About Me

My photo
A person who loves to read, write, sing and share thoughts.

Monday, November 4, 2013

സൗഹൃദം

കല്ലുപെൻസിൽ മറന്ന ദിവസങ്ങളിൽ 
കയ്യിലുള്ളത് മുറിച്ച് 
ഏറ്റവും വലിയ കഷണം
എന്ന വാഗ്ദാനം!
 
ചോദ്യോത്തരവേളയിൽ 
ശരിയുത്തരം മനസിലൊളിപ്പിച്ച്,
ചൂരലിന് നേരെ
ഒപ്പം നീളുന്ന ഉള്ളംകൈ! 
 
വിഷമിച്ചിരിക്കുമ്പോൾ
പഴയ അമളിയോർമ്മിപ്പിച്ച് 
ഒരുമിച്ചുയരുന്ന പൊട്ടിച്ചിരി !
 
ഹോസ്റ്റലിലെ ഇരുട്ടിൽ
ഒരേ ശ്രുതിയിൽ
ഉയരുന്ന കൂവൽ !
 
'ആ' ദിനങ്ങളിൽ
ഉടുപ്പിനുപിന്നിൽ 
അരുണവർണ്ണപൊട്ടില്ലെ-
ന്നുറപ്പിക്കുന്ന ധൈര്യം !
 
മെസ്സേജ് ബോക്സിലെ 
മൌനത്തിന്റെയും 
വെറും മൂളലുകളുടെപോലും  
അർത്ഥമറിഞ്ഞെത്തുന്ന,   
ദൂരം വിസ്മരിപ്പിക്കുന്ന സാന്ത്വനം! 
 
ഈ ഉടുപ്പ് സുന്ദരമെങ്കിലും
നിനക്ക് ചേരില്ലെന്ന് പറയുന്ന
തുണിക്കടയിലെ ട്രയൽ റൂം കണ്ണാടി !
 
മുന്നിലും പിന്നിലുമല്ലാതെ 
ഒരുമിച്ചുനീങ്ങാനും,
ചിലനേരങ്ങളിൽ
ഒരു തല താങ്ങാനും 
ശക്തിയുള്ള ചുമൽ! 
 
 
 

Tuesday, October 29, 2013

എന്റെ വായനാലോകത്തിലൂടെ...

ഏതോ കുഞ്ഞുന്നാളിൽ തുടങ്ങിയ വായനക്ക് പൂമ്പാറ്റ, ബാലരമ, അമർചിത്ര കഥകൾ തുടങ്ങിയവയാവണം ആദ്യം മുന്നിൽ നിരന്നവ. . കപീഷും മായാവിയും ശുപ്പാണ്ടിയും ചമതകനും മിന്നു മുയലും അങ്ങനെ ആരൊക്കെയോ... ഇതിനെല്ലാം പുറമേ തട്ടിൻ പുറത്തെ പഴയ ശേഖരങ്ങളിൽ ആകർഷിച്ച 'അമ്പിളി മാമൻ'.

കുറച്ചുകൂടി വലുതായപ്പോഴാവണം ചേച്ചിമാരുടെ വനിതാ പ്രസിദ്ധീകരണങ്ങളിലെ പരസ്യചിത്രങ്ങളും കഥകളും ലേഖനങ്ങളും ആകർഷിച്ചത്. എന്നാൽ എന്നോ വായിച്ച ആരോഗ്യപംക്തിയിൽ വന്ന ഒരു വാക്കിന്റെ അർഥം അന്വേഷിച്ചതോടെ അത്തരത്തിലുള്ള എല്ലാ പുസ്തകങ്ങളും എനിക്കുമാത്രം നിഷിദ്ധമാവുകയും, അതുകൊണ്ടുതന്നെ അവയെല്ലാം രഹസ്യമായി എന്റെ പാഠപുസ്തകക്കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ നിർബന്ധിതമാവുകയും, ചന്ദ്രക്കല എസ് കമ്മത്തും, കെ.കെ സുധാകരനും മാത്യു മറ്റവും സുധാകർ മംഗളോദയവുമൊക്കെ എനിക്ക് കഥ പറഞ്ഞുതരികയും ചെയ്തു. അർഥം മനസിലായതും ആവാത്തതുമൊക്കെ പിന്നെയും ആർത്തിയോടെ വായിച്ചുതീർത്തു.

കൌമാരക്കാരി ആയപ്പോൾ ചേച്ചിയുടെ ശേഖരങ്ങളിലെ പുതിയ മുഖങ്ങളെ അറിയാനുള്ള ആകാംക്ഷയായി. മാധവിക്കുട്ടി, ബഷീർ, രാജലക്ഷ്മി, എം ടി തുടങ്ങിയവരുടെ കഥകൾ മുതൽ 'കാല'വും 'മരണം ദുർബല'വും 'മുൻപേ പറക്കുന്ന പക്ഷികളും' 'രണ്ടാമൂഴ'വും പിന്നെയും പേരോ കഥയോ പോലും ഓർമ്മയില്ലാത്ത കുറെ അക്ഷരസമൂഹങ്ങൾ വരെയും കൂട്ടിനെത്തി.

ആ കൂട്ടത്തിൽ ഖസാക്കും ധർമ്മപുരാണവും കയ്യിൽ കിട്ടിയതുമോർക്കുന്നു. സഹപാഠികൾ സംസാരിക്കുന്ന ഭാഷ (തനി പാലക്കാടൻ) എഴുതിക്കണ്ട കൌതുകം മാത്രമായിരുന്നു ഖസാക്കിന്റെ ഇതിഹാസം പകർന്നതെങ്കിൽ ധർമ്മപുരാണത്തിന്റെ ആദ്യ താളിലെ ആദ്യ വരിയോടെ തുടർന്ന് വായിക്കാനുള്ള താല്പര്യം പോലും ഇല്ലാതായി എന്നതായിരുന്നു സത്യം.

അവധിക്കാലത്ത്‌ ചേച്ചിയുടെ വീട് സന്ദർശനമാണ് എന്റെ വായനയെ വീണ്ടും വളർത്തിയത്. ചേട്ടന്റെ വിപുലമായ ശേഖരത്തിലെ പലതും ദഹിക്കാൻ ബുദ്ധിമുട്ടുള്ള മഹത് കൃതികളും ക്ലാസ്സിക്കുകളും ആയിരുന്നുവെങ്കിലും അവിടെ എന്നെ കാത്തിരുന്നത് മാതൃഭൂമി, കലാകൌമുദി തുടങ്ങിയവയുടെ വാർഷികപ്പതിപ്പുകളായിരുന്നു. പകൽ സമയത്ത് കുട്ടികൾ കളിക്കാനും ചേച്ചി അടുക്കളയിലും ചേട്ടൻ ക്ലിനിക്കിലും പോവുമ്പോൾ ഷെല്ഫ് അടുക്കിയൊതുക്കാനെന്ന വ്യാജേന ഞാൻ കയറും. ഊണിന് വിളിക്കാനായി ചേച്ചി എത്തുമ്പോൾ പഴയ പുസ്തകക്കെട്ടിനിടയിൽ കഥകളുടെ ലോകത്ത് ഞാൻ പൊടിപിടിച്ചിരിക്കുകയാവും. ടി പത്മനാഭൻ, സേതു, ചന്ദ്രമതി തുടങ്ങി കഥകളുടെ എക്കാലത്തെയും തമ്പ്രാക്കളെയും തമ്പ്രാട്ടികളെയും ഞാൻ കാണുന്നതവിടെയാണ്.
എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിന്റെ ആരാധിക ആക്കിയത് ചേട്ടൻ ഡോക്ടർ അശോകൻ ആണ്. എത്രയോ തവണ വായിച്ചതാണെന്ന് പറഞ്ഞുകൊണ്ട് 'ആൾക്കൂട്ടം' എടുത്തു കയ്യിൽ തന്ന് ആനന്ദിനെ പരിചയപ്പെടുത്തിയതും, ഖസാക്കിലൂടെ ഓരോ തവണ പോകുമ്പോഴും പുതിയ അർത്ഥങ്ങളും ചിന്തകളും ഉണ്ടാകുമെന്ന് പറഞ്ഞുതന്നതും അദ്ദേഹം തന്നെ. ഒരുപാട് വായിക്കുകയും ആഴത്തിൽ ചിന്തിക്കുകയും ദാർശനികരെ പോലെ സംസാരിക്കുകയും ചെയ്യുന്ന ആ ആയുർവേദ ഡോക്ടർ ആണ് ഞാൻ ആദ്യമായി പരിചയപ്പെട്ട ജീനിയസ്. ചേട്ടൻ എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്.

ചെന്നൈ വാസത്തിൽ സഹമുറിയത്തിയുടെ മിൽസ് ആൻഡ്‌ ബൂണ്‍സും സിഡ്നി ഷെൽഡനും പിന്നെയും പേര് ഓർമ്മയില്ലാത്ത ചിലരും, ഇംഗ്ലീഷും (ചിലപ്പോഴൊക്കെ ഡിക്ഷ്ണറി അടുത്തു വെക്കേണ്ടിവന്നാലും) ആസ്വാദ്യമാണെന്ന് പഠിപ്പിച്ചു.

വിവാഹശേഷമുള്ള ഏകാന്ത പകലുകളിലാണ് 'എന്റെ കഥ', 'ബാല്യകാലസഖി', 'നീർമാതളം പൂത്തകാലം', 'ഹിഗ്വിറ്റ', 'ഘടികാരങ്ങൾ നിലക്കുന്ന സമയം', 'ചിദംബര സ്മരണ' അങ്ങനെ ഒരുപാട് സുന്ദരക്കാഴ്ചകൾ എനിക്കായി തുറക്കപ്പെട്ടത്. ചേതൻ ഭഗത്തും അമിഷും അനിതാ നായരും കെ. ആർ മീരയും സിതാരയും സുഭാഷ് ചന്ദ്രനും അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വാഗ്ദാനങ്ങളെ ഒക്കെ ഒരുപാട് അടുത്തറിഞ്ഞില്ല എങ്കിലും കണ്ട് സന്തോഷിക്കാനായി. സ്വന്തം ശേഖരത്തെക്കാൾ ഒരുപാട് സന്മനസുകളുടെ സഹായവും ഉണ്ടായിട്ടുണ്ട് എന്റെ വായനക്ക്. കൂട്ടുകാരി പറയും "നിനക്കൊരിക്കലും പുസ്തകക്ഷാമം ഉണ്ടാവാറില്ല!" എന്ന്

ഏതോ ഒരു കർക്കിടകസന്ധ്യയിൽ അമ്മയുടെ ഈണം മനസിലോർത്ത്‌ ഞാനുമിരുന്നു, പ്രിയസുഹൃത്തുക്കളായ വിനയനും സ്മിതയും സമ്മാനിച്ച അധ്യാത്മരാമായണത്തിന് മുന്നിൽ. വായന പൂർത്തിയാക്കിയില്ല എങ്കിലും സംസ്കൃതലീനമായ ഭാഷാസൌകുമാര്യത്തിനുമുന്നിൽ നമിച്ചിരുന്നുപോയി.

ഇനിയുമെത്രയോ മനോഹരവായനകൾ ബ്ലോഗുലകത്തിലും അതിശയിപ്പിച്ചു. പരിചിതരും അല്ലാത്തതുമായ കവികൾ ലിംഗ ഭേദമില്ലാതെ തങ്ങളുടെ സർഗ്ഗചേതനകളെ നിർബാധം പങ്കിട്ടു. ഒരുപക്ഷെ മുഖ്യധാരയിലുള്ള എഴുത്തുകാരെ പോലും അതിശയിപ്പിക്കുന്ന കഥകളും കവിതകളുമായി ഓണ്‍ലൈനിൽ നിരന്നു.

ഇന്നലെ വൈകിട്ട് സി.വി ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' അടച്ചുവെക്കുമ്പോഴും അറിയുന്നു, "അറിഞ്ഞത് കയ്യളവ്‌.. അറിയാത്തത് കടലളവ്‌!" അക്ഷരക്കടൽ ഇപ്പോഴും മുന്നിൽ തന്നെ, അതിവിശാലമായി! വള്ളത്തോളും കുമാരനാശാനും വൈലോപ്പിള്ളിയും പിയും പൊറ്റക്കാടും ബഷീറും എം ടിയും തുടങ്ങി പുതിയ തലമുറക്കാർ വരെ സൃഷ്ടിച്ച എത്രയോ മുത്തും പവിഴവുമുണ്ട് മുങ്ങിയെടുക്കാൻ, ഒരായുസ്സ് കൊണ്ടും തീരാത്തത്ര!

വാഗ്ദേവതക്കു പ്രണാമം !

 

Friday, July 12, 2013

ചില ആണ്‍ പെണ്‍ ചിന്താവിശേഷങ്ങൾ

ശങ്കരേട്ടന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ സംശയമാണ് തന്റെ ഭാര്യ സുമംഗല ഒരു ലെസ്ബിയൻ ആയോ എന്ന്! കുടുംബശ്രീയും അയൽക്കൂട്ടവുമൊക്കെയായി നടന്നുതുടങ്ങിയപ്പോഴേ ഉറപ്പിച്ചു അവളൊരു ഫെമിനിസ്റ്റ് ആയെന്ന് ! ഈ പുതിയ സംശയം തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നതെയുള്ളൂ..
 
നാട്ടിൻപുറത്തെ സാദാ റേഷൻകടക്കാരനെങ്ങനെ ഇത്തരം വാക്കുകളൊക്കെ പഠിച്ചു എന്നതിന് കടപ്പാട് പത്താം ക്ലാസ്സിന്റെ രണ്ടാംവർഷത്തിൽ ഇരുന്നൂറ്റി പന്ത്രണ്ടുമാർക്ക് ഒപ്പിച്ചെടുത്ത മുപ്പത്തഞ്ചു കഴിഞ്ഞ ക്രോണിക് ബാച്ചിലർ അയൽവാസി ഭാസിക്കുട്ടനുള്ളതാണ്. അവന്റെ അമ്മാവന്റെ മകന്റെ ഇന്റർനെറ്റ്‌ കഫെ ആണ് അവനെ സർവജ്ഞൻ ആക്കിയത്. പത്രങ്ങളിലോ ചാനലുകളിലോ വരാത്ത കാര്യങ്ങൾ വരെ ഫേസ്ബുക്കിൽ വരുമത്രേ! അവിടെ അവൻ "ഭാസ്" ആണ് ..
 
 അയലത്തെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയവന്റെ  കരണത്ത് ഒരെണ്ണം പൊട്ടിച്ച ദിവസമാണ് സുമംഗലേടത്തിക്ക് പ്രതികരണശേഷി കൈവന്ന കാര്യവും ഫെമിനിസ്റ്റ് ആവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞുവരുന്നുണ്ടെന്നും അവൻ ശങ്കരേട്ടനെ അറിയിച്ചത്. ഒപ്പം ഫെമിനിസ്റ്റ് എന്നാലെന്തെന്ന് വ്യക്തമായി ക്ലാസ്സ്‌ എടുത്തുകൊടുത്തു. അതിനുശേഷം കറിക്ക് ഉപ്പുകൂടിയാലോ കുപ്പായം ഇസ്തിരിയിടാൻ മറന്നാലോ ഒന്നും ക്ഷുഭിതനാവാതിരിക്കാൻ ശങ്കരേട്ടനും ശ്രദ്ധിച്ചുതുടങ്ങി . ഈ ജാതി ആൾക്കാർ കുറച്ചു പേടിക്കേണ്ടവരാണെന്ന് 
ചില വാർത്തകളും അയാളെ പഠിപ്പിച്ചിരുന്നു.
 
ഓരോ വനിതാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ കയറിയാലുടനെയുള്ള  രോഷപ്രകടനങ്ങളിൽനിന്നും മിക്കവരുടെയും പ്രശ്നങ്ങൾ ശങ്കരേട്ടൻ അറിയാറുണ്ട്.
"ഹും അവനെന്താ വിചാരിച്ചേ .. പെണ്ണെന്നാൽ എന്നും കാൽക്കീഴിൽ കിടക്കണം എന്നാണോ ? "
"ഇവനൊക്കെ ആ കൊച്ചിന്റെ കാര്യത്തിലെങ്കിലും അവളെ ഒന്ന് സഹായിച്ചാലെന്താ ? കല്യാണം കഴിഞ്ഞുവരുമ്പോ അവൾ കയ്യെപ്പിടിച്ചു കൊണ്ടുവന്നതൊന്നുമല്ലല്ലോ ആ കൊച്ചിനെ! ഹും "
 
ഇതൊക്കെയാണെങ്കിലും മീറ്റിങ്ങുകൾക്കും മറ്റും ഓടുന്നതിനിടയിലും ഭർത്താവിനുള്ളതെല്ലാം കൃത്യമായി എടുത്തു വെക്കുകയും സമയാസമയത്തിന് വിളിച്ച് ഓർമ്മിപ്പിക്കുകയും  എത്ര ക്ഷീണിതയാണെങ്കിലും രാത്രി ശങ്കരേട്ടന്റെ കാലിൽ തൈലം പുരട്ടി ചൂട് വെള്ളം അനത്തിക്കൊടുക്കുകയും ചെയ്തിരുന്നതിനാൽ ഭാര്യയുടെ ഫെമിനിസം അങ്ങേരെ ബാധിച്ചിരുന്നില്ല.
 
മാത്രമല്ല നാട്ടിലെ സൽസ്വഭാവികളായ ചുരുക്കം ചില പുരുഷന്മാരിൽ ഒരാളാണ് തന്റെ ഭർത്താവെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.  സ്വന്തം പറമ്പിലെ ചക്കയിടുന്നതിനിടയിൽ നെഞ്ചത്ത്‌ ചക്ക വീണു പരിക്കേറ്റ, നാട്ടിലെ സുന്ദരി രേവതിയെ തടവാൻ ഓടിക്കൂടിയവരുടെ കൂട്ടത്തിൽ തന്റെ പ്രിയതമൻ ഉണ്ടായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് ശങ്കരേട്ടനോട്‌ മതിപ്പുണ്ടായതാണ്. (അതിന് ശങ്കരേട്ടൻ രഹസ്യമായി നന്ദി പറയുന്നത് വാതരോഗത്തിനോടാണ്! )
  
പുതിയ സംശയം ഉണ്ടാവാൻ കാരണം ഈയിടെയായി സുമംഗല മിക്കവാറും അയലത്തെ രാധാമണിയുടെ വീട്ടിൽ രാപകലില്ലാതെ സന്ദർശിക്കുന്നു , പലപ്പോഴും രണ്ടുപേരും അകത്തുനിന്നും പൂട്ടിയ മുറിക്കുള്ളിൽ നേരം ചെലവിടുന്നു എന്നതൊക്കെയാണ്. രാധാമണിയുടെ ഭർത്താവ് വാരാന്ത്യത്തിൽ മാത്രം വീട്ടിലെത്തുന്നയാളാണ്.  ഒരു ദിവസം രാവിലെ രാധാമണിയുടെ മോന് വയ്യ ചെന്നന്വേഷിക്കട്ടെ എന്നും പറഞ്ഞു പോയവളായിരുന്നു. അയൽക്കാരല്ലെ .. ആണ്‍ തുണ ഇല്ലാത്തനേരത്ത് ഒരു സഹായമല്ലേ എന്നേ ഓർത്തുള്ളൂ... ഇതിപ്പോൾ ഇടയ്ക്കിടയ്ക്ക്  മതിലിങ്കൽ നിന്ന് കുശുകുശുക്കൽ .. രാധാമണിയുടെ മിസ്സ്‌ കാൾ വന്നാലുടനെ ഓടിപ്പോക്ക്.. വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ കതകടച്ചിരുന്നു സംസാരം!
 
 "ഇതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ വന്നിരുന്നു ശങ്കരേട്ടാ.. " എല്ലാം കേട്ടുകഴിഞ്ഞ് തെല്ലിട മൌനത്തിനുശേഷം ഭാസിക്കുട്ടൻ സംസാരിച്ചുതുടങ്ങിയത് ഇപ്രകാരമായിരുന്നു. സ്വവർഗ്ഗ പ്രേമത്തിന്റെയും രതിയുടെയും കഥകൾ തന്നെക്കാൾ പ്രായം കുറഞ്ഞ ചെറുക്കന്റെ വായിൽ നിന്ന് കേൾക്കേണ്ടിവന്നപ്പോൾ ശങ്കരേട്ടന് അറപ്പ് തോന്നി. അതിലേറെ സ്വന്തം ഭാര്യയെ അങ്ങനെ സങ്കൽപ്പിച്ചുനോക്കാനാവാതെ നേരത്തെ കടപൂട്ടി വീട്ടിലേക്കു നടക്കുകയും ചെയ്തു.
 
സാഹചര്യത്തെളിവുകൾ എതിരായി വരുംതോറും സംശയം അദ്ദേഹത്തിൻറെ മനസ്സിൽ, മന:പൂർവ്വം മുരടിപ്പിച്ച ഒരു  ബോണ്‍സായി വൃക്ഷമായി. ഉണ്ണാനാവാതെ, ഉറങ്ങാനാവാതെ, കടയിലെ കണക്കുകൾക്കൊപ്പം മനസിലേതും തെറ്റിച്ചും വീണ്ടും കൂട്ടിയും കുറച്ചും ശങ്കരേട്ടൻ ആശയക്കുഴപ്പത്തിലായി. വന്നുവന്ന് സംശയാസ്പദമായി കണ്ടകാര്യങ്ങൾ ഭാസിക്കുട്ടനോട് പറയാനും മടിയായിത്തുടങ്ങി. കാരണം ശങ്കരേട്ടനിലും മുന്നേ 'ഇതതുതന്നെ സംഭവം' എന്ന് ഉറപ്പിച്ചത് അവനായിരുന്നതുകൊണ്ട് അതവൻ നാട്ടിൽ പാട്ടാക്കിയാലോ എന്നും അയാൾ ഭയന്നു.
 
ഒരിക്കൽ രണ്ടും കല്പ്പിച്ചു ഭാര്യയോട്‌ ചോദിക്കാൻ മുതിർന്നതായിരുന്നു. തലേന്ന് റേഷൻ കടയുടെ തൊട്ടടുത്ത കടമുറിയിൽ കുടുംബശ്രീക്കാര് തുടങ്ങിയ പച്ചക്കറിക്കടയുടെ ഉദ്ഘാടനത്തിന് മുഖത്ത് ഇരച്ചുകയറിയ രക്തത്തുടിപ്പോടെ സുമംഗല പ്രസംഗിച്ച കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെക്കൂടി  മനസ്സിൽ കയറി അയാളുടെ ധൈര്യത്തെ തല്ലിക്കെടുത്തിക്കളഞ്ഞു.
 
 
"നീയെന്തിനാ സുമം ഇടയ്ക്കിടെ ഇങ്ങനെ അങ്ങോട്ടോടുന്നെ?"
എങ്കിലും കഴിഞ്ഞദിവസം രാത്രി അത്താഴത്തിനു മുന്നിലിരിക്കുമ്പോൾ രാധാമണിയുടെ വിളി വന്നു ഇറങ്ങിയോടുന്നതിനിടയിൽ അയാളുറക്കെ ചോദിക്കുകതന്നെ ചെയ്തു.
 
"അവടെ കൊച്ചിന് മേലാഞ്ഞിട്ടാ.. ഞാനെത്ര തവണ പറയും..! അതിനെന്തോ പേടി തട്ടിയിട്ടുണ്ടെന്നാ തോന്നുന്നേ.. രാത്രിയൊക്കെ പിച്ചും പേയും പറയുവാ.. അവടെ കെട്ട്യോൻ ഇന്ന് വരും നാളെ വരുമെന്ന് പറയുമെന്നല്ലാതെ തിരിഞ്ഞു നോക്കുന്നില്ല! "
 
എന്നാലും അതുമാത്രമല്ല കാര്യമെന്ന് ഭാസിക്കുട്ടൻ അഭിപ്രായപ്പെടുമ്പോൾ മറുത്തൊന്നും പറയാൻ നിന്നില്ലെങ്കിലും അയാളുടെ മനസിലും ആ തോന്നൽ കൂടിക്കൊണ്ടേയിരുന്നു. എങ്കിലും ഈ പത്തു പതിനെട്ടുവർഷം കൂടെ ജീവിച്ച് രണ്ടുകൊച്ചുങ്ങളെയും പെറ്റ അവൾക്കങ്ങനെയൊരു മാറ്റം പെട്ടെന്നുണ്ടാവുമോ ?
 
"ങാ ഇന്നത്തെ കാലത്ത് അതും ഉണ്ട് ശങ്കരേട്ടാ... അതായത്....  "
 
ഭാസിക്കുട്ടന്റെ ചലനാത്മകമായ വിശദീകരണങ്ങൾ  മനസിനകത്തേക്ക് കടക്കാതെ, സന്ധ്യനേരത്തെ കൊതുകിൻ കൂട്ടത്തെ പോലെ അയാളുടെ തലയ്ക്കു ചുറ്റും മൂളിപ്പറന്നുകൊണ്ടിരുന്നു.
 
വെള്ളിയാഴ്ച രാത്രി ഇടക്കെപ്പോഴോ ഉണർന്നപ്പോൾ സുമംഗല അടുത്തില്ലെന്ന സത്യം പിന്നീടങ്ങോട്ടുള്ള ഓരോ ഉറക്കത്തെയും കെടുത്താൻ പോന്നതാണെന്ന്ശങ്കരേട്ടൻ മനസിലാക്കി. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇനിയും ഇത്തരം പ്രകൃതിവിരുദ്ധനടപടികൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട്‌ കാര്യമില്ല.
 
അടുത്ത രാത്രി ഭാസിക്കുട്ടനെയും കൂട്ടുപിടിച്ച് അയാൾ ഉറങ്ങാതിരുന്നു. പതിനൊന്നരക്ക് വന്ന മിസ്സ്‌ കാളിനെ തുടർന്ന് സുമംഗല ഇരുട്ടത്ത് കതകുതുറന്നു പുറത്തിറങ്ങി, രാധാമണി ഇരുളിൽ അടുക്കള വാതിൽക്കൽ അവളെ കാത്തു നില്ക്കുന്നത് തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവർ രണ്ടുപേരും കണ്ടു.
 
"ഇന്നിവളെ ഞാൻ..." മുന്നോട്ടാഞ്ഞ ശങ്കരേട്ടനെ പിടിച്ചിരുത്തി കുറച്ചുകൂടെ ക്ഷമിക്കാൻ ഭാസിക്കുട്ടൻ  ആംഗ്യം കാട്ടി.
 
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, രാധാമണിയുടെ വീടിനകത്ത് നിന്നും ഒരു പുരുഷന്റെ ദീനരോദനം കേട്ട് പുറത്തുനിന്ന രണ്ടുപേരും ഞെട്ടി എഴുന്നേറ്റു. എന്താണെന്ന് മനസിലാവാതെ വീടിനുചുറ്റും ഓടിക്കൂടിയവരുടെ  മുന്നിലേക്ക്‌ വെളിച്ചം തുപ്പിക്കൊണ്ട് പോലീസ് ജീപ്പ് വന്നു നിന്നു. വാതിൽ തുറന്നു നാടകീയമായി ഇറങ്ങിവരുന്ന സുമംഗലയെയും കുഞ്ഞിനെ നെഞ്ചോട്‌ ചേർത്തുപിടിച്ച രാധാമണിയേയും മാറിമാറി നോക്കി മിഴിച്ചുനിൽക്കുമ്പോൾ പോലീസുകാർ അവരെ ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കടന്നു.
 
കയ്യും വായും കെട്ടിയിട്ട അവസ്ഥയിൽ രാധാമണിയുടെ ഭർത്താവ് ഉത്തമനെ പിടിച്ചുകൊണ്ട് പോലീസ് ഇറങ്ങിവന്നു.
 
"വൃത്തികേട് കാണിക്കാൻ നിനക്കൊക്കെ സ്വന്തം മോനെ കിട്ടിയുള്ളോടാ ---------- " ഒപ്പം അടിയുടെ ശബ്ദവും!
 
"ഇവനെ ഒന്ന് പിടിക്കാൻ ഞങ്ങള് പെട്ട പാട്! ഞാനെന്റെ കെട്ട്യോനോട് പോലും പറയാതെയാ സാറേ വലയും വിരിച്ചിരുന്നത് !" സുമംഗലയുടെ ദീർഘനിശ്വാസത്തിനുമുന്നിൽ സ്വയം ചെറുതായിപ്പോവുന്നതായി തോന്നിയ ശങ്കരേട്ടൻ തിരിഞ്ഞുനോക്കിയപ്പോൾ ഭാസിക്കുട്ടൻ അടുത്തുണ്ടായിരുന്നില്ല.
 
"അങ്ങേർക്ക് എന്നോട് താല്പര്യമില്ലാതായപ്പോ വേറെ എന്തോ ബന്ധമുണ്ടെന്നാ ഞാൻ കരുതിയെ.. പിന്നെയാ അറിഞ്ഞേ, ഞാനുറങ്ങുന്ന നേരത്ത് അയാളെന്റെ മോനെ...  മോന് വയ്യാതായപ്പോ സുമംഗലചേച്ചിയാ എനിക്കിത്രയും ധൈര്യം തന്നതും കൂടെ നിന്നതും ... " രാധാമണിയുടെ കണ്ണീരിൽ കുതിർന്ന  പരിവേദനങ്ങൾ കേൾക്കാൻ അപ്പോഴേക്കും അയൽക്കാർ സമ്മേളിച്ചിരുന്നു.
 
ബഹളങ്ങൾ അവസാനിച്ച് മുറിയിലെത്തിയപ്പോഴേക്കും നേരം പുലരാറായിരുന്നു. ശങ്കരേട്ടന് സുമത്തിനെ ചേർത്തുപിടിച്ച് എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും വികാരത്തള്ളിച്ചയിൽ ഒരുവാക്കും പുറത്തുവന്നില്ല.
അടുത്തുകിടക്കുന്നവളെ ആദ്യമായി കാണുന്നതുപോലെ തോന്നി അയാൾക്ക്. സുമംഗല പതിവുപോലെ അയാളെ വട്ടം പിടിച്ച് അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു.   
"എന്നും തൈലം തേച്ചിട്ടും വേദന മാറിയില്ലേ.. ആ കാലെടുത്തെന്റെ പുറത്തിട്ടാലേ എനിക്കുറക്കം വരൂന്ന് അറിയത്തില്ലേ? "

(ഇ-മഷി ഓണ്‍ലൈൻ മാഗസിനിൽ ജൂലൈ ലക്കത്തിൽ വന്നത്)

Wednesday, July 10, 2013

ശിവസന്നിധിയിൽ ശിവകാമി

കൊല്ലൂർ ശ്രീ മുകാംബികാ ക്ഷേത്രദർശനത്തെതുടർന്ന് പരിസര പ്രദേശത്തുള്ള ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴായിരുന്നു മുരുദേശ്വർ മനസിലെത്തിയതും ആ സായാഹ്നത്തിൽ അവിടേക്ക് തിരിച്ചതും.  

കൊല്ലൂരിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ മാത്രം അകലേയ്ക്കുള്ള യാത്രക്ക് സുഖം പകർന്നത് ഇഷ്ടഗാനങ്ങളും മനോഹരമായ വഴിയോരക്കാഴ്ച്ചകളും തന്നെ. ഇരുവശത്തും തിങ്ങിനില്ക്കുന്ന പച്ചപ്പ്‌.. ഇടക്ക് ചിലയിടങ്ങളിൽ നിന്നും നോക്കുമ്പോൾ ദൂരെ അറബിക്കടൽ ഇളം നീല സാരിപുതച്ചു കിടക്കുന്നത് കാണാം.. ഇടയ്ക്കിടെ ജനാലചില്ലിൽ കുഞ്ഞുസുതാര്യമണികൾ അവശേഷിപ്പിച്ച് പോവുന്ന മഴ.. തണുത്ത കാറ്റ്..!!

ഏകദേശം സന്ധ്യയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. ഏഷ്യയിലെ തന്നെ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള ശിവ പ്രതിമ ആണത്രേ ഇവിടെയുള്ളത്. ഒപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖക്ഷേത്രങ്ങളുടെ രൂപസാദൃശ്യമുള്ള ഒരു അമ്പലവും അവിടെയുണ്ട്.  സുന്ദരമാകുമായിരുന്ന ഒരു അസ്തമയദൃശ്യം മേഘങ്ങൾ തടസ്സപ്പെടുത്തുമല്ലോയെന്ന് തെല്ലുനിരാശപ്പെട്ടെങ്കിലും  തണുത്ത കാറ്റുകൊണ്ട്‌ മനം കുളിർപ്പിച്ച് മഹാദേവ പ്രതിമയിലേക്കുള്ള പടികൾ കയറി..


മറ്റെങ്ങും കണ്ടിട്ടില്ലാത്തത്ര പൌരുഷമാണ് ഈ ശിവനിൽ എനിക്ക് തോന്നിയ ആദ്യത്തെ ആകർഷണീയത. മൂന്നു ചുറ്റിനും പരന്നുകിടക്കുന്ന കടലിന്റെ അക്കരെവരെ എത്തും ഞങ്ങളെന്ന് വിളിച്ചോതുന്ന തീക്ഷ്ണമിഴികൾ!
ബോളിവുഡ് / ഹോളിവുഡ് താരങ്ങളെ തോല്പ്പിക്കുന്ന ഉടൽ! പുലിത്തോലും, തിരുജടയുടെ ഇടയിലൂടെ തലനീട്ടുന്ന നാഗമുഖവുമൊക്കെ നോക്കി നിന്നപ്പോൾ അറിയാതെ ശിൽപ്പിയെ സ്തുതിച്ചുപോയി, വളരെ ചെറിയ കാര്യങ്ങൾ പോലും എത്ര ശ്രദ്ധയോടെ ചെയ്തിരിക്കുന്നു !!

ശിവപ്രതിമക്ക് താഴെയായി ഒരു ഗുഹ ഉണ്ടാക്കിയിരിക്കുന്നു. അതിനുള്ളിലേക്ക്‌ പ്രവേശനം ടിക്കറ്റ്‌ എടുത്താണ്. ഇടുങ്ങിയ ആ ഗുഹക്കുള്ളിൽ ഒരു വശത്ത്‌ മുരുദേശ്വരന്റെ ഐതിഹ്യം ശില്പങ്ങളായി ചുറ്റിലും ഉണ്ടാക്കിവെച്ചിരിക്കുന്നു , ഒപ്പം കന്നടത്തിൽ ഉള്ള വിവരണം സ്പീക്കറിൽ കൂടി കേള്ക്കുകയും ചെയ്യാം.

പണ്ട് ശിവന്റെ എല്ലാ ശക്തിയും അടങ്ങിയ ആത്മലിംഗത്തിനായി രാവണൻ തപസ്സിരുന്നു. വരം കൊടുത്താൽ പ്രശ്നമാകുമെന്ന് മനസിലാക്കിയ ശിവൻ, ഒരു ഉപാധിയോടെ അനുഗ്രഹിച്ചുവത്രേ. അതായത് വരപ്രസാദം ഒരിക്കലും താഴെ വെക്കരുത്, വെച്ചാൽ അതിന്റെ ശക്തി ഇല്ലാതാവും. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഗണപതി ബ്രാഹ്മണകുമാരനായി പ്രത്യക്ഷപ്പെട്ടു. നിലത്തുവെക്കരുത് എന്ന വ്യവസ്ഥയിൽ കുട്ടിയെ ഏല്പ്പിച്ചു സന്ധ്യാവന്ദനത്തിനു പോവുന്ന രാവണൻ തിരിച്ചുവരുന്നതിനു മുൻപേ കുട്ടി താഴെ വെക്കുകയും അത് ഭൂമിയിൽ ഉറച്ചുപോവുകയും ചെയ്തു. ദേവന്മാരുടെ ചതി ആണെന്ന് മനസിലാക്കിയ രാവണൻ കോപിഷ്ടനായി മണ്ണിലുറച്ച ശിവലിംഗം പിഴുതെടുക്കാൻ ശ്രമിക്കുകയും അത് പൊട്ടി നാലുപാടും തെറിച്ചു വീഴുകയും ചെയ്തുവത്രേ. ആ സ്ഥലങ്ങളിലൊക്കെ പില്ക്കാലത്ത് ശിവക്ഷേത്രങ്ങൾ ഉണ്ടായി.

ഈ കഥ ഞാൻ വിശദമായി വായിച്ചത് യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷമാണ്. പക്ഷെ അവിടെ ആ ഉയരത്തിൽ നിൽക്കുമ്പോൾ, ചുറ്റിലും തിരയിരമ്പുന്ന കടൽ കാണുമ്പോൾ മനസ് വല്ലാതെ നിറഞ്ഞുകവിയും. ഭക്തിക്കും മേലെയായി, ചിന്തകൾക്കെല്ലാം അതീതമായി തികച്ചും ശൂന്യമായി മനസെത്തുന്ന ഒരവസ്ഥ! ക്ഷേത്ര ദർശനത്തിനു വന്നവരും, കടലിൽ തിമിർക്കുന്നവരും ഒക്കെ ചുറ്റിലും ഉണ്ടെങ്കിലും അതിലും മുകളിലായി... തികച്ചും ശാന്തമായ ഒന്ന്!

സന്ധ്യാനേരവും ചാറ്റൽ മഴയുമാവണം കടൽക്കരയിലെ തിരക്ക് കുറച്ചത്. കുഞ്ഞുങ്ങളെ തിരകളോട് സല്ലപിക്കാൻ വിട്ട് വെറുതെ നിന്നു. കുറച്ചകലെ ശിവൻ എന്നെത്തന്നെ നോക്കിയിരിക്കുന്നുവെന്ന് തോന്നി. കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടുതന്നെ. ഹിന്ദു മിത്തോളജിയിൽ പുരുഷൻ എന്നാൽ ശിവനാണ്. ശിവനും ശക്തിയും.. പുരുഷനും പ്രകൃതിയും..  ശിവപാർവതിമാരുടെ അർദ്ധനാരീശ്വര സങ്കല്പം എത്ര മഹത്താണ്! പങ്കാളിയെ സ്വന്തം പാതിയായി അലിയിച്ചു ചേർത്ത, നീയും കൂടി ചേർന്നാലേ ഞാൻ പൂർണനാവൂ എന്ന് പറയാതെ പറയുന്ന പുരുഷനെ ഏതു ഫെമിനിസ്റ്റും ഇഷ്ടപ്പെട്ടുപോവും. അതിൽ കൂടുതൽ സമത്വമെന്തിനാണ്?!

സിക്സ് പായ്ക്ക് ശിവനോട് യാത്രപറഞ്ഞ്‌ ഇറങ്ങി കുറെ നേരം കൂടി  കടൽക്കരയിൽ ചെലവിട്ട് മടങ്ങുമ്പോൾ പുതിയൊരൂർജം മനസ്സിൽ നിറഞ്ഞിരുന്നു.

---------------

പിൻകുറിപ്പ്‌ :  ഇത് ഒരു പൂർണ്ണമായ യാത്രാവിവരണമല്ല. മുരുദേശ്വർ എന്ന പ്രദേശത്തെ എന്നെ സ്പർശിച്ച ചില കാഴ്ചകളുടെയും,  ഉണർത്തിയ ചിന്തകളുടെയും പങ്കുവെക്കൽ മാത്രമാണ്.

Monday, June 10, 2013

സാന്ദ്രം

മരണവീട്ടിലെ ചടങ്ങുകൾ തീരുന്നതുവരെ അയാൾ മുറ്റത്തെ അരളിമരച്ചുവട്ടിൽ ആരുടേയും കണ്ണിൽപെടാതെ നിന്നു. ഉമ്മറവാതിലിനപ്പുറത്ത്  കരഞ്ഞുതളർന്ന് ആരുടെയോ മടിയിൽ തലവെച്ചുകിടക്കുന്ന അവളുടെ, തേങ്ങലാൽ  ഉയർന്നുതാഴുന്ന ചുമലുകൾ മാത്രമേ കാണാവൂ. കണ്ണീരുകൊണ്ട് പലതവണ കഴുകപ്പെട്ട ആ മുഖത്തേക്ക് ഒരിക്കലേ നോക്കാൻ തോന്നിയുള്ളൂ.

അവളിങ്ങനെ കരഞ്ഞാൽ മൈഗ്രേൻ വരുമായിരുന്നു പണ്ട്.. പിന്നീടതിനെന്തോ ചികിത്സ ചെയ്തുമാറ്റിയതുമാണ്. എങ്കിലും അവളെയങ്ങനെ കാണുംതോറും അവളൊരു രോഗിയായിപ്പോവുമെന്ന് അയാൾ ഭയപ്പെട്ടു. അടുത്ത് ചെന്ന് ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കണമെന്ന തോന്നൽ ശക്തമാവുന്നു... നിസ്സഹായത വല്ലാത്ത ഭാരമായി നിറഞ്ഞപ്പോൾ അയാൾ തല മരത്തിൽ ആഞ്ഞിടിച്ചു. ഒന്ന് വാവിട്ടു കരയാൻ ആഗ്രഹിച്ചു.

നിലവിളികൾ വീണ്ടും ഉച്ചത്തിലായപ്പോൾ അയാൾ മരച്ചുവട്ടിൽ നിന്നുമെഴുന്നേറ്റു പിന്നിലേക്ക്‌ നീങ്ങി.  ഉള്ളിൽനിന്നും മൃതദേഹം ആരെല്ലാമോ ചുമന്നുകൊണ്ടു പുറത്തുകൊണ്ടുവന്നു വെച്ചു.

അപ്പോഴേക്കും അവളുടെ പാട്ടിയും അമ്മയും മറ്റു സ്ത്രീകളും നിലവിളിച്ചുകൊണ്ടിറങ്ങി വന്നു. അവരുടെ കയ്യിൽ തൂങ്ങി അവൾ ! കല്യാണനാളിലെന്ന പോലെ തല നിറയെ പൂവും നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടും ഇരുകൈകളിലും നിറയെ കുപ്പിവളകളും.. ഈറനണിഞ്ഞ കണ്ണുകൾ മാത്രം മാറ്റി നിർത്തിയാൽ അവളിന്നും കല്യാണപ്പെണ്ണിനെപ്പോലെ മനോഹരി തന്നെ! ആ കൈ പിടിച്ചു നില്ക്കേണ്ടത് താൻ തന്നെയാണെന്ന തോന്നൽ അയാളിൽ വല്ലാത്ത നഷ്ടബോധമുണർത്തി.

അവസാന ചടങ്ങുകൾക്കായി  അവരുടെ മകൻ കണ്ണിൽ  അങ്കലാപ്പ് നിറച്ച്‌ തല മുണ്ഡനം ചെയ്തു മുന്നിൽ നിസ്സംഗനായി നിന്നു. ചന്ദനത്തിരിയുടെ പുകയും ഗന്ധവും മന്ത്രോച്ചാരണങ്ങളും കുഞ്ഞിനെ പോലെത്തന്നെ അയാളെയും അസ്വസ്ഥനാക്കി.

ഈശ്വരാ അപ്രിയക്കാഴ്ചകൾ എന്തിനാണിങ്ങനെ മുന്നിൽ  കൊണ്ടുവരുന്നത്? അതിനു പ്രതികരിക്കാനാവാത്ത സാഹചര്യവും എന്തിനാണിങ്ങനെ തരുന്നത്?

 കർമ്മങ്ങൾ തീർത്ത് ആരൊക്കെയോ ചേർന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുപോവുമ്പോൾ അവൾ ഉച്ചത്തിൽ നിലവിളിച്ച് ബോധശൂന്യയായി വീണുപോയി. അയാൾ പരിസരം മറന്ന് ഓടിയരികിലെത്തി എങ്കിലും അതിനുമുന്നെ തന്നെ അവളുടെ ചുറ്റിലും നിന്നിരുന്ന ആരോ അവളെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയിരുന്നു.

വീണ്ടും മരച്ചുവട്ടിൽ തളർന്നിരുന്നുകൊണ്ട് അയാൾ ഓരോന്നോർത്തു വ്യഥിതനായി. തമിഴത്തിപ്പെണ്ണിന്റെ  സ്നേഹത്തിനായി പുറകെ നടന്നതും ഒടുവിൽ അവളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയതും.. എതിർപ്പുകളോട് പോരാടി പിന്നെയും കുറെ കാലം..  ഏതൊക്കെയോ വഴികൾ താണ്ടി ഒടുവിൽ ... നാം വരച്ചുവെക്കുന്നതിലൂടെ നടക്കാൻ ദൈവം അനുവദിക്കാത്ത സന്ദർഭങ്ങൾ .. അപ്രതീക്ഷിത തോൽവികൾ.. വീഴ്ചയുടെ പരിക്കുകൾ അഭിനയം കൊണ്ട് മൂടി മറച്ച് എല്ലാം നേടിയവനെ പോലെ നടന്നു നോക്കി ... പിന്നെയും വീണപ്പോൾ തളർന്നു ... ചുറ്റും കുറ്റപ്പെടുത്തലുകളും കൂടിയായപ്പോൾ ഒളിച്ചോട്ടം മാത്രമേ മുന്നിൽ കണ്ടുള്ളൂ ... എന്നും ആശ്വാസം മാത്രം തന്നിരുന്ന അവളുടെ സ്നേഹമുഖം പോലും മറന്നതായി നടിച്ചു ...

 മുറ്റത്ത് അവൾ മൃതദേഹത്തിനരികിൽ സന്യാസിനിയെ പോലെ ഇരുന്നു. സ്ത്രീകൾ അവളുടെ ചുറ്റിലും നിന്ന് ഇരുകൈകളിലെയും വളകൾ മതിലിൽ അടിച്ചുടയ്ക്കുന്നു. തലവഴി ഒഴിച്ച മഞ്ഞൾവെള്ളത്തിൽ നെറ്റിയിലെ സിന്ദൂരം കലങ്ങിയൊഴുകി കാല്ക്കീഴിലെ മണ്ണിലഭയം തേടുന്നു... അരുത് ... എന്തിനാണീ ദ്രോഹം! അലറിവിളിച്ചു ചോദിക്കണമെന്ന ആഗ്രഹത്തെ ആരോ ചങ്ങലക്കിട്ടു പിന്നോട്ട് വലിക്കുന്നു.. നീയാണ് ഉത്തരവാദി എന്നേതോ ചൂണ്ടുവിരൽ തനിക്കു നേരെ വരുന്നപോലെ ...

അവളെ ഒന്ന് അടുത്തു കാണണം.. പറ്റുമെങ്കിൽ ആ കാലിൽ വീണ് മാപ്പിരക്കണം. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ ചിന്ത. ദു:ഖാന്വേഷികളുടെ തിരക്കൊഴിഞ്ഞപ്പോൾ അയാൾ പതുക്കെ അവളുടെ മുറിയുടെ പിന്നിൽ എത്തി.

മടിയിൽ  തളർന്നുറങ്ങുന്ന മകന്റെ തലയിൽ വിരലോടിച്ച് അവൾ ...  അവളുടെ കണ്ണീർ ഗ്രന്ഥികൾ അമിതാധ്വാനത്തിൽ ക്ഷീണിച്ചു പ്രവർത്തനരഹിതമായിരിക്കും. ചുവരിൽ അവരുടെ കുടുംബചിത്രം അനാഥമായി കിടന്നു.

 ആരും അടുത്തില്ലെന്ന് കണ്ടു അയാൾ ജനാലവഴി അവൾക്കു നേരെ കൈ നീട്ടി.. അവളുടെ പേര് അയാളുടെ തൊണ്ടയിൽ കുരുങ്ങി പുറത്തുവരാൻ മടിച്ചുനിന്നു.

അവൾ അയാളെ കണ്ടതേയില്ല ... അവളപ്പോഴും ചുവരിലെ അയാളുടെ കണ്ണുകളിൽ നോക്കി മൂകമായി കലഹിച്ചുകൊണ്ടിരുന്നു...

Sunday, April 7, 2013

വളവുകൾ പറയുന്നത്

"ഇന്ന് ഹര്‍ത്താല്‍ ണ്ടാവോ വാസ്വോ ?" പത്രത്തിലെ ഭീകരവാർത്തകളുടെ തലക്കെട്ടുകൾ മാത്രം ഓടിച്ചു വായിച്ച്,  വാസുവിന്റെ ചായക്കടയിലെ ബെഞ്ചിലിരുന്നു രാഘവൻ. 
 
"അതെന്തോ ആവട്ടെ.. നിങ്ങക്ക് ഒരു ചായ എടുക്കട്ടെ?"
"വേണ്ടപ്പാ ... നിന്റവിടെ വന്നു മധുരമിട്ട ചായ കുടിക്കുന്നതോണ്ടാ എന്റെ ഷുഗര്‍ മാറാത്തത് എന്നാ ചന്ദ്രി പറയണത് "
"എന്നാ നിങ്ങള് ഓസിനു പത്രോം വായിക്കണ്ടാ "
"അതിനു രാഘവേട്ടന്‍ ഇവിടെ വന്നിരിക്കുന്നത് പത്രം വായിക്കാനാന്ന് ആരാ നിങ്ങളോട് പറഞ്ഞെ വാസ്വേട്ടാ ?" പണിക്കു പോവാനിറങ്ങിയ സുരേന്ദ്രന്റെ മുഖത്ത് കള്ളചിരികണ്ട് വാസു ചായപ്പാത്രം താഴെ വെച്ച് ഇറങ്ങിവന്നു. 
"അതെന്താ സുരേന്ദ്രാ നീയങ്ങനെ പറഞ്ഞെ?"
"അത് രാവിലെ പഠിക്കാന്‍ പോണ രാധീനെ കാണാനല്ലേ, മ്മടെ പുത്തംവീട്ടിലെ സുന്ദരിയേടത്തീന്റെ മോള്!"
"അയ്യേ ആ കുട്ടീനെയോ? അതിയാള്ടെ മോള്‍ടെ പ്രായമല്ലേ ഉണ്ടാവൂ? രാഘവേട്ടോ ... നിങ്ങളത്തരക്കാരനാ ? ഛെ!"
"അല്ലാന്ന് !! അതിങ്ങേരടെ പഴേ ലൈനിന്റെ മോളല്ലേ "
 
തോളിലെ തോര്‍ത്ത്‌ കുടഞ്ഞുകൊണ്ട് രാഘവന്‍ ചാടിയെഴുനേറ്റു. 
"അനാവശ്യം പറഞ്ഞാലുണ്ടല്ലോ... എന്നും കാണുന്ന മുഖാന്നൊന്നും ഞാന്‍ നോക്കില്ല ട്ടോ ഒന്നങ്ങട് തന്നളയും ! ങാ!"
"രാഘവേട്ടാ നിങ്ങളവിടെ ഇരിക്കിന്‍.. ഞങ്ങളൊരു തമാശ പറഞ്ഞതല്ലേ... ദാ ചായ കുടിക്കിന്‍, മധുരമിട്ടിട്ടില്ല "
 
ചായ പതുക്കെ കുടിച്ചുകൊണ്ട് രാഘവന്‍ ഓര്‍മ്മകളിലെന്നപോലെ സ്വയം നഷ്ടപ്പെട്ടിരുന്നു. 
 
"അല്ല രാഘവേട്ടാ... ശരിക്കും സുന്ദരിയേടത്തിക്ക് നിങ്ങളോട് പ്രേമോണ്ടായിരുന്നോ? ന്നാ പിന്നെ നിങ്ങക്കങ്ങട് കെട്ടിക്കൂടായിരുന്നോ ?"
"എത്ര നാള്‍ ലൈന്‍ അടിച്ചു രാഘവേട്ടാ ... ന്നിട്ട് ഒന്നൂണ്ടായില്ല??" സുരേന്ദ്രന്റെ ജിജ്ഞാസ അക്ഷമയോടെ തലനീട്ടി. 
 
"ലൈനോ? അന്നൊക്കെ എന്ത് ലൈനാടാ? പ്രേമോക്കെ ണ്ടായിരുന്നു... ടൈപ്പ് പഠിക്കാന്‍ പോയി വരുമ്പോ ആ വളവിൽ  എത്തീട്ട് തിരിഞ്ഞൊന്നു നോക്കില്ലേ ... അതന്ന്യായിരുന്നു സ്വര്‍ഗം! അല്ലാണ്ട് ഇന്നത്തെ പോലെ ചുറ്റലും സിനിമക്ക് പോക്കും ഒന്നുമില്ലായിരുന്നു "
 
"ഛെ! നശിപ്പിച്ചു! ഇന്ന് അതുമല്ല രാഘവേട്ടാ...  ചാറ്റിങ്ങാ  "
 
 "ശ്ശ്  മിണ്ടാതിരിയെടാ... ന്നാലും നിങ്ങക്ക് ഒളിച്ചോടായിരുന്നില്ലേ രാഘവേട്ടാ ?"
"അതൊക്കെ എന്തിനാപ്പോ പറയണേ ... ഒന്നും നടന്നില്ല...  ഞാന്‍ പോണു ഇല്ലെങ്കില്‍ പിന്നെ ചന്ദ്രീടെ വായിലിരിക്കണതും കേക്കേണ്ടിവരും "
ഓര്‍മ്മകളില്‍ ഇല്ലാതായി പതിയെ നടന്നു നീങ്ങുന്ന രാഘവേട്ടനെ നോക്കി നിന്നപ്പോള്‍ വാസുവിന് കുറ്റബോധം തോന്നി. 
"പാവം വെറുതെ ഓരോന്ന് ചോദിച്ചു വിഷമിപ്പിച്ചു"
"കണ്ണും കണ്ണും നോക്കിയിരുന്ന നേരത്ത് കാര്യോം സാധിച്ചു പോവാനുള്ളതിന് !! ഇപ്പൊ നെടുവീര്‍പ്പിട്ടിട്ടെന്താ കാര്യം!"
"വൃത്തികെട് പറയാതെടാ... അതൊക്കെയാ അന്നത്തെ പ്രണയം !"
 
"ഉം കൊള്ളാം... ഞാനും ഇറങ്ങട്ടെ വാസ്വേട്ടാ... പറ്റെത്രയായി ? ഇന്നലെ കുറച്ചു കാശുതടഞ്ഞിട്ടുണ്ട് "
"ഇരിക്കെടാ... കടേൽ തെരക്ക് വരുന്നേയുള്ളൂ.. പുട്ടെടുക്കട്ടെ കഴിക്കാൻ?"
"ഇല്ല, ഇന്ന് അമ്മേം കൊണ്ട് ഡോക്ടറെ കാണാൻ പോണം... കുറച്ചീസായി ഒരു കൈ വേദനാന്ന് പറയണൂ "
"അയ്യോ..  ന്നാ വെച്ചോണ്ടിരിക്കണ്ടാ .. ഹൃദയത്തിന് കൊഴപ്പോണ്ടെങ്കിൽ കൈ വേദന വരൂത്രേ "
"വെറ്തെ പേടിപ്പിക്കാതെ വാസ്വേട്ടാ... " സുരേന്ദ്രൻ ധൃതിയിൽ ഇറങ്ങിനടന്നു. 
 വഴിയിൽ എതിരെ രാഘവേട്ടന്റെ മകൻ രാഹുൽ പുതുതായി വാങ്ങിയ ബൈക്കിൽ വരുന്നതുകണ്ട് അയാൾ വേലിയ്ക്കരികിലേക്ക് നീങ്ങി.  അവൻ പരിസരം ശ്രദ്ധിക്കാതെ തോളിനും തലക്കുമിടയിൽ ഞെരുങ്ങിയിരുന്ന മൊബൈലിനോട്  താഴ്ന്ന സ്വരത്തിൽ കൊഞ്ചിക്കൊണ്ടിരുന്നു.  
 
"ഈ ആഴ്ച വീട്ടിൽ ആയിരിക്കുമെന്ന് പറഞ്ഞതല്ലേ .. അവിടുന്ന് വിളിക്കാൻ ബുദ്ധിമുട്ടാ ... പ്ലീസ്‌ ഹണീ പിണങ്ങല്ലേ ... ഇന്ന് ലഞ്ച് കഴിഞ്ഞു കട്ട്‌, ഉറപ്പ് !! എവിടെ പോണമെന്ന് നീ തന്നെ തീരുമാനിച്ചാൽ മതി ഓക്കേ ? ലവ്യൂ ഡാർലിംഗ്  ... മ്മ..  ബൈ.."
 
സുരേന്ദ്രനെ കണ്ട ജാള്യത മറക്കാൻ അവൻ വീണ്ടും ഫോണിൽ എന്തോ പരതി .. 
"വണ്ടിയോടിക്കുമ്പോ ഫോണിൽ കളിക്കല്ലെടാ മോനെ.. "
"ഏയ്‌ ഇല്ലേട്ടാ ... പോട്ടെ ക്ലാസിനു ലേറ്റ് ആവും " അവസാനത്തെ വാക്കുകൾ സുരേന്ദ്രൻ  കേൾക്കുന്നതിനു മുൻപേ ബൈക്ക് പൊടി പറത്തിക്കൊണ്ട് മറഞ്ഞു. 
 
അയാൾ ചിരിയോടെ വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ വളവിനപ്പുറത്ത് നിർത്തിയിട്ട ബൈക്കിൽ ചാരിയിരുന്ന് രാഹുൽ വീണ്ടും മൊബൈൽ എടുത്തു. 
"എടാ അവള് വീണു.. ഇന്ന് ഉച്ചക്ക് ... ങാ അവിടെത്തന്നെ.. ഉം ഉം.. ഏറ്റു ! "
-------------------------------
 
(# മറ്റൊരു വനിതാദിനചിന്ത)

Thursday, February 14, 2013

ഒരു കാത്തിരിപ്പിന്റെ മുനമ്പ്


"ചേച്ചീ... ഇന്ന് കാപ്പി കൊടുക്കാന്‍ പോവണ്ടേ?"
ഗൃഹപാഠങ്ങള്‍  എഴുതിത്തീര്‍ക്കുമ്പോഴേക്കും കാര്‍ത്തി പടിക്കലെത്തി വിളി തുടങ്ങും.  വൈകുന്നേരങ്ങളിലെ പാഠം വായനയില്‍ നിന്നുള്ള തല്ക്കാല രക്ഷപ്പെടല്‍ കൂടിയാണ് അവനത്. വീട്ടില്‍ പണ്ട് സ്ഥിരമായി വന്നിരുന്ന് പഠിക്കുകയും കളിക്കുകയും ചെയ്തിരുന്ന അയല്‍പക്കങ്ങളിലെ കുട്ടികളില്‍ ഒരുവനായിരുന്നു എങ്കിലും അവരില്‍ പ്രധാനി താന്‍ തന്നെയെന്ന് കാര്‍ത്തി വിശ്വസിച്ചുപോന്നു.

"ഇതാ ഇതും കൂടെയേ ഉള്ളൂ.. നീ അപ്പോഴേക്കും ആ മലയാളം പുസ്തകമെടുത്ത്‌ ഉറക്കെ വായിച്ചേ.."

കാര്‍ത്തി അക്ഷരങ്ങളുമായി മല്ലയുദ്ധം നടത്തുമ്പോഴേക്കും ഗൃഹപാഠവും മറ്റു പണികളും തീര്‍ത്ത്, അമ്മയോ ചേച്ചിയോ ഒരുക്കിവെച്ച കാപ്പി നിറച്ച തൂക്കുപാത്രം എടുത്തു ഞാന്‍ ഇറങ്ങിരിക്കും.

കഷ്ടിച്ച് മൂന്നു മിനിറ്റ് മാത്രമുള്ള യാത്രയില്‍ അവന്‍ വാചാലനാവും. സ്കൂളിലെ വീരശൂരപരാക്രമങ്ങള്‍, അടുത്തിട കണ്ട വിജയകാന്ത് പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍, കൂട്ടുകാരില്‍ നിന്നും സംഘടിപ്പിച്ച കുഞ്ഞുഫിലിമുകളുടെ പ്രദര്‍ശനം അങ്ങനെ പലതും വിഷയമാവും അഗ്രഹാരത്തിലൂടെയുള്ള ആ ഹ്രസ്വനടത്തത്തിനിടയില്‍.

നാണിക്കുട്ടിയമ്മയുടെ വീടിനു മുന്നിലെത്തുമ്പോള്‍ അവന്‍ മുന്നിലോടി, പടികള്‍ ചാടിക്കയറി വാതിലിന്റെ അഴിയിലൂടെ കൈയിട്ട് തുരുമ്പിച്ച സാക്ഷ നീക്കി, ആഞ്ഞുതള്ളും. ദ്രവിച്ചുതുടങ്ങിയ വാതില്‍ ദയനീയമായി കരഞ്ഞുകൊണ്ട്‌ മലര്‍ക്കെ തുറക്കും.

"മോഹനന്‍ വന്നുവോടാ?"ഉള്ളിലെ ഇരുട്ടിനെ ഭേദിച്ച് ക്ഷീണിച്ച ചോദ്യവും പഴക്കത്തിന്റെ ഗന്ധവും ഞങ്ങളെ വരവേല്‍ക്കും.

അതോടെ കാര്‍ത്തി പതിയെ എന്റെ പിന്നിലേക്ക്‌ നീങ്ങും. ഓരോ തവണയും അവര്‍ കാത്തിരിക്കുന്ന, എന്നോ നാടുവിട്ട മനോരോഗിയായ മകന്‍ അല്ലെന്നറിയിച്ചുകൊണ്ട് അകത്തെ കുഞ്ഞുമുറിയില്‍  പ്രവേശിക്കുമ്പോള്‍ നിലത്തു വിരിച്ച പഴകിയ പായയിലെ തീരെ മെലിഞ്ഞ രൂപത്തിന്റെ മുഖഭാവം എന്തായിരുന്നുവെന്ന് എനിക്കോര്‍മ്മയില്ല. കണ്ണടയ്ക്കുന്നതിനു മുന്പ് ഒരിക്കലെങ്കിലും ഏക മകനെ ഒരുനോക്കു കാണാന്‍ കൊതിച്ച അമ്മയുടെ മനോവിഷമങ്ങള്‍ ആ മുഖത്തുനിന്ന് വായിച്ചെടുക്കാനുള്ള പക്വതയോ പ്രായമോ എനിക്കന്നുണ്ടായിരുന്നില്ലതന്നെ.

മുന്‍പൊരിക്കല്‍ ചേച്ചി കാണിച്ചു തന്നതുപോലെ, ഉള്ളില്‍ കയറിയ ഉടനെ പിന്‍വാതില്‍ തുറന്നു, സായാഹ്നവെളിച്ചത്തെ മുറിയില്‍ കയറ്റും. പിന്നെ, അമ്മയുടെ തല പതിയെ ഉയര്‍ത്തിവെച്ച് നനഞ്ഞ തുണി മുക്കിപ്പിഴിഞ്ഞ്‌  മുഖം തുടച്ച്, മൊന്തയിലെ കാപ്പി ചെറിയ ഗ്ലാസില്‍ ഒഴിച്ച് കുറേശ്ശേയായി വായിലൊഴിച്ചു കൊടുക്കുമ്പോള്‍ കാര്‍ത്തി വാതില്‍ക്കല്‍ വെറുതെ നില്‍ക്കുകയാവും. അല്ലെങ്കില്‍ വരാന്തയില്‍ നിന്നും റോഡിലേക്ക് ചാടുക, വീണ്ടും ഓടിക്കയറുക തുടങ്ങിയ വികൃതികളില്‍ ഏര്‍പ്പെട്ടിരിക്കും. കാപ്പി മതിയാവുമ്പോള്‍ അവര്‍ പതിയെ തലയാട്ടുകയോ മൂളുകയോ ചെയ്യും. അതോടെ ബാക്കി കാപ്പി അവിടുത്തെ പാത്രത്തില്‍ ഒഴിച്ച്, തലേന്നത്തെ പാത്രങ്ങള്‍ ‌ കഴുകിവെച്ച്, അവരുടെ മുഖം തുടച്ച് വൃത്തിയാക്കി, പിന്‍വാതില്‍ അടച്ചു കുറ്റിയിട്ട് പുറത്തിറങ്ങും. അതിനിടയില്‍ കാര്‍ത്തി മൂലക്കിരിക്കുന്ന റാന്തല്‍ കൊളുത്തി കുഞ്ഞുനാളം മാത്രമാക്കി വെച്ചിട്ടുണ്ടാവും.

യാത്രപറഞ്ഞ്‌ വെളിയിലേക്കുള്ള വാതില്‍ ചാരി, പടികള്‍ ഇറങ്ങുമ്പോള്‍ എന്റെ കയ്യിലെ തൂക്കുപാത്രം കാര്‍ത്തി വാങ്ങിപ്പിടിക്കും.. വീടെത്തുന്നതുവരെ രണ്ടുപേരും നിശബ്ദരായിരിക്കും.

വീട്ടിലേക്കു കയറുമ്പോള്‍ അവന്‍ ഒരിക്കല്‍ ചോദിച്ചത് ഞാന്‍ അമ്മയോടും ചോദിച്ചു
"ഈ മോഹനേട്ടന്‍ എവിടെ പോയതാ?"

മോഹനേട്ടന്‍ ജോലിയൊന്നുമില്ലാതെ വെറുതെ നടന്നിരുന്നു എന്ന് മാത്രമേ എനിക്കറിയാവൂ.. പണ്ട് അച്ഛന്‍ ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ വന്നിരുന്ന്  "സംഗീതമേ... നിന്‍ പൂഞ്ചിറകില്‍" എന്ന പാട്ട് നീട്ടിപ്പാടിയിരുന്നു എന്നത് തികച്ചും അവ്യക്തമായ ഓര്‍മ്മയാണ്. അന്നൊക്കെ അയാള്‍ സ്ഥിരബുദ്ധിയുള്ള ചെറുപ്പക്കാരനായിരുന്നു. നാണിക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകയും. ചേച്ചിമാര്‍ സിനിമക്കോ കുറച്ചകലെയുള്ള അമ്പലങ്ങളിലോ പോവാന്‍ കൂട്ടുപിടിച്ചിരുന്നത് അവരെ ആയിരുന്നു. വെളുത്തു മെലിഞ്ഞ വൃദ്ധയുടെ  വയറ്റില്‍ ഇക്കിളിയിട്ട് ഉഴുന്നുമാവെന്ന് കളിയാക്കുമ്പോള്‍ "വെര്‍തെയിരിക്കു കുട്ടീ" എന്ന് വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ചിരിക്കുന്ന മുഖമാണ്, ഇരുളില്‍ കണ്ട അസ്ഥിപഞ്ജരത്തെക്കാള്‍ ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്.

മോഹനേട്ടന്‍ ഇടയ്ക്കിടെ മനസ് നഷ്ടപ്പെടുത്തി എവിടെയൊക്കെയൊ അലഞ്ഞുതിരിയും. അപ്പോഴൊക്കെ ആശുപത്രികളിലും അമ്പലങ്ങളിലും മന്ത്രവാദപ്പുരയിലും  അയാളെയും കൊണ്ട് ആ അമ്മ നടക്കും. എന്നോ ഒരിക്കല്‍ മനസ് പൂര്‍ണ്ണമായും തിരികെ നേടാമെന്ന ആഗ്രഹവുമായി ചോറ്റാനിക്കരയില്‍ പോയെങ്കിലും മടങ്ങിയത് അമ്മ മാത്രമായിരുന്നു. മകനെ ഭഗവതി കാക്കുമെന്ന് വിശ്വസിച്ച് അവര്‍ ജീവിച്ചു. ഒരിക്കല്‍ ശബരിമലക്ക് പോയ നാട്ടുകാരിലാരോ തൃപ്പൂണിത്തുറ അമ്പലത്തില്‍ മോഹനനെ കണ്ടുവെന്ന് അറിയിച്ചപ്പോള്‍ അവിടെയും മകനെ തേടിയെത്തി ആയമ്മ. മകനുള്ള പുത്തന്‍ കുപ്പായവും മുണ്ടുമായി ഉത്സവത്തിരക്കില്‍ കാത്തിരുന്ന അവരുടെ മുന്നിലൂടെ കടന്നുപോയവരില്‍ ഒരാളുടെ മുതുകിലെ വലിയ മറുക് അമ്മക്ക് മകനെ കാട്ടിക്കൊടുത്തു. പിടിച്ചുനിര്‍ത്തിയ അമ്മയെ തള്ളിമാറ്റി, കൂടെ വരാന്‍ വിസമ്മതിച്ച് അയാള്‍ തിരക്കില്‍ അപ്രത്യക്ഷനായപ്പോള്‍ അവര്‍ വീണ്ടും തനിച്ചായി.

ആരുടെയൊക്കെയോ ഔദാര്യമോ സ്നേഹമോ കൊണ്ട് നിലനിര്‍ത്തപ്പെട്ട ജീവന്‍ കുറെനാള്‍ കൂടി അങ്ങനെ തന്നെ തുടരാന്‍ കാരണമായത് ആ  കാത്തിരുപ്പ് മാത്രമായിരുന്നിരിക്കണം. കളഞ്ഞുപോയ ഓര്‍മ്മകള്‍ വീണ്ടെടുത്ത്‌, ചിതലരിച്ച വാതില്‍ തള്ളിത്തുറന്ന് എന്നെങ്കിലുമൊരിക്കല്‍ അയാള്‍ വരുമെന്ന വിശ്വാസം.