About Me

My photo
A person who loves to read, write, sing and share thoughts.

Sunday, April 7, 2013

വളവുകൾ പറയുന്നത്

"ഇന്ന് ഹര്‍ത്താല്‍ ണ്ടാവോ വാസ്വോ ?" പത്രത്തിലെ ഭീകരവാർത്തകളുടെ തലക്കെട്ടുകൾ മാത്രം ഓടിച്ചു വായിച്ച്,  വാസുവിന്റെ ചായക്കടയിലെ ബെഞ്ചിലിരുന്നു രാഘവൻ. 
 
"അതെന്തോ ആവട്ടെ.. നിങ്ങക്ക് ഒരു ചായ എടുക്കട്ടെ?"
"വേണ്ടപ്പാ ... നിന്റവിടെ വന്നു മധുരമിട്ട ചായ കുടിക്കുന്നതോണ്ടാ എന്റെ ഷുഗര്‍ മാറാത്തത് എന്നാ ചന്ദ്രി പറയണത് "
"എന്നാ നിങ്ങള് ഓസിനു പത്രോം വായിക്കണ്ടാ "
"അതിനു രാഘവേട്ടന്‍ ഇവിടെ വന്നിരിക്കുന്നത് പത്രം വായിക്കാനാന്ന് ആരാ നിങ്ങളോട് പറഞ്ഞെ വാസ്വേട്ടാ ?" പണിക്കു പോവാനിറങ്ങിയ സുരേന്ദ്രന്റെ മുഖത്ത് കള്ളചിരികണ്ട് വാസു ചായപ്പാത്രം താഴെ വെച്ച് ഇറങ്ങിവന്നു. 
"അതെന്താ സുരേന്ദ്രാ നീയങ്ങനെ പറഞ്ഞെ?"
"അത് രാവിലെ പഠിക്കാന്‍ പോണ രാധീനെ കാണാനല്ലേ, മ്മടെ പുത്തംവീട്ടിലെ സുന്ദരിയേടത്തീന്റെ മോള്!"
"അയ്യേ ആ കുട്ടീനെയോ? അതിയാള്ടെ മോള്‍ടെ പ്രായമല്ലേ ഉണ്ടാവൂ? രാഘവേട്ടോ ... നിങ്ങളത്തരക്കാരനാ ? ഛെ!"
"അല്ലാന്ന് !! അതിങ്ങേരടെ പഴേ ലൈനിന്റെ മോളല്ലേ "
 
തോളിലെ തോര്‍ത്ത്‌ കുടഞ്ഞുകൊണ്ട് രാഘവന്‍ ചാടിയെഴുനേറ്റു. 
"അനാവശ്യം പറഞ്ഞാലുണ്ടല്ലോ... എന്നും കാണുന്ന മുഖാന്നൊന്നും ഞാന്‍ നോക്കില്ല ട്ടോ ഒന്നങ്ങട് തന്നളയും ! ങാ!"
"രാഘവേട്ടാ നിങ്ങളവിടെ ഇരിക്കിന്‍.. ഞങ്ങളൊരു തമാശ പറഞ്ഞതല്ലേ... ദാ ചായ കുടിക്കിന്‍, മധുരമിട്ടിട്ടില്ല "
 
ചായ പതുക്കെ കുടിച്ചുകൊണ്ട് രാഘവന്‍ ഓര്‍മ്മകളിലെന്നപോലെ സ്വയം നഷ്ടപ്പെട്ടിരുന്നു. 
 
"അല്ല രാഘവേട്ടാ... ശരിക്കും സുന്ദരിയേടത്തിക്ക് നിങ്ങളോട് പ്രേമോണ്ടായിരുന്നോ? ന്നാ പിന്നെ നിങ്ങക്കങ്ങട് കെട്ടിക്കൂടായിരുന്നോ ?"
"എത്ര നാള്‍ ലൈന്‍ അടിച്ചു രാഘവേട്ടാ ... ന്നിട്ട് ഒന്നൂണ്ടായില്ല??" സുരേന്ദ്രന്റെ ജിജ്ഞാസ അക്ഷമയോടെ തലനീട്ടി. 
 
"ലൈനോ? അന്നൊക്കെ എന്ത് ലൈനാടാ? പ്രേമോക്കെ ണ്ടായിരുന്നു... ടൈപ്പ് പഠിക്കാന്‍ പോയി വരുമ്പോ ആ വളവിൽ  എത്തീട്ട് തിരിഞ്ഞൊന്നു നോക്കില്ലേ ... അതന്ന്യായിരുന്നു സ്വര്‍ഗം! അല്ലാണ്ട് ഇന്നത്തെ പോലെ ചുറ്റലും സിനിമക്ക് പോക്കും ഒന്നുമില്ലായിരുന്നു "
 
"ഛെ! നശിപ്പിച്ചു! ഇന്ന് അതുമല്ല രാഘവേട്ടാ...  ചാറ്റിങ്ങാ  "
 
