About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, January 27, 2016

വാസുവും ഞാനും പിന്നെ കൈനെറ്റിക് ഹോണ്ടയും

ജീവിതം തന്നെ മാറ്റിമറിച്ച യാത്രകൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് എഴുതൂ എന്ന പരസ്യവാചകം കണ്ടു നടി റിമ കല്ലിങ്കലിന്റെ പുതിയ പുസ്തകത്തിലേക്ക്. അങ്ങനെ ഒരു സാഹസികയാത്ര ഒന്നും ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അത്തരമൊരു എഴുത്തിനും മുതിർന്നില്ല.

എന്നാൽ ചില രസകരങ്ങളായ യാത്രകൾ നടത്തിയിട്ടുണ്ട്. ഒരിക്കലും മറക്കാൻ പറ്റാത്തതോ വീണ്ടും ഓർത്തു ചിരിക്കാവുന്നതോ ഒക്കെയായവ.

ചെന്നൈയിലെ എന്റെ ഹോസ്റ്റൽ ജീവിതത്തിലെ അയൽമുറിയത്തിയും സുഹൃത്തുമായ വാസു എന്ന വസുന്ധരയുടെ കൂടെയായിരുന്നു അങ്ങനെയൊരു യാത്ര പോയത്.

അന്ന് വാസുവിന് തന്റെ എം ബി എ സഹപാഠിയുമായി അതിഗംഭീരമായ പ്രണയമുണ്ടായിരുന്നു. രണ്ടു ജാതി ആണെങ്കിലും ജാതകം ചേർന്നാൽ വീട്ടുകാരെ സമ്മതിപ്പിക്കാം എന്ന വിശ്വാസത്തിൽ വാസു പോയി കാണാത്ത ജ്യോത്സ്യന്മാർ ചെന്നൈ നഗരത്തിൽ കുറവായിരുന്നു. അവിടെയൊന്നും പൊരുത്തങ്ങൾ പത്തും തികഞ്ഞില്ല. ആ സങ്കടത്തിലേക്കാണ് നഗരത്തിൽ നിന്നും കുറച്ചകലെയുള്ള പട്ടണത്തിൽ എന്തും അച്ചട്ടായി പറയുകയും പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ പ്രതിവിധി നിർദേശിക്കുകയും ചെയ്യുന്ന പേരുകേട്ട മലയാളി ജ്യോത്സ്യർ ഉണ്ടെന്ന അറിവ് കുടപിടിച്ചിറങ്ങിവന്നത്. കേട്ടപാതി കേൾക്കാത്ത പാതി അവളോടി എന്റെയടുത്തെത്തി. മല്ലു ജ്യോത്സ്യർ പറയുന്ന ഒരു വാക്കുപോലും മനസിലാവാതിരിക്കരുതല്ലോ. അതുകൊണ്ട് ഞാൻ കൂടെ ചെന്നേ പറ്റൂ എന്ന്.. ആയിക്കോട്ടെ... ഒരു ചേതമില്ലാത്ത ഉപകാരമല്ലേ.. വേണെങ്കിൽ കൂട്ടത്തിൽ മ്മടെ ഉത്രാടവും പുണർതവും ചേരുമോ എന്നും കൂടെ ചോദിക്കാലോ..

അങ്ങനെ വാസുവിന്റെ കൈനെറ്റിക് ഹോണ്ടയിൽ ഞങ്ങൾ യാത്ര തിരിച്ചു. ശരിക്കും അതൊരു അടിപൊളി യാത്ര തന്നെയായിരുന്നു. നഗരം വിട്ട് പോകുംതോറും വിജനമായി വരുന്ന വഴിയിലൂടെ വാസുവിന്റെ പിന്നിൽ ഉറക്കെ പാടിയും ആർത്തുചിരിച്ചും ഒരു ഉന്മത്തമായ റൈഡ്! (അത്രേം സ്പീഡിൽ ആദ്യായിട്ടാ ഓടിച്ചത് എന്ന് പിന്നീടാ ആ പെണ്ണ് പറഞ്ഞെ)

അങ്ങനെ ചോയ്ച്ചുചോയ്ച്ച് ഞങ്ങൾ പ്രവചനക്കാരന്റെ ഗ്രാമത്തിലെത്തി. ഇരുവശങ്ങളിലും മുട്ടിയുരുമ്മിയിരിക്കുന്ന വീടുകൾ താണ്ടി ലക്ഷ്യ സ്ഥാനത്തെത്തി.

ഇവിടേം വിചാരിച്ചത്ര പൊരുത്തം ഉണ്ടായില്ലെങ്കിലും കുറെ പ്രതിവിധി കുറിച്ചു കിട്ടിയ സന്തോഷത്തിൽ വാസു തുള്ളിച്ചാടി അടുത്തമാസത്തെ ശമ്പളം അതിനായി അപ്പോൾത്തന്നെ ഡെഡിക്കേറ്റ് ചെയ്തു. അതെല്ലാം കണ്ടു പേടിച്ച് ഞാൻ എന്റെ നാള് പോയിട്ട് പേരുപോലും പറയാതെ എഴുന്നേറ്റു പോന്നു. ഒരു ഡെഡിക്കേഷൻ താങ്ങാവുന്നത്ര കനത്തതായിരുന്നില്ല മ്മടെ പഴ്സ്.

മടക്കയാത്രയിലും അതേ അടിച്ചുപൊളി തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോൾ ആരോ തങ്ങളെ പിന്തുടരുന്നുണ്ടോ എന്ന് വാസുവിന് ഒരു ശങ്ക. കുറച്ചുനേരമായി പിന്നിൽ ഒരു കറുത്ത വാഹനം സൈഡ് കൊടുത്തിട്ടും കേറിപ്പോവാൻ കൂട്ടാക്കുന്നില്ല.. തിരിഞ്ഞു നോക്കിയപ്പോൾ പല്ലിളിക്കുന്ന രണ്ടു തലകൾ പുറത്തേക്ക് നീണ്ടു. ഒപ്പം ഒരു കൈ വീശലും. ചെറുതായി പേടി തോന്നിയപ്പോൾ കുറച്ചു സ്പീഡ് കൂട്ടി നോക്കി. അപ്പോൾ അവരും ഉണ്ട് കൂടെ. പിന്നെ പേടിയായി. "എനിക്ക് വേറെ വഴിയില്ല സൂണ്‍ " എന്ന് മാത്രം പറഞ്ഞുകൊണ്ട് വാസു തൊട്ടടുത്ത  ഇടവഴിയിലേക്ക് വണ്ടി തിരിച്ചു നേരെ വിട്ടു.  കുറച്ചുനേരം. വെറുതെ ഒരു രസത്തിന് ഫോളോ ചെയ്തതാവാം, കുറച്ചുനേരം നോക്കിയിട്ട് അവർ പോയിക്കാണും. എന്തായാലും ചെമ്മണ്ണിടവഴിയിലൂടെ കുറച്ചു മുന്നോട്ടുപോയിട്ട് തിരിച്ചുവന്നപ്പോൾ ആരുമുണ്ടായിരുന്നില്ല. ഇതിനിടയിൽ വൈകുന്നേരങ്ങളിലെ മഴ തുടങ്ങിയിരുന്നു. ഒരു നല്ല മഴ മതി റോഡ്‌ നിറഞ്ഞൊഴുകാൻ! നേരം വൈകുന്നതുകൊണ്ട് വേറെ വഴിയില്ലാതെ, പുഴയായ നിരത്തിലൂടെ  യാത്ര തുടർന്നു.

നഗരത്തിലെത്തിയില്ലെങ്കിലും അത്യാവശ്യം ജനത്തിരക്കും വാഹനപെരുപ്പവുമുള്ളിടത്തെത്തിയപ്പോൾ വണ്ടി ഒരു കല്ലിൽ തട്ടിയെന്നേ കരുതിയുള്ളൂ.. ബാക്ക് വീൽ ഗട്ടറിൽ ആയിരുന്നുവെന്ന് ഗ്ര്ര്ര്ർ ഗ്ര്ര്ര്ർ എന്ന ശബ്ദവും ഹോണടികളും കേട്ടപ്പോഴാണ് എനിക്ക് മനസിലായത്. മഴ നീങ്ങി നിരത്തിലിറങ്ങിയവരുടെ സാമാന്യം മോശമല്ലാത്ത തിരക്ക് ഞങ്ങൾ ജാം ആക്കിയിട്ടുണ്ട് , പിന്നിൽ നിന്നും വന്നുതുടങ്ങിയ മൾട്ടിലിംഗ്വൽ തെറികൾ അന്ന് ബീപ് പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ അർഥം മുഴുവൻ മനസിലായില്ലെങ്കിലും വ്യക്തമായി കേട്ടുകൊണ്ട്  ഞാൻ പതിയെ ഇറങ്ങിമാറി. കടത്തിണ്ണയിൽ നിന്നിരുന്ന ചില സേവനസന്നദ്ധരായ ചെറുപ്പക്കാരുടെ സന്മനസ് കൊണ്ട് കുഴിയിൽ നിന്നും വണ്ടി പുറത്തിറങ്ങി. എല്ലാ അണ്ണന്മാർക്കും നന്ദി പറഞ്ഞ് വണ്ടിയിൽ ചാടിക്കയറി തിരിഞ്ഞുനോക്കാതെ പറക്കുമ്പോൾ മാനനഷ്ടം എന്നൊരു വാരഫലം ജ്യോത്സ്യർ പറഞ്ഞിരുന്നില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങൾ.

