വീട്ടില്‍ നിന്നും അനുജത്തി ആതിര വിളിക്കുമ്പോള്‍ അന്നത്തെ റിപ്പോര്‍ട്ട് തയാറാക്കുന്ന തിരക്കിലായിരുന്നു. പണി തീര്‍ത്ത് തിരിച്ചു വിളിക്കുമ്പോഴേക്കും അഞ്ചുമണി. ഇന്നിനിയിപ്പോ പോക്ക് നടക്കില്ല. അല്ലെങ്കിലും ഈ പ്രഹസനം വല്ലാതെ മടുത്തു തുടങ്ങി. ലോകത്തിലെ ഏറ്റവും രസമില്ലാത്ത ചടങ്ങുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ആവും എന്ന് തോന്നിയിട്ടുണ്ട്. അണിഞ്ഞൊരുങ്ങി അപരിചിതരുടെ കാഴ്ചവസ്തുവാകുക! ഒടുവില്‍ എന്തെങ്കിലുമൊരു കുറ്റം പറഞ്ഞു "റിജെക്റ്റെഡ്" ലേബല്‍ ചാര്ത്തപ്പെടുക! പല ആവര്‍ത്തനങ്ങള്‍ക്ക് ആകെയുള്ള വ്യത്യാസം കുറച്ചു മുഖങ്ങളും സാരികളും പിന്നെ മുകളിലേക്ക് മാത്രം പോകുന്ന പ്രായവും. കഴിഞ്ഞ തവണത്തെ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിലുള്ളവരോടു പറഞ്ഞതായിരുന്നു, ഇനി നിങ്ങളൊക്കെ തീരുമാനിച്ചു തീയതി അറിയിച്ചാല്‍ മതി എന്ന്. നേരത്തെ പറഞ്ഞാലേ ബോസ്സദ്ദ്യം അവധിക്കു സമ്മതിക്കുകയുള്ളൂ. കഴിഞ്ഞ മാസം മുന്‍കൂട്ടി പറയാതെ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ "ഡോണ്ട് ഗിവ് മി സച് സര്‍പ്രൈസസ്" എന്ന്! അര്‍ദ്ധരാത്രിയില്‍ എട്ടന് നെഞ്ചുവേദന വരുമെന്ന് ആരും എന്നോട് പ്രവചിച്ചില്ല സര്‍ എന്ന് പറയാന്‍ തോന്നി.
വെളുപ്പിനുള്ള വണ്ടിക്കു ഒരുങ്ങുമ്പോള്‍ മുറി പങ്കിടുന്നവള്‍, ടെസ്സ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വിവാഹിതയാവുക എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് കരുതുന്നവളോട് പോകുന്നതിനുള്ള കാരണം പറയാന്‍ തോന്നിയില്ല. പിന്നെ കേള്‍ക്കാം കല്യാണം കഴിക്കാന്‍ കാത്തിരിക്കുന്നവരോടുള്ള പുച്ഛം നിറച്ച് ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് തെറികള്‍ മേമ്പൊടി ചേര്‍ത്ത, പുരുഷവിരോധിയുടെ പ്രസംഗം!
ശബ്ദമുണ്ടാക്കാതെ വാതില്‍ പൂട്ടി പുറത്തിറങ്ങുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ഓ.. തീര്‍ന്നു! ഈ പുകവണ്ടിയുടെ മുഖമാണല്ലോ ഭഗവാനെ കണി കണ്ടത്! ഇയാള്‍ ഇതെങ്ങോട്ടാണാവോ ഈ കൊച്ചുവെളുപ്പാന്കാലത്ത്.
"ഹായ്.." ഏതോ ഗുഹാമുഖത്ത് നിന്നുള്ള മുരള്ച്ചപോലുള്ള പരിചയം പുതുക്കല്‍ കേട്ടില്ലെന്നു നടിച്ചു മുന്നോട്ടു നടന്നു.
