ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ വന്ന കഥാ രചന ചര്‍ച്ചയില്‍ കിട്ടിയ പ്രമേയമായിരുന്നു സാറ ഉമ്മനു പ്രണയപൂര്‍വ്വം കേശവ് എന്‍ . നായര്‍ എന്നത്. അവിടെ ഒരുപാട് കേശവന് നായര്‍മാര്‍ എഴുതിയപ്പോള്‍ സാറ ഉമ്മന്‍ പറയാനുള്ളത് എന്തായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തോന്നിയതായിരുന്നു ഇത്... ബഷീര്‍ കൃതിയുമായി ഒരു ബന്ധവും ഇതിനില്ല എന്നറിയിക്കട്ടെ..
പ്രിയപ്പെട്ട കേശവന് ചേട്ടന് പുത്തന്പുരയ്ക്കലെ സാറാമ്മ എഴുതുന്നത് എന്തെന്നാല്‍,
ചേട്ടന് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖമാണെന്നു പറയാം.ആദ്യമേ തന്നെ എന്റെ വീട്ടുപേര് വരെ എഴുതിയത് ചേട്ടന് എന്നെ ഒരുപക്ഷെ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നോര്‍ത്താ...
ഞാനിപ്പം അമേരിക്കയില്‍ എന്റെ രണ്ടാമത്തെ മോന്റെ കൂടെയാ.. എന്റെ കൊച്ചുമോള് കമ്പ്യൂട്ടറില്‍ അവളുടെ കൂട്ടുകാരന്റെ പടവും മറ്റും കാണിച്ചു തന്നായിരുന്നു. അവന്റെ കുടുംബഫോട്ടോയില്‍ കരളില്‍ കൊളുത്തി വലിക്കുന്ന ചിരിയുമായി നില്ക്കുന്ന ആളിനെ കണ്ടപ്പോഴാ മനസിലായത്, ആ കൊച്ചന് ചേട്ടന്റെ കൊച്ചുമോനാണെന്ന്.
പ്ലഷറും പഞ്ചാരേം എല്ലാമുണ്ടെന്നാ കഴിഞ്ഞ തവണ പരിശോധിച്ചപ്പോഴും മരുമോള് കൊച്ച് പറഞ്ഞത്. അതിനൊള്ള മരുന്നും കഴിക്കുന്നുണ്ട്. മക്കളൊക്കെ ഇവിടെ തന്നെയാ.. എന്റെ അങ്ങേരു മരിച്ചപ്പം വസ്തുവൊക്കെ വിറ്റുപെറുക്കി അവരെന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇനിയിപ്പം അവസാനം വരേം ഇവിടെ തന്നെ...
സാറക്കുട്ടീന്നു നീട്ടി വിളിച്ചോണ്ട് പള്ളിക്കൂടത്തിലോട്ടു ഒരുമിച്ചു നടന്ന കാലമൊക്കെ ചേട്ടനോര്‍മ്മയുണ്ടോ? ക്രിസ്തുമസ് കരോളിന്റെ കൂടെ വന്ന് ഇരുട്ടില്‍ എന്റെ കൈ വലിച്ചെടുത്തു ഉമ്മ വെച്ചതും എന്റെ മിന്നുകെട്ടിന്റന്നു പള്ളീടെ അപ്പുറത്തെ വേലിക്കല് കണ്ണ് തുടച്ചോണ്ട് നിന്നതും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..ഒരിക്കല്‍പ്പോലും സ്നേഹം തിരിച്ചു കാണിക്കാഞ്ഞത് എന്റെ അപ്പന് ഇറച്ചിവെട്ടുകാരന് ഉമ്മച്ചന് മാപ്പിളയേയും തടിമാടന്മാരായ ഇച്ചായന്മാരെയും പേടിച്ചിട്ടായിരുന്നു. മലയാളം നോട്ടുബുക്ക് വാങ്ങാന്‍ ചേട്ടന് വീട്ടില്‍ വന്നയന്ന് ആ നായര്‍ ചെറുക്കനുമായി നിനക്കെന്നതാടീന്നു ചോദിച്ചോണ്ട് ഇച്ചായന്മാരെന്നെ ഒത്തിരി കരയിച്ചു. ഇനി മിണ്ടുന്നതെങ്ങാനും കണ്ടാല്‍ അവന്റെ കാലുതല്ലിയൊടിക്കുമെന്നും പറഞ്ഞു പേടിപ്പിച്ചതുകൊണ്ടാ ചേട്ടന് മിണ്ടാന്‍ വരുമ്പോഴൊക്കെ ഞാനൊഴിഞ്ഞു മാറിയത്. ചേട്ടനെ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കത്തില്ലായിരുന്നു. എനിക്കന്ന് വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല.
ഒരിക്കല്‍പ്പോലും എന്റെ മനസ്സില്‍ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എനിക്കറിയാം ഈ വൈകിയ വേളയില്‍ എന്റെ മനസ് തുറന്നു കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന്.. എന്നാലും... ചാവുന്നതിനു മുന്‍പ് ഒന്ന് കാണണം എന്നുണ്ടായിരുന്നു. ചേട്ടനെ ഒരുപാടിഷ്ടമായിരുന്നെന്നു പറയണമെന്നും... ഒന്നും.. ഒന്നും എനിക്ക് മറക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ..
എന്റെ കൊച്ചുമോളാ എനിക്കിതെഴുതാന്‍ ധൈര്യം പകര്‍ന്നത്. അവളിതു ടൈപ്പ് ചെയ്തു കമ്പ്യൂട്ടര്‍ വഴി അങ്ങേത്തിച്ചെക്കാം എന്ന് ഉറപ്പു തന്നെക്കുവാ..
കത്തെഴുതി പരിചയമൊന്നുമില്ലാത്ത എന്റെ ഈ എഴുത്ത് കിട്ടുമ്പം ചേട്ടന് ചിരിക്കുമായിരിക്കും. എന്നാലും പറയുവാ.. ചേട്ടനെ ഈ സാറക്കുട്ടി സ്നേഹിച്ചിട്ടെയുള്ളൂ... എന്നും.
മറുപടി എഴുതുവോ? ചേട്ടന്റെ ആരോഗ്യമൊക്കെ എങ്ങനൊണ്ട്? ചേട്ടന് മുറപെണ്ണ് ഭാര്‍ഗവിയെയാ കെട്ടിയതെന്നും അഞ്ചാമത്തെ പ്രസവത്തോടെ അവളെ കര്‍ത്താവ് വിളിച്ചെന്നും നാട്ടില്‍ വെച്ചുതന്നെ ഞാന്‍ അറിഞ്ഞാരുന്നു.
ഒത്തിരി സ്നേഹത്തോടെ,
ചേട്ടന്റെ
സാറക്കുട്ടി.
6 comments:
ഹ ഹ .. ആത്മാവുള്ളൊരു പ്രണയ ലേഖനം ..എനിക്കിഷ്ടപ്പെട്ടു ..ഇത് ഭാവനയാകാം ,,പക്ഷെ ഇങ്ങനെയും പ്രണയം സൂക്ഷിക്കുന്ന എത്രയോ സാറാമ്മ മാരും കേശവ് ,എന്‍ ,നായര്‍ മാരും ഉണ്ടാകും ..എന്തൊരു രസമായിരിക്കും ..:)
സത്യം പറയ് ശിവ.. ആരാ ഈ കേശവ് എന്‍ നായര്‍ :)
രമേശ് പറഞ്ഞതാ അതിന്റെ ശരി...
ha ha ethu 'pranayam' kandu ezhuthiyathano?
നന്ദി എല്ലാവര്ക്കും.. :)
@രമേശ് അരൂര്‍ : ശരിയാണ്.. പറയാതെ പോവുന്ന എത്രയെത്ര പ്രണയങ്ങള്‍ ഉണ്ടാവും..
@മനോരാജ് : ഹ ഹാ.. സാറാമ്മയുടെ പ്രയമാവട്ടെ, അപ്പൊ പറയാം.. :)
@ venpal : അയ്യോ അല്ല.. 'പ്രണയത്തെ' കുറിച്ച് ബ്ലെസി ചിന്തിക്കുന്നതിനൊക്കെ കുറെ മുന്‍പേ എഴുതിയതായിരുന്നു. ഇപ്പോള്‍ പബ്ലിഷ് ചെയ്തു എന്നേയുള്ളൂ...
:) വായിച്ചു തീര്‍ന്നപ്പോ നായര്‍ ഈ കത്തിന് എങ്ങനെ മറുപടി എഴുത്തും എന്നോര്‍ത്ത് പോയി .
വ്യത്യസ്തം.എന്നാലും എന്തെരോ എന്തോ......!
Post a Comment