About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 29, 2008

ഇവിടെ ഒരമ്മ...

പ്രാര്‍ത്ഥന കഴിഞ്ഞും നിസ്കാരപായയുടെ അറ്റം തെരുപ്പിടിപ്പിച്ചു കൊണ്ടു എത്രനേരമാണ് അങ്ങനെ തന്നെയിരുന്നതെന്ന് അറിയില്ല. രാവിലെ ഉമ്മറത്തെ ചാരുകസേരയില്‍ തളര്‍ന്നു വീണുപോയ ബാപ്പയുടെ മുഖത്ത് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തലയ്ക്കുള്ളില്‍ പുകയുന്ന അഗ്നിപര്‍വതവും ചുറ്റിനും കുത്തുവാക്കുകളുടെ കൂരമ്പുകളും മാത്രമാണല്ലോ കുറെ നേരമായി! ഇടയ്ക്ക് സാന്ത്വനമായും ചിലര്‍..


ഇതെല്ലാം താങ്ങാനുള്ള കരുത്ത്‌ തരണേ.. ന്‍റെ റബ്ബേ... എന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളു.. ആരെന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‍ എനിക്കാവില്ല! എന്‍റെ മോന്‍... ഇല്ല.. അവന് കഴിയില്ല അങ്ങനെയാവാന്‍..


"എന്തെല്ലാം കാണണം ആണ്ടവാ!! അന്ത പയ്യനെ പാര്‍ത്താല്‍ അപ്പാവി മാതിരി താനെ തെരിയുത്? കടവുളേ.. ഇതൊന്നുമറിയാതെ അവുങ്ക പക്കത്തിലേ ഇരുന്തോമേ... ശിവ! ശിവ! ഇവുങ്കളെയെല്ലാം നിക്ക വെച്ചു ശുടണം!" നിറുത്താതെ ഓരോന്ന് പുലമ്പുന്നത് പങ്കജമാമിയാണ്.

"ഉടമ്പുക്ക് മുടിയലെന്നാ സൊല്ലവേണ്ടാമാ? വാമ്മാ, ഇതു കഴിക്ക്. നാന്‍ ചെയ്തതാ, തൈര്‍സാദം.. ഇതാ പയ്യനുക്ക് ഇഡലിയും ചട്നിയും ഉണ്ട്. "



"അതിനിപ്പോള്‍ ഇവിടെ എന്തുണ്ടായി മാമി? റഷീദ് ഒരിക്കലും അത്തരക്കാരനാവില്ലെന്നു എനിക്കുറപ്പുണ്ട്. ഇതെന്തോ ഒരു സംശയത്തിന്‍റെ പേരില്‍ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയി എന്നല്ലേയുള്ളൂ?" മാധവന്‍കുട്ടിമാഷാണ്.
"സുഹറ കണ്ടോളൂ.. റഷീദ് നമുക്കൊക്കെ അഭിമാനമാവും. മിടുക്കനാ അവന്‍.. എല്ലാത്തിനും ഫസ്റ്റ് ആണ്!! എല്ലാം അറിയണമെന്ന് ആഗ്രഹവും ഉണ്ട്. കഴിയുന്നത്ര പഠിപ്പിക്കണം കേട്ടോ.."

"പാട്ടി കൊഞ്ചം മിണ്ടാതിരിക്ക്യോ? റഷീദ് അന്തമാതിരി പയ്യന്‍ കിടയാത്. അവന്‍ ഏന്‍ ഫ്രണ്ട്. അങ്കിള്‍, പ്ലീസ് നമുക്കെന്തെങ്കിലും ചെയ്യണം ഉടനെ." പങ്കജമാമിയുടെ പേരക്കുട്ടി ശ്രീറാം അവന്‍റെ ഉറ്റചങ്ങാതിയാണ്.

"റഷിയുമ്മാ, പാട്ടിയോട്‌ പറയല്ലേ.. ചിക്കന്‍ കറി കുറച്ചു കൂടുതല്‍ വെക്കണം അവന്‍റെ ബോക്സില്‍. അല്ലെങ്കില്‍ അവന് കിട്ടില്ല!! "

"അപ്പോഴേ ഞാന്‍ വിശ്വേശ്വരനോട് പറഞ്ഞതാ മാഷേ.. നമ്മ ആള്‍ക്കാര്‍ക്ക് കൊടുത്താല്‍ മതി വീടെന്ന്. അപ്പോള്‍ അവന് കൂടെ പഠിച്ച കൂട്ടുകാരനോട് സ്നേഹം! " പങ്കജമാമി അനുജനെ പഴിക്കുകയാണ്.

"മോള്‍ക്കറിയ്യോ, സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഞങ്ങളുടെ കൂട്ടുകെട്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന വീട് ഇവനെയല്ലാതെ ആരെ ഏല്‍പ്പിക്കും? എപ്പോഴെങ്കിലും ഒന്നു കാണണമെന്നു തോന്നിയാല്‍ ധൈര്യമായി വരാല്ലോ.."


പുറത്ത് പലരുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌... ശ്രദ്ധിക്കാനുള്ള മനസ്സിന്‍റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു... ചുവരിലെ ചിത്രത്തിലെ പട്ടാളക്കാരന്റെ മുഖത്തെ ഭാവമെന്താണ്? കേള്‍ക്കുന്നുണ്ടോ ഇതുവല്ലതും? രാജ്യത്തിന് വേണ്ടി വീരചരമം വരിച്ച ആളുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്...


"ഉമ്മ നോക്കിക്കോളൂ.. ഇത്തവണ ഫസ്റ്റ്റാങ്ക് ഉമ്മാടെ മോന് തന്നെ കിട്ടും. എനിക്ക് ഒരുപാടു പഠിക്കണം ഉമ്മാ.. വാപ്പാനെ പോലെ രാജ്യത്തെ സേവിക്കണം."

ഇക്കാ.. ഇക്കാടെ തൊട്ടാവാടി പെണ്ണിന് പക്ഷെ അവനെ കൂടി നഷ്ടപ്പെടുത്താന്‍ വയ്യ..


"അയ്യേ.. എന്തിനാ ന്‍റെ ഉമ്മക്കുട്ടി പേടിക്കണേ.. പട്ടാളത്തില്‍ ചേരാണ്ട് തന്നെ രാജ്യത്തെ സേവിച്ചൂടെ? എനിക്ക് ഐഎഎസ് എടുക്കണം. "



ആരോ വലിയ ശബ്ദത്തോടെ വാതില്‍ തള്ളിത്തുറന്നുവല്ലോ.. ഘനഗംഭീരമായ സ്വരത്തിനുടമ ബഷീറിക്ക തന്നെ. ഒപ്പം കുറെ സമുദായ പ്രമുഖരും ഉണ്ടെന്നു തോന്നുന്നു.


"ഓള് കൊഞ്ചിച്ചു വഷളാക്കിയത് തന്നെ..! ഓന്‍ ചോദിക്കണതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ? കമ്പ്യൂട്ടര്‍ വേണന്ന് ഓന്‍ കരഞ്ഞത്രെ! പെങ്ങളായിപ്പോയില്ലേ.. വന്നു കൈനീട്ടിയപ്പോ എടുത്തു കൊടുത്തുപോയി! ന്നിട്ടിപ്പോ എന്തായി?"


"നമ്മടെ കൂട്ടര്ടെ എടേല് വന്നു താമസിക്കാന്‍ എത്ര പറഞ്ഞതാ?"

"ഈ അഗ്രഹാരത്തില്‍ വന്നു കെടക്കണ്ട വല്ല കാര്യോണ്ടോ? അത് പറഞ്ഞപ്പോ മൂപ്പര്‍ക്ക് പിടിച്ചില്ലാ.. ഉറ്റ ചങ്ങായീന്റെ വീടാണ്.. പിന്നെ ചുളു വെലയ്ക്കും കിട്ടിയില്ലേ?"

"അദൊക്കെ എന്തിനാ ഇപ്പോ പറയണേ? നമ്മടെ കുട്ടീനെ എറക്കി കൊണ്ടുവരണ വഴി നോക്കാം"


"എംഎല്‍ഏനെ കൊണ്ടു പറയിക്കാംന്ന് പറഞ്ഞിരിക്കുന്നു നമ്മടെ പഞ്ചായത്ത് മെമ്പര്. ഓനെ വിട്ടോളും.. ന്നാലും വന്ന പേരുദോഷം പൂവ്വോ? "


അടിവയറ്റില്‍ നിന്നൊരു തീഗോളം മുകളിലേക്ക് പടര്‍ന്നു പിടിച്ചുവോ? അതിന്‍റെ പുകച്ചുരുളുകള്‍ തൊണ്ടയിലൂടെ മുകളിലെത്തി കണ്ണുകളിലേക്കു പരന്നു കാഴ്ച നഷ്ടപ്പെടുന്നതിനു മുന്പേ എഴുനേല്‍ക്കണം.. ചുവരിലും അടുത്തുള്ള മേശയിലും പിടിച്ച് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ മുന്‍പ് രാധചേച്ചി കൊണ്ടുവന്ന് വെച്ചിട്ട് പോയ ഗ്ലാസ് ചരിഞ്ഞ് വസ്ത്രത്തിലും കിടക്കയിലും ചായ വീണു നനഞ്ഞുവെങ്കിലും കാര്യമാക്കിയില്ല. മങ്ങുന്ന കാഴ്ച്ചയെ വീണ്ടെടുക്കാനെന്നവണ്ണം കണ്ണുതിരുമ്മി. എന്നും തുടയ്ക്കാറുള്ള ആ ചിത്രം ഇന്നാരാണ് കുറേകൂടി മുകളിലേക്ക് വെച്ചത്? നിസ്കാരക്കുപ്പായം കാലില്‍ തടഞ്ഞ്‌ അതെടുക്കാന്‍ ആവുന്നില്ലാ... അതഴിച്ച് പായയില്‍ തന്നെ വെച്ചു. മടക്കി ഒതുക്കിവെയ്ക്കുന്ന പതിവുകള്‍ ഒന്നും ഓര്‍മ്മയില്‍ വന്നില്ല. പ്രാണനാഥന്റെ ചിത്രം ആയാസപ്പെട്ട്‌ ആണിയില്‍ നിന്നും വിമുക്തമാക്കി, താഴെ വീണു ചില്ലുടയാതെ വിറയ്ക്കുന്ന കൈകളാല്‍ മുറുകെ പിടിച്ചു മാറോടു ചേര്‍ത്തു. ഉമ്മറത്തിരിക്കുന്ന മുതിര്‍ന്നവരുടെ മുന്നിലൂടെ കടന്നുപോവുമ്പോള്‍ സാരിത്തലപ്പ് തലയിലൂടെ ഇട്ടുവോ? വാപ്പയുടെയോ മോന്റെയോ കൂടെയല്ലാതെ ഇതിന് മുന്‍പ് എപ്പോഴാണ് ഈ പടിയിറങ്ങിയിരിക്കുന്നത്? അമ്പരന്നിരിക്കുന്ന വീട്ടുകാരുടെയും പുറത്തുനിന്നു പലതും പറയുന്ന നാട്ടുകാരുടെയും മുഖങ്ങള്‍, നെഞ്ചിനുള്ളിലും പുറത്തും എരിയുന്ന പൊരിവെയിലില്‍ കാണാനാവുന്നില്ല.. പിന്‍ വിളികളും പുലഭ്യങ്ങളും ആത്മഗതങ്ങളും അവ്യക്തമായി കാതില്‍ വീഴുന്നുണ്ടെങ്കിലും ഉള്ളിലേക്ക് കടക്കുന്നതെയില്ലാ..

"അവള്‍ക്കൊരു കൂസലുമില്ല കണ്ടോ?!! ഞാനോ മറ്റോ ആയിരിക്കണം.. എപ്പോഴേ തൂങ്ങി ചത്തേനെ!"


"അറിയ്യോ? കമ്പ്യൂട്ടറില്‍ ഇപ്പൊ ബോംബുണ്ടാക്കുന്നതും പഠിക്ക്യാത്രേ! അവനതൊക്കെയാവും ചെയ്തോണ്ടിരുന്നത്‌. "


"മോളെ... യ്യിത് എങ്ങോട്ടെയ്ക്കാ? " വാപ്പയുടെ തളര്‍ന്ന സ്വരം.

എന്നോട് ക്ഷമിയ്ക്കൂ വാപ്പാ.. എങ്ങോട്ടാണെന്ന് എനിക്കും അറിയില്ല, പക്ഷേ, അങ്ങയുടെ മകന്‍റെ കുഞ്ഞിനെ മോചിപ്പിക്കാന്‍ എനിക്ക് പോകാതെ വയ്യ..


"സുഹറ, കുട്ട്യെന്തിനാ പോണേ? അവനെ ഇപ്പൊ കൊണ്ടുവരും മോളെ.. പറയണത് കേള്‍ക്കൂ.. " മാഷിന്‍റെ അപേക്ഷ.

ഇല്ലാ മാഷേ.. എനിക്കെന്‍റെ കുട്ടിയെ കാണണം.. ഒരു പട്ടാളക്കാരന്റെ രക്തമാണ് അവന്‍റെ സിരകളില്‍ ഒഴുകുന്നതെന്ന് എനിക്കവരോട് പറയണം.. ഒരു ഭാരതീയനാണെന്നു അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ മാത്രമേ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുള്ളൂ... അവനൊരു രാജ്യദ്രോഹി ആവാന്‍ കഴിയില്ല എന്ന് പറയണം.. കാലുകള്‍ തളര്‍ന്നു വീണുപോവുന്നതിനു മുന്‍പ്... ഇരുള്‍മൂടി കാഴ്ച്ച മറയുന്നതിനു മുന്‍പ്... എനിക്കവിടെ എത്തണം..

8 comments:

പകല്‍കിനാവന്‍ | daYdreaMer said...

കാലുകള്‍ തളര്‍ന്നു വീണുപോവുന്നതിനു മുന്‍പ്... ഇരുള്‍മൂടി കാഴ്ച്ച മറയുന്നതിനു മുന്‍പ്...

ശിവകാമി ...നല്ല സ്റ്റൈലന്‍ എഴുത്ത് കൂടി... നന്നായി പറഞ്ഞിരിക്കുന്നു... നല്ല കഥ.
ഒപ്പം പുതുവത്സരാശംസകള്‍ ആശംസകള്‍ കൂടി .

പാറുക്കുട്ടി said...

നല്ല പോസ്റ്റ്.
പുതുവത്സരാശംസകൾ!

Sriletha Pillai said...

nalla katha,nalla sandesam!

Unknown said...

പുതുവത്സര സന്ദേശം ആണോ?
നന്നായിരിക്കുന്നു.

OpenThoughts said...

നല്ല സന്ദേശം,
ഒരു യഥാര്‍ത്ഥ വിശ്വാസി രാജ്യദ്രോഹിയാവുകയില്ല, ഭീകരവാദിയും. ബഷീറിക്കാനെ പോലെ സാമുദായികവാദിയും ആകുകയില്ല. വിശ്വാസം മനുഷ്യനെ മതത്തിന്‍റെയും ബന്ധപെട്ട വിശ്വാസങ്ങളുടെയും സങ്കുചിത വലയത്തില്‍ കുരുക്കിയിടാന്‍ പാടില്ല. ‍റഷീദിന്‍റെ കുടുംബത്തിന്‍റെ വേദന പങ്കജമാമിയും അനുഭവിയ്ക്കുന്നു.

ഒരു തിരിച്ചറിവ് കൂടി...
നാം പലരെയും രാജ്യദ്രോഹികളായി, ഭീകരവാദികളായി മുദ്ര കുത്തുന്നു, ജയിലിലടയ്ക്കുന്നു...വര്‍ഷങ്ങള്‍യ്ക്ക് ശേഷം നിരപരാധി എന്ന് വിധിച്ചു വിട്ടയയ്ക്കുന്നു. ... ഇത് കുറെയേറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌.

ഏതായാലും നല്ലൊരു പുതുവത്സര സന്ദേശം...!!

ആശംസകളോടെ,

സസ്നേഹം,
- നവാസ്

OpenThoughts said...

വിട്ടു പോയ ഒരു കാര്യം,

ആ അമ്മയുടെ വേദന ...അതൊരു പ്രതീകം തന്നെയാണ്... ജനിച്ചത്‌ പെണ്ണാവുന്നതല്ല ആണ്‍ കുട്ടികള്‍ടെ ഭാവിയാണ് അവരെയിന്നു അലട്ടുന്നത്.

ഒരു അമ്മവാക്യം: " പെണ്‍കുട്ട്യോളെ അവര്‍ടെ കേട്ട്യോന്മാര്‍ നോക്കിക്കോളും ...ഈ ചെക്കന്മാര്ടെ കാര്യമാലോചിച്ചിട്ടാ ..!!"

-നവാസ്

ശിവകാമി said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി... ഒരുപാടു സന്തോഷം..
ശിവകാമി.

രാജേഷ്‌ രാജന്‍ said...

ശിവകാമി, ഞാനിത് വായിക്കാന്‍ വൈകി. ചെറിയ കഥ വളരെ നന്നായി അവതരിപ്പിച്ചു, അതും കാര്യമാത്ര പ്രസക്തമായ വിഷയം.
നമ്മുടെ നാട്ടില്‍ എത്രയോ ചെറുപ്പക്കാര്‍ ഇന്ന് ഇതിന്റെ പിടിയില്‍ അമരുന്നു. അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം എന്താണെന്നൊ, ജീവിതകാലം മുഴുവന്‍ അവരുടെ കുടുംബത്തെ സംരക്ഷിച്ച് കൊള്ളുക. പിന്നെ ധാരാളം പണവും. ഇതൊന്നുമില്ലാത്ത പാവങ്ങള്‍ ആണ് ഇതിനു ബലിയാടാവുന്നത്.