എന്നത്തേയുംപോലെ ചവറ്റുകുട്ട വാതിലിനുപുറത്ത് കോറിഡോറിന്റെ മൂലയ്ക്ക്, രാവിലെ വന്നെടുക്കാന്പാകത്തിന് വെക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍ കഴിഞ്ഞദിവസം പുതിയതായി താമസത്തിനെത്തിയവരുടെ കുറെയധികം കൂടുകളുടെയും കടലാസ്ചുരുളുകളുടെയും ഇടയില്‍ ഒരു തിളക്കം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ വെള്ളിനിറമുള്ള ഒരു കിരീടംപോലെ തോന്നിച്ചു. ചവറുകള്‍ വകഞ്ഞുമാറ്റിയപ്പോള്‍ മനോഹരമായി പുഞ്ചിരിതൂകി ഒരു കൃഷ്ണവിഗ്രഹം! പതിവ് പീതാംബരമല്ല, വെള്ളിക്കസവുള്ള വെള്ളവസ്ത്രമാണ് വേഷം. പീലിത്തിരുമുടിയോ മറ്റ് സ്വര്‍ണ്ണാഭരണങ്ങളോ മുത്തുമാലയോ ഇല്ല. കുളികഴിഞ്ഞ് മുണ്ടുടുത്ത്, തോര്‍ത്ത് പുതച്ചുവരുന്ന ഒരു സാധാരണക്കാരനെയാണ് പെട്ടെന്ന് ഓര്‍മ്മവരിക. ഒരു വ്യത്യാസമേയുള്ളൂ, ഇദ്ദേഹം വെള്ളികിരീടവും കുറച്ച് വെള്ളിയാഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. കയ്യിലെടുത്തുനോക്കിയപ്പോഴാണ് മനസിലായത്, ആള് വികലാംഗനാണ്. ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്ന വലതുകൈ നഷ്ടമായിരിക്കുന്നു. അതുവരെ തോന്നിയ സന്തോഷം പെട്ടെന്ന് നഷ്ടമായി. അവിടെത്തന്നെ ഒന്നുകൂടി തിരഞ്ഞപ്പോള്‍ മുറിഞ്ഞകൈ കിട്ടി. ഓടക്കുഴലിനു വേണ്ടിയുള്ള തിരച്ചില്‍ മാത്രം വൃഥാവിലായി. കൈമുറിഞ്ഞരൂപത്തില്‍ വെക്കുന്നത് അശുഭമായതുകൊണ്ടാവാം അവര്‍ ഉപേക്ഷിച്ചത്. കൃഷ്ണശില ആകുമ്പോള്‍ ശില്പഭംഗിയെക്കാള്‍ ഒരു വിശ്വാസിക്ക് പ്രധാനം ഭക്തി തന്നെയാവും. ഇതൊക്കെയാണെങ്കിലും ഉപേക്ഷിക്കാന്‍ മനസ് വന്നില്ല. വീട്ടിലുള്ള ആളെ കൂടി വിളിച്ചുകാണിച്ചു. കൈ ഒട്ടിച്ചുനോക്കാം, ശരിയാവുന്നുണ്ടെങ്കില്‍ നമുക്കിവിടെവെക്കാം എന്നായി. ('ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന പടം ഈയിടക്കുംകൂടി കണ്ടതേയുള്ളൂ..:))
എന്തായാലും കണ്ണന് ഞങ്ങളെയും ഇഷ്ടമായീന്നാണ് തോന്നുന്നത്. ശരിക്കും "ക്വിക്ക് ഫിക്സ്" തന്നെ! ആശാന് ഉഷാര്‍! ഇനിയിപ്പോള്‍ എവിടെ വെക്കണം എന്ന ചിന്തയായി. ഷോകേസില്‍ നില്‍ക്കാന്‍പറ്റാത്തത്രയും ഉയരക്കാരനായതുകൊണ്ട് പൂജാമുറിയില്‍തന്നെ ഒരിടം കണ്ടെത്തി. അങ്ങനെ രാത്രി ഒരിക്കല്‍ക്കൂടി വിളക്ക് കൊളുത്തിവെച്ചു. പാതിരാത്രി വീണുകിട്ടിയതാണെങ്കിലും സാക്ഷാല്‍ ഭഗവാന് കൃഷ്ണന് അല്ലെ? നോക്കിയിരിക്കെ വേഷം പിന്നെയും വിസ്മയിപ്പിച്ചു. പണ്ടെവിടെയോ വായിച്ചിരുന്നു, രാത്രി രാധയെ കാണാന്‍ ചെല്ലുന്നതും വേണുവൂതി അവളെ വിസ്മയിപ്പിക്കുന്നതും ഒക്കെയായി കണ്ണന്റെ ലീലാവിലാസങ്ങള്‍... ചിലപ്പോള്‍ നിശാവസ്ത്രമാവും ഇത്! മഞ്ഞപ്പട്ട് അല്ലെ സ്ഥിരവേഷം.. ഇതാവുമ്പോള്‍ ആരും തിരിച്ചറിയുകയുമില്ല! എന്നാലും ഈ വെള്ളിയാഭരണങ്ങള്‍! വെള്ളക്കുചേരുന്നത് ഇതാവുന്നത്കൊണ്ടാവും. 'ഓ.. സ്വര്‍ണ്ണത്തിനൊക്കെ ഈ കലിയുഗത്തില്‍ എന്താ വില, ന്റെ കുട്ട്യേ' എന്ന് ആരോ എന്നോട് ചോദിച്ചുവോ? അങ്ങനെ ഇഷ്ടദൈവത്തിനോടോത്ത് കുറച്ചുനേരം ചെലവിട്ട്, ഉറങ്ങാന്‍ പോയി.
അതിരാവിലെ എഴുനേല്‍ക്കുന്ന കാര്യത്തില്‍ എന്റെ രണ്ടുമക്കളും (അവരുടെ അമ്മയും) കണക്കാണ്. അരമണിക്കൂറോളം നീളാറുള്ള വിളികള്‍ക്കുശേഷമാണ് അവര്‍ എഴുന്നേറ്റുവരുന്നത്. അവരുടെ പ്രായത്തില്‍ അത്രയും രാവിലെ എഴുന്നെല്‍പ്പിക്കുന്നതും വിഷമമാണെങ്കിലും സ്കൂള്‍വണ്ടി വരുന്നനേരത്തിന് തയ്യാറാക്കിനിര്‍ത്തേണ്ടതുകൊണ്ട് മറ്റ് മാര്‍ഗമില്ലാതെയാണ് ആ ക്രൂരകൃത്യം ചെയ്യാറ്.(ഒന്‍പതേ മുക്കാലിന് സ്കൂളിലെത്താന്‍ ഒന്‍പതുമണിക്കെഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ധൃതിയില്‍ തീര്‍ത്ത്, മറന്നുപോയ ഗൃഹപാഠം നിന്നുകൊണ്ട് എഴുതി, എന്തെങ്കിലും കഴിച്ചെന്നു വരുത്തിയുള്ള ഓട്ടത്തെക്കുറിച്ചൊന്നും അവരോടു പറഞ്ഞിട്ടില്ല.) ഓരോദിവസവും എന്തെങ്കിലും ആകര്‍ഷകമായ കാരണം അവരെ ഓര്‍മ്മിപ്പിച്ചാണ് ഉണര്‍ത്തുന്നത്. ചിലപ്പോള്‍ കൂട്ടുകാരിയെ കാണിക്കാന്‍ പുതിയ പെന്‍സില്‍, മറ്റുചിലപ്പോള്‍ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം, അല്ലെങ്കില്‍ വാനിലെ കൂട്ടുകാരിക്ക് ചോക്ലേറ്റ്, അതുമല്ലെങ്കില്‍ കഴിഞ്ഞ ദിവസം ടീച്ചറിന് സമ്മാനിക്കാന്‍ വരച്ച ചിത്രം അങ്ങനെ ഓരോന്ന്...
തലേരാത്രിയിലെ വിശേഷങ്ങള്‍ അറിയാതെ കിടക്കുന്നവരെ രാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ അവരുടെ അച്ഛന് പറയുന്നതുകേട്ടു, "വീട്ടില്‍ പുതിയൊരു അതിഥി വന്നിട്ടുണ്ട്.. ഇന്നലെ രാത്രിയാണ് വന്നത്. നിങ്ങള്‍ കണ്ടില്ലല്ലോ.."
നാലു കുഞ്ഞിക്കണ്ണുകള്‍ ഉറക്കച്ചടവോടെ പതിവിലും വേഗം തുറക്കപ്പെട്ടു.
"പക്ഷെ പല്ലുതേച്ച്, പാലുകുടിച്ച് കുളിയും കഴിഞ്ഞാല്‍ മാത്രമേ കാണാന്‍ പറ്റൂ.." വീണ്ടും ആകാംക്ഷയുടെ മുള്‍മുനയില്‍...
പ്രഭാതകൃത്യങ്ങള്‍ക്കിടയില്‍ എന്നോടും അന്വേഷണമുണ്ടായി, "ആരാമ്മേ വന്നത്? എവിടെയാ ഇരിക്കുന്നെ? ഞാന്‍ മറ്റേമുറിയിലും പോയിനോക്കി... ഇനി ബാത്റൂമിലെങ്ങാനും ആണോ.. "
'വേഗം കുളിച്ചു വന്നോളൂ..' എന്ന് മാത്രം പറഞ്ഞു ചിരിച്ചു ഞാന്‍.
കുളിച്ച് പ്രാര്‍ത്ഥനയ്ക്ക് വന്നപ്പോള്‍ അവരും കണ്ടു, നീലക്കാര്‍വര്‍ണ്ണനെ! കണ്ണുകള്‍ വിടര്‍ത്തി, വീണ്ടും വീണ്ടും തൊട്ടുനോക്കിയും സ്ഥാനം മാറ്റിവെച്ചും അവര്‍ പുതിയ താരത്തോടൊപ്പം സമയം ചെലവിടുമ്പോള്‍ അടുക്കളത്തിരക്കില്‍നിന്നും ഒരു നിമിഷം ഞാന്‍ ആ മുഖത്തേക്ക് എത്തിനോക്കി. പതിവ് കള്ളചിരിയിലും കുസൃതിക്കണ്ണിലും തെല്ലൊരു നന്ദി നിഴലിച്ചുവോ? മാലിന്യക്കൂമ്പാരത്തില്‍ മൂക്ക് പൊത്താന്‍പോലും കഴിയാതെ കിടക്കേണ്ടിയിരുന്ന ആളല്ലേ.. നന്ദി ഇല്ലെങ്കിലും ഒരിത്തിരി സ്നേഹമെങ്കിലും തോന്നിയിട്ടുണ്ടാവില്ലേ എന്നോട്? :)
ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൊച്ചുപൂജാമുറിയില്‍ നില്‍പ്പുണ്ട്, ഇടയ്ക്കിടെയുള്ള എന്റെ പരിഭവവും വിശേഷവും സങ്കടവും ഒക്കെ സൌമ്യനായികേട്ടുകൊണ്ട് വേണുവൂതുന്ന ഭാവേന... എന്തായാലും എത്രയും പെട്ടെന്ന് ഒരു ഓടക്കുഴല്‍ സംഘടിപ്പിച്ചുകൊടുത്ത്, ഈ സങ്കല്പമുരളീവാദനം നിര്‍ത്തിക്കണം.
8 comments:
Lovely post...Vigrahathe avidennu edukkan thonniyallo..hats off to that attitude.
Vayichuvannappo naanum Jr.Mandrake orthu..paranja athe kaaranam thanne-
Nice..You have shown your inborn creativity not only in restructuring the Krishna Vigraha but in writing this free flowing piece of prose also...congrats
കുപ്പയിലും ഭഗവാനെ കണ്ടെത്തിയല്ലോ. ഇതാണ് പറയുന്നത് ഒന്നും ഒരിക്കലും നശിക്കുന്നില്ല എന്ന്. കള്ളകൃഷ്ണനെ പോലെ പിള്ളേരെയും പറ്റിച്ചു അല്ലെ. നടക്കട്ടെ, നടക്കട്ടെ. ശിവകാമിയുടെ ലോകത്തേക്ക് ഇത് പോലെ ഇനിയും വിളിക്കാത്ത അതിഥികള്‍ അനേകം വരുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
Krishnaa!!!!!!!!!
Fine Shivakaai
കണ്ണനറിയാം ചെല്ലേണ്ടിടം
നന്നായി എഴുത്ത്.
ബോറടിപ്പിച്ചില്ല
:-)
ഉപാസന
thanks to all...
Post a Comment