ശങ്കരേട്ടന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ സംശയമാണ് തന്റെ ഭാര്യ സുമംഗല ഒരു ലെസ്ബിയൻ ആയോ എന്ന്! കുടുംബശ്രീയും അയൽക്കൂട്ടവുമൊക്കെയായി നടന്നുതുടങ്ങിയപ്പോഴേ ഉറപ്പിച്ചു അവളൊരു ഫെമിനിസ്റ്റ് ആയെന്ന് ! ഈ പുതിയ സംശയം തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നതെയുള്ളൂ..
നാട്ടിൻപുറത്തെ സാദാ റേഷൻകടക്കാരനെങ്ങനെ ഇത്തരം വാക്കുകളൊക്കെ പഠിച്ചു എന്നതിന് കടപ്പാട് പത്താം ക്ലാസ്സിന്റെ രണ്ടാംവർഷത്തിൽ ഇരുന്നൂറ്റി പന്ത്രണ്ടുമാർക്ക് ഒപ്പിച്ചെടുത്ത മുപ്പത്തഞ്ചു കഴിഞ്ഞ ക്രോണിക് ബാച്ചിലർ അയൽവാസി ഭാസിക്കുട്ടനുള്ളതാണ്. അവന്റെ അമ്മാവന്റെ മകന്റെ ഇന്റർനെറ്റ് കഫെ ആണ് അവനെ സർവജ്ഞൻ ആക്കിയത്. പത്രങ്ങളിലോ ചാനലുകളിലോ വരാത്ത കാര്യങ്ങൾ വരെ ഫേസ്ബുക്കിൽ വരുമത്രേ! അവിടെ അവൻ "ഭാസ്" ആണ് ..
അയലത്തെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയവന്റെ കരണത്ത് ഒരെണ്ണം പൊട്ടിച്ച ദിവസമാണ് സുമംഗലേടത്തിക്ക് പ്രതികരണശേഷി കൈവന്ന കാര്യവും ഫെമിനിസ്റ്റ് ആവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞുവരുന്നുണ്ടെന്നും അവൻ ശങ്കരേട്ടനെ അറിയിച്ചത്. ഒപ്പം ഫെമിനിസ്റ്റ് എന്നാലെന്തെന്ന് വ്യക്തമായി ക്ലാസ്സ് എടുത്തുകൊടുത്തു. അതിനുശേഷം കറിക്ക് ഉപ്പുകൂടിയാലോ കുപ്പായം ഇസ്തിരിയിടാൻ മറന്നാലോ ഒന്നും ക്ഷുഭിതനാവാതിരിക്കാൻ ശങ്കരേട്ടനും ശ്രദ്ധിച്ചുതുടങ്ങി . ഈ ജാതി ആൾക്കാർ കുറച്ചു പേടിക്കേണ്ടവരാണെന്ന്
ചില വാർത്തകളും അയാളെ പഠിപ്പിച്ചിരുന്നു.
ഓരോ വനിതാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ കയറിയാലുടനെയുള്ള രോഷപ്രകടനങ്ങളിൽനിന്നും മിക്കവരുടെയും പ്രശ്നങ്ങൾ ശങ്കരേട്ടൻ അറിയാറുണ്ട്.
"ഹും അവനെന്താ വിചാരിച്ചേ .. പെണ്ണെന്നാൽ എന്നും കാൽക്കീഴിൽ കിടക്കണം എന്നാണോ ? "
"ഇവനൊക്കെ ആ കൊച്ചിന്റെ കാര്യത്തിലെങ്കിലും അവളെ ഒന്ന് സഹായിച്ചാലെന്താ ? കല്യാണം കഴിഞ്ഞുവരുമ്പോ അവൾ കയ്യെപ്പിടിച്ചു കൊണ്ടുവന്നതൊന്നുമല്ലല്ലോ ആ കൊച്ചിനെ! ഹും "
ഇതൊക്കെയാണെങ്കിലും മീറ്റിങ്ങു കൾക്കും മറ്റും ഓടുന്നതിനിടയിലും ഭർത്താവിനുള്ളതെല്ലാം കൃത്യമായി എടുത്തു വെക്കുകയും സമയാസമയത്തിന് വിളിച്ച് ഓർമ്മിപ്പിക്കുകയും എത്ര ക്ഷീണിതയാണെങ്കിലും രാത്രി ശങ്കരേട്ടന്റെ കാലിൽ തൈലം പുരട്ടി ചൂട് വെള്ളം അനത്തിക്കൊടുക്കുകയും ചെയ്തിരു ന്നതിനാൽ ഭാര്യയുടെ ഫെമിനിസം അങ്ങേരെ ബാധിച്ചിരുന്നില്ല.
മാത്രമല്ല നാട്ടിലെ സൽസ്വഭാവികളായ ചുരുക്കം ചില പുരുഷന്മാരിൽ ഒരാളാണ് തന്റെ ഭർത്താവെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. സ്വന്തം പറമ്പിലെ ചക്കയിടുന്നതിനിടയിൽ നെഞ്ചത്ത് ചക്ക വീണു പരിക്കേറ്റ, നാട്ടിലെ സുന്ദരി രേവതിയെ തടവാൻ ഓടിക്കൂടിയവരുടെ കൂട്ടത്തിൽ തന്റെ പ്രിയതമൻ ഉണ്ടായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് ശങ്കരേട്ടനോട് മതിപ്പുണ്ടായതാണ്. (അതിന് ശങ്കരേട്ടൻ രഹസ്യമായി നന്ദി പറയുന്നത് വാതരോഗത്തിനോടാണ്! )
പുതിയ സംശയം ഉണ്ടാവാൻ കാരണം ഈയിടെയായി സുമംഗല മിക്കവാറും അയലത്തെ രാധാമണിയുടെ വീട്ടിൽ രാപകലില്ലാതെ സന്ദർശിക്കുന്നു , പലപ്പോഴും രണ്ടുപേരും അകത്തുനിന്നും പൂട്ടിയ മുറിക്കുള്ളിൽ നേരം ചെലവിടുന്നു എന്നതൊക്കെയാണ്. രാധാമണിയുടെ ഭർത്താവ് വാരാന്ത്യത്തിൽ മാത്രം വീട്ടിലെത്തുന്നയാളാണ്. ഒരു ദിവസം രാവിലെ രാധാമണിയുടെ മോന് വയ്യ ചെന്നന്വേഷിക്കട്ടെ എന്നും പറഞ്ഞു പോയവളായിരുന്നു. അയൽക്കാരല്ലെ .. ആണ് തുണ ഇല്ലാത്തനേരത്ത് ഒരു സഹായമല്ലേ എന്നേ ഓർത്തുള്ളൂ... ഇതിപ്പോൾ ഇടയ്ക്കിടയ്ക്ക് മതിലിങ്കൽ നിന്ന് കുശുകുശുക്കൽ .. രാധാമണിയുടെ മിസ്സ് കാൾ വന്നാലുടനെ ഓടിപ്പോക്ക്.. വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ കതകടച്ചിരുന്നു സംസാരം!
"ഇതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വന്നിരുന്നു ശങ്കരേട്ടാ.. " എല്ലാം കേട്ടുകഴിഞ്ഞ് തെല്ലിട മൌനത്തിനുശേഷം ഭാസിക്കുട്ടൻ സംസാരിച്ചുതുടങ്ങി യത് ഇപ്രകാരമായിരുന്നു. സ്വവർഗ്ഗ പ്രേമത്തിന്റെയും രതിയുടെയും കഥകൾ തന്നെക്കാൾ പ്രായം കുറഞ്ഞ ചെറുക്കന്റെ വായിൽ നിന്ന് കേൾക്കേണ്ടിവന്നപ്പോൾ ശങ്കരേട്ടന് അറപ്പ് തോന്നി. അതിലേറെ സ്വന്തം ഭാര്യയെ അങ്ങനെ സങ്കൽപ്പിച്ചുനോക്കാനാവാതെ നേരത്തെ കടപൂട്ടി വീട്ടിലേക്കു നടക്കുകയും ചെയ്തു.
സാഹചര്യത്തെളിവുകൾ എതിരായി വരുംതോറും സംശയം അദ്ദേഹത്തിൻറെ മനസ്സിൽ, മന:പൂർവ്വം മുരടിപ്പിച്ച ഒരു ബോണ്‍സായി വൃക്ഷമായി. ഉണ്ണാനാവാതെ, ഉറങ്ങാനാവാതെ, കടയിലെ കണക്കുകൾക്കൊപ്പം മനസിലേതും തെറ്റിച്ചും വീണ്ടും കൂട്ടിയും കുറച്ചും ശങ്കരേട്ടൻ ആശയക്കുഴപ്പത്തിലായി . വന്നുവന്ന് സംശയാസ്പദമായി കണ്ടകാര്യങ്ങൾ ഭാസിക്കുട്ടനോട് പറയാനും മടിയായിത്തുടങ്ങി. കാരണം ശങ്കരേട്ടനിലും മുന്നേ 'ഇതതുതന്നെ സംഭവം' എന്ന് ഉറപ്പിച്ചത് അവനായിരുന്നതുകൊണ്ട് അതവൻ നാട്ടിൽ പാട്ടാക്കിയാലോ എന്നും അയാൾ ഭയന്നു.
ഒരിക്കൽ രണ്ടും കല്പ്പിച്ചു ഭാര്യയോട് ചോദിക്കാൻ മുതിർന്നതായിരുന്നു. തലേന്ന് റേഷൻ കടയുടെ തൊട്ടടുത്ത കടമുറിയിൽ കുടുംബശ്രീക്കാര് തുടങ്ങിയ പച്ചക്കറിക്കടയുടെ ഉദ്ഘാടനത്തിന് മുഖത്ത് ഇരച്ചുകയറിയ രക്തത്തുടിപ്പോടെ സുമംഗല പ്രസംഗിച്ച കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെക്കൂടി മനസ്സിൽ കയറി അയാളുടെ ധൈര്യത്തെ തല്ലിക്കെടുത്തിക്കളഞ്ഞു.
"നീയെന്തിനാ സുമം ഇടയ്ക്കിടെ ഇങ്ങനെ അങ്ങോട്ടോടുന്നെ?"
എങ്കിലും കഴിഞ്ഞദിവസം രാത്രി അത്താഴത്തിനു മുന്നിലിരിക്കുമ്പോൾ രാധാമണിയുടെ വിളി വന്നു ഇറങ്ങിയോടുന്നതിനിടയിൽ അയാളുറക്കെ ചോദിക്കുകതന്നെ ചെയ്തു.
"അവടെ കൊച്ചിന് മേലാഞ്ഞിട്ടാ.. ഞാനെത്ര തവണ പറയും..! അതിനെന്തോ പേടി തട്ടിയിട്ടുണ്ടെന്നാ തോന്നുന്നേ.. രാത്രിയൊക്കെ പിച്ചും പേയും പറയുവാ.. അവടെ കെട്ട്യോൻ ഇന്ന് വരും നാളെ വരുമെന്ന് പറയുമെന്നല്ലാതെ തിരിഞ്ഞു നോക്കുന്നില്ല! "
എന്നാലും അതുമാത്രമല്ല കാര്യമെന്ന് ഭാസിക്കുട്ടൻ അഭിപ്രായപ്പെടുമ്പോൾ മറുത്തൊന്നും പറയാൻ നിന്നില്ലെങ്കിലും അയാളുടെ മനസിലും ആ തോന്നൽ കൂടിക്കൊണ്ടേയിരുന്നു. എങ്കിലും ഈ പത്തു പതിനെട്ടുവർഷം കൂടെ ജീവിച്ച് രണ്ടുകൊച്ചുങ്ങളെയും പെറ്റ അവൾക്കങ്ങനെയൊരു മാറ്റം പെട്ടെന്നുണ്ടാവുമോ ?
"ങാ ഇന്നത്തെ കാലത്ത് അതും ഉണ്ട് ശങ്കരേട്ടാ... അതായത്.... "
ഭാസിക്കുട്ടന്റെ ചലനാത്മകമായ വിശദീകരണങ്ങൾ മനസിനകത്തേക്ക് കടക്കാതെ, സന്ധ്യനേരത്തെ കൊതുകിൻ കൂട്ടത്തെ പോലെ അയാളുടെ തലയ്ക്കു ചുറ്റും മൂളിപ്പറന്നുകൊണ്ടിരുന്നു.
വെള്ളിയാഴ്ച രാത്രി ഇടക്കെപ്പോഴോ ഉണർന്നപ്പോൾ സുമംഗല അടുത്തില്ലെന്ന സത്യം പിന്നീടങ്ങോട്ടുള്ള ഓരോ ഉറക്കത്തെയും കെടുത്താൻ പോന്നതാണെന്ന്ശങ്കരേട്ടൻ മനസിലാക്കി. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇനിയും ഇത്തരം പ്രകൃതിവിരുദ്ധനടപടികൾക് ക് നേരെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.
അടുത്ത രാത്രി ഭാസിക്കുട്ടനെയും കൂട്ടുപിടിച്ച് അയാൾ ഉറങ്ങാതിരുന്നു. പതിനൊന്നരക്ക് വന്ന മിസ്സ് കാളിനെ തുടർന്ന് സുമംഗല ഇരുട്ടത്ത് കതകുതുറന്നു പുറത്തിറങ്ങി, രാധാമണി ഇരുളിൽ അടുക്കള വാതിൽക്കൽ അവളെ കാത്തു നില്‍ക്കുന്നത് തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവർ രണ്ടുപേരും കണ്ടു.
"ഇന്നിവളെ ഞാൻ..." മുന്നോട്ടാഞ്ഞ ശങ്കരേട്ടനെ പിടിച്ചിരുത്തി കുറച്ചുകൂടെ ക്ഷമിക്കാൻ ഭാസിക് കുട്ടൻ ആംഗ്യം കാട്ടി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, രാധാമണിയുടെ വീടിനകത്ത് നിന്നും ഒരു പുരുഷന്റെ ദീനരോദനം കേട്ട് പുറത്തുനിന്ന രണ്ടുപേരും ഞെട്ടി എഴുന്നേറ്റു. എന്താണെന്ന് മനസിലാവാതെ വീടിനുചുറ്റും ഓടിക്കൂടിയവരുടെ മുന്നിലേക്ക് വെളിച്ചം തുപ്പിക്കൊണ്ട് പോലീസ് ജീപ്പ് വന്നു നിന്നു. വാതിൽ തുറന്നു നാടകീയമായി ഇറങ്ങിവരുന്ന സുമംഗലയെയും കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച രാധാമണിയേയും മാറിമാറി നോക്കി മിഴിച്ചുനിൽക്കുമ്പോൾ പോലീസുകാർ അവരെ ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കടന്നു.
കയ്യും വായും കെട്ടിയിട്ട അവസ്ഥയിൽ രാധാമണിയുടെ ഭർത്താവ് ഉത്തമനെ പിടിച്ചുകൊണ്ട് പോലീസ് ഇറങ്ങിവന്നു.
"വൃത്തികേട് കാണിക്കാൻ നിനക്കൊക്കെ സ്വന്തം മോനെ കിട്ടിയുള്ളോടാ ---------- " ഒപ്പം അടിയുടെ ശബ്ദവും!
"ഇവനെ ഒന്ന് പിടിക്കാൻ ഞങ്ങള്‍ പെട്ട പാട്! ഞാനെന്റെ കെട്ട്യോനോട് പോലും പറയാതെയാ സാറേ വലയും വിരിച്ചിരുന്നത് !" സുമംഗലയുടെ ദീർഘനിശ്വാസത്തിനുമുന്നിൽ സ്വയം ചെറുതായിപ്പോവുന്നതായി തോന്നിയ ശങ്കരേട്ടൻ തിരിഞ്ഞുനോക്കിയപ്പോൾ ഭാസിക്കുട്ടൻ അടുത്തുണ്ടായിരുന്നില്ല.
"അങ്ങേർക്ക് എന്നോട് താല്പര്യമില്ലാതായപ്പോ വേറെ എന്തോ ബന്ധമുണ്ടെന്നാ ഞാൻ കരുതിയെ.. പിന്നെയാ അറിഞ്ഞേ, ഞാനുറങ്ങുന്ന നേരത്ത് അയാളെന്റെ മോനെ... മോന് വയ്യാതായപ്പോ സുമംഗലചേച്ചിയാ എനിക്കിത്രയും ധൈര്യം തന്നതും കൂടെ നിന്നതും ... " രാധാമണിയുടെ കണ്ണീരിൽ കുതിർന്ന പരിവേദനങ്ങൾ കേൾക്കാൻ അപ്പോഴേക്കും അയൽക്കാർ സമ്മേളിച്ചിരുന്നു.
ബഹളങ്ങൾ അവസാനിച്ച് മുറിയിലെത്തിയപ്പോഴേക്കും നേരം പുലരാറായിരുന്നു. ശങ്കരേട്ടന് സുമത്തിനെ ചേർത്തുപിടിച്ച് എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും വികാരത്തള്ളിച്ചയിൽ ഒരുവാക്കും പുറത്തുവന്നില്ല.
അടുത്തുകിടക്കുന്നവളെ ആദ്യമായി കാണുന്നതുപോലെ തോന്നി അയാൾക്ക്. സുമംഗല പതിവുപോലെ അയാളെ വട്ടം പിടിച്ച് അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു.
"എന്നും തൈലം തേച്ചിട്ടും വേദന മാറിയില്ലേ.. ആ കാലെടുത്തെന്റെ പുറത്തിട്ടാലേ എനിക്കുറക്കം വരൂന്ന് അറിയത്തില്ലേ? "
(ഇ-മഷി ഓണ്‍ലൈൻ മാഗസിനിൽ ജൂലൈ ലക്കത്തിൽ വന്നത്)
37 comments:
വായിച്ചു
കഥയായില്ല
കഥ തുടങ്ങിയ ഭാഷ മനോഹരം. എന്നാലെവിടെയോ പിഴച്ചു. ഒന്ന് കൂടി തിരുത്തി എഴുതി നോക്കിയാലോ...?
:)
ഉം.. കലക്കി. നല്ല സൂപ്പര്‍ കഥ.
എഴുത്ത് നന്നായി.. എവിടെയോ ഒരു ദുരൂഹത പോലെ ..
njaan ippozha ee blog vayikkunathu. Kollam. Adipoli. Valare manohara maya kadhakal...
കഥാതന്തു അത്യപൂര്‍വമായിരുന്നു...
പക്ഷെ തുടക്കത്തിലെ ശങ്കരേട്ടന്റെ ലെസ്ബിയന്‍ ശങ്ക അവതരിപ്പിചില്ലായിരുന്നു എങ്കില്‍ ക്ലൈമാക്സ് കുറച്ചൂടെ നന്നാവുമായിരുന്നു...
പിന്നെ അവതരണത്തില്‍ സൂക്ഷ്മത ആകാമായിരുന്നു...
എന്ത് എന്നുള്ളതിനേക്കാള്‍ എങ്ങനെ എന്നുള്ളതാണ് പ്രധാനം...
( എന്റെ വായനയില്‍ തെളിഞ്ഞത് മാത്രം )
കഥ വളരെ ഇഷ്ടപ്പെട്ടു.
കഥയുടെ അവലോകനചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു....
ആശംസകള്‍
എവിടെയാണ് കഥപറയുന്നത്, എന്താണ് പറയുന്നത്.അതു മനസിലാക്കി തരുന്നുണ്ട് കഥ.
വെറ്റെറന്‍ എഴുത്ത് നിലവാരമുള്ളത് തന്നെ . കഥാതന്തുവും വ്യത്യസ്തം . എവിടെയോ ഒരു മിസ്സിംഗ് എന്ന് കമെന്റുകളില്‍ കണ്ടപ്പോഴാണ് ശ്രദ്ധിക്കുന്നത് . കൊള്ളാം .
കഥ ഇഷ്ടമായി ശിവാ . തുടക്കം വളരെ നന്നായിരുന്നു .
കലക്കിയിട്ടുണ്ട്.ഒന്നൂടൊന്നു ആറ്റിക്കുറിക്കിയിരുന്നേൽ കുറച്ച് കൂടി കേമം ആയെനേ.