ഈ ഫ്ലാറ്റില്‍ വന്നു അടുത്ത ദിവസം മുതലാണ് അയാള്‍ ശ്രദ്ധയില്‍ പെട്ടത്. അടുക്കളയില്‍ നിന്നു നോക്കിയാല്‍ നേരെ കാണുന്നത് അയാളുടെ സ്വീകരണമുറി ആണെന്ന്, എരിയുന്ന സിഗരറ്റുമായി അലസമായിരിക്കുന്ന ആളുടെ സൂര്യകാന്തി പോലെ തെളിഞ്ഞുവരുന്ന കഷണ്ടിയും മുന്നില്‍ മിക്കപ്പോ ഴും ഉണര്‍ന്നിരിക്കുന്ന ടീവിയും കണ്ടു മനസിലാക്കിയതാണ്. വീട്ടിനുള്ളിലിരുന്നു പുകവലിക്കുന്നവരോട് പണ്ടേ വെറുപ്പാണ്. ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ.
ആ മുഖവും കണി കണ്ടിറങ്ങുമ്പോള്‍ തന്നെ മനസ്സില്‍ അടുത്ത ദിവസത്തെ രംഗങ്ങള്‍ വെറുതെ ഊഹിച്ചു. ഒന്നുകില്‍, "അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാ ആഗ്രഹം. കൊച്ചിനാണെങ്കില്‍ സ്ഥിരവരുമാനവും ഉണ്ടല്ലോ.. നിങ്ങളൊന്നു മനസുവെച്ചാല്‍.." എന്ന് ബ്രോക്കറുടെ സപ്പോര്‍ട്ടോടെ തുടങ്ങുന്ന രംഗത്തിന്, അങ്ങനെ വെക്കാന്‍ മനസില്ലെന്ന് തറപ്പിച്ചു ഏട്ടന്‍ പറയുന്നിടത്ത് തിരശീല വീഴും. അതുമല്ലെങ്കില്‍, വിളമ്പിയതിലൊന്ന് പോലും ബാക്കി വെക്കാതെ അകത്താക്കിയും , സ്നേഹം നിറച്ചു ചിരിച്ചും കടാക്ഷിച്ചും മടങ്ങുന്നവര്‍ ബ്രോക്കറുടെ അടുത്ത് പറഞ്ഞയക്കും, "പെണ്ണിന് നിറം പോര.." "ഒരിത്തിരി പ്രായക്കൂടുതല്‍ തോന്നിക്കുന്നില്ലേ.." അങ്ങനെ ഓരോന്ന്.. ഉള്ളതല്ലേ കാണൂ.. ഇതിനുവേണ്ടി കണ്ട ബ്യൂട്ടി പാര്‍ലറില്‍ ഒന്നും കയറിയിറങ്ങാന്‍ വയ്യ എന്ന് പറഞ്ഞുപോയാല്‍ നാടകത്തിന്റെ അടുത്ത രംഗം തുടങ്ങും. അനിയത്തിമാരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവിതം തുടങ്ങാന്‍ വൈകിയ കദനകഥയില്‍ തുടങ്ങി, പണ്ടൊരു ഗള്‍ഫുകാരന്റെ ആലോചന വന്നപ്പോള്‍, ജോലി ഉണ്ടെന്ന അഹങ്കാരത്തില്‍ അനിയത്തിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതും പിന്നീട് ഭാഗ്യദോഷം വിടാതെ പിന്തുടരുന്നതും തങ്ങളുടെ കുറ്റം ആവുന്നതെങ്ങിനെ എന്ന ഭാഗത്തെത്തുമ്പോള്‍ ആതിരക്കും, ഏടത്തിയമ്മക്കും എല്ലാം ഡയലോഗ് ഉണ്ടാവും. ഒരിക്കലും കല്യാണം കഴിക്കാതെ ജീവിച്ചുകൂടെ എന്ന ചോദ്യം ഈയിടെയായി ഇടയ്ക്കിടയ്ക്ക് കയറി വരുന്നുണ്ട് മനസിലേക്ക്.
