About Me

My photo
A person who loves to read, write, sing and share thoughts.

Monday, September 1, 2008

റിയാലിറ്റിഷോ

കുലുക്കത്തോടെ തീവണ്ടി ഏതോ സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍ ചെറിയ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ചുറ്റുംനോക്കി. തിരക്കിട്ട് ഇറങ്ങാനുള്ളവരുടെയും കയറുന്നവരുടെയും പുസ്തകങ്ങളും പലഹാരങ്ങളും വില്‍ക്കുന്നവരുടെയും പലപല ശബ്ദങ്ങള്‍ കാതില്‍ വീണുവെങ്കിലും അതിലൊന്നും ശ്രദ്ധിക്കാനാവാതെ കഴിഞ്ഞ കൊച്ചുമയക്കത്തില്‍ കണ്ട ഇരുണ്ട ഇടനാഴി ഏതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു മനസ്സ്. ആരോരുമില്ലാതെ ഒറ്റപ്പെട്ട് ഇരുട്ടിലൂടെ ഓടുന്നതോ മറ്റോ ആയിരുന്നു ആ സ്വപ്നം. അതോ ട്രെയിന്‍ ഏതോ തുരങ്കത്തിലൂടെ എന്നെയും കൊണ്ടുപോയതോ? ഒന്നും വ്യക്തമല്ല. കണ്ണുകള്‍ വീണ്ടും മൂടി അതൊരിക്കല്‍ കൂടി ഓര്‍ത്തെടുക്കാനുള്ള ശ്രമം നടത്തുമ്പോഴായിരുന്നു കാല്‍ക്കല്‍ എന്തോ സ്പര്‍ശിച്ചതുപോലെ തോന്നിയത്. കാല്‍ ഉള്ളിലേക്ക് വലിച്ച് നോക്കുമ്പോള്‍ താഴെ കാഴ്ചയില്‍ ഏഴുവയസ്സുകാരനെന്നുതോന്നിക്കുന്ന, ദേഹത്തും ധരിച്ചിരിക്കുന്ന നിക്കറിലും അഴുക്കും കരിയും പുരണ്ട ഒരു കൊച്ചുപയ്യന്‍ തറ തുടച്ചു വൃത്തിയാക്കുകയായിരുന്നു. അവനോടൊപ്പം വന്ന പെണ്‍കുട്ടി, തോളിലെ സഞ്ചി ഒന്നുകൂടി കയറ്റിയിട്ട്, കൈയിലെ മരംകൊണ്ടുള്ള വാദ്യോപകരണം ഉപയോഗിച്ചുകൊണ്ട് പ്രസിദ്ധമായ ഒരു ഹിന്ദിപ്പാട്ട് അവളുടേതായ രചനയിലും ശ്രുതിയിലും പാടിത്തുടങ്ങി. വരികള്‍ ഒന്നും ശരിയായിരുന്നില്ലെങ്കിലും ഈണം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ആ ഗാനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നവിധത്തിലായിരുന്നു. കുഴിഞ്ഞതെങ്കിലും തിളക്കമുള്ള അവളുടെ കണ്ണുകള്‍ വിദൂരതയിലേക്ക് ആഴ്ന്നതുപോലെ കാണപ്പെട്ടു.

അവളുടെ നില്‍പ്പും പാട്ടുമെല്ലാം എന്‍റെ ചിന്തകളെ തലേന്ന് ടിവിയില്‍ കണ്ട റിയാലിറ്റി ഷോയില്‍ എത്തിച്ചു. അവളുടെ പിന്നില്‍ വാദ്യവൃന്ദങ്ങള്‍ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വസ്ത്രങ്ങള്‍ക്കുവേണ്ടി കടകള്‍ കയറിയിറങ്ങുന്ന അമ്മയോ പാട്ടിനും നൃത്തത്തിനും ഗുരുക്കന്മാരെ തേടി അലയുന്ന അച്ഛനോ അവളോടൊപ്പം ഉണ്ടെന്നു തോന്നിയില്ല. പ്രശംസിക്കാന്‍ മലയാളത്തിലും ആംഗലത്തിലും വാക്കുകള്‍ക്കായി വിഷമിക്കുന്ന വിധികര്‍ത്താക്കള്‍ക്ക് പകരം അഴുക്കുപുരണ്ട അവളുടെ രൂപത്തെ അറപ്പോടെ നോക്കിയും അവള്‍ നില്‍ക്കുന്നയിടത്തുനിന്നും കുറച്ചുകൂടി അകന്നുനിന്നും, പുച്ഛമോ നിസ്സംഗതയോ മുഖത്തണിഞ്ഞവര്‍ ആയിരുന്നു അവളുടെ ശ്രോതാക്കളില്‍ അധികവും. എങ്കിലും തുടക്കത്തിലെ രണ്ടു വരിയോടുകൂടി ഞാനടക്കമുള്ള ചിലരുടെയെങ്കിലും മുഖത്ത് മതിപ്പെന്ന ഭാവവും വന്നിരുന്നു. പലരും തിരിഞ്ഞിരുന്നു പാട്ടു ശ്രദ്ധിച്ചുതുടങ്ങി.

"ഹോ!! ഇതുങ്ങള് ഇവിടേം വന്നോ...??"
പാട്ടിനെ മുറിച്ചുകൊണ്ട് കറുത്തുതടിച്ച ഒരാള്‍ എവിടെനിന്നെന്നറിയാതെ പെട്ടെന്ന് രംഗത്ത് പ്രത്യക്ഷപ്പെട്ടു. അയാളുടെ ശകാരവര്‍ഷം തുടരവേ പാട്ടുനിര്‍ത്തി പെണ്‍കുട്ടി ധൃതിയില്‍ കുനിഞ്ഞു താഴെനിന്നും എന്തോ എടുക്കാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമാണ് ഒരു കൊച്ചുകുഞ്ഞ് കൈയില്‍ ഒരു അലുമിനിയം പാത്രവുമായി ആളുകളെ സമീപിച്ചുകൊണ്ടിരുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്. പഴ്സില്‍ ചില്ലറ തിരയുന്നതിനിടയില്‍ നിരങ്ങിനീങ്ങിത്തുടങ്ങിയ വണ്ടിയില്‍ നിന്നും അതുല്യപാടവത്തോടെ കുഞ്ഞിനെയും ഒക്കത്ത് വെച്ചു ചാടിയിറങ്ങിയ അവളെ ഒരുനോക്കേ കാണാനായുള്ളു.. എങ്കിലും ആ കുഞ്ഞിന്‍റെ കൈയിലെ പാത്രത്തില്‍ അവള്‍ക്കു വേണ്ട വോട്ടിങ്ങ്ഫോര്‍മാറ്റ് ഉണ്ടായിരുന്നില്ല എന്നും പകരം അവരുടെ ഒരുനേരത്തെ വിശപ്പകറ്റാന്‍ പോലും തികയാത്ത കുറച്ചു മുഷിഞ്ഞ നോട്ടുകളും നാണയങ്ങളും മാത്രമായിരുന്നുവെന്നും ഞാന്‍ അറിഞ്ഞു.

7 comments:

jayasree said...

Well captured reality, in its actual sense.

OpenThoughts said...

കഴിവല്ല, പണവും സ്വാധീനവുമാണ് അംഗീകാരങ്ങളുടെ മാനദണ്ഡം എന്നത് ഒരു റിയാലിറ്റിയായി നില നില്ക്കുന്നു.
നന്നായിട്ടുണ്ട് ..!

സസ്നേഹം
-നവാസ്

Vinay said...

very thoughful and good narrative...make your blog more joyous..we have so many colourful and joyous experiences..and sometimes very hilarious as well.....

നിരക്ഷരൻ said...

വേദനിപ്പിക്കുന്ന ഒരു കാഴ്ച്ചയെപ്പറ്റിയാണ് ഈ പോസ്റ്റ് പറയുന്നത്. കാണുമ്പോള്‍ ഇടനെഞ്ച് പൊട്ടാറുണ്ട് എന്നും. ഇവരെ വെച്ച് വ്യാ‍പാരം നടത്തുന്ന ഒരു കൂട്ടം കാപാലികര്‍ ഉണ്ടെന്നറിയുമ്പോള്‍ മനുഷ്യന്‍ എന്ന ജന്മത്തോടുതന്നെ വെറുപ്പുതോന്നും....

മുസാഫിര്‍ said...

ഇതാ‍ണ് ജീവിതം എന്ന റിയാലിറ്റി ഷോ ,അല്ലെ ?

Unknown said...

Reflects the genuiene thoughts of a humane mind. Generally people needs entertainment alone. Whether its against survival or crores, who cares. Great keep going.

Anoop Kumar said...

jeevithathinte yatharthayathinte suganthamo atho durganthamo verthirichariyanavunnilla shiva... nalla feelings. keep it up