മുള്ളങ്കി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് മലയാളികള്‍ക്ക് വലിയ പ്രിയമില്ലാത്ത ഒന്നാണ് എന്നാണ് എന്റെ വിശ്വാസം. പണ്ട് വീടിന്നടുത്ത് വരാറുള്ള പച്ചക്കറിക്കാരന്റെ കുട്ടയില്‍ മുള്ളങ്കി കാണുമ്പോള്‍ അമ്മ പറയുമായിരുന്നു, ഗുണമുള്ള സാധനമാണെന്ന്. പക്ഷെ ഒരിക്കല്‍പോലും അത് വാങ്ങാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പിന്നെ ഞാന്‍ അതിന്റെ രുചി അറിഞ്ഞത് ചെന്നൈ ജീവിതത്തിലാണ്. ഹോസ്റ്റലിലെ പ്രധാനവിഭവമായിരുന്ന സാമ്പാറില്‍ വെളുത്ത നാണയങ്ങള്‍ പോലെ മുള്ളങ്കി കഷണങ്ങള്‍ കിടന്നിരുന്നു. പരിപ്പ് പോലും ശരിക്കും ചേര്‍ക്കാത്ത സാമ്പാറിന്റെ ഏക ഹൈലൈറ്റ് ഇത് തന്നെയായിരുന്നു എന്ന് പറയാം.
പിന്നീട് ഹൈദെരബാദിലെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ വഴിയാണ് മുള്ളങ്കി കൊണ്ട് സ്വാദിഷ്ടമായ പലതും ഉണ്ടാക്കാം എന്ന് മനസിലാക്കിയത്. അതിലേറ്റവും വിശിഷ്ടമായി തോന്നിയത് 'മൂലി കാ പറാട്ടാ' ആണ്. മുള്ളങ്കിയും മറ്റു മസാലകളും ഉള്ളില്‍ വെച്ച് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന ചപ്പാത്തി ആണ് അത്. ഡല്‍ഹിക്കാരി ആസ്ത ആണ് എന്റെ പൊറോട്ടകളുടെ ഗുരു.
ഇതൊക്കെയാണെങ്കിലും എന്റേതായ പരീക്ഷണങ്ങള്‍ കൊണ്ട് വീട്ടിലുള്ളവരെ വിഷമിപ്പിക്കുക എന്നത് ഏതൊരു വീട്ടമ്മയെയും പോലെ എന്റേയും വിനോദമാണ്. മൂലി കാ പറാട്ടാ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ ബാക്കി വന്ന മുള്ളങ്കി എന്റെ റെഫ്രിജറേറ്ററിനെ 'സുഗന്ധ'പൂരിതമാക്കിയപ്പോള്‍, എന്റെ തലയില്‍ പൊട്ടിമുളച്ച ഐഡിയ ആയിരുന്നു മുള്ളങ്കിപക്കോട.
ഒട്ടും അമാന്തിച്ചില്ല. കടലമാവും മറ്റു സാധനങ്ങളും ഉണ്ടെന്നു മനസിലായപ്പോള്‍ പിന്നെ പറയേണ്ടല്ലോ..
ഭാഗ്യത്തിന് അത് നന്നായിവന്നു. സാധാരണ വീട്ടില്‍ ഉണ്ടാക്കാറുള്ള സാധനങ്ങളോട് വലിയ പ്രിയം കാട്ടാത്ത എന്റെ മകള്‍ വീണ്ടും ചോദിച്ചു വാങ്ങിയപ്പോള്‍ അത് നിങ്ങളോടും കൂടി പങ്കിടാന്‍ ആത്മവിശ്വാസം തോന്നി. ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സായാഹ്ന സ്നാക്ക് ആണെന്നുള്ളതുകൊണ്ടാണ് അതെങ്ങനെയാണ് ഞാനുണ്ടാക്കിയതെന്ന് ഇവിടെ പറയുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ് ഒന്നും അല്ലാത്തതുകൊണ്ട് പാചക കുറിപ്പ് തയ്യാറാക്കുന്നതിലും പോരായ്മകള്‍ ഉണ്ടാവും. ഞാന്‍ എടുത്തത് അതേപടി എഴുതുന്നു.
ആവശ്യമുള്ള സാധനങ്ങള്‍ :-
മുള്ളങ്കി - ഒരെണ്ണം ചീകിയത് (ഗ്രേറ്റ് ചെയ്തത്)
കടലമാവ് - രണ്ടു കപ്പ്
അരിപ്പൊടി - അരക്കപ്പ്
അജ്വൈന്‍ (ഓമം) - 1/2 ടീസ്പൂണ്‍
ജീരകം - 1 / 4 ടീസ്പൂണ്‍
കായപ്പൊടി - 1 / 4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി
എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് കടലമാവും അരിപ്പൊടിയും എടുത്തു അതിലേക്കു മേല്പറഞ്ഞ ബാക്കി ചേരുവകള്‍ എല്ലാം ഓരോന്നായി ചേര്‍ത്ത് കുഴക്കുക. മുള്ളങ്കിയില്‍ ജലാംശം നല്ലതുപോലെ ഉള്ളതുകൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമേ ഉണ്ടാവില്ല. ഉപ്പിട്ട് കുഴയ്ക്കുംതോറും അതില്‍നിന്നും വെള്ളം ഊറിവന്നുകൊള്ളും. അതുകൊണ്ടുതന്നെ കുഴച്ചു അധികനേരം വെയ്ക്കരുത്. കട്ടിയായി തന്നെ കുഴച്ചു ചെറിയ ഉരുളകളാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, ഓരോ ഉരുളയും കൈകൊണ്ടു ഒന്ന് അമര്‍ത്തി ചൂടുള്ള എണ്ണയില്‍ ഇട്ടു വറുത്തു കൊരിയെടുക്കാം.
ചൂടോടെ ടൊമാറ്റോ കെച്ചപ്പ് കൂട്ടി കഴിക്കാം.
സീക്രെട്ട് ടിപ്സ് :
ഞാനിതു ഉണ്ടാക്കിയ വൈകുന്നേരം ഇവിടെ വലിയ മഴ ആയിരുന്നു. ചൂട് ചായയ്ക്കൊപ്പം മുള്ളങ്കി പക്കോട എളുപ്പം 'ചെലവായില്‍' പോയതിനു മറ്റൊരു കാരണം അതുമാവാം. അതുകൊണ്ട് കൂടുതല്‍ നല്ല കോമ്പ്ലിമെന്റ് കിട്ടാന്‍ മഴയുള്ള ദിവസം ഉണ്ടാക്കൂ..
7 comments:
ശിവാ ഞാനും ഇത പരീക്ഷിക്കും ചീവിയത് എന്ന് പറയുന്നത് ഗ്രേറ്റ് ചെയ്യുന്നതല്ലേ ..അല്ലാതെ വട്ടം അരിയലല്ലല്ലോ .സാധാരണം വഴുതങ്ങ പക്കോടക്കെല്ലാം വട്ടം അരിയാറില്ലേ അതാ ചോദിച്ചത്
അതെ ചേച്ചി, ഗ്രേറ്റ് ചെയ്യല്‍ തന്നെ. പിന്നെ ഇത് മാവില്‍ മുക്കി പൊരിക്കുന്നതല്ല. എല്ലാം കൂടെ യോജിപ്പിച്ചാണ് ഉണ്ടാക്കുന്നത്.
ഇതൊന്നു തിന്നണമല്ലോ!
:):) ആഹാ ശിവകാമി അടുക്കളയിലും കയറിയോ.
ഓഫ് : പാവം അജി :)
ennaanavo ithundakki thinnu
pandaradangunnathu....
mmm:)
orennam parcel cheithe inge ayachutharumo? kanditte kothiyavunnu
ajay
:-)nOkkatte!
Post a Comment