About Me

My photo
A person who loves to read, write, sing and share thoughts.

Friday, January 22, 2010

മാതായനങ്ങള്‍

അപ്പുറത്തെ കട്ടിലിലെ ഞരക്കം കേട്ട് മയക്കം വിട്ടുണരുമ്പോള്‍ അടിവയറ്റില്‍ പച്ചമുറിവിന്റെ വേദന ചാട്ടുളിപോലെ തിരിച്ചറിഞ്ഞു. അനസ്തേഷ്യയുടെ താരാട്ടില്‍ മയങ്ങുന്നതിനു തൊട്ടുമുന്പായി കുഞ്ഞുകരച്ചില്‍ കേട്ടതും ആരോ കവിളില്‍ തട്ടി പറഞ്ഞു, "മോനാ.."

അരക്ക് താഴെനിന്നും വേദന സഹനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. അതിനുമുന്‍പ്‌... അവനെ ഒന്ന് കാണണം. പാലൂട്ടണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാളുവുണ്ടായപ്പോള്‍ സിസേറിയന്റെ അനന്തരഫലങ്ങള്‍ ഭയന്ന് ആദ്യദിവസം മുലകൊടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിപ്പോള്‍ മോന്‍ പുറത്തുവന്നിട്ട് ഒരു ദിവസവും കുറച്ചു മണിക്കൂറുകളും പിന്നിട്ടുവെന്ന് ചുവരിലെ ഘടികാരം പറയുന്നു. ഇതെന്താണിങ്ങനെ? മുറിയിലേക്കും കൊണ്ടുപോവാത്തതെന്താ? ഇവരൊക്കെ എവിടെപോയി? ആദ്യപ്രസവം നടന്നയിടത്തുതന്നെ മതിയെന്ന് എത്ര തവണ പറഞ്ഞതായിരുന്നു..

കണ്ണാടിവാതില്‍ തള്ളിത്തുറന്നു; ഡോ. അഹല്യാ അറോറ - ചന്ദനത്തിന്റെ സുഗന്ധവും പേറി പുഞ്ചിരിയുമായി.

"നതിംഗ് ടു വറി, സ്റ്റിച്ച് ഒക്കെ ഫൈന്‍ ആണ്. റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം.."

ഈ മധുമന്ദസ്മിതമാണ് എല്ലാം തലകുലുക്കി സമ്മതിക്കാന്‍ ഇടയാക്കിയത്. നാമൊന്ന്; നമുക്കുമൊന്നു മതിയെന്നും, ലോകത്തിലെ ഏറ്റവും മികച്ചതെല്ലാം അവള്‍ക്കു കൊടുക്കാന്‍ അപ്പോഴേ നമുക്ക് കഴിയൂ എന്നും വിശ്വസിപ്പിച്ച, എന്തിനെയും വ്യക്തമായ കണക്കുകൂട്ടലോടെ മാത്രം സമീപിക്കുന്ന ബിസിനസ്‌കാരന്‍ ഏതോ പാര്‍ട്ടിയില്‍ കണ്ടുമുട്ടിയ ഡോക്ടറുടെ സൌഹൃദത്തിലും ലാഭങ്ങളുടെ സൂചിക കണ്ടെത്തിയതില്‍ അത്ഭുതമില്ല. ഒരു ജോലിയുമില്ലാതെയിരിക്കുന്ന പൂര്‍ണ്ണ ആരോഗ്യവതിയുടെ ഗര്‍ഭപാത്രം ഒരു പത്തുമാസത്തേക്ക് കടം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? അത്യന്താധുനികസൌകര്യമുള്ള അഹല്യാ ഹോസ്പിറ്റലില്‍, അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കുറച്ചു സമയത്തിന്റെ മെനക്കേട് മാത്രം! പിന്നെ കണ്ണടച്ച് തുറക്കുംമുന്നേ കടന്നുപോവുന്ന ഒന്‍പതുമാസങ്ങള്‍! ഒരു സുപ്രഭാതത്തില്‍ വളരെ നല്ലൊരു വാടക തന്ന് വീടൊഴിയുന്നു. ദൂരെ ബോര്‍ഡിങ്ങില്‍ കഴിയുന്ന മകള്‍ പോലുമറിയില്ല. രഹസ്യപ്രസവം നാട്ടിലാക്കാം എന്നു ചിന്തിച്ചവളുടെ വിഡ്ഢിത്തമോര്‍ത്തു ചിരിച്ചുകാണും അദ്ദേഹം.

ആശുപത്രിയിലെ ഏറ്റവും മികച്ച മുറിയിലെ തണുപ്പിലേക്ക് കയറാനൊരുങ്ങുമ്പോള്‍ വാതില്‍ക്കല്‍ അമ്മ. വെറുതെ ചിന്തിച്ചിരിക്കുമ്പോഴും അമ്മയുടെ മുഖം കരയുന്നതുപോലെയാവും. ഇളംനീലവിരിയിട്ട കിടക്കയ്ക്കരുകിലെ ഒഴിഞ്ഞ തൊട്ടില്‍ അവനെ കാണാനുള്ള നിമിഷത്തിലേക്ക്‌ ഇനിയും ദൂരമുണ്ടെന്ന് അറിയിക്കുന്നു. അക്ഷമ അടക്കിനിര്‍ത്താനാവാതെ അമ്മയെ ഉറക്കെ വിളിച്ചുപോയി.

"അത്..മോളെ.."

വാക്കുകള്‍ക്കായി പരതുന്നതിടയില്‍ വാതില്‍ക്കല്‍ മരുമകനെ കണ്ട അമ്മയുടെ മുഖത്ത് ആശ്വാസ തിരയിളക്കം .

"ഹോ.. അങ്ങനെ എല്ലാം ഭംഗിയായി ഡിയര്‍.. ഇറ്റ്‌ വാസ് എ വെരിഗുഡ് ഡീല്‍.. അവര്‍ നല്ല ഒരു തുക തന്നെ തന്നു. നമ്മുടെ മോള്‍ടെ പേരില്‍ ഫിക്സെഡ് ആയി ഇട്ടു....ബൈ ദി വേ, ഹൌ ആര്‍ യു? പെയിന്‍ ഉണ്ടോ? എന്താ വിഷമിച്ചിരിക്കുന്നത്? ഡോണ്ട് വറി.. മൂന്നുമാസത്തിനുള്ളില്‍ നിനക്ക് നിന്‍റെ പഴയ രൂപം തിരിച്ചു കിട്ടും. അതിനും ഇവിടെ സൌകര്യമുണ്ട്. അതൊക്കെ ചേര്‍ത്ത് തന്നെയാ ഡീല്‍ ഉറപ്പിച്ചത്."

പറയുന്നതിനിടയില്‍ നെറ്റിയിലൂടെ സാന്ത്വനത്തിന്റെ വിരല്‍സ്പര്‍ശം ചുട്ടു പൊള്ളിക്കുംപോലെ...

ശരീരത്തിലെ ഒരു ഭാഗം കടം കൊടുക്കുമ്പോള്‍ ഒപ്പം ഹൃദയവും കൊടുക്കാന്‍ ആരും പറഞ്ഞിട്ടില്ല.. അവന്‌ വേണ്ടി മാത്രം ശ്രീകൃഷ്ണസ്തുതികള്‍ പാടിയതും, കഥകള്‍ പറഞ്ഞതും ആരും അറിഞ്ഞതല്ല. അതൊന്നും വ്യവസ്ഥയില്‍ പറഞ്ഞതല്ലല്ലോ.. പ്രസവിച്ചയുടനെതന്നെ മാറ്റുന്നതാണ് നല്ലതെന്നും അന്ന് തന്നെ പറഞ്ഞതാണ്. ഇല്ല.. ഇനി അവകാശവാദങ്ങള്‍ക്ക് പ്രസക്തിയുമില്ല. രേഖകളില്‍പോലും അവന്‍റെ അമ്മയുടെ സ്ഥാനത്ത് ഞാനില്ല. എങ്കിലും...ഒരിക്കല്‍.. ഒരിക്കല്‍മാത്രം കാണിക്കാമായിരുന്നില്ലേ എന്നെ? അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും ഞാന്‍ അറിയേണ്ടതില്ല എന്നതാണ് വ്യവസ്ഥ. വേദനസംഹാരികളുടെ വീര്യത്തോടൊപ്പം മനസും തളരുമ്പോള്‍ വിയര്‍ത്ത് ബോധം മറയുന്നതുപോലെ... കണ്ണില്‍ ഇരുട്ട് പടരുന്നു... അഗാധമായ ഗര്‍ത്തത്തിലേക്ക് താണുതാണ് പോവുകയാണോ....

ഇരുട്ടില്‍ ആരോ കരയുന്നുണ്ടോ? മുറിയുടെ മൂലയില്‍ അവ്യക്തമായ രണ്ടു രൂപങ്ങള്‍..

"ഇങ്ങനെ കരയാതിരിക്കൂ പ്രിയേ... നിന്‍റെ മേല്‍വസ്ത്രം നനഞ്ഞിരിക്കുന്നല്ലോ...നല്ല പനിയുണ്ടല്ലോ ദൈവമേ... ഔഷധം കിട്ടണമെങ്കില്‍ പോലും എത്ര തവണ പറയണം.. ഈശ്വരാ.. ഇതെന്തൊരു വിധി? "

"ഇല്ല... പ്രഭോ... എനിക്കൊന്നുമില്ല.. എന്‍റെ കുഞ്ഞ്... കണ്ണന്‍ എന്നല്ലേ അവനവര്‍ പേരിട്ടത്? എന്‍റെ കണ്ണന് ഒന്നുമുണ്ടാവില്ല. അവനവിടെ ഭാഗ്യവതിയായ യശോദയുടെ മടിയില്‍ കളിക്കുന്നുണ്ടാവും! എനിക്ക് കാണാം പ്രഭോ... അവന്‍റെ ചിരി... കുറച്ചു നേരം മാത്രമേ കണ്ടുള്ളൂവെങ്കിലും ആ മുഖം മറക്കാനാവുമോ.. എങ്കിലും... ഞാനവനെ ഒന്ന് മാറോടു ചേര്‍ത്തില്ലല്ലോ.. ഒരിക്കല്‍ മാത്രമെങ്കിലും മുലയൂട്ടിയില്ലല്ലോ... എന്നിട്ടും എങ്ങിനെയാണ് ഞാന്‍ പുണ്യവതിയായ മാതാവാകുന്നത് ദൈവമേ... "

ഈശ്വരാ... ഞാനിതെവിടെയാണ്‌? ചുറ്റും കരിങ്കല്‍ചുവരുകള്‍ ഉയരത്തില്‍... ങേ.. ഇതൊരു തടവറയാണോ?

"നമ്മള്‍ ഭഗവാന്റെ മാതാപിതാക്കളാണ് പ്രിയേ... നിരപരാധികളോട് ക്രൂരത മാത്രം കാട്ടുന്ന ദുഷ്ടനെ നശിപ്പിക്കാന്‍ അവതരിച്ച ജഗദീശ്വരന്റെ അച്ഛനും അമ്മയും! അത് പുണ്യമാണ്! കോടികോടി പുണ്യം! നമുക്കുമൊരു നല്ല കാലം ഉടനെ സംജാതമാവും. വിഷമിക്കാതിരിക്കൂ ദേവകീ... നമ്മുടെ മകന് ഒരാപത്തും വരില്ല.. നന്ദന്‍ അവനെ നന്നായി സംരക്ഷിച്ചുകൊള്ളും. ഭവതി അറിഞ്ഞോ, അപ്പുറത്ത് ഭടന്മാര്‍ അടക്കം പറയുന്നത് കേട്ടതാണ്. പൂതനയെന്നു പേരുള്ള ഒരു രാക്ഷസി നമ്മുടെ പുത്രനെ വിഷം പുരട്ടിയ മുലകൊടുത്തു കൊല്ലാന്‍ ശ്രമിച്ചുവത്രേ.. നടക്കുമോ..! അവളുടെ മൃതദേഹത്തിനു പുറത്തു കളിക്കുന്ന കണ്ണനെ ആണത്രേ പിന്നീട് കണ്ടത്!"

"കണ്ടില്ലേ... വെറുമൊരു രാക്ഷസി പോലും എന്‍റെ കണ്ണനെ പാലൂട്ടിയല്ലോ.. അത്രപോലും ഭാഗ്യമില്ലാത്തവളല്ലേ ഈയുള്ളവള്‍.. എനിക്കൊന്നും കേള്‍ക്കാനുള്ള ശക്തിയില്ല പ്രഭോ... ഒന്‍പതുകുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അബലയായ ഒരമ്മ മാത്രമാണ് ഞാന്‍.. ലോകത്ത് മറ്റൊരമ്മക്കും ഈ ഗതി വരുത്തല്ലേ ദൈവമേ.. "

"ഇങ്ങനെ വ്യസനിക്കാതെ ശാന്തയാവൂ ദേവകി... ഭഗവാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കില്ല. സമാധാനിക്കൂ... ഉറങ്ങൂ...എന്റെ മടിയില്‍ തലചായ്ച്ച് ഒന്നുമോര്‍ക്കാതെ ഉറങ്ങിക്കൊള്ളൂ... "

"മോളെ... വെള്ളം പോലും കുടിച്ചില്ലല്ലോ ഇതുവരെ... എഴുന്നേല്‍ക്ക്, കഞ്ഞി കുടിക്കാം"

"അമ്മേ... എന്‍റെ കണ്ണന്‍ ഇതാ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു.. ഞാനവനു പാലുകൊടുത്തു.. അവന്‍.. എന്‍റെ കണ്ണുകളെ മയില്‍‌പ്പീലികൊണ്ട് തഴുകിയുറക്കി.. "

കണ്ണുകള്‍ തുറക്കാന്‍ തോന്നുന്നില്ല....അവന്‍ വീണ്ടും എന്റെയുള്ളില്‍ മയില്‍‌പ്പീലി വര്‍ണ്ണങ്ങള്‍ നിറയ്ക്കും... ഞാന്‍ കാത്തിരിക്കട്ടെ..

13 comments:

മുരളി I Murali Mudra said...

വളരെ മനോഹരമായ കഥ ശിവകാമീ...
യുഗങ്ങള്‍ അകലമുള്ള മാതൃത്വങ്ങള്‍,പക്ഷെ വിധി ഒന്നുതന്നെ..
ഇതിഹാസം പുനര്‍ജനിച്ചത്‌, അത് ജീവിതവുമായി ഇടകലര്‍ത്തി പറഞ്ഞത് ഹൃദ്യമായി..

Unknown said...

വ്യത്യസ്തമായ ഒരു വിഷയം
നല്ല അവതരണം

മാതൃത്വം അതിലും വലിയ ഒരു ബന്ധം വേറെ ഉണ്ടോ ലോകത്ത്‌!

അമ്മയുടെ വാല്‍സല്യം നുകര്‍ന്ന് മതി വരുമോ ജീവിതത്തില്‍

krishnakumar513 said...

വാത്സല്യത്തിന്റെ ഭാഷ...നല്ല കഥ

പട്ടേപ്പാടം റാംജി said...

വില്‍ക്കാന്‍ കഴിയാത്തതാണ് മാതൃത്വം എന്നത്‌ അടിവരയിടുന്നു.
നന്നായെഴുതി.

മനോജ് ആറ്റിങ്ങല്‍ said...

അമ്മയുടെ നൊമ്പരത്തേക്കാള്‍ രണ്ടു വ്യത്യസ്ഥ കാലഘട്ടങ്ങളിലെ പിതൃത്വം വളരെ മനോഹരമായി വരച്ചു കാട്ടി..
നന്നായിട്ടുണ്ട്.

Anonymous said...

valare nalla kadha..
sree krishnanumayi connect cheytha thread valare nannayi

Anonymous said...

valare nalla kadha..
sree krishnanumayi connect cheytha thread valare nannayi

ഉപ്പായി || UppaYi said...

എനിക്കിപ്പൊ അമ്മയെ കാണണം .. :(

പകല്‍കിനാവന്‍ | daYdreaMer said...

അമ്മ!

വല്യമ്മായി said...

ഹൃദയസ്പര്‍ശിയായ എഴുത്ത്. കണ്ണ് നനയിച്ചു.

Manoraj said...

ഋതു വഴിയാണിവിടെ വന്നത്.. ഇവിടെയും ഒരു നല്ല കഥ വായിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ ..അമ്മയുടെ മുലപ്പാലിന്റെ മണം എന്റെ
പോസ്റ്റിലുണ്ടെന്ന് തോന്നുന്നു.. ആശംസകൾ ശിവകാമി..

Anonymous said...

സ്നേഹപൂര്‍വ്വം സമ്മാനിച്ച പുസ്തകം ഇന്ന് തന്നെ വായിച്ചു തീര്‍ത്തു. വേദനയുടെ ഉപ്പുരസം ചുവയ്ക്കുന്ന കഥകള്‍ , മനുഷ്യ ജീവിതം എങ്ങനെയൊക്കെ പ്രഹെളികയാവുന്നു എന്നതിന്റെ നേര്‍ക്കാഴ്ചകള്‍ ... ഇഷ്ടപ്പെട്ടു.

ഹരിപ്രിയ said...

nannyittundu :)