About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 13, 2010

എന്ത് ഞാനെഴുതും?

ബ്ലോഗെഴുത്ത്  തുടങ്ങിയ കാര്യം പലപ്പോഴും അമ്മയോടു പറയണമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല...
അമ്മയെ കുറിച്ചുതന്നെ എഴുതി,  ആദ്യമായി അത് കാണിക്കണം എന്ന് കരുതി...
അതും നടന്നില്ല..
ഒന്നിനും... ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ പോയി...
ഇപ്പോള്‍ ഓരോ തവണയും എഴുതാനായി ഇരിക്കുമ്പോള്‍ വികാരവിക്ഷോഭങ്ങള്‍ കൊണ്ട് കടലായി മാറുന്ന മനസ്  കണ്ണിലൂടെ പെയ്തിറങ്ങും...
വാക്കുകള്‍ എവിടേയ്ക്കോ കലങ്ങിയൊഴുകും..
ശൂന്യമായ മനസുമായി ഞാന്‍ വെറുതെയിരിക്കും...

കുഞ്ഞുന്നാളില്‍ ഞാന്‍ കരയുമ്പോള്‍ ഒരു സൂത്രം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു സന്തോഷിപ്പിക്കുമായിരുന്ന...
എന്‍റെ രോഗശയ്യയില്‍  അരികിലിരുന്ന് ഗുരുവായൂരപ്പനോട്  പ്രാര്‍ഥിച്ചിരുന്ന...
ഞാന്‍ പടിയിറങ്ങുമ്പോള്‍ കാഴ്ച മറയുംവരെ അമ്പലമുറ്റത്ത്  നോക്കിനിന്ന...
നിന്‍റെ തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്ന് ആത്മവിശ്വാസം തന്നിരുന്ന...
അച്ഛന്‍റെ അനുഗ്രഹം എന്നുമുണ്ടാവുമെന്ന് ധൈര്യം പകര്‍ന്ന...
എന്‍റെ മകളുടെ മുന്നില്‍പോലും എന്നെ കെട്ടിപ്പിടിച്ചു കൊഞ്ചിച്ച...
ഞാന്‍ വയറ്റില്‍ ചുറ്റിപ്പിടിച്ചു ഇക്കിളിയിടുമ്പോള്‍ കുലുങ്ങിചിരിച്ചിരുന്ന..
ഒടുവില്‍...
ഈ പാപിയായ മകള്‍ കാരണം മണിക്കൂറുകളോളം മരവിച്ചു കാത്തുകിടന്ന...
എന്‍റെ അമ്മയെ കുറിച്ച് ഞാന്‍ എന്തെഴുതും... ?
ഈ തണുത്ത ഡിസംബര്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ന്ന അമ്മയുടെ നെറ്റിയെ ഓര്‍മ്മിപ്പിക്കുന്നു...
എന്‍റെ കൈകള്‍ക്കടിയില്‍ അനങ്ങാതെയിരുന്ന ആ കാല്‍വിരലുകളെ ഓര്‍മ്മിപ്പിക്കുന്നു...
ഈ ഓര്‍മ്മകള്‍ എനിക്ക് അനാഥത്വം തരുന്നു...

ഇങ്ങനെ അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ എഴുതാമെന്നല്ലാതെ എനിക്കൊന്നിനും ശക്തിയില്ലെന്‍റെ അമ്മക്കുട്ടീ.... ഒരിക്കല്‍കൂടി ആ നെഞ്ചില്‍ മുഖമമര്‍ത്തിക്കിടക്കട്ടെ ഞാന്‍..


(കഴിഞ്ഞ ഡിസംബറില്‍ എന്നെ വിട്ടുപോയ അമ്മയ്ക്കായി അടുക്കിവെക്കാന്‍ ശ്രമിച്ച കുറെ വാക്കുകള്‍ ആ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു)

9 comments:

Manoraj said...

ശിവ,

അമ്മക്കുള്ള ഈ ഹൃദയം തുറന്ന സമര്‍പ്പണം അങ്ങകലെ കാതങ്ങള്‍ക്കപ്പുറത്ത് മറ്റൊരു കോണിലിരുന്ന് ആ അമ്മ വായിക്കുന്നുണ്ടാവാം. അല്ലെങ്കില്‍ മനസ്സിന്റെ വിങ്ങള്‍ അറിയുന്നുണ്ടാവാം. ഉള്ളില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് സംഗീതത്തിന്റെ കുളിര്‍മയുണ്ടാവും. സ്വാന്തനത്തിന്റെ സുഖമുണ്ടാവാം. അമ്മക്ക് വേണ്ടി സമര്‍പ്പിച്ച ഈ വാക്കുകളിലൂടെ ആ അമ്മയെ ഞാനും കാണുന്നു. അമ്മയുടെ സ്നേഹം അറിയുന്നു. മണിക്കൂറുകളോളം മരവിച്ച് കാത്തുകിടത്തിയതിന്റെ പാപം ആ അമ്മ പൊറുത്തിട്ടുണ്ടാവും..

രാജേഷ്‌ ചിത്തിര said...

എന്ത്/എന്തിന്/ആര്‍ക്ക്/ആര്....

മനസ്സ്, വായിക്കുന്നു

ശ്രീനാഥന്‍ said...

ശിവകാമി അമ്മയെ ഓർത്തു നീറുന്ന ഈ കുറിപ്പ് ഏറ്റുവാങ്ങുന്നു, ആശംസകൾ!

ചേച്ചിപ്പെണ്ണ്‍ said...

sankadam ...

റോസാപ്പൂക്കള്‍ said...

ശിവ ഞാന്‍ കഴിഞ്ഞ ദിവസം ഓര്‍ത്തത്തെ ഉള്ളു ശിവയുടെ അമ്മ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നല്ലോ എന്നു.2009 പോയപ്പോള്‍ എന്റെ അമ്മയെയും കൂട്ടിക്കൊണ്ടു പോയിഎന്നു പറഞ്ഞു "കൂട്ടത്തില്‍" മെസ്സേജ് അയച്ചത് എനിക്ക് ഓര്‍മ്മയുണ്ട്.
അമ്മക്കുള്ള ഈ കുറിപ്പ് നന്നായി.

പകല്‍കിനാവന്‍ | daYdreaMer said...

:(

അനില്‍കുമാര്‍ . സി. പി. said...

ശിവാ ....

Google search said...

അമ്മയുടെ ഓര്‍മയ്ക്ക്‌ മുമ്പില്‍....

ശിവകാമി said...

നിങ്ങളുടെ ഓരോരുത്തരുടെയും വാക്കുകളും മൌനവും ആ കാല്‍ക്കീഴില്‍ തന്നെ സമര്‍പ്പിക്കട്ടെ... നന്ദി...