About Me

My photo
A person who loves to read, write, sing and share thoughts.

Thursday, September 30, 2010

പൊരുളറിയാതെ..

പൊരിവെയിലേറ്റു പാതയോരത്ത് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയില്ല! തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വെയിലത്ത്‌ വാടിയ വിശന്ന മുഖങ്ങളും ഇടയ്ക്ക് ചിതറുന്ന ചോരത്തുള്ളികളും മാംസക്കഷ്ണങ്ങളും കാണുമ്പോള്‍ പലപ്പോഴും ആശിച്ചിരുന്നു, ഒരിക്കലെങ്കിലും ഇമയൊന്നുചിമ്മാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. തൊട്ടടുത്ത കൊച്ചുകൂടാരങ്ങളില്‍ നിന്നും ചിരിയും കൊഞ്ചലും ശകാരവും കരച്ചിലും നിലവിളിയുമൊക്കെ ഉയരാറുണ്ട്. ചില രാത്രികളില്‍ മറ തേടി എത്തുന്ന ശരീരങ്ങള്‍.. അര്‍ഥം തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദങ്ങള്‍...

എത്രകാലത്തെയ്ക്കെന്നറിയാത്ത വിരസമായ തുടര്‍ച്ചയുടെ ഒരു രാത്രി മുകളില്‍ നിന്നും തണുത്ത വെള്ളത്തുള്ളികള്‍ ദേഹത്ത് പതിച്ചു. കൂടാരങ്ങളില്‍നിന്നും ആരൊക്കെയോ ഓടിയിറങ്ങിവന്ന് വെളുത്ത പുതപ്പുകൊണ്ട്‌ മൂടി കാലുകളോടുചേര്‍ത്ത് കെട്ടിവെച്ചു. ഇരുള്‍ മാറി വെളിച്ചം വന്നപ്പോള്‍ മുന്നിലെ കാഴ്ചകള്‍ നഷ്ടമായിരുന്നു. തലേന്നുവരെ കണ്ടതെല്ലാം ശബ്ദങ്ങളും വെളുപ്പും മാത്രമായി. കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസിലായത് അപ്പോള്‍ മാത്രമാണ്.

ഇടയ്ക്ക് ഏതോ വികൃതിയുടെ ദാക്ഷിണ്യം മൂടുപടത്തിലെ വലിയ തുളകളായി. ഇപ്പോള്‍ ചിലപ്പോഴൊക്കെ വീശാറുള്ള തണുത്ത കാറ്റും പാഞ്ഞുപോവുന്ന നിറങ്ങളും ആശ്വാസമാവുന്നുണ്ട്‌. ശബ്ദങ്ങള്‍ കുറേക്കൂടി വ്യക്തമായിത്തുടങ്ങി. ഇടയ്ക്കൊരു ദിവസം ആരൊക്കെയോ തള്ളിനീക്കി കുറച്ചുകൂടി മുന്നിലെത്തപ്പെട്ടു. തണുത്ത നിറങ്ങള്‍ ശരീരത്തും മുഖത്തുമൊക്കെ ശ്രദ്ധയോടെ ചാലിച്ചുചേര്‍ത്തുകൊണ്ടുനിന്ന കലാകാരന്‍റെ നിശ്വാസമേറ്റ് പിന്നെയും കുറെ നാള്‍ പാതയരികില്‍... ഇപ്പോള്‍ ഈ വഴിപോവുന്ന പലരും നോക്കുകയും ആശ്ചര്യപ്പെടുകയും കുട്ടികള്‍ കൈചൂണ്ടുകയും കൈകൊട്ടി ചിരിക്കുകയും ചെയ്യുന്നു.

