About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, September 24, 2008

ഒരു അപവാദത്തിന്റെ ജനനം

തിങ്കളാഴ്ച്ചയിലെ ആദ്യത്തെ തുടര്‍ച്ചയായ രണ്ടു പിരീഡുകള്‍ കഴിഞ്ഞു സ്റ്റാഫ്റൂമില്‍ എത്തിയപ്പോഴേക്കും തലേന്നത്തെ യാത്രാക്ഷീണവും ഉറക്കമില്ലായ്മയും കൊണ്ട് തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എനിക്ക്. അദ്ദേഹത്തിന്‍റെ അമ്മയുടെ പിറന്നാള്‍ കൂടാന്‍ രണ്ടു ദിവസം മുന്പേ പോയതായിരുന്നു ഞങ്ങള്‍. വാരാന്ത്യത്തില്‍ ആരും വീട്ടിലിരിക്കുന്നില്ലേ എന്ന് തോന്നിപ്പോയി ബസ്സിലേയും ട്രെയിനിലെയും തിരക്ക് കണ്ടപ്പോള്‍.


പുസ്തകം മേശപ്പുറത്തു വെച്ച്, കുറച്ചു വെള്ളം കുടിച്ചതിനു ശേഷമാണ് ചുറ്റുമുള്ളവരെ ശ്രദ്ധിച്ചത്. എതിരെ ഗൗരവമുള്ള മുഖഭാവവുമായി ത്രേസ്യാമ്മ ടീച്ചര്‍. രാവിലെ തിരക്കുപിടിച്ച് ഓടുമ്പോള്‍ ഇന്നവരെ കണ്ടതെയില്ലല്ലോ എന്നോര്‍ത്തു. ഒരു സുപ്രഭാതം ആശംസിച്ചു ചോദിച്ചു,

"പ്രമീള നാട്ടില്‍ നിന്നും തിരിച്ചെത്തിയോ ടീച്ചറേ?"

മുഖം ഒന്നുകൂടി കനക്കുന്നതു അത്ഭുതത്തോടെ നോക്കിയിരുന്നു.
"ആ.. ഞാന്‍ ആരേം കണ്ടില്ല!"
അത്രയും പറഞ്ഞു മുന്നിലെ പുസ്തകം ശക്തിയോടെ നീക്കി, എഴുനേറ്റു പുറത്തേക്ക് നടക്കുന്ന ത്രേസ്യാമ്മടീച്ചറിനു ഇതെന്തുപറ്റി എന്നോര്‍ത്തു വീണ്ടും പകച്ചിരുന്നു.