ഫ്ലാറ്റിനു മുന്നില്‍ നിന്നു തന്നെ ഭാഗ്യത്തിന് ഓട്ടോ കിട്ടി. കയറിയിരുന്നു തിരിയുമ്പോള്‍ കുറച്ചകലെ നിന്ന്‍ അയല്‍വാസി കൈ വീശുന്നു. സ്ത്രീവര്‍ഗം ഈ ഭൂമുഖത്ത് ഉണ്ടെന്ന ഭാവം പോലും കാട്ടാത്ത ആള്‍ക്ക് ഇന്നിതെന്താണാവോ.. ടെസ്സ ആയിരുന്നെങ്കില്‍ തിരിഞ്ഞു നിന്നു ചോദിച്ചേനെ..
സ്റ്റാന്‍ഡില്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ കയറി ജനലോരത്ത് ഇരിപ്പിടം നേടിയെടുത്തു. എത്രയോ വര്‍ഷങ്ങളായി ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടും ഇന്നും പുറത്തേക്കു നോക്കിയിരിക്കുന്നതിന്റെ സുഖം നഷ്ടമായിട്ടില്ല.
"അമ്മേ... ദേ വല്യമ്മ വന്നൂ.."
നടവഴിയില്‍ വെച്ചുതന്നെ ആതിരയുടെ മകള്‍ അനുക്കുട്ടി കണ്ടുപിടിച്ചു. കയ്യില്‍ ചീപ്പുമായി പിന്നാലെ ഓടിയെത്തിയ ആതിരക്ക് ശരിക്കുമൊരു അമ്മച്ചി ലുക്കുണ്ടെന്നെങ്ങാനും പറഞ്ഞാല്‍ മതി.. പിന്നെ തിരിച്ചു പോകുന്നതുവരെ വയറു നിറച്ചു കേള്‍ക്കാം ഭാര്യയും അമ്മയുമായവരുടെ പ്രാരാബ്ധങ്ങളുടെയും കഷ്ടപ്പാടിന്റെയും കഥകള്‍. എന്തിനും ഒടുവില്‍ ചേര്‍ക്കും, "അതൊന്നും പറഞ്ഞാല്‍ ചേച്ചിക്ക് മനസിലാവില്ല!"
"ഓ... രാവിലത്തെ ബസ് തന്നെ കിട്ടിയോ? ഞാന്‍ കരുതി ചേച്ചി ഇന്നും എണീക്കാന്‍ വൈകും ന്ന്.. "
"ഇല്ല.. അലാറം വെച്ചിരുന്നു."
"ഇവിടെ വാടീ അനൂ..സ്കൂള്‍ തുറന്നതേയുള്ളൂ തലേല്‍ നിറച്ചു പേനും പിടിപ്പിച്ചോണ്ട് വന്നിരിക്കയാ.."
പതിവ് കുശലാന്വേഷണങ്ങളുമായി എല്ലാവരും ഊണ്‍ മേശക്കു ചുറ്റും കൂടിയപ്പോള്‍ ഏട്ടനാണ് തുടങ്ങിയത്.
"ഇത് നടക്കുമെന്നാ തോന്നണത്. അവര്‍ക്കൊന്നും വേണ്ടാത്രേ.. ആള്‍ക്ക് സ്വന്തായി ബിസിനസ് ആണ്.. ഫ്ലാറ്റും ഉണ്ട്. നിന്‍റെ ജോലി സ്ഥലത്ത് തന്നെയാ.."
"ചേച്ചിയെ കണ്ടിട്ടുണ്ടത്രേ.. അപ്പൊ പിന്നെ അങ്ങനേം ഇഷ്ടല്ലാന്നു പറയാന്‍ പറ്റില്ലാലോ.."
"കണ്ടിഷ്ടായിട്ട് അന്വേഷിച്ചു ആലോചിച്ചത് തന്നെയല്ലേ ആതിരേ.. അപ്പോള്‍ പിന്നെ വേറെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ.."
"ജാതകത്തിലും വിശ്വാസല്ല്യാത്രേ.. "
"ഓ.. അല്ലെങ്കിലും ഇന്നതൊക്കെ ആരാ ഇത്ര നോക്കാന്‍ പോണത്? പുറത്തെവിടെയോ ജനിച്ചു വളര്‍ന്ന ആളാ.. അച്ഛന്‍ മലയാളി അല്ലത്രേ..അവരൊക്കെ നേരത്തെ മരിച്ചുപോയത്രേ.."