 "ശ്ശ്  മിണ്ടാതിരിയെടാ... ന്നാലും നിങ്ങക്ക് ഒളിച്ചോടായിരുന്നില്ലേ രാഘവേട്ടാ ?"
"അതൊക്കെ എന്തിനാപ്പോ പറയണേ ... ഒന്നും നടന്നില്ല...  ഞാന്‍ പോണു ഇല്ലെങ്കില്‍ പിന്നെ ചന്ദ്രീടെ വായിലിരിക്കണതും കേക്കേണ്ടിവരും "
ഓര്‍മ്മകളില്‍ ഇല്ലാതായി പതിയെ നടന്നു നീങ്ങുന്ന രാഘവേട്ടനെ നോക്കി നിന്നപ്പോള്‍ വാസുവിന് കുറ്റബോധം തോന്നി. 
"പാവം വെറുതെ ഓരോന്ന് ചോദിച്ചു വിഷമിപ്പിച്ചു"
"കണ്ണും കണ്ണും നോക്കിയിരുന്ന നേരത്ത് കാര്യോം സാധിച്ചു പോവാനുള്ളതിന് !! ഇപ്പൊ നെടുവീര്‍പ്പിട്ടിട്ടെന്താ കാര്യം!"
"വൃത്തികെട് പറയാതെടാ... അതൊക്കെയാ അന്നത്തെ പ്രണയം !"
 
"ഉം കൊള്ളാം... ഞാനും ഇറങ്ങട്ടെ വാസ്വേട്ടാ... പറ്റെത്രയായി ? ഇന്നലെ കുറച്ചു കാശുതടഞ്ഞിട്ടുണ്ട് "
"ഇരിക്കെടാ... കടേൽ തെരക്ക് വരുന്നേയുള്ളൂ.. പുട്ടെടുക്കട്ടെ കഴിക്കാൻ?"
"ഇല്ല, ഇന്ന് അമ്മേം കൊണ്ട് ഡോക്ടറെ കാണാൻ പോണം... കുറച്ചീസായി ഒരു കൈ വേദനാന്ന് പറയണൂ "
"അയ്യോ..  ന്നാ വെച്ചോണ്ടിരിക്കണ്ടാ .. ഹൃദയത്തിന് കൊഴപ്പോണ്ടെങ്കിൽ കൈ വേദന വരൂത്രേ "
"വെറ്തെ പേടിപ്പിക്കാതെ വാസ്വേട്ടാ... " സുരേന്ദ്രൻ ധൃതിയിൽ ഇറങ്ങിനടന്നു. 
 വഴിയിൽ എതിരെ രാഘവേട്ടന്റെ മകൻ രാഹുൽ പുതുതായി വാങ്ങിയ ബൈക്കിൽ വരുന്നതുകണ്ട് അയാൾ വേലിയ്ക്കരികിലേക്ക് നീങ്ങി.  അവൻ പരിസരം ശ്രദ്ധിക്കാതെ തോളിനും തലക്കുമിടയിൽ ഞെരുങ്ങിയിരുന്ന മൊബൈലിനോട്  താഴ്ന്ന സ്വരത്തിൽ കൊഞ്ചിക്കൊണ്ടിരുന്നു.  
 
"ഈ ആഴ്ച വീട്ടിൽ ആയിരിക്കുമെന്ന് പറഞ്ഞതല്ലേ .. അവിടുന്ന് വിളിക്കാൻ ബുദ്ധിമുട്ടാ ... പ്ലീസ്‌ ഹണീ പിണങ്ങല്ലേ ... ഇന്ന് ലഞ്ച് കഴിഞ്ഞു കട്ട്‌, ഉറപ്പ് !! എവിടെ പോണമെന്ന് നീ തന്നെ തീരുമാനിച്ചാൽ മതി ഓക്കേ ? ലവ്യൂ ഡാർലിംഗ്  ... മ്മ..  ബൈ.."
 
സുരേന്ദ്രനെ കണ്ട ജാള്യത മറക്കാൻ അവൻ വീണ്ടും ഫോണിൽ എന്തോ പരതി .. 
"വണ്ടിയോടിക്കുമ്പോ ഫോണിൽ കളിക്കല്ലെടാ മോനെ.. "
"ഏയ്‌ ഇല്ലേട്ടാ ... പോട്ടെ ക്ലാസിനു ലേറ്റ് ആവും " അവസാനത്തെ വാക്കുകൾ സുരേന്ദ്രൻ  കേൾക്കുന്നതിനു മുൻപേ ബൈക്ക് പൊടി പറത്തിക്കൊണ്ട് മറഞ്ഞു. 
 
അയാൾ ചിരിയോടെ വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ വളവിനപ്പുറത്ത് നിർത്തിയിട്ട ബൈക്കിൽ ചാരിയിരുന്ന് രാഹുൽ വീണ്ടും മൊബൈൽ എടുത്തു. 
"എടാ അവള് വീണു.. ഇന്ന് ഉച്ചക്ക് ... ങാ അവിടെത്തന്നെ.. ഉം ഉം.. ഏറ്റു ! "
-------------------------------
 
(# മറ്റൊരു വനിതാദിനചിന്ത)

20 comments:

Pramod Lal said...

കാലത്തിനു അനുസരിച്ച് ഒക്കെ മാറേണ്ടേ ...