"എന്താടി, നീ അവറാച്ചന്‍ ചേട്ടനോട് സല്ലപിക്കാനൊ മറ്റോ പോയോ? "
തൊട്ടടുത്തിരുന്ന കൊച്ചുമേരി കുസൃതിച്ചിരിയോടെ സ്വരം താഴ്ത്തി ചോദിച്ചു. ഭഗവാനെ..! അച്ഛന്‍റെ പ്രായമുള്ള എന്‍റെ അയല്‍വാസിയെ കുറിച്ചാണ് അവളുടെ ചോദ്യം. മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു ഞാന്‍ ത്രേസ്യാമ്മ ടീച്ചറിന്റെ ദേഷ്യത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പണ്ടായിരുന്നെങ്കില്‍ അവരുടെ മകനെ പിന്തള്ളി എന്‍റെ അപ്പു മുന്നിലെത്തിയാലോ മറ്റുള്ള ടീച്ചര്‍മാര്‍ അപ്പുവിനെ പുകഴ്ത്തി പറയുകയോ മറ്റോ ചെയ്താലോ ഒക്കെയായിരുന്നു ത്രേസ്യാമ്മടീച്ചറിന്റെ മുഖം കനത്തിരുന്നത്. ഒരു മുന്‍കോപി ആണെങ്കിലും സ്നേഹമുള്ള അയല്‍ക്കാരി ആണ് ടീച്ചര്‍. അവരാല്‍ എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. വല്ലപ്പോഴും മോളെയും കൊണ്ട് അമ്മയുടെ അടുത്തെക്കോടുന്നത് മഹിയേട്ടന്‍ തടയാത്തതിനു കാരണം സമയാസമയത്തിനു ടീച്ചറുടെ വീട്ടില്‍ നിന്നെത്തുന്ന അപ്പത്തിന്റെയും ബീഫ്കറിയുടെയും പിന്നെ ഞാന്‍ എത്ര ശ്രമിച്ചിട്ടും ശരിയാവാത്ത മറ്റു നോണ്‍വെജ് വിഭവങ്ങളുടെയും രുചി ഓര്‍ത്തു മാത്രമാണെന്നത് ഒരു നഗ്നസത്യമാണ്. അപ്പുവിനും ടീച്ചറാന്റിയുടെ വിഭവങ്ങളെ കുറിച്ചു നൂറു നാവാണ്! ഈശ്വരാ.. അതൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുകയാണോ? അതൊന്നുമില്ലെങ്കിലും ഒരു നല്ല അയല്‍കാരെ കിട്ടുന്നത് ഇന്നത്തെ കാലത്തു ലോട്ടറി അടിക്കുന്നതുപോലെയാണ്. എന്താണെങ്കിലും സംസാരിച്ചു തീര്‍ക്കണം. ഞാന്‍ ഉറച്ച തീരുമാനത്തിലെത്തി. പക്ഷെ നാലാമത്തെ പീരീഡ്‌ കഴിയുന്നത്‌ വരെ എന്‍റെ തലവേദന എന്നെ അവിടെ നിര്‍ത്തിയില്ല. പകുതിദിവസത്തെ അവധി ചോദിച്ചുവാങ്ങി വീട്ടിലേക്ക് തിരിച്ചു.

ബസ്സ് ഇറങ്ങി നടക്കുമ്പോള്‍ ത്രേസ്യാമ്മടീച്ചറിന്റെ വീട്ടിലേക്ക് നോക്കി. അവറാച്ചന്‍ചേട്ടന്‍ പതിവുപോലെ മുറ്റത്തെന്തോ പണിയിലാണ്. എന്നോടൊപ്പം സഹധര്‍മ്മിണിയെ കാണാത്തത് കൊണ്ടാവാം ചോദ്യഭാവവുമായി പടിക്കലേക്കു വന്ന അദ്ദേഹത്തോട് എന്‍റെ അസുഖവിവരം പറഞ്ഞു വീട്ടിലേക്ക് കയറി. ഗേറ്റ് അടക്കാനായി തിരിഞ്ഞപ്പോഴാണ് എന്‍റെ ശബ്ദം കേട്ട് ഓടി ഇറങ്ങിവരുന്ന പ്രമീളയെ കണ്ടത്.

ടീച്ചറുടെ വീട്ടില്‍ പേയിംഗസ്റ്റ്‌ ആയി നില്ക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരി ആണ് പ്രമീള. ഇവിടുത്തെ വില്ലേജ് ഓഫീസില്‍ താല്‍കാലികനിയമനത്തില്‍ ജോലിചെയ്യുന്ന, ഒരുപാട് പ്രാരാബ്ധങ്ങളുള്ള വീട്ടിലെ കുട്ടി. ജോലിസമയം കഴിഞ്ഞാല്‍ കൊച്ചു കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റും, തളര്‍ന്നുകിടക്കുന്ന അച്ഛനും അമ്മയും പഠിച്ചുകൊണ്ടിരിക്കുന്ന അനിയനും അനുജത്തിയും ഒക്കെ അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പാടുപെടുന്ന അവളോട്‌ ഞങ്ങള്‍ക്കെല്ലാം സ്നേഹവും മതിപ്പും ആണ്.

കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയിരിക്കുകയായിരുന്നു അവളും. അവളെ കാണാന്‍ ഒരു കൂട്ടര്‍ വരുന്നുവെന്നും മറ്റും പറഞ്ഞിരുന്നു. വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ത്രേസ്യാമ്മടീച്ചറുടെ മുഖത്ത് കുത്തിയ കടന്നല്‍ അവളെയും വെറുതെ വിട്ടില്ല എന്ന് തോന്നി. ഉള്ളിലേക്ക് കയറി അവള്‍ക്കു പിന്നില്‍ വാതിലടച്ച്‌ സോഫയില്‍ തന്നെ ബാഗും കുടയും വെച്ച് ഞാനിരുന്നു. മനസ്സിലെ വിഷമങ്ങള്‍ പലതും അവള്‍ പങ്കുവെക്കാറുള്ളത് സഹോദരിയെ പോലെ കരുതുന്ന എന്നോടാണ്. ഒരു അനുജത്തിയോടുള്ള സ്നേഹവും വാത്സല്യവും അവളോട്‌ ഞങ്ങള്‍ക്കുമുണ്ട്‌.

ചുവര്‍ ചാരി ഒന്നും മിണ്ടാതെ നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിത്തുടങ്ങിയത് പെട്ടെന്നായിരുന്നു. അച്ഛന് ദീനം കൂടിയോ, പെണ്ണുകാണാന്‍ വന്നവര്‍ എന്തെങ്കിലും പറഞ്ഞോ, സുഖമില്ലേ, ആശുപത്രിയില്‍ പോവാന്‍ പൈസ വല്ലതും വേണോ എന്നൊക്കെയുള്ള എല്ലാ ചോദ്യങ്ങളും ഞാന്‍ ചോദിച്ചെങ്കിലും മറുപടിയില്ലെന്നു മാത്രമല്ല, കരച്ചില്‍ പിന്നെയും കൂടി അവള്‍ വല്ലാതെ എങ്ങലടിക്കാന്‍ തുടങ്ങി. കാരണമറിയില്ലെങ്കിലും അവളുടെ കരച്ചില്‍ എന്‍റെ മിഴികളെയും നനയിച്ചു. കുറച്ചുനേരം അവളെ കരയാന്‍ അനുവദിച്ചതിനുശേഷം അടുത്ത് പിടിച്ചിരുത്തി തണുത്തവെള്ളം കുടിപ്പിച്ചു. കരച്ചില്‍ ഒന്നടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞത് തികച്ചും അവിശ്വസനീയതയോടെ കേട്ടിരുന്നു. നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഉടനെ ടീച്ചറമ്മ അവളെ ഒരുപാടു ചീത്ത പറഞ്ഞുവത്രെ. അവരുടെ മകന്‍ ബിജുക്കുട്ടനെ വഴിതെറ്റിച്ചു എന്നതായിരുന്നു അവളുടെ പേരിലുള്ള കുറ്റം. അവളെപ്പറ്റി എല്ലാവരോടും പറയുമെന്നും അവള്‍ക്ക് വന്ന കല്യാണം പോലും മുടക്കുമെന്നുമൊക്കെ ടീച്ചര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു!

ബിജു പതിനൊന്നാംതരത്തില്‍ ഉഴപ്പിനടക്കുന്ന കാലത്തായിരുന്നു പ്രമീള അവരുടെ വീട്ടിലെത്തിയത്. അവനെ സ്നേഹപൂര്‍വ്വം പിടിച്ചിരുത്തി പഠിപ്പിച്ച് ക്ലാസ്സില്‍ ഒന്നാമനാക്കിയതിന്റെയും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ തരക്കേടില്ലാത്ത റാങ്ക് മേടിപ്പിച്ചതിന്റെയും ക്രെഡിറ്റ് പ്രമീളയ്ക്കാണെന്നു ടീച്ചര്‍ പലതവണ പലയിടത്തും പറഞ്ഞതിന് ഞാന്‍ സാക്ഷിയാണ്. വടക്കുള്ള ഏതോ കോളേജില്‍ പഠിക്കുന്ന അവനിപ്പോള്‍ എങ്ങനെയാണ് ഇവളാല്‍ വഴിതെറ്റുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

"ചേച്ചി ഓര്‍ക്കുന്നില്ലേ കഴിഞ്ഞ പൂരത്തിന് അവനെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയത്? "

ശരിയാണ്. ടീച്ചര്‍ തന്നെയായിരുന്നു അന്ന് അവന്‍ അതൊന്നും കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞു അവളോടൊപ്പം വിടാന്‍ മുന്‍കൈ എടുത്തത്‌. സൌകര്യങ്ങളൊക്കെ കുറഞ്ഞ വീടായതുകൊണ്ട്‌ അവളത്ര താത്പര്യം കാട്ടിയിരുന്നില്ല. ഒരിക്കല്‍ നാട്ടില്‍ പോയി തിരിച്ചു വരുന്നവഴി അവളോട്‌ പറയാതെയായിരുന്നു ഞങ്ങള്‍ അവിടെ ചെന്നത്. എല്ലാം അറിയാമായിരുന്ന എന്നോടുപോലും ക്ഷമാപണത്തോടെ ആയിരുന്നു വീടിന്‍റെ പരിമിതികളെ കുറിച്ചവള്‍ പറഞ്ഞിരുന്നത്. തളര്‍ന്നുകിടക്കുന്ന അച്ഛന്‍ വരെ അഭിമാനി ആണെന്ന് തോന്നി.


അവള്‍ തുടര്‍ന്നു, "ബിജുക്കുട്ടന് അച്ഛന്‍റെ കുഴമ്പിന്റെ മണം ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ട് ഞങ്ങള്‍ കിടക്കുന്ന മുറിയില്‍ താഴെ അനിയനോടൊപ്പം കിടക്കട്ടെ എന്നും അച്ഛന്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതല്ലാതെ മറ്റൊന്നും....."

തുടരാനാവാതെ വീണ്ടും കരച്ചിലിന്റെ വക്കിലെത്തിയ അവള്‍ കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസ് എനിക്കുനേരെ നീട്ടി. ഒറ്റനോട്ടത്തില്‍ അതൊരു ഡയറിയിലേതാണെന്ന് മനസ്സിലായി. പലപ്പോഴും കാണാനിടയായ കൈയക്ഷരം ബിജുവിന്റെതാനെന്നും അറിഞ്ഞു. ഇംഗ്ലീഷും മലയാളവും കലര്‍ത്തി കുനുകുനെ എഴുതിയതൊന്നും വായിക്കാനുള്ള ക്ഷമ മനസ്സിനുണ്ടായില്ല. എങ്കിലും ത്രേസ്യാമ്മടീച്ചറുടെ ചുവന്നമഷി കൊണ്ടുള്ള ദീര്‍ഘവൃത്തം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഇങ്ങനെ കണ്ടു,
"ഞാനും ചേച്ചിയും ഒരു മുറിയിലാണ് ഉറങ്ങിയത്" വീണ്ടും താഴെയുള്ള അടിവരയിട്ട വാചകം കൂടി വായിച്ചെടുത്തപ്പോള്‍ തലയില്‍ കൈവെച്ചു ഞാനിരുന്നു. അവന്‍ വീണ്ടും എഴുതിയിരിക്കുന്നു,"ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു അത്!"


സാഹിത്യത്തില്‍ ചെറിയ കമ്പമുള്ള ബിജുവിന്റെ യാത്രാവിവരണക്കുറിപ്പ്‌ ഇത്രക്കും പ്രശ്നമുണ്ടാക്കുന്നതായിരുന്നുവെന്നു അവന്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല! ഇവിടെ ഞാന്‍ ആരെ കുറ്റപ്പെടുത്തണം? എന്തിനും ഏതിനും വകതിരിവില്ലെന്നു നമ്മള്‍ പഴിക്കുന്ന പുതിയ തലമുറയെയോ അതോ മക്കളുടെ മനസ്സുകാണാന്‍ അവരുടെ പഴയ ഡയറിത്താളുകള്‍ തിരയേണ്ടിവരുന്ന രക്ഷിതാക്കളെയോ അതുമല്ലെങ്കില്‍ ഗ്രാമത്തിന്‍റെ നിഷ്കളങ്കത മാത്രമുള്ള ഈ പാവത്തിനെയോ?

കൂടുതലൊന്നും ചിന്തിക്കാനാവാതെ, അടുത്തിരുന്നു തേങ്ങുന്ന പ്രമീളയെ ചേര്‍ത്തുപിടിച്ചു ഞാന്‍ വെറുതെയിരുന്നു.

Monday, September 1, 2008

റിയാലിറ്റിഷോ

കുലുക്കത്തോടെ തീവണ്ടി ഏതോ സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍ ചെറിയ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ചുറ്റുംനോക്കി. തിരക്കിട്ട് ഇറങ്ങാനുള്ളവരുടെയും കയറുന്നവരുടെയും പുസ്തകങ്ങളും പലഹാരങ്ങളും വില്‍ക്കുന്നവരുടെയും പലപല ശബ്ദങ്ങള്‍ കാതില്‍ വീണുവെങ്കിലും അതിലൊന്നും ശ്രദ്ധിക്കാനാവാതെ കഴിഞ്ഞ കൊച്ചുമയക്കത്തില്‍ കണ്ട ഇരുണ്ട ഇടനാഴി ഏതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു മനസ്സ്. ആരോരുമില്ലാതെ ഒറ്റപ്പെട്ട് ഇരുട്ടിലൂടെ ഓടുന്നതോ മറ്റോ ആയിരുന്നു ആ സ്വപ്നം. അതോ ട്രെയിന്‍ ഏതോ തുരങ്കത്തിലൂടെ എന്നെയും കൊണ്ടുപോയതോ? ഒന്നും വ്യക്തമല്ല. കണ്ണുകള്‍ വീണ്ടും മൂടി അതൊരിക്കല്‍ കൂടി ഓര്‍ത്തെടുക്കാനുള്ള ശ്രമം നടത്തുമ്പോഴായിരുന്നു കാല്‍ക്കല്‍ എന്തോ സ്പര്‍ശിച്ചതുപോലെ തോന്നിയത്. കാല്‍ ഉള്ളിലേക്ക് വലിച്ച് നോക്കുമ്പോള്‍ താഴെ കാഴ്ചയില്‍ ഏഴുവയസ്സുകാരനെന്നുതോന്നിക്കുന്ന, ദേഹത്തും ധരിച്ചിരിക്കുന്ന നിക്കറിലും അഴുക്കും കരിയും പുരണ്ട ഒരു കൊച്ചുപയ്യന്‍ തറ തുടച്ചു വൃത്തിയാക്കുകയായിരുന്നു. അവനോടൊപ്പം വന്ന പെണ്‍കുട്ടി, തോളിലെ സഞ്ചി ഒന്നുകൂടി കയറ്റിയിട്ട്, കൈയിലെ മരംകൊണ്ടുള്ള വാദ്യോപകരണം ഉപയോഗിച്ചുകൊണ്ട് പ്രസിദ്ധമായ ഒരു ഹിന്ദിപ്പാട്ട് അവളുടേതായ രചനയിലും ശ്രുതിയിലും പാടിത്തുടങ്ങി. വരികള്‍ ഒന്നും ശരിയായിരുന്നില്ലെങ്കിലും ഈണം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ആ ഗാനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നവിധത്തിലായിരുന്നു. കുഴിഞ്ഞതെങ്കിലും തിളക്കമുള്ള അവളുടെ കണ്ണുകള്‍ വിദൂരതയിലേക്ക് ആഴ്ന്നതുപോലെ കാണപ്പെട്ടു.

അവളുടെ നില്‍പ്പും പാട്ടുമെല്ലാം എന്‍റെ ചിന്തകളെ തലേന്ന് ടിവിയില്‍ കണ്ട റിയാലിറ്റി ഷോയില്‍ എത്തിച്ചു. അവളുടെ പിന്നില്‍ വാദ്യവൃന്ദങ്ങള്‍ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വസ്ത്രങ്ങള്‍ക്കുവേണ്ടി കടകള്‍ കയറിയിറങ്ങുന്ന അമ്മയോ പാട്ടിനും നൃത്തത്തിനും ഗുരുക്കന്മാരെ തേടി അലയുന്ന അച്ഛനോ അവളോടൊപ്പം ഉണ്ടെന്നു തോന്നിയില്ല. പ്രശംസിക്കാന്‍ മലയാളത്തിലും ആംഗലത്തിലും വാക്കുകള്‍ക്കായി വിഷമിക്കുന്ന വിധികര്‍ത്താക്കള്‍ക്ക് പകരം അഴുക്കുപുരണ്ട അവളുടെ രൂപത്തെ അറപ്പോടെ നോക്കിയും അവള്‍ നില്‍ക്കുന്നയിടത്തുനിന്നും കുറച്ചുകൂടി അകന്നുനിന്നും, പുച്ഛമോ നിസ്സംഗതയോ മുഖത്തണിഞ്ഞവര്‍ ആയിരുന്നു അവളുടെ ശ്രോതാക്കളില്‍ അധികവും. എങ്കിലും തുടക്കത്തിലെ രണ്ടു വരിയോടുകൂടി ഞാനടക്കമുള്ള ചിലരുടെയെങ്കിലും മുഖത്ത് മതിപ്പെന്ന ഭാവവും വന്നിരുന്നു. പലരും തിരിഞ്ഞിരുന്നു പാട്ടു ശ്രദ്ധിച്ചുതുടങ്ങി.

"ഹോ!! ഇതുങ്ങള് ഇവിടേം വന്നോ...??"
പാട്ടിനെ മുറിച്ചുകൊണ്ട് കറുത്തുതടിച്ച ഒരാള്‍ എവിടെനിന്നെന്നറിയാതെ പെട്ടെന്ന് രംഗത്ത് പ്രത്യക്ഷപ്പെട്ടു. അയാളുടെ ശകാരവര്‍ഷം തുടരവേ പാട്ടുനിര്‍ത്തി പെണ്‍കുട്ടി ധൃതിയില്‍ കുനിഞ്ഞു താഴെനിന്നും എന്തോ എടുക്കാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമാണ് ഒരു കൊച്ചുകുഞ്ഞ് കൈയില്‍ ഒരു അലുമിനിയം പാത്രവുമായി ആളുകളെ സമീപിച്ചുകൊണ്ടിരുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്. പഴ്സില്‍ ചില്ലറ തിരയുന്നതിനിടയില്‍ നിരങ്ങിനീങ്ങിത്തുടങ്ങിയ വണ്ടിയില്‍ നിന്നും അതുല്യപാടവത്തോടെ കുഞ്ഞിനെയും ഒക്കത്ത് വെച്ചു ചാടിയിറങ്ങിയ അവളെ ഒരുനോക്കേ കാണാനായുള്ളു.. എങ്കിലും ആ കുഞ്ഞിന്‍റെ കൈയിലെ പാത്രത്തില്‍ അവള്‍ക്കു വേണ്ട വോട്ടിങ്ങ്ഫോര്‍മാറ്റ് ഉണ്ടായിരുന്നില്ല എന്നും പകരം അവരുടെ ഒരുനേരത്തെ വിശപ്പകറ്റാന്‍ പോലും തികയാത്ത കുറച്ചു മുഷിഞ്ഞ നോട്ടുകളും നാണയങ്ങളും മാത്രമായിരുന്നുവെന്നും ഞാന്‍ അറിഞ്ഞു.