"ഒരിത്തിരി കഷണ്ടിയുണ്ട്.. ല്ലേ ഏടത്തിയമ്മേ?"
"നിന്‍റെ എട്ടന് എന്തായിരുന്നു മുടി കല്യാണ സമയത്ത്? ഇപ്പോഴോ.. "
ഏട്ടന്‍ ആരും കാണാതെ തലയില്‍ തടവുന്നത് കണ്ടു ചിരി വന്നു.
ഓരോരുത്തരും എന്തൊക്കെയോ വാചകങ്ങള്‍ നിരത്തി സ്വയം ന്യായീകരിക്കുന്നതുപോലെ.. ഒന്നും മിണ്ടാതെ കേട്ടിരിക്കുമ്പോള്‍ ഒരുതരം മരവിപ്പാണ് തോന്നുന്നത്.. മുന്‍പൊരിക്കല്‍ വന്നയാളുടെ വിദ്യാഭ്യാസയോഗ്യതയെ കുറച്ചു അന്വേഷിച്ചപ്പോള്‍ കേട്ടു, "ഇനിയും എമ്മേക്കാരീടെ ഗമേം വെച്ചോണ്ടിരുന്നോ.. അങ്ങ് അമേരിക്കേന്നു വരും രാജകുമാരന്‍!". അന്ന് തീരുമാനിച്ചതാണ്, ഈ വിഷയത്തില്‍ മൌനം തന്നെ ഭൂഷണം എന്ന്. വിവാഹം കഴിച്ച് കൂടെ പറഞ്ഞയക്കുന്നത് വരെ അല്ലെ ഈയുള്ളവര്‍ക്ക് ഉത്തരവാദിത്വം ഉള്ളൂ.. പിന്നെ കൂടെ കഴിയേണ്ടത് ഞാനല്ലേ.. അപ്പോള്‍ ഞാന്‍ അറിഞ്ഞിരിക്കേണ്ടേ അയാളെ കുറിച്ച്? ചോദ്യങ്ങളും ആശങ്കകളും കാലം ചെല്ലുംതോറും ഉറഞ്ഞുകൂടിയിട്ടാവും മനസ് ഇപ്പോള്‍ മരവിച്ചിരിക്കുന്നത്. ഒരുകണക്കിന് അതാണ് നല്ലത്. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉപരിതലത്തില്‍ ഒഴുകി നടക്കുക, പൊങ്ങുതടിപോലെ..
വൈകുന്നേരം മൂന്നരയോടെയാണ് അവരെത്തിയത്. അവര്‍ എന്നാല്‍ രണ്ടുപേര്‍. ചെറുക്കനും ചങ്ങാതിയും. കാറില്‍ നിന്നും ഇറങ്ങി വരുന്ന ഇളംനീലകുപ്പായക്കാരനെ നേരെ നോക്കിക്കൊള്ളാന്‍ ആതിരയാണ് ചെവിയില്‍ മന്ത്രിച്ചത്.
കയ്യിലെ സിഗരറ്റ് വേലിക്കലേക്ക് എറിഞ്ഞുകൊണ്ട് തിരിയുന്ന സൂര്യകാന്തി തല! ഈശ്വരാ..!! ഇയാളോ?
ചായയും പലഹാരങ്ങളും ആതിരയും ഏടത്തിയമ്മയും ഒക്കെ തന്നെ ഉമ്മറത്തെത്തിച്ചു. ഏട്ടന്റെ വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് അടുത്തുള്ളവര്‍ കേള്‍ക്കല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്.
എല്ലാവരും വളരെ സന്തോഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്.
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തവള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല.
"ഹലോ.. ഇതെന്താ കണ്ണടച്ച് ധ്യാനത്തിലാണോ?"
ഇയാള്‍ എപ്പോഴാണ് മുറിയിലെത്തിയത്? കട്ടിലിന്റെ ഓരത്ത് നിന്നും പിടഞ്ഞെഴുന്നേറ്റു.
"ഇരുന്നോളൂ.. ഞാന്‍ ഇവിടെ ഇരിക്കാം."
ഈ ചുവന്ന പ്ലാസ്റ്റിക് കസേര ആരാണ് കൊണ്ടിട്ടത് അപ്പോഴേക്കും?
"നമ്മള്‍ തമ്മില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ? വിവരങ്ങളൊക്കെ ഏട്ടനും മറ്റുള്ളവരും പറഞ്ഞു കാണുമല്ലോ...എന്നാലും ഞാന്‍ ഒരിക്കല്‍ കൂടി പറയാം......"
ഒട്ടും മുഷിച്ചില്‍ ഉണ്ടാക്കാതെ സരസമായി സ്വന്തം കാര്യങ്ങള്‍ പറഞ്ഞു ഇങ്ങനെ നിര്‍ത്തി,
".... ഒട്ടും ചിട്ടയില്ലാത്ത ജീവിതമാണ് എന്റേത്. എല്ലാം ഒന്ന് ശരിയാക്കിയെടുക്കാനുള്ള ജോലി അങ്ങോട്ട് ഏല്‍പ്പിക്കുകയാ... ഒരുപാട് സ്നേഹം തരാം ശമ്പളമായി, എന്താ?"
എന്താണിപ്പോള്‍ മനസ്സില്‍? എല്ലാം ശുദ്ധീകരിച്ചുകൊണ്ട് തുള്ളിക്കൊ രു കുടമായി പെയ്യുന്ന മഴയോ.. അതോ ആര്‍ത്തലച്ചു വന്ന് തീരത്ത് മുത്ത് മാത്രം ബാക്കിയാക്കി പോയ തിരമാലയോ...
***********************
വിവാഹശേഷമുള്ള വിരുന്നും ചടങ്ങുകളും ഒരുവിധം അവസാനിപ്പിച്ചു ഫ്ലാറ്റില്‍ എത്തിയ ആദ്യ ദിവസമാണ് ഇന്ന്.
മുറികളിലൂടെ വെറുതെ ചുറ്റി നടന്നു. ടീവി കാണാന്‍ അദ്ദേഹം ഇരുന്നിരുന്ന സോഫയില്‍ ചാരിയിരുന്നു റിമോട്ട് കയ്യിലെടുത്തു. ടീവിയുടെ അടുത്തുള്ള അലമാരയിലെ ഗ്ലാസില്‍ ഒരു നിഴലനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ ടെസ്സ. ഓഫീസില്‍ പോവാനുള്ള ധൃതിയില്‍ ബ്രെഡ് ടോസ്റ്റ് ചെയ്യുകയാണ്. ചാടി എഴുനേറ്റ് തിരിഞ്ഞുനോക്കി. ജനാല വഴി അപ്പുറത്തെ ഫ്ലാറ്റിന്റെ അടുക്കള ഭംഗിയായി കാണാം.
"ഏതുനേരവും ടീവിയും കണ്ടിരിപ്പാണെന്ന് കരുതിയോ.. നിന്നെയായിരുന്നു ഞാന്‍ കണ്ടുകൊണ്ടിരുന്നത്, എന്നും."
പിന്‍കഴുത്തില്‍ വീണ പുകഗന്ധമില്ലാത്ത ശ്വാസം.
ആനന്ദമാണ്... മനസ് നിറഞ്ഞൊഴുകുന്ന ആനന്ദം.. അരക്കെട്ടില്‍ ചുറ്റിയ കൈകളുടെ പുറത്ത് കൈ ചേര്‍ത്തുവെച്ച്, മറ്റേ കൈ കൊണ്ട് ജനാല വലിച്ചടച്ചു. ഇനി ഇത് അടഞ്ഞുകിടക്കട്ടെ..
കള്ളനോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് മുഖം മൂടാമെന്ന് ആരാണ് കണ്ടുപിടിച്ചത്?
1 comment:
ശിവ,
കഥ കൊള്ളാം. ഇടക്ക് വെച്ച് തന്നെ ഏതാണ്ട് ഊഹിക്കാന്‍ കഴിയുന്നുണ്ട് കഥയുടെ ഗതി. പക്ഷെ ആ ടിവി റൂമും മിററും അത്രക്ക് കടന്ന് ചിന്തിച്ചില്ല. നന്നായി എഴുതി.
Post a Comment