കൊല്ലൂർ ശ്രീ മുകാംബികാ ക്ഷേത്രദർശനത്തെതുടർന്ന് പരിസര പ്രദേശത്തുള്ള ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴായിരുന്നു മുരുദേശ്വർ മനസിലെത്തിയതും ആ സായാഹ്നത്തിൽ അവിടേക്ക് തിരിച്ചതും.
കൊല്ലൂരിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ മാത്രം അകലേയ്ക്കുള്ള യാത്രക്ക് സുഖം പകർന്നത് ഇഷ്ടഗാനങ്ങളും മനോഹരമായ വഴിയോരക്കാഴ്ച്ചകളും തന്നെ. ഇരുവശത്തും തിങ്ങിനില്ക്കുന്ന പച്ചപ്പ്.. ഇടക്ക് ചിലയിടങ്ങളിൽ നിന്നും നോക്കുമ്പോൾ ദൂരെ അറബിക്കടൽ ഇളം നീല സാരിപുതച്ചു കിടക്കുന്നത് കാണാം.. ഇടയ്ക്കിടെ ജനാലചില്ലിൽ കുഞ്ഞുസുതാര്യമണികൾ അവശേഷിപ്പിച്ച് പോവുന്ന മഴ.. തണുത്ത കാറ്റ്..!!
ഏകദേശം സന്ധ്യയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. ഏഷ്യയിലെ തന്നെ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള ശിവ പ്രതിമ ആണത്രേ ഇവിടെയുള്ളത്. ഒപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖക്ഷേത്രങ്ങളുടെ രൂപസാദൃശ്യമുള്ള ഒരു അമ്പലവും അവിടെയുണ്ട്. സുന്ദരമാകുമായിരു ന്ന ഒരു അസ്തമയദൃശ്യം മേഘങ്ങൾ തടസ്സപ്പെടുത്തുമല്ലോയെന്ന് തെല്ലുനിരാശപ്പെട്ടെങ്കിലും തണുത്ത കാറ്റുകൊണ്ട് മനം കുളിർപ്പിച്ച് മഹാദേവ പ്രതിമയിലേക്കുള്ള പടികൾ കയറി..
മറ്റെങ്ങും കണ്ടിട്ടില്ലാത്തത്ര പൌരുഷമാണ് ഈ ശിവനിൽ എനിക്ക് തോന്നിയ ആദ്യത്തെ ആകർഷണീയത. മൂന്നു ചുറ്റിനും പരന്നുകിടക്കുന്ന കടലിന്റെ അക്കരെവരെ എത്തും ഞങ്ങളെന്ന് വിളിച്ചോതുന്ന തീക്ഷ്ണമിഴികൾ!
ബോളിവുഡ് / ഹോളിവുഡ് താരങ്ങളെ തോല്‍പ്പിക്കുന്ന ഉടൽ! പുലിത്തോലും, തിരുജടയുടെ ഇടയിലൂടെ തലനീട്ടുന്ന നാഗമുഖവുമൊക്കെ നോക്കി നിന്നപ്പോൾ അറിയാതെ ശിൽപ്പിയെ സ്തുതിച്ചുപോയി, വളരെ ചെറിയ കാര്യങ്ങൾ പോലും എത്ര ശ്രദ്ധയോടെ ചെയ്തിരിക്കുന്നു !!
ശിവപ്രതിമക്ക് താഴെയായി ഒരു ഗുഹ ഉണ്ടാക്കിയിരിക്കുന്നു. അതിനുള്ളിലേക്ക് പ്രവേശനം ടിക്കറ്റ് എടുത്താണ്. ഇടുങ്ങിയ ആ ഗുഹക്കുള്ളിൽ ഒരു വശത്ത് മുരുദേശ്വരന്റെ ഐതിഹ്യം ശില്പങ്ങളായി ചുറ്റിലും ഉണ്ടാക്കിവെച്ചിരിക്കുന്നു , ഒപ്പം കന്നടത്തിൽ ഉള്ള വിവരണം സ്പീക്കറിൽ കൂടി കേള്‍ക്കുകയും ചെയ്യാം.
പണ്ട് ശിവന്റെ എല്ലാ ശക്തിയും അടങ്ങിയ ആത്മലിംഗത്തിനായി രാവണൻ തപസ്സിരുന്നു. വരം കൊടുത്താൽ പ്രശ്നമാകുമെന്ന് മനസിലാക്കിയ ശിവൻ, ഒരു ഉപാധിയോടെ അനുഗ്രഹിച്ചുവത്രേ. അതായത് വരപ്രസാദം ഒരിക്കലും താഴെ വെക്കരുത്, വെച്ചാൽ അതിന്റെ ശക്തി ഇല്ലാതാവും. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഗണപതി ബ്രാഹ്മണകുമാരനായി പ്രത്യക്ഷപ്പെട്ടു. നിലത്തുവെക്കരുത് എന്ന വ്യവസ്ഥയിൽ കുട്ടിയെ ഏല്‍പ്പിച്ചു സന്ധ്യാവന്ദനത്തിനു പോവുന്ന രാവണൻ തിരിച്ചുവരുന്നതിനു മുൻപേ കുട്ടി താഴെ വെക്കുകയും അത് ഭൂമിയിൽ ഉറച്ചുപോവുകയും ചെയ്തു. ദേവന്മാരുടെ ചതി ആണെന്ന് മനസിലാക്കിയ രാവണൻ കോപിഷ്ടനായി മണ്ണിലുറച്ച ശിവലിംഗം പിഴുതെടുക്കാൻ ശ്രമിക്കുകയും അത് പൊട്ടി നാലുപാടും തെറിച്ചു വീഴുകയും ചെയ്തുവത്രേ. ആ സ്ഥലങ്ങളിലൊക്കെ പില്ക്കാലത്ത് ശിവക്ഷേത്രങ്ങൾ ഉണ്ടായി.
ഈ കഥ ഞാൻ വിശദമായി വായിച്ചത് യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷമാണ്. പക്ഷെ അവിടെ ആ ഉയരത്തിൽ നിൽക്കുമ്പോൾ, ചുറ്റിലും തിരയിരമ്പുന്ന കടൽ കാണുമ്പോൾ മനസ് വല്ലാതെ നിറഞ്ഞുകവിയും. ഭക്തിക്കും മേലെയായി, ചിന്തകൾക്കെല്ലാം അതീതമായി തികച്ചും ശൂന്യമായി മനസെത്തുന്ന ഒരവസ്ഥ! ക്ഷേത്ര ദർശനത്തിനു വന്നവരും, കടലിൽ തിമിർക്കുന്നവരും ഒക്കെ ചുറ്റിലും ഉണ്ടെങ്കിലും അതിലും മുകളിലായി... തികച്ചും ശാന്തമായ ഒന്ന്!
സന്ധ്യാനേരവും ചാറ്റൽ മഴയുമാവണം കടൽക്കരയിലെ തിരക്ക് കുറച്ചത്. കുഞ്ഞുങ്ങളെ തിരകളോട് സല്ലപിക് കാൻ വിട്ട് വെറുതെ നിന്നു. കുറച്ചകലെ ശിവൻ എന്നെത്തന്നെ നോക്കിയിരിക്കുന്നുവെന്ന് തോന്നി. കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടുതന്നെ. ഹിന്ദു മിത്തോളജിയിൽ പുരുഷൻ എന്നാൽ ശിവനാണ്. ശിവനും ശക്തിയും.. പുരുഷനും പ്രകൃതിയും.. ശിവപാർവതിമാരുടെ അർദ്ധനാരീശ്വര സങ്കല്പം എത്ര മഹത്താണ്! പങ്കാളിയെ സ്വന്തം പാതിയായി അലിയിച്ചു ചേർത്ത, നീയും കൂടി ചേർന്നാലേ ഞാൻ പൂർണനാവൂ എന്ന് പറയാതെ പറയുന്ന പുരുഷനെ ഏതു ഫെമിനിസ്റ്റും ഇഷ്ടപ്പെട്ടുപോവും. അതിൽ കൂടുതൽ സമത്വമെന്തിനാണ്?!
സിക്സ് പായ്ക്ക് ശിവനോട് യാത്രപറഞ്ഞ് ഇറങ്ങി കുറെ നേരം കൂടി കടൽക്കരയിൽ ചെലവിട്ട് മടങ്ങുമ്പോൾ പുതിയൊരൂർജം മനസ്സിൽ നിറഞ്ഞിരുന്നു.
---------------
പിൻകുറിപ്പ് : ഇത് ഒരു പൂർണ്ണമായ യാത്രാവിവരണമല്ല. മുരുദേശ്വർ എന്ന പ്രദേശത്തെ എന്നെ സ്പർശിച്ച ചില കാഴ്ചകളുടെയും, ഉണർത്തിയ ചിന്തകളുടെയും പങ്കുവെക്കൽ മാത്രമാണ്.
17 comments:
ഈ അടുത്താണ് ഈ ക്ഷേത്രത്തെപ്പറ്റി അടുത്തറിഞ്ഞത്.ഒരു ബ്ലോഗില്‍ നിന്നു തന്നെ.അടുത്തുതന്നെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നൊരു പ്രതീക്ഷയുണ്ട്.
മുരുദേശ്വര് ക്ഷേത്രത്തെ കുറിച്ചുള്ള വിവരണം ഇഷ്ടപ്പെട്ടു.
ആശംസകള്‍
വായിച്ചു, ഇഷ്ടായിട്ടോ
കൊല്ലൂർ ശ്രീ മുകാംബികാ ക്ഷേത്രത്തെ കുറിച്ച് വായിച്ചിട്ടുണ്ട്. എന്നാൽ മുരുദേശ്വർ ക്ഷേത്രത്തെ കുറിച്ച് ഇന്നാണു അറിയുന്നത്. വിവരണം മനോഹരമായിരിക്കുന്നു.
മൂകാംബികയിൽ രണ്ടു മൂന്നു തവണ പോയിട്ടുണ്ട് ..എന്നാലും മുരുടെശ്വരിൽ പോകാൻ ഇത് വരെ സാധിച്ചിട്ടില്ല .. ഇനി അടുത്ത തവണ നോക്കാം ..
കൊങ്കണ്‍ വഴി പോകുമ്പോള്‍ കാണാറുണ്ട് മുരുഡേശ്വറിലെ ശിവന്റെ വിഗ്രഹം... .....ഇതുവരെ ഇറങ്ങാന്‍ പറ്റിയിട്ടില്ല....അതിനു അടുത്ത് തന്നെ ഒരു മോശമല്ലാത്ത ഒരു വെള്ളച്ചാട്ടവും ഉണ്ട്....റെയില്‍വേ ട്രാക്കിനു സമീപത്ത് തന്നെയായിട്ടു...അത് കാണാന്‍ പോയില്ല അല്ലേ..
ആശംസകൾ
സന്തോഷത്തിലേക്കും ഭക്തിയിലേക്കുമുള്ള യാത്രകൾ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ
ഓം ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം
രത്നാകല്പ്പോജ്വലാംഗം പരശുമൃഗവരാഭീതിഹസ്തം പ്രസന്നം
പത്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീംവസാനം
വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം
വിവരണം ഇഷ്ടം. ആശംസകള്‍..
സസ്നേഹം,
ഹ ഹ ഹ ഇതിനാണ് യാദൃച്ഛികത്വം (coincidence) എന്ന് പറയുന്നത്. ഞാൻ എന്റെ ബ്ലോഗിൽ ഇവിടെ പോയതിന്റെ ഒരു വിവരണം എഴുതിയിരുന്നു. കഴിഞ്ഞ മാസം.... കുറച്ച് ഫോട്ടോയും . ഞാനും മൂകാംബിക വഴിയാണ് വന്നത്.......... ഒന്ന് വന്ന് വായിച്ചു നോക്കിയേ ആ coincidence !!
കൊള്ളാട്ടോ...നല്ല വിവരണം :)
അസ്രൂസാശംസകള്‍
ശിവന്റെ കാമിനിയുടെ ശിവ ദര്‍ശനം നന്നായി
പലയിടങ്ങളില്‍ വായിച്ചത്...
ഈ വിവരണവും വായിച്ചു..
കൊള്ളാം
ശെരിയാണ്.. കൊങ്കണ്‍ വഴി യാത്ര ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട് ഈ സിക്സ് പാക് ശിവനെ.. പോകാന്‍ കഴിഞ്ഞിട്ടില്ല.. അതിനൊക്കെ ഓരോ നേരോം കാലോം ഉണ്ടല്ലോ.. സമയം വരുമായിരിക്കും.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. വിവരണം അസ്സലായി.
കഴിഞ്ഞ വർഷം മുരുടേശ്വറിൽ പോയിരുന്നു. മുരുടേശ്വർ കണ്ട് പോന്നശേഷമാണ് ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളും, മറ്റ് കാര്യങ്ങളും മനസ്സിലാക്കിയത്. ആത്മാവും ശരീരവും ഒന്നായി മാറുന്ന ഭക്തിയുടെ ആനന്ദം ആ ക്ഷേത്രദർശനത്തിൽ നിന്നു എനിക്ക് ലഭിച്ചതേയില്ല. പകരം കോൺക്രീറ്റ് ശിൽപ്പങ്ങളുടെ അത്ഭുതങ്ങൾ നിറഞ്ഞ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ അനുഭവമാണ് ഉണ്ടായത്.
പഴയ മുരുടേശ്വർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്റെ മകനായി പിറന്ന് സ്വപ്രയത്നത്താൽ വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കിയ ആർ.എൻ. ഷെട്ടി എന്ന വ്യവസായപ്രമുഖനാണ് ഇന്നത്തെ നിലയിലുള്ള കോൺക്രീറ്റ് സമുച്ചയം പണിയാനുള്ള കോടിക്കണക്കിന് രൂപ ചിലവഴിച്ചത്. കാശീനാഥ് എന്ന ശിൽപിയാണ് ശിൽപ്പവേലകൾക്ക് നേതൃത്വം കൊടുത്തത്.
ഇന്നത്തെ മുരുടേശ്വർപ്പെരുമ ഈ രണ്ടു വ്യക്തികളോട് കടപ്പെട്ടിരിക്കുന്നു.
മൂകാംബിക ദേവിയെ പോയി കണ്ടിരുന്നു. പക്ഷെ ഈ സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല.
നേരത്തെ പ്രദീപ് കുമാറിന്റെ ബ്ലോഗ് വായിച്ചിരുന്നു. അത് കൊണ്ട് പോകാന്‍ ആഗ്രഹവും തോന്നിയില്ല.
വായിച്ചത് നിഹീഷ് കൃഷ്ണന്റെ പോസ്റ്റ് ആയിരുന്നു. ഇനി പോകുന്നത് പ്രദീപ് കുമാറിന്റെ വരികളിലേക്ക്...
Post a Comment