About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, March 9, 2010

ചില വനിതാദിനചിന്തകള്‍

"ഹായ് ഡാ.."
മോണിറ്ററില്‍ വിദ്യയുടെ മെസ്സേജ് പൊങ്ങിവന്നപ്പോള്‍ ഞാന്‍ അവളുടെ കാബിനിലേക്ക്‌ എത്തിനോക്കി..

"ഉം?"

"ഹാപ്പി വിമന്‍സ് ഡേ... ഇന്‍ അഡ്വാന്‍സ്‌ "

"ഓ..." അവളെ തിരിച്ചും ആശംസിച്ചു ജോലിയിലേക്ക് തിരിഞ്ഞു.

"നമുക്കൊന്ന് ആഘോഷിച്ചാലോ?"

എനിക്ക് ചിരി വന്നു. വനിതാദിനം എങ്ങനെയാണ് ആഘോഷിക്കുക എന്നതിനെപറ്റി ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. പത്രങ്ങളിലും ചാനലുകളിലും ആശംസകളും പ്രമുഖവനിതകളുടെ കുറിപ്പുകളും കണ്ടിട്ടുണ്ടെന്നല്ലാതെ...

വിദ്യ തന്നെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴും എന്റെയുള്ളില്‍ സംശയമായിരുന്നു.

ഹോസ്റ്റലില്‍ നിന്നു രാവിലെ പുറപ്പെടുമ്പോള്‍ പതിവില്ലാതെ സാരി ഉടുത്തു. ഭാരതവനിതയാവാം.. മുറിയിലെ ചങ്ങാതി ഗവേഷണക്കാരി യമുനയോട്‌ കാര്യം പറഞ്ഞപ്പോള്‍ അവള്‍ നെടുവീര്‍പ്പിട്ടു. "ഹും.. നിങ്ങള്‍ക്കൊക്കെ ആവാമല്ലോ.. വനിതാദിനമെന്നും പറഞ്ഞോണ്ടങ്ങ് ചെന്നേച്ചാല്‍ മതി.. എന്‍റെ ഗൈഡ് എന്നെ ശരിയാക്കും.. അങ്ങേര്‍ക്കു അല്ലെങ്കിലേ പെണ്‍കുട്ടികളെ കണ്ടൂടാ.."

ഹോസ്റ്റലില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയെ വിളിക്കണമെന്ന് തോന്നി.
"എന്താ മോളെ രാവിലെത്തന്നെ? ഓഫീസില്‍ പോയില്ലേ..? വയ്യേ?"

ചോദ്യശരങ്ങള്‍ക്കു ഞാന്‍ തടയിട്ടു.
"ഇന്ന് വിമന്‍സ്ഡേ ആണത്രേ... രാവിലെ എന്നെ സ്വാധീനിച്ച വനിതയെ ഓര്‍ത്തപ്പോള്‍തന്നെ ശബ്ദം കേള്‍ക്കാന്‍ തോന്നി.."

എന്‍റെ ചിരിയുടെ പ്രതിധ്വനി മറുവശത്ത്‌...
"രാവിലെതന്നെ അമ്മയെ സുഖിപ്പിക്കാന്‍ ഇറങ്ങിയതാണോ പൊന്നുമോള്? എന്താഡാ.. എന്തേലും കാര്യസാധ്യം മനസ്സില്‍ കണ്ടിട്ടുണ്ടോ?"

കള്ളപരിഭവം നടിച്ച് ഫോണ്‍ വെച്ചിട്ട് ഇറങ്ങിനടക്കുമ്പോള്‍ അമ്മയുടെ ചിരി തന്നെ കാതില്‍ മുഴങ്ങി. പാവം ഒരിക്കലും ഉറക്കെ ചിരിക്കാതെ... തനിയെ അധ്വാനിച്ച്... സ്വന്തം ജീവിതത്തെ കുറിച്ച് ഒരിക്കലുമോര്‍ക്കാതെ... ഞങ്ങളെയൊക്കെ ഒരു കരയിലെത്തിക്കാന്‍ പാടുപെടുന്ന ജന്മം.

നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ച് ബസ്ടോപ്പിലേക്ക് നടക്കുമ്പോള്‍ അടുത്ത് കൈനെറ്റിക് ഹോണ്ട നിര്‍ത്തി ശശികല നടരാജന്‍...
"വരുന്നോ.. ഇന്നെനിക്കു നിങ്ങളുടെ വഴിയാ പോവേണ്ടത്."

ഇറങ്ങുമ്പോള്‍ അവള്‍ ചിരിച്ചു, "മൂന്നാമത്തെ തവണയാ ആയമ്മയെ പോയികാണുന്നത്. അവരെ വീഴ്ത്താന്‍ ഞാന്‍ പഠിച്ച മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ ഒന്നും പോരെന്നാ തോന്നുന്നത്. പണി ഇതായിപ്പോയില്ലേ. സോപ്പിടാതെ പറ്റുമോ? "

ഓഫീസിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷനിസ്റ്റ് സുന്ദരി ഡയാന ഡിസില്‍വ ഉറക്കെ അഭിവാദ്യം ചെയ്തു.

"വിദ്യാമാം പറഞ്ഞത് മറന്നില്ലല്ലോ അല്ലെ... സീ.. എന്‍റെ ഡാഡി പോക്കറ്റ്‌ മണി തന്നു ആഘോഷിക്കാന്‍..! "

സമ്പന്നകുടുംബത്തിലെ ഏകസന്താനം നേരമ്പോക്കിനായി കണ്ടെത്തിയ ജോലിയാണിത്. അതിന്‍റെ ജാഡ ഇടയ്ക്കിടയ്ക്ക് ഞങ്ങളോടൊക്കെ പ്രയോഗിക്കാനും മറക്കാറില്ല.

മുറി തുടച്ചുകൊണ്ടുവന്ന മലര്‍വിഴിയുടെ മുഖത്തെ തടിപ്പും ചുണ്ടിന്‍റെ കോണിലെ ചുവപ്പും കണ്ടപ്പോള്‍ കുടിയനായ ഭര്‍ത്താവ് മാരിമുത്തു എന്‍റെ മനസ്സില്‍ കണ്ണുരുട്ടി.

"പൊങ്കലിന് വാങ്ങിയ സാരി ഉടുക്കാനെടുത്തപ്പോള്‍ ആരെ കാണിക്കാനാണ് ഒരുങ്ങിപോവുന്നതെന്ന് ചോദിച്ചു..." കലങ്ങിവന്ന കണ്ണുകള്‍ മറച്ചുകൊണ്ട് അവള്‍ എന്‍റെ ബാഗും മറ്റും വാങ്ങിവെച്ചു.

"കണ്ടില്ലേ? ഇവനെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം.. മലരൊന്നു ഒപ്പിട്ടു തന്നാല്‍ മതി. ഐ നോ വാട്ട് ടു ഡൂ... ദിസ്‌ ഈസ്‌ ടൂ മാച്ച് യാര്‍.."
വിദ്യയിലെ ഫെമിനിസ്റ്റ് ലാവയായൊഴുകി.

"ഇല്ല മാഡം... ആനാലും അവര്‍ എന്‍ കൊഴന്തൈകളോടെ അപ്പാ താനെ... ഒന്നും സെയ്യവേണ്ടാ" മലര്‍ കണ്ണ് തുടച്ചു.

"നിങ്ങളെപോലുള്ള പെണ്ണുങ്ങളാണ്......" അമര്‍ഷത്തോടൊപ്പം വാക്കുകള്‍ കടിച്ചിറക്കി വിദ്യ സീറ്റിലേക്ക് നടന്നു.

"എന്നാലും ദേഹോപദ്രവം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല മലര്‍.." എനിക്കും വല്ലാതെ വിഷമം തോന്നി.

"കുടിച്ചില്ലെങ്കില്‍ നല്ല സ്നേഹമാണ്.." മലര്‍ കുനിഞ്ഞിരുന്നു സ്വയം ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.

"എങ്കില്‍ ആദ്യം അത് നിര്‍ത്താന്‍ നോക്ക്!" വിദ്യ ഉറക്കെ പറഞ്ഞു.

അപ്പോഴാണ്‌ അവളെ ശ്രദ്ധിച്ചത്. കറുപ്പും വെളുപ്പും കള്ളികളുള്ള നീളന്‍കൈ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച അവള്‍ തനിആണ്‍കുട്ടി തന്നെ!

"ഞാനോര്‍ത്തു നീയിന്നു സാരിയുടുക്കുമെന്ന്..."

"അതെന്താ... ഇതിട്ടാല്‍ ഞാന്‍ പെണ്ണല്ലാതാവുമോ?" ഫെമിനിസ്റ്റ് തണുത്തിട്ടില്ല!

"ഊഹും.. ഞാന്‍ ഒന്നും ചോദിച്ചില്ലേ..."

ബോസ്സിനെ റിപ്പോര്‍ട്ട്‌ കാണിച്ച് തിരിച്ചു മുറിയിലെത്തിയപ്പോള്‍ വാടിയ മുഖവുമായി സീനിയര്‍ പ്രോഗ്രാമര്‍ സുജാത. വിദ്യയുടെ മുഖത്ത് രോഷത്തിനു കുറവില്ല.
"അവളുടെ മാമിയാര്‍ടെ അടവ് കണ്ടില്ലേ..."

സുജാത മുഖം താഴ്ത്തി.. "നമ്മുടെ ഇന്നത്തെ കാര്യം പറഞ്ഞപ്പോള്‍ അവരുടെ ഒരു അകന്നബന്ധുവിന്റെ വളകാപ്പ് ഇന്നാണ്, അതിനു ഞാന്‍ പോയെ പറ്റൂന്ന്.. അദ്ദേഹത്തിനോടും ഹാഫ്ഡേ ലീവ് എടുക്കാന്‍ പറഞ്ഞിരിക്കുന്നു!"

ചായയുടെ സമയത്ത് പെണ്‍പട വീണ്ടും കൂടിയപ്പോള്‍ ആഘോഷം അടുത്തുള്ള ഒരു മെച്ചപ്പെട്ട ഹോട്ടലിലെ ഉച്ചഭക്ഷണത്തില്‍ ഒതുക്കാന്‍ തീരുമാനമായി. കളിപറഞ്ഞും ചിരിച്ചും ഞങ്ങള്‍ ഹോട്ടലിനു മുന്നിലെത്തുമ്പോള്‍ എതിര്‍വശത്ത്‌ വഴിയോരത്ത് ചെറിയൊരു ആള്‍ക്കൂട്ടം.. പെട്ടെന്ന് അങ്ങോട്ടെയ്ക്കോടിയ വിദ്യയ്ക്കൊപ്പമെത്താന്‍ പാടുപെട്ടു. നെഞ്ചത്തടിച്ചു അലമുറയിടുന്ന ഒരു സ്ത്രീയെ സമാധാനിപ്പിക്കുന്ന കുറച്ചുപേര്‍.. അവരുടെ മടിയില്‍ കാലില്‍ ചോരയൊലിക്കുന്ന വലിയ മുറിവുമായി ഒരു കൊച്ചുകുട്ടി..

"യാരാവത് കാപ്പാത്തുങ്കോ... അയ്യോ.. കടവുളേ..."

വഴിയോരത്തെ കുഴിയില്‍ വീണുപോയ കുഞ്ഞാണ്. ആ അമ്മയെയും കുഞ്ഞിനേയും കയറ്റിയ റിക്ഷയില്‍ വിദ്യയോടൊപ്പം കയറുമ്പോള്‍ ചുറ്റിലും ഉള്ളതൊക്കെ അവ്യക്തമായിരുന്നു.

സന്ധ്യയോടെ വിദ്യയുടെ സ്കൂട്ടിയുടെ പിന്നിലിരുന്നു ഹോസ്റ്റലിനു മുന്നിലിറങ്ങുമ്പോള്‍ ശശികല മുന്നില്‍.. രക്തവും ചെളിയും പുരണ്ട വേഷവും തളര്ച്ചയുമായി നിന്ന എന്നെ കണ്ടമ്പരന്ന അവളോട്‌ എന്തൊക്കെയോ പറഞ്ഞെന്നു വരുത്തി മുറിയിലേക്ക് നടന്നു.

കുളി കഴിഞ്ഞു കട്ടിലില്‍ വെറുതെ കിടക്കുമ്പോള്‍ യമുന എത്തി..

"ആഘോഷിച്ചോ അടിപൊളിയായി?"

ഉത്തരം തേടാന്‍ മെനക്കെടാതെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു.

16 comments:

പട്ടേപ്പാടം റാംജി said...

ഞങ്ങളെയൊക്കെ ഒരു കരയിലെത്തിക്കാന്‍ പാടുപെടുന്ന ജന്മം.

തിരിച്ചറിവുകളും മനുഷ്യത്വവുമാണ് ഏറ്റവും വലിയ ആഘോഷങ്ങള്‍....

ഉപ്പായി || UppaYi said...

മനസ്സിനെ തൊട്ട (കുത്തിയ) ആഘോഷവിശേഷങ്ങള്‍ ...:(

F A R I Z said...

നല്ല ഒതുക്കതോടെയുള്ള വിവരണം.ലാളിത്യത്തോടെ ,വളരെ സരസമായി പറഞ്ഞവസാനിപ്പിച്ചു.അഭിനന്ദനങ്ങള്‍.

നമുക്കിന്നു ആണ്ടില്‍ മുഴുക്കെയും ഓരോന്നായി ആഘോഷിക്കാനുണ്ടല്ലോ.വനിതാ ദിനം,ഈ ഒരു ദിനം മാത്രമാണോ വനിതകല്‍ക്കഘോഷിക്കാനുള്ളത്?. ഈ ദിനത്തിലെങ്കിലും വനിതകള്‍ കര്‍മ്മോല്‍സു കരാകു എന്നാണോ?

ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്
---ഫാരിസ്‌

ചേച്ചിപ്പെണ്ണ്‍ said...

അമ്മമാര്‍ക്ക് ലോകത്ത് എല്ലായിടത്തും ഒരേ മുഖമാണ് ..
ഭാവവും .. അല്ലെ ശിവ .. ?
ഇന്നാണ് ഇവിടെ ആദ്യം ..
ഇനിയും വരും ... വരാതിരിക്കാന്‍ എനിക്കാവില്ല ,,,.

ശിവകാമി said...

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി..
@ശ്രി. രാംജി,
ഞാനാരെന്ന് ഓര്‍മ്മിപ്പിക്കുന്നത് അത്തരം തിരിച്ചറിവുകള്‍ തന്നെയാണ്.
@ഉപ്പായി,
:(
@F A R I Z,
അങ്ങനേം എടുക്കാം.. :) നന്ദി.. സന്തോഷം
@ചേച്ചിപെണ്ണ്
നന്ദി വീണ്ടും വരിക. :)

കാട്ടിപ്പരുത്തി said...

ശിവകാമിയുടെ വാക്കുകള്‍ക്ക് മനോഹരമായ ലാളിത്യമുണ്ട്

Vayady said...

ശിവകാമി... എവിടെയോ കേട്ടുമറന്ന പേര്‌.
വളരെ നല്ലൊരു ആശയം, ലളിതമായ ഭാഷ. എഴുത്തിന്റെ ശൈലിയും എനിക്കിഷ്ടപ്പെട്ടു.

Jishad Cronic said...

കൊള്ളാം നന്നായിരിക്കുന്നു

കടല്‍മയൂരം said...

നല്ലൊരു പ്രവര്‍ത്തി തന്നെ ചെയ്തു..... ആ കഥാപാത്രം. ആഘോഷം അത് തന്നെ.

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

എന്‍.ബി.സുരേഷ് said...

ഇതൊക്കെ ഇങ്ങനെയല്ലാതെ എങ്ങനെ പറയും.

Manoraj said...

ശിവ,
എത്തിയതല്പം വൈകിപോയി. എങ്കിലും കമന്റാതെ പോവാൻ തോന്നുന്നില്ലെടോ.. മനോഹരമായി.. പക്ഷെ, അവസാനം ഞാൻ വിചാരിച്ചത് ഫെമിനിസ്റ്റ് ആ കുട്ടിയെ ഉപേക്ഷിച്ച് വനിതാദിനമാഘോഷിക്കും എന്നായിരുന്നു.. ഏതായാലും നല്ല ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു

ശ്രീനാഥന്‍ said...

ലളിതം സുന്ദരം!

nandakumar said...

നാട്ടുപച്ചയില്‍ നിന്നാണ് ഇവിടെ വന്നത്
അതി ഗംഭീരം. കുറഞ്ഞ വാക്കുകളില്‍ ഒളിപ്പിച്ചുവെച്ച വിവരണങ്ങളെത്ര!!?

നന്നായിട്ടുണ്ട്.

ശിവകാമി said...

സന്തോഷം... എല്ലാവര്‍ക്കും നന്ദി.. നാട്ടുപച്ചയില്‍ ഇതിനെക്കുറിച്ച് എഴുതി എന്നത് ഇപ്പോഴാണ് അറിഞ്ഞത്. നന്ദകുമാര്‍ജി, നന്ദി അതിനു പ്രത്യേകമായി.

http://www.facebook.com/divya.james2 said...

ഇതിലും വലിയ ആഘോഷം ഉണ്ടോ ?