"ഭാമിനീ.. ഇന്ന് നമ്മുടെ മോള് ഒരു കല്യാണപ്പെണ്ണാവുകയാണ്! നിന്റെ രാധൂന്റെ മോന് അഖില്‍ ആണ് വരന്. ഓര്‍ക്കുന്നോ പണ്ട് ചെറുപ്പത്തില്‍ അവരൊന്നിച്ചുകളിക്കുമ്പോള്‍ നമ്മള് പറയാറുണ്ടായിരുന്നത്...? നിനക്കവരെ കാണണ്ടേ? "
വേണം വിശ്വേട്ടാ.. പക്ഷെ എന്റെ കണ്പോളകള് എന്തേ അകലുന്നില്ല? എന്റെ മുന്നില്‍ ഇരുള് മാത്രമായിട്ടു എത്രനാളായി.. ആരുടെയൊക്കെയോ സംസാരങ്ങള്‍ മാത്രം കാതില്‍ വീഴുന്നു.. വാക്കുകള്‍ ഒന്നിന് പുറകെ ഒന്നായി സ്മൃതിപഥത്തില്‍ നിരങ്ങിനീങ്ങുന്നുവെങ്കിലും പലതിന്റെയും അര്‍ഥം മനസിലാവുന്നില്ല. പാളം തെറ്റിമറിയുന്ന തീവണ്ടിപോലെ വാചകങ്ങള്‍ വികൃതമായി തകര്‍ന്നുവീഴുന്നു.. ചിലര്‍ പറയുന്നത് മനസിലാവുന്നു എങ്കിലും വീണ്ടും ഓര്‍ത്തെടുക്കാനാവുന്നില്ല...
എനിക്കിതു എന്താണ് പറ്റിയത് വിശ്വേട്ടാ..? ആരാണെന്നെ ഇവിടെ കിടത്തിയത്? എന്നോ ഒരിക്കല്‍ കലശലായ തലവേദന വന്നത് ഓര്‍ക്കുന്നു.. ആശുപത്രിമുറിയില്‍നിന്നും നിറയെ വെളിച്ചമുള്ള എവിടെയ്ക്കോ നീങ്ങുമ്പോള്‍ അച്ഛന്റെ നെഞ്ചോടു ചേര്‍ന്നുനിന്ന മോളുടെ മുഖം മാത്രം അവ്യക്തമായി ഓര്‍മ്മയുണ്ട്.. വല്ലാതെ ചൂഴ്ന്നിറങ്ങിയ വെട്ടം താങ്ങാനാവാതെ ഇറുക്കെ മൂടിയ കണ്ണുകളാണ്.. പിന്നീടെന്തേ തുറക്കാനാവാഞ്ഞത്.. വലിച്ചുതുറക്കാന്‍ ഏറെ പണിപ്പെട്ടിട്ടും കഴിയുന്നില്ലല്ലോ.. കണ്പീലികള് കോര്‍ത്ത് തുന്നിവെച്ചുവോ.. അമ്മേയെന്നു വിളിച്ചു മോള് അരുകിലിരുന്നപ്പോള്‍ കൈനീട്ടി ഒന്ന് തൊടാന്‍ എത്ര ശ്രമിച്ചു.. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോളും വിശ്വേട്ടനും.. പിന്നെയും വേറെ ആരൊക്കെയോ... ഇടയ്ക്കെപ്പോഴോ തൊണ്ടയില്‍ നനുത്ത ഉപ്പുരസം അനുഭവിക്കുമ്പോള്‍ മനസിലാക്കാന്‍ ശ്രമിക്കും, ഈ ശപിക്കപ്പെട്ട ജീവന് നിലനിര്‍ത്താന്‍ ആരോ ആഹാരം തരികയാണെന്ന്...എന്തിനാണിങ്ങനെ കിടത്തുന്നതെന്ന് ചോദിക്കാന്‍ കഴിഞ്ഞെങ്കില്‍..