- സോണി - said...

:)
അന്നത്തെ ആളുകള്‍ നല്ലവരായത് കൊണ്ടല്ല, ഇന്നത്തെ സൗകര്യങ്ങള്‍ അന്നില്ലാതിരുന്നതുകൊണ്ട് മാത്രമാ... അല്ലാതെ...

ajith said...


ഇന്നലെ...
ഇന്ന്.....

അപ്പോ അടുത്ത ജനറേഷന്‍ എങ്ങനെയാവും

പട്ടേപ്പാടം റാംജി said...

മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ സ്വീകരിക്കാതെയും സ്വീകരിച്ചും മുന്നേറുന്നു.
ക്രമേണ സ്വീകരിക്കായ്ക വഴിമാറും.
പരിണാമത്തിലെ യാത്ര തുടരുന്നു....

nazu said...

രണ്ടു വിപരീത സൂചകങ്ങളിലൂടെ നിറം മങ്ങുന്ന നാട്ടിന്‍പുറ നന്മയുടെ കാഴ്ചകള്‍..ലളിതം. ദീപ്തം...

ഫൈസല്‍ ബാബു said...

നാടോടുമ്പോള്‍ നടുവേ :)

Unknown said...

കാലം മാറുന്നു, കോലവും..

ഇലഞ്ഞിപൂക്കള്‍ said...

വളവുകള്‍ക്കായിരുന്നില്ല, വളവുകളില്‍ കാത്തുവെച്ചവയ്ക്കായിരുന്നു മാറ്റം. വരുവാനിരിക്കുന്ന വളവില്‍ ഇനിയെന്തെന്നാര്‍ക്കറിയാം..

ഷാജു അത്താണിക്കല്‍ said...

ഇന്ന് പ്രേമത്തിന്റെ നിർവചനമ്പോലും മാറ്റി

ഷൈജു.എ.എച്ച് said...

പ്രണയത്തിന്റെ നേരും നെറിയും


വളരെ സരസമായി നല്ലൊരു വിഷയം അവതരിപ്പിച്ചു .


ശുദ്ധമായ പ്രണയങ്ങൾ വിരിയട്ടെ...


ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം ഭാവുകങ്ങളും നേരുന്നു

സസ്നേഹം
www.ettavattam.blogspot.com

Manoraj said...

അവസാനത്തെ ട്വിസ്റ്റ് കൊള്ളാം. പക്ഷെ അവിടെ എനിക്ക് മറ്റൊരു ട്വിസ്റ്റ് തോന്നിയിരുന്നു ശിവ. "എടാ അവള് വീണു.. ഇന്ന് ഉച്ചക്ക് ... ങാ അവിടെത്തന്നെ.. ഉം ഉം.. ഏറ്റു ! " എന്ന് പറഞ്ഞ് കഴിയുമ്പോള്‍ കൈയില്‍ ഒരു മൊബൈല്‍ ഫോണും പിടിച്ച് നാണിച്ച് നമ്രമുഖിയായി നടന്നുവരുന്ന രാധീനെക്കൂടെ സുരേന്ദ്രന്‍ കണ്ടിരുന്നെങ്കില്‍ ഒരു ന്യൂജനറേഷന്‍ സ്കോപ്പ് ഉണ്ടാക്കാരുന്നു.. എന്റെ ഓരോരോ ചിന്തകളേ :)

Unknown said...

ട്വിസ്റ്റുകൾ....
പുതുതലമുറ അങ്ങിനെയൊക്കെയാണ്

നാമൂസ് പെരുവള്ളൂര്‍ said...

വളവുകളിൽ നഷ്ടമാകുന്നത്,

ആചാര്യന്‍ said...

വളവുകളില്‍ ഒരു പ്രണയം കൂടി നല്ലൊരു എഴുത്ത് ആശംസകള്‍

Akbar said...

പ്രണയം അന്നും ഇന്നും. ഒരു താരതമ്മ്യം. :)

വര്‍ഷിണി* വിനോദിനി said...

നന്നായിരിക്കുന്നൂ ട്ടൊ..ആശംസകൾ..!

ഭ്രാന്തന്‍ ( അംജത് ) said...

വളവുകള്‍ പറയുന്നത് തലമുറയില്‍ വന്ന അന്തരങ്ങളെക്കുറിച്ചാണ് എങ്കിലും സംസാരഭാഷയിലെ ഈ കഥയുടെ ക്രാഫ്റ്റ്‌ കൊള്ളാമെങ്കിലും , വിഷയം പറഞ്ഞവസനിപ്പിച്ചിടത്തു എന്തോ ഒരു കുറവ് തോന്നുന്നു. ചിലപ്പോള്‍ വെറും തോന്നലും ആകാം.

റോസാപ്പൂക്കള്‍ said...

പ്രണയം(?) രൂപാന്തരം സംഭവിച്ചത്‌...അതോ കൊല്ലപ്പെട്ടതോ..?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രണ്ട് വിത്യസ്തമായ കാഴ്ച്ചകള്‍ നന്നായി എഴുതി.

Pradeep Kumar said...

കാലഗതിയിലെ അനിവാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും.