About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

അമ്മ

 രണ്ടാം ക്ലാസ്സിലായിരുന്നു ആദ്യമായി പാടാൻ വേണ്ടി സ്റ്റേജിൽ കയറിയത്. അതേ വിദ്യാലയത്തിൽ അഞ്ചിൽ പഠിക്കുന്ന ചേച്ചി ധൈര്യം പകർന്ന് സ്റ്റേജിന്റെ വശത്ത് നിൽപ്പുണ്ട്. മൈക്കിന് മുന്നിലെത്തി തല ഉയർത്തിനോക്കി, ചിരിക്കുന്ന കൂട്ടുകാരെയും അക്ഷമയോടെ കാത്തിരിക്കുന്ന ടീച്ചർമാരെയും ഒന്നും കണ്ടില്ല. "മൂകാംബികേ.. " എന്ന് പാടിത്തുടങ്ങി, ബാക്കി വരികൾ ഒന്നും വരുന്നില്ല. കണ്ണുതള്ളി വശത്തേക്ക് നോക്കി, "മച്ചേച്ചീ....." എന്ന് വിളിക്കലും ഓടി ചേച്ചിടെ അടുത്തെത്തലും സെക്കന്റുകൾക്കുള്ളിൽ നടന്നു. അതിനുശേഷം ഒരിക്കലും കയറില്ല എന്നായിരുന്നു അന്ന് കരുതിയത്.

അടുത്ത വർഷമായപ്പോഴേക്കും മോശമല്ലാതെ പാടുന്ന കുടുംബത്തിൽ നിന്നായതുകൊണ്ടും ചേച്ചിമാരുടെ സാക്ഷ്യപ്പെടുത്തൽ കൊണ്ടുമാവണം ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനമത്സരത്തിന് എന്റെ പേര് കൊടുക്കാൻ ടീച്ചർമാർ തീരുമാനിച്ചത്. അപ്പോഴേക്കും ആകാശവാണിയിലെ ലളിതസംഗീതപാഠത്തിൽ നിന്നും ഒരു സുന്ദരൻ ആനന്ദഭൈരവി ഞാൻ പഠിച്ചിരുന്നു, അഥവാ ചേച്ചിമാർ കുത്തിയിരുത്തി പഠിപ്പിച്ചിരുന്നു.
"ആലിലകൾ കൈകൊട്ടിപ്പാടിയിന്നും.. ആനന്ദഭൈരവി രാഗത്തിൽ " എന്നുതുടങ്ങുന്ന ഗാനം. അങ്ങനെ ഞാൻ ആദ്യമായി മത്സരിച്ചു. സ്റ്റേജിൽ നിന്നും എന്നെ എടുത്തിറക്കിയത് ഒൻപതിൽ പഠിക്കുന്ന എന്റെ ചേച്ചിയാണ്. അമ്മക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസത്തെ ലോസ് ഓഫ് പേ പോലും അന്ന് അമ്മക്ക് താങ്ങുന്നതായിരുന്നില്ല. അച്ഛനോ അമ്മയോ ലാളിച്ചും അഭിനന്ദിച്ചും ചേർത്തുനിർത്തിയിരുന്ന മറ്റുകുട്ടികളെ കണ്ടപ്പോഴുള്ള വിഷമം മാറിയത് "സൂനജക്കാണ് ഒന്നാം സമ്മാനം" എന്ന് പറഞ്ഞോടിവന്നു കെട്ടിപ്പിടിച്ച പാട്ടുടീച്ചറുടെ ഷിഫോൺ സാരിയുടെ ഫോറിൻ പെർഫ്യൂം മണമടിച്ചപ്പോഴാണ്.
അന്നുമുതൽ കുറെ വർഷം ഇതേ പോലെ മത്സരങ്ങൾ ഉണ്ടാവുകയും അന്നൊക്കെ ഞാൻ ചേച്ചിയുടെയും ടീച്ചര്മാരുടെയും അകമ്പടിയോടെ പോയി സമ്മാനം വാങ്ങുകയും ചെയ്തുവന്നു.(ചുമ്മാ തള്ളിയതല്ല സത്യാട്ടോ 😁)
എന്നാൽ ആ സുവർണകാലം ഏഴാം ക്ലാസുവരെയെ ഉണ്ടായുള്ളൂ. ആ കൊല്ലത്തെ ഉപജില്ലാകലോത്സവം നടന്നത് ഒരു മലയോരഗ്രാമത്തിലെ സ്‌കൂളിലായിരുന്നു. മലമുകളിലെ വിദ്യാലയം. ചുറ്റും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങൾ. ചെമ്മണ്ണ് പാതകൾ. എല്ലാം ആസ്വാദ്യമായിരുന്നുവെങ്കിലും എന്റെ തൊണ്ട നല്ല പണി തന്നു. തലേ ദിവസം ജലദോഷവും അതിഗംഗീരമായ തൊണ്ടയടപ്പും! വിചാരിച്ചപോലെ തൊണ്ട കയ്യിൽ നിൽക്കുന്നില്ല. ഹൈ പിച്ച് പാടുമ്പോൾ കാറ്റ് മാത്രമാണ് വരുന്നത്. എല്ലാവർക്കും ടെൻഷനായി. അന്നും പതിവുപോലെ അമ്മ കുരുമുളകും കൽക്കണ്ടവും ജീരകവും ചേർത്തുപൊടിച്ച്‌ കുഞ്ഞുഡപ്പിയിലാക്കി തന്നുവിട്ടു. പാടാറാവുമ്പോഴേക്കും എല്ലാം മാറിക്കോളും എന്ന് ധൈര്യവും പകർന്നു.
ചെസ്റ്റ് നമ്പർ കുത്തി ഊഴം കാത്തുനിൽക്കേ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചുരുണ്ടമുടിയുള്ള സുന്ദരിക്കുട്ടി എനിക്കുമുന്പേ കയറി "ഇരയിമ്മൻ തമ്പി നൽകും ഈരടി" എന്ന് തുടങ്ങുന്ന മറ്റൊരു ആനന്ദഭൈരവി ഭംഗിയായി പാടി. അതും കൂടി കേട്ടതോടെ തൊണ്ടയടപ്പിന്റെ പേരിൽ കുറേശ്ശേ മുറിഞ്ഞുതുടങ്ങിയ എന്റെ ആത്മവിശ്വാസത്തിന്റെ ശാഖകൾ ഒന്നൊന്നായി ഒടിഞ്ഞുവീണുതുടങ്ങി. എങ്കിലും മനസ് പറഞ്ഞു, "നീ ഒന്നാം സ്ഥാനക്കാരിയാണ്, അത് നിനക്കുള്ളതാണ്!"
വിജയദശമി തിരുനാളിൽ എന്ന പാട്ടായിരുന്നു പാടിയത്. വൈകുന്നേരം മഞ്ഞിറങ്ങിത്തുടങ്ങിയിരുന്നതിനാൽ തൊണ്ട നല്ലപോലെ പിണങ്ങിയിരുന്നു. എങ്കിലും ഫലപ്രഖ്യാപനം വരെ പ്രതീക്ഷ വെടിഞ്ഞില്ല. പക്ഷെ ഒന്നാം സ്ഥാനം എനിക്കല്ല. എ ഗ്രേഡോടെ രണ്ടാംസ്ഥാനം. സങ്കടം സഹിക്കാനാവുന്നില്ല. അഹങ്കാരത്തിനു അടിയേറ്റു. ചേച്ചിയും കൂട്ടുകാരും ടീച്ചർമാരും സാന്ത്വനിപ്പിച്ചു. വയ്യാത്തതുകൊണ്ടാണല്ലോ, അടുത്ത വർഷം നമ്മൾ എടുത്തിരിക്കും എന്നൊക്കെ സമാധാനിപ്പിച്ചു. കണ്ണുനീരൊക്കെ വന്നെങ്കിലും അടക്കി മിണ്ടാതിരുന്നു.
കൂട്ടുകാരെല്ലാം നാടോടിനൃത്തം കാണാനോ മറ്റോ അപ്പുറത്തേക്ക് പോയി. സകലതും നഷ്ടപ്പെട്ടതുപോലെ തകർന്നിരിക്കുകയാണ് ഞാൻ. അന്ന് അതിലും വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാനില്ലല്ലൊ ഒരു ഏഴാം ക്ലാസുകാരിക്ക്‌. ഓർത്തിട്ടും ഓർത്തിട്ടും സ്വയം സമാധാനിക്കാനാവുന്നില്ല. ഞങ്ങൾക്കായി തന്ന ക്ലാസ്മുറിയുടെ ജനാലക്കൽ ദൂരെ നീല മലനിരകളും നെൽപ്പാടങ്ങളും റബർ തോട്ടങ്ങളും നോക്കി കണ്ണീരോടെ ഞാൻ നിന്നു. സൂര്യൻ ആകാശമാകെ ചെഞ്ചായം പൂശിത്തുടങ്ങിയിരുന്നു. നോക്കിനിൽക്കെ ചെമ്മൺപാതയിലൂടെ ഇളംനിറത്തിലുള്ള സാരിയുടുത്ത ഒരു സ്ത്രീ നടന്നു കയറി എന്റെ നേരെ വരുന്നു. എന്റെ അമ്മ! ജോലി കഴിഞ്ഞു വരുന്ന വഴി എന്റെ പാട്ടുകേൾക്കാൻ കയറിയതാണ്, പാവം. ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അതെന്ന് ഞാൻ പറയും. ആ നെഞ്ചോരത്തേക്കാൾ വലുതായി മറ്റെന്ത് അഭയമാണെനിക്ക് കിട്ടേണ്ടത്?!
അന്ന് അങ്ങനെ ചേർന്നിരുന്ന നിമിഷങ്ങളിൽ ഞാൻ പതം പറഞ്ഞു ഉറക്കെയുറക്കെ കരഞ്ഞിട്ടുണ്ട്‌. അമ്മ എനിക്ക്‌ ഇതിലും ഭംഗിയായി പാടാനാവുമെന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. തോൽവികളും ഏറ്റുവാങ്ങാൻ എന്നെ പ്രാപ്തയാക്കിയിട്ടുണ്ട്‌.
അമ്മ ഞങ്ങളെ വിട്ടുപോയിട്ട് പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സങ്കടസന്ധികളിൽ വഴിമുട്ടി അനാഥമായി നിൽക്കേണ്ടിവരുമ്പോൾ ആ ഒരു വരവ് ഞാൻ ആശിക്കാറുണ്ട്. ഞാൻ മാത്രമല്ല.. ഞങ്ങളേഴുപേരും ഒരുപോലെ കൊതിക്കാറുണ്ട്.

No comments: