About Me

My photo
A person who loves to read, write, sing and share thoughts.

Thursday, July 23, 2009

മധുരിക്കും ഓര്‍മ്മകള്‍..

21-7-'09

ഇന്ന് കര്‍ക്കിടകവാവ്.. രാവിലെത്തന്നെ ചേച്ചി വിളിച്ചു, അട തിന്നാന്‍ വരുന്നോ എന്ന് ചോദിച്ചുകൊണ്ട്.. ഒരുപാട് മധുരമുള്ള ഓര്‍മ്മകളാണ് മനസിലൂടെ കടന്നുപോയത്...

പണ്ട് വീട്ടില്‍ കര്‍ക്കിടകവാവിന് അട ഉണ്ടാക്കുമായിരുന്നു. വാഴയിലയില്‍ പരത്തിയ അരിമാവിനുള്ളില്‍ ശര്‍ക്കരയും അവലും ചെറുപയര്‍പരിപ്പുമൊക്കെ ചേര്‍ത്തുണ്ടാക്കിയ 'തീറ്റ' എന്നറിയപ്പെടുന്ന ഫില്ലിംഗ് വെച്ച് ഉണ്ടാക്കുന്ന ഇലയട എന്ന മധുരപലഹാരം തലേന്ന് രാത്രി വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി വലിയ അടുപ്പില്‍ വളരെ വലിയകലത്തില്‍ വെള്ളം തിളപ്പിച്ച് അതിനുമുകളിലായി ആവിയില്‍ വേവിക്കാന്‍ വെച്ച് കൊതിയൂറും മനസോടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എത്രയും പെട്ടെന്ന് നേരം വെളുക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.


അട ഉണ്ടാക്കല്‍ എന്നത് തന്നെ വളരെ വലിയൊരു പ്രക്രിയ ആയിരുന്നു. രണ്ടുദിവസം മുന്‍പേ തന്നെ അരി പൊടിച്ചു വറുത്തുവെക്കുമായിരുന്നു അമ്മ. പിന്നെ വാവിന്റെ തലേന്ന് വൈകിട്ടാണ് പരിപാടികള്‍ തുടങ്ങുന്നത്. സ്ത്രീജനങ്ങള്‍ നിറയെ ഉണ്ടായിരുന്ന വീട്ടില്‍ ഓരോരുത്തരിലും ഓരോ ജോലി നിക്ഷിപ്തമായിരുന്നു. വാഴയില വെട്ടിയെടുത്തു കഴുകിത്തുടച്ചു വാട്ടിയെടുത്ത് ചെറുതായി മുറിച്ചെടുക്കുന്നതായിരുന്നു ഒരു പ്രധാനപ്പെട്ട പണി. അന്ന് അത്താഴം നേരത്തെ തന്നെ കഴിക്കുമായിരുന്നു. അടുക്കളയൊക്കെ വൃത്തിയാക്കിയതിനുശേഷം അമ്മ തന്നെയായിരുന്നു മാവ് കുഴച്ചിരുന്നത്. ഒപ്പം ശര്‍ക്കരപാവ് കാച്ചാനും ചെറുപയര്‍ പരിപ്പ് വേവിച്ച് തേങ്ങയും ചേര്‍ത്ത് പാവില്‍ ചേര്‍ത്ത് വിളയിക്കാനും ചേച്ചിമാര്‍ അമ്മയോടൊപ്പം കൂടിയിരുന്നു. കാഴ്ചക്കാരിയായിനിന്ന് കൊതിമൂത്ത് കൈനീട്ടുമ്പോള്‍ അമ്മയുടെ ശാസന നിറഞ്ഞ നോട്ടം എനിക്ക് നേരെ നീണ്ടിരുന്നുവെങ്കിലും 'തീറ്റ' മറ്റൊരു പാത്രത്തിലേക്ക് മാറ്റിക്കഴിയുമ്പോള്‍ അത് പാകം ചെയ്തിരുന്ന ഉരുളിയുടെ വശങ്ങള്‍ വൃത്തിയാക്കുന്ന പണി ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരുന്നു.


രാത്രി ഒന്‍പതുമണിയോടെ എല്ലാവരും പ്രവര്‍ത്തനമേഘലയില്‍ ഹാജരായിരിക്കും. കര്‍ക്കിടകമാസമായതുകൊണ്ട് തറയില്‍ ഇരിക്കാന്‍ തണുപ്പ് അനുവദിക്കാത്തതിനാല്‍ ഊണുമേശക്കു ചുറ്റിലും നിന്നും ഇരുന്നുമൊക്കെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നതെന്നാണ് എന്‍റെ ഓര്‍മ്മ. ഒരാള്‍ വാട്ടിയ ഇലയുമായി കാത്തിരിക്കും. കുഴച്ചമാവില്‍ നിന്നും കുഞ്ഞുരുളകള്‍ ഓരോന്നായി അയാളുടെ നേരെ നീട്ടപ്പെടും. വൃത്തത്തില്‍ കനം കുറച്ച് പരത്തുക എന്നതായിരുന്നു അയാളുടെ ജോലി. പരത്തപ്പെട്ട ഇല അടുത്തയാളുടെ അരികിലേക്ക് നീക്കിവെച്ചു അടുത്ത ഇല എടുത്ത് അതേ പണി തുടര്‍ന്ന് കൊണ്ടിരിക്കുമായിരുന്നു. മാവ് പരത്തപ്പെട്ട ഇല കിട്ടിയ ആള്‍ പാത്രത്തില്‍ വെച്ചിരിക്കുന്ന തീറ്റ അതിനു മുകളില്‍ വെക്കും. എന്നിട്ട് അടുത്തയാളുടെ അടുത്തേക്ക് നീക്കിവെക്കും. അടുത്തയാളുടെ പണി ഇല കീറിപ്പോവാതെ ഭംഗിയായി മടക്കി വെക്കുക എന്നതാണ്. നിമിഷനേരം കൊണ്ട് അടകള്‍ വേവാന്‍ തയാറായി അടുക്കിവെച്ച പുസ്തകങ്ങള്‍ പോലെ മേശപ്പുറത്തു നിറയും. അപ്പോഴേക്കും അമ്മ വലിയകലത്തില്‍ ഏറ്റവും അടിയില്‍ ഒരു നാണയമിട്ട് ചിരട്ട കമിഴ്ത്തി വെച്ച് അതിനു മുകളില്‍ വാഴത്തണ്ടുകള്‍ കീറി തലങ്ങും വെലങ്ങും വെച്ച് അതിലേക്കു ആവശ്യത്തിനു വെള്ളമൊഴിച്ച് അടുപ്പ് കത്തിക്കും. വെള്ളം തിളച്ചുതുടങ്ങുന്നത് അറിയാനാണത്രേ ഇങ്ങനെ നാണയം ഇടുന്നത്. ഇതിനു പുറത്താണ് അടകള്‍ ഓരോന്നായി പൊതി അഴിഞ്ഞുപോവാതെ അടുക്കി വെക്കുന്നത്. എല്ലാ അടയും വൃത്തിയായി അടുക്കി വെച്ചതിനു ശേഷം ആവി പുറത്തേക്കു പോവാത്തവണ്ണം ഭംഗിയായി കലമടച്ചുവെച്ച് വീണ്ടും നന്നായി തീ കത്തിക്കും. അപ്പോഴേക്കും നിദ്രാദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസോടെ ഞാന്‍ കിടക്കയിലെത്തിയിരിക്കും.


ഉച്ചവരെ അവധിയായിരുന്നാല്‍ പോലും അതിരാവിലെ ഉണരുന്ന കാര്യത്തില്‍ അന്ന് മാത്രം യാതൊരു മടിയും തോന്നിയിരുന്നില്ല. മുറ്റത്തും പറമ്പിലും കറങ്ങിനടന്നും പുള്ളിക്കോഴിയുടെ മുട്ടതേടി കോഴിക്കൂട്ടില്‍ എത്തിനോക്കിയും എല്ലാ പ്രഭാതങ്ങളിലും കിണറ്റുകരയില്‍ വരാറുള്ള അണ്ണാന്‍കുഞ്ഞിനോട് സുഖാന്വേഷണം നടത്തിയും പല്ലുതേപ്പ് ഒരു ആഘോഷമാക്കാറുള്ള ഞാന്‍ അന്ന് മാത്രം എല്ലാത്തിനും അവധികൊടുത്ത് വളരെപ്പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങളൊക്കെ തീര്‍ത്ത് അടുക്കളയിലെ അരിപ്പെട്ടിക്കു മുകളില്‍ സ്ഥാനം പിടിച്ച് മറ്റുജോലികള്‍ തീര്‍ത്തുവരുന്ന അമ്മയെ അക്ഷമയോടെ കാത്തിരുന്നിരുന്നു. ആ കലം തുറക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒരു സുഗന്ധം - വാഴയിലയുടെയും ശര്‍ക്കരയുടെയും ഏലയ്ക്കായുടെയുമൊക്കെ സമ്മിശ്രമായ ആ മണം - ആഹ്... അത് അനുഭവിച്ചുതന്നെയറിയണം! ഇന്നും മറക്കാനാവുന്നില്ല!ഇത്രയും വായിച്ചുകഴിയുമ്പോള്‍ തോന്നാം, ഇതാ ഞാനിപ്പോള്‍ അട കഴിക്കാന്‍ പോവുകയാണെന്ന്. ഇനിയുമുണ്ട് ഒരു കടമ്പ കൂടി.. അമ്മ അടകള്‍ നിശ്ചിത എണ്ണം വീതം എടുത്തു പൊതിഞ്ഞു കയ്യില്‍ തരും. അവ അയല്‍പക്കങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്ന ജോലി വീട്ടിലെ ഇളയസന്താനമായ എന്റേതായിരുന്നു! ഒരൊറ്റയോട്ടത്തിനു ആ പണിയും തീര്‍ത്തു കിതപ്പോടെ വന്നുനില്‍ക്കുമ്പോള്‍ ഇതാ ഒന്നാം പാഠം പഠിച്ചോളൂ എന്നുപറഞ്ഞുകൊണ്ട് ഒരു അട എന്‍റെ കയ്യില്‍ വെച്ച് തരും...

ഇന്ന് ഞങ്ങള്‍ ഓരോരുത്തരും ഓരോ നാട്ടിലാണ്. ഇത്തരം ദിവസങ്ങളില്‍ പരസ്പരം വിളിച്ച് പൊയ്പ്പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.

"ഓ... അമ്മയ്ക്ക് നൊസ്റ്റാല്ജിയ വര്‍ക്ക്‌ ഔട്ട്‌ ആവുന്നു!" എന്ന് കളിയാക്കുന്ന ഇന്നത്തെ തലമുറ അറിയുന്നില്ല അവര്‍ക്ക് നഷ്ടമായത് ഇത്തരം ആചാരങ്ങള്‍ മാത്രമല്ല, പരസ്പരമുള്ള നിസ്വാര്‍ത്ഥസ്നേഹവും പങ്കുവെക്കലും ഒക്കെയാണെന്ന്...

അടയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചോ? ഇപ്പോഴൊന്നു ഉണ്ടാക്കി നോക്കിയാലോ എന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു പാചകക്കുറിപ്പ് ഇവിടെയുണ്ട്.

8 comments:

jayasree said...
This comment has been removed by the author.
jayasree said...

A very nostalgic post. Nalla vivaranam. Ada vevikkuna reethi ishtapettu.. nanayam idea kollam.
Thanks for linking mine.

ramaniga said...

oro viseshangal varumbol ithupole 100 kaaryangal oramayil teliyum.
manoharam ee post!

കുമാരന്‍ | kumaran said...

മനോഹരമായ എഴുത്ത്..ഇഷ്ടപ്പെട്ടു.

വയനാടന്‍ said...

നന്നായിരിക്കുന്നു നല്ല എഴുത്തു

ശ്രീ said...

കൊള്ളാം

ശിവകാമി said...

നന്ദി
jayasree
ramaniga

കുമാരന്‍ | kumaran
വയനാടന്‍
ശ്രീ

krishnakumar513 said...

thank you for having given me sweet nostalgic moments