ഓഫീസിലേക്ക് പോവാനൊരുങ്ങി പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്.
കഴിഞ്ഞുപോയ ഏതോ പിറന്നാള്‍ സല്‍ക്കാരത്തില്‍ അതായിരുന്നു ഞങ്ങള്‍ സ്ത്രീകളുടെ ഇടയിലെ ഒരു ചര്‍ച്ചാവിഷയം. മകള്‍ക്ക് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം എനിക്ക് ഒഴിവാക്കേണ്ടിവന്ന ആ മഹാസംഭവത്തെ കുറിച്ച് എല്ലാവര്‍ക്കുമുണ്ടായിരുന്നു പറയാന്‍.
"ഹിന്ദിസിനിമേലെ പോലെയുള്ള വേഷങ്ങളൊക്കെ കാണാം!"
"ഇത്തവണ ഡ്രെസ്സും ആഭരണങ്ങളും നേരത്തെ വാങ്ങി വെയ്ക്കണം. കഴിഞ്ഞ പ്രാവശ്യം ചേരുന്ന കമ്മലിനു വേണ്ടി കുറെ നടന്നു!"
"ഞാന്‍ പോയത് എന്റെ ഫേവറിറ്റ് പാട്ടുകാരന് സോനു നിഗമിനെ കാണാനായിരുന്നു.. വാട്ട് എ ക്യൂട്ട് ബോയ് ഹി ഈസ്!!" ആവശ്യത്തില്‍ കൂടുതല്‍ ആശ്ചര്യഭാവങ്ങളുമായി മറ്റൊരാള്‍.
ഒരു അടുത്ത കൂട്ടുകാരി പതുക്കെ പറഞ്ഞു, "ഈ പൊങ്ങച്ചക്കാരുടെയും പരിഷ്ക്കാരികളുടെയും ഇടയില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി.. നീയും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി ട്ടോ!"
"വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് തിളങ്ങാന്‍ പറ്റുന്ന ദിവസമല്ലേ! ഈ വര്‍ഷത്തെതിനു എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന ചര്‍ച്ചയാണെന്ന് തോന്നുന്നു." ഇടയ്ക്ക് കയറിയ പുരുഷപ്രജ കളിയാക്കി.
ഭര്‍ത്താവിനെ യാത്രയാക്കി മറ്റു പണികളും തിടുക്കത്തില്‍ തീര്‍ത്ത് ഞാന്‍ എന്റെ ഉറ്റതോഴിയെ വിളിച്ച് ചൂടോടെ വിശേഷം വിളമ്പി.
"നാട്ടിലെ കല്യാണപാര്‍ട്ടിക്ക് പോണപോലെ പട്ടുസാരീം മുല്ലപ്പൂവുമൊന്നും വെച്ചു പോയേക്കല്ലേ പെണ്ണെ.. കുറച്ചു സ്റ്റൈല്‍ ആയിട്ടൊക്കെ പോവണം. അല്ലെങ്കില്‍ നിനക്കല്ല നാണക്കേട്! " അവള് പൊട്ടിച്ചിരിയോടെ കളിയാക്കി.
അവളോട് പിണക്കം നടിച്ചു ഫോണ്‍ വെച്ചിട്ട് നേരെ അലമാരി തുറന്നു നോക്കിനില്പ്പായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ചേച്ചി സമ്മാനിച്ച കുഞ്ഞു മുത്തുകളും കല്ലുകളും പിടിപ്പിച്ച ഒരു സാരി തിരഞ്ഞെടുത്തു. ചേരുന്ന കമ്മലും മാലയും വാങ്ങേണ്ടിവരും. രണ്ടാഴ്ച സമയമുണ്ടല്ലോ എന്നാശ്വസിച്ചു സാരി തിരികെവെച്ച് അലമാരി പൂട്ടിയപ്പോഴാണ് അതില്‍ പതിപ്പിച്ചിരിക്കുന്ന നീളന്‍ കണ്ണാടിയിലേക്ക് നോക്കിയത്. മുഖത്ത് ചെറിയ കുരുക്കളൊക്കെ വന്നിരിക്കുന്നു! കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടിയിട്ടുണ്ടോ എന്നും സംശയം. മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞമ്മാവന്റെ മകളുടെ കല്യാണത്തലേന്നാണ് അവസാനമായി ഫേഷ്യല്‍ ചെയ്തത്. പുരികത്തിലെ രോമം പറിച്ചുകളയുന്നതുപോലെ സങ്കടമുള്ള കാര്യം വേറെയില്ല! എപ്പോള്‍ പോയാലും അവിടൊരു കണ്ണുനീര്‍പ്പുഴ ഒഴുക്കിയിട്ടെ ഞാന്‍ മടങ്ങാറുള്ളൂ. എന്തായാലും ഇത്തവണ അതൊക്കെ ചെയ്തേ പറ്റൂ.
പിന്നീടുള്ള ദിവസങ്ങള്‍ നീങ്ങിക്കിട്ടാന്‍ കൂടുതല്‍ നേരമെടുത്തതുപോലെ തോന്നി. അതിനിടയില്‍ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തു.
"എന്തുപറ്റി മോളെ നമ്മുടെ അമ്മയ്ക്ക്? പതിവില്ലാത്ത കാര്യങ്ങളൊക്കെ ആണല്ലോ" എന്ന് തുടങ്ങിയ ശബ്ദങ്ങള്‍ ശ്രദ്ധിച്ചതേയില്ല.
അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരമായപ്പോള്‍ത്തന്നെ നിലക്കണ്ണാടിയുടെ മുന്നിലെത്തി. ഇപ്പോഴത്തെ നായികമാരെ പോലെ മുടി അഴിച്ചിട്ടാലോ എന്ന ചിന്തയായി. രാവിലെത്തന്നെ ഷാമ്പൂ ഇട്ടു കഴുകി ഉണക്കിയ മുടി ചീകി ഒതുക്കുമ്പോള്‍ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു കുതിച്ചു. രാവിലെ ഈറന്‍ തോരാത്ത മുടി കെട്ടാന്‍ നില്‍ക്കാതെ പുസ്തകക്കെട്ടുമായി ഓടുമ്പോള്‍ അപ്പുറത്തെ വീട്ടിലെ നാണിക്കുട്ടിയമ്മ പിന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറയുമായിരുന്നു.
"പെങ്കുട്ട്യോള് ങ്ങനെ മുടിയഴിച്ചിടണത് അശുഭാണ് കുട്ട്യേ.." എന്നിട്ട് യാത്രയയക്കാന്‍ പടിക്കല്‍ നില്ക്കുന്ന അമ്മയോട്, "ങ്ങന്യാ നീ കുട്ട്യോളെ വളര്‍ത്തണേ? അവളോട് പറഞ്ഞൂടെ നെനക്ക്? "
"അതൊക്കെ അവിടെ എത്തുമ്പോഴേക്കും ചെയ്തോളാം ന്നാ അവള് പറയണെ"
"അമ്മ ഇതുവരെ റെഡി ആയില്ലേ? " പിന്നില്‍ നിന്നും മകളുടെ ശബ്ദം, ഉഴുന്നുമാവ് പോലെ വയറുള്ള നാണിക്കുട്ടിയമ്മയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റി. അവരോട് മനസ്സാല്‍ മാപ്പ് പറഞ്ഞ്, മുടി നല്ലതുപോലെ ചീകി അങ്ങനെ തന്നെ അഴിച്ചിട്ടു. കല്യാണത്തിനോ മറ്റോ വാങ്ങിയ ഫൌണ്ടേഷന് ക്രീം എടുത്തു പ്രയോഗിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം, ശ്ശൊ.. അത് ശരിയാവുമോ എന്ന്. പിന്നെ സമയം വൈകുന്നതോര്‍ത്തപ്പോള്‍ രണ്ടാമതൊരു ചിന്തക്ക് നില്‍ക്കാതെ മകളുടെ പ്രച്ഛന്നവേഷമത്സരത്തിനു വാങ്ങിയ ലിപ്സ്ടിക്ക് എടുത്തു പുരട്ടി. കണ്ണാടിയില്‍ നിന്നും ഒരടി മാറി നിന്ന് നല്ലതുപോലെ ഒന്നു പുഞ്ചിരിച്ചു നോക്കി തൃപ്തിപ്പെട്ടു.
വീട്ടില്‍ നിന്നുമിറങ്ങി ലിഫ്റ്റില്‍ കയറാന്‍ നേരത്ത് അവിശ്വസനീയതയോടെ എന്നെ നോക്കിയ ആളുടെ മുഖം കണ്ടപ്പോള്‍ ആത്മവിശ്വാസം കുറേശ്ശെ ചോര്‍ന്നുപോവുന്നതറിഞ്ഞു. മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് സ്വരം താഴ്ത്തി ചോദിച്ചു, "വൃത്തികേടുണ്ടോ?"
ഒന്നും പറയാതെ വെറുതെ ചിരിച്ച ആളുടെ മനസ് ഞാന്‍ വായിച്ചത് ഇങ്ങനെ ആയിരുന്നു, "എന്തായാലും ആ മുഖത്തിന് പകരം ഐശ്വര്യാ റായീടെ മുഖം വരില്ലല്ലോ.."
പിന്നിലേക്കു ഓടി മറയുന്ന വഴിയോരക്കാഴ്ച്ചകളില്‍ മനസ്സുറയ്ക്കാതെ കാറില്‍ വെറുതെയിരുന്നു. കാറ്റില്‍ മുടി പറന്നു തുടങ്ങിയപ്പോള്‍ ഗ്ലാസ് കയറ്റിയിട്ടു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ കവാടത്തില്‍ വെച്ചുതന്നെ നിറങ്ങളുടെ മേള കാണാന്‍ കഴിഞ്ഞു. ആവശ്യത്തിലധികം അംഗ വിക്ഷേപങ്ങളും മുഖത്ത് ചായങ്ങള്‍ക്കൊപ്പം തേച്ചു പിടിപ്പിച്ച ചിരിയുമായി കുറെ രൂപങ്ങള്‍. പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. ബാഗില്‍ എപ്പോഴും കരുതാറുള്ള ഹെയര്‍ ബാന്റെടുത്ത് മുടി ചേര്‍ത്തു പിടിച്ചിട്ടു. തൂവാലയെടുത്ത് മുഖം അമര്‍ത്തി തുടച്ചു. കാറില്‍ നിന്നും ഇറങ്ങി മകളുടെ കൈപിടിച്ചു മുന്നില്‍ നടക്കുന്ന ആളുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടില്ലെന്നുനടിച്ച് അവര്‍ക്കു പിന്നിലായി ഞാനും ഉള്ളിലേക്ക് കയറി.
9 comments:
"എന്തായാലും ആ മുഖത്തിന് പകരം ഐശ്വര്യാ റായീടെ മുഖം വരില്ലല്ലോ.."
ചായം തേച്ചു മിനുപ്പിച്ച മുഖംമൂടികള്ക്കൊരു മറുപടി ആയിക്കോട്ടെ...
കൊള്ളാം ... ആശംസകള്‍...
സ്വാഭാവികമായി വരുന്ന ചില തോന്നലുകൾ
സ്വാഭാവികമായിത്തന്നെ പറഞ്ഞിരിയ്ക്കുന്നു ശിവകാമി
Nice Madam.
:-)
Upasana
മനസിന് ചായം തെകാന്‍ പറ്റിലാലോ
ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. ആശംസകൾ
നന്ദി.....
പകല്‍കിനാവന്‍,
ഭൂമിപുത്രി,
ഉപാസന,
നവരുചിയന്‍,
ലക്ഷ്മി
ഇഷ്ടപ്പെട്ടു
CONGRATS
എന്നാലങ്ങിനെ ആയ്ക്കോട്ടെ..
അതേപോലെ...
ചില ആവർത്തനങ്ങൾ
വിരസത ഉണ്ടാക്കില്ല...
Post a Comment