About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

കനൽപൂക്കൾ

 "നീ പോണുണ്ടോ തീക്കുഴിച്ചാട്ടം കാണാൻ?"

"തീക്കുഴി അല്ല, പൂക്കുഴി, അങ്ങനെയാ പറയാ.."
രാത്രിയിലുള്ള മേളവും കരകാട്ടവും കഴിഞ്ഞ് തോളോട് തോൾ ചേർന്ന് കൈകോർത്തുപിടിച്ച് ഇരുവശവും വർണ്ണവിളക്കുമാലകളും ഇടയ്ക്കിടെ സ്ഥാപിക്കപ്പെട്ട ട്യൂബ് ലൈറ്റ് തൂണുകളുമുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുകയാവും ഞങ്ങളപ്പോൾ.
മാരിയമ്മൻ കോവിലിലെ പൊങ്കൽ എന്നാൽ അവിടെ ഉത്സവമാണ്. രണ്ടുമൂന്ന് ദിവസം മുൻപുതന്നെ വഴിനീളെ വിളക്കുകാലുകൾ ഉയരും. വഴിവാണിഭക്കാർ ഓരോ വിളക്കുകാലിനും കാവലാകും. ശീർകാഴി ഗോവിന്ദരാജനും എൽ ആർ ഈശ്വരിയും വാണിയമ്മയും ദിനരാത്രവ്യത്യാസമില്ലാതെ നിരന്തരം പാടിക്കൊണ്ടിരിക്കും. താലത്തിൽ പച്ചമാവും വിളക്കുമേന്തി പട്ടുടുത്ത സുന്ദരിമാർ ഊർവലം വരും. ഒപ്പം കൊട്ടും കരകാട്ടക്കളിയുമുണ്ടാവും. തലയിൽ കുംഭം വെച്ച് തിളങ്ങുന്ന വസ്ത്രമണിഞ്ഞ് ആണും പെണ്ണും തകിലുകൊട്ടലിന്റെ താളത്തിലാടും.
ഭയപ്പെടുത്തുന്ന കാഴ്ച്ച പൂജാസമയത്തെ വെളിച്ചപ്പാടിന്റെ തലവെട്ടലാണ്. ഭഗവതി സന്നിവേശിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ കയ്യിലെ വാൾ ആഞ്ഞുവീശി സ്വന്തം നെറുകെയിൽ വെട്ടും, ചോര പൊടിയുന്ന തലയിൽ ഇടംകൈ കൊണ്ട് അല്പം ഭസ്മം പൂശും. സാധാരണ കുട്ടികൾ കാണാൻ നിൽക്കാറില്ല.
രാത്രിയാണ് പൂക്കുഴിയിൽ തീ കൂട്ടുന്നത്. നീളത്തിൽ കുഴിവെട്ടി അതിൽ വിറകിട്ട് കത്തിക്കുമ്പോൾ അമ്മൻകോവിലിനു കുട പിടിച്ചു നിൽക്കുന്ന അരയാലിന്റെ ഇലകൾ ജ്വാലാമുഖികളാവും . പൂജയും ശബ്ദഘോഷങ്ങളെല്ലാം അവസാനിച്ചാലും തീമെത്ത കെടാതിരിക്കാൻ ഇരുവശവും നിന്ന് വീശുമ്പോൾ കനലുകൾ ചുവന്ന പൂക്കളായി വിടരും. ചാരത്തരികൾ അന്തരീക്ഷത്തിൽ പാറും.
അടുത്തനാൾ വെളുപ്പിനെയാണ് അസുരവാദ്യവുമായി അവരെത്തുക. പുഴയിൽ മുങ്ങി ഈറനുടുത്ത് വാളും ചിലമ്പുമായി മുന്നിൽ നടക്കുന്ന വെളിച്ചപ്പാടിന്റെ പിന്നാലെ ദൈവനാമം ഉറക്കെ ഉച്ചരിച്ച് ഒരുപറ്റം വ്രതശുദ്ധരായ ഭക്തർ തുള്ളിക്കൊണ്ട് വരും. കനൽ പൂത്തുനിൽക്കുന്ന മെത്തയ്ക്കിരുവശവും നിന്ന് വീശിവീശി ജ്വലിപ്പിക്കുന്നവരുടെ ഉറച്ച പേശികളിൽ നിന്നും വിയർപ്പ് തെറിക്കും. കൊട്ട് മുറുകുമ്പോൾ അതിലും ഉച്ചത്തിലാവുന്ന ഗോവിന്ദനാമം കേട്ട് അരയാലിലകളെ പോലെ ഓരോ മനസും വിറകൊള്ളും. കളങ്കമുള്ളവർക്കുമാത്രമേ കാൽ പൊള്ളുകയുള്ളൂ എന്നതിനാൽ അവിടെയുള്ള ഓരോ മനവും പ്രാര്ഥനാമുഖരിതമാവും. അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് ആദ്യം കാലെടുത്തുവെക്കുമ്പോൾ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടും. പിന്നെ പതുക്കെ തുറന്ന്, ഉറച്ച കാൽ വെപ്പുകളോടെ പൂമെത്തയിൽ ചവിട്ടി നീങ്ങുന്നത് കണ്ട് അതഭുതം കൂറും. വെളിച്ചപ്പാടിനുപിന്നാലെയായി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓടിയിറങ്ങി നടന്നുകയറും.
വിഭൂതി മണക്കുന്ന വഴിയിലൂടെ തിരികെ നടക്കുമ്പോൾ മനസ്‌ കനൽപൂക്കൾ പോലെ ദീപ്തമായിരിക്കും!
സൂനജ

No comments: