About Me

My photo
A person who loves to read, write, sing and share thoughts.

Sunday, February 8, 2009

അതൊരു സായാഹ്നമായിരുന്നു

ആശുപത്രിയില്‍ കിടക്കയോട് ചേര്‍ന്നുകിടന്ന കസേരയില്‍ മടിയിലെ കടലാസുപൊതിയില്‍ മുറുകെ പിടിച്ച് അയാള്‍ കുനിഞ്ഞിരുന്നു. വാതിലിനു പുറത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള പഴികള്‍ക്കും ശകാരങ്ങള്‍ക്കും പുറമെ ഉണ്ടാവാറുള്ള വാഗ്വാദങ്ങള്‍ക്ക് ഇപ്പോള്‍ ഈ പൊതിയായിരിക്കുന്നു വിഷയം. അനിശ്ചിതമായ ഈ കാത്തിരിപ്പ് പോലും മറന്ന് തമ്മിലടിക്കുകയാണ് മക്കള്‍. ഒന്നിനും മറുപടി കൊടുക്കാതെ, പ്രാണപ്രിയയുടെ ഓര്‍മ്മക്കടലില്‍ ഒരു പൊങ്ങുതടിപോലെ മനസ് വിട്ട് വെറുതെയിരിക്കാനാണ് അയാള്‍ക്ക്‌ തോന്നിയത്.

ബന്ധുവീട്ടില്‍ കണ്ട ചുവന്ന പട്ടുപാവാടയും മുട്ടോളം നീണ്ട കനമുള്ള മുടിയും കിലുകിലെ ചിരിയും മനം കവര്‍ന്നപ്പോള്‍ അതിന്‍റെ ഉടമയെ തേടിയുള്ള യാത്ര കുറച്ചകലെയുള്ള ടൈപ്പ്റൈറ്റിംഗ് ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചതും പിന്നീട് അമ്മയും ഏടത്തിയും കണ്ടു ജാതകവും ചേര്‍ന്ന് മനംപോലെ മാംഗല്യമായതുമൊക്കെ ഇന്നലെ നടന്നതുപോലെ... പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍.. സ്വര്‍ഗമായിരുന്നു അവള്‍... ആവശ്യങ്ങള്‍ പറയാതെതന്നെ അറിഞ്ഞുചെയ്തിരുന്നവള്‍.. തന്‍റെ മുഖമൊന്നു മാറിയാല്‍ വാടിപ്പോവുന്ന പനിനീര്‍പ്പൂവ്.. എന്നിട്ടും... ആ ഉദരത്തില്‍ ഒരു വേദന ഉണ്ടായതു താന്‍ അറിഞ്ഞത് ഈ അടുത്തകാലത്ത്‌ മാത്രം. അറിയിച്ചില്ല ഒന്നും.. ഈ മുഖത്തെ ക്ഷീണം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവള്‍ തിരിച്ചും പ്രതീക്ഷിച്ചിരിക്കില്ലേ? ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നനായ ഭര്‍ത്താവെന്ന അഹങ്കാരത്തിന്മേലാണ് അവളുടെ ഗര്‍ഭപാത്രത്തെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ഇഴഞ്ഞുകയറിയത്‌.

മക്കള്‍ പഴിക്കുന്നതില്‍ എന്താണ് തെറ്റ്? നഗരത്തിന്‍റെ ശബ്ദഘോഷങ്ങളും പരിഷ്കാരമുഖങ്ങളും നാലുചുവരുകള്‍ക്കുള്ളിലെ ജീവിതവും ആസ്വദിക്കാനാവാതെ അമ്പലക്കുളത്തിലെ കുളിയും ആല്‍ത്തറയിലെ നുറുങ്ങുസല്ലാപവും വൈകുന്നേരങ്ങളിലെ ഇളംകാറ്റും സുഖമെന്ന് കരുതുന്ന ആള്‍ പഴഞ്ചനല്ലേ? വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ബാക്കിപത്രമായി കിട്ടുന്നതുകൊണ്ട്, തനിച്ചു നടക്കാവുന്നിടത്തോളംകാലമെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ അച്ഛന്‍ ദുരഭിമാനിയല്ലാതെ മറ്റെന്താണ്? ഒടുവില്‍ ഒരുനാള്‍ മകനോടൊത്ത്‌ പടിപ്പുര കടന്നെത്തിയ പുത്തന്‍ പണക്കാരന്റെ കൈയിലെ പെട്ടിക്ക് അച്ഛന്‍റെ സ്വപ്നങ്ങളേക്കാള്‍ വിലയുണ്ടെന്ന് മകന്‍ തര്‍ക്കിച്ചപ്പോള്‍ നിഷേധിക്കാന്‍ ശ്രമിച്ചതോടെ എതിരാളിയുമായി. മുന്‍പ് മക്കളുടെ കുറ്റപ്പെടുത്തലുകള്‍ക്ക് അച്ഛന്‍റെ ഭാഗത്തുനിന്ന് വാദിച്ചിരുന്നയാള്‍ വേദനകളുടെ ലോകത്ത് നിന്നുള്ള മോചനവും കാത്തു ഉള്ളിലെ മുറിയില്‍ പാതിജീവനായി കിടക്കുന്നു.

വൈദ്യപരിശോധനയുടെ ഫലം അറിഞ്ഞ രാത്രി ഒരേകിടക്കയില്‍ അരണ്ട വെളിച്ചത്തില്‍ മുഖത്തോടുമുഖം നോക്കിക്കിടന്നുകൊണ്ട് ചോദിച്ചപ്പോഴും വേദനയാല്‍ മങ്ങിയതെങ്കിലും പതിവു പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമിച്ചു, "വയസ്സായില്ലേ ശേഖരേട്ടാ... എപ്പോഴും ഒരേപോലെയിരിക്കുമോ? അല്ലെങ്കിലും എനിക്കങ്ങനെ വലിയ അസുഖോന്നും ഇല്ലാന്നല്ലേ ശശിക്കുട്ടന്‍ പറഞ്ഞത്?" നിമിഷംപ്രതി വളരുന്ന വേദനയില്‍ അവളും മനസ്സിലാക്കിയിരിക്കും അതല്ല ശരിയെന്ന്‌. അപ്പോഴും തന്നെ ആശ്വസിപ്പിക്കാനും പഴയപോലെ കാര്യങ്ങള്‍ നോക്കിനടത്താനും അവശതയിലും ശ്രമിച്ചുകൊണ്ടിരുന്നു പാവം. കുറെ ഗുളികകള്‍ക്കും കുത്തിവെയ്ക്കലുകള്‍ക്കും ഒടുവില്‍ കരിന്തേളുകളെ വീര്യംകൂടിയ രശ്മികള്‍ കൊണ്ടു നശിപ്പിക്കാന്‍വേണ്ടി എല്ലാവരും ചേര്‍ന്നു അവളെ സജ്ജമാക്കിയപ്പോഴേക്കും ആ മുഖത്തേക്ക് നോക്കാനുള്ള തന്‍റെ ശക്തി പൂര്‍ണമായും നഷ്ടമായിരുന്നു. ഈ അന്‍പത്തിമൂന്നാംവയസ്സിലും ഒന്നോ രണ്ടോ വെള്ളിവരകള്‍ മാത്രം കയറിയിരുന്ന ആ കേശഭാരമില്ലാതെ, എന്നോ കണ്ടുമറന്ന ഒരു സന്യാസിനിയെ പോലെയിരുന്ന അവളുടെ മുഖത്തെ ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നതായിരുന്നു.

ജനാലയ്ക്കപ്പുറം കുറച്ചകലെയായി പച്ചപുതച്ച കുന്നിന്‍ചെരിവിനെ പോക്കുവെയില്‍ പൊന്നാട അണിയിച്ചിരിക്കുന്നു. പുല്ലില്‍ ഓടിക്കളിക്കുന്ന കുട്ടികള്‍... അവര്‍ക്കിടയിലൂടെ ശശിക്കുട്ടനും ശോഭയും രവിക്കുട്ടനുമല്ലേ ഓടി വരുന്നത്? ശോഭയുടെ കുഞ്ഞുടുപ്പില്‍ നിറയെ മണ്ണുപറ്റിയിരിക്കുന്നല്ലോ... അല്ലെങ്കിലും കളിക്കുമ്പോള്‍ ഈ ആണ്‍കുട്ടികള്‍ക്ക് ഒരു ശ്രദ്ധയും ഇല്ല.. എത്ര പറഞ്ഞാലും കേള്‍ക്കില്ല! അച്ഛന്‍റെ കൈയിലെ പൊതിയിലുള്ളത് ആര്‍ക്കാണ് ആദ്യമെന്ന തര്‍ക്കത്തിലാണ് മൂവരും..
"കുട്ടികളെ ഇങ്ങനെ കളിപ്പിക്കാതെ വീതിച്ചുകൊടുത്തുകൂടെ ശേഖരേട്ടാ..?"
ഭാനൂ... നീ... നീയെങ്ങനെ ഈ കുന്നിന്മുകളില്‍...? അവിടെയിരിക്കുന്നത് സൂക്ഷിച്ച്...! കാണെക്കാണെ അവള്‍... താഴേക്ക് മറഞ്ഞുവോ...?

ഒരു വല്ലാത്ത നടുക്കത്തോടെ പിടഞ്ഞെഴുന്നെല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണുപോയ പൊതി എടുത്തുകൊണ്ടു തിടുക്കത്തില്‍ മുറിക്കു പുറത്തിറങ്ങി. നീണ്ട ഇടനാഴിയുടെ അങ്ങേത്തലയ്ക്കല്‍ വാതില്‍ മലര്‍ക്കെ തുറന്നു കുറെ വെളുത്തരൂപങ്ങള്‍ ഒരു സ്ട്രക്ചര്‍ തള്ളിക്കൊണ്ട് പുറത്തേക്ക് വരുന്നു. കുന്നിന്‍ചരിവില്‍ വീണു കിടക്കുകയല്ലേ ഭാനുമതി.. എവിടെനിന്നോ ആര്‍ജിച്ച വല്ലാത്തൊരു ശക്തിയോടെ ആശുപത്രിക്കെട്ടിടത്തിന്റെ പിന്നിലേയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഓടുകതന്നെയായിരുന്നു. പച്ചവിരിച്ച കുന്നിന് പകരം ചാരനിറത്തിലുള്ള കെട്ടിടം മാത്രം ഉയരത്തില്‍ നിന്നിരുന്നു. അപ്പോള്‍... ഞാന്‍ കണ്ടതെല്ലാം...? അവിടെ വെള്ളപുതച്ചുകിടന്ന രൂപത്തിനുപിന്നില്‍ പൊട്ടിക്കരഞ്ഞത് ശോഭയായിരുന്നോ? പെരുവിരലില്‍ നിന്ന് ഒരു വിറയല്‍ മുകളിലേക്ക് പടര്‍ന്നുപിടിക്കുന്നു... ഒന്നും കാണാനാവുന്നില്ലല്ലോ ഭഗവാനെ... നെഞ്ചിന്നുള്ളില്‍ പൊട്ടിത്തെറിക്കുന്നത് അഗ്നിപര്‍വതമാണോ? ശരീരത്തിന് ഭാരമില്ലാതാവുന്നത് പോലെ... കൈകാലുകള്‍ തളര്‍ന്നുപോവുന്നു... വീഴ്ചയില്‍ കൈയിലെ പൊതി ദൂരെ എവിടെയോ തെറിച്ചു വീണു... ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആകാശത്തേയ്ക്കുയര്‍ന്ന ധൂളികളോടൊപ്പം ഭാനുമതിയുടെ മുടിച്ചുരുളുകള്‍ അവിടം മുഴുവന്‍ പാറിപ്പറന്നു.

8 comments:

Mr. X said...

സ്പര്‍ശിച്ചു, ഈ കൊച്ചു കഥ...
nice post.

പകല്‍കിനാവന്‍ | daYdreaMer said...

നെഞ്ചിന്നുള്ളില്‍ പൊട്ടിത്തെറിക്കുന്നത് അഗ്നിപര്‍വതമാണോ? ശരീരത്തിന് ഭാരമില്ലാതാവുന്നത് പോലെ... കൈകാലുകള്‍ തളര്‍ന്നുപോവുന്നു... വീഴ്ചയില്‍ കൈയിലെ പൊതി ദൂരെ എവിടെയോ തെറിച്ചു വീണു... ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആകാശത്തേയ്ക്കുയര്‍ന്ന ധൂളികളോടൊപ്പം ഭാനുമതിയുടെ മുടിച്ചുരുളുകള്‍ അവിടം മുഴുവന്‍ പാറിപ്പറന്നു.

ദേ പിന്നേം കരച്ചില്... !

നല്ല ഭാവനയുണ്ട്.. പക്ഷെ എഴുത്തില്‍ ചിലയിടങ്ങളില്‍ കുറച്ചു കൂടി കാര്യങ്ങള്‍ വിശദമാക്കാമായിരുന്നു എന്ന് തോന്നി....ആശംസകള്‍...
പ്രിയ സുഹൃത്ത്...

ചങ്കരന്‍ said...

ഇഷ്ടമായി, ഇതും പഴയതും, സമയമുള്ളപ്പോള്‍ മുഴുവന്‍ വായിക്കണം.

chimbu said...

valare nannayirikkunnu! ............

ശിവകാമി said...

നന്ദി ആര്യന്‍, പകല്‍, ചങ്കരന്‍ & Chimbu
പിന്നെ വെറുതെ വായിച്ചുപോയവര്‍ക്കും...

★ Shine said...

നന്നായിരിക്കുന്നു..

B Shihab said...

നന്നായിരിക്കുന്നു..

ശിവകാമി said...

നന്ദി Sri. shine, Shihab