About Me

My photo
A person who loves to read, write, sing and share thoughts.

Monday, August 31, 2009

ഓണാശംസകളോടെ...

കഴിഞ്ഞ ദിവസം 'വനിത'യില്‍ പ്രശസ്തനടന്‍ അനൂപ്‌ മേനോന്‍ എഴുതിയ അനുഭവം എന്ന പംക്തി വായിക്കാനിടയായി. അകാലത്തില്‍ പൊലിഞ്ഞുപോയ കാന്‍സര്‍രോഗിയായ സുഹൃത്തിനെ കുറിച്ചായിരുന്നു അത്. അതിന്‍റെ അവസാന പാരഗ്രാഫ് ഞാന്‍ പലതവണ വായിച്ചു.


"അവളെനിക്ക് പറഞ്ഞു തന്നു - ജീവിതത്തില്‍ ഒരു മത്സരത്തിനോ ഓട്ടപ്പാച്ചിലിനോ അര്‍ത്ഥമില്ല.. യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടില്‍ വലം വെക്കും പോലെ, കലണ്ടറിലെ ആ അവസാന ദിവസത്തേക്ക്, ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോള്‍ നമ്മോടൊപ്പം ഉള്ളവരോട് ഏറ്റവും നല്ലവരാവാന്‍ ശ്രമിക്കുക. അവരെ സ്നേഹിക്കുക.. ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലകള്‍ക്കപ്പുറത്തെ ആകാശക്കീറിനെയും കണ്ടുകൊണ്ട്‌... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക......"


തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഒരു കൊച്ചു കലണ്ടര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ദിവസത്തിന്‍റെ വര്‍ഷവും മാസവും തീയതിയും നാള്‍ഫലവും രാശിഫലവുമൊക്കെ അതില്‍ കുറിച്ചിരിക്കും. രാവിലെ എഴുന്നേറ്റയുടനെ കഴിഞ്ഞദിവസത്തിന്‍റെ താള്‍ കീറിക്കളഞ്ഞ് പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കുന്നത് ശരിക്കും പ്രതീകാത്മകമാണെന്ന് തോന്നിയിരുന്നു. ചവറ്റുകുട്ടയില്‍ ചുരുണ്ടുവീഴുന്ന ആ വെറും കടലാസിന്‍റെ വിലയെ ഉള്ളൂ നമ്മുടെ ഇന്നലെകള്‍ക്ക്. അത് പഴയതുപോലെത്തന്നെ ഘടിപ്പിക്കാന്‍ കഴിയില്ല എന്നതുപോലെ കഴിഞ്ഞുപോയ നാളുകളിലെ ഒരു നിമിഷത്തിന്റെ ഒരംശം പോലും നമുക്ക് പിടിച്ചുവെക്കാനാവുന്നില്ലല്ലോ.. തിരിഞ്ഞുനോക്കുമ്പോള്‍, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമ്മളെടുത്ത ഓരോ നിമിഷവും ഓരോ നഷ്ടമാണ്.

ആ പംക്തിയില്‍ മറ്റൊന്ന്കൂടി എന്നെ ചിന്തിപ്പിച്ചു. നമ്മില്‍ പലരും ഒന്നിനെയും അതിന്‍റെ യഥാര്‍ത്ഥനിറത്തില്‍ കാണാന്‍ ശ്രമിക്കാറില്ല എന്നത്.

"....പാതി കാണുന്നു.. പാതി കേള്‍ക്കുന്നു.. കണ്ണുതുറന്ന് ഒന്നിന്റേയും യഥാര്‍ത്ഥ സൌന്ദര്യത്തിലേക്ക് നോക്കുന്നില്ല.. ജീവിതം നഷ്ടപ്പെടാന്‍ തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരുപക്ഷെ നമുക്ക് അങ്ങനെ കാണാന്‍ കഴിയൂ.."


എനിക്ക് തോന്നിയത് നമുക്കൊന്നിന്റെയും സൌന്ദര്യമോ നിറമോ ആസ്വദിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണ്.. ഇന്നലെകളുടെ നഷ്ടത്തില്‍ വേദനിച്ചോ നാളെയുടെ അനിശ്ചിതത്വത്തില്‍ വ്യകുലപ്പെട്ടോ ഇന്നിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് നാം തന്നെ നശിപ്പിക്കുന്നു, അഥവാ നാമറിയാതെ തന്നെ നമ്മില്‍നിന്നും അത് നഷ്ടമായിപ്പോവുന്നു.

ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, നമ്മള്‍ തുമ്മുമ്പോള്‍ ആ ഒരു നിമിഷത്തേക്ക് നമ്മുടെ ശ്വസനപ്രക്രിയ നിലയ്ക്കുകയാണെന്ന്. അതിനാലാണത്രേ തുമ്മിക്കഴിയുമ്പോള്‍ ദൈവത്തെ സ്തുതിക്കുന്നത്. ജീവിതം വീണ്ടും തിരിച്ചുതന്നതിന്...! ശാസ്ത്രീയമായി അതില്‍ എന്തുമാത്രം വാസ്തവം ഉണ്ടെന്നറിയില്ലെങ്കിലും ആ വസ്തുത അര്‍ത്ഥവത്തായിത്തന്നെ തോന്നി. ശരിയാണ്.. ഈ മനോഹരതീരത്ത്‌ കിട്ടിയ ജന്മത്തിന് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.. ദൈവത്തോടും... മാതാപിതാക്കളോടും... സ്നേഹവും കരുതലും സഹാനുഭൂതിയും കൊടുത്തു കടം വീടാന്‍ ശ്രമിച്ചാലും മരണം വരെ നാമെല്ലാം ഈ ഭൂമിയില്‍ കടപ്പെട്ടവരായിരിക്കുന്നു..
ജീവിതം ഒരു തീവണ്ടിയാത്രപോലെ... ഒരുമിച്ചു സഞ്ചരിക്കുമ്പോള്‍ തീവണ്ടിയുടെ കുലുക്കത്തില്‍ അടുത്തിരിക്കുന്നയാളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം... അറിയാതെ വേദനിപ്പിക്കേണ്ടിവന്നാല്‍ മനസറിഞ്ഞ് ക്ഷമ പറയാം.. നിലകിട്ടാതെ വീഴാന്‍ തുടങ്ങുന്നയാള്‍ക്ക് ഒരുകൈ താങ്ങാവാം... ചിലപ്പോള്‍ യാത്ര പറഞ്ഞും മറ്റുചിലപ്പോള്‍ പറയാതെയും ഇറങ്ങിപോവുന്ന സഹയാത്രികര്‍ക്ക് നല്ലതുവരട്ടെയെന്നു ആശംസിക്കാം...

ഒരു കൊച്ചുജന്മം കൊണ്ട് ഇത്രയൊക്കെയല്ലേ കഴിയൂ?

6 comments:

Anonymous said...

hey loved the quote..even more beautiful was ur simile of life and a train journey..

പകല്‍കിനാവന്‍ | daYdreaMer said...

നമ്മൾ ഇങ്ങനെ പരസ്പരം വേദനിപ്പിക്കാതെയും അടി കൂടാതെയും ഇരുന്നാൽ ഈ കോടതിയും പോലീസും വക്കീലന്മാരുമൊക്കെ പട്ടിണി കിടക്കില്ലേ..
ചുമ്മാ .. :):)
നല്ല കുറിപ്പ്‌ ആശം സകൾ..

jayasree said...

well written post... I too read the said article... those quotes struck me too..

priyag said...

ജീവിതത്തോട് വല്ലാത്ത ഒരു അഭിനിവേശം !!!!!!!!!!

വയനാടന്‍ said...

വളരെ വൈകിപ്പോയി ഇതു വായിക്കാൻ, വായിച്ചതോ തേക്കടി ദുരന്തത്തിന്റെ വാർത്തകൾ കാണുന്ന നേരത്തും.

എന്തൊക്കെയോ ചിന്തകൾ മനസ്സിലൂടെ കടന്നു പോകുന്നു.
നന്ദി വളരെ വലിയ സത്യങ്ങൾ ഓർമ്മിപ്പിച്ചതിനു

ഉപ്പായി || UppaYi said...

നല്ലൊരു പോസ്റ്റ് ...എവിടെയൊക്കെയോ കയറി കൊണ്ടു ...!!
പിന്നെ അനൂപ്‌ മേനോന്റെ ഒരു എഴുത്ത് ഞാന്‍ ഏതോ ഓണ്‍ലൈന്‍ പത്രത്തില്‍ വായിച്ചിരുന്നു...മനസിനെ ഉലയ്ക്കുന്ന അനുഭവങ്ങള്‍..!!