നല്ല രസമായിരുന്നു വായിക്കാൻ.ഒന്നു രണ്ട് തവണ മാറ്റിയെഴുതിയാൽ.ഒരു ആറ്റിക്കുറുക്കിയ കിടീലം സംഭവം ആകും.ഹ്രുദയം ഗമമായ ആശംസകൾ സഖേ...
നല്ല എഴുത്ത് ... ആശംസകള്‍
കൊള്ളാംഎങ്കിലും എന്തൊക്കെയോ മറന്നു വെച്ചതുപോലെ തോനുന്നു ....ആശംസകൾ .
ഹാസ്യാത്മകമായി അവതരിപ്പിച്ച ഒരു സീരിയസ് വിഷയം..!! നമ്മള് ധരിക്കുന്നതുപോലെയല്ല ഈയുലകമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന രചന..
ഭാഷയും നന്നായിരിക്കുന്നു..!!
________________________
പറയാന്‍ ശ്രമിച്ച വിഷയം എന്താണെന്ന് പോലും ശ്രദ്ധിക്കാതെ ‘കഥ’യ്ക്ക് വേണ്ടി പരതുന്ന ബ്ലോഗറന്മാര്‍ ..!! ഇത്രേം കഥകള്‍ വായിച്ചിട്ടും മടുത്തില്ലയോ? അല്പം വിശേഷങ്ങള്‍ വിശേഷങ്ങളായി വായിച്ചാല്‍ എന്താ കൊയപ്പംസ് ..?
അല്ലപ്പാ ഈ മിസ്സിംഗ് മിസ്സിംഗ് എന്ന്പ റയുന്നത് എന്താണ് എന്നുകൂടി പറയുവാനുള്ള ബോധം കൂടി പറയുന്നവര്ക്കില്ലേ ? കാര്യ കാരണ സഹിതം ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുവാന്‍ എഴുതിയ ആള്‍ക്കും , ഒരു പാഠം കണ്ടു നില്‍ക്കുന്നവര്‍ക്കും കിട്ടുമല്ലോ .... ഏതീ ...!
അവതരണം നനായെന്നു എനിക്ക് തോന്നി,എനിക്ക് മിസ്സിംഗ് ഒന്നും കണ്ടില്ല,പ്രമേയവും അവതരണശൈലിയും കൊള്ളാം ..
കൂടുതൽ വരിച്ചുവാരിയെഴുതി വായനക്കാരെ പ്രാന്ത്പിടിപ്പിക്കാതെ കാര്യം പറഞ്ഞു ,,
പിന്നെ എന്താണ് ഫെമിനിസം ?
എന്റെ കാഴ്ചപ്പാടിൽ ഇന്നു കാണുന്ന കൂടുതൽ ഫെമിനിചികളിലും കാണുന്നത്
കെട്ടിക്കൊളാമെന്ന് പ്രലോഭിച്ച് പലരും കൊണ്ട്വോയി ഉപയോഗിച്ചിട്ട് വണക്കം ചൊല്ലിപ്പിരിയുന്നത് ഒരു പതിവാകുമ്പോഴും, സ്വന്തം ശരീരഭാഗങ്ങള്‍ ആണിനെ കാണിക്കാന്‍ കൊള്ളാതെയാകുമ്പോള്, അല്ലെങ്കില്‍ സൌന്ദര്യമില്ലെന്ന് തോന്നുമ്പോള്‍ സ്ത്രീകളില്‍ കാണുന്ന ഉള്‍വലിഞ്ഞ ഗുരുതരമായ മാനസിക അവസ്ഥയാണ് പ്രതികാരമാണ്.. “ഫെമിനിസം” ..!
"എന്നും തൈലം തേച്ചിട്ടും വേദന മാറിയില്ലേ.. ആ കാലെടുത്തെന്റെ പുറത്തിട്ടാലേ എനിക്കുറക്കം വരൂന്ന് അറിയത്തില്ലേ? "
ഈ കഥയിലും അതിന്റെ മുഴുവൻ ശ്രദ്ധയോടുള്ള വായനയിലും കിട്ടാത്ത,അനുഭവപ്പെടാനാവാത്ത സുഖം ഈ മുകളിലിട്ട, കഥയിലെ അവസാന വരിയിൽ കിട്ടി.
