About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

ജയന്തി

 ചെന്നൈയിൽ ആദ്യമായെത്തുന്നത് കത്തിരിവെയിൽ എരിഞ്ഞുനിൽക്കുന്ന മാസത്തിലായിരുന്നു. ഹോസ്റ്റലിലെ വേവ് കുറഞ്ഞ ചോറും രസത്തിന്റെ സ്വന്തം കുഞ്ഞമ്മേടെ മോനായ സാമ്പാറും ഏതാണ്ടൊരു 'പൊരിയലും' പൊതിഞ്ഞെടുത്തു ജോലിക്ക് പോവും. ഉച്ചക്ക് എല്ലാവരും ഒരുമിച്ചു കഴിക്കാനിരിക്കുമ്പോൾ ഹോസ്റ്റൽവാസികളായ ഞാനും ജയന്തിയും നമ്മുടെ പാത്രത്തിലേത് അവർ കാണാതിരിക്കാൻ കുറച്ചു മാറിയിരിക്കും.

വീട്ടിൽ നിന്ന് വരുന്നവരുടെ പാത്രങ്ങളിൽ നിന്നും കൊതിപ്പിക്കുന്ന ഗന്ധമുയരുമ്പോൾ ജയന്തി എന്നെ ദയനീയമായി നോക്കും. അവളുടെ 'അമ്മ ഉണ്ടാക്കുന്ന തമിഴ് കൂട്ടുകളുടെ വാസനയാണത്. കൺകോണിൽ നനവ് പടർത്തി എന്റെയടുത്തേക്ക് ചാഞ്ഞിരുന്ന് ചിണുങ്ങും, "ഊരുക്ക് പോണംമാതിരിരുക്ക് ഡീ.. അമ്മാവോടെ വത്തക്കൊളമ്പ് സാപ്പിടണോടീ "
ജയന്തി എന്നെക്കാൾ വലിയ പ്രാരാബ്ധക്കാരി ആയിരുന്നു. അന്യസംസ്ഥാനക്കാരിയായതുകൊണ്ടായിരുന്നു എനിക്ക് അഞ്ഞൂറ് രൂപ അവളെക്കാൾ കൂടുതൽ കിട്ടിയിരുന്നത്. കിട്ടുന്നതിൽ മൂന്നിൽ രണ്ടു ഭാഗവും ഹോസ്റ്റൽ ചിലവിലേക്ക് പോവുന്നതുകൊണ്ട് അവിടുന്ന് കിട്ടുന്ന എന്തും കഴിക്കാൻ നിർബന്ധിതരായി ഞങ്ങൾ.
ശമ്പളം കിട്ടുന്ന ആദ്യയാഴ്ചയിൽ ഞാനും ജയന്തിയും ഒന്നിച്ചു പുറത്തുനിന്നും കഴിക്കുമായിരുന്നു. വലിയ ചോലെ ബട്ടൂര മുന്നിലെത്തുമ്പോൾ ജയന്തി കൊച്ചുകുട്ടിയെ പോലെ 'അയ്' എന്ന് ശബ്ദമുണ്ടാക്കും. എന്നിട്ട് ആർക്കും കൊടുക്കാതെ വേഗം വേഗം തിന്നു തീർക്കും. പിന്നെയാണ് കേസരിയിൽ കൈ വെക്കുന്നത്.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സതീഷ് ജയന്തിയോട് പ്രണയം അഭിനയിച്ചിരുന്നു. അവളാണെങ്കിൽ തമിഴ് സിനിമയിലെ തനി ഗ്രാമത്തുപൊണ്ണായി. കാലത്തും നേരത്തും അവൻ നെനപ്പിലേ.... അങ്ങനെ നടന്നു. ഞാൻ ആ തൊഴിലിടം വിടുമ്പോഴും അവരുടെ പ്രണയം ബീച്ചിലും ഓഫിസിലെ ഇടനാഴികളിലുമൊക്കെയായി പടർന്നുപന്തലിച്ചിരുന്നു. ഇടയ്ക്കിടെ ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം ജയന്തി വിശേഷങ്ങൾ പങ്കുവെച്ചു നാണിച്ചു ചിരിച്ചു. പിന്നീടൊരിക്കൽ ഫോണിൽ സതീഷ് ദൂരെ എവിടേക്കോ പോവുകയാണെന്ന് പറയുമ്പോൾ അവൾ വിതുമ്പി. എന്നാൽ അവൾ താമസം മാറി ഞങ്ങളുടെ ഹോസ്റ്റലിലേക്ക് വന്ന രാത്രി ടെറസിൽ നിലാവ് നോക്കിയിരുന്നപ്പോൾ അവളുടെ തിങ്ങിയ കൺപീലികളിൽ നീർത്തിളക്കം കണ്ടു. തോളിൽ കൈ വെച്ച് കാര്യമന്വേഷിച്ചപ്പോൾ "അവൻ സിറ്റി ബോയ് അല്ലെ.. ചുമ്മാ ടൈം പാസ്... നാമ താൻ ലൂസ് മാതിരി.." എന്ന് എന്നെ നിശ്ശബ്ദയാക്കിക്കൊണ്ട് ചിരിച്ചു.
പിന്നീട് ഒരുപാട് നാൾ അവൾ ചെന്നൈയിൽ നിന്നില്ല. പോകുന്നതിന് തലേന്ന് ഉഡുപ്പി ഹോട്ടലിൽ വത്തകുളമ്പും കാരക്കുളമ്പും കൂട്ടി ഒരുമിച്ച്‌ ചോറുണ്ണുമ്പോൾ ഇടതുകൈ കൊണ്ട്‌ എന്റെ കയ്യിൽ മുറുകെ പിടിച്ചു. "യേ അണ്ണാട്ടെ രൊമ്പ കേട്ടതാ സൊല്ല്.. " എന്റെ കഥകളിലൂടെ മാത്രമറിഞ്ഞ നായകനെ സഹോദരനാക്കി അപ്പൊഴേക്കും പാവം.
ബസ്‌ കയറാൻ നിൽക്കുമ്പോൾ കരച്ചിലിനെ ചിരിയാക്കി എന്നെ ചേർത്തുപിടിച്ചു.
"യെന്നെ മറക്കമാട്ടിയേ?"
"ഇല്ലെടീ.. "
"ഇന്ത ഊരിലെ എനക്ക് പുടിച്ചത് ഉന്നൈ മട്ടും താൻ ഡീ.."
മിണ്ടാതെ തലയാട്ടിയതേയുള്ളൂ. അവളുടെ മൂക്കുത്തിത്തിളക്കം അവ്യക്തമാകുന്നതറിഞ്ഞു. ഒരുപാട്‌ സ്നേഹം പിന്നെയും കൈത്തണ്ടയിൽ വിരലാൽ അമർത്തി പകർന്ന് അവൾ യാത്രയായി.
ആ സൗഹൃദം എന്തൊക്കെയോ കാരണത്താൽ തുടരാനായില്ല. ഒരുതരത്തിൽ സതീഷും ഞാനും അവളോട്‌ ചെയ്തത്‌ ഒന്നുതന്നെ. അത്‌ ഒരുപക്ഷേ കാലത്തിന്റെ തീരുമാനങ്ങളാവാം. എല്ലാ ബന്ധങ്ങളും എല്ലാ കാലത്തും നമ്മോടൊപ്പമുണ്ടാവുന്നില്ല.
കാറ്റ്‌ കൊണ്ടുപോയ പാട്ടിന്റെ വരി പോലെയോ ഉതിർന്നുവീണ മുടിപ്പൂക്കൾ പോലെയോ പുഴയിലൊഴുകിപ്പോയ മൂക്കുത്തി പോലെയോ യാത്രക്കിടയിൽ വിട്ടുപോവുന്നു.
കാലം പുതിയ ബന്ധങ്ങൾ നമുക്ക്‌ തരുന്നു. എങ്കിലും ഓർമ്മകളുടെ പിൻബലത്താൽ മനസ്സ്‌ കാലത്തോട്‌ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്നു. 'മറക്കമാട്ടേൻ' എന്ന് ഹൃദയത്തിൽ പതിഞ്ഞുപോയ മുഖത്ത്‌ തൊട്ട്‌ സത്യം ചെയ്യുന്നു.
-സൂനജ

No comments: