എച്ച്മുക്കുട്ടി
"നിനക്കീയിടെയായി പുതിയ കുറെ കൂട്ടുകെട്ടുകൾ ആണല്ലോ " എന്നൊരാളുടെ കമന്റ് കേട്ടപ്പോഴാണ് അതിനെക്കുറിച്ച് ഇരുത്തി ചിന്തിച്ചത്.
ചില ബന്ധങ്ങൾ അങ്ങനെയാണ്.. ഉറപ്പുള്ളതാവാൻ കാലങ്ങളൊന്നും കാത്തിരിക്കേണ്ട. പരിചയപ്പെടുന്നതിന്റെ അടുത്ത നിമിഷം തോന്നിക്കും, എത്രയോ ജന്മങ്ങളായി പരിചിതരായിരുന്നുവെന്നും കണ്ടുമുട്ടാൻ മാത്രം എന്തേ വൈകിപ്പോയി എന്നും.. ചിലപ്പോൾ സമാന ചിന്താഗതിക്കാരാവും.. മറ്റു ചിലപ്പോൾ ഒരേ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാവാം.. പരസ്പരം മനസിലാക്കാവുന്ന സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നവരാവാം... എന്നാൽ ഇതൊന്നുമില്ലെങ്കിലും ഹൃദയത്തോട് ചേർന്നിരിക്കുന്ന ആരോ ഒരാൾ എന്ന് തോന്നിപ്പിക്കുന്ന ചിലരും പെട്ടെന്നൊരു ദിവസം മുന്നിൽ പ്രത്യക്ഷപ്പെട്ടു വിസ്മയിപ്പിച്ചേക്കാം ... അങ്ങനെയൊരാളാണ് എനിക്ക് എച്ച്മുക്കുട്ടി.
ആദ്യകാലങ്ങളിൽ പേര് ഉണ്ടാക്കിയ കൌതുകമാണ് എച്ച്മുവോടുലകം സന്ദർശിക്കാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും പരിചിതവും മനോഹരവുമായ ഭാഷയും ചിന്താഗതികളും ചിലപ്പോഴൊക്കെ ഞാൻ പറയണമെന്ന് കരുതിയും സ്വയം സൃഷ്ടിച്ച ചില വേലിക്കെട്ടുകളെ പഴി ചാരി പറയാതിരുന്ന പലതുമെല്ലാം അവിടെ കണ്ടതുകൊണ്ടും സമയം കിട്ടുമ്പോഴൊക്കെ അവിടെ പോവാനും എഴുത്തുകാരിയെ പരിചയപ്പെടാനും വഴിയുണ്ടാക്കി. പിന്നെ ഇടയ്ക്ക് "മ്പേ മ്പേ" ന്ന് പശുക്കുട്ടിയായി വന്നെന്റെ ഇന്ബോക്സ് വാതിലിൽ മുട്ടാറുള്ള കൂട്ടുകാരിയിലേക്കുള്ള മാറ്റവും വളരെ പെട്ടെന്ന് തന്നെയായിരുന്നു.
തൃശ്ശൂർ വെച്ച് നടന്ന പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് എച്ച്മുക്കുട്ടിയെ നേരിൽ കണ്ടു. ചിരപരിചിതരായി വിശേഷം പറഞ്ഞു. "അമ്മീമ്മ കഥകൾ" എന്ന പുസ്തകം എഴുത്തുകാരി
അമ്മീമ്മ ക്കഥകൾ
മടക്കത്തിൽ നീണ്ട രാത്രിയിലെ ഏകാന്തമായ ട്രെയിൻ യാത്രയിലാണ് എച്ച്മുവിനെ ആദ്യമായി താളുകളിലൂടെ വായിക്കാനെടുത്തത്. എഴുത്തുകാരിയുടെ അമ്മയുടെ ചേച്ചി ആയിരുന്ന അമ്മീമ്മ, അനീതിക്കെതിരെ പൊരുതിയ, എന്തിനെക്കുറിച്ചും സ്വന്തമായ നിലപാടുകളുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ രത്നമാണെന്ന് പ്രകാശന സമയത്ത് പുസ്തകം പരിചയപ്പെടുത്തിയ പലരിൽ നിന്നും അറിഞ്ഞിരുന്നു. അവിടെ പുസ്തകത്തെ കുറിച്ച് പറഞ്ഞ മൂന്നുപേരും മൂന്നു തരത്തിലാണ് അതിനെ വിലയിരുത്തിയത്.
അമ്മീമ്മക്കഥകളിലൂടെ മുന്നോട്ടു പോവുമ്പോൾ എന്റെ മനസ്സിലൂടെ ഒരു സ്വച്ഛ സുന്ദരമായ നാട്ടിൻ പുറവും നിഷ്കളങ്കരായ കുറെ ജന്മങ്ങളും, കണ്ടു ശീലമുള്ള അഗ്രഹാരങ്ങളിലെ ബ്രാഹ്മണരും ഒക്കെ സിനിമാ കാഴ്ചകൾ പോലെ കടന്നുവന്നു. അതുകൊണ്ടുതന്നെ താളുകൾ മറിയുന്നതറിയാതെ അതിവേഗം ആ വഴിയെല്ലാം സഞ്ചരിച്ചു.
"ചിലപ്പോൾ ഇതെല്ലാം വെറും കഥകളാണ്.. ചിലപ്പോൾ കുറെ ഓർമ്മകളാണ് ... ചിലപ്പോൾ കഠിന വേദനകളാണ്.. ഇനിയും ചിലപ്പോൾ പരമമായ സത്യങ്ങളാണ്..." എന്ന് തുടക്കത്തിൽ കഥാകാരി തന്നെ പറയുന്നുണ്ടെങ്കിലും ഓരോ കഥയിലൂടെ സഞ്ചരിക്കുമ്പോഴും ഇതെല്ലാം ചിലപ്പോൾ 'തെരട്ടിപ്പാൽ' പോലെയോ 'മൊളേരി പായസം' പോലെയോ സ്വാദിഷ്ടമോ മധുരതരമോ മറ്റുചിലപ്പോൾ ഹൃദയത്തെ കാർന്നു തിന്നുന്നത്ര വേദനാജനകമോ ആയ അനുഭവങ്ങൾ തന്നെയെന്ന് തോന്നിപ്പിച്ച് ഓരോന്നും വായനക്കാരെ അതേയളവിൽത്തന്നെ രുചിപ്പിക്കുന്നുമുണ്ട് എഴുത്ത്.
ഓരോ കഥയും അവസാനിക്കുന്നിടത്ത് പിന്നിലെവിടെയോ കേൾക്കുന്ന കടലിരമ്പം പോലെ ചിന്തോദ്ദീപകങ്ങളായ ഒരു വരിയോ വാക്കുകളോ അവശേഷിപ്പിച്ച് ഒന്നുമറിയാത്തപോലെ കടന്നുപോവുന്നു കഥാകാരി..
ഓരോ കഥയും വിലയിരുത്താനോ അന്തരാർത്ഥങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനോ എന്റെ തുച്ഛമായ ഭാഷാ ജ്ഞാനം കൊണ്ട് മുതിരുന്നില്ല. പ്രധാന കഥാപാത്രമായ അമ്മീമ്മ മുതൽ അധികമൊന്നും പറയാതെ നിൽക്കുന്ന അനിയത്തിക്കുട്ടി വരെയുള്ള ഓരോരുത്തരും എന്തെങ്കിലുമൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. ആത്മവിശ്വാസവും ധൈര്യവും മനസ്സുറപ്പും ഉണ്ടെങ്കിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരു സ്ത്രീക്ക് കഴിയുമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് അമ്മീമ്മ. അതുപോലെ അമ്മീമ്മയുടെ ആത്മീയതയും യുക്തിചിന്തകളും ചിലപ്പോഴൊക്കെ എന്റെ അമ്മയെ ഓർമ്മിപ്പിച്ചു. ഒരുപക്ഷെ മനുഷ്യരാലോ മരണത്താലോ തനിച്ചാക്കപ്പെട്ട് ജീവിതവുമായി പോരാടുന്നവരുടെ ചിന്തകളിലെ സമാനതയാവാം. ദൈവങ്ങളുമായുള്ള ചങ്ങാത്തവും വാദഗതികളും എന്റെ ചിന്തകളുമായി സാമ്യമുണ്ടായിരുന്നു..
പുസ്തകം മടക്കി വെക്കുമ്പോൾ അമ്മീമ്മ മാത്രമല്ല, തെണ്ടി മയ്സ്രെട്ടും പാറുക്കുട്ടിയും കണ്ണന്ചോവനും ഗോവിന്നനുമൊക്കെ ജീവസ്സുറ്റ രൂപങ്ങളായി മനസ്സിൽ അവശേഷിക്കുന്നു. ഒപ്പം ഓരോ കഥ/അനുഭവവും സമ്മാനിച്ച സന്തോഷവും സന്താപവും നടുക്കവും വിങ്ങലുമെല്ലാമെല്ലാം അതുപോലെ.......
ഇനിയുമിനിയും ഒരുപാട് കഥകൾ കേൾപ്പിക്കാൻ എച്ച്മുക്കുട്ടി ക്ക് കഴിയട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.
----------------------------------------------------------------------
ഇതൊരു പുസ്തകാവലോകനമോ നിരൂപണമോ അല്ല.. ഒരു വായനയുടെ വിശേഷങ്ങൾ മാത്രം..