എന്തോ വലിയ പ്രശ്നമാണ്, അപരാധമാണ് നിങ്ങൾ എഴുതി വച്ചിരിക്കുന്നത് എന്ന് കരുതി, എന്നാലതൊന്ന് അറിയണമല്ലോ ന്ന് വച്ച് വായിച്ചതാ..... പലരും പറയുന്നു,എവിടെയോ പിഴച്ചൂ ന്ന്. എനിക്കങ്ങനൊന്നും തോന്നീല.....
സംഭവം അത്ര വലിയ ഒരു സൃഷ്ടിയായില്ലാ എന്നതൊഴിച്ചാൽ ഒരു അസാധാരണ സംഭവം കേട്ടതിനോടുള്ള സാധാരണ പ്രതികരണം.
അതാണീ കഥ.!!!!!!!!
സമയം വെറുതേ പോയില്ല.
ആശംസകൾ.
കഥയിൽ / ഇറങ്ങിപ്പോക്കും , തിരച്ചു വരവും >> ഭര്‍ത്താവിന്റെ സംശയങ്ങളും >>> പ്രകൃതി വിരുദ്ധത എന്ന ഒരു ആശയവും ഒക്കെ കൂടി ഒരു യുക്തിക്കുറവു ...
എടുത്തു പരയത്തക്കതൊന്നും ഈ പാമര വായനയിൽ ലഭിച്ചില്ല എന്ന് പറയേണ്ടി വരുന്നു .
ഒരു കഥ " എന്ന് പറഞ്ഞൊഴിയാം . ഇഷ്ടമായില്ല .. ക്ഷമിക്കുക !
വളരെ ഗൗരവമേറിയ ഒരു വിഷയം പറയേണ്ട പ്ലട്ഫോര്മില് അല്ല രൂപപ്പെടുത്തിയത് എന്ന ഒരൊറ്റക്കാരണം കൊണ്ടാകാം ഈ കഥ പലര്‍ക്കും രുചിക്കാതെ പോയത് .ശിവകാമി സാധാരണ കഥനത്തില്പുലര്ത്താറുള്ള സംയമനം കൈവിട്ടതും ഒരു പക്ഷെ അതിനു കാരണമായി എന്ന് തോന്നുന്നു .വൈവിധ്യം ഉള്ള വളരെ ചിന്താര്‍ഹമായ ഈ കഥ എഴുതിയ ശിവകാമി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .
നല്ല ആശയം, മോശം ആഖ്യാനം
ഇ-മഷി വായിച്ചു അഭിപ്രായം പറഞ്ഞിരുന്നു. എനിക്ക് ഇഷ്ടമായി. നല്ല കഥ.
ആരൊക്കെ എന്തൊക്കെ പ്പറഞ്ഞാലും എനിക്കിഷ്ടായി...
ഈ കഥ.
പിന്നെ 'അമ്മേനെ തല്ല്യാലും രണ്ട് പക്ഷം'ന്നാണല്ലോ..
ഞാന്‍ അമ്മേടെ പക്ഷത്ത് തന്നെ..
ഒരു സംശ്യോം വേണ്ടാ.. ട്ടാ..
അഭിനന്ദനങ്ങള്‍..
ഒരു നല്ല കഥ സമ്മാനിച്ചതിന്.
സമൂഹത്തില്‍ ഇന്ന് നടക്കുന്ന ഒരു ദുഷിച്ച പ്രവണതയെ ഹാസ്യരസം ചേര്‍ത്തി അവതരിപ്പിച്ചതില്‍ വിജയിച്ചിരിക്കുന്നു. പിന്നെ ചക്ക വീണു പരിക്കേറ്റ സുന്ദരിയെ തടവാന്‍ പോകാന്‍ കഴിയാതിരുന്ന ശങ്കരെട്ടന്റെ വാതത്തിനു സ്തുതി.. അഭിനന്ദനങ്ങള്‍..
ദേവൂട്ടിയുടെ ആശംസകള്‍....
ഞൻ ഇതിനെ ഒരു കഥയായി തന്നെ വായിച്ചു....വലിയ കുറവുകളൊന്നും കണ്ടീല്ലാ...ആശംസകൾ
വായിച്ചു..
നല്ല പ്രമേയം. അതെ, പുതിയ പുതിയ ടെക്നോളജി വഴി ആബാലവൃദ്ധം എല്ലാവരും ''വിവരസ്ഥരാ''കുന്നു! ചിന്തകള്‍ ക്ക് കൂടുതൽ ഇടയുണ്ടാകുന്നു.
ആശംസകൾ.
ഒരു പക്കാ ഫെമിനിസ്റ്റ് കഥ!!!
ഈ ഫെമിനിസം എന്നു പറഞ്ഞാൽ എന്താ. എനിക്കിപ്പോഴും സംശയമാ. കുടുംബശ്രീ എന്ന പ്രസ്ഥാനം നമ്മുടെ നാട്ടിലെ അതിസാധാരണക്കാരായ വനിതകളുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ആ ആശയം കഥയിൽ വന്നു എന്നും ഇല്ല എന്നും പറയാം.കൂട്ടുകാരിയുടെ ഭർത്താവിന്റെ ദുസ്വഭാവം കണ്ടു പിടിക്കാൻ നടക്കുന്ന ഒരു സ്ത്രീ മാത്രമായി ഇതിലെ കേന്ദ്രകഥാപാത്രം ചെറുതായിപ്പോയി എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം....
ആണ് പെണ് ചിന്താവിശേഷങ്ങൾ...
നന്നായി തുടങ്ങി, അവസാന ഭാഗങ്ങള്‍ കുറച്ചു കൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി.
തുടര്‍ന്നും എഴുതുക, ആശംസകള്‍!
:) feminist katha
സ്ഥിരം എഴുത്തില്‍ നിന്നും ചെറിയൊരു മാറ്റം ശൈലിയില്‍ ! ആദ്യം ഒരു ചെറിയ തമാശ കഥ പോലെ തോന്നി. അവസാനം ഉള്ള ഭാവപ്പകര്‍ച്ചയില്‍ ചെറിയ യോജിപ്പില്ലായ്മ തോന്നി. ആശംസകള്‍
ദോഹയില്‍ വന്നതിനു ശേഷം ആദ്യമായി കള്ളടാക്സി ഉപയോഗിക്കേണ്ടി വരുന്നത് ഈയിടെ മാത്രമാണ്. വണ്ടിയോടിക്കുന്നത് ആലുവാക്കാരന് ഒരു പയ്യന്. വേറെ പണിയൊന്നുമില്ല; കള്ളവണ്ടിയോടിക്കലും സംസാരിച്ചു വെറുപ്പിക്കലും തന്നെ. ഒരു റൗണ്ട് എബൌട്ട് എത്തിയപ്പോള്‍ ചെറിയ ബ്ലോക്ക്. ചെക്കന് ക്രിയേറ്റിവ് ആയി.
"എന്നാലും എന്റെ സാറേ, ഇവന്മാരുടെ ഒരു കാര്യം. ഇത്ര ഒരു ചെറിയ ഒരു രാജ്യം കൊടുത്തിട്ട് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ മര്യാദയ്ക്ക് ഭരിക്കാന്‍ പറ്റുന്നില്ല. എന്ത് വിശ്വസിച്ചാണ് ഇവനെയൊക്കെ ഓരോന്ന് ഏല്‍പ്പിക്കുക!"
കമന്റ് ബോക്സില്‍ അവന്റെ കുറവ് മാത്രമേ ഇനിയുള്ളൂ.
അതിനുശേഷം കറിക്ക് ഉപ്പുകൂടിയാലോ കുപ്പായം ഇസ്തിരിയിടാൻ മറന്നാലോ ഒന്നും ക്ഷുഭിതനാവാതിരിക്കാൻ ശങ്കരേട്ടനും ശ്രദ്ധിച്ചുതുടങ്ങി .
ഇതാണോ ഫെമിനിസ്സ്ടിനെ പറ്റിയുള്ള പുരുഷന്റെ ഉള്ളിലിരുപ്പ്. കൊള്ളാല്ലോ.
കഥയിഷ്ടായി...
Post a Comment