About Me

My photo
A person who loves to read, write, sing and share thoughts.

Friday, September 30, 2011

എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങള്‍

(ഇത് മാതൃഭൂമി യാത്രാബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു )

പ്രകൃതിസുന്ദരമായ നെല്ലിയാമ്പതി എന്‍റെ നാട്ടിലാണെന്നു പറയാന്‍ അഭിമാനമാണ്. എങ്കിലും ഇത്രയും കാലത്തിനിടക്ക് രണ്ട് തവണ മാത്രമേ എനിക്കവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ദുഖകരമായ സത്യവും.
നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് പോത്തുണ്ടി ഡാം. സിമെന്റ് ഉപയോഗിക്കാതെ ചില പ്രത്യേക മിശ്രിതം ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഏഷ്യയിലെതന്നെ രണ്ടാമത്തെ ഡാം ആണത്രേ ഇത്. പണ്ട് വീട്ടില്‍ വരാറുള്ള അതിഥികളെ ഞങ്ങള്‍ കൊണ്ടുവരുന്നത് ഇവിടെയായിരുന്നു. ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഇരുന്നു കടല, പക്കോട, ബിസ്ക്കറ്റ് തുടങ്ങിയവ കൊറിച്ചും കൊച്ചുവര്‍ത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും പതിയെ ഡാമിന്റെ പടികള്‍ കയറും. മുകളില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍ മുന്നില്‍ അതിമനോഹരമായ കാഴ്ചയാണ്! വലിയ തടാകത്തിനു ചുറ്റും നീല മലനിരകള്‍. ദൂരെയുള്ള മലകളില്‍ ആരോ കൊരുത്തിട്ട കൊച്ചരുവികളുടെ വെള്ളികൊലുസ്സുകള്‍..തടാകത്തിനു ചുറ്റും കണ്ണിനും മനസിനും കുളിര്‍മയാവുന്ന പച്ചപ്പ്‌..
ഡാമിന്റെ വശത്ത് കാണുന്ന, ഉയരമുള്ള മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വലിയ മലയാണ് നെല്ലിയാമ്പതി. പലപ്പോഴും പോത്തുണ്ടിഡാമിന്റെ പടികളിറങ്ങുമ്പോള്‍ നെടുവീര്‍പ്പോടെ നെല്ലിയാമ്പതിയിലേക്ക് നോക്കാറുണ്ട്. അവിടെയ്ക്കുള്ള യാത്രക്ക് അന്നൊക്കെ തടസ്സങ്ങള്‍ ഏറെയാണ്‌. ഒന്നാമത് തനിച്ച് പോവാന്‍ ബുദ്ധിമുട്ടാണ്. ആരെങ്കിലും ആണുങ്ങള്‍ കൂടെയുണ്ടാവണം. വളരെ കുറച്ചു ബസുകളെ ആ റൂട്ടില്‍ ഉള്ളൂ.. രാവിലെതന്നെ ഇറങ്ങിയാലെ എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചു വൈകിട്ടത്തെ ബസിനു ഇരുട്ടുന്നതിനു മുന്‍പേ വീടെത്താന്‍ പറ്റൂ.. ആ ബസ്‌ എങ്ങാനും മിസ്സായാല്‍ പിന്നെ രാത്രി ചിലപ്പോഴെ സര്‍വീസ് ഉണ്ടാവൂ.. ഒരു മുന്നറിയിപ്പും തരാതെ ആനയിറങ്ങുന്ന വഴിയാണ്. ഹെയര്‍പിന്‍ വളവുകളാണ്.. അങ്ങനെ ഒരുപാട്...
ചേച്ചിയുടെ വിവാഹശേഷം ബന്ധുക്കളൊക്കെ വന്നപ്പോള്‍ ഒരു ദിവസം എന്തായാലും നെല്ലിയാമ്പതി കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഗൈഡ് ആയി കൂടെ കൂട്ടിയ ആളാണ്‌ അയല്‍വാസി പാപ്പാക്കുട്ടി എന്ന് വിളിക്കുന്ന ധനലക്ഷ്മി. അവളുടെ അച്ഛനും അമ്മയും നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ ആയിരുന്നു. പഠനസൌകര്യത്തിനായി വലിയച്ഛന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന ആ ഒന്‍പതാം ക്ലാസ്സുകാരി ആയിരുന്നു അക്കാലത്ത് എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങളുടെ ‍ ഏകാശ്രയം. മലമുകളിലെ മനോഹരകാഴ്ചകള്‍ എന്‍റെ മനസ്സില്‍ ആദ്യമായി വരച്ചിട്ടത് അവളാണ്. കണങ്കാലില്‍ അള്ളിപ്പിടിച്ചു ചോരയൂറ്റി വീര്‍ക്കുന്ന അട്ട അവളുടെ വര്‍ണ്ണനകളിലൂടെ അന്നും ഇന്നും എന്‍റെ പേടിസ്വപ്നമാണ്.
അങ്ങനെ ഞങ്ങളെല്ലാവരും പാപ്പകുട്ടിയോടൊപ്പം രാവിലത്തെ ബസില്‍യാത്ര തിരിച്ചു. പോത്തുണ്ടി ഡാം പിന്നിട്ട് ഞങ്ങളെയും വഹിച്ചുകൊണ്ട് ഇരച്ചും കിതച്ചും ബസ്‌ മുകളിലേക്ക് ചുറ്റി കയറുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ ശരിക്കും ഹരം കൊള്ളിക്കുന്നത്‌ തന്നെയായിരുന്നു. പ്രകൃതി സൌന്ദര്യമത്സരത്തിനൊരുങ്ങിയ പെണ്ണിനെ പോലെ ഓരോ റൌണ്ടിലും ഓരോരോ ഭാവത്തില്‍ മുന്നിലെത്തി. ചിലപ്പോള്‍ പച്ചയണിഞ്ഞുകൊണ്ട്... ചിലപ്പോള്‍ കോടമഞ്ഞിന്റെ സുതാര്യമായ വെണ്‍പട്ട് പുതച്ച്... മറ്റുചിലപ്പോള്‍ മലനിരകളുടെയും താഴ്വരകളുടെയും നിമ്നോന്നതങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌...
ഞങ്ങള്‍ പാപ്പകുട്ടി പറഞ്ഞ ഒരു സ്റ്റോപ്പില്‍ ഇറങ്ങി. (സ്ഥലപ്പേര് ഓര്‍ക്കുന്നില്ല). ടാര്‍ റോഡിന്‍റെ അരികിലുള്ള ചെമ്മണ്‍ പാതയിലൂടെ മുന്നില്‍ നടന്നുകൊണ്ട് അവള്‍ പറഞ്ഞു, "ഇവിടുന്നു കൊറച്ചു നടന്നാല്‍ മതി "
കുറെയേറെ നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതായപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരക്കി. ഞങ്ങളെപ്പോഴും ഇങ്ങനെയാണ് പോവുന്നത് എന്ന് പറഞ്ഞുകൊണ്ട് അവള്‍ അടുത്തുള്ള തേയില തോട്ടത്തിലേക്ക് കയറി. പിന്നാലെ ഞങ്ങളും... പിന്നെയും ഒരുപാട് നേരം.. ഏകദേശം ഒരു മൂന്നുനാലു കിലോമീറ്ററോളം ഞങ്ങള്‍ നടന്നിരിക്കണം. ചുറ്റിലും തേയില പച്ചവിരിച്ച് നിന്നതും ആസ്വദിച്ചു നടന്നത് കൊണ്ടാവാം ദൂരം അനുഭവപ്പെടാതിരുന്നത്. ഇടയ്ക്കു കഴിക്കാനായി കയ്യില്‍ കരുതിയതെല്ലാം തീര്‍ന്നു. എന്നിട്ടും അവളുടെ വീട്ടിലെത്തിയില്ല. ഇടയ്ക്കു വഴിക്ക് വെച്ച് കണ്ട ആളോട് അന്വേഷിച്ചപ്പോള്‍ അയ്യോ ബസിറങ്ങുന്ന സ്ഥലത്ത് നിന്നും ജീപ്പ് കിട്ടുമായിരുന്നല്ലോ ഇനിയിപ്പോള്‍ നടക്കാനേ പറ്റൂ എന്ന് മറുപടി കിട്ടിയതോടെ ഞങ്ങള്‍ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു. ഇനിയും മുന്നോട്ടു ഒരടി നടക്കാന്‍ വയ്യ! ഇനി തിരിച്ചു ബസ്‌ സ്റ്റോപ്പില്‍ എത്തണം എങ്കിലും ഇത്രയും തന്നെ തിരിച്ചും നടക്കേണ്ടിയിരിക്കുന്നു. മൂന്നരക്കോ മറ്റോ ഉള്ള ആ ബസ്‌ പോയാല്‍ പിന്നെ സന്ധ്യക്കുള്ള ബസ്‌ വന്നാലായി.. പിന്നെ സമയം കളയാതെ ഞങ്ങള്‍ തിരിച്ചു നടന്നു. ഇടയ്ക്ക് അനുവാദം ചോദിക്കാതെ ചനുമിനെ മഴ! പത്തോളം വരുന്ന സംഘത്തില്‍ ആകെ ഉള്ളത് രണ്ടു കുട! ഓടിയും നടന്നും എങ്ങനെയൊക്കെയോ ബസ്‌ സ്റ്റാന്റ് എത്തി. അവിടെ നിന്നും പോകുമ്പോള്‍ കണ്ടുവെച്ചിരുന്ന ചെറിയ ഹോട്ടലിലെ സുന്ദരിചേച്ചിയുടെ പറോട്ടയും ചായയും വടയുമൊക്കെ മോഹം മാത്രമായി അവശേഷിപ്പിച്ച് അടുത്ത അഞ്ചുനിമിഷത്തിനുള്ളില്‍ പുറപ്പെടാന്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ ചാടിക്കയറി സീറ്റ്‌ പിടിച്ചു. പാപ്പകുട്ടി വരച്ചിട്ട ചിത്രം എന്‍റെ ഭാവന നടത്തിയ മിനുക്കുപണികളുമായി മനസ്സില്‍ തന്നെ അവശേഷിച്ചു.
*******************
ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവിടേക്ക് പോവാനായത് കഴിഞ്ഞ ആഴ്ച ആയിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര. ശരിക്കും ഒരു ഡ്രൈവ് എന്ന് പറയാം.

വെള്ളിയാഴ്ച രാവിലെ കുടുംബസമേതം പല്ലശ്ശന ദേവീക്ഷേത്രദര്‍ശനത്തിന് ഇറങ്ങിയതായിരുന്നു. നീണ്ട റോഡിനിരുവശവും നെല്‍പ്പാടങ്ങളും പാറകൂട്ടങ്ങളും കരിമ്പനകളും ഉള്ള പാലക്കാടന്‍ ഗ്രാമം എന്നും എന്‍റെ കൊതിതീരാകാഴ്ച തന്നെ. അമ്പലത്തില്‍ നിന്നും തിരിച്ചുവരുമ്പോള്‍ നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് തിരിയുന്ന വളവിലെ വഴികാട്ടിഫലകം "വെറും മുപ്പതു കിലോമീറ്ററേ ഉള്ളൂ ട്ടോ.. ഒന്ന് കേറീട്ട് പോവൂന്നേ " എന്ന് പറഞ്ഞതുപോലെ തോന്നി. അത് തന്നെ ഡ്രൈവിംഗ് സീറ്റിലെ ആളും കേട്ടുവോ എന്തോ.. "പോവ്വല്ലേ.." എന്ന് ചോദിച്ചുകൊണ്ട് വണ്ടി തിരിഞ്ഞു പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്ക്!

എങ്കിലും പോത്തുണ്ടി എത്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം അറിയാതെ ഉടലെടുത്തു. വളവുകളും തിരിവുകളും ഏറെയുണ്ട്. തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയും. കാറില്‍ ഞങ്ങളെ കൂടാതെ കൊച്ചു കുട്ടികളെ ഉള്ളൂ.. എന്തെങ്കിലും അത്യാവശ്യം വന്നാല്‍... അങ്ങനെ.. ഒരു റീതിങ്കിംഗ്‌.. പരിചയക്കാരെ വിളിച്ചറിഞ്ഞ വിവരവും അത്ര സുഖകരമായിരുന്നില്ല. റിസ്ക്‌ ആണ്. മണ്ണിടിച്ചില്‍ ഉണ്ട്. വൈകിട്ടാവുമ്പോള്‍ ആനയും ഇറങ്ങാം.
പോത്തുണ്ടി എത്തിയപ്പോള്‍ തന്നെ മല കാണാനാകാത്തവിധം പെരുമഴ! പോത്തുണ്ടിയില്‍ നിന്നും മുകളിലേക്ക് കയറുന്നിടത്ത് ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. റോഡ്‌ നല്ലതാണ്.. പ്രശ്നമൊന്നുമില്ല എന്ന് അവിടെനിന്നും അറിവ് കിട്ടിയപ്പോള്‍ ധൈര്യമായി. പിന്നെ ഒരു ആവേശമായിരുന്നു..
ഇരുവശത്തും ഉയരത്തില്‍ തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട്.. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് മുകളിലേക്ക് നോക്കി മഴ ആസ്വദിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് കയറ്റത്തില്‍? ആകാശത്ത് നിന്നും നമുക്കായി മാത്രം മഴ നേരിട്ട് താഴേക്ക്‌ വരികയാണെന്ന് തോന്നും. മലയെ ചുറ്റി മുകളിലേക്ക് കയറുംതോറും ഏറ്റവും സുന്ദരദൃശ്യങ്ങള്‍ ഒരുമിച്ചു മുന്നിലെത്തുകയായിരുന്നു. ഒരു വശത്ത് താഴെയായി നീലമലകളാല്‍ ചുറ്റപ്പെട്ട തടാകം... മറുവശത്ത് വലിയ പാറക്കെട്ടുകള്‍! ചിലയിടങ്ങളില്‍ താഴേക്ക്‌ പതിക്കുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍.. ചിലപ്പോള്‍ വലുതും.. ഇടയ്ക്ക് പേടിപ്പെടുത്തുന്ന മരക്കൂട്ടങ്ങളുടെ ഇരുള്‍.. വഴിയിലേക്ക് വീണ മരങ്ങളുടെ മുറിപ്പാടുകള്‍.. പിന്നെയും പോകുമ്പോള്‍ മഞ്ഞുമൂടിയ താഴ്‌വരയുടെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്.. മഞ്ഞിന്റെ നേരിയ തിരശ്ശീലക്കു കീഴെ ദൂരെ പാലക്കാടിന്റെ ഭൂപ്രദേശങ്ങള്..‍ ചെറിയ ചെറിയ ചതുരങ്ങളായി കൃഷി സ്ഥലങ്ങള്‍.. പൊട്ടുപോലെ കാണുന്ന കെട്ടിടങ്ങളും മറ്റും.. എവിടേക്ക് നോക്കണമെന്ന ആശയക്കുഴപ്പത്തോടെ ഇരുന്നുപോയി.. ഒരു വശത്തെ സൌന്ദര്യത്തില്‍ മതിമയങ്ങുമ്പോള്‍ മറുവശത്തെ ഒരു കൊച്ചു വെള്ളച്ചാട്ടമോ നനഞ്ഞ താഴ്വരയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒറ്റമരമോ വിട്ടുപോയിരിക്കും..!

ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ചെറിയ ഗോപുരം പോലെ റോഡിന്‍റെ വശത്ത് കെട്ടിയിട്ടിരിക്കുന്ന വ്യൂ പോയിന്റ്‌. മുന്നില്‍ വഴി കാണാന്‍ കഴിയാത്ത വിധം കോടമഞ്ഞ്‌. കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വളരെ മെലിഞ്ഞ തണുത്ത സൂചി കൊണ്ടുള്ള സ്പര്‍ശം പോലെ തണുപ്പ് അരിച്ചു കയറി..ഗോപുരത്തിനുള്ളില്‍ ഒരു കൊച്ചു കാപ്പിക്കട നടത്തുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ അവിടെ മറ്റ് മനുഷ്യസാന്നിധ്യമായിരുന്നുള്ളൂ... കൈകള്‍ കൂട്ടിത്തിരുമ്മിയും അനുസരണയുള്ള കുട്ടിയെ പോലെ കൈകള്‍ ചേര്‍ത്തു കെട്ടിയും കാപ്പിക്ക് കാത്തു നില്‍ക്കുമ്പോള്‍ മനസ് ഉറക്കെ പറഞ്ഞുപോയി... ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്! എല്ലാ മനോഹാരിതയും ഒരുപോലെ ചേര്‍ത്തു സൃഷ്ടിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വന്തം തന്നെയാവും.. ഉറപ്പ്!

 
പ്രകൃതിയില്‍ ലയിച്ച് കുറച്ചുനേരം അവിടെനിന്നിട്ട് തിരിച്ചു മലയിറങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും മനസ് നിറഞ്ഞിരുന്നു. എങ്കിലും ഒരു ചെറിയ ദുഃഖം, ഇത്തവണയും അങ്ങേയറ്റം വരെ പോവാനായില്ലല്ലോ എന്ന്.. അല്ലെങ്കിലും കേട്ട പാട്ട് മധുരം.. കേള്‍ക്കാനുള്ളത് അതിമധുരതരം എന്നല്ലേ.. അതുപോലെ കാണാക്കാഴ്ചകള്‍ ബഹുവര്‍ണ്ണചിത്രമായി നില്‍ക്കട്ടെ മനസ്സില്‍.. ഇനിയുമിനിയും ഇവിടേയ്ക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ട്.. ‍‍

Tuesday, September 13, 2011

കേശവ് എന്‍ നായര്‍ക്ക് പ്രണയപൂര്‍വ്വം സാറ ഉമ്മന്‍


ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വന്ന കഥാ രചന ചര്‍ച്ചയില്‍ കിട്ടിയ പ്രമേയമായിരുന്നു സാറ ഉമ്മനു പ്രണയപൂര്‍വ്വം കേശവ് എന്‍ ‍. നായര്‍ എന്നത്. അവിടെ ഒരുപാട് കേശവന്‍ നായര്മാര്‍ എഴുതിയപ്പോള്‍ സാറ ഉമ്മന് പറയാനുള്ളത് എന്തായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തോന്നിയതായിരുന്നു ഇത്... ബഷീര്‍ കൃതിയുമായി ഒരു ബന്ധവും ഇതിനില്ല എന്നറിയിക്കട്ടെ..


പ്രിയപ്പെട്ട കേശവന്‍ ചേട്ടന് പുത്തന്പുരയ്ക്കലെ സാറാമ്മ എഴുതുന്നത്‌ എന്തെന്നാല്‍,
ചേട്ടന് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖമാണെന്നു പറയാം.

ആദ്യമേ തന്നെ എന്‍റെ വീട്ടുപേര് വരെ എഴുതിയത് ചേട്ടന്‍ എന്നെ ഒരുപക്ഷെ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നോര്‍ത്താ...

ഞാനിപ്പം അമേരിക്കയില്‍ എന്‍റെ രണ്ടാമത്തെ മോന്റെ കൂടെയാ.. എന്‍റെ കൊച്ചുമോള് കമ്പ്യൂട്ടറില്‍ അവളുടെ കൂട്ടുകാരന്റെ പടവും മറ്റും കാണിച്ചു തന്നായിരുന്നു. അവന്‍റെ കുടുംബഫോട്ടോയില്‍ കരളില്‍ കൊളുത്തി വലിക്കുന്ന ചിരിയുമായി നില്‍ക്കുന്ന ആളിനെ കണ്ടപ്പോഴാ മനസിലായത്, ആ കൊച്ചന്‍ ചേട്ടന്റെ കൊച്ചുമോനാണെന്ന്.

പ്ലഷറും പഞ്ചാരേം എല്ലാമുണ്ടെന്നാ കഴിഞ്ഞ തവണ പരിശോധിച്ചപ്പോഴും മരുമോള് കൊച്ച് പറഞ്ഞത്. അതിനൊള്ള മരുന്നും കഴിക്കുന്നുണ്ട്. മക്കളൊക്കെ ഇവിടെ തന്നെയാ.. എന്‍റെ അങ്ങേരു മരിച്ചപ്പം വസ്തുവൊക്കെ വിറ്റുപെറുക്കി അവരെന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇനിയിപ്പം അവസാനം വരേം ഇവിടെ തന്നെ...

സാറക്കുട്ടീന്നു നീട്ടി വിളിച്ചോണ്ട് പള്ളിക്കൂടത്തിലോട്ടു ഒരുമിച്ചു നടന്ന കാലമൊക്കെ ചേട്ടനോര്‍മ്മയുണ്ടോ? ക്രിസ്തുമസ് കരോളിന്റെ കൂടെ വന്ന് ഇരുട്ടില്‍ എന്റെ കൈ വലിച്ചെടുത്തു ഉമ്മ വെച്ചതും എന്‍റെ മിന്നുകെട്ടിന്റന്നു പള്ളീടെ അപ്പുറത്തെ വേലിക്കല്‍ കണ്ണ് തുടച്ചോണ്ട് നിന്നതും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..ഒരിക്കല്‍പ്പോലും സ്നേഹം തിരിച്ചു കാണിക്കാഞ്ഞത് എന്‍റെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ ഉമ്മച്ചന്‍ മാപ്പിളയേയും തടിമാടന്മാരായ ഇച്ചായന്മാരെയും പേടിച്ചിട്ടായിരുന്നു. മലയാളം നോട്ടുബുക്ക് വാങ്ങാന്‍ ചേട്ടന്‍ വീട്ടില്‍ വന്നയന്ന് ആ നായര് ചെറുക്കനുമായി നിനക്കെന്നതാടീന്നു ചോദിച്ചോണ്ട് ഇച്ചായന്മാരെന്നെ ഒത്തിരി കരയിച്ചു. ഇനി മിണ്ടുന്നതെങ്ങാനും കണ്ടാല്‍ അവന്‍റെ കാലുതല്ലിയൊടിക്കുമെന്നും പറഞ്ഞു പേടിപ്പിച്ചതുകൊണ്ടാ ചേട്ടന്‍ മിണ്ടാന്‍ വരുമ്പോഴൊക്കെ ഞാനൊഴിഞ്ഞു മാറിയത്. ചേട്ടനെ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കത്തില്ലായിരുന്നു. എനിക്കന്ന് വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല.

ഒരിക്കല്‍പ്പോലും എന്‍റെ മനസ്സില്‍ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എനിക്കറിയാം ഈ വൈകിയ വേളയില്‍ എന്‍റെ മനസ് തുറന്നു കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന്.. എന്നാലും... ചാവുന്നതിനു മുന്‍പ് ഒന്ന് കാണണം എന്നുണ്ടായിരുന്നു. ചേട്ടനെ ഒരുപാടിഷ്ടമായിരുന്നെന്നു പറയണമെന്നും... ഒന്നും.. ഒന്നും എനിക്ക് മറക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ..

എന്‍റെ കൊച്ചുമോളാ എനിക്കിതെഴുതാന്‍ ധൈര്യം പകര്‍ന്നത്. അവളിതു ടൈപ്പ് ചെയ്തു കമ്പ്യൂട്ടര്‍ വഴി അങ്ങേത്തിച്ചെക്കാം എന്ന് ഉറപ്പു തന്നെക്കുവാ..

കത്തെഴുതി പരിചയമൊന്നുമില്ലാത്ത എന്‍റെ ഈ എഴുത്ത് കിട്ടുമ്പം ചേട്ടന്‍ ചിരിക്കുമായിരിക്കും. എന്നാലും പറയുവാ.. ചേട്ടനെ ഈ സാറക്കുട്ടി സ്നേഹിച്ചിട്ടെയുള്ളൂ... എന്നും.

മറുപടി എഴുതുവോ? ചേട്ടന്റെ ആരോഗ്യമൊക്കെ എങ്ങനൊണ്ട്? ചേട്ടന്‍ മുറപെണ്ണ് ഭാര്‍ഗവിയെയാ കെട്ടിയതെന്നും അഞ്ചാമത്തെ പ്രസവത്തോടെ അവളെ കര്‍ത്താവ് വിളിച്ചെന്നും നാട്ടില്‍ വെച്ചുതന്നെ ഞാന്‍ അറിഞ്ഞാരുന്നു.

ഒത്തിരി സ്നേഹത്തോടെ,
ചേട്ടന്റെ
സാറക്കുട്ടി.

Tuesday, August 2, 2011

എനിക്കും നിനക്കുമിടയില്‍

അന്ന്,
നീ ഞാന്‍ തന്നെയല്ലേ..
നമ്മളൊന്നല്ലേ
നമുക്കിടയില്‍ എന്തെന്ന്
രണ്ടു ചിരികള്‍ക്ക് ഒരേ ശ്രുതി.

ഇന്ന്,
ഒന്നുമില്ലെന്ന് തെളിയിക്കാന്‍
കോഫീഡേയിലെ മേശ..
രണ്ടു കപ്പുകളിലെ തണുപ്പും ചൂടും
വെവ്വേറെ ചിന്തകളെ പൊതിഞ്ഞ മൌനം
ദീര്‍ഘനിശ്വാസം
വിടചൊല്ലലിന്റെ ഉപചാരം.

ഇപ്പോള്‍,
വാതില്‍ക്കലെത്തി
തിരിഞ്ഞുനോക്കുമ്പോള്‍
തിരയുന്നത്
ഒരു പിന്‍വിളിയോ
മറന്നുവെച്ച മനസോ..

Friday, July 15, 2011

പുറവും അകവും

വീട്ടില്‍ നിന്നും അനുജത്തി ആതിര വിളിക്കുമ്പോള്‍ അന്നത്തെ റിപ്പോര്‍ട്ട്‌ തയാറാക്കുന്ന തിരക്കിലായിരുന്നു. പണി തീര്‍ത്ത് തിരിച്ചു വിളിക്കുമ്പോഴേക്കും അഞ്ചുമണി. ഇന്നിനിയിപ്പോ പോക്ക് നടക്കില്ല. അല്ലെങ്കിലും ഈ പ്രഹസനം വല്ലാതെ മടുത്തു തുടങ്ങി. ലോകത്തിലെ ഏറ്റവും രസമില്ലാത്ത ചടങ്ങുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ആവും എന്ന് തോന്നിയിട്ടുണ്ട്. അണിഞ്ഞൊരുങ്ങി അപരിചിതരുടെ കാഴ്ചവസ്തുവാകുക! ഒടുവില്‍ എന്തെങ്കിലുമൊരു കുറ്റം പറഞ്ഞു "റിജെക്റ്റെഡ്" ലേബല്‍ ചാര്ത്തപ്പെടുക! പല ആവര്‍ത്തനങ്ങള്‍ക്ക് ആകെയുള്ള വ്യത്യാസം കുറച്ചു മുഖങ്ങളും സാരികളും പിന്നെ മുകളിലേക്ക് മാത്രം പോകുന്ന പ്രായവും. കഴിഞ്ഞ തവണത്തെ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിലുള്ളവരോടു പറഞ്ഞതായിരുന്നു, ഇനി നിങ്ങളൊക്കെ തീരുമാനിച്ചു തീയതി അറിയിച്ചാല്‍ മതി എന്ന്. നേരത്തെ പറഞ്ഞാലേ ബോസ്സദ്ദ്യം അവധിക്കു സമ്മതിക്കുകയുള്ളൂ. കഴിഞ്ഞ മാസം മുന്‍കൂട്ടി പറയാതെ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ "ഡോണ്ട് ഗിവ് മി സച് സര്‍പ്രൈസസ്" എന്ന്! അര്‍ദ്ധരാത്രിയില്‍ എട്ടന് നെഞ്ചുവേദന വരുമെന്ന് ആരും എന്നോട് പ്രവചിച്ചില്ല സര്‍ എന്ന് പറയാന്‍ തോന്നി.
വെളുപ്പിനുള്ള വണ്ടിക്കു ഒരുങ്ങുമ്പോള്‍ മുറി പങ്കിടുന്നവള്‍, ടെസ്സ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വിവാഹിതയാവുക എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് കരുതുന്നവളോട് പോകുന്നതിനുള്ള കാരണം പറയാന്‍ തോന്നിയില്ല. പിന്നെ കേള്‍ക്കാം കല്യാണം കഴിക്കാന്‍ കാത്തിരിക്കുന്നവരോടുള്ള പുച്ഛം നിറച്ച് ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് തെറികള്‍ മേമ്പൊടി ചേര്‍ത്ത, പുരുഷവിരോധിയുടെ പ്രസംഗം!
ശബ്ദമുണ്ടാക്കാതെ വാതില്‍ പൂട്ടി പുറത്തിറങ്ങുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ഓ.. തീര്‍ന്നു! ഈ പുകവണ്ടിയുടെ മുഖമാണല്ലോ ഭഗവാനെ കണി കണ്ടത്! ഇയാള്‍ ഇതെങ്ങോട്ടാണാവോ ഈ കൊച്ചുവെളുപ്പാന്കാലത്ത്.
"ഹായ്.." ഏതോ ഗുഹാമുഖത്ത്‌ നിന്നുള്ള മുരള്ച്ചപോലുള്ള പരിചയം പുതുക്കല്‍ കേട്ടില്ലെന്നു നടിച്ചു മുന്നോട്ടു നടന്നു.
ഈ ഫ്ലാറ്റില്‍ വന്നു അടുത്ത ദിവസം മുതലാണ്‌ അയാള്‍ ശ്രദ്ധയില്‍ പെട്ടത്. അടുക്കളയില്‍ നിന്നു നോക്കിയാല്‍ നേരെ കാണുന്നത് അയാളുടെ സ്വീകരണമുറി ആണെന്ന്, എരിയുന്ന സിഗരറ്റുമായി അലസമായിരിക്കുന്ന ആളുടെ സൂര്യകാന്തി പോലെ തെളിഞ്ഞുവരുന്ന കഷണ്ടിയും മുന്നില്‍ മിക്കപ്പോഴും ഉണര്‍ന്നിരിക്കുന്ന ടീവിയും കണ്ടു മനസിലാക്കിയതാണ്. വീട്ടിനുള്ളിലിരുന്നു പുകവലിക്കുന്നവരോട് പണ്ടേ വെറുപ്പാണ്. ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ.
ആ മുഖവും കണി കണ്ടിറങ്ങുമ്പോള്‍ തന്നെ മനസ്സില്‍ അടുത്ത ദിവസത്തെ രംഗങ്ങള്‍ വെറുതെ ഊഹിച്ചു. ഒന്നുകില്‍, "അവന് സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങാനാ ആഗ്രഹം. കൊച്ചിനാണെങ്കില്‍ സ്ഥിരവരുമാനവും ഉണ്ടല്ലോ.. നിങ്ങളൊന്നു മനസുവെച്ചാല്‍.." എന്ന് ബ്രോക്കറുടെ സപ്പോര്‍ട്ടോടെ തുടങ്ങുന്ന രംഗത്തിന്, അങ്ങനെ വെക്കാന്‍ മനസില്ലെന്ന് തറപ്പിച്ചു ഏട്ടന്‍ പറയുന്നിടത്ത് തിരശീല വീഴും. അതുമല്ലെങ്കില്‍, വിളമ്പിയതിലൊന്ന് പോലും ബാക്കി വെക്കാതെ അകത്താക്കിയും , സ്നേഹം നിറച്ചു ചിരിച്ചും കടാക്ഷിച്ചും മടങ്ങുന്നവര്‍ ബ്രോക്കറുടെ അടുത്ത് പറഞ്ഞയക്കും, "പെണ്ണിന് നിറം പോര.." "ഒരിത്തിരി പ്രായക്കൂടുതല്‍ തോന്നിക്കുന്നില്ലേ.." അങ്ങനെ ഓരോന്ന്.. ഉള്ളതല്ലേ കാണൂ.. ഇതിനുവേണ്ടി കണ്ട ബ്യൂട്ടി പാര്‍ലറില്‍ ഒന്നും കയറിയിറങ്ങാന്‍ വയ്യ എന്ന് പറഞ്ഞുപോയാല്‍ നാടകത്തിന്റെ അടുത്ത രംഗം തുടങ്ങും. അനിയത്തിമാരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവിതം തുടങ്ങാന്‍ വൈകിയ കദനകഥയില്‍ തുടങ്ങി‍, പണ്ടൊരു ഗള്‍ഫുകാരന്റെ ആലോചന വന്നപ്പോള്‍, ജോലി ഉണ്ടെന്ന അഹങ്കാരത്തില്‍ അനിയത്തിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതും പിന്നീട് ഭാഗ്യദോഷം വിടാതെ പിന്തുടരുന്നതും തങ്ങളുടെ കുറ്റം ആവുന്നതെങ്ങിനെ എന്ന ഭാഗത്തെത്തുമ്പോള്‍ ആതിരക്കും, ഏടത്തിയമ്മക്കും എല്ലാം ഡയലോഗ് ഉണ്ടാവും. ഒരിക്കലും കല്യാണം കഴിക്കാതെ ജീവിച്ചുകൂടെ എന്ന ചോദ്യം ഈയിടെയായി ഇടയ്ക്കിടയ്ക്ക് കയറി വരുന്നുണ്ട് മനസിലേക്ക്.
ഫ്ലാറ്റിനു മുന്നില്‍ നിന്നു തന്നെ ഭാഗ്യത്തിന് ഓട്ടോ കിട്ടി. കയറിയിരുന്നു തിരിയുമ്പോള്‍ കുറച്ചകലെ നിന്ന്‍ അയല്‍വാസി കൈ വീശുന്നു. സ്ത്രീവര്‍ഗം ഈ ഭൂമുഖത്ത് ഉണ്ടെന്ന ഭാവം പോലും കാട്ടാത്ത ആള്‍ക്ക് ഇന്നിതെന്താണാവോ.. ടെസ്സ ആയിരുന്നെങ്കില്‍ തിരിഞ്ഞു നിന്നു ചോദിച്ചേനെ..
സ്റ്റാന്‍ഡില്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ കയറി ജനലോരത്ത് ഇരിപ്പിടം നേടിയെടുത്തു. എത്രയോ വര്‍ഷങ്ങളായി ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടും ഇന്നും പുറത്തേക്കു നോക്കിയിരിക്കുന്നതിന്റെ സുഖം നഷ്ടമായിട്ടില്ല.
"അമ്മേ... ദേ വല്യമ്മ വന്നൂ.."
നടവഴിയില്‍ വെച്ചുതന്നെ ആതിരയുടെ മകള്‍ അനുക്കുട്ടി കണ്ടുപിടിച്ചു. കയ്യില്‍ ചീപ്പുമായി പിന്നാലെ ഓടിയെത്തിയ ആതിരക്ക് ശരിക്കുമൊരു അമ്മച്ചി ലുക്കുണ്ടെന്നെങ്ങാനും പറഞ്ഞാല്‍ മതി.. പിന്നെ തിരിച്ചു പോകുന്നതുവരെ വയറു നിറച്ചു കേള്‍ക്കാം ഭാര്യയും അമ്മയുമായവരുടെ പ്രാരാബ്ധങ്ങളുടെയും കഷ്ടപ്പാടിന്റെയും കഥകള്‍. എന്തിനും ഒടുവില്‍ ചേര്‍ക്കും, "അതൊന്നും പറഞ്ഞാല്‍ ചേച്ചിക്ക് മനസിലാവില്ല!"
"ഓ... രാവിലത്തെ ബസ്‌ തന്നെ കിട്ടിയോ? ഞാന്‍ കരുതി ചേച്ചി ഇന്നും എണീക്കാന്‍ വൈകും ന്ന്.. "
"ഇല്ല.. അലാറം വെച്ചിരുന്നു."
"ഇവിടെ വാടീ അനൂ..സ്കൂള്‍ തുറന്നതേയുള്ളൂ തലേല്‍ നിറച്ചു പേനും പിടിപ്പിച്ചോണ്ട് വന്നിരിക്കയാ.."
പതിവ് കുശലാന്വേഷണങ്ങളുമായി എല്ലാവരും ഊണ്‍ മേശക്കു ചുറ്റും കൂടിയപ്പോള്‍ ഏട്ടനാണ് തുടങ്ങിയത്.
"ഇത് നടക്കുമെന്നാ തോന്നണത്. അവര്‍ക്കൊന്നും വേണ്ടാത്രേ.. ആള്‍ക്ക് സ്വന്തായി ബിസിനസ്‌ ആണ്.. ഫ്ലാറ്റും ഉണ്ട്. നിന്‍റെ ജോലി സ്ഥലത്ത് തന്നെയാ.."
"ചേച്ചിയെ കണ്ടിട്ടുണ്ടത്രേ.. അപ്പൊ പിന്നെ അങ്ങനേം ഇഷ്ടല്ലാന്നു പറയാന്‍ പറ്റില്ലാലോ.."
"കണ്ടിഷ്ടായിട്ട് അന്വേഷിച്ചു ആലോചിച്ചത് തന്നെയല്ലേ ആതിരേ.. അപ്പോള്‍ പിന്നെ വേറെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ.."
"ജാതകത്തിലും വിശ്വാസല്ല്യാത്രേ.. "
"ഓ.. അല്ലെങ്കിലും ഇന്നതൊക്കെ ആരാ ഇത്ര നോക്കാന്‍ പോണത്? പുറത്തെവിടെയോ ജനിച്ചു വളര്‍ന്ന ആളാ.. അച്ഛന്‍ മലയാളി അല്ലത്രേ..അവരൊക്കെ നേരത്തെ മരിച്ചുപോയത്രേ.."
"ഒരിത്തിരി കഷണ്ടിയുണ്ട്.. ല്ലേ ഏടത്തിയമ്മേ?"
"നിന്‍റെ എട്ടന് എന്തായിരുന്നു മുടി കല്യാണ സമയത്ത്? ഇപ്പോഴോ.. "
ഏട്ടന്‍ ആരും കാണാതെ തലയില്‍ തടവുന്നത് കണ്ടു ചിരി വന്നു.
ഓരോരുത്തരും എന്തൊക്കെയോ വാചകങ്ങള്‍ നിരത്തി സ്വയം ന്യായീകരിക്കുന്നതുപോലെ.. ഒന്നും മിണ്ടാതെ കേട്ടിരിക്കുമ്പോള്‍ ഒരുതരം മരവിപ്പാണ് തോന്നുന്നത്.. മുന്‍പൊരിക്കല്‍ വന്നയാളുടെ വിദ്യാഭ്യാസയോഗ്യതയെ കുറച്ചു അന്വേഷിച്ചപ്പോള്‍ കേട്ടു, "ഇനിയും എമ്മേക്കാരീടെ ഗമേം വെച്ചോണ്ടിരുന്നോ.. അങ്ങ് അമേരിക്കേന്നു വരും രാജകുമാരന്‍!". അന്ന് തീരുമാനിച്ചതാണ്, ഈ വിഷയത്തില്‍ മൌനം തന്നെ ഭൂഷണം എന്ന്. വിവാഹം കഴിച്ച് കൂടെ പറഞ്ഞയക്കുന്നത് വരെ അല്ലെ ഈയുള്ളവര്‍ക്ക് ഉത്തരവാദിത്വം ഉള്ളൂ.. പിന്നെ കൂടെ കഴിയേണ്ടത് ഞാനല്ലേ.. അപ്പോള്‍ ഞാന്‍ അറിഞ്ഞിരിക്കേണ്ടേ അയാളെ കുറിച്ച്? ചോദ്യങ്ങളും ആശങ്കകളും കാലം ചെല്ലുംതോറും ഉറഞ്ഞുകൂടിയിട്ടാവും മനസ് ഇപ്പോള്‍ മരവിച്ചിരിക്കുന്നത്. ഒരുകണക്കിന് അതാണ്‌ നല്ലത്. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉപരിതലത്തില്‍ ഒഴുകി നടക്കുക, പൊങ്ങുതടിപോലെ..
വൈകുന്നേരം മൂന്നരയോടെയാണ് അവരെത്തിയത്. അവര്‍ എന്നാല്‍ രണ്ടുപേര്‍. ചെറുക്കനും ചങ്ങാതിയും. കാറില്‍ നിന്നും ഇറങ്ങി വരുന്ന ഇളംനീലകുപ്പായക്കാരനെ നേരെ നോക്കിക്കൊള്ളാന്‍ ആതിരയാണ് ചെവിയില്‍ മന്ത്രിച്ചത്.
കയ്യിലെ സിഗരറ്റ് വേലിക്കലേക്ക് എറിഞ്ഞുകൊണ്ട് തിരിയുന്ന സൂര്യകാന്തി തല! ഈശ്വരാ..!! ഇയാളോ?
ചായയും പലഹാരങ്ങളും ആതിരയും ഏടത്തിയമ്മയും ഒക്കെ തന്നെ ഉമ്മറത്തെത്തിച്ചു. ഏട്ടന്റെ വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് അടുത്തുള്ളവര്‍ കേള്‍ക്കല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌.
എല്ലാവരും വളരെ സന്തോഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്.
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തവള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല.
‍ "ഹലോ.. ഇതെന്താ കണ്ണടച്ച് ധ്യാനത്തിലാണോ?"
ഇയാള്‍ എപ്പോഴാണ് മുറിയിലെത്തിയത്? കട്ടിലിന്റെ ഓരത്ത് നിന്നും പിടഞ്ഞെഴുന്നേറ്റു.
"ഇരുന്നോളൂ.. ഞാന്‍ ഇവിടെ ഇരിക്കാം."
ഈ ചുവന്ന പ്ലാസ്റ്റിക്‌ കസേര ആരാണ് കൊണ്ടിട്ടത് അപ്പോഴേക്കും?
"നമ്മള്‍ തമ്മില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ? വിവരങ്ങളൊക്കെ ഏട്ടനും മറ്റുള്ളവരും പറഞ്ഞു കാണുമല്ലോ...എന്നാലും ഞാന്‍ ഒരിക്കല്‍ കൂടി പറയാം......"
ഒട്ടും മുഷിച്ചില്‍ ഉണ്ടാക്കാതെ സരസമായി സ്വന്തം കാര്യങ്ങള്‍ പറഞ്ഞു ഇങ്ങനെ നിര്‍ത്തി,
".... ഒട്ടും ചിട്ടയില്ലാത്ത ജീവിതമാണ് എന്റേത്. എല്ലാം ഒന്ന് ശരിയാക്കിയെടുക്കാനുള്ള ജോലി അങ്ങോട്ട്‌ ഏല്‍പ്പിക്കുകയാ... ഒരുപാട് സ്നേഹം തരാം ശമ്പളമായി, എന്താ?"
എന്താണിപ്പോള്‍ മനസ്സില്‍? എല്ലാം ശുദ്ധീകരിച്ചുകൊണ്ട് തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയോ.. അതോ ആര്‍ത്തലച്ചു വന്ന് തീരത്ത് മുത്ത്‌ മാത്രം ബാക്കിയാക്കി പോയ തിരമാലയോ...
***********************

വിവാഹശേഷമുള്ള വിരുന്നും ചടങ്ങുകളും ഒരുവിധം അവസാനിപ്പിച്ചു ഫ്ലാറ്റില്‍ എത്തിയ ആദ്യ ദിവസമാണ് ഇന്ന്.

മുറികളിലൂടെ വെറുതെ ചുറ്റി നടന്നു. ടീവി കാണാന്‍ അദ്ദേഹം ഇരുന്നിരുന്ന സോഫയില്‍ ചാരിയിരുന്നു റിമോട്ട് കയ്യിലെടുത്തു. ടീവിയുടെ അടുത്തുള്ള അലമാരയിലെ ഗ്ലാസില്‍ ഒരു നിഴലനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ ടെസ്സ. ഓഫീസില്‍ പോവാനുള്ള ധൃതിയില്‍ ബ്രെഡ്‌ ടോസ്റ്റ്‌ ചെയ്യുകയാണ്. ചാടി എഴുനേറ്റ് തിരിഞ്ഞുനോക്കി. ജനാല വഴി അപ്പുറത്തെ ഫ്ലാറ്റിന്റെ അടുക്കള ഭംഗിയായി കാണാം.
"ഏതുനേരവും  ടീവിയും കണ്ടിരിപ്പാണെന്ന് കരുതിയോ.. നിന്നെയായിരുന്നു ഞാന്‍ കണ്ടുകൊണ്ടിരുന്നത്‌, എന്നും."
പിന്‍കഴുത്തില്‍ വീണ പുകഗന്ധമില്ലാത്ത ശ്വാസം.
ആനന്ദമാണ്... മനസ് നിറഞ്ഞൊഴുകുന്ന ആനന്ദം.. അരക്കെട്ടില്‍ ചുറ്റിയ കൈകളുടെ പുറത്ത് കൈ ചേര്‍ത്തുവെച്ച്, മറ്റേ കൈ കൊണ്ട് ജനാല വലിച്ചടച്ചു. ഇനി ഇത് അടഞ്ഞുകിടക്കട്ടെ..
കള്ളനോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് മുഖം മൂടാമെന്ന് ആരാണ് കണ്ടുപിടിച്ചത്?

Monday, May 2, 2011

സുഗുണാമ്മ

ഈ നാടിനോട് വിടപറയുമ്പോള്‍ നന്ദി പൂര്‍വ്വം സ്മരിക്കേണ്ട ഒരുപാട് മുഖങ്ങള്‍ ഉണ്ട്. സുഹൃത്തുക്കള്‍ ആയും ബന്ധുക്കളായും ഒക്കെ ഒരുപാടുപേര്‍. ഇവരിലൊന്നും പെടാത്ത പ്രിയമുള്ള ഒരു മുഖമാണ് സുഗുണാമ്മയുടെത്.

സുഗുണാമ്മ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി എന്‍റെ വീട്ടു ജോലിക്കാരി ആണ് എന്ന് പറയുന്നതിനേക്കാള്,‍ തെലുങ്ക് എന്ന ഭാഷ ഒരു പരിധിവരെ മനസിലാക്കാനും അത്യാവശ്യം തിരിച്ചു പറയാനും ‍ എന്നെ പ്രാപ്തയാക്കിയ, എനിക്ക് ചുറ്റും നടക്കുന്ന വലുതും ചെറുതുമായ വിശേഷങ്ങള്‍ (പലതും എനിക്ക് മനസിലായില്ലെങ്കിലും) പറഞ്ഞു തരുന്ന, ചെറിയ കാര്യങ്ങള്‍ക്കു പോലും ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും എപ്പോഴും അറിയണമെന്ന് ആഗ്രഹമുള്ള (എനിക്കിഷ്ടമല്ലാത്ത അവരുടെ ഒരു സ്വഭാവം) വിശേഷാവസരങ്ങളില്‍ ഗൌനിച്ചില്ലെങ്കില്‍ മുഖം വീര്‍പ്പിക്കുന്ന ഒരു സാധാരണക്കാരി എന്ന് പറയാനാണ് എനിക്കിഷ്ടം.

പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ ഞാന്‍ മനസിലാക്കി എടുക്കുന്നത് തന്നെ കഷ്ടപ്പെട്ടാണ്‌. അതിന് ഉത്തരം പറയാന്‍ പെടുന്ന പാട് അതിലേറെ... അതുകൊണ്ട് തന്നെ അവരുടെ മിക്ക ചോദ്യങ്ങളും ഞാന്‍ ഒന്നുകില്‍ കേട്ടില്ലെന്നു നടിക്കുകയോ മനസിലായില്ലെന്നു ആംഗ്യം കാട്ടുകയോ ചെയ്തുപോന്നു. :)

സുഗുണാമ്മ എല്ലാ വീട്ടുജോലിക്കാരെയും പോലെ തന്നെ നമ്മള്‍ അരികില്‍ ഉള്ളപ്പോള്‍ കുറച്ചു കാര്യമായും അല്ലാത്തപ്പോള്‍ ഉഴപ്പിയും പണികള്‍ ചെയ്തിരുന്നു. എങ്കിലും എനിക്കവരില്‍ ഇഷ്ടമായത് അവരുടെ കലര്‍പ്പില്ലാത്ത സ്നേഹമെന്നോ സഹാനുഭൂതിയെന്നോ അതുമല്ലെങ്കില്‍ മാനുഷിക പരിഗണനയെന്നോ വിളിക്കാവുന്ന ഗുണമാണ്. വീട്ടില്‍ വന്നു കയറിയ ഉടനെ കുഞ്ഞുങ്ങളോട് എന്തെങ്കിലും കൊഞ്ചി പറയുകയോ എന്‍റെ പിന്നില്‍ വന്നുനിന്നു കുട്ടികളെ പോലെ എന്തെങ്കിലും ശബ്ദമുണ്ടാക്കി ഞെട്ടിക്കുകയോ ചെയ്തു ഉറക്കെ ചിരിക്കുന്നത് ചിലപ്പോഴെങ്കിലും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എന്‍റെ മുഖത്ത് ക്ഷീണം കണ്ടാല്‍ ഉടനെ അന്വേഷിക്കും. വയ്യ എന്നറിഞ്ഞാല്‍ എന്നെ വിശ്രമിക്കാന്‍ നിര്‍ബന്ധിക്കും. അവരുടെ പരിധിയില്‍ അല്ലാത്ത ജോലികള്‍ കൂടെ ചോദിക്കാതെ തന്നെ ചെയ്യും. പോകാന്‍ നേരത്ത് ഒരിക്കല്‍ കൂടി എന്‍റെ സുഖാന്വേഷണം നടത്തും. അവശതയില്‍ നമ്മെ തേടിയെത്തുന്ന ഒരു അന്വേഷണം പോലും മരുഭൂമിയിലെ കുളിര്‍ കാറ്റാവും. എന്‍റെ ഗര്‍ഭകാലത്താണ് പലപ്പോഴും അത് ശരിക്കും അനുഭവപ്പെട്ടിട്ടുള്ളത്‌.

സുഗുണാമ്മക്ക് ഞങ്ങളോടുള്ള സ്നേഹത്തിന് അവര്‍ കാരണമായി പറയുന്നത് മറ്റുള്ള വീട്ടുകാരില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ അവരെ 'അമ്മ' എന്ന് ചേര്‍ത്ത് വിളിക്കുന്നുവത്രേ. (ഇവിടെ സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത്‌ പേരിനോടോപ്പമോ അല്ലാതെയോ അമ്മ ചേര്‍ത്താണ്.).  പന്ത്രണ്ടു വയസിലെ തിരണ്ടു കുളിയും അടുത്ത വര്ഷം നടന്ന കല്യാണവും ഉടനെയുള്ള പ്രസവവും നിരത്തി അവര്‍ പറഞ്ഞ കണക്കനുസരിച്ച് ഞങ്ങള്‍ തമ്മില്‍ രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേ ഉള്ളൂ.

ഞങ്ങള്‍ ഈ നാട് വിടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ സുഗുണാമ്മയെ അറിയിച്ചത്. "അയ്യോ അപ്പോള്‍ ഇനി ഇങ്ങോട്ട് പിന്നെ വരില്ലേ " എന്നൊക്കെയാണ് അവര്‍ ചോദിച്ചതെന്ന് തോന്നുന്നു. മനസ്സില്‍ വന്ന ഉത്തരം തെലുങ്കില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചില്ല. അവരുടെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ കാണാത്തതുപോലെ നിന്നു. 

അവര്‍ക്ക് കൊടുക്കാനായി എന്‍റെ ഒരു പട്ടുസാരിയും കുറച്ചു പൈസയും ഞാന്‍ കരുതിവെച്ചിട്ടുണ്ട്. അവര്‍ക്കെന്റെ മനസ്സില്‍ എന്താണ് സ്ഥാനമെന്നും അവരെ ഞാന്‍ എന്തുമാത്രം മിസ്സ്‌ ചെയ്യുമെന്നുമൊക്കെ പറയണമെന്നുണ്ട്. ഞാന്‍ പറയുന്നതെല്ലാം അവര്‍ക്ക് മനസിലാവുമോ എന്നറിയില്ല..

അല്ലെങ്കിലും ഈ അഞ്ചുവര്‍ഷവും ഞങ്ങള്‍ ലോകവിശേഷങ്ങള്‍ പറഞ്ഞത് ഏതെങ്കിലും ഭാഷ പഠിച്ചിട്ടാണോ?

Tuesday, April 26, 2011

കണ്ണനെ കണി കാണാന്‍..


വിഷുക്കണി എത്ര ഒരുക്കിയിട്ടും തൃപ്തിയാവാതെ പിന്നെയും പിന്നെയും കണികൂട്ടങ്ങള്‍ സ്ഥാനം മാറ്റി വെച്ചു നോക്കുമ്പോള്‍, മനോഹരമായി കണിയൊരുക്കി അതിരാവിലെ വിളിച്ചുണര്‍ത്തി കണ്ണ് പൊത്തിയ ആ രണ്ട് കൈകള്‍ ഒരിക്കല്‍ക്കൂടി കണ്ടെങ്കിലെന്ന് മോഹിച്ചു, വെറുതെ..

കളഞ്ഞു കിട്ടിയ കണ്ണന്റെ കഥ അറിയാന്‍  

Monday, April 11, 2011

ഗൃഹസ്ഥാശ്രമി

മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കങ്ങള്‍ക്കൊടുവില്‍ അയാള്‍ തലയിണയ്ക്കരികില്‍ വെച്ചിരുന്ന വാച്ചില്‍ നോക്കി. നാലുമണി കഴിഞ്ഞു മുപ്പത്തഞ്ചു മിനിറ്റ്. നാലു പതിനഞ്ചിന് ട്രെയിന്‍ അവിടെ എത്തുമെന്നാണ് കയറുന്നതിനു തൊട്ടുമുന്‍പ് വിളിച്ചപ്പോള്‍ ഭാരതി പറഞ്ഞത്. തന്‍റെ ഉറക്കത്തിനു ഭംഗം വരുത്തേണ്ടെന്നു കരുതി, നേരം വെളുത്തിട്ടു വിളിക്കാമെന്നു വെച്ചതാവും. അവള്‍ എവിടെയ്ക്കെങ്കിലും പോവുന്നതുമുതല്‍ ‍ ഉറക്കം പിണങ്ങി നില്‍ക്കുന്നത് പതിവാണ്. ആദ്യമായിട്ടല്ല തനിച്ചുള്ള യാത്ര, കൊച്ചുകുട്ടിയല്ല എന്നൊക്കെ സ്വയം ബോധിപ്പിക്കാന്‍ ശ്രമിച്ചാലും മനസ് മന്ദബുദ്ധി ചമയും.
എഴുനേറ്റ് പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു. ഭാരതിയുടെ വിളി ഇനിയും വന്നില്ല. അക്ഷമയുടെ മുനമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഭാരതിയുടെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. നിരാശ തന്നെ സമ്മാനിച്ചുകൊണ്ട് ടെലിഫോണ്‍ ശബ്ദിക്കാതിരുന്നപ്പോള്‍ തലേന്ന് രാത്രിയില്‍ ‍ വീട്ടുപടിക്കലെ പോസ്റ്റിനു പുറത്തേക്ക് മരച്ചില്ലയെ വീഴ്ത്തിയ കാറ്റിനെ ശപിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് അവളുടെ കൈപിടിച്ച് ഈ വീട്ടില്‍ കയറി വന്നത്. പതിനെട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അവളെ മോചിപ്പിച്ചതെന്ന് വിവാഹ രാത്രിയില്‍ അവള്‍ പറയുമ്പോള്‍ ജനാലയ്ക്കപ്പുറത്തെ ഇലയനക്കം നോക്കി നില്‍ക്കുകയായിരുന്നു.
വടക്കന്‍ കേരളത്തിലെ പേരുകേട്ട തറവാട്ടിലെ ഏകാധിപതിയായ അമ്മാവനും, മരുമക്കത്തായം പടികടന്നുവെന്നും അച്ഛന്‍റെ കാലശേഷം അധികാരം മൂത്ത പുത്രനാണെന്നും സദാ സമയവും പരാതി പറയുന്ന ഏട്ടനും ഇടയില്‍ നിശബ്ദയായ അമ്മയെ മാത്രം കണ്ടു വളര്‍ന്ന ബാല്യവും കൌമാരവും. സ്വന്തമായി ശബ്ദമുണ്ടെന്നു മനസിലാക്കുന്നത്‌ പലപ്പോഴും വീടിനു പുറത്ത് വെച്ചായിരുന്നുവത്രേ. മനസിലെ ആശയങ്ങള്‍ക്കു ചിറകുകള്‍ മുളച്ചതും ആ വാശിയില്‍ തന്നെ. കോളേജില്‍ എത്തുമ്പോഴേക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വക്താവായി. നാട്ടിലെ അധികാരി അമ്മാവന്റെയും ഏട്ടന്റെയും മുന്നില്‍ നാവില്ലാത്ത അമ്മയുടെ പിന്ഗാമി ചമഞ്ഞു.
നേരം വെളുക്കുവോളം അവള്‍ മാത്രം സംസാരിച്ചതെന്തിനായിരുന്നുവെന്ന് പിറ്റേന്ന് പകല്‍ മുഴുവന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അടുക്കളയില്‍ പുതുപ്പെണ്ണിന്റെ നാണം മാറ്റിവെച്ച് അധികാരത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അഭിമാനമായിരുന്നു. ഒരിക്കല്‍പോലും പിന്നിലാവാന്‍ ആഗ്രഹിക്കാത്ത, ഒരുതരം വാശി അവളില്‍ എല്ലാ കാര്യത്തിലും അന്നേ ഉണ്ടായിരുന്നുവോ? ജോലിക്കാരിയുടെ കഷ്ടപ്പാടിനും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ച്, വീടിന്നടുത്തുള്ള കൊച്ചു പെണ്‍കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്.. അവള്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ സാന്നിധ്യമാവുന്നതും പ്രശംസക്ക് പാത്രമാവുന്നതും സന്തോഷത്തോടെ നോക്കി നിന്നു. ജോലിസ്ഥലത്തേക്ക് തനിച്ചുപോവുമ്പോള്‍ അവള്‍ക്ക് ഏകാന്തത ഉണ്ടാവാതിരിക്കാനും ഈ തിരക്ക് ഉപകരിക്കുമെന്ന് ആശ്വസിച്ചു. വെറുമൊരു വീട്ടമ്മയായി അടച്ചിടപ്പെടേണ്ടവളല്ല, എവിടെയൊക്കെയോ പടര്ത്തപ്പെടേണ്ട ജ്വാല അവളിലുണ്ടെന്ന തിരിച്ചറിവ് അഭിമാനത്തോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട്‌ തന്നെ ഒന്നിനും താനൊരു തടസമാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചത് മധുവിധുകാലത്ത് തന്നെയാണ്.
വാതില്‍മണി നാദം അയാളെ ഭൂതകാലത്തിന്റെ പടവുകള്‍ ഓടിയിറങ്ങാന്‍ നിര്‍ബന്ധിതനാക്കി.
"ടീച്ചര്‍ ഇന്നും ഇല്ലാ ല്ലേ? ഇന്നലെ പോണ വഴി വീട്ടില്‍ കേറി രാവിലെ തന്നെ വന്നു മാഷക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണോന്ന് പറഞ്ഞിട്ടാ പോയത്."
പാറൂട്ടിയമ്മ വരുമെന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
"മാഷായതുകൊണ്ടാ... ഇബടെ ഞങ്ങളെല്ലാരും പറയും. എബ്ടെക്കാ, എന്തിനാന്നോന്നും ചോദിക്കാതെ എന്തിനേ ങ്ങനെ വിടണേ? കാലോന്നും അത്ര നന്നല്ല മാഷെ.. മാഷെ തനിച്ചാക്കി എങ്ങടാ ഈയമ്മ പോണേ?"
'എന്‍റെ ഭാരതി എവിടെയ്ക്കാ പോണത് ന്ന് നിയ്ക്കറിയാം പാറൂട്ടിയമ്മേ...അവള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്. തിരുവനന്തപുരത്ത് ഒരു സമരത്തില്‍ പ്രസംഗിക്കാനാ അവള്‍ പോയത്. അല്ലാതെ നിങ്ങള്‍ വിചാരിക്കണപോലെ......' പുതഞ്ഞുവന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറയണമെന്ന് തോന്നി.
"അതിന് അവളിന്ന് രാത്രി തന്നെ എത്തുമല്ലോ.. ഞാന്‍ തനിച്ചല്ലല്ലോ.. നിങ്ങളില്ലേ.. പോരാത്തേന് കുട്ടീഷ്ണന്‍ വരേം ചെയ്യും"
"മാഷ്ക്കൊരു കുഞ്ഞിനെ പോലും തരാന്‍ പറ്റിയില്ല്യാലോ ആയമ്മക്ക്‌!"
"പാറൂട്ടിയമ്മക്ക് പണിയില്ലേ അടുക്കളയില്‍? " ശബ്ദം അറിയാതെ കനത്തുപോയി.
"ന്തോപ്പാ... ഞാന്‍ നിയ്ക്ക് മനസ്സില്‍ തോന്നീത് പറഞ്ഞൂന്നേയുള്ളൂ.. മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെയ്ക്കാന്‍ പാറൂന് പണ്ടേ അറീല്ല്യാ.. അദോണ്ട് പറഞ്ഞതാ.."
പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കള ഭാഗത്തേക്ക് നടന്നു.
മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെക്കുന്ന എത്ര മുഖങ്ങള്‍ ഉണ്ടാവും! മുഖത്തേക്കാള്‍ വലിയ കറുത്ത കണ്ണടയും കയ്യില്ലാത്ത ബ്ലൌസും ധരിച്ച് മിനി മാത്യൂസും മുനമ്പില്‍ സ്വര്‍ണം പിടിപ്പിച്ച വടി കുത്തി കേണല്‍ മേനോനും പിന്നെയും ചില പേരറിയാത്ത മനുഷ്യരും അയാളുടെ മനസിലൂടെ നടന്നുപോയി.
പാറൂട്ടിയമ്മ ഉണ്ടാക്കി കൊടുത്ത ചോറും കറികളും തലേന്ന് പോകുന്നതിനു മുന്‍പ് ഭാരതി ധൃതി പിടിച്ചുണ്ടാക്കി വെച്ച തണുത്ത സേമിയ പായസവും നിരന്ന, വിശാലമായ മേശയ്ക്കരികില്‍ തനിച്ചിരിക്കുമ്പോള്‍ അടപ്പുകള്‍ തുറന്നു പച്ചക്കറികള്‍ എഴുനേറ്റ് വന്നു അയാള്‍ക്ക് ചുറ്റും പൊട്ടിച്ചിരിച്ചു കൊണ്ട് നൃത്തമാടി.
സ്വാതന്ത്ര്യം കൊതിച്ചവള്‍ക്ക് അത് അനുവദിച്ചു കൊടുത്തതാണോ തെറ്റ്? മറ്റുള്ളവര്‍ പറയുന്നതുപോലെ അവള്‍ വഴിതെറ്റി പോകുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു വിശ്വസിച്ചു വളര്‍ന്നവള്‍.. അത് അനുവദിച്ചുകൊടുക്കുമ്പോള്‍ അവളുടെ മനസിലെ ഉയര്‍ന്ന സ്ഥാനമേ ആഗ്രഹിച്ചുള്ളൂ.. അതുവരെയുള്ള അവളുടെ പുരുഷ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരുത്തെഴുത്ത് ! അതില്‍ വിജയിക്കുകയും ചെയ്തു...
ജോലിയില്‍ നിന്നും വിരമിച്ചു വികലാംഗനായി വീട്ടില്‍ ചടഞ്ഞുകൂടെണ്ടി വന്ന ആദ്യ നാളുകളില്‍ ഒരു അവഗണനയോ അപകര്‍ഷതയോ ഒറ്റപ്പെടലോ ഉള്ളില്‍ എവിടെയൊക്കെയോ ഭരണം നടത്തിയിരുന്നില്ലേ.. അവയെയെല്ലാം അവളോടുള്ള സ്നേഹമോ അരികില്‍ ഉള്ളപ്പോഴുള്ള അവളുടെ കരുതലോ ഒക്കെ നിഷ്പ്രഭമാക്കി.
എങ്കിലും...
പല ദിവസങ്ങളിലും രാവിലത്തെ ചായ തനിയെ അനത്തുമ്പോള്‍...
തണുത്തുറഞ്ഞ ഭക്ഷണം ചൂടാക്കി, കുറച്ചെന്തെങ്കിലും എടുത്തെന്ന് വരുത്തി ടെലിവിഷന് മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍... ചില വാര്‍ത്താ ദൃശ്യങ്ങളില്‍ അവള്‍ നിറയുമ്പോള്‍..
ഏകാന്ത രാവുകളില്‍ തലയിണയെ കൂട്ടുപിടിച്ച്, അകന്നു നില്‍ക്കുന്ന നിദ്രയെ ആവാഹിക്കാന്‍ ബദ്ധപ്പെടുമ്പോള്‍.. ഒക്കെ... തനിച്ചാക്കപ്പെട്ടുവോ? അതോ സ്വയം ഉള്വലിയുകയായിരുന്നുവോ..
തിരക്കിനിടയിലും കിട്ടുന്ന സമയത്തെ അന്വേഷണങ്ങളിലെ കരുതലും സ്നേഹവും, സന്തോഷവും സാന്ത്വനവും ആണെങ്കിലും ചിലപ്പോഴൊക്കെ താനൊരു വിലങ്ങു തടി ആകുന്നുണ്ടോ അവള്‍ക്കെന്ന തോന്നലും ഉണ്ടാവുന്നു.
ഇന്നെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? പാറൂട്ടിയമ്മയുടെ വാക്കുകള്‍ ഉള്ളില്‍ അടക്കിവെച്ച എന്തിനെയൊക്കെയോ ഉണര്ത്തുന്നവയായിരുന്നോ ?
നിറച്ചുണ്ട് ഏമ്പക്കം വന്നാലും ഒരിത്തിരി ചോറുകൂടി എന്ന് സ്നേഹം ചൊരിയാന്‍ വളരെ അപൂര്‍വമായേ അവള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ..
അഥവാ അങ്ങനെ ഒക്കെ ആഗ്രഹിക്കാന്‍ തനിക്കെന്താണ്‌ അര്ഹത? യൌവനകാലത്ത് അവളെ തനിച്ചാക്കി അതിര്‍ത്തി കാക്കാന്‍ പോയവന്‍. നെഞ്ചിനെ ലക്ഷ്യമാക്കി വന്നത് കാലില്‍ ഏറ്റുവാങ്ങി വികലാംഗപട്ടം നേടിയവന്‍. അവള്‍ക്കെന്നും ഒരു ഭാരം മാത്രമായിട്ടെയുള്ളൂ..
വാതില്‍ക്കല്‍ മുട്ടുകേട്ടു ചിന്തകളില്‍ നിന്നും ഉണരുമ്പോള്‍ വലിയ വീട്ടിലെ തനിച്ച് തന്നെയാണെന്ന് അടച്ചിട്ട അടുക്കളവാതില്‍ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടിരുന്ന നേരത്തെപ്പോഴോ "പാറു പോയിട്ട് വരാ മാഷെ" ന്ന് കേട്ടുവോ..
വാതില്‍ക്കല്‍ പുഞ്ചിരി തൂവുന്ന മുഖവുമായി അവള്‍, ഭാരതി!
"എന്തെയിങ്ങനെ നോക്കണേ.. നമ്മുടെ വിവാഹദിവസമായിട്ട് ഏട്ടനിവിടെ തനിച്ചല്ലേ എന്നോര്‍ത്തപ്പോള്‍ പിന്നെ സമരോം സെമിനാറും ഒന്നും ഓര്‍ത്തില്ലാ.. നേരെ ഇങ്ങട് പോന്നു. "
തന്‍റെ അമ്പരപ്പ്  വകവെക്കാതെ കയ്യിലെ ബാഗ്‌ സോഫയിലേക്ക് വലിച്ചെറിഞ്ഞ്, കയ്യും മുഖവും കഴുകി വസ്ത്രം പോലും മാറാതെ അവള്‍ മേശക്കരികില്‍ കസേര വലിച്ചിട്ടിരുന്നു.
"ന്താ ങ്ങനെ നിക്കണേ.. വരൂ.. നല്ല വിശപ്പ്‌.. ഒന്നും കഴിച്ചിട്ടും കൂടീല്ല്യാ.. അയ്യോ പാറൂട്ടിയമ്മ വാഴയില വെട്ടിയില്ലേ.. ഞാന്‍ അതും പറഞ്ഞേല്പ്പിചിരുന്നൂലോ.. സാരല്ല്യാ.. ഒരു പാത്രത്തില്‍ തന്നെ കഴിക്കാം, വരൂന്നേ.. ഇന്ന് ഞാനാ ഉരുളയുരുട്ടി തരുന്നത്.. എത്ര നാളായി!! ആഗ്രഹം ല്ല്യാഞ്ഞിറ്റൊന്നുമല്ലാ ട്ടോ.. ഞാന്‍ വേണ്ടപോലെ ശ്രദ്ധിക്കണില്ല്യാന്നു തോന്നീട്ട്ണ്ടോ എട്ടന്?"
ഇല്ലെന്ന് തലയാട്ടുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ കയറിവന്നു തൊണ്ടയില്‍ കുരുങ്ങി.
എപ്പോഴോ തുറന്നുവെച്ച ടെലിവിഷനില്‍ സമരപന്തലില്‍ ഭാരതി ഘോരഘോരം പ്രസംഗിച്ചതും ഏതോ സാമൂഹ്യവിരുദ്ധരുടെ ‍ ആക്രമണത്താല്‍ അവിടെ ചുവപ്പ് പടര്‍ന്നതും  സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും മഹിളാസംഘടനകളും അവതാരകനോട് തര്‍ക്കിച്ചതും മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നില്ല.
അപ്പോള്‍ അയാള്‍ നിറഞ്ഞ വയറും മനസുമായി അവളുടെ മടിയില്‍ തലവെച്ചു കണ്ണടച്ച് കിടക്കുകയായിരുന്നു.