About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

കോണ്ടാക്ട് ലിസ്റ്റ്

ഓരോന്നും 

ഒരു പുഞ്ചിരിമുഖവും 

കുറെയേറെ ചിത്രങ്ങളും 

കൊണ്ടിരമ്പിവരുന്നു


എന്നെന്നും തേടിയെത്തുന്ന 

സ്നേഹാന്വേഷണങ്ങൾ

പ്രഭാതവന്ദനങ്ങൾ 

ശുഭനിദ്രാശംസകൾ 


പാൽ കുടിച്ചുതീർത്തോടുന്ന 

കുഞ്ഞിക്കാലുകളെ 

കാത്തുനിൽക്കുന്ന 

ഡ്രൈവറങ്കിൾ 


ഒരു വിളിയിൽ

ആലപ്പുഴമീങ്കറി 

വീട്ടിലെത്തിക്കുന്ന 

കടുക്കനിട്ട ഫ്രീക്കൻ


ബിരിയാണിയും 

പനീർ ബട്ടർ മസാലയും 

വന്ന അലുമിനിയം ഫോയിലുകൾ 


ഒരു കയ്യിൽ ചൂലും, 

മറുകയ്യിൽ ആംഗ്യവും കൊണ്ട് 

'ബാഗുന്നാരാ'യും 

'ചാല ബാഗുന്തി'യും പഠിപ്പിച്ചവൾ


ബ്ലൗസിനുള്ളിൽ നിന്നും 

വിങ്ങുന്ന വിളികളെ 

വലിച്ചെടുത്ത്‌ 

ബാൽക്കണിച്ചുവർ ചാരിയിരുന്ന് 

ആരോടൊക്കെയോ 

കന്നടത്തിൽ വഴക്കിട്ട്‌ 

മൂക്കുപിഴിഞ്ഞവൾ


ഒരു ദിവസം കൊണ്ട്‌ 

ചുരിദാർ തുന്നിത്തരുന്ന 

ഒറ്റമുറിവീട്ടിലെ 

മൂസയുടെ മുറ്റത്തെ 

കോഴിയും കുഞ്ഞുങ്ങളും


എപ്പോൾ വിളിച്ചാലും 

ഉടനെത്തുമെന്ന് 

വാക്കുതരുന്ന 

സുന്ദരിയോട്ടോ 


പിന്നെയും തോരാത്ത 

പരിഭവപ്പെയ്ത്തുകൾ

ചിരിയരങ്ങുകൾ 


ഇനിയുമുണ്ട്‌, 

ഒരുവിളിക്കും 

കാത്തുനിൽക്കാതെ 

പേരും നമ്പരും മാത്രം 

ബാക്കിയാക്കി 

സിഗ്നലില്ലാകൊമ്പിലേക്ക് 

പറന്നുയർന്നവർ 

ആരെയും കളയാൻ വയ്യ!


ഇരിക്കട്ടെ എല്ലാം...

എവിടെയൊക്കെയോ 

ഞാനുണ്ടായിരുന്നെന്ന 

അടയാളപ്പെടുത്തലുകൾ 

-------------------------------------------------------

#ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് 

നമ്മൾ ഒരുമിക്കാതിരുന്നെങ്കിലോ?

 നമ്മൾ ഒരുമിക്കാതിരുന്നെങ്കിലോ?


പിന്നെയും കുറെക്കാലംകൂടി

കോടമ്പാക്കം പാലത്തിലൂടെ

റെയിൽപാളത്തിനരികിലെ

ചെറ്റക്കുടിലുകളുടെ മുന്നിലൂടെ

മൗണ്ട്‌ റോഡിലെ സബ്‌വേയിലൂടെ

ബെസന്ത്നഗർ ബീച്ചിലൂടെ

ലോകത്തിൽ നിന്നൊളിച്ച്‌

ഒറ്റക്ക്‌ നടന്നേനെ


മോണിറ്ററിൽ തെളിയുന്ന

ഡിസൈനുകളിൽ

ഒരിക്കലും തൃപ്തയാവാതെ

മായ്ച്ചും വരച്ചും 

സ്വയം കലഹിച്ചും

ചുവന്ന മൂക്ക്‌ അമർത്തിത്തുടച്ചും

ആർക്കും മുഖം കൊടുക്കാതെ

കർമ്മനിരതയാണെന്ന്

അഭിനയിച്ചേനെ


ടെലിഫോൺ മണിനാദത്തിനു

കാതോർക്കാതെ

മെയിൽബോക്സ്‌ 

തുറക്കാൻ മെനക്കെടാതെ

തമാശക്കൂടലുകളിൽപ്പെടാതെ

ജനാലകളില്ലാത്ത മുറിയിൽ

ഇരുട്ടിലും തെളിയുന്ന 

മുഖം മായ്ക്കാൻ മെനക്കെടാതെ

കണ്ണിറുക്കെ മൂടിക്കിടന്നേനെ


ഒടുവിലൊരു 

നഷ്ടപ്രണയകവിത

കാര്യമില്ലാതെ 

കുത്തിക്കുറിച്ച്‌

മുടിയഴിച്ച്‌ ഭ്രാന്തിയെപ്പോലെ

ശബ്ദമില്ലാതെ 

നിലവിളിച്ച്‌

എല്ലാ അക്ഷരങ്ങളെയും

വലിച്ചുകീറി 

കാറ്റിൽ പറത്തിയേനെ


പിന്നെ, ആർക്കോവേണ്ടി

ഏതേതോ നാടുകളിലെ

ആൾക്കൂട്ടങ്ങളിൽപ്പെട്ട്‌

ആരോടും പരാതിയില്ലാതെ

ഒഴുകിപ്പോയേനെ,

ഞാൻ മാത്രമായി..

രാത്രി കിടക്കുമ്പോഴാണ്

രാത്രി കിടക്കുമ്പോഴാണ്  

മുന്നിൽ ആശയവും 

പരിവാരങ്ങളെ പോലെ 

വാക്കുകളും 

ജാഥയായി 

വളവുതിരിഞ്ഞു വരുന്നത് 


ഹോണടിക്കാതെ 

ഹെഡ്‍ലൈറ്റുമിടാതെ വരുന്ന 

സ്വപ്നലോറി കയറി 

ചതഞ്ഞരഞ്ഞുപോവുമെന്ന  

അനുഭവമുള്ളതുകൊണ്ട്   

നേതാവിനെയും 

കണ്ണിൽ പെടുന്ന 

അനുയായികളെയെങ്കിലും 

ആവർത്തിച്ചു 

പേരുവിളിച്ചു 

രക്ഷിക്കാൻ ശ്രമിക്കും. 


രാവിലെ ബ്രഷിൽ 

പേസ്റ്റ് തേക്കുമ്പോഴാവും 

റോഡരികിൽ 

കൂനിയിരിക്കുന്ന 

നേതാവിനെ കാണുന്നത്  

ചുറ്റും തപ്പിയാൽ കാണാം  

പുല്ലിലോ കല്ലിലോ 

ചില്ലറ മുറിവുമായി 

സങ്കടപ്പെട്ട് കുത്തിയിരിക്കുന്നവരെ.


പ്രഭാതകൃത്യങ്ങൾക്കിടെ 

അവർക്കുള്ള കൂട്ടുതേടിപ്പോവും 

ഒരുമിച്ചുനിൽക്കാൻ 

കഴിവുള്ളവരെ വേണമല്ലോ 


അടുക്കളയിൽ 

പാത്രക്കിലുക്കത്തിനിടയിലാവും 

ഞാൻ കൂടെ നിന്നോളാമെന്ന് 

ചിലരൊക്കെ ഓടിയെത്തുന്നത്.


ചായ തിളക്കുന്ന നേരം കൊണ്ട് 

മുന്നിലും വശങ്ങളിലുമായി 

ഒരുതരത്തിൽ 

അണിനിരത്തിവരുമ്പോഴാവും 

നേതാവിന്റെ ബന്ധുക്കളായി

ചിലരെത്തുക 


ഭക്ഷണം പൊതിയലും 

യാത്രാമംഗളങ്ങളും 

തുണിയലക്കലുമൊന്നും 

പലർക്കും ഇഷ്ടപ്പെടാറില്ല.


തിരക്ക് കൂട്ടുന്നതുകാണുമ്പോൾ 

എന്നാലിനി 

പ്രകടനമാവാമെന്നുകരുതി 

കീബോർഡിലെത്തുമ്പോഴേക്കും 

ഞാനറിയാതെ 

അവർക്കിടയിൽ 

കലഹം മൂത്തിരിക്കും 

ചിലർ പിണങ്ങിപോകും 

വിരൽതുമ്പിലെത്തിയവർ പോലും 

ഡിലീറ്റിലും ബാക്‌സ്‌പേസിലും 

ചാടിക്കളിക്കും 


ബഹളമൊന്നൊതുങ്ങുമ്പോൾ 

കീറിയ ജൂബയും  

ചപ്രത്തലമുടിയുമായി 

ആശയം തറയിൽ 

കുനിഞ്ഞിരിക്കുന്നതു കാണാം  


അടുത്തുചെന്നാൽ 

വല്ലാത്തൊരു നോട്ടമയച്ച് 

നീയാണെല്ലാത്തിനും കാരണം 

എന്ന് പറയാതെ പറയും.


സമാധാനചർച്ചക്കുപോലും  

മുഖം തരാതെ 

അവരവരുടെ വഴിക്ക് പോവും!


ഈയിടെയായി 

സ്ഥിരം പരിപാടിയാന്നേ…

എന്നാ പറയാനാ!

ജനാലക്കപ്പുറം


എല്ലാവരെയും യാത്രയാക്കി തുടങ്ങുന്ന അടുക്കളയുദ്ധത്തിൽ പാത്രങ്ങളുടെ കലപിലയ്ക്കിടയിലാണ് ജനാലക്കപ്പുറത്തെ റോഡിനെതിർവശത്തെ പുൽത്തകിടിയും ഒത്തനടുവിലെ ഒറ്റവീടും എന്റെ പകലുകളിലേക്ക് കയറിവരുന്നത്. ഒപ്പം പഞ്ഞിക്കെട്ടുപോലത്തെ നീണ്ട താടിയും വലിയ വയറുമുള്ള ആ മനുഷ്യനും.
ഉണരുമ്പോഴോ ഉറങ്ങാൻ കിടക്കുമ്പോഴോ അയാളെന്റെ ചിന്തയിൽ വരാറില്ല.
രാവിലത്തെ തിരക്കുകളിൽ ഒരിക്കൽപോലും ഓർത്തിട്ടുമില്ല.
നരച്ച നീല ജീൻസും കറുത്തതോ ബ്രൗണോ കുപ്പായവും മാത്രമാണ് എന്റെ ദൂരക്കാഴ്ചയിൽ തെളിയാറ്. ഒന്നുകിൽ പുല്ലുചെത്തി നീക്കിക്കൊണ്ട് ആ വീടിനുചുറ്റും നടക്കുന്നതാവും. ചിലപ്പോൾ ആ പുൽമേടിന്റെ ഒത്തനടുക്ക് നിൽക്കുന്ന മേപ്പിൾ പൊഴിക്കുന്ന ഓരോ ഇലയും സസൂക്ഷ്മം തൂത്തുവാരി കളയുന്നതാവും. മഞ്ഞുവീണൊഴിഞ്ഞ ദിവസങ്ങളിൽ നടപ്പാതയിൽ ഒട്ടിപ്പിടിച്ച അഴുകിയ ഇലകളും മറ്റും ശ്രദ്ധാപൂർവം എടുത്തുമാറ്റുന്നത് കാണാം.
വെയിലോ മഴയോ മഞ്ഞോ കാറ്റോ നോക്കാതെ കർമ്മനിരതനായ അയാൾ ആ വീടിന്റെ കാര്യസ്ഥനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ചപ്പുചവറുകൾ ചാക്കിൽ എടുത്തുകൊണ്ട് നടക്കുമ്പോൾ അയാളെനിക്ക് സാന്റായാവും. അടുത്ത ക്രിസ്മസിന് എനിക്കുള്ള സമ്മാനവുമായെത്തുന്നത്‌ അയാളാണെന്ന് സ്വപ്നം കാണും.
ഒരിക്കലും അയാളെന്നെ കണ്ടിട്ടുണ്ടാവില്ല. എന്റെ ജനാല ഒരിക്കലും അയാൾ ശ്രദ്ധിക്കാനിടയില്ല. എങ്കിലും ഈ വസന്തകാലത്ത് അയാൾക്കും എനിക്കുമിടയിലെ ചെറിമരം പൂത്തുലഞ്ഞപ്പോൾ ഒരിക്കലെങ്കിലും അയാൾ അതിലേക്ക് നോക്കുമെന്ന് ഞാനോർത്തിരുന്നു. ഒരു പക്ഷെ ആ വൃദ്ധനേത്രങ്ങൾക്ക് അതൊരു കാഴ്ചയേ ആയിരിക്കില്ല.
അയാൾക്കും എനിക്കുമിടയിലെ തിരക്കേറിയ വീഥിയിൽ ചീറിപ്പായുന്ന ഒന്നിനെയും അയാൾ അറിയാറില്ല. എവിടെയോ നടന്നിരിക്കാവുന്ന അഗ്നിബാധയെയോ അപകടത്തെയോ അറിയിച്ചുവരാറുള്ള ശബ്ദങ്ങളിൽ പോലും അയാൾ ആകുലപ്പെടുന്നത് കണ്ടില്ല.
അയാളെപ്പറ്റി ഞാൻ മെനഞ്ഞ കഥയിൽ ആ വീട് മാത്രമാണ് അയാളുടെ ഉലകം. അവിടം ഏറ്റവും സുന്ദരമായി സൂക്ഷിക്കുക മാത്രമാണ് അയാളുടെ ജന്മലക്ഷ്യം. ഇടക്ക് എന്നോ ഒരിക്കൽ അവിടേക്ക് സൈക്കിളിൽ വന്ന പയ്യനെ ഞാൻ അയാളുടെ ഏക ബന്ധുവായ പേരക്കിടാവാക്കി. അവൻ പണമാവശ്യപ്പെട്ട് വഴക്കിടുകയാണെന്ന് ഉറപ്പിച്ചു. പിണങ്ങിപ്പോയ കുട്ടി പിന്നീട് എന്റെ മുന്നിൽ വന്നതേയില്ല.
ഇനിയൊന്നും കൂടി പറയട്ടെ, അയാളുടെ മുഖം ഇതുവരെ ഞാൻ കണ്ടിട്ടേയില്ല!
- സൂനജ

Music

 ജീവിതത്തിലുടനീളം പല പാട്ടുകളും സ്വാധീനിച്ചു കടന്നുപോയിട്ടുണ്ട്. കുഞ്ഞുന്നാൾ മുതൽ എന്നും കേട്ടുണർന്നിരുന്ന ഭക്തിഗാനങ്ങൾ മനസ്സിൽ ഭക്തി മാത്രമല്ല, സമാധാനവും ആത്മവിശ്വാസവും തന്നിട്ടുണ്ട്. ദൈവത്തിനും എനിക്കുമിടയിൽ ഒരു ഇടനിലക്കാരനും ഇല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കാൻ അതിന് കഴിഞ്ഞിട്ടുമുണ്ട്.

എത്രയൊക്കെ ഭാവസാന്ദ്രമായ ഗാനങ്ങൾ കേട്ടാലും ചില പ്രത്യേക രാഗങ്ങളിലെ കീർത്തനങ്ങൾ കേൾക്കുമ്പോൾ ഞാനറിയാതെ മറ്റേതോ അലൗകികമായ ലോകത്തേക്ക് പോകുന്നത് അനുഭവിച്ചറിഞ്ഞതിനുശേഷമാണ് ദാസേട്ടൻ മാത്രമല്ല, ബാലമുരളികൃഷ്ണയും എം എസ് സുബ്ബലക്ഷ്മിയും ടി എം കൃഷ്ണയും ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയുമൊക്കെ അടുത്തെത്തിയത്.
ഇരുപതോളം മിനിറ്റ് വരുന്ന ബലമുരളീകൃഷ്ണയുടെ വാതാപി കേട്ടിരുന്നപ്പോൾ സംഗീതമെന്ന സാഗരത്തെക്കുറിച്ച് മഹാന്മാർ പറയുന്നത് വെറുതെയല്ലെന്ന് തോന്നിപ്പോയി. ഒരേ രാഗം തന്നെ എത്ര മണിക്കൂർ വേണമെങ്കിലും പാടാം എന്നൊക്കെ പഠിക്കുകയായിരുന്നു.
ഏറെ ആവേശത്തോടെ പഠിച്ചുതുടങ്ങിയ പഞ്ചരത്നകീർത്തനങ്ങൾ മുഴുമിപ്പിക്കാതെ പാട്ടുമാമി പോയി. ആ അനശ്വരസ്വരം ഇന്നും കാതിലുണ്ട്. "ഉൻ കുരലിൽ ഭക്തി ഇരുക്ക് കുഴന്തേ" എന്ന അനുഗ്രഹവും.
സുഖമില്ലായ്മകളിൽ ബോംബെ ജയശ്രീയുടെ കീർത്തനങ്ങൾ തേൻ പുരട്ടി. ദ്വിജാവന്തിയിൽ "എങ്കു നാൻ സെൽവേൻ അയ്യാ നീർ തള്ളിനാൽ" എന്ന് കേട്ട് കണ്ണുനിറച്ചു കിടന്നതെത്രയോ പകലുകൾ!
മഴ തോരാതെ പെയ്യുന്ന ചാരനിറമുള്ള ഇരുണ്ട പകലുകളിൽ ജനാലക്കപ്പുറത്തേക്ക് നോക്കാൻ വയ്യാതെ അടുക്കളയിലെയും ഹാളിലെയും എല്ലാ ലൈറ്റുകളും തെളിച്ച്, ബോംബെ ജയശ്രീയെ കൊണ്ട് ഭാഗേശ്രീയിൽ "കണ്ടേൻ സീതയെ" പാടിച്ചാൽ സീതയെ കണ്ടെത്തിയ ഹനുമാന്റെ സന്തോഷപ്രകാശം എന്നിലും പടരും.
ഏത് തപസ് ചെയ്താണ് നിനക്ക് ഭഗവാനെ താലോലിക്കാനുള്ള വരം കിട്ടിയതെന്ന് യശോദയോട് ചോദിക്കുന്നത് കാപിരാഗത്തിലാണ്. അതേ രാഗത്തിലാണ് ഭാരതിയുടെ ചിന്നഞ്ചിരുകിളിയെ കൊഞ്ചുന്നതും. മനുഷ്യന്റെ ഓരോ വികാരങ്ങളെയും ഉത്തേജിപ്പിക്കുന്ന രാഗങ്ങൾ ഉണ്ടാക്കിയവരെ നമിക്കാതെ വയ്യ.
കീർത്തനങ്ങൾ മിക്കതും ദൈവത്തോട് ഭക്തന്റെ പറയലുകളാണ്. അതിൽ അപേക്ഷയുണ്ടാവും, സങ്കടം പറച്ചിലുണ്ടാവും, പങ്കുവെക്കലുണ്ടാവും, വേവലാതികളും കാണും. കണ്ണടച്ച് കേട്ടുകേട്ടിരിക്കുമ്പോൾ ഏതോ ഒരു പ്രത്യേകസമയത്ത് ലോകത്ത് ഞാൻ മാത്രമാവും. മുന്നിൽ എല്ലാം കേൾക്കുന്നയാൾ ഉണ്ടെന്നതുപോലും തോന്നലാവും. അതൊരു പ്രത്യേകാനുഭൂതിയാണ്.
അങ്ങനെയങ്ങനെ ദൈവത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ല എന്ന ചിന്തയിലെത്തി. എന്നെ പൂർണമായും അറിയുന്ന ഒരു ശക്തിയാണത്. എല്ലാം അറിയുന്നതും. വേണ്ടത് തരും. വേണ്ടാത്തത് മോഹിക്കേണ്ടതില്ല, കാര്യവുമില്ല എന്ന അറിവ്.
അങ്ങനെയിരിക്കെയാണ് "ഇറക്കം വരാമൽ പോനതെന്ന കാരണം? " എന്ന് ബെഹാഗ് രാഗത്തിൽ കേട്ടത്. എന്നോടുമാത്രമെന്താണ് ഭഗവാന് ഒരു പരിഗണനയും ഇല്ലാത്തത് എന്ന പരിഭവം. ഗോപാലകൃഷ്ണഭാരതിയുടെ കീർത്തനമാണ്. കേട്ടുകേട്ടങ്ങിരിക്കെ ചരണത്തിൽ ശരിക്കും കൗതുകം തോന്നി., "പഴി എത്തനൈ നാൻ സെയ്യണം പാലിത്തിടും ശിവ ചിദംബരം" എന്ന്! ഇനി ഞാൻ എന്തെങ്കിലും പഴി ചെയ്യേണ്ടതുണ്ടോ അങ്ങെന്നെ പരിഗണിക്കാൻ എന്ന്. വിചിത്രം തന്നെ!
എന്നാൽ ഇതിനേക്കാളൊക്കെ എനിക്കേറെ പ്രിയം "കുറയ് ഒന്ട്രുമില്ലൈ മറയ് മൂർത്തി കണ്ണാ.. " എന്ന് എം എസ് പാടിയതുതന്നെ,
എനിക്കൊരു കുറവുമില്ല കണ്ണാ നീയുണ്ടല്ലോ എന്റെ കൂടെ എന്ന്. ഭക്തിയുടെ മറ്റൊരു രൂപം. കുറവുകളില്ല, പരിഭവമില്ല, പരാതിയില്ല, ആവശ്യങ്ങളില്ല, ഉള്ളതുകൊണ്ട് പരമതൃപ്തി. എത്രപേർക്ക് അങ്ങനെ ചിന്തിക്കാനാകും?
സംഗീതത്തെ ഉപാസിക്കുന്നിടത്ത് ദൈവത്തെ പ്രത്യേകമായി പൂജിക്കേണ്ടതുപോലുമില്ല എന്ന് ഈയിടെ ബാലഭാസ്കർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വിശ്വസിക്കാൻ കഴിയുന്നതുകൊണ്ടാവാം ഇന്ന് ദൈവത്തിന്റെ പേരിലുള്ള മത്സരങ്ങൾ കാണുമ്പോൾ ഉള്ളിൽ ഊറിച്ചിരിച്ചു നിൽക്കാനാവുന്നത്.
ഇനിയുമെത്രയോ കേൾക്കാനിരിക്കുന്നു. ഇതിലും മധുരതരമായവ!
NB: all these songs are available in YouTube

കനൽപൂക്കൾ

 "നീ പോണുണ്ടോ തീക്കുഴിച്ചാട്ടം കാണാൻ?"

"തീക്കുഴി അല്ല, പൂക്കുഴി, അങ്ങനെയാ പറയാ.."
രാത്രിയിലുള്ള മേളവും കരകാട്ടവും കഴിഞ്ഞ് തോളോട് തോൾ ചേർന്ന് കൈകോർത്തുപിടിച്ച് ഇരുവശവും വർണ്ണവിളക്കുമാലകളും ഇടയ്ക്കിടെ സ്ഥാപിക്കപ്പെട്ട ട്യൂബ് ലൈറ്റ് തൂണുകളുമുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുകയാവും ഞങ്ങളപ്പോൾ.
മാരിയമ്മൻ കോവിലിലെ പൊങ്കൽ എന്നാൽ അവിടെ ഉത്സവമാണ്. രണ്ടുമൂന്ന് ദിവസം മുൻപുതന്നെ വഴിനീളെ വിളക്കുകാലുകൾ ഉയരും. വഴിവാണിഭക്കാർ ഓരോ വിളക്കുകാലിനും കാവലാകും. ശീർകാഴി ഗോവിന്ദരാജനും എൽ ആർ ഈശ്വരിയും വാണിയമ്മയും ദിനരാത്രവ്യത്യാസമില്ലാതെ നിരന്തരം പാടിക്കൊണ്ടിരിക്കും. താലത്തിൽ പച്ചമാവും വിളക്കുമേന്തി പട്ടുടുത്ത സുന്ദരിമാർ ഊർവലം വരും. ഒപ്പം കൊട്ടും കരകാട്ടക്കളിയുമുണ്ടാവും. തലയിൽ കുംഭം വെച്ച് തിളങ്ങുന്ന വസ്ത്രമണിഞ്ഞ് ആണും പെണ്ണും തകിലുകൊട്ടലിന്റെ താളത്തിലാടും.
ഭയപ്പെടുത്തുന്ന കാഴ്ച്ച പൂജാസമയത്തെ വെളിച്ചപ്പാടിന്റെ തലവെട്ടലാണ്. ഭഗവതി സന്നിവേശിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ കയ്യിലെ വാൾ ആഞ്ഞുവീശി സ്വന്തം നെറുകെയിൽ വെട്ടും, ചോര പൊടിയുന്ന തലയിൽ ഇടംകൈ കൊണ്ട് അല്പം ഭസ്മം പൂശും. സാധാരണ കുട്ടികൾ കാണാൻ നിൽക്കാറില്ല.
രാത്രിയാണ് പൂക്കുഴിയിൽ തീ കൂട്ടുന്നത്. നീളത്തിൽ കുഴിവെട്ടി അതിൽ വിറകിട്ട് കത്തിക്കുമ്പോൾ അമ്മൻകോവിലിനു കുട പിടിച്ചു നിൽക്കുന്ന അരയാലിന്റെ ഇലകൾ ജ്വാലാമുഖികളാവും . പൂജയും ശബ്ദഘോഷങ്ങളെല്ലാം അവസാനിച്ചാലും തീമെത്ത കെടാതിരിക്കാൻ ഇരുവശവും നിന്ന് വീശുമ്പോൾ കനലുകൾ ചുവന്ന പൂക്കളായി വിടരും. ചാരത്തരികൾ അന്തരീക്ഷത്തിൽ പാറും.
അടുത്തനാൾ വെളുപ്പിനെയാണ് അസുരവാദ്യവുമായി അവരെത്തുക. പുഴയിൽ മുങ്ങി ഈറനുടുത്ത് വാളും ചിലമ്പുമായി മുന്നിൽ നടക്കുന്ന വെളിച്ചപ്പാടിന്റെ പിന്നാലെ ദൈവനാമം ഉറക്കെ ഉച്ചരിച്ച് ഒരുപറ്റം വ്രതശുദ്ധരായ ഭക്തർ തുള്ളിക്കൊണ്ട് വരും. കനൽ പൂത്തുനിൽക്കുന്ന മെത്തയ്ക്കിരുവശവും നിന്ന് വീശിവീശി ജ്വലിപ്പിക്കുന്നവരുടെ ഉറച്ച പേശികളിൽ നിന്നും വിയർപ്പ് തെറിക്കും. കൊട്ട് മുറുകുമ്പോൾ അതിലും ഉച്ചത്തിലാവുന്ന ഗോവിന്ദനാമം കേട്ട് അരയാലിലകളെ പോലെ ഓരോ മനസും വിറകൊള്ളും. കളങ്കമുള്ളവർക്കുമാത്രമേ കാൽ പൊള്ളുകയുള്ളൂ എന്നതിനാൽ അവിടെയുള്ള ഓരോ മനവും പ്രാര്ഥനാമുഖരിതമാവും. അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് ആദ്യം കാലെടുത്തുവെക്കുമ്പോൾ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടും. പിന്നെ പതുക്കെ തുറന്ന്, ഉറച്ച കാൽ വെപ്പുകളോടെ പൂമെത്തയിൽ ചവിട്ടി നീങ്ങുന്നത് കണ്ട് അതഭുതം കൂറും. വെളിച്ചപ്പാടിനുപിന്നാലെയായി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓടിയിറങ്ങി നടന്നുകയറും.
വിഭൂതി മണക്കുന്ന വഴിയിലൂടെ തിരികെ നടക്കുമ്പോൾ മനസ്‌ കനൽപൂക്കൾ പോലെ ദീപ്തമായിരിക്കും!
സൂനജ

അമ്മ

 രണ്ടാം ക്ലാസ്സിലായിരുന്നു ആദ്യമായി പാടാൻ വേണ്ടി സ്റ്റേജിൽ കയറിയത്. അതേ വിദ്യാലയത്തിൽ അഞ്ചിൽ പഠിക്കുന്ന ചേച്ചി ധൈര്യം പകർന്ന് സ്റ്റേജിന്റെ വശത്ത് നിൽപ്പുണ്ട്. മൈക്കിന് മുന്നിലെത്തി തല ഉയർത്തിനോക്കി, ചിരിക്കുന്ന കൂട്ടുകാരെയും അക്ഷമയോടെ കാത്തിരിക്കുന്ന ടീച്ചർമാരെയും ഒന്നും കണ്ടില്ല. "മൂകാംബികേ.. " എന്ന് പാടിത്തുടങ്ങി, ബാക്കി വരികൾ ഒന്നും വരുന്നില്ല. കണ്ണുതള്ളി വശത്തേക്ക് നോക്കി, "മച്ചേച്ചീ....." എന്ന് വിളിക്കലും ഓടി ചേച്ചിടെ അടുത്തെത്തലും സെക്കന്റുകൾക്കുള്ളിൽ നടന്നു. അതിനുശേഷം ഒരിക്കലും കയറില്ല എന്നായിരുന്നു അന്ന് കരുതിയത്.

അടുത്ത വർഷമായപ്പോഴേക്കും മോശമല്ലാതെ പാടുന്ന കുടുംബത്തിൽ നിന്നായതുകൊണ്ടും ചേച്ചിമാരുടെ സാക്ഷ്യപ്പെടുത്തൽ കൊണ്ടുമാവണം ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനമത്സരത്തിന് എന്റെ പേര് കൊടുക്കാൻ ടീച്ചർമാർ തീരുമാനിച്ചത്. അപ്പോഴേക്കും ആകാശവാണിയിലെ ലളിതസംഗീതപാഠത്തിൽ നിന്നും ഒരു സുന്ദരൻ ആനന്ദഭൈരവി ഞാൻ പഠിച്ചിരുന്നു, അഥവാ ചേച്ചിമാർ കുത്തിയിരുത്തി പഠിപ്പിച്ചിരുന്നു.
"ആലിലകൾ കൈകൊട്ടിപ്പാടിയിന്നും.. ആനന്ദഭൈരവി രാഗത്തിൽ " എന്നുതുടങ്ങുന്ന ഗാനം. അങ്ങനെ ഞാൻ ആദ്യമായി മത്സരിച്ചു. സ്റ്റേജിൽ നിന്നും എന്നെ എടുത്തിറക്കിയത് ഒൻപതിൽ പഠിക്കുന്ന എന്റെ ചേച്ചിയാണ്. അമ്മക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസത്തെ ലോസ് ഓഫ് പേ പോലും അന്ന് അമ്മക്ക് താങ്ങുന്നതായിരുന്നില്ല. അച്ഛനോ അമ്മയോ ലാളിച്ചും അഭിനന്ദിച്ചും ചേർത്തുനിർത്തിയിരുന്ന മറ്റുകുട്ടികളെ കണ്ടപ്പോഴുള്ള വിഷമം മാറിയത് "സൂനജക്കാണ് ഒന്നാം സമ്മാനം" എന്ന് പറഞ്ഞോടിവന്നു കെട്ടിപ്പിടിച്ച പാട്ടുടീച്ചറുടെ ഷിഫോൺ സാരിയുടെ ഫോറിൻ പെർഫ്യൂം മണമടിച്ചപ്പോഴാണ്.
അന്നുമുതൽ കുറെ വർഷം ഇതേ പോലെ മത്സരങ്ങൾ ഉണ്ടാവുകയും അന്നൊക്കെ ഞാൻ ചേച്ചിയുടെയും ടീച്ചര്മാരുടെയും അകമ്പടിയോടെ പോയി സമ്മാനം വാങ്ങുകയും ചെയ്തുവന്നു.(ചുമ്മാ തള്ളിയതല്ല സത്യാട്ടോ 😁)
എന്നാൽ ആ സുവർണകാലം ഏഴാം ക്ലാസുവരെയെ ഉണ്ടായുള്ളൂ. ആ കൊല്ലത്തെ ഉപജില്ലാകലോത്സവം നടന്നത് ഒരു മലയോരഗ്രാമത്തിലെ സ്‌കൂളിലായിരുന്നു. മലമുകളിലെ വിദ്യാലയം. ചുറ്റും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങൾ. ചെമ്മണ്ണ് പാതകൾ. എല്ലാം ആസ്വാദ്യമായിരുന്നുവെങ്കിലും എന്റെ തൊണ്ട നല്ല പണി തന്നു. തലേ ദിവസം ജലദോഷവും അതിഗംഗീരമായ തൊണ്ടയടപ്പും! വിചാരിച്ചപോലെ തൊണ്ട കയ്യിൽ നിൽക്കുന്നില്ല. ഹൈ പിച്ച് പാടുമ്പോൾ കാറ്റ് മാത്രമാണ് വരുന്നത്. എല്ലാവർക്കും ടെൻഷനായി. അന്നും പതിവുപോലെ അമ്മ കുരുമുളകും കൽക്കണ്ടവും ജീരകവും ചേർത്തുപൊടിച്ച്‌ കുഞ്ഞുഡപ്പിയിലാക്കി തന്നുവിട്ടു. പാടാറാവുമ്പോഴേക്കും എല്ലാം മാറിക്കോളും എന്ന് ധൈര്യവും പകർന്നു.
ചെസ്റ്റ് നമ്പർ കുത്തി ഊഴം കാത്തുനിൽക്കേ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചുരുണ്ടമുടിയുള്ള സുന്ദരിക്കുട്ടി എനിക്കുമുന്പേ കയറി "ഇരയിമ്മൻ തമ്പി നൽകും ഈരടി" എന്ന് തുടങ്ങുന്ന മറ്റൊരു ആനന്ദഭൈരവി ഭംഗിയായി പാടി. അതും കൂടി കേട്ടതോടെ തൊണ്ടയടപ്പിന്റെ പേരിൽ കുറേശ്ശേ മുറിഞ്ഞുതുടങ്ങിയ എന്റെ ആത്മവിശ്വാസത്തിന്റെ ശാഖകൾ ഒന്നൊന്നായി ഒടിഞ്ഞുവീണുതുടങ്ങി. എങ്കിലും മനസ് പറഞ്ഞു, "നീ ഒന്നാം സ്ഥാനക്കാരിയാണ്, അത് നിനക്കുള്ളതാണ്!"
വിജയദശമി തിരുനാളിൽ എന്ന പാട്ടായിരുന്നു പാടിയത്. വൈകുന്നേരം മഞ്ഞിറങ്ങിത്തുടങ്ങിയിരുന്നതിനാൽ തൊണ്ട നല്ലപോലെ പിണങ്ങിയിരുന്നു. എങ്കിലും ഫലപ്രഖ്യാപനം വരെ പ്രതീക്ഷ വെടിഞ്ഞില്ല. പക്ഷെ ഒന്നാം സ്ഥാനം എനിക്കല്ല. എ ഗ്രേഡോടെ രണ്ടാംസ്ഥാനം. സങ്കടം സഹിക്കാനാവുന്നില്ല. അഹങ്കാരത്തിനു അടിയേറ്റു. ചേച്ചിയും കൂട്ടുകാരും ടീച്ചർമാരും സാന്ത്വനിപ്പിച്ചു. വയ്യാത്തതുകൊണ്ടാണല്ലോ, അടുത്ത വർഷം നമ്മൾ എടുത്തിരിക്കും എന്നൊക്കെ സമാധാനിപ്പിച്ചു. കണ്ണുനീരൊക്കെ വന്നെങ്കിലും അടക്കി മിണ്ടാതിരുന്നു.
കൂട്ടുകാരെല്ലാം നാടോടിനൃത്തം കാണാനോ മറ്റോ അപ്പുറത്തേക്ക് പോയി. സകലതും നഷ്ടപ്പെട്ടതുപോലെ തകർന്നിരിക്കുകയാണ് ഞാൻ. അന്ന് അതിലും വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാനില്ലല്ലൊ ഒരു ഏഴാം ക്ലാസുകാരിക്ക്‌. ഓർത്തിട്ടും ഓർത്തിട്ടും സ്വയം സമാധാനിക്കാനാവുന്നില്ല. ഞങ്ങൾക്കായി തന്ന ക്ലാസ്മുറിയുടെ ജനാലക്കൽ ദൂരെ നീല മലനിരകളും നെൽപ്പാടങ്ങളും റബർ തോട്ടങ്ങളും നോക്കി കണ്ണീരോടെ ഞാൻ നിന്നു. സൂര്യൻ ആകാശമാകെ ചെഞ്ചായം പൂശിത്തുടങ്ങിയിരുന്നു. നോക്കിനിൽക്കെ ചെമ്മൺപാതയിലൂടെ ഇളംനിറത്തിലുള്ള സാരിയുടുത്ത ഒരു സ്ത്രീ നടന്നു കയറി എന്റെ നേരെ വരുന്നു. എന്റെ അമ്മ! ജോലി കഴിഞ്ഞു വരുന്ന വഴി എന്റെ പാട്ടുകേൾക്കാൻ കയറിയതാണ്, പാവം. ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അതെന്ന് ഞാൻ പറയും. ആ നെഞ്ചോരത്തേക്കാൾ വലുതായി മറ്റെന്ത് അഭയമാണെനിക്ക് കിട്ടേണ്ടത്?!
അന്ന് അങ്ങനെ ചേർന്നിരുന്ന നിമിഷങ്ങളിൽ ഞാൻ പതം പറഞ്ഞു ഉറക്കെയുറക്കെ കരഞ്ഞിട്ടുണ്ട്‌. അമ്മ എനിക്ക്‌ ഇതിലും ഭംഗിയായി പാടാനാവുമെന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. തോൽവികളും ഏറ്റുവാങ്ങാൻ എന്നെ പ്രാപ്തയാക്കിയിട്ടുണ്ട്‌.
അമ്മ ഞങ്ങളെ വിട്ടുപോയിട്ട് പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സങ്കടസന്ധികളിൽ വഴിമുട്ടി അനാഥമായി നിൽക്കേണ്ടിവരുമ്പോൾ ആ ഒരു വരവ് ഞാൻ ആശിക്കാറുണ്ട്. ഞാൻ മാത്രമല്ല.. ഞങ്ങളേഴുപേരും ഒരുപോലെ കൊതിക്കാറുണ്ട്.

ജയന്തി

 ചെന്നൈയിൽ ആദ്യമായെത്തുന്നത് കത്തിരിവെയിൽ എരിഞ്ഞുനിൽക്കുന്ന മാസത്തിലായിരുന്നു. ഹോസ്റ്റലിലെ വേവ് കുറഞ്ഞ ചോറും രസത്തിന്റെ സ്വന്തം കുഞ്ഞമ്മേടെ മോനായ സാമ്പാറും ഏതാണ്ടൊരു 'പൊരിയലും' പൊതിഞ്ഞെടുത്തു ജോലിക്ക് പോവും. ഉച്ചക്ക് എല്ലാവരും ഒരുമിച്ചു കഴിക്കാനിരിക്കുമ്പോൾ ഹോസ്റ്റൽവാസികളായ ഞാനും ജയന്തിയും നമ്മുടെ പാത്രത്തിലേത് അവർ കാണാതിരിക്കാൻ കുറച്ചു മാറിയിരിക്കും.

വീട്ടിൽ നിന്ന് വരുന്നവരുടെ പാത്രങ്ങളിൽ നിന്നും കൊതിപ്പിക്കുന്ന ഗന്ധമുയരുമ്പോൾ ജയന്തി എന്നെ ദയനീയമായി നോക്കും. അവളുടെ 'അമ്മ ഉണ്ടാക്കുന്ന തമിഴ് കൂട്ടുകളുടെ വാസനയാണത്. കൺകോണിൽ നനവ് പടർത്തി എന്റെയടുത്തേക്ക് ചാഞ്ഞിരുന്ന് ചിണുങ്ങും, "ഊരുക്ക് പോണംമാതിരിരുക്ക് ഡീ.. അമ്മാവോടെ വത്തക്കൊളമ്പ് സാപ്പിടണോടീ "
ജയന്തി എന്നെക്കാൾ വലിയ പ്രാരാബ്ധക്കാരി ആയിരുന്നു. അന്യസംസ്ഥാനക്കാരിയായതുകൊണ്ടായിരുന്നു എനിക്ക് അഞ്ഞൂറ് രൂപ അവളെക്കാൾ കൂടുതൽ കിട്ടിയിരുന്നത്. കിട്ടുന്നതിൽ മൂന്നിൽ രണ്ടു ഭാഗവും ഹോസ്റ്റൽ ചിലവിലേക്ക് പോവുന്നതുകൊണ്ട് അവിടുന്ന് കിട്ടുന്ന എന്തും കഴിക്കാൻ നിർബന്ധിതരായി ഞങ്ങൾ.
ശമ്പളം കിട്ടുന്ന ആദ്യയാഴ്ചയിൽ ഞാനും ജയന്തിയും ഒന്നിച്ചു പുറത്തുനിന്നും കഴിക്കുമായിരുന്നു. വലിയ ചോലെ ബട്ടൂര മുന്നിലെത്തുമ്പോൾ ജയന്തി കൊച്ചുകുട്ടിയെ പോലെ 'അയ്' എന്ന് ശബ്ദമുണ്ടാക്കും. എന്നിട്ട് ആർക്കും കൊടുക്കാതെ വേഗം വേഗം തിന്നു തീർക്കും. പിന്നെയാണ് കേസരിയിൽ കൈ വെക്കുന്നത്.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സതീഷ് ജയന്തിയോട് പ്രണയം അഭിനയിച്ചിരുന്നു. അവളാണെങ്കിൽ തമിഴ് സിനിമയിലെ തനി ഗ്രാമത്തുപൊണ്ണായി. കാലത്തും നേരത്തും അവൻ നെനപ്പിലേ.... അങ്ങനെ നടന്നു. ഞാൻ ആ തൊഴിലിടം വിടുമ്പോഴും അവരുടെ പ്രണയം ബീച്ചിലും ഓഫിസിലെ ഇടനാഴികളിലുമൊക്കെയായി പടർന്നുപന്തലിച്ചിരുന്നു. ഇടയ്ക്കിടെ ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം ജയന്തി വിശേഷങ്ങൾ പങ്കുവെച്ചു നാണിച്ചു ചിരിച്ചു. പിന്നീടൊരിക്കൽ ഫോണിൽ സതീഷ് ദൂരെ എവിടേക്കോ പോവുകയാണെന്ന് പറയുമ്പോൾ അവൾ വിതുമ്പി. എന്നാൽ അവൾ താമസം മാറി ഞങ്ങളുടെ ഹോസ്റ്റലിലേക്ക് വന്ന രാത്രി ടെറസിൽ നിലാവ് നോക്കിയിരുന്നപ്പോൾ അവളുടെ തിങ്ങിയ കൺപീലികളിൽ നീർത്തിളക്കം കണ്ടു. തോളിൽ കൈ വെച്ച് കാര്യമന്വേഷിച്ചപ്പോൾ "അവൻ സിറ്റി ബോയ് അല്ലെ.. ചുമ്മാ ടൈം പാസ്... നാമ താൻ ലൂസ് മാതിരി.." എന്ന് എന്നെ നിശ്ശബ്ദയാക്കിക്കൊണ്ട് ചിരിച്ചു.
പിന്നീട് ഒരുപാട് നാൾ അവൾ ചെന്നൈയിൽ നിന്നില്ല. പോകുന്നതിന് തലേന്ന് ഉഡുപ്പി ഹോട്ടലിൽ വത്തകുളമ്പും കാരക്കുളമ്പും കൂട്ടി ഒരുമിച്ച്‌ ചോറുണ്ണുമ്പോൾ ഇടതുകൈ കൊണ്ട്‌ എന്റെ കയ്യിൽ മുറുകെ പിടിച്ചു. "യേ അണ്ണാട്ടെ രൊമ്പ കേട്ടതാ സൊല്ല്.. " എന്റെ കഥകളിലൂടെ മാത്രമറിഞ്ഞ നായകനെ സഹോദരനാക്കി അപ്പൊഴേക്കും പാവം.
ബസ്‌ കയറാൻ നിൽക്കുമ്പോൾ കരച്ചിലിനെ ചിരിയാക്കി എന്നെ ചേർത്തുപിടിച്ചു.
"യെന്നെ മറക്കമാട്ടിയേ?"
"ഇല്ലെടീ.. "
"ഇന്ത ഊരിലെ എനക്ക് പുടിച്ചത് ഉന്നൈ മട്ടും താൻ ഡീ.."
മിണ്ടാതെ തലയാട്ടിയതേയുള്ളൂ. അവളുടെ മൂക്കുത്തിത്തിളക്കം അവ്യക്തമാകുന്നതറിഞ്ഞു. ഒരുപാട്‌ സ്നേഹം പിന്നെയും കൈത്തണ്ടയിൽ വിരലാൽ അമർത്തി പകർന്ന് അവൾ യാത്രയായി.
ആ സൗഹൃദം എന്തൊക്കെയോ കാരണത്താൽ തുടരാനായില്ല. ഒരുതരത്തിൽ സതീഷും ഞാനും അവളോട്‌ ചെയ്തത്‌ ഒന്നുതന്നെ. അത്‌ ഒരുപക്ഷേ കാലത്തിന്റെ തീരുമാനങ്ങളാവാം. എല്ലാ ബന്ധങ്ങളും എല്ലാ കാലത്തും നമ്മോടൊപ്പമുണ്ടാവുന്നില്ല.
കാറ്റ്‌ കൊണ്ടുപോയ പാട്ടിന്റെ വരി പോലെയോ ഉതിർന്നുവീണ മുടിപ്പൂക്കൾ പോലെയോ പുഴയിലൊഴുകിപ്പോയ മൂക്കുത്തി പോലെയോ യാത്രക്കിടയിൽ വിട്ടുപോവുന്നു.
കാലം പുതിയ ബന്ധങ്ങൾ നമുക്ക്‌ തരുന്നു. എങ്കിലും ഓർമ്മകളുടെ പിൻബലത്താൽ മനസ്സ്‌ കാലത്തോട്‌ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്നു. 'മറക്കമാട്ടേൻ' എന്ന് ഹൃദയത്തിൽ പതിഞ്ഞുപോയ മുഖത്ത്‌ തൊട്ട്‌ സത്യം ചെയ്യുന്നു.
-സൂനജ

SPB -

 ഒരാൾ ശബ്ദം കൊണ്ട് എങ്ങനെയാണ് പ്രിയപ്പെട്ടതാവുന്നത്?

സരോജക്കാളുടെ വീട്ടിൽ നിന്നുമുയർന്ന കോയമ്പത്തൂർ വാനൊലി നിലയത്തിൽ നിന്നുമാണ് അരൂപിയായ ആ ശബ്ദം എന്നിൽ ആദ്യമായി ആസ്വാദനത്തിന്റെ വിത്തുപാകിയത്.
കിണറ്റുകരയിൽ ഉറക്കം തൂങ്ങിയിരുന്ന് പല്ലുതേക്കുന്ന നേരത്ത് പുള്ളിക്കോഴിയുടെ മുട്ട വിരിഞ്ഞോ എന്ന് എത്തിച്ചു നോക്കുമ്പോഴാവും "സിപ്പിയിരുക്കുത് മുത്തുമിരുക്കുത് തിറന്ത് പാർക്ക നേരം വന്തെടീ രാജാത്തി" എന്നാരോ പറയുന്നത്.
കുളിച്ചു കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ "അഴകേ പൊന്നുമണി.. സിരിച്ചാൽ വെള്ളിമണി " എന്നാരോ കൊഞ്ചുമ്പോൾ അത് എന്നെത്തന്നെയാണെന്ന് കരുതും.
ആദ്യമായൊരു മുഖം ഉറക്കം കെടുത്തുമ്പോഴും കേട്ടു "പെഹ്ലാ പെഹ്ലാ പ്യാർ ഹേ.. പെഹലി പെഹലി ബാർ ഹേ" എന്ന് !
"സുന്ദരി കണ്ണാലൊരു സെയ്തി സൊല്ലടീ" എന്ന് പറഞ്ഞാൽ "എന്നെയേ തന്തേൻ ഉനക്കാകെ" എന്നല്ലാതെ എന്ത് മറുപടി പറയും!
"വണ്ണം കൊണ്ട വെണ്ണിലവേ വാനം വിട്ട് വാരായോ" എന്ന് സങ്കടപ്പെട്ട് നിന്നിലേക്കെത്താൻ എനിക്ക് ഏണിയില്ലല്ലോ എന്ന് വിരഹത്തിൽ ഏങ്ങുമ്പോൾ കൂടെ കരയാനല്ലേ തോന്നുക!
കണ്ണുക്കുൾ നീ താൻ കണ്ണീരിലും നീയാണെന്നും, ഞാൻ ഒരു ചിത്രകാരനാണെന്നറിഞ്ഞും എന്റെ കണ്ണുതന്നെ എന്താണ് ആവശ്യപ്പെടുന്നതെന്നും ഉന്നൈ നിനൈച്ചെ പാട്ടുപടിച്ചേ എന്നും കരയുന്ന കാതലനെ ആരാണ് പ്രണയിക്കാതിരിക്കുക !
കടൽക്കരയിൽ തനിയെ നടക്കുമ്പോൾ അരികിലൂടെ ആരോ ശ്വാസം മുട്ടെ പാട്ടുപാടി കിതച്ചു നിന്ന് ചിരിക്കുമ്പോൾ കൂടെച്ചിരിച്ചുപോവാനേ കഴിയൂ.
സ്വപ്നത്തിൽ വന്ന് "ഇന്നും എന്നൈ എന്ന സെയ്യ പോകിറായ് അന്പേ " എന്നുചോദിച്ചു ഇക്കിളി കൂട്ടുകയും നിലാവിനെ കൂട്ടുവിളിച്ച് പിന്നെയും പ്രണയമഴ പെയ്യിക്കുന്നതും നിന്റെ സാന്നിദ്ധ്യം എനിക്ക് "തായ് മടി " പോലെ പ്രിയമെന്ന് പറയുന്നതും കേൾക്കാതിരിക്കാനാവില്ല.
"ജിയെ തോ ജിയെ കൈസേ ബിനാ ആപ് കെ.." എന്ന് പാടുമ്പോൾ തെളിയുന്നത് നമ്മുടെ പ്രിയമുഖമായാലും കേൾക്കുന്നത് അതേ സ്വരമാവും.
നിനക്കും എനിക്കുമിടയിൽ "കൈസാ ഹേ യെ ബന്ധൻ" എന്ന് എത്രയോ തവണ ചോദിക്കുമ്പോഴും മനസ്സിൽ കേൾക്കുന്നത് ആ ശബ്ദമായിരുന്നു.
ഈലോകം ഉപേക്ഷിച്ചുപോകുന്നവരോട്, ഈരേഴുപതിനാലു ലോകങ്ങൾ കാണാൻ ഇവിടെ നിന്നുപോയവരോട് അവിടെ മനുഷ്യരും മതങ്ങളുമൊക്കെ ഉണ്ടോ എന്ന് തത്വചിന്ത ഉണർത്താനും തളർന്നുപോവുന്ന അവസരങ്ങളിൽ കൈപിടിച്ചുയർത്താനും ആ സ്വരമെത്തി.
ഇതിനിടയിലെപ്പോഴോ ആ സ്വരത്തിനൊരു മുഖമുണ്ടായി. രൂപമുണ്ടായി. ഒരു കലാകാരനുവേണ്ട ഗുണങ്ങളുടെ മൂർത്തിമദ്ഭാവമായി അനുകരണീയനായി.
ഓരോ മനുഷ്യായുസിന്റെയും സുഖദുഃഖങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കിയ ദേഹം മറഞ്ഞുപോയാലും സംഗീതമായി എന്നും മലരുമെന്ന് ഉറപ്പ് തന്നിട്ട് പോയ മഹാത്മാവേ.. സംഗീതത്തിന്റെ മാത്രമല്ല മാനവികതയുടെ തന്നെ പര്യായമായ അങ്ങയെ അനുസ്മരിക്കാൻ പോലും അർഹതയില്ലെന്ന് എളിമയോടെ ഓർക്കുമ്പോഴും അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ആ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കട്ടെ.
അഞ്ജലി... അഞ്ജലി... പുഷ്പാഞ്ജലി🙏🏼🙏🏼❤️❤️

നിരഞ്ജനയുടെ സെൽഫി - Story by Soonaja

 നിരഞ്ജനയുടെ സെൽഫി

---------------------------------------------
അവധി ദിവസത്തിന്റെ ആലസ്യത്തിൽ പല്ലുതേപ്പും കുളിയുമായി ബാത്‌ടബ്ബിൽ ചടഞ്ഞിരിക്കുമ്പോഴാണ് പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്. ഒരുകാലത്ത് ഹൃദയമിടിപ്പായിരുന്ന ആ ദ്രുതതാളം വർഷങ്ങൾക്കിപ്പുറവും ഹൃദയത്തെ വേഗത്തിൽ ചലിപ്പിക്കുമെന്ന് അപ്പോൾ മാത്രമാണ് നിരഞ്ജനക്ക് മനസിലായത്. അവിശ്വസനീയതയോടെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു ഓടിയിറങ്ങി മുൻവശത്തെത്തി.
വാതിൽക്കൽ മനു. പഴേ ചിരി തന്നെ. മുഖത്തൊരിത്തിരി ജാള്യതയുണ്ട്. ഇനിയൊരിക്കലും കാണില്ലെന്നും കാണരുതെന്നും ആഗ്രഹിച്ച രൂപം വർഷങ്ങൾക്കുശേഷം മുന്നിലെത്തിയിരിക്കുന്നു.
"ഹേയ് നീന ... ഹൌ ആയ്യൂ?" അവന്റെ ശബ്ദത്തിന് ചെറിയ മാറ്റമുണ്ട്. നീന എന്ന വിളി മറന്നിട്ടില്ല.‌ പരിസരബോധം വീണ്ടെടുത്ത് വലിയ അത്ഭുതം അഭിനയിച്ച് അവൾ ചിരിച്ചു.
"യാ.. അയാം ഗുഡ്.. വാട്ട് എ സർപ്രൈസ് !! നീ എപ്പോ വന്നു?"
"ഒരാഴ്ചയായി. ആകെ തിരക്ക്‌. ആന്റിയൊക്കെ എവിടെ?"
"അവരൊരു കല്യാണത്തിന് പോയിരിക്കുവാണ്. ഉച്ചക്കെത്തും"
അവൾ സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് ആതിഥ്യമര്യാദകളുമായി അവന്റെ അടുത്തിരുന്നു.
മനു മേശപ്പുറത്ത് വെച്ച ക്ഷണക്കത്തിന്റെ പുറത്തെ പേരുകൾ വായിച്ചപ്പോൾ വീണ്ടുമൊരു വിറയൽ ഉണ്ടായി. വിവർണമാകുന്ന അവളുടെ മുഖത്ത് നോക്കിക്കൊണ്ട് അവൻ അവളുടെ കൈ കവർന്നു.
"നീന, സത്യത്തിൽ എനിക്ക് ഇവിടേക്ക് വരാൻ ടെൻഷനുണ്ടായിരുന്നു. നിന്നെയും വീട്ടുകാരെയും എങ്ങനെ ഫേസ് ചെയ്യണം എന്നുമൊക്കെ... പക്ഷെ നമ്മളിപ്പോ പഴയ കോളേജ് സ്റ്റുഡന്റസ് ഒന്നുമല്ലല്ലോ.."
ഒന്നും സംഭവിക്കാത്തതുപോലെ അവൾ പുഞ്ചിരിച്ചു.
ചിന്തകളെ കാടുകയറ്റാൻ അനുവദിക്കാതെ അവനോട് ഒരുപാടുകാര്യങ്ങൾ നിർത്താതെ സംസാരിച്ചു. മനുവിനും ആദ്യമുണ്ടായിരുന്ന ചമ്മലും കുറ്റബോധവും മാറി. അവളെ വിട്ടുപോയതിനുള്ള ന്യായീകരണങ്ങൾ നിരത്തുമ്പോൾ അവൾ തികച്ചും വികാരരഹിതയായിരുന്നു. ഇടക്ക് ശൂന്യമായ നിശബ്ദത അവർക്കിടയിൽ അസ്വസ്ഥതയായിത്തുടങ്ങിയപ്പോൾ അവൾ അവനഭിമുഖമായി ഇരുന്നു.
"മനു, നമുക്കൊരിടം വരെ പോയാലോ? അമ്മയൊക്കെ വരാൻ ഇനിയും സമയമെടുക്കും"
പ്രവചനാതീതമായ പ്രതികരണങ്ങൾ എല്ലായ്പ്പോഴും അവളിലുണ്ടായിരുന്നതിനാൽ മനു പതിവുപോലെ മിഴിച്ചുനോക്കിയതേയുള്ളൂ.
"നിന്റെ ബൈക്കിൽ.. പണ്ടത്തെപ്പോലെ ഒരു റൈഡ്. പെട്ടെന്ന് വല്ലാത്ത ആശ തോന്നുന്നു.. എനിക്ക് എല്ലായ്പ്പോഴും ഓർത്തുവെക്കാൻ ഒരിത്തിരി നേരം...പ്ലീസ്."
അവൾ മുഖം താഴ്ത്തി, അവന്റെ കയ്യിൽ തൊട്ടു. മനുവിന്റെ ആലോചനാമുഖം വകവെക്കാതെ പെട്ടെന്നെഴുന്നേറ്റ് ഉള്ളിലേക്കോടി വസ്ത്രം മാറ്റി ബാഗുമെടുത്തിറങ്ങി. മുറ്റത്ത് നിർത്തിയിട്ട ബൈക്കിനരികിലെത്തി.
"അല്ല നമ്മളിതെങ്ങോട്ടാ? നിന്റെ സ്വഭാവത്തിനൊരു മാറ്റവുമില്ലല്ലോ.. എപ്പോഴും സസ്പെൻസ് !"
അവന്റെ മുഖത്തെ അങ്കലാപ്പ് ആസ്വദിച്ചുകൊണ്ട് പിന്നിൽ കാലുകൾ ഇരുവശത്തേക്കുമിട്ടിരുന്ന് ധൃതികൂട്ടി. ബൈക്ക് ചലിച്ചുതുടങ്ങിയപ്പോൾ ഉയരുന്ന ഹൃദയമിടിപ്പ് മനു കേൾക്കാതിരിക്കണമെന്നവൾ ആശിച്ചു.
ആൽമരച്ചുവട്ടിൽ അടുത്തിടെ അന്തരിച്ച രാഷ്ട്രീയനേതാവിന്റെ സ്മരണാർത്ഥം പുതുക്കിപ്പണിത വെയിറ്റിംഗ് ഷെഡിനടുത്തെത്തിയപ്പോൾ മനു തലതിരിച്ചു നോക്കി.
"ഇതാ പഴയ ബസ്റ്റോപ്പല്ലേ? നിന്റെ പ്രിയപ്പെട്ട ഭ്രാന്തി കിടന്ന സ്ഥലം?"
കറപുരണ്ട തൂണിനുപിന്നിലെ പൊട്ടിപ്പൊളിഞ്ഞ ചുവരോരത്ത് പഴന്തുണിക്കെട്ടിൽ നിന്നും പുറത്തേക്ക് നീണ്ടിരുന്ന, അഴുക്കുകൊണ്ട് മൈലാഞ്ചിയിട്ട കാലുകൾ വല്ലാതെ ഉറക്കം കെടുത്തിയിരുന്നു. ഇടയ്ക്കിടെ അവിടെ നിന്നും കേട്ട സങ്കടപ്പെടലും ആരുടെയോ നേർക്കയക്കുന്ന ശാപവാക്കുകളും തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയത്. അവരുടെ ഉന്മാദത്തിന് കാരണക്കാരനായവനെ തേടിയിറങ്ങാനും മനുവിനെത്തന്നെയായിരുന്നു കൂട്ടുപിടിച്ചത്. കാലമെത്ര പിന്നിട്ടു ! മനസ്സിൽ മറ്റെന്തൊക്കെയോ വന്നലച്ചുകയറി തിരിഞ്ഞിറങ്ങിയ തിരയോടൊപ്പം അങ്ങനെ കുറെപേരും ഒലിച്ചുപോയി.
"അല്ലെങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോയി തലയിടാൻ നിനക്ക് പ്രത്യേകകഴിവാണ്! എന്നിട്ടെന്തായി? പ്രാന്തിയേം കണ്ടില്ല, പീഡനക്കാരനെയും കിട്ടീല്ല! വെറുതെ ഒരു മാറ്റിനി കളഞ്ഞു!"
അവൻ സംസാരിക്കുന്നത് കണ്ണാടിയിൽ കൂടി നോക്കിയിരിക്കുകയായിരുന്നു അവൾ. ഇവന്റെ ചിരിക്ക് പഴയ ഭംഗിയില്ല. വശങ്ങളിലെ പല്ലുകൾ കുറച്ചൂടെ ഇറങ്ങി ക്രൂരഭാവം വന്നിട്ടുണ്ട്. വയസാകുന്തോറും പല്ലുകൾ താഴേക്കിറങ്ങി വരുമോ ആവോ.. അവൾ സ്വയം നാവുകൊണ്ട്‌ വശങ്ങളിലെ പല്ലുകളിൽ പരതിനോക്കി. വീട്ടിൽ ചെന്നിട്ടുവേണം കണ്ണാടിയിൽ വിശദമായൊന്ന് നോക്കാൻ!
നഷ്ടപ്പെട്ട വർഷങ്ങൾ ഓർമ്മയിൽ പോലുമില്ല എന്നവനോട് പറയാമെന്നുണ്ടായിരുന്നു. പഠിത്തം ഒരു വാശി ആയിരുന്നു. വിണ്ടുകീറിയ ചുവരിൽ പുട്ടിയിട്ട് ചായം തേക്കുന്നതുപോലെ ഒരുതരം മിനുസപ്പെടുത്തലായിട്ടാണ് ജീവിതത്തെ രസതന്ത്രത്തിന്റെ ഊരാക്കുടുക്കുകളിൽ അലയാൻ വിട്ടത്. തലക്കുള്ളിൽ നിറഞ്ഞുനിന്നിരുന്ന മനുഷ്യരൂപത്തെ
സാൻഡ് പേപ്പർ കൊണ്ട് ചുരണ്ടിയും മെറ്റൽ സ്ക്രബ് കൊണ്ട് തേച്ചുകഴുകിയും കളഞ്ഞ് അതിനുമുകളിൽ ഓക്സിജനും നൈട്രജനും നിറച്ചു. കാർബൺ സംയുക്തങ്ങളുടെ പുതിയ സമവാക്യങ്ങൾ മെനഞ്ഞുണ്ടാക്കി. മനസിലും ശരീരത്തിലുമേറ്റതെല്ലാം വൃത്തിയാക്കാൻ ഒരു അമ്ലസ്നാനം മതിയാകുമെന്ന് വിശ്വസിപ്പിച്ചു. എന്തൊക്കെയോ പഠിച്ചു. ഒടുവിൽ ചേട്ടൻ പറയുന്നതുപോലെ തലയ്ക്കകത്ത് മൊത്തം രാസസമവാക്യങ്ങൾ നിറഞ്ഞ് മനുഷ്യഭാഷ മനസിലാവാണ്ടായി.
മെയിൻ റോഡ് പിന്നിട്ട് ഇരുവശങ്ങളിലും മരങ്ങളും പാറകളും മാത്രമുള്ള വഴിയിലേക്ക് അവളോട് ചോദിക്കാതെതന്നെ അവൻ ബൈക്ക് തിരിച്ചു. ഭൂതകാലത്തിന്റെ മണമുള്ള തണുത്തകാറ്റ് അവരെ തഴുകിയപ്പോൾ അവൾ അവനോട് കുറേക്കൂടെ ചേർന്നിരുന്നു.
"ഒരുകണക്കിന് ഈ യാത്ര നന്നായി."
കണ്ണാടിയിൽ അവന്റെ പ്രണയാർദ്രമായ നോട്ടമവൾ കണ്ടു. ഈ പരസ്പരമുള്ള കണ്ണുടക്കൽ ഒരിക്കൽ എത്രമേൽ പ്രിയങ്കരമായിരുന്നു! വർത്തമാനകാലത്തിലേക്കുള്ള നൂൽപാലത്തിൽ മുന്നോട്ടുനീങ്ങാൻ ബദ്ധപ്പെട്ട് അവളിരുന്നു.
"നീനാ... ഒരിക്കൽക്കൂടി നമ്മളൊന്നിച്ച് ഇങ്ങനൊരു യാത്ര പ്രതീക്ഷിച്ചതേയല്ല.. "
മനുവിന്റെ ശബ്ദം ഓർമ്മത്തള്ളലാൽ നേർത്തിരുന്നു.
"നീയാണ് എന്നെ ഇവിടേക്ക് ആദ്യം കൊണ്ടുവന്നത് "
ദൂരേക്ക് നോക്കിയാണ് അവളത് പറഞ്ഞത്. ആ വരവിലാണ് ആദ്യമായി പുരുഷനെ അറിഞ്ഞത്. ഏറ്റവും ഉയരമുള്ള പാറയുടെ മുകളിൽ കയറിനിന്ന് ഭ്രാന്തമായി അവന്റെ പേരുവിളിച്ചതും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണാണെന്ന് സ്വയം പ്രഖ്യാപിച്ചതും അന്നായിരുന്നു. പ്രകൃതി ഏറ്റവും സുന്ദരഭാവത്തിലാണെന്ന് അവനോട് ചേർന്നിരുന്ന് പറഞ്ഞപ്പോൾ നീയും എന്നവൻ കാതിൽ പറഞ്ഞതും. കാടിന്റെ ശാന്തതയും മാസ്മരസംഗീതവും താഴ്വരയുടെ നിഗൂഢതയും ഒന്നിച്ചയിടത്തേക്ക് എന്നും ഒന്നിച്ചുവരാൻ ആഗ്രഹിച്ചതായിരുന്നു.
"നിനക്ക് ശരിക്കും ഇവിടെ വന്നതൊക്കെ ഓർമ്മയുണ്ടോ മനൂ?"
"എന്ത് ചോദ്യമാ ഇത്? എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് നീ... കളിയായും കാര്യമായും പലരും പിന്നെ വന്നെങ്കിലും നിന്നെ മറക്കാൻ കഴിഞ്ഞിട്ടില്ല."
ഒരുതരം ക്ഷീണം നെഞ്ചിലൂടെ കയറി ദേഹമാസകലം ബാധിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അവൾ മുഖമുയർത്തി വായുവിനെ പരമാവധി ഉള്ളിലേക്കെടുക്കാൻ ശ്രമിച്ചു.
ടാർ റോഡ് അവസാനിക്കുന്നിടത്തെത്തിയപ്പോൾ അവളാണ് പിന്നെ അവനെ നയിച്ചത്. കല്ലും പാറയും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ബൈക്കിന് നീങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങി കാടിനുള്ളിലേക്ക് ചിരപരിചിതയായി നടന്ന അവൾക്ക് പിന്നാലെ ഓർമ്മകളിൽ മുഴുകി അവനും പതിയെ നീങ്ങി.
"ഹേ നീനാ... കെയർഫുൾ! ഡോണ്ട് ഗോ ദേർ..!!"
നടവഴി അവസാനിക്കുന്നിടത്ത് മുനമ്പിൽ പാറയുടെ മുകളിൽ കയറി ഇരുകൈകളും വിടർത്തി ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്തുകൊണ്ട് കണ്ണുകളടച്ചു നിൽക്കുന്ന നിരഞ്ജനയെ കണ്ടപ്പോൾ അവന് ഭയമാണ് തോന്നിയത്.
തികച്ചും നാടകീയമായി അവനുനേരെ തിരിഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
"ബെസ്റ്റ് ആളാണല്ലോ.. ഇത് പണ്ട് ഞാനാണ് പറഞ്ഞിരുന്നത്. ബൈക്ക് ഇവിടെയിട്ട് അതിനുമുകളിൽ കയറിയിരുന്ന് എന്നോട് വാചകമടിക്കുന്നതൊക്കെ മറന്നോ?"
അവൻ ജാള്യതയോടെ തലചൊറിഞ്ഞു.
"ഞാനിവിടെ ഇടക്കൊക്കെ വരാറുണ്ട്. മണിക്കൂറുകളോളം തനിച്ചിരിക്കാറുണ്ട് "
അവൾ പതുക്കെ നടന്ന് അവന്റെ തൊട്ടടുത്തുവന്നുനിന്നു കണ്ണുകളിലേക്ക് നോക്കി.
മനു അലിവോടെ അവളുടെ മുഖം കൈകളിലെടുത്ത് കണ്ണുകളിലേക്ക് നോക്കിനിന്നു.
ഷോൾഡർ ബാഗിൽ നിന്നും ചെറിയ ഷീറ്റ് എടുത്ത് പുല്ലിൽ വിരിച്ച് അവളവിടെ ഇരുന്ന് മനുവിന്റെ കയ്യിൽ തൊട്ടു.
"ഇതെന്റെ രഹസ്യസങ്കേതമാണ്. തലക്കുള്ളിൽ അഗ്നിപർവതം പുകയുന്ന ദിവസങ്ങളിൽ ഞാനിവിടെ വരാറുണ്ടായിരുന്നു. ഇങ്ങനെ ഈ പാറയുടെ മറവിൽ തനിച്ചിരിക്കും ഇവിടെ ആരും വരില്ല. എപ്പോഴെങ്കിലും എത്തിനോക്കാൻ വല്ല കുരങ്ങോ മുയലോ വന്നാലായി."
അവൾ വീണ്ടും നിർബന്ധിച്ചപ്പോൾ മടിച്ചുമടിച്ചു
മനു അവളോട് ചേർന്നിരുന്നു.
സ്വയം മറന്നുള്ള ചുംബനവർഷങ്ങൾ അവരെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കെമിസ്ട്രിലാബിന്റെ ആസിഡ് മണക്കുന്ന ഇടനാഴികളും റബർ തോട്ടത്തിലെ വെയിലേൽക്കാത്ത പകലുകളും സിനിമാഹാളിലെ കൂരിരുട്ടും നിരഞ്ജനയുടെ ഉള്ളിലും വേലിയേറ്റങ്ങൾ സൃഷ്ടിച്ചു. ഓരോ നിമിഷത്തെയും ആവേശത്തോടെ അവൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.
"നീ എന്തിനാ മനൂ എന്നെ ഉപേക്ഷിച്ചത്? "
തികച്ചും ശാന്തമായ ചോദ്യമായിരുന്നു അതെങ്കിലും മനു ഞെട്ടലോടെ അവളെ നോക്കി. അവന് തളർച്ച അനുഭവപ്പെട്ടു. അതുമനസിലാക്കിയിട്ടെന്നവണ്ണം അവൾ പിന്നെയും അവനെ ലാളനകൾ കൊണ്ടുമൂടി.
തളർന്നുകിടക്കുന്ന മനുവിന്റെ അരികിലിരുന്ന് വസ്ത്രങ്ങൾ നേരെയാക്കിക്കൊണ്ട് അവൾ പഴയ കാര്യങ്ങൾ സംസാരിച്ചുതുടങ്ങി.
"നിന്റെ ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നില്ലേ? മഞ്ജുഷ ? നിന്റെകൂടെ മാത്രം പ്രോജക്റ്റ്‌ ചെയ്യാൻ നടന്നവൾ? പാവം, എന്തൊരു തൊട്ടാവാടി ആയിരുന്നു അവൾ.. "
"ഇപ്പൊ എന്തിനാ അതൊക്കെ..?" മനു പെട്ടെന്ന് എഴുന്നേറ്റിരുന്നു.
"ഏയ്... കാമോൺ.. നിന്റെ കൂടെയിങ്ങനെയിരുന്നപ്പോൾ പഴയതൊക്കെ അറിയാതെ ഓർത്തുപോയതാ.. എന്തുമാത്രം വഴക്കിട്ടിരിക്കുന്നു നമ്മൾ. പാവം, അവളൊരു ഡിപ്രഷൻ രോഗിയാണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ.. പരീക്ഷക്ക് മാർക്ക് കുറയുമ്പോഴേക്കും ആരേലും ടെറസിന്ന് ചാടുമോ ? കഷ്ടം!"
"ഡിപ്രെഷൻ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ഞാൻ അങ്കിളിനെ കണ്ടിരുന്നു, പാവം മകൾ വിട്ടുപോയതോടെ തകർന്നുപോയി അവർ രണ്ടുപേർക്കും."
"നീ എന്നെ വിട്ടുപോയപ്പോൾ എനിക്കെന്ത് സംഭവിച്ചു എന്നറിയോ? ഏട്ടൻ പറഞ്ഞുകാണും, ഭ്രാന്താശുപത്രിയിലായിരുന്നു ഞാൻ.. എത്ര കാലമാണെന്ന് എനിക്കുതന്നെ അറിയില്ല. എന്നോടാരും പറഞ്ഞുമില്ല. പഠിക്കാൻ മാത്രമായി എന്റെ തലച്ചോറിനെ ഒരുക്കിത്തന്നത് അവിടുത്തെ ഡോക്ടർമാരും എന്റെ വീട്ടുകാരുമാണ്. ഓരോ ഇക്വേഷൻസിന്റെ പിന്നാലെയും പോകുമ്പോഴൊക്കെ ഞാൻ എന്നെ അവിടൊക്കെ ഉപേക്ഷിച്ചു പോരുകയായിരുന്നു. ഏട്ടൻ പറയുന്നതുപോലെ എനിക്ക് രസതന്ത്രം മാത്രമേ അറിയൂ എന്നായി. എന്നാലും നീ വരുമെന്ന് ഞാൻ എപ്പോഴൊക്കെയോ ഓർത്തിട്ടുണ്ട്, ബോധത്തിലും അബോധത്തിലും. എന്നിട്ടിപ്പോ നീ വന്നേക്കുന്നു... വേറെ ഒരുത്തിയുടെ സ്വന്തമാവുന്ന കാര്യം പറയാൻ... !"
പഴയ നിരഞ്ജനയുടെ ശബ്ദം തിരിച്ചറിഞ്ഞ് മനു സംസാരശേഷി പൂർണമായും നഷ്ടപ്പെട്ട് കുനിഞ്ഞിരുന്നു. കോളേജ് ചുവരുകളിൽ ആഞ്ഞടിച്ച അവളുടെ അലർച്ചകൾ, വഴക്കുകൾ, അവൾ വീശിയെറിഞ്ഞ ആസിഡിൽ നിന്നും രക്ഷപെട്ട സഹപാഠികൾ അങ്ങനെ ഓർക്കാനിഷ്ടപ്പെടാത്തതെല്ലാം അവനുമുന്നിൽ തെളിഞ്ഞു. ഒരിക്കലും ചേർന്നുപോവില്ലെന്ന് ഉറപ്പായപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു ഒളിച്ചോട്ടമായിരുന്നു, അവളിൽ നിന്ന്, ആ നാട്ടിൽ നിന്ന്. ഉപരിപഠനത്തിന് പേരും പറഞ്ഞൊരു രക്ഷപ്പെടൽ എല്ലാമറിയുന്ന നീരഞ്ജനയുടെ വീട്ടുകാർ തന്നെയാണ് നിർദേശിച്ചത്.
"നീനാ.. അയാം സോറി.. അന്ന് മറ്റൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല...."
"ഏയ്... നോ വറീസ്.. അതൊക്കെ ഞാൻ വിട്ടു. ഇങ്ങനൊരു ദിവസം എനിക്ക് വീണ്ടും വീണുകിട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. നീ വന്നല്ലോ. എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല.മനൂ.. സ്നേഹമേ ഉള്ളൂ... ആരൊക്കെ വന്നാലും പോയാലും എനിക്ക് നിന്നോടുള്ള സ്നേഹം മാറാൻ പോകുന്നില്ല. നീയെന്നും എന്റെയുള്ളിലുണ്ടാവും."
"സമയം കുറെയായില്ലേ.. നമുക്ക് പോയാലോ?" മറുപടിവാക്കുകൾ കിട്ടാതെ മനു എഴുന്നേറ്റ് ധൃതികൂട്ടി.
"ഒരാഗ്രഹം കൂടെ പറയട്ടെ, മനൂ... നിന്നെ ഞാനിനി ഒരിക്കലും കാണാൻ സാധ്യതയില്ല. മറ്റൊരുവളുടേതായി കാണണമെന്നുമില്ല. നമുക്കൊന്നിച്ചൊരു സെൽഫി ഇവിടെ നിന്നുകൊണ്ട്? നമ്മുടെ യാത്രകളുടെ സ്മാരകമായ ഈ ബൈക്കിൽ ചാരി, ആ പഴയ മനുവും നീനയുമായിട്ട് !"
മുഖം അമർത്തിത്തുടച്ച് മുടി മാടിയൊതുക്കി മനു നിറമില്ലാതെ ചിരിച്ചു.
"എന്റെ അവസാനത്തെ ആഗ്രഹമല്ലേ... നീയിത് സാധിച്ചുതരില്ലേ?
മനുവിന്റെ ഫോണിൽത്തന്നെ എടുത്തിട്ട് എനിക്കയച്ചുതന്നാൽ മതി, എന്നിട്ട് ഉടനെ നിനക്കത് ഡിലീറ്റ് ചെയ്യാം, എന്നെന്നേക്കുമായി" അവസാനവാക്കിൽ അവളുടെ സ്വരമിടറി.
അവൾ വീണ്ടും നിർബന്ധിച്ചപ്പോൾ ബൈക്ക് മുനമ്പിലേക്ക് നിർത്തി അതിലേക്ക് പതിയെ ചാരി നിന്നു. ചുറ്റിനും മൂടൽമഞ്ഞിറങ്ങി പച്ചപ്പ് മറച്ചുകൊണ്ടിരുന്നു.
അവന് രണ്ടാമതൊന്ന് ആലോചിക്കാൻ കഴിയുന്നതിനുമുന്പേ അവൾ അവന്റെ ഫോൺ കയ്യിലെടുത്തു.
"എനിക്കറിയാം നിനക്ക് പേടിയുണ്ട്, ഞാനെങ്ങാനും ബ്ലാക്ക് മെയിൽ ചെയ്താലോ എന്ന്.. നെവർ.. ഈയൊരു ദിവസം മാത്രം മതി എനിക്ക് ഇനി ജീവിക്കാൻ. സ്വപ്നം പോലൊരു ദിവസം. ഇവിടെ നിന്റെ അടുത്തിങ്ങനെ ചേർന്ന് നിൽക്കുന്നത് ഞാനെത്ര സ്വപ്നം കണ്ടിരിക്കുന്നു എന്നറിയോ!!."
മനുവിന്റെ നെഞ്ചിലേക്ക് ചേർന്നുനിന്നുകൊണ്ട് ഒരു കയ്യിൽ മൊബൈൽ എടുത്ത് പിന്നിലേക്കാഞ്ഞു.
"ഇങ്ങനെ ചേർന്നുനിൽക്കുമ്പോൾ ഞാനിത്തിരി പൈങ്കിളി പറയട്ടെ മനുക്കുട്ടാ.... എന്റെ ഹൃദയത്തിന്റെ കാവൽക്കാരാ... എന്റെ രാജകുമാരാ... മേഘങ്ങൾ ഭൂമിയിലേക്കിറങ്ങിവന്ന താഴ് വാരവും
ഈ തെളിഞ്ഞ നീലാകാശവും ഹരിതാഭമായ കാടും നമ്മുടെ സഹചാരി ബൈക്കും സാക്ഷിനിർത്തി പറയട്ടെ... നീ എന്റേത് മാത്രമാണ്.. ഒന്നൂടെ ചേർന്നുനിന്ന് ചിരിക്ക് മനൂ.."
ഇടതുകൈയാൽ ഫോൺ ഉയർത്തിപ്പിടിച്ച് അവൾ ഉറക്കെയുറക്കെ ചിരിച്ചു. മനുവും ചിരിച്ചുകൊണ്ട് അവളോട് ചേർന്നുനിന്നു.
നിരഞ്ജനയുടെ മുഖം ചിരിമാഞ്ഞ് വലിഞ്ഞുമുറുകിയതും ഇടതുകാൽ കൊണ്ട് ബൈക്കിനെയും വലത്തെ തോളുകൊണ്ട് മനുവിനെയും ആഞ്ഞുതള്ളിയതും സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു..
മഞ്ഞിൽ മാഞ്ഞുപോയ നിലവിളി വകവെക്കാതെ അവൾ പൂർത്തിയാവാത്ത സെൽഫിയുമായി മൊബൈൽ ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.
തിരിഞ്ഞു ചുറ്റും നോക്കി നിലത്തുകിടന്ന ബാഗെടുത്ത് തോളിലിടുമ്പോൾ അവളുടെ കണ്ണുകൾ ഇറുകി.... ക്രൂരമായി.
"ഇങ്ങനെ തന്നെയാ നിന്റെയാ ഡിപ്രഷൻകാരിയും മൂന്നാം നിലയിൽ നിന്ന് വീണത്."
തലക്കുള്ളിൽ വീണ്ടും അഗ്നിപർവതം പൊട്ടിത്തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ധൃതിയിൽ ഗുളികയെടുത്തുകഴിച്ച് തിരികെ നടന്നു.
- Soonaja

ഗൗതമി

 ഗൗതമി

ദുഷ്യന്തന്റെ കൊട്ടാരത്തിൽ നിന്നും കണ്വാശ്രമത്തിലേക്കുള്ള യാത്രയിലുടനീളം ഗൗതമി ഒന്നും മിണ്ടിയതേയില്ല. എത്രയോ മുന്നേ ഹൃദിസ്ഥമാക്കിയിരുന്ന ശാന്തിമന്ത്രങ്ങൾ പോലും നാവിൻതുമ്പിലെത്താൻ മടിച്ച് വിതുമ്പുന്ന ചുണ്ടുകൾക്കരികിലായി ഉപേക്ഷിക്കപ്പെട്ടു. വാർദ്ധക്യം ചുളിവുവീഴ്ത്തിയ കണ്ണുകൾ മാത്രം നിലക്കാതെ കവിഞ്ഞൊഴുകിക്കൊണ്ടിരുന്നു. കൂടെ നടന്നിരുന്ന ശാർങ്ഗരവമഹർഷി പറഞ്ഞ സാന്ത്വനവാക്കുകൾ കയ്യിലെ രുദ്രാക്ഷമണികളിൽ തട്ടിച്ചിതറിവീണുപോയി.
ആശ്രമത്തിൽ എന്നാണ് എത്തപ്പെട്ടതെന്നോ ആരുടെ മകളാണെന്നോ ഗൗതമിക്ക് അറിവില്ല. ഓർമ്മവെച്ച നാൾമുതൽ ഒരേ കാര്യങ്ങൾ ചെയ്യുന്നു. കൗമാരത്തിലെന്നോ ഏതോ കണ്ണുകളോടും ഗാംഭീര്യസ്വരത്തിനോടുമുണ്ടായ അഭിനിവേശത്താൽ മുറുകിപ്പോയ വൽക്കലം അവൾക്കായി ആരും അഴിച്ചുകെട്ടിക്കൊടുത്തില്ല. മനസിനുള്ളിൽ മാത്രം പൂത്ത കാട്ടുപൂക്കൾ ആർക്കുവേണ്ടിയും സുഗന്ധം പരത്താതെ അരുവിയിൽ കൊഴിഞ്ഞുവീണൊഴുകിപ്പോയി.
ഒരു വസന്തകാലത്ത് സന്ധ്യാവന്ദനത്തിനുപോയി മടങ്ങിയെത്തിയ കണ്വമഹർഷി പേരുവിളിച്ചതുകേട്ട് ഭക്ഷണമുണ്ടാക്കുന്നിടത്തുനിന്നുമാണ് ഗൗതമി ഓടിയെത്തിയത്. മരവുരിയിൽ കൈകൾ തുടച്ച്, കണ്വൻ നീട്ടിയ മുത്തിനെ നെഞ്ചോട് ചേർത്തപ്പോൾ അതുവരെ അറിയാതിരുന്ന ജന്മനിയോഗമെന്തെന്ന് ഗൗതമി മനസിലാക്കി. അന്നേവരെ പൂജാദ്രവ്യങ്ങളൊരുക്കിയും ആശ്രമവും പരിസരവും പരിപാലിച്ചും മറ്റുമുനിമാരുടെ കുഞ്ഞുങ്ങളെ പരിചരിച്ചും കണ്വന്റെ ദാസിയായി ദൈവസന്നിധി മാത്രം ലക്ഷ്യമാക്കിയ ജീവിതമായിരുന്നു ആ ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞത്.
ഗോകർണ്ണത്തിൽ പകർന്ന നേർപ്പിച്ച ആട്ടിൻപാൽ അവൾ തട്ടിമാറ്റി അലറിക്കരയുമ്പോൾ ഒരിക്കലും ചുരക്കാത്ത മുല പിഞ്ചുവായിലേക്ക് തിരുകിവെച്ചത് ആരുമറിഞ്ഞതല്ല. ഒരു കുഞ്ഞിനെ പെറ്റുപോറ്റാനുള്ള അഭിലാഷങ്ങളെല്ലാം കാവിക്കുള്ളിൽ എന്നേ അടക്കിയതാണ്. എന്നിട്ടും ദൈവം ശകുന്തളയെ കയ്യിലേക്ക് വെച്ചുതന്നു അമ്മവേഷം കെട്ടിച്ചു.
അപ്സരപുത്രിയെന്ന് എല്ലാവരും പറഞ്ഞപ്പോഴും സ്വന്തമാണെന്ന് മാത്രമേ കരുതിയുള്ളൂ. കുഞ്ഞുപാദങ്ങൾ നെഞ്ചിൽ കൊണ്ടപ്പോൾ ഒരിക്കൽപോലും വേദനിച്ചില്ല. അവളുടെ കൊഞ്ചൽ മനസിലെന്നും പൂനിലാവായി. കണ്മുന്നിൽ വളർന്ന് യുവതിയായ മകൾ ആരുമറിയാതെ ഗാന്ധർവവിധിയാൽ രാജാവിനെ വരിച്ചതറിഞ്ഞപ്പോൾ അസ്വസ്ഥനായ പിതാവിനെ ആശ്വസിപ്പിച്ചതും അവളുടെ തീരുമാനം തെറ്റല്ലെന്ന് ബോധ്യപ്പെടുത്തിയതും പൊന്നുമകളുടെ കണ്ണുകൾ കലങ്ങുന്നത് അസഹനീയമായതിനാലായിരുന്നു.
മകളെ പിരിയുന്നത് ഒട്ടും സഹിക്കാനാവില്ലെങ്കിലും അവളുടെ നല്ല ഭാവി മാത്രം കരുതിയാണ് കൊട്ടാരത്തിലേക്ക് കൊണ്ടുചെന്നത്. എന്നാൽ അവിടെ വെച്ച് എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.
അപമാനഭാരം കൊണ്ട് മകൾ പൊട്ടിക്കരഞ്ഞപ്പോൾ വാക്കുകളില്ലാതെ വിറങ്ങലിച്ചു നിന്നതേയുള്ളൂ. ആരുപേക്ഷിച്ചാലും അവളെ പൊന്നുപോലെ നോക്കാനൊരുക്കമായിരുന്നു. അവിടെയും കളങ്കമാരോപിക്കപ്പെട്ടവൾക്ക് ആശ്രമം വിലക്കപ്പെട്ടു. ആരോട് പറഞ്ഞാണ് കരയേണ്ടത് ! ദൈവങ്ങൾ ഇത്ര അന്ധരായിപ്പോയോ?
കണ്വമഹർഷി എത്തിയെന്നറിഞ്ഞിട്ടും എഴുന്നേൽക്കാനാവാത്തവിധം തളർന്നുകിടപ്പിലായിരുന്നു ഗൗതമി. കണ്ണുകൾ അപ്പോഴും തോർന്നില്ല. അനസൂയ കൊണ്ടുവെച്ച ഭക്ഷണം തണുത്തിരുന്നു. പ്രിയംവദ ഇപ്പോഴും കരഞ്ഞുകൊണ്ട് അരികിലിരുന്ന് വീശുന്നുണ്ട്.
മഹർഷി മുറിയിലേക്ക് കടന്നപ്പോൾ അനസൂയയും പ്രിയംവദയും എഴുന്നേറ്റ് വന്ദിച്ച് പുറത്തേക്ക് പോയി.
അന്നാദ്യമായി കണ്വൻ ഗൗതമിക്കരികിൽ ഇരുന്നു. തണുത്ത കരസ്പർശം നെറ്റിയിൽ അനുഭവപ്പെട്ടപ്പോൾ ഗൗതമി കണ്ണുതുറന്നു. പിന്നെ നിലവിട്ട് പൊട്ടിക്കരഞ്ഞു.
"ഭദ്രേ, നീയെന്തിനാണിങ്ങനെ വിഷമിക്കുന്നത്? ഇതെല്ലാം ദൈവനിയോഗങ്ങളാണെന്ന് നിനക്കും അറിവുള്ളതല്ലേ? നമ്മുടെ മകൾ ഇപ്പോൾ അവളുടെ അമ്മയുടെ അരികിൽ സുരക്ഷിതയാണ്. "
"അവളുടെ അമ്മ! അത്... അത് ഞാനല്ലേ?"
"അല്ല ഗൗതമി.. നീയും ഞാനുമൊക്കെ അവളുടെ ജീവിതയാത്രയിൽ കുറച്ചുകാലം മാത്രം ഉള്ള സഹചാരികൾ ആയിരുന്നു. അന്ന് വിളിക്കാനെളുപ്പത്തിന് അച്ഛനും അമ്മയും ആയി."മഹർഷിയുടെ വാക്കുകൾ ഇടർച്ചയോടെ നിലച്ചു.
ഏറെ നേരത്തെ മൗനത്തിനുശേഷം ദീർഘനിശ്വാസത്തോടെ ഗൗതമി എഴുന്നേറ്റിരുന്നു. രണ്ടുകൈകളും നീട്ടി മഹർഷിയുടെ കരം ഗ്രഹിച്ചു.
"മഹാമുനേ... എല്ലാം എനിക്ക് മനസ്സിലാവുന്നു. ഗൗതമിയുടെ ജീവിതലക്ഷ്യം പൂർത്തിയാക്കപ്പെട്ടു. ഇനി എനിക്കിവിടെ ചെയ്യാനൊന്നുമില്ല. "
കണ്വമഹർഷി ആശ്ചര്യത്തോടെ അവരെ നോക്കിയിരുന്നതല്ലാതെ ഒന്നുമുരിയാടിയില്ല.
"തപഃശ്ശക്തിയുള്ളയാളല്ലേ അങ്ങ്! അങ്ങേയ്ക്കെന്റെ ജീവിതം അവസാനിപ്പിച്ചുതരാനാവില്ലേ ? എന്റെ ആത്മാവിനെ ഭഗവാനിൽ അർപ്പിക്കാൻ അങ്ങ് സഹായിക്കില്ലേ?"
"ഗൗതമീ.... എന്തൊക്കെയാണ് പുലമ്പുന്നത്?"
ഗൗതമി ഒന്നും മിണ്ടാതെ സാവധാനം എഴുന്നേറ്റ് കണ്വൻറെ കാലിൽ നമസ്കരിച്ചു. പിന്നെ പ്രാർത്ഥനാമന്ത്രങ്ങളുരുവിട്ടുകൊണ്ട് രുദ്രാക്ഷം മുറുകെ പിടിച്ച് കൈകൾ നെഞ്ചോട് ചേർത്ത് വറ്റിപ്പോയ കണ്ണുകളടച്ച് നിവർന്നുകിടന്നു.
-----
അനുബന്ധം : കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിൽ അധികമൊന്നും അറിയപ്പെടാതെ പോയ ഒരു കണ്വാശ്രമവാസിയായ ഗൗതമിക്ക് ശകുന്തളയുടെ പോറ്റമ്മയെന്ന സ്ഥാനം കൊടുത്തതും കൊട്ടാരത്തോളം അനുഗമിക്കാനും അവൾക്കുവേണ്ടി രാജാവിനോട് വാദിക്കാനും അവസരം കൊടുത്തത് എന്റെ പ്രിയകൂട്ടുകാരിയും 'മുദ്രാംഗുലീയ'മെന്ന നാടകത്തിന്റെ എഴുത്തുകാരിയുമായ ലീസ മാത്യു @Subish Leeza ആണ്. ശകുന്തളവും മുദ്രാംഗുലീയവും കടന്നുപോരുമ്പോൾ ഒന്നരമണിക്കൂർ വേദിയിൽ ഗൗതമിക്ക് ജീവൻ കൊടുത്തവളുടെ ഭാവനയാണിതെന്നും മേൽപ്പറഞ്ഞ ആരുമായും ഒന്നുമായും ബന്ധമില്ലെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
- Soonaja

💛 ട്രാഫിക് ജാം 💙 - Story by Soonaja

 

💛 ട്രാഫിക് ജാം 💙
ഓഫീസിൽ നിന്നിറങ്ങി മൂന്നാമത്തെ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോഴാണ് രമേശൻ രണ്ടാമത്തെ തവണ വീട്ടിലേക്ക് വിളിച്ചത്. നിർമ്മലാമ്മയപ്പോൾ മണിക്കുട്ടിക്ക് ചോറുവാരി കൊടുക്കുകയായിരുന്നു. ടീവിയിൽ ഡോറയുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് മണിക്കുട്ടി അറിയാതെ വായ തുറന്നുകൊണ്ടിരുന്നു.
"അമ്മമ്മേ, ഈ കണക്കൊന്ന് പറഞ്ഞുതരുവോ?" ഡോറയിലും ഹോം വർക്കിലുമായി മനസയച്ചു ഉണ്ണിക്കുട്ടൻ ഡൈനിങ് ടേബിളിൽ ഇരുന്ന് ഉറക്കം തൂങ്ങി.
ഫോൺ കഴുത്തിനും തോളിനുമിടയിൽ ഉറപ്പിച്ചുകൊണ്ട് നിർമ്മലാമ്മ അതിവിദഗ്ധമായി ചോറുരുട്ടുകയും ഇടതുകൈ കൊണ്ട് അക്കങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തുകൊണ്ടിരുന്നു.
"'അമ്മ എന്താ നേരത്തെ ഒന്നും പറയാതെ ഫോൺ വെച്ചത്?"
"കുട്ടി ചെയ്യുന്ന കാര്യത്തോട് എനിക്ക് യോജിപ്പില്ലാത്തതുകൊണ്ടുതന്നെ!" അത്രയും പറഞ്ഞു അവർ വീണ്ടും ഫോൺ കട്ട് ചെയ്തു. ഇത്തവണ ഫോൺ കഴുത്തിനിടയിൽനിന്നും സോഫയിലേക്ക് വീണുപോയി.
മിററിൽ മുട്ടിമുട്ടിയില്ലാ എന്ന മട്ടിൽ വെട്ടിച്ചുപോയ ബൈക്കുകാരനെ തുറിച്ചുനോക്കിക്കൊണ്ട് രമേശൻ കാർ മുന്നോട്ടെടുത്തു.
കുറച്ചു വര്ഷങ്ങളായി രമേശന്റെ എല്ലാ ദിവസങ്ങളും ട്രാഫിക് ജാമിൽ കുരുങ്ങിയുള്ള പോക്കുവരവുകളും ജോലിഭാരവും കൊണ്ട് ചതഞ്ഞരഞ്ഞുപോയിരുന്നു. ഉറങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടിറങ്ങി ഒന്നരമണിക്കൂർ വഴിയിൽ ചെലവിട്ട് ഓഫീസിലെത്തി ജോലി കഴിഞ്ഞു തിരികെ രാത്രി വീട്ടിലെത്തുമ്പോഴും കുഞ്ഞുങ്ങൾ അതേ സ്ഥാനങ്ങളിൽ ഉറങ്ങിക്കിടന്നു.
കല്യാണം കഴിഞ്ഞു ബാംഗ്ലൂർക്ക് വന്ന ആദ്യനാളുകളിൽത്തന്നെ ഭംഗിയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്ന നീതുവിനോട് കുടുംബത്തിലെല്ലാവർക്കും സ്നേഹവും ആദരവും ആയിരുന്നു. രമേശന്റെ അമ്മ പോലും അവളെ പുകഴ്ത്തുന്നതുകണ്ടു കണ്ണുവെച്ചവർ പോലുമുണ്ടായിരുന്നു. എം സി എ ക്കാരിയാണെങ്കിലും ജോലിക്ക് പോയി സമ്പാദിച്ചു കുടുംബം നടത്തേണ്ടതില്ല എന്നായിരുന്നു അമ്മായിയമ്മയുടെ അഭിപ്രായം. മാത്രമല്ല വീട്ടിൽ നിന്നും മാറിനിന്നാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം അവതാളത്തിലാവുമെന്നും അവർ ഭയപ്പെട്ടു.
രണ്ടുകുട്ടികളായിട്ടും നീതു അവളുടെ പ്രവർത്തനമേഖലയിൽ മികവ് തെളിയിച്ചുകൊണ്ട് ഏവരെയും അസൂയപ്പെടുത്തിത്തന്നെ നിലകൊണ്ടു എന്നത് രമേശന് ബഹുകേമമായി തോന്നിയതുമില്ല. അങ്ങനെത്തന്നെയാണ് എല്ലാ ഭാര്യമാരും എന്ന് വിശ്വസിക്കാനും മാത്രം കാര്യപ്രാപ്തിയുള്ള സ്ത്രീകളായിരുന്നു അയാൾക്കു ചുറ്റുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽപ്പോലും ഭാര്യയെ പ്രശംസിക്കാനോ മറ്റുള്ളവരോട് അവളുടെ കഴിവുകൾ എടുത്തുപറയാനോ അയാൾ മെനക്കെട്ടതുമില്ല.
നീതുവിന്റെ പകൽവിശേഷങ്ങൾ കിടക്കവിരിയിലെത്തുമ്പോഴേക്കും തൊട്ടരികെ രമേശന്റെ കൂർക്കംവലി പശ്ചാത്തലസംഗീതമൊരുക്കുന്നുണ്ടാവും. ഇനി ഉറക്കം വരാത്ത രാത്രികളിൽ ഉറങ്ങാനുള്ള വ്യായാമം എളുപ്പത്തിൽ നിർവഹിച്ച് സുഖമായുറങ്ങാനും അയാൾക്ക് മടിയില്ല.
നീതുവിന്റെ വിശേഷങ്ങൾക്ക് ചെവിയോർക്കാൻ ഒരാളുണ്ടായതും അവൾ അതിൽ സന്തുഷ്ടയായതും അയാൾ അറിഞ്ഞത് ഒരു രാത്രിയിൽ ഓഫീസ് വിട്ടുവരുമ്പോൾ ഉണ്ണിക്കുട്ടന്റെ ഹോം വർക്ക് ബുക്കിന്റെ താൾ അയാളെക്കാത്ത് ടീവി സ്റ്റാൻഡിൽ താക്കോൽക്കൂട്ടങ്ങൾക്കടിയിലിരുന്നപ്പോൾ മാത്രമായിരുന്നു. ഉണ്ണിക്കുട്ടനപ്പോൾ നീതുവിന്റെ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു.
നീതുവിനെയും കുട്ടികളെയും ശ്രദ്ധിച്ചിരുന്നില്ല എന്ന് അപ്പോഴും രമേശന് തോന്നലുണ്ടായിരുന്നില്ല. ബന്ധുക്കളുടെ വീടുകളിലെ വിശേഷാവസരങ്ങളിലെല്ലാം കുടുംബസമേതം ഷോപ്പിംഗ് നടത്തി വസ്ത്രങ്ങളെടുക്കുകയും ട്രെയിനിലോ കാറിലോ മുടങ്ങാതെ നാട്ടിലേക്ക് പോവുകയും ചെയ്യുന്നതെല്ലാം ഒരു നല്ല കുടുംബനാഥനെന്ന് അഭിമാനിക്കത്തക്കതായതാണെന്ന് അയാൾ വിശ്വസിച്ചിരുന്നു.
വാർത്ത പുറത്തായതോടെ എന്ത് കഴിവുണ്ടായിട്ടും കാര്യമില്ലെന്നും സ്വഭാവമഹിമയാണ് വലുതെന്നും ഘോരഘോരം പ്രസംഗിക്കാൻ നാനാഭാഗത്തുനിന്നും ആളുകളെത്തി. സഹതാപപ്പുഴയിൽ കുഞ്ഞുങ്ങളെ മുക്കിത്തോർത്തി. അപമാനഭാരത്താൽ നാവടഞ്ഞുപോയ നീതുവിന്റെ അമ്മ നിർമ്മല വളർത്തുദോഷമെന്ന കുറ്റം ചുമത്തപ്പെട്ട അന്നുമുതൽ ആ വീട്ടിലെ തടങ്കൽ സ്വയം ശിക്ഷയാക്കി. നീര് വന്ന കാലിനെക്കുറിച്ചോർക്കാതെ ഏന്തിവലിഞ്ഞു ജോലികൾ ചെയ്ത് വീട്ടുകാര്യങ്ങൾ നോക്കി നിശബ്ദമായി ജീവിച്ചു. അമ്മയായിരുന്നു മകളെ ശ്രദ്ധിക്കേണ്ടിയിരുന്നതെന്ന ഒറ്റക്കുറ്റം ചാർത്തി ഭർത്താവും അവരോട് മിണ്ടാതെ മകനോടൊപ്പം ജീവിതമാരംഭിച്ചു.
അയൽഫ്ളാറ്റിലെ മനോഹർ പലപ്പോഴായി പകൽ സമയങ്ങളിൽ അവിടെ വന്നുപോയിരുന്നുവെന്നതും അയാളുടെ ഭാര്യ മാസങ്ങൾക്കുമുന്പേ പിണങ്ങിപ്പോയിരുന്നതാണെന്നും ഇടക്ക് ഒന്നോ രണ്ടോ തവണ നീതു അയാളോടൊപ്പം പുറത്തുപോകുന്നത് കണ്ടിട്ടുണ്ടെന്നും രമേശനോട് വാച്ച്മാൻ ഗണേഷ് ബാബുവാണ് പറഞ്ഞത്. ടീവി സ്റ്റാന്റിൽ നിന്നുകിട്ടിയ കടലാസുകഷ്ണം പാന്റ്സിന്റെ പോക്കറ്റിനുള്ളിലിരുന്ന കൈക്കുള്ളിൽ വീണ്ടും വീണ്ടും ഞെരുങ്ങിച്ചുരുണ്ടുകൊണ്ടിരുന്നു അയാളത് കേൾക്കുമ്പോൾ.
തിരികെ വീട്ടിലേക്ക് കയറുമ്പോൾ അപ്പുറത്തെ പൂട്ടിയിട്ട വാതിലിലേക്ക് അയാൾ വെറുതെ നോക്കി.
രമേശേട്ടാ, ഇന്നുണ്ടല്ലോ.. അപ്പുറത്തെ വീട്ടിലെ തെലുങ്കൻ വന്നിരുന്നു. മനോഹർ എന്നാണത്രെ പേര്. അയാളില്ലേ...."
"ഒന്ന് വേഗം പറയുന്നുണ്ടോ നീതു? നിന്റെയീ പുരാണം പറച്ചിൽ.. എനിക്ക് ഉറക്കം വന്നിട്ടുവയ്യ! തല പൊട്ടുന്നു.. "
"ന്നാ ഉറങ്ങിക്കോളൂ.."
"അല്ല ആരുവന്നൂന്നാ പറഞ്ഞെ?"
"ആരൂല്ല.. അപ്രത്തെ വീട്ടിലെ ആൾ മോര് ചോദിച്ചു വന്നതാ "
മറുപടിയായി രമേശന്റെ കൂർക്കംവലി ഉയർന്നപ്പോൾ നീതു പതിവുപോലെ തലയിണ മടക്കി ചെവിയടച്ചുകിടന്നു.
അതിനടുത്ത രാത്രിയിൽ നീതു വീണ്ടും എന്തോ പറയാൻ ചെന്നപ്പോൾ രമേശൻ അയാളുടെ കാറിൽ പോറലുണ്ടാക്കിയ ഓട്ടോക്കാരനോടുള്ള ദേഷ്യം തീർക്കുകയായിരുന്നു.
"വണ്ടീന്നിറങ്ങി രണ്ടുപൊട്ടിക്കാനാ തോന്നിയത്. സിഗ്നൽ വീണതുകൊണ്ട് ഇങ്ങു പോരേണ്ടിവന്നു. തെണ്ടിയെ ഒരുദിവസം എന്റെ കയ്യിൽ കിട്ടും !!"
നീതുവപ്പോൾ ഉണ്ണിക്കുട്ടന്റെ കണക്കിൽ ശ്രദ്ധിച്ച് മിണ്ടാതിരുന്നു.
പിന്നീടൊരു പ്രഭാതത്തിൽ ചുട്ടെടുത്ത ദോശ ചൂടോടെ പ്ളേറ്റിലേക്കിട്ടുകൊടുക്കുമ്പോൾ അവൾ മനോഹറിന്റെ ഭാര്യ കുഞ്ഞുങ്ങളുണ്ടാവാത്തത് അയാളുടെ കുറ്റമാണെന്നാരോപിച്ചു പിണങ്ങിപ്പോയതാണെന്ന് അയാളെ അറിയിച്ചു.
"നിങ്ങൾ പെണ്ണുങ്ങൾക്ക് വേറെ പണിയില്ല! സീരിയൽ കാണലും മറ്റുള്ളവരുടെ കാര്യത്തിൽ എത്തിനോക്കലും തന്നെ പണി..! "
നീതുവിന് കൂടുതൽ പറയാനാവുന്നതിനുമുമ്പേ അയാൾ വീണ്ടും പിറുപിറുത്തുകൊണ്ട് കൈ കഴുകാനെഴുന്നേറ്റു.
"വല്ലോരുടേം കാര്യമന്വേഷിക്കുന്ന നേരത്ത് ആ ചെക്കനെ പഠിപ്പിച്ചു നേരത്തെ പണി തീർത്തുവന്നു കെടക്കില്ല. മനുഷ്യൻ ഉറക്കം പിടിക്കുമ്പോ കഴുകിത്തുടച്ചു വന്നു കിടക്കും!"
നീതു ഇറങ്ങിപ്പോയ ദിവസം എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു ഉണ്ണിക്കുട്ടൻ ഉറങ്ങിയെങ്കിലും മണിക്കുട്ടി അമ്മയെക്കാണണമെന്നു കരഞ്ഞു ബഹളം വെച്ചുതുടങ്ങിയപ്പോൾ അയാൾ നീതുവിന്റെ അനുജൻ നിഖിലിനെ വിളിച്ചു. ഇങ്ങനൊരു സന്ദർഭത്തെ എങ്ങനെ നേരിടണമെന്ന് അയാൾക്കപ്പോഴും ബോധ്യമുണ്ടായിരുന്നില്ല.
നിഖിലിനോടൊപ്പം വന്ന നിർമലാമ്മ രമേശനോട് ഒന്നും സംസാരിക്കാതെ, കരഞ്ഞുറങ്ങിപ്പോയ മണിക്കുട്ടിയുടെ അരികിലിരിക്കുകയാണുണ്ടായത്.
പലതവണ മനോഹറിന്റെ ഫോണിൽ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ പുകഞ്ഞ കൊള്ളി പുറത്തെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് നിഖിൽ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി. പിന്നീട് അമ്മയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് കൊണ്ടുവരാനല്ലാതെ അയാൾ ആ വഴിക്ക് വന്നതേയില്ല.
നീതുവിനെയും മനോഹറിനെയും കുറിച്ച്‌ വിവരങ്ങളൊന്നും അറിയാതെ കടന്നുപോയ ദിവസങ്ങൾക്കിടയിലൊരിക്കൽ മനോഹർ താമസിച്ച ഫ്ലാറ്റിനുടമ രമേശന്റെ വാതിലിൽ മുട്ടി. വിശാഖപട്ടണത്തിലെ വീടിന്റെ മേൽവിലാസമെഴുതിയ കടലാസ്‌ അയാൾ ഇറങ്ങിയ ഉടനെ കീറിക്കളഞ്ഞത്‌ നിർമ്മലാമ്മയായിരുന്നു.
അന്നുരാത്രി ചപ്പാത്തിക്കുള്ള കറി വിളമ്പുമ്പോൾ നിർമ്മലാമ്മ രമേശനോട്‌ പറഞ്ഞു,
"കുട്ടി ഇനി അവളെ അന്വേഷിക്കരുത്‌!" രമേശനപ്പോൾ ഒന്നും മിണ്ടാതെ മേശമേലുള്ള വെള്ളത്തിനായി കൈ നീട്ടി.
കുറച്ചുദിവസങ്ങൾക്കുശേഷമൊരു ട്രാഫിക് സിഗ്നലിൽ ഊഴം കാത്തുകിടക്കുമ്പോൾ റോഡ് ക്രോസ് ചെയ്തവരുടെ കൂട്ടത്തിൽ നീതുവിനെ കണ്ടതുപോലെ രമേശന് തോന്നി. അടുത്ത സിഗ്നലിൽ നിന്നും യു ടേൺ എടുത്തുവന്നെങ്കിലും ഫലം നിരാശയായിരുന്നു. എന്നാൽ തുടർന്നുള്ള യാത്രകളിൽ ആ സിഗ്നലിൽ ഏറെ നേരം തേടിയലയാൻ അയാളുടെ കണ്ണുകൾ മടിച്ചില്ല. അതുകൊണ്ടാവും ഒരിക്കൽകൂടി അവൾ വീണ്ടും മുന്നിലെത്തിയത്. റോഡിനെതിരെയുള്ള ആശുപത്രിയുടെ പടി കടന്ന് അവൾ വേഗം ഉള്ളിലേക്ക് നടന്നുപോയപ്പോൾ ഒന്ന് വിളിക്കാനാവാതെ രമേശൻ കുഴങ്ങി.
ആശുപത്രി റിസപ്‌ഷനിലെ മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം അയാൾ വീണ്ടും അവളെ കണ്ടു. നന്നേ ക്ഷീണിച്ചു പാറിപ്പറന്ന മുടിയുമായി അവൾ അയാളുടെ മുന്നിലേക്ക് വന്നു.
അവളെ അനുഗമിച്ചെത്തിയ മുറിയിൽ കാലിലും മുഖത്തും നീരുവന്ന ഒരു രൂപം കട്ടിലിൽ കിടന്നുകൊണ്ട് പരിചിതഭാവത്തിൽ ചലിച്ചപ്പോൾ ഫ്ലാറ്റിൽ വെച്ച് കണ്ടവരുടെ മുഖഛായ തിരയുകയായിരുന്നു രമേശൻ.
"ഡയാലിസിസ് കഴിഞ്ഞു ഇപ്പോൾ റൂമിൽ കൊണ്ടുവന്നതേയുള്ളൂ " കിടക്കവിരിയുടെ ചുളിവുകൾ നിവർത്തിക്കൊണ്ട് രമേശനെ നോക്കാതെ നീതു പറഞ്ഞു. ബൈസ്റ്റാൻഡറുടെ കട്ടിലിൽ കിടന്നിരുന്ന വൃദ്ധ രമേശനെ കണ്ട് നരച്ച ചേല നേരെയാക്കിക്കൊണ്ട് എഴുന്നേൽക്കാൻ ബദ്ധപ്പെട്ടു. ഫ്ലാസ്കിലെ ചായ ഗ്ലാസിലേക്ക് പകർന്ന് നീട്ടാനൊരുങ്ങുമ്പോഴേക്കും ശരവേഗത്തിൽ രമേശൻ അവിടെ നിന്ന് ഇറങ്ങി നടന്നിരുന്നു.
ആ പകൽ മുഴുവൻ രമേശൻ വീട്ടിലേക്കും ഓഫീസിലേക്കും പോകാതെ തിരക്കുപിടിച്ച റോഡിൽ വെറുതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളിൽ മണിക്കൂറുകളോളം കിടന്നും ചിലപ്പോൾ വിജനമായ വഴിയിലൂടെ ബഹുദൂരം ഒരേ വേഗത്തിൽ നീങ്ങിയും അയാൾ ചിന്തയിലാണ്ടു.
അടുത്ത ദിവസങ്ങളിൽ രമേശൻ ഓഫീസിലേക്കെന്നപോലെ രാവിലെ ഇറങ്ങിയെങ്കിലും കുറുകെ ചാടിയ ഓട്ടോക്കാരനെയും റോങ് സൈഡിൽ വന്ന് ഡോറിൽ ഉരച്ച കാറുകാരനെയും ചീത്തവിളിക്കാൻ മറന്ന് മറ്റെന്തൊക്കെയോ തീരുമാനങ്ങളിലൂടെയും അവ നടപ്പിലാക്കാനുള്ള പദ്ധതികളിലൂടെയും വണ്ടിയോടിച്ചുകൊണ്ടിരുന്നു.
നാലാമത്തെ ദിവസം ഉച്ച തിരിഞ്ഞാണ് അയാൾ ഓഫീസിലെത്തിയത്. അവധി നീട്ടിയെടുക്കുന്നതിനുമുൻപ് കുറച്ചു കാര്യങ്ങൾ അവിടുള്ളവരെ പറഞ്ഞേൽപ്പിക്കാനുണ്ടായിരുന്നു. ചിലരൊക്കെ പറഞ്ഞും കേട്ടും വാർത്തകൾ അവിടെയുമെത്തിയതുകൊണ്ടാവണം ആരും അയാളോട് അധികമൊന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഓഫീസിൽ നിന്നുമിറങ്ങി രണ്ടാമത്തെ ബ്ലോക്കിൽ വെച്ച് അയാൾ നിർമ്മലാമ്മയെ വിളിച്ച്‌ നീതുവിനെ കൂട്ടിക്കൊണ്ടുവരാൻ പോവുകയാണെന്നറിയിച്ചപ്പോഴാണ് മറുപടി പറയാതെ അവർ ഫോൺ കട്ട് ചെയ്തത്.
രമേശൻ ആശുപത്രിയിലേക്ക് കയറുമ്പോഴാണ് മനോഹറിന്റെ മൃതദേഹവുമായി അയാളുടെ അമ്മയും ബന്ധുക്കളുമടങ്ങിയ ആംബുലൻസ് അയാളെ കടന്നുപോയത്. കാർ പാർക്ക് ചെയ്ത് പകപ്പോടെ ഓടിവരുമ്പോൾ റിസപ്‌ഷനിലെ കസേരയിൽ നീതു കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ കലങ്ങിയിരുന്നെങ്കിലും അവൾ രമേശന്റെ മുന്നിൽ തേങ്ങിയില്ല. തുറന്നുകാട്ടിയ കാറിനുള്ളിലേക്ക് നിശ്ശബ്ദയായിത്തന്നെ കയറിയിരുന്നു.
ഉറങ്ങുന്ന മണിക്കുട്ടിക്കരികിൽ ഉണ്ണിക്കുട്ടനെ കിടത്തി കഥ പറഞ്ഞുകൊണ്ട് നിർമ്മലാമ്മ ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി അലമാരയിൽ വെച്ചു.
രണ്ടാം താക്കോലിട്ട് വാതിൽ തുറന്ന് രമേശനും പിന്നാലെ നീതുവും വീട്ടിലേക്ക് കയറിയപ്പോൾ നിർമ്മലാമ്മ ധൃതിയിൽ വിളക്കുകെടുത്തി മണിക്കുട്ടിയുടെ അടുത്ത് ഉറക്കം നടിച്ചുകിടന്നു. നീതു വന്നതും അവരുടെ കാൽക്കലിരുന്ന് മക്കളെ തലോടിയതും അറിഞ്ഞെങ്കിലും അവർ കണ്ണുതുറന്നതേയില്ല.
പിറ്റേന്ന് പതിവ് സമയവും കഴിഞ്ഞാണ് രമേശൻ ഉണർന്നത്. ജനാലക്കപ്പുറത്ത് സൂര്യൻ ചിരിച്ചുനിന്നു. ഒരു ദീർഘനിശ്വാസത്തോടെ അയാൾ കണ്ണാടിനോക്കി പുഞ്ചിരിച്ചു. പ്രഭാതകൃത്യങ്ങൾ നിർവഹിച്ചിറങ്ങി ഹാളിലെത്തി. അടുക്കളയിലേക്ക് എത്തിനോക്കാൻ ഒരു മടി. നീതുവിനോട് എന്തുപറഞ്ഞു സംസാരിച്ചുതുടങ്ങണമെന്നറിയില്ല. പിണക്കം മാറാത്തതുകൊണ്ടാവും നിർമ്മലാമ്മ മുറിവിട്ടിറങ്ങാതെ കട്ടിലിൽത്തന്നെയിരുന്ന് കുട്ടികളോടൊത്ത് കളിക്കുന്നത്.
പാതി തുറന്നുകിടന്ന ഉമ്മറവാതിൽ കണ്ട് തെല്ല് സംശയത്തോടെ മുന്നോട്ട് നടക്കുമ്പോൾ ടീവി സ്റ്റാൻഡിൽ താക്കോൽ കൂട്ടത്തിനടിയിൽ ഉണ്ണിക്കുട്ടന്റെ ബുക്കിലെ മറ്റൊരു താൾ കാറ്റത്ത് ഇളകിക്കൊണ്ട് അയാളുടെ ശ്രദ്ധ ക്ഷണിച്ചു.
- സൂനജ