ഞാന്‍ ഈ നിലയിലായിട്ട് ഒരുപാട് നാളുകളായോ... എന്റെ പൂന്തോട്ടത്തിലെ ചെടികള്‍ കരിഞ്ഞുവോ? നിശാഗന്ധി എത്ര പൂവിട്ടു വിശ്വേട്ടാ? തുളസിക്ക് മോള് നിത്യവും വെള്ളമൊഴിക്കാറുണ്ടോ എന്തോ.. കഴിഞ്ഞ മഴക്കാലത്ത് ആരുടെ പക്കല്‍ നിന്നാണ് ഞാന്‍ മഞ്ഞറോസാചെടി കൊണ്ടുവന്നത്... അവരുടെ മുഖം ഓര്‍മ്മവരുന്നുണ്ടെങ്കിലും പേര് ഓര്‍ത്തെടുക്കാനാവുന്നില്ലല്ലോ... എന്റെ രാധാകൃഷ്ണചിത്രം മുഴുവനായോ... രാധയ്ക്കു ഏതു നിറത്തിലുള്ള പട്ടുചേലയായിരുന്നു ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിച്ചത്.. ശ്യാമവര്‍ണ്ണന്റെ രൂപം മാത്രമേ മനസ്സില്‍ വരുന്നുള്ളൂ..
ആരാണെന്റെ ചേതനയെ എന്നില്‍ നിന്നടര്‍ത്തിമാറ്റിയത്? എന്തിനാണ് എന്റെ ഓര്‍മ്മകള്‍ക്കുമീതെ മഞ്ഞിന് തിരശ്ശീല വിരിച്ചത്? എന്റെ കൃഷ്ണാ.. ഇതെന്തിനുള്ള ശിക്ഷയാണ്? ശരിയെന്നു കരുതി ചെയ്തുകൂട്ടിയതെല്ലാം നിനക്ക് തെറ്റായിരുന്നുവോ..? എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചത്? എന്റെ പൊന്നോമന മണവാട്ടിയായി ഒരുങ്ങുമ്പോള്‍ ഞാനായിരുന്നില്ലേ എന്തിനും കൂടെ നില്‍ക്കേണ്ടിയിരുന്നത്? എന്റെ സ്വപ്നവും പ്രാര്‍ത്ഥനയുമെല്ലാം ഇതായിരുന്നില്ലേ... എന്നിട്ട് അവളെ ഒന്ന് കാണാന്‍ കൂടി കഴിയാതെ... എന്തിനാണിങ്ങനെ ശ്വാസം മാത്രം അവശേഷിപ്പിച്ചിരിക്കുന്നത്... ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്ന് കണ്ണുതുറക്കാന്‍ കഴിഞ്ഞെങ്കില്‍... അവളുടെ മുഖംപോലും അവ്യക്തമാക്കിയതെന്തേ ഭഗവാനെ..! ഓര്‍മ്മയില്‍ അവളിന്നും നീളന്‍പാവാടയിട്ട പത്താംതരക്കാരിയാണ്.. അതുകഴിഞ്ഞിങ്ങോട്ടു ചിന്തിക്കാനാവുന്നില്ലല്ലോ... വയ്യ...!
"അച്ഛാ... ഒന്നോടിവരൂ.. അമ്മേടെ കണ്ണ് നിറഞ്ഞൊഴുകുന്നൂ...!!"
പ്രിയപ്പെട്ടവരുടെ ഗദ്ഗദകണ്ഠങ്ങളില്‍ കുരുങ്ങി പണിപ്പെട്ടു പുറത്തുവരുന്ന വിളികള്‍.. പൊട്ടിക്കരച്ചിലുകള്‍... അടക്കിപ്പിടിച്ച തേങ്ങല്‍.. എന്റെ മോളെ കാണണം.. അനുഗ്രഹങ്ങള്‍ പൊഴിച്ച്, മാറോടുചേര്‍ത്ത് അവളുടെ നിറുകയില്‍ ചുംബിക്കണം.. ഒടുവില്‍ വിശ്വേട്ടന്റെ തോളില്‍ തലചായ്ക്കണം..
"ദിസ് ഈസ് ഗുഡ് സൈന്‍.. ആ കോട്ടണ്‍ തണുത്തവെള്ളത്തില്‍ ഒന്ന് നനച്ചു തരൂ.. അമ്മയുടെ കണ്ണൊന്നു തുടച്ചുകൊടുക്കാം.."
കണ്ണിനു മുകളില്‍ തണുപ്പ് അനുഭവപ്പെട്ടുവോ... അതോ അതും തോന്നല്‍ മാത്രമാണോ..
"മാഡം... ഒന്ന് ട്രൈ ചെയ്തുനോക്കൂ.. കണ്ണുകള്‍ തുറക്കൂ... യൂ കാന്‍.. പ്ലീസ്... ട്രൈ.. "
യെസ്... എനിക്ക് കാണണം.. എന്റെ ലോകം.. എന്റെ മോള്.. വിശ്വേട്ടന്.. രാധയെയും കൃഷ്ണനെയും... മഞ്ഞറോസിനെ.. നിശാഗന്ധിയെ... പിന്നെ...
ഓഹ്!! എന്തൊരു വെളിച്ചം! ഒരുപാട് നിറങ്ങള്‍... ഒരുപാട് മുഖങ്ങള്‍.. ന്റെ കൃഷ്ണാ... ഇത് സത്യമാണോ... ഞാന്‍ വീണ്ടും കാണുകയാണോ എല്ലാം... ?! എന്റെ വിരലുകള്‍ വിറച്ചുവോ? ശരീരത്തില്‍ ഉടനീളം എന്തോ ഒഴുകി കയറുന്ന പ്രതീതി! കടുംചുവപ്പ് പട്ടുസാരിയണിഞ്ഞു സര്‍വ്വാഭരണവിഭൂഷിതയായി നില്‍ക്കുന്നത് എന്റെ മണിക്കുട്ടിയല്ലേ? എവിടെ എന്റെ...? തന്റെ കൈക്കുള്ളില്‍ എന്റെ കൈ പൊതിഞ്ഞുവെച്ചുകൊണ്ട് കാല്ക്കല് തളര്‍ന്നിരിക്കുകയാണോ വിശ്വേട്ടന്? എല്ലാവരുടെയും പേരുകള്‍ ഓര്‍മ്മ വരുന്നില്ല... എങ്കിലും അറിയാം...
ഈശ്വരാ... നന്ദി പറയട്ടെ ഞാന്‍.. മിഴികള്‍ മൂടാതെതന്നെ.. കാരണം... എനിക്കിനി കണ്ണടയ്ക്കാന്‍ ഭയമാണ്.
8 comments:
നല്ല കഥ.. നല്ല ഭാഷയും...ആശംസകള്‍
very nice
touching
ആശംസകള്‍
അവസാനം ആ കണ്ണുകൾ തുറന്നല്ലൊ... ഇനി അടയാതിരിക്കട്ടേ, അല്ലേ
-സസ്നേഹം
ഓപ്പൺ തോറ്റ്സ്
കണ്ണ് നിറഞ്ഞു ശിവകാമി..
Well written and very touching. Were able to build up the tempo from the start to end.
നന്നായിരിക്കുന്നു:)
മനസ്സു നിറയ്ക്കുന്ന കാഴ്ച്ചകൾ
സുഹ്രുത്തേ
നന്ദി പറയുന്നു...
വെറുതെ വായിച്ചുപോയവരോടും അഭിപ്രായം രേഖപ്പെടുത്തിയവരോടും...
സ്നേഹപൂര്‍വ്വം
ശിവകാമി
Post a Comment