About Me

My photo
A person who loves to read, write, sing and share thoughts.
Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Wednesday, May 26, 2021

ജനാലക്കപ്പുറം


എല്ലാവരെയും യാത്രയാക്കി തുടങ്ങുന്ന അടുക്കളയുദ്ധത്തിൽ പാത്രങ്ങളുടെ കലപിലയ്ക്കിടയിലാണ് ജനാലക്കപ്പുറത്തെ റോഡിനെതിർവശത്തെ പുൽത്തകിടിയും ഒത്തനടുവിലെ ഒറ്റവീടും എന്റെ പകലുകളിലേക്ക് കയറിവരുന്നത്. ഒപ്പം പഞ്ഞിക്കെട്ടുപോലത്തെ നീണ്ട താടിയും വലിയ വയറുമുള്ള ആ മനുഷ്യനും.
ഉണരുമ്പോഴോ ഉറങ്ങാൻ കിടക്കുമ്പോഴോ അയാളെന്റെ ചിന്തയിൽ വരാറില്ല.
രാവിലത്തെ തിരക്കുകളിൽ ഒരിക്കൽപോലും ഓർത്തിട്ടുമില്ല.
നരച്ച നീല ജീൻസും കറുത്തതോ ബ്രൗണോ കുപ്പായവും മാത്രമാണ് എന്റെ ദൂരക്കാഴ്ചയിൽ തെളിയാറ്. ഒന്നുകിൽ പുല്ലുചെത്തി നീക്കിക്കൊണ്ട് ആ വീടിനുചുറ്റും നടക്കുന്നതാവും. ചിലപ്പോൾ ആ പുൽമേടിന്റെ ഒത്തനടുക്ക് നിൽക്കുന്ന മേപ്പിൾ പൊഴിക്കുന്ന ഓരോ ഇലയും സസൂക്ഷ്മം തൂത്തുവാരി കളയുന്നതാവും. മഞ്ഞുവീണൊഴിഞ്ഞ ദിവസങ്ങളിൽ നടപ്പാതയിൽ ഒട്ടിപ്പിടിച്ച അഴുകിയ ഇലകളും മറ്റും ശ്രദ്ധാപൂർവം എടുത്തുമാറ്റുന്നത് കാണാം.
വെയിലോ മഴയോ മഞ്ഞോ കാറ്റോ നോക്കാതെ കർമ്മനിരതനായ അയാൾ ആ വീടിന്റെ കാര്യസ്ഥനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ചപ്പുചവറുകൾ ചാക്കിൽ എടുത്തുകൊണ്ട് നടക്കുമ്പോൾ അയാളെനിക്ക് സാന്റായാവും. അടുത്ത ക്രിസ്മസിന് എനിക്കുള്ള സമ്മാനവുമായെത്തുന്നത്‌ അയാളാണെന്ന് സ്വപ്നം കാണും.
ഒരിക്കലും അയാളെന്നെ കണ്ടിട്ടുണ്ടാവില്ല. എന്റെ ജനാല ഒരിക്കലും അയാൾ ശ്രദ്ധിക്കാനിടയില്ല. എങ്കിലും ഈ വസന്തകാലത്ത് അയാൾക്കും എനിക്കുമിടയിലെ ചെറിമരം പൂത്തുലഞ്ഞപ്പോൾ ഒരിക്കലെങ്കിലും അയാൾ അതിലേക്ക് നോക്കുമെന്ന് ഞാനോർത്തിരുന്നു. ഒരു പക്ഷെ ആ വൃദ്ധനേത്രങ്ങൾക്ക് അതൊരു കാഴ്ചയേ ആയിരിക്കില്ല.
അയാൾക്കും എനിക്കുമിടയിലെ തിരക്കേറിയ വീഥിയിൽ ചീറിപ്പായുന്ന ഒന്നിനെയും അയാൾ അറിയാറില്ല. എവിടെയോ നടന്നിരിക്കാവുന്ന അഗ്നിബാധയെയോ അപകടത്തെയോ അറിയിച്ചുവരാറുള്ള ശബ്ദങ്ങളിൽ പോലും അയാൾ ആകുലപ്പെടുന്നത് കണ്ടില്ല.
അയാളെപ്പറ്റി ഞാൻ മെനഞ്ഞ കഥയിൽ ആ വീട് മാത്രമാണ് അയാളുടെ ഉലകം. അവിടം ഏറ്റവും സുന്ദരമായി സൂക്ഷിക്കുക മാത്രമാണ് അയാളുടെ ജന്മലക്ഷ്യം. ഇടക്ക് എന്നോ ഒരിക്കൽ അവിടേക്ക് സൈക്കിളിൽ വന്ന പയ്യനെ ഞാൻ അയാളുടെ ഏക ബന്ധുവായ പേരക്കിടാവാക്കി. അവൻ പണമാവശ്യപ്പെട്ട് വഴക്കിടുകയാണെന്ന് ഉറപ്പിച്ചു. പിണങ്ങിപ്പോയ കുട്ടി പിന്നീട് എന്റെ മുന്നിൽ വന്നതേയില്ല.
ഇനിയൊന്നും കൂടി പറയട്ടെ, അയാളുടെ മുഖം ഇതുവരെ ഞാൻ കണ്ടിട്ടേയില്ല!
- സൂനജ

Music

 ജീവിതത്തിലുടനീളം പല പാട്ടുകളും സ്വാധീനിച്ചു കടന്നുപോയിട്ടുണ്ട്. കുഞ്ഞുന്നാൾ മുതൽ എന്നും കേട്ടുണർന്നിരുന്ന ഭക്തിഗാനങ്ങൾ മനസ്സിൽ ഭക്തി മാത്രമല്ല, സമാധാനവും ആത്മവിശ്വാസവും തന്നിട്ടുണ്ട്. ദൈവത്തിനും എനിക്കുമിടയിൽ ഒരു ഇടനിലക്കാരനും ഇല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കാൻ അതിന് കഴിഞ്ഞിട്ടുമുണ്ട്.

എത്രയൊക്കെ ഭാവസാന്ദ്രമായ ഗാനങ്ങൾ കേട്ടാലും ചില പ്രത്യേക രാഗങ്ങളിലെ കീർത്തനങ്ങൾ കേൾക്കുമ്പോൾ ഞാനറിയാതെ മറ്റേതോ അലൗകികമായ ലോകത്തേക്ക് പോകുന്നത് അനുഭവിച്ചറിഞ്ഞതിനുശേഷമാണ് ദാസേട്ടൻ മാത്രമല്ല, ബാലമുരളികൃഷ്ണയും എം എസ് സുബ്ബലക്ഷ്മിയും ടി എം കൃഷ്ണയും ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയുമൊക്കെ അടുത്തെത്തിയത്.
ഇരുപതോളം മിനിറ്റ് വരുന്ന ബലമുരളീകൃഷ്ണയുടെ വാതാപി കേട്ടിരുന്നപ്പോൾ സംഗീതമെന്ന സാഗരത്തെക്കുറിച്ച് മഹാന്മാർ പറയുന്നത് വെറുതെയല്ലെന്ന് തോന്നിപ്പോയി. ഒരേ രാഗം തന്നെ എത്ര മണിക്കൂർ വേണമെങ്കിലും പാടാം എന്നൊക്കെ പഠിക്കുകയായിരുന്നു.
ഏറെ ആവേശത്തോടെ പഠിച്ചുതുടങ്ങിയ പഞ്ചരത്നകീർത്തനങ്ങൾ മുഴുമിപ്പിക്കാതെ പാട്ടുമാമി പോയി. ആ അനശ്വരസ്വരം ഇന്നും കാതിലുണ്ട്. "ഉൻ കുരലിൽ ഭക്തി ഇരുക്ക് കുഴന്തേ" എന്ന അനുഗ്രഹവും.
സുഖമില്ലായ്മകളിൽ ബോംബെ ജയശ്രീയുടെ കീർത്തനങ്ങൾ തേൻ പുരട്ടി. ദ്വിജാവന്തിയിൽ "എങ്കു നാൻ സെൽവേൻ അയ്യാ നീർ തള്ളിനാൽ" എന്ന് കേട്ട് കണ്ണുനിറച്ചു കിടന്നതെത്രയോ പകലുകൾ!
മഴ തോരാതെ പെയ്യുന്ന ചാരനിറമുള്ള ഇരുണ്ട പകലുകളിൽ ജനാലക്കപ്പുറത്തേക്ക് നോക്കാൻ വയ്യാതെ അടുക്കളയിലെയും ഹാളിലെയും എല്ലാ ലൈറ്റുകളും തെളിച്ച്, ബോംബെ ജയശ്രീയെ കൊണ്ട് ഭാഗേശ്രീയിൽ "കണ്ടേൻ സീതയെ" പാടിച്ചാൽ സീതയെ കണ്ടെത്തിയ ഹനുമാന്റെ സന്തോഷപ്രകാശം എന്നിലും പടരും.
ഏത് തപസ് ചെയ്താണ് നിനക്ക് ഭഗവാനെ താലോലിക്കാനുള്ള വരം കിട്ടിയതെന്ന് യശോദയോട് ചോദിക്കുന്നത് കാപിരാഗത്തിലാണ്. അതേ രാഗത്തിലാണ് ഭാരതിയുടെ ചിന്നഞ്ചിരുകിളിയെ കൊഞ്ചുന്നതും. മനുഷ്യന്റെ ഓരോ വികാരങ്ങളെയും ഉത്തേജിപ്പിക്കുന്ന രാഗങ്ങൾ ഉണ്ടാക്കിയവരെ നമിക്കാതെ വയ്യ.
കീർത്തനങ്ങൾ മിക്കതും ദൈവത്തോട് ഭക്തന്റെ പറയലുകളാണ്. അതിൽ അപേക്ഷയുണ്ടാവും, സങ്കടം പറച്ചിലുണ്ടാവും, പങ്കുവെക്കലുണ്ടാവും, വേവലാതികളും കാണും. കണ്ണടച്ച് കേട്ടുകേട്ടിരിക്കുമ്പോൾ ഏതോ ഒരു പ്രത്യേകസമയത്ത് ലോകത്ത് ഞാൻ മാത്രമാവും. മുന്നിൽ എല്ലാം കേൾക്കുന്നയാൾ ഉണ്ടെന്നതുപോലും തോന്നലാവും. അതൊരു പ്രത്യേകാനുഭൂതിയാണ്.
അങ്ങനെയങ്ങനെ ദൈവത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ല എന്ന ചിന്തയിലെത്തി. എന്നെ പൂർണമായും അറിയുന്ന ഒരു ശക്തിയാണത്. എല്ലാം അറിയുന്നതും. വേണ്ടത് തരും. വേണ്ടാത്തത് മോഹിക്കേണ്ടതില്ല, കാര്യവുമില്ല എന്ന അറിവ്.
അങ്ങനെയിരിക്കെയാണ് "ഇറക്കം വരാമൽ പോനതെന്ന കാരണം? " എന്ന് ബെഹാഗ് രാഗത്തിൽ കേട്ടത്. എന്നോടുമാത്രമെന്താണ് ഭഗവാന് ഒരു പരിഗണനയും ഇല്ലാത്തത് എന്ന പരിഭവം. ഗോപാലകൃഷ്ണഭാരതിയുടെ കീർത്തനമാണ്. കേട്ടുകേട്ടങ്ങിരിക്കെ ചരണത്തിൽ ശരിക്കും കൗതുകം തോന്നി., "പഴി എത്തനൈ നാൻ സെയ്യണം പാലിത്തിടും ശിവ ചിദംബരം" എന്ന്! ഇനി ഞാൻ എന്തെങ്കിലും പഴി ചെയ്യേണ്ടതുണ്ടോ അങ്ങെന്നെ പരിഗണിക്കാൻ എന്ന്. വിചിത്രം തന്നെ!
എന്നാൽ ഇതിനേക്കാളൊക്കെ എനിക്കേറെ പ്രിയം "കുറയ് ഒന്ട്രുമില്ലൈ മറയ് മൂർത്തി കണ്ണാ.. " എന്ന് എം എസ് പാടിയതുതന്നെ,
എനിക്കൊരു കുറവുമില്ല കണ്ണാ നീയുണ്ടല്ലോ എന്റെ കൂടെ എന്ന്. ഭക്തിയുടെ മറ്റൊരു രൂപം. കുറവുകളില്ല, പരിഭവമില്ല, പരാതിയില്ല, ആവശ്യങ്ങളില്ല, ഉള്ളതുകൊണ്ട് പരമതൃപ്തി. എത്രപേർക്ക് അങ്ങനെ ചിന്തിക്കാനാകും?
സംഗീതത്തെ ഉപാസിക്കുന്നിടത്ത് ദൈവത്തെ പ്രത്യേകമായി പൂജിക്കേണ്ടതുപോലുമില്ല എന്ന് ഈയിടെ ബാലഭാസ്കർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വിശ്വസിക്കാൻ കഴിയുന്നതുകൊണ്ടാവാം ഇന്ന് ദൈവത്തിന്റെ പേരിലുള്ള മത്സരങ്ങൾ കാണുമ്പോൾ ഉള്ളിൽ ഊറിച്ചിരിച്ചു നിൽക്കാനാവുന്നത്.
ഇനിയുമെത്രയോ കേൾക്കാനിരിക്കുന്നു. ഇതിലും മധുരതരമായവ!
NB: all these songs are available in YouTube

കനൽപൂക്കൾ

 "നീ പോണുണ്ടോ തീക്കുഴിച്ചാട്ടം കാണാൻ?"

"തീക്കുഴി അല്ല, പൂക്കുഴി, അങ്ങനെയാ പറയാ.."
രാത്രിയിലുള്ള മേളവും കരകാട്ടവും കഴിഞ്ഞ് തോളോട് തോൾ ചേർന്ന് കൈകോർത്തുപിടിച്ച് ഇരുവശവും വർണ്ണവിളക്കുമാലകളും ഇടയ്ക്കിടെ സ്ഥാപിക്കപ്പെട്ട ട്യൂബ് ലൈറ്റ് തൂണുകളുമുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുകയാവും ഞങ്ങളപ്പോൾ.
മാരിയമ്മൻ കോവിലിലെ പൊങ്കൽ എന്നാൽ അവിടെ ഉത്സവമാണ്. രണ്ടുമൂന്ന് ദിവസം മുൻപുതന്നെ വഴിനീളെ വിളക്കുകാലുകൾ ഉയരും. വഴിവാണിഭക്കാർ ഓരോ വിളക്കുകാലിനും കാവലാകും. ശീർകാഴി ഗോവിന്ദരാജനും എൽ ആർ ഈശ്വരിയും വാണിയമ്മയും ദിനരാത്രവ്യത്യാസമില്ലാതെ നിരന്തരം പാടിക്കൊണ്ടിരിക്കും. താലത്തിൽ പച്ചമാവും വിളക്കുമേന്തി പട്ടുടുത്ത സുന്ദരിമാർ ഊർവലം വരും. ഒപ്പം കൊട്ടും കരകാട്ടക്കളിയുമുണ്ടാവും. തലയിൽ കുംഭം വെച്ച് തിളങ്ങുന്ന വസ്ത്രമണിഞ്ഞ് ആണും പെണ്ണും തകിലുകൊട്ടലിന്റെ താളത്തിലാടും.
ഭയപ്പെടുത്തുന്ന കാഴ്ച്ച പൂജാസമയത്തെ വെളിച്ചപ്പാടിന്റെ തലവെട്ടലാണ്. ഭഗവതി സന്നിവേശിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ കയ്യിലെ വാൾ ആഞ്ഞുവീശി സ്വന്തം നെറുകെയിൽ വെട്ടും, ചോര പൊടിയുന്ന തലയിൽ ഇടംകൈ കൊണ്ട് അല്പം ഭസ്മം പൂശും. സാധാരണ കുട്ടികൾ കാണാൻ നിൽക്കാറില്ല.
രാത്രിയാണ് പൂക്കുഴിയിൽ തീ കൂട്ടുന്നത്. നീളത്തിൽ കുഴിവെട്ടി അതിൽ വിറകിട്ട് കത്തിക്കുമ്പോൾ അമ്മൻകോവിലിനു കുട പിടിച്ചു നിൽക്കുന്ന അരയാലിന്റെ ഇലകൾ ജ്വാലാമുഖികളാവും . പൂജയും ശബ്ദഘോഷങ്ങളെല്ലാം അവസാനിച്ചാലും തീമെത്ത കെടാതിരിക്കാൻ ഇരുവശവും നിന്ന് വീശുമ്പോൾ കനലുകൾ ചുവന്ന പൂക്കളായി വിടരും. ചാരത്തരികൾ അന്തരീക്ഷത്തിൽ പാറും.
അടുത്തനാൾ വെളുപ്പിനെയാണ് അസുരവാദ്യവുമായി അവരെത്തുക. പുഴയിൽ മുങ്ങി ഈറനുടുത്ത് വാളും ചിലമ്പുമായി മുന്നിൽ നടക്കുന്ന വെളിച്ചപ്പാടിന്റെ പിന്നാലെ ദൈവനാമം ഉറക്കെ ഉച്ചരിച്ച് ഒരുപറ്റം വ്രതശുദ്ധരായ ഭക്തർ തുള്ളിക്കൊണ്ട് വരും. കനൽ പൂത്തുനിൽക്കുന്ന മെത്തയ്ക്കിരുവശവും നിന്ന് വീശിവീശി ജ്വലിപ്പിക്കുന്നവരുടെ ഉറച്ച പേശികളിൽ നിന്നും വിയർപ്പ് തെറിക്കും. കൊട്ട് മുറുകുമ്പോൾ അതിലും ഉച്ചത്തിലാവുന്ന ഗോവിന്ദനാമം കേട്ട് അരയാലിലകളെ പോലെ ഓരോ മനസും വിറകൊള്ളും. കളങ്കമുള്ളവർക്കുമാത്രമേ കാൽ പൊള്ളുകയുള്ളൂ എന്നതിനാൽ അവിടെയുള്ള ഓരോ മനവും പ്രാര്ഥനാമുഖരിതമാവും. അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് ആദ്യം കാലെടുത്തുവെക്കുമ്പോൾ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടും. പിന്നെ പതുക്കെ തുറന്ന്, ഉറച്ച കാൽ വെപ്പുകളോടെ പൂമെത്തയിൽ ചവിട്ടി നീങ്ങുന്നത് കണ്ട് അതഭുതം കൂറും. വെളിച്ചപ്പാടിനുപിന്നാലെയായി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓടിയിറങ്ങി നടന്നുകയറും.
വിഭൂതി മണക്കുന്ന വഴിയിലൂടെ തിരികെ നടക്കുമ്പോൾ മനസ്‌ കനൽപൂക്കൾ പോലെ ദീപ്തമായിരിക്കും!
സൂനജ

Thursday, February 14, 2013

ഒരു കാത്തിരിപ്പിന്റെ മുനമ്പ്


"ചേച്ചീ... ഇന്ന് കാപ്പി കൊടുക്കാന്‍ പോവണ്ടേ?"
ഗൃഹപാഠങ്ങള്‍  എഴുതിത്തീര്‍ക്കുമ്പോഴേക്കും കാര്‍ത്തി പടിക്കലെത്തി വിളി തുടങ്ങും.  വൈകുന്നേരങ്ങളിലെ പാഠം വായനയില്‍ നിന്നുള്ള തല്ക്കാല രക്ഷപ്പെടല്‍ കൂടിയാണ് അവനത്. വീട്ടില്‍ പണ്ട് സ്ഥിരമായി വന്നിരുന്ന് പഠിക്കുകയും കളിക്കുകയും ചെയ്തിരുന്ന അയല്‍പക്കങ്ങളിലെ കുട്ടികളില്‍ ഒരുവനായിരുന്നു എങ്കിലും അവരില്‍ പ്രധാനി താന്‍ തന്നെയെന്ന് കാര്‍ത്തി വിശ്വസിച്ചുപോന്നു.

"ഇതാ ഇതും കൂടെയേ ഉള്ളൂ.. നീ അപ്പോഴേക്കും ആ മലയാളം പുസ്തകമെടുത്ത്‌ ഉറക്കെ വായിച്ചേ.."

കാര്‍ത്തി അക്ഷരങ്ങളുമായി മല്ലയുദ്ധം നടത്തുമ്പോഴേക്കും ഗൃഹപാഠവും മറ്റു പണികളും തീര്‍ത്ത്, അമ്മയോ ചേച്ചിയോ ഒരുക്കിവെച്ച കാപ്പി നിറച്ച തൂക്കുപാത്രം എടുത്തു ഞാന്‍ ഇറങ്ങിരിക്കും.

കഷ്ടിച്ച് മൂന്നു മിനിറ്റ് മാത്രമുള്ള യാത്രയില്‍ അവന്‍ വാചാലനാവും. സ്കൂളിലെ വീരശൂരപരാക്രമങ്ങള്‍, അടുത്തിട കണ്ട വിജയകാന്ത് പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍, കൂട്ടുകാരില്‍ നിന്നും സംഘടിപ്പിച്ച കുഞ്ഞുഫിലിമുകളുടെ പ്രദര്‍ശനം അങ്ങനെ പലതും വിഷയമാവും അഗ്രഹാരത്തിലൂടെയുള്ള ആ ഹ്രസ്വനടത്തത്തിനിടയില്‍.

നാണിക്കുട്ടിയമ്മയുടെ വീടിനു മുന്നിലെത്തുമ്പോള്‍ അവന്‍ മുന്നിലോടി, പടികള്‍ ചാടിക്കയറി വാതിലിന്റെ അഴിയിലൂടെ കൈയിട്ട് തുരുമ്പിച്ച സാക്ഷ നീക്കി, ആഞ്ഞുതള്ളും. ദ്രവിച്ചുതുടങ്ങിയ വാതില്‍ ദയനീയമായി കരഞ്ഞുകൊണ്ട്‌ മലര്‍ക്കെ തുറക്കും.

"മോഹനന്‍ വന്നുവോടാ?"ഉള്ളിലെ ഇരുട്ടിനെ ഭേദിച്ച് ക്ഷീണിച്ച ചോദ്യവും പഴക്കത്തിന്റെ ഗന്ധവും ഞങ്ങളെ വരവേല്‍ക്കും.

അതോടെ കാര്‍ത്തി പതിയെ എന്റെ പിന്നിലേക്ക്‌ നീങ്ങും. ഓരോ തവണയും അവര്‍ കാത്തിരിക്കുന്ന, എന്നോ നാടുവിട്ട മനോരോഗിയായ മകന്‍ അല്ലെന്നറിയിച്ചുകൊണ്ട് അകത്തെ കുഞ്ഞുമുറിയില്‍  പ്രവേശിക്കുമ്പോള്‍ നിലത്തു വിരിച്ച പഴകിയ പായയിലെ തീരെ മെലിഞ്ഞ രൂപത്തിന്റെ മുഖഭാവം എന്തായിരുന്നുവെന്ന് എനിക്കോര്‍മ്മയില്ല. കണ്ണടയ്ക്കുന്നതിനു മുന്പ് ഒരിക്കലെങ്കിലും ഏക മകനെ ഒരുനോക്കു കാണാന്‍ കൊതിച്ച അമ്മയുടെ മനോവിഷമങ്ങള്‍ ആ മുഖത്തുനിന്ന് വായിച്ചെടുക്കാനുള്ള പക്വതയോ പ്രായമോ എനിക്കന്നുണ്ടായിരുന്നില്ലതന്നെ.

മുന്‍പൊരിക്കല്‍ ചേച്ചി കാണിച്ചു തന്നതുപോലെ, ഉള്ളില്‍ കയറിയ ഉടനെ പിന്‍വാതില്‍ തുറന്നു, സായാഹ്നവെളിച്ചത്തെ മുറിയില്‍ കയറ്റും. പിന്നെ, അമ്മയുടെ തല പതിയെ ഉയര്‍ത്തിവെച്ച് നനഞ്ഞ തുണി മുക്കിപ്പിഴിഞ്ഞ്‌  മുഖം തുടച്ച്, മൊന്തയിലെ കാപ്പി ചെറിയ ഗ്ലാസില്‍ ഒഴിച്ച് കുറേശ്ശേയായി വായിലൊഴിച്ചു കൊടുക്കുമ്പോള്‍ കാര്‍ത്തി വാതില്‍ക്കല്‍ വെറുതെ നില്‍ക്കുകയാവും. അല്ലെങ്കില്‍ വരാന്തയില്‍ നിന്നും റോഡിലേക്ക് ചാടുക, വീണ്ടും ഓടിക്കയറുക തുടങ്ങിയ വികൃതികളില്‍ ഏര്‍പ്പെട്ടിരിക്കും. കാപ്പി മതിയാവുമ്പോള്‍ അവര്‍ പതിയെ തലയാട്ടുകയോ മൂളുകയോ ചെയ്യും. അതോടെ ബാക്കി കാപ്പി അവിടുത്തെ പാത്രത്തില്‍ ഒഴിച്ച്, തലേന്നത്തെ പാത്രങ്ങള്‍ ‌ കഴുകിവെച്ച്, അവരുടെ മുഖം തുടച്ച് വൃത്തിയാക്കി, പിന്‍വാതില്‍ അടച്ചു കുറ്റിയിട്ട് പുറത്തിറങ്ങും. അതിനിടയില്‍ കാര്‍ത്തി മൂലക്കിരിക്കുന്ന റാന്തല്‍ കൊളുത്തി കുഞ്ഞുനാളം മാത്രമാക്കി വെച്ചിട്ടുണ്ടാവും.

യാത്രപറഞ്ഞ്‌ വെളിയിലേക്കുള്ള വാതില്‍ ചാരി, പടികള്‍ ഇറങ്ങുമ്പോള്‍ എന്റെ കയ്യിലെ തൂക്കുപാത്രം കാര്‍ത്തി വാങ്ങിപ്പിടിക്കും.. വീടെത്തുന്നതുവരെ രണ്ടുപേരും നിശബ്ദരായിരിക്കും.

വീട്ടിലേക്കു കയറുമ്പോള്‍ അവന്‍ ഒരിക്കല്‍ ചോദിച്ചത് ഞാന്‍ അമ്മയോടും ചോദിച്ചു
"ഈ മോഹനേട്ടന്‍ എവിടെ പോയതാ?"

മോഹനേട്ടന്‍ ജോലിയൊന്നുമില്ലാതെ വെറുതെ നടന്നിരുന്നു എന്ന് മാത്രമേ എനിക്കറിയാവൂ.. പണ്ട് അച്ഛന്‍ ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ വന്നിരുന്ന്  "സംഗീതമേ... നിന്‍ പൂഞ്ചിറകില്‍" എന്ന പാട്ട് നീട്ടിപ്പാടിയിരുന്നു എന്നത് തികച്ചും അവ്യക്തമായ ഓര്‍മ്മയാണ്. അന്നൊക്കെ അയാള്‍ സ്ഥിരബുദ്ധിയുള്ള ചെറുപ്പക്കാരനായിരുന്നു. നാണിക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകയും. ചേച്ചിമാര്‍ സിനിമക്കോ കുറച്ചകലെയുള്ള അമ്പലങ്ങളിലോ പോവാന്‍ കൂട്ടുപിടിച്ചിരുന്നത് അവരെ ആയിരുന്നു. വെളുത്തു മെലിഞ്ഞ വൃദ്ധയുടെ  വയറ്റില്‍ ഇക്കിളിയിട്ട് ഉഴുന്നുമാവെന്ന് കളിയാക്കുമ്പോള്‍ "വെര്‍തെയിരിക്കു കുട്ടീ" എന്ന് വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ചിരിക്കുന്ന മുഖമാണ്, ഇരുളില്‍ കണ്ട അസ്ഥിപഞ്ജരത്തെക്കാള്‍ ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്.

മോഹനേട്ടന്‍ ഇടയ്ക്കിടെ മനസ് നഷ്ടപ്പെടുത്തി എവിടെയൊക്കെയൊ അലഞ്ഞുതിരിയും. അപ്പോഴൊക്കെ ആശുപത്രികളിലും അമ്പലങ്ങളിലും മന്ത്രവാദപ്പുരയിലും  അയാളെയും കൊണ്ട് ആ അമ്മ നടക്കും. എന്നോ ഒരിക്കല്‍ മനസ് പൂര്‍ണ്ണമായും തിരികെ നേടാമെന്ന ആഗ്രഹവുമായി ചോറ്റാനിക്കരയില്‍ പോയെങ്കിലും മടങ്ങിയത് അമ്മ മാത്രമായിരുന്നു. മകനെ ഭഗവതി കാക്കുമെന്ന് വിശ്വസിച്ച് അവര്‍ ജീവിച്ചു. ഒരിക്കല്‍ ശബരിമലക്ക് പോയ നാട്ടുകാരിലാരോ തൃപ്പൂണിത്തുറ അമ്പലത്തില്‍ മോഹനനെ കണ്ടുവെന്ന് അറിയിച്ചപ്പോള്‍ അവിടെയും മകനെ തേടിയെത്തി ആയമ്മ. മകനുള്ള പുത്തന്‍ കുപ്പായവും മുണ്ടുമായി ഉത്സവത്തിരക്കില്‍ കാത്തിരുന്ന അവരുടെ മുന്നിലൂടെ കടന്നുപോയവരില്‍ ഒരാളുടെ മുതുകിലെ വലിയ മറുക് അമ്മക്ക് മകനെ കാട്ടിക്കൊടുത്തു. പിടിച്ചുനിര്‍ത്തിയ അമ്മയെ തള്ളിമാറ്റി, കൂടെ വരാന്‍ വിസമ്മതിച്ച് അയാള്‍ തിരക്കില്‍ അപ്രത്യക്ഷനായപ്പോള്‍ അവര്‍ വീണ്ടും തനിച്ചായി.

ആരുടെയൊക്കെയോ ഔദാര്യമോ സ്നേഹമോ കൊണ്ട് നിലനിര്‍ത്തപ്പെട്ട ജീവന്‍ കുറെനാള്‍ കൂടി അങ്ങനെ തന്നെ തുടരാന്‍ കാരണമായത് ആ  കാത്തിരുപ്പ് മാത്രമായിരുന്നിരിക്കണം. കളഞ്ഞുപോയ ഓര്‍മ്മകള്‍ വീണ്ടെടുത്ത്‌, ചിതലരിച്ച വാതില്‍ തള്ളിത്തുറന്ന് എന്നെങ്കിലുമൊരിക്കല്‍ അയാള്‍ വരുമെന്ന വിശ്വാസം.

Monday, June 14, 2010

ചില കുഞ്ഞിച്ചിന്തകള്‍

ഒരു ദിവസം എന്‍റെ അഞ്ചുവയസ്സുകാരി മകള്‍ ചോദിച്ചു,
"അമ്മക്ക് ടോമിനെ ആണോ ജെറിയെ ആണോ കൂടുതല്‍ ഇഷ്ടം?"
എന്തോ ജോലിത്തിരക്കിനിടയില്‍ വെറുതെ ആദ്യം വായില്‍ വന്ന പേര് പറഞ്ഞു.
"ടോമിനെ"
"അതെന്താ?"
"ഒരു കുഞ്ഞെലിയെ കൊണ്ട് പാവം ടോമിനല്ലേ എപ്പോഴും കഷ്ടപ്പാട്.." പെട്ടെന്ന് തോന്നിയ ഉത്തരമായിരുന്നു അത് എങ്കിലും അങ്ങനെ പറഞ്ഞത് നന്നായി എന്ന് പിന്നീട് തോന്നി. കാരണം അടുത്ത ദിവസം കൂട്ടുകാര്‍ എത്തിയപ്പോള്‍ അവള്‍ അതേ ചോദ്യം അവരോടും ആവര്‍ത്തിച്ചു. ഒപ്പം അവള്‍ക്കു ടോമിനെ ആണ് കൂടുതല്‍ ഇഷ്ടമെന്നും, അതിന്റെ കാരണവും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

ഇത് ഞാന്‍ ഇവിടെ പറയാന്‍ കാരണം ഇപ്പോഴത്തെ കുട്ടികളുടെ താല്പര്യങ്ങളും അവര്‍ കാണുന്ന കാര്‍ട്ടൂണ്‍ചിത്രങ്ങളും ഒക്കെ ചിന്തിക്കപ്പെടേണ്ട ചില കാര്യങ്ങളാണ് എന്ന് തോന്നിയതുകൊണ്ടാണ്.

ടോം ആന്‍ഡ്‌ ജെറി എന്ന വിശ്വവിഖ്യാതമായ കാര്‍ട്ടൂണ്‍ ഈ പ്രായത്തിലും എന്നെ തലതല്ലി ചിരിപ്പിച്ചിട്ടുണ്ട്‌. എങ്കിലും ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് ഒരാളെ ദ്രോഹിക്കുന്നത് -അത് സ്വയരക്ഷയ്ക്കായാലും-- കണ്ടുരസിക്കുന്നത് ഒരുതരം സാഡിസം അല്ലെ എന്ന്. ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ട്. ഒരു പൂച്ചയെ മൂന്നു കുഞ്ഞുപാറ്റകള്‍ ഉപദ്രവിച്ചു സ്വൈര്യം കെടുത്തുന്ന ഒന്ന്. ഇന്ദ്രജാലം കൊണ്ട് സഹപാഠിയെ ദ്രോഹിക്കുന്ന മറ്റൊന്ന്. ഇത്തരം ചിത്രങ്ങള്‍ കൊച്ചുകുട്ടികളില്‍നിന്നും നഷ്ടപ്പെടുത്തുന്നത് സഹജീവികളോടുള്ള ദയ, സഹാനുഭൂതി ഒക്കെയല്ലേ? പീഡിപ്പിക്കപ്പെടുന്ന ജീവിയുടെ ദയനീയഭാവം സ്ക്രീനില്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജീവിതത്തില്‍ എന്നെങ്കിലും അതുപോലൊരു സാഹചര്യം അവര്‍ക്കുണ്ടായാല്‍ അവരെങ്ങനെയാവും പ്രതികരിക്കുക?

ഇനി മറ്റു ചില ചിത്രങ്ങളില്‍ അമാനുഷികശക്തിയുള്ള കൂട്ടുകാരന്‍/കൂട്ടുകാരി ജാലവിദ്യയിലൂടെ പരീക്ഷയിലും ഗൃഹപാഠത്തിലും സഹായിക്കുന്നത്. എന്തും എളുപ്പവഴിയിലൂടെ നേടാനുള്ള ഒരു ത്വര കുഞ്ഞുങ്ങളില്‍ ഉണ്ടാക്കില്ലേ ഇത്തരം ചിത്രങ്ങള്‍?

കഴിഞ്ഞ ദിവസം പ്രവാസിയായ സുഹൃത്ത്‌ പറഞ്ഞു, നാട്ടില്‍ ഉത്സവപ്പറമ്പില്‍ കണ്ട വലിയ ജീവി ആനയാണെന്ന് സമ്മതിക്കാന്‍ മൂന്നുവയസുകാരന്‍ മകന്‍ കൂട്ടാക്കിയില്ലത്രേ. അവന്‍റെ 'എലിഫന്റ്' വലിയ കണ്ണുകളുള്ള നീലനിറമുള്ള ബലൂണ്‍ പോലുള്ള ജീവിയാണ്!

എന്‍റെ മകള്‍ക്കൊരു കൂട്ടുകാരി ഉണ്ട്. മധുമിത. അവളെക്കാള്‍ മൂന്നുവയസിനു മുതിര്‍ന്ന ആ പെണ്‍കുട്ടി എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്‌. എല്ലാവരുമോത്തു കളിക്കാന്‍ കൂടുമെങ്കിലും ചില ദിവസങ്ങളില്‍ മധുമിതയെ മാത്രം എന്തെങ്കിലുമൊക്കെ ചിന്തിച്ചും ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടും കാണാറുണ്ട്. ഒരിക്കല്‍ അവളുടെ അമ്മയും ചേട്ടനും അവളെ അന്വേഷിച്ചു ഞങ്ങളുടെ അപ്പാര്റ്റ്മെന്റില്‍ വന്നു. പിറ്റേന്ന് അവള്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു,
"ഇന്നലെ എവിടെയായിരുന്നു മധൂ.. അമ്മ മോളെ അന്വേഷിച്ചു വിഷമിച്ചിട്ടുണ്ടാവില്ലേ? പറയാതെ പോയതെന്തേ?"

"ആന്റീ.. അത്.. വഴിയില്‍ ഒരു ക്യൂട്ട് പട്ടിക്കുട്ടിയെ കണ്ടു. പാവം അതിന് കാലു വയ്യായിരുന്നു. ഞാനത് വെച്ചു കെട്ടി അതിനെയും നോക്കി അവിടെ നിന്നപ്പോള്‍ ‍ സമയം പോയതറിഞ്ഞില്ല."

കഴിഞ്ഞ മൂന്നുനാലു ദിവസമായി എന്നും രാവിലെയും വൈകിട്ടും അവള്‍ അടുത്തുള്ള മറ്റൊരു വീടിന്റെ പിന്നിലേക്ക്‌ പോവുന്നത് കണ്ടിരുന്നു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, കഴിഞ്ഞ ആഴ്ചകളില്‍ അവിടെ അലഞ്ഞുതിരിഞ്ഞ ഒരു ഗര്‍ഭിണി പൂച്ചക്ക് ആഹാരവും മറ്റും എത്തിച്ചുകൊടുത്തിരുന്നുവത്രേ. ഇപ്പോള്‍ അത് പ്രസവിച്ചു. എന്നും കുഞ്ഞുങ്ങളെ കാണാനും വീട്ടില്‍നിന്നും ഭക്ഷണം എത്തിക്കാനുമാണ് ഇപ്പോഴത്തെ ഈ നടത്തം.

ഇങ്ങനെയുള്ള കുട്ടികള്‍ ഇന്ന് വിരളമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ വളരണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എല്ലായ്പ്പോഴും ഇത്തരം ചാനലുകള്‍ നിഷേധിക്കുക എന്നത് പ്രായോഗികമല്ല. ഞാനടക്കമുള്ള പല അമ്മമാരും കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ അല്ലെങ്കില്‍ ഭക്ഷണം മുഴുവനും കഴിപ്പിക്കാന്‍ ഒക്കെ കാര്‍ട്ടൂണ്‍ ചാനലുകളെ ആശ്രയിക്കാറുണ്ട്‌. എല്ലാ പരിപാടികളും മോശമാണെന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ അമ്മൂമ്മമാര്‍ പറഞ്ഞുതന്നിരുന്നതോ അമര്‍ചിത്രകഥയായി നമ്മള്‍ വായിച്ചറിഞ്ഞതോ ആയ പുരാണകഥകളും മറ്റും ഇന്നത്തെ കുഞ്ഞുങ്ങള്‍ അറിയുന്നത് ഇതുവഴിയാണ്. അതുപോലെ ചില ഗുണപാഠകഥകളും ഉണ്ടാവാറുണ്ട്. എങ്കിലും ചിലതെങ്കിലും കുട്ടികളില്‍ മിഥ്യാധാരണകളുണ്ടാക്കാനും സഹജീവികളോടുള്ള സമീപനത്തെ തന്നെ ബാധിക്കുന്നവയുമാണ് എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്.

അവധിക്കാലത്ത്‌ മുഴുവന്‍ സമയവും കുട്ടികള്‍ വീട്ടിലുണ്ടാവുമ്പോള്‍ നമ്മുടെ പണികള്‍ തീര്‍ക്കാന്‍വേണ്ടി പലപ്പോഴും കാര്‍ട്ടൂണ്‍ ചാനലുകള്‍ വെച്ചുകൊടുക്കാറുള്ള അമ്മമാര്‍ക്ക് മക്കള്‍ എന്താണ് കാണുന്നതെന്ന്കൂടി ശ്രദ്ധിക്കാം. സമയം കിട്ടുമ്പോള്‍ തങ്ങളുടെ ഇഷ്ടപ്പെട്ട പരിപാടി തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് കുഞ്ഞുങ്ങളോടൊപ്പം കൂടാം. എപ്പോഴും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി വല്ലപ്പോഴും കാഴ്ചബംഗ്ലാവ് പോലുള്ള ഇടങ്ങളില്‍ കൊണ്ടുപോയി മൃഗങ്ങളുടെ യഥാര്‍ത്ഥരൂപം കാട്ടിക്കൊടുക്കാം.

"ഞങ്ങടെയൊക്കെ കുട്ടിക്കാലത്ത്..." എന്ന് നെടുവീര്‍പ്പിട്ടിരിക്കാതെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം തന്നെ വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. എപ്പോഴും ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുന്നില്‍ ഇരുത്താതെ കുറച്ചു സമയം അടുത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി  കുഞ്ഞിന്‍റെ  മാനസികവും  ശാരീരികവുമായ ആരോഗ്യവും മെച്ചപ്പെടുത്താം.  പിന്നെ, എന്‍റെ മക്കള്‍‍ നഗരത്തിലെ ഒന്നാംകിട ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ച് കോണ്‍ഫ്ലേക്സും ചോക്കോസും മാത്രം കഴിച്ച് എക്സ്ബോക്സ്‌ ഗെയിംസ് കളിച്ച് ഫാംവില്ലയില്‍ ഞാറു നട്ടാല്‍ മതിയെന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് ബാധകമല്ല ഇപ്പറഞ്ഞതൊന്നും.

Monday, August 31, 2009

ഓണാശംസകളോടെ...

കഴിഞ്ഞ ദിവസം 'വനിത'യില്‍ പ്രശസ്തനടന്‍ അനൂപ്‌ മേനോന്‍ എഴുതിയ അനുഭവം എന്ന പംക്തി വായിക്കാനിടയായി. അകാലത്തില്‍ പൊലിഞ്ഞുപോയ കാന്‍സര്‍രോഗിയായ സുഹൃത്തിനെ കുറിച്ചായിരുന്നു അത്. അതിന്‍റെ അവസാന പാരഗ്രാഫ് ഞാന്‍ പലതവണ വായിച്ചു.


"അവളെനിക്ക് പറഞ്ഞു തന്നു - ജീവിതത്തില്‍ ഒരു മത്സരത്തിനോ ഓട്ടപ്പാച്ചിലിനോ അര്‍ത്ഥമില്ല.. യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടില്‍ വലം വെക്കും പോലെ, കലണ്ടറിലെ ആ അവസാന ദിവസത്തേക്ക്, ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോള്‍ നമ്മോടൊപ്പം ഉള്ളവരോട് ഏറ്റവും നല്ലവരാവാന്‍ ശ്രമിക്കുക. അവരെ സ്നേഹിക്കുക.. ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലകള്‍ക്കപ്പുറത്തെ ആകാശക്കീറിനെയും കണ്ടുകൊണ്ട്‌... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക......"


തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഒരു കൊച്ചു കലണ്ടര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ദിവസത്തിന്‍റെ വര്‍ഷവും മാസവും തീയതിയും നാള്‍ഫലവും രാശിഫലവുമൊക്കെ അതില്‍ കുറിച്ചിരിക്കും. രാവിലെ എഴുന്നേറ്റയുടനെ കഴിഞ്ഞദിവസത്തിന്‍റെ താള്‍ കീറിക്കളഞ്ഞ് പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കുന്നത് ശരിക്കും പ്രതീകാത്മകമാണെന്ന് തോന്നിയിരുന്നു. ചവറ്റുകുട്ടയില്‍ ചുരുണ്ടുവീഴുന്ന ആ വെറും കടലാസിന്‍റെ വിലയെ ഉള്ളൂ നമ്മുടെ ഇന്നലെകള്‍ക്ക്. അത് പഴയതുപോലെത്തന്നെ ഘടിപ്പിക്കാന്‍ കഴിയില്ല എന്നതുപോലെ കഴിഞ്ഞുപോയ നാളുകളിലെ ഒരു നിമിഷത്തിന്റെ ഒരംശം പോലും നമുക്ക് പിടിച്ചുവെക്കാനാവുന്നില്ലല്ലോ.. തിരിഞ്ഞുനോക്കുമ്പോള്‍, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമ്മളെടുത്ത ഓരോ നിമിഷവും ഓരോ നഷ്ടമാണ്.

ആ പംക്തിയില്‍ മറ്റൊന്ന്കൂടി എന്നെ ചിന്തിപ്പിച്ചു. നമ്മില്‍ പലരും ഒന്നിനെയും അതിന്‍റെ യഥാര്‍ത്ഥനിറത്തില്‍ കാണാന്‍ ശ്രമിക്കാറില്ല എന്നത്.

"....പാതി കാണുന്നു.. പാതി കേള്‍ക്കുന്നു.. കണ്ണുതുറന്ന് ഒന്നിന്റേയും യഥാര്‍ത്ഥ സൌന്ദര്യത്തിലേക്ക് നോക്കുന്നില്ല.. ജീവിതം നഷ്ടപ്പെടാന്‍ തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരുപക്ഷെ നമുക്ക് അങ്ങനെ കാണാന്‍ കഴിയൂ.."


എനിക്ക് തോന്നിയത് നമുക്കൊന്നിന്റെയും സൌന്ദര്യമോ നിറമോ ആസ്വദിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണ്.. ഇന്നലെകളുടെ നഷ്ടത്തില്‍ വേദനിച്ചോ നാളെയുടെ അനിശ്ചിതത്വത്തില്‍ വ്യകുലപ്പെട്ടോ ഇന്നിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് നാം തന്നെ നശിപ്പിക്കുന്നു, അഥവാ നാമറിയാതെ തന്നെ നമ്മില്‍നിന്നും അത് നഷ്ടമായിപ്പോവുന്നു.

ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, നമ്മള്‍ തുമ്മുമ്പോള്‍ ആ ഒരു നിമിഷത്തേക്ക് നമ്മുടെ ശ്വസനപ്രക്രിയ നിലയ്ക്കുകയാണെന്ന്. അതിനാലാണത്രേ തുമ്മിക്കഴിയുമ്പോള്‍ ദൈവത്തെ സ്തുതിക്കുന്നത്. ജീവിതം വീണ്ടും തിരിച്ചുതന്നതിന്...! ശാസ്ത്രീയമായി അതില്‍ എന്തുമാത്രം വാസ്തവം ഉണ്ടെന്നറിയില്ലെങ്കിലും ആ വസ്തുത അര്‍ത്ഥവത്തായിത്തന്നെ തോന്നി. ശരിയാണ്.. ഈ മനോഹരതീരത്ത്‌ കിട്ടിയ ജന്മത്തിന് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.. ദൈവത്തോടും... മാതാപിതാക്കളോടും... സ്നേഹവും കരുതലും സഹാനുഭൂതിയും കൊടുത്തു കടം വീടാന്‍ ശ്രമിച്ചാലും മരണം വരെ നാമെല്ലാം ഈ ഭൂമിയില്‍ കടപ്പെട്ടവരായിരിക്കുന്നു..
ജീവിതം ഒരു തീവണ്ടിയാത്രപോലെ... ഒരുമിച്ചു സഞ്ചരിക്കുമ്പോള്‍ തീവണ്ടിയുടെ കുലുക്കത്തില്‍ അടുത്തിരിക്കുന്നയാളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം... അറിയാതെ വേദനിപ്പിക്കേണ്ടിവന്നാല്‍ മനസറിഞ്ഞ് ക്ഷമ പറയാം.. നിലകിട്ടാതെ വീഴാന്‍ തുടങ്ങുന്നയാള്‍ക്ക് ഒരുകൈ താങ്ങാവാം... ചിലപ്പോള്‍ യാത്ര പറഞ്ഞും മറ്റുചിലപ്പോള്‍ പറയാതെയും ഇറങ്ങിപോവുന്ന സഹയാത്രികര്‍ക്ക് നല്ലതുവരട്ടെയെന്നു ആശംസിക്കാം...

ഒരു കൊച്ചുജന്മം കൊണ്ട് ഇത്രയൊക്കെയല്ലേ കഴിയൂ?

Monday, August 25, 2008

ഒരു മരവും അതിനു പിന്നിലെ ചിന്തകളും

ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്‍റെ മുന്‍വശത്തെ ബദാംമരത്തിന്‍റെ ചില്ലകള്‍ മുഴുവന്‍ വെട്ടിയൊതുക്കിയിരിക്കുന്നതാണ് ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടകാഴ്ച. നട്ടുച്ചക്ക് മകളുടെ സ്കൂള്‍വാന്‍ കാത്തുനില്‍ക്കാന്‍ എനിക്ക് തണല്‍ നല്കുന്നതൊഴിച്ചാല്‍ ആ മരവും ഞാനും തമ്മില്‍, ടി. പദ്മനാഭനും മുരിങ്ങയും പോലുള്ള ആത്മബന്ധമൊന്നും ഇല്ലായിരുന്നു. എങ്കിലും ചീന്തിയെടുക്കപ്പെട്ടതുപോലെ വെളുത്ത ആ പച്ചമുറിവ്, ബാല്‍കണിയില്‍ നിന്നും നോക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ എവിടെയോ വേദനയുളവാക്കി. മുറിവേറ്റ ഭാഗത്തെ നനവ് അതിന്‍റെ കണ്ണുനീര്‍ ആയിരിക്കുമോ എന്ന് സംശയിച്ചു. മിണ്ടാനാവുമായിരുന്നെങ്കില്‍ ആ മരം എന്തുമാത്രം വാവിട്ടു കരഞ്ഞിരിക്കും.. അരുതേയെന്ന് അപേക്ഷിച്ചിരിക്കും.. തളിരിട്ട കാലം മുതല്‍ കാറ്റിനാല്‍ തൊട്ടിലാട്ടിയും താരാട്ടുമൂളിയും വേണ്ടതെല്ലാം കൊടുത്തും വളര്‍ത്തി വലുതാക്കിയ സ്വന്തം ശിഖരങ്ങളെ വളര്‍ന്നുപോയി എന്ന കുറ്റത്താല്‍, നിനച്ചിരിക്കാത്ത ഒരുനാള്‍ ആരോ വെട്ടിയകറ്റി ദൂരെ എവിടെയോ കൊണ്ടുനടുകയോ ചവറ്റുകൂനയില്‍ വലിച്ചെറിയുകയോ ചെയ്തതെന്നുപോലും അറിയാതെ ഒരമ്മമരം. ചിന്തകള്‍ കാടുകയറിത്തുടങ്ങി. ഇനി ആ ശിഖരങ്ങള്‍ എവിടെയെങ്കിലും നടപ്പെട്ട്, വളര്‍ന്ന്‌ വലിയമരമാവുമ്പോള്‍ അവയുടെ ശിഖരങ്ങളും ഇതുപോലെ മുറിച്ചു മാറ്റപ്പെടും. അന്ന് അവ മനസ്സിലാക്കുമായിരിക്കും ഈ അമ്മ പണ്ടു വേദനിച്ചത്‌.
പണ്ട് പുറത്തുപോയി തിരിച്ചെത്താന്‍ കുറച്ചു വൈകുമ്പോള്‍ തന്നെ വേവലാതിപ്പെടുന്ന അമ്മയോട് കൊച്ചുകുട്ടി ഒന്നുമല്ല ഞാന്‍ എന്ന് പിണങ്ങുമ്പോള്‍ അമ്മ പറയാറുള്ള മറുപടി മനസ്സില്‍ വന്നു.
"ഇപ്പോഴൊന്നും നിനക്കിത് മനസ്സിലാവില്ല... ഈ അവസ്ഥയില്‍ ആവുമ്പോഴേ നിങ്ങളൊക്കെ മനസ്സിലാക്കൂ.. "

ഈ മരത്തിന്‍റെ നഷ്ടത്തില്‍ ഞാന്‍ വേദനിക്കേണ്ടതുണ്ടോ? ഇടയ്ക്ക് യുക്തിചിന്ത ഉണര്‍ന്നു. അടുത്ത മഴയില്‍ അതില്‍ വീണ്ടും തളിരുകള്‍ വരും.. മുറിപ്പാടുകള്‍ മറച്ചുകൊണ്ട്‌ ശിഖരങ്ങള്‍ ഇനിയും പടര്‍ന്നുപന്തലിക്കും. എന്നെങ്കിലും മുറിച്ചുനീക്കപ്പെടും എന്ന കാരണത്താല്‍ ഇപ്പോള്‍ തന്നെ അവയെ ആരും കൊഴിച്ചുകളയുന്നില്ലല്ലോ? എല്ലാരും എല്ലാം മറക്കും. കാലം എല്ലാത്തിനെയും മറയ്ക്കും. ഇതല്ലേ ജീവിതം...? പ്രകൃതിനിയമം...? 

മുറിയില്‍ നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ഉള്ളിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ അവളുടെ കരച്ചിലിന്‍റെ കാരണമെന്തെന്ന ചിന്തമാത്രമായി എന്‍റെ മനസ്സില്‍. അപ്പോഴേക്കും അടുത്ത മഴയ്ക്കായി മേഘങ്ങള്‍ ഉരുണ്ടുകൂടി തുടങ്ങിയിരുന്നു.

Tuesday, June 17, 2008

മഴ

മഴ എനിക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്. കുട്ടിക്കാലത്ത് ആര്‍ത്തുപെയ്യുന്ന മഴയത്ത് കുട പിടിച്ചും പാതിയും നനഞ്ഞുകൊണ്ട് സ്കൂളില്‍ പോയിരുന്നത്...

അമ്പലമുറ്റത്തെ വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിച്ചത്...

കാറ്റില്‍ മുടിയഴിച്ചാടുന്ന കരിമ്പനകളെ ഭയപ്പാടോടെ നോക്കി ചേച്ചിയുടെ പിന്നില്‍ ഒളിച്ചത്...

ജനാലക്കല്‍ ഇരുന്നു മഴ കണ്ടത്...

ഇരു ചെവിയിലും വിരലിടുകയും എടുക്കുകയും ചെയ്തു മഴയുടെ സംഗീതം ആസ്വദിച്ചത്... അതിലെ താളഭേദങ്ങള്‍ തിരഞ്ഞത്...

അങ്ങനെ മഴയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...



പിന്നീടെന്നോ മഴ പ്രണയമായി....

വിരഹമായി...

നഷ്ടബോധമായി... പ്രത്യേകിച്ചും മഴയുടെ(ദൈവത്തിന്റെയും) സ്വന്തം നാടു വിടേണ്ടി വന്നപ്പോള്‍...

ആണ്ടിലൊരിക്കല്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം മഴ വിരുന്നുകാരനായെത്തുന്ന നാട്ടില്‍ ഉപജീവനത്തിനായി ചേക്കേറേണ്ടിവന്നപ്പോള്‍ മഴയുടെ കൊതിപ്പിക്കുന്ന ഓര്‍മകളും കൂട്ടുകാരുടെ forwarded mails'ഉം കൊണ്ടു സമാധാനിക്കേണ്ടി വന്നു...



എങ്കിലും ആകാശം ഇരുണ്ടു കൂടുമ്പോള്‍ എന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു വിങ്ങല്‍ ആണ്... മേഘാവൃതമായ ആകാശം കണ്ട് "how romantic climate" എന്ന് പറയാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല... മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ തന്നെ ആവാറുണ്ട് അപ്പോള്‍ എന്‍റെ മനസ്സും.. പെയ്തൊഴിയാന്‍ കാത്ത്... (അതിന്‍റെ കാരണം ഇന്നുവരെ എനിക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും..)