ഹോ... കുറച്ചു ദിവസമായി പെരുമഴയാണ്.വീണ്ടും കനത്ത മൂടുപടം പുറം കാഴ്ചകള്‍ ഇല്ലാതാക്കി. എങ്കിലും ഇടയ്ക്കിടെ ആരൊക്കെയോ വന്നു മറനീക്കി സൌന്ദര്യം ആസ്വദിക്കുകയും ദേഹത്ത് അവിടവിടെ തൊട്ടു നോക്കി, ഉറക്കെയുറക്കെ സംസാരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇടതുവശത്തെ ചെറിയ ദ്വാരം വഴി ശക്തമായി കാറ്റ് വീശിയപ്പോഴാണ് തലേന്ന് കേട്ട ഇരമ്പലും സംസാരവും അരികില്‍ നിന്നിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു എന്ന് മനസിലായത്. ഇതുപോലെ ആരെങ്കിലും ഇവിടെ നിന്നും പോകുന്ന രാത്രി ശബ്ദമുഖരിതമായിരിക്കും. കിട്ടുന്നത് മുഴുവന്‍ നശിപ്പിക്കുമെന്ന് ശകാരമാവുന്ന വേവലാതിയും ആധിപത്യം സ്ഥാപിക്കാനെന്നോണം ബലപരീക്ഷണം നടത്തുന്ന ലഹരിയുടെ അതിപ്രസരവും.. ഇടക്കെപ്പോഴൊക്കെയോ നിലവിളിയുടെ അനുബന്ധമായ കുഞ്ഞുകരച്ചിലുകളും..

ഇന്ന് വന്നവര്‍ക്ക് എന്നെ ബോധിച്ചുവെന്നു തോന്നുന്നു. ഏതോ വലിയ വാഹനത്തില്‍ ആരൊക്കെയോ എടുത്തു കയറ്റിവെച്ചു. ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കാഴ്ചകളുണ്ട്‌‌.. എവിടെക്കോ നീങ്ങുന്നതുപോലെ.. എപ്പോഴോ ചെറിയ കുലുക്കത്തോടെ നിന്നപ്പോള്‍ വഴിയരികിലെ കടയുടെ മുന്നില്‍ പതിച്ച വലിയ കണ്ണാടിയില്‍ തെളിഞ്ഞ രൂപം ആശ്ചര്യപ്പെടുത്തി. വിടര്‍ന്ന കണ്ണുകളും ആഭരണങ്ങളും നീണ്ട തുമ്പിക്കൈയ്യും  കണ്ടു. വീണ്ടും കുലുങ്ങിക്കുലുങ്ങി എവിടെക്കോ പോയി.

വലിയ മേടയിലേക്ക് ആനയിക്കപ്പെട്ട്, പുഷ്പഹാരങ്ങളാല്‍ അലങ്കരിക്കപ്പെട്ട്, പൂക്കളും സുഗന്ധവും വിളക്കുകളും മണിനാദവും കൊണ്ട് പൂജിക്കപ്പെട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളാവുന്നു. കാവിയും മഞ്ഞയും ധരിച്ചവര്‍ മുന്നില്‍ വന്നുനിന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു. ഭജനകള്‍ ഉറക്കെ പാടുന്നു.. മുന്നില്‍ നിറയെ ഭക്ഷണസാധനങ്ങളും മറ്റെന്തൊക്കെയോ ഒക്കെ വെച്ച് നിവേദിക്കുന്നു. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന ചിലര്‍.. ഭക്തിയാല് ഉന്മാദാവസ്ഥയിലെത്തപ്പെട്ട ചിലര്‍..

ശബ്ദഘോഷങ്ങള്‍ അരോചകമായിത്തുടങ്ങി. ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുക എന്നത് ആദ്യമൊക്കെ സന്തോഷം തന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരുതരം മടുപ്പ്.. എന്നും ഒരേ മന്ത്രോച്ചാരണങ്ങള്‍.. പ്രാര്‍ത്ഥനകള്‍.. ഗാനാലാപനം.. ഇടയ്ക്കു കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍.. ചിലതൊക്കെ കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.. വെളിച്ചത്തില്‍ മുന്നില്‍ വന്നുവീണ ചില വസ്തുക്കള്‍ക്ക് വലിയ വിലയുണ്ടെന്ന് ഇരുളിലെ തര്‍ക്കങ്ങളും പിടിവലികളും മനസിലാക്കിത്തന്നു.

ആരൊക്കെയോ വലിച്ചുകയറ്റിയ വലിയ വാഹനത്തില്‍ വീണ്ടും എവിടെയ്ക്കെന്നറിയാതെ...   വാദ്യഘോഷങ്ങളുമായി കുട്ടികളും ചെറുപ്പക്കാരും മുന്നിലും പിന്നിലും. വഴിയില്‍ പലയിടത്തും സമാനരൂപികള്‍ അനുഗമിക്കുന്നുണ്ടെന്നു തോന്നുന്നു. നെടുനീളെ കെട്ടിയിട്ട കൂടാരത്തില്‍ അടുത്തുനിന്നിരുന്ന ആരെങ്കിലും അവരില്‍ ഉണ്ടായിരുന്നോ എന്തോ..

വലിയ പുരുഷാരവും താണ്ടിനീങ്ങുമ്പോള്‍ മുന്നില്‍ ഇപ്പോള്‍ നീലനിറമുള്ള കടലാണ്. ശക്തിയോടെ നുരയും പതയുമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍.. ഇരിപ്പിടത്തിലും കാലിലുമൊക്കെ കൂറ്റന്‍ കയര്‍ കെട്ടി വലിച്ചിഴക്കപ്പെടുന്നു... ശബ്ദകോലാഹലങ്ങളുടെ പാരമ്യത്തില്‍ ചെവി കൊട്ടിയടക്കപ്പെട്ടതുപോലെ.. വല്ലാത്തൊരു ഇരമ്പല്‍ മാത്രമേയുള്ളൂ ഇപ്പോള്‍.. പിന്നില്‍നിന്നും ശക്തിയായ തള്ളല്‍ അനുഭവപ്പെടുന്നുണ്ട്. തിരമാലകള്‍ ആര്‍ത്തിയോടെ ആഞ്ഞുപുണരുന്നു.. മുന്നിലേക്ക്‌ ഒഴുകിനീങ്ങുമ്പോള്‍ ഇരിപ്പിടവും കാലുമൊക്കെ അടര്‍ന്നു തുടങ്ങി... നെഞ്ചോളം മുങ്ങി.. തുമ്പിക്കയ്യും നനഞ്ഞലിഞ്ഞു.. എത്രയോ നാളുകള്‍ ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ചാര്‍ത്തിയ നിറങ്ങള്‍ ജലപ്പരപ്പില്‍ പടര്‍ന്നോഴുകുന്നു.. ഭീമാകാരം പൂണ്ട തിരയുടെ കരിമ്പടം മുഖത്തേക്ക് വലിച്ചെറിഞ്ഞ് തന്നിലേക്ക് വലിച്ചടുപ്പിച്ചതുപോലെ... ഉപ്പുവെള്ളം കണ്ണുകളിലെ വര്‍ണ്ണങ്ങള്‍ ഒഴുക്കിക്കളയുന്നതിനു തൊട്ടുമുന്പായി പൂജാപുഷ്പങ്ങളും മറ്റലങ്കാരങ്ങളും കടലിന്‍റെ മാറിലേക്ക്‌ ഒഴുകുന്നത്‌ കണ്ടു.... കാതുകളില്‍ വെള്ളം കയറിയതാണോ അതോ അതും മറ്റ് അവയവങ്ങള്‍ പോലെ അടര്‍ന്നു പോയോ? കാഴ്ച നേര്‍ത്തുനേര്‍ത്തില്ലാതായി...

(എന്‍റെ ഇവിടുത്തെ വഴിയോരക്കാഴ്ചകളില്‍ ഒന്നാണ് നെടുനീളെ കെട്ടിയിട്ട കൂടാരങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന ചെറുതും വലുതുമായ അസംഖ്യം ഗണേശപ്രതിമകള്‍. ഒരു പ്രത്യേക ദിവസത്തിനുവേണ്ടി മാസങ്ങളോളം നീളുന്ന ജോലി ചിലപ്പോഴൊക്കെ ജീവിതത്തിന്റെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കും.)

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

പക്ഷെ ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം കഴിച്ചു കൂട്ടുന്ന ഒരുപാട് പേര്‍ ഉണ്ടാകാം...!

നന്നായി.

Manoraj said...

വ്യത്യസ്ഥമായ ഒരു പ്രമേയം. ആദ്യമൊന്നും അത് മനസ്സിലായില്ല. നന്നായി പറഞ്ഞു

എന്‍.ബി.സുരേഷ് said...

കഥ ഞാൻ ഋതുവിൽ വായിച്ചിരുന്നല്ലോ. കഥയിൽ ഒരു വിഗ്രഹത്തിന്റെ മോണോലോഗ് ആണല്ലോ. വിഗ്രഹാരാധനയിൽ ദൈവികത അല്ലെങ്കിൽ യഥാർത്ഥ ആത്മീയത നഷ്ടമാവുന്നുണ്ട്. ആചാരങ്ങളുൽ നിന്നും ദൈവം ഓടി അകലുന്നുണ്ടാവും.

വ്യർത്ഥത എല്ലായിടത്തും നിറയുന്ന പോലെ , ഒരുപക്ഷേ ഏറ്റവുമേറെ കലരുന്നത്, ഇത്തരം ആരാധനയിലാവാം. തെരുവോരങ്ങളിൽ ഒരേ അച്ചിൽ വാർത്തെടുക്കപ്പെടുന്ന വിഗ്രഹങ്ങൾ നമ്മിൽ നിരാശ പടർത്തുന്നുണ്ടാവാം. പക്ഷേ പകൽകിനാവൻ പറഞ്ഞ പോലെ അതു കൊണ്ട് ജീവിതം കഴിക്കുന്നവരുമുണ്ടല്ലോ. ടാഗോർ പറഞ്ഞ പോലെ ഈശ്വരനു ജീവിക്കാൻ ഇവരുടെ തെരുവിലെ ടെന്റുകളാണ് ഇഷ്ടമെങ്കിലോ?

പിന്നെ ഇത്തരം സ്വഗതാഖ്യാനങ്ങളുടെ കഥ പറച്ചിൽ രീതി ഇപ്പോൾ വായിക്കപ്പെടണമെന്നില്ല. ഒരു കഥയിൽ, പ്രമേയത്തിൽ, അതിനെ ചാലിച്ച് കൊടുക്കുന്നതാവും നല്ലത്/.

ശിവകാമി said...

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്, പകല്‍കിനാവന്‍, മനോരാജ് ആന്‍ഡ്‌ സുരേഷ് ജി.

രചനാപരമായി തൃപ്തികരമായില്ലെങ്കിലും പ്രമേയം ചിലരെയെങ്കിലും ചിന്തിപ്പിച്ചു എന്നറിയുന്നതില്‍ സന്തോഷം. പകല്ക്കിനാവന്‍ പറഞ്ഞതിനോട് വളരെ യോജിപ്പുണ്ട്. സത്യത്തില്‍ ഈ കൂടാരങ്ങളുടെ അരികില്‍ കൂടി കടന്നുപോവുമ്പോള്‍ പ്രതിമകളെക്കാളുപരി അവിടുത്തെ ജീവിതങ്ങള്‍ തന്നെയാണ് എന്റെ ചിന്താവിഷയമാവാറുള്ളത്.

ഈ പ്രതിമകള്‍ നമ്മുടെയോരോരുത്തരുടെയും ജീവിതത്തിന്റെ പ്രതീകമാണെന്ന് തോന്നാറുണ്ട്. അതിന്റെ ശില്‍പ്പി നമ്മളും. എത്രയൊക്കെ മനോഹരമാക്കിയാലും കൊണ്ടാടിയാലും ഒന്നുമല്ലാതായി തീരുന്ന ഒരു ദിവസം എല്ലാവര്‍ക്കും ഉണ്ട്. അതറിഞ്ഞുതന്നെ നമ്മള്‍ അങ്ങേയറ്റം ആഘോഷിക്കുന്നു.

നന്ദി.

the man to walk with said...

nannayi paranju..vigraha chinthakal