കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ തോന്നിയില്ല.
അമ്മയുടെയും അച്ഛന്റെയും ചെരുപ്പ്, കസേര ഒക്കെപോലെ കണ്ണടയും ബഹുമാനത്തോടെ മാത്രമേ കാണാവൂ എന്ന് മുതിര്‍ന്ന ആരോ മനസിലേക്ക് കയറ്റിവിട്ട വിശ്വാസം കൊണ്ടാവാം അമ്മയുടെ കണ്ണടയും വെച്ചുനോക്കിയിട്ടില്ല.

നാലാം ക്ലാസ്സിലെ പദ്മിനിടീച്ചറുടെ സ്വര്‍ണ്ണ നിറമുള്ള, ചെവിയോടടുത്തുള്ള രണ്ടറ്റവും അല്പം കൂര്‍ത്ത കണ്ണടയിലേക്ക് ഭയത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ.. പിന്നില്‍ കെട്ടിയ കൈയിലെ ചൂരലിന്റെ തുമ്പ് തലയ്ക്കു പിന്നില്‍ കാണുമ്പോഴേ മുട്ട് വിറച്ചു തുടങ്ങും. ഇടവേളകളിലെ പതിഞ്ഞ അടക്കം പറച്ചിലുകള്‍ക്കുപോലും ഉയരാത്ത മുഖത്തെ സ്വര്‍ണകണ്ണടയുടെ മുകളിലൂടെ എത്തുന്ന നോട്ടത്തെ ഭയമായിരുന്നു.

നാട്ടിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഭയമായിരുന്ന കേശവന്‍ മാസ്റ്ററുടെ സ്വതവേ തീക്ഷ്ണമായ മിഴികള്‍ കണ്ണടയുടെ അലങ്കാരവും കൂടിയാവുമ്പോള്‍ നേരിടാന്‍ പ്രയാസമായിരുന്നു. എങ്കിലും നരച്ച കണ്പീലികള്‍ തിങ്ങിയ കണ്ണുകളില്‍ നിന്നും വാത്സല്യവും നുകരാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് പലപ്പോഴും.
മറ്റൊരു കണ്ണടയുടെ സ്ഥാനം കള്ളകണ്ണുള്ള കൂട്ടുകാരി റാണിയുടെ മൂക്കിന്‍തുമ്പിലാണ്.. ആര് വിളിച്ചാലും മുഖമുയര്‍ത്താതെ കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കുന്നവളുടെ കണ്ണട മുകളിലേക്ക് കയറ്റിവെച്ച് ഒരുമിച്ച് ഉറക്കെ ചിരിച്ചിരുന്ന പഠനകാലം.

അച്ഛന്റെ തറവാട്ടില്‍ അവധിക്കാലത്തെത്തുമ്പോള്‍, "പിള്ളാരെ.." എന്ന ഒറ്റവിളി കൊണ്ട് എല്ലാവരെയും ഒരുമിച്ചു ഊണുമേശയില്‍ എത്തിച്ചിരുന്ന വല്യമ്മ അന്നോന്നിയമ്മയുടെ ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിന് മാറ്റുകൂട്ടിയത് മുകള്‍ഭാഗത്ത്‌ മാത്രം കറുത്ത ഫ്രെയിമുള്ള ടിപ്പിക്കല്‍ ടീച്ചര്‍ കണ്ണട തന്നെ.

മനസിനെ തൊട്ടും തൊടാതെയും കടന്നുപോയ കണ്ണടകള്‍ ഇനിയും കിട്ടും ഓര്‍മ്മവഴികളില്‍.. അടക്കിയ ചിരിയെ, നിറമിഴികളെ, പറയാന്‍ മറന്ന പ്രണയത്തെ, പരിഭവത്തെ, പരിഹാസത്തെ, ഹൃദയത്തിന്റെ വിങ്ങലിനെ ഒക്കെ മറച്ചുവെച്ച് നിസ്സംഗത ചമഞ്ഞവ.. തല്‍ക്കാലത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ച്, വര്‍ത്തമാനകണ്ണട അണിയട്ടെ..

8 comments:

prasad - semantics of life said...

Very simple. very nice :)

Jefu Jailaf said...

കണ്ണടപുരാണം നന്നായി.. :)

പഥികൻ said...

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തൂ...കണ്ണടകൾ വേണം ....
സസ്നേഹം,
പഥികൻ

റോസാപ്പൂക്കള്‍ said...

കണ്ണട കഥകള്‍ നന്നായി ശിവാ

ശിവകാമി said...

Thank u all...

Lekha justin said...

കണ്ണടകളുടെ കഥ നന്നായി....ഓര്‍മ്മകളില്‍ മായാത്ത ചില മുഖങ്ങള്‍ക്കൊപ്പം കണ്ണടകളും ഒഴിവാക്കാനാവാത്ത ഒരവയവം പോലെയാണെന്ന് തോന്നാറുണ്ട്. ഈയെഴുത്ത് ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്....

Anonymous said...

എനിക്കുമുണ്ടായിറ്രുന്നു, കണ്ണട വെക്കുന്ന... പേടിപ്പിക്കുന്ന ഒരു കേശവന്‍ മാഷ്..... :)

നന്നായി...

ഭ്രാന്തന്‍ ( അംജത് ) said...

വ്യത്യസ്തമായ ഒരു വിഷയം തെരഞ്ഞെടുത്തു വായനക്കാരനെ മടുപ്പില്ലാതെ അവതരിപ്പിച്ച കഴിവിനെ പ്രശംസിക്കുന്ന ഈ മനസ്സില്‍ ഒരു അസൂയയും ഉണ്ടേ.