Friday, January 8, 2016

"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"

ഓർമ്മകളുടെ തിര വന്ന് തല്ലിപ്പതഞ്ഞൊഴുകിപ്പോവുന്നുണ്ട് പലപ്പോഴും. മുന്നിലേക്ക് വലിച്ചെറിയപ്പെട്ട ഏകാന്തതയുടെ സമയത്തുണ്ടുകളിലേക്ക് സംഗീതവും...
"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"

പണ്ട് വീട്ടിൽ ആകെ രണ്ടു കണ്ണാടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നൊരു വട്ടക്കണ്ണാടി. കയ്യിൽ പിടിച്ചു കണ്ണെഴുതാനും മുഖക്കുരു കുത്തിത്തിണർപ്പിക്കാനും.. മറ്റൊന്ന് ഒരു നിലക്കണ്ണാടി. പ്രകാശം പരത്തുന്ന രണ്ടു ജനാലകൾ മാത്രമുള്ള ഇടനാഴിയുടെ ഒത്ത നടുക്കുള്ള ചുവരിൽ മുകളിലായി ചരിഞ്ഞിരുന്നിരുന്നു. മുന്നിൽ നിന്ന...ാൽ ശരീരത്തിന്റെ പകുതിഭാഗം വരെ മാത്രമേ കാണുമായിരുന്നുള്ളൂ. ഒരേ സമയത്ത് ഒരുങ്ങിയിറങ്ങേണ്ട അഞ്ചാറു സുന്ദരികളും പിന്നെ അമേരിക്കയിൽ വന്നു വെളുത്തു സഹികെട്ട് കറുത്തു പഴയതുപോലെയാവാൻ വേണ്ടി യു വി ലോഷൻ അടിച്ചു സൂര്യനെ കാത്തുകിടക്കുന്ന ഇപ്പോഴുള്ള ഞാനും ഉണ്ടായിരുന്നിട്ടും ആരും ആ കണ്ണാടിയുടെ പരിമിതിയിൽ പരാതിപ്പെട്ടിരുന്നില്ല.

കണ്ണാടി ഘടിപ്പിച്ചുവെച്ചിരിക്കുന്ന കുഞ്ഞു പലകയാവട്ടെ വിരൽ തുമ്പിൽ അവശേഷിക്കുന്ന കണ്മഷിയും ചന്ദനവും കൊണ്ടുള്ള ചിത്രപ്പണികളെയും കോണുകളിൽ തൂവിപ്പടർന്ന കുങ്കുമത്തെയും തുരുമ്പിച്ചുതുടങ്ങിയ കറുത്ത മുടിപ്പിന്നുകളെയും പല്ലടർന്നുതുടങ്ങിയ ചീപ്പിനെയും കൂടെ താങ്ങിയിരുന്നു.
ചെറുപ്പത്തിൽ ചെവിയുടെ മുകളിൽ വെച്ച് വെട്ടിക്കളഞ്ഞ മുടിയെ ഓർത്തു നോക്കിനോക്കിക്കരഞ്ഞതും കൌമാരത്തിൽ ആരും കാണാതെ ഉടുപ്പ് പിന്നിൽ വലിച്ചുപിടിച്ചു ഉടൽമാറ്റങ്ങൾ ഉൾപുളകത്തോടെ ആസ്വദിച്ചതും ആദ്യചുംബനത്തിൽ ചുവന്നുപോയ കവിൾത്തടം കണ്ടതുമെല്ലാം പല നിറവും വലുപ്പവുമുള്ള പൊട്ടുകൾ കൊണ്ടും പശ കൊണ്ടും 'അലങ്കൃതാലങ്കോല'മായ ആ കണ്ണാടിയിൽ തന്നെ!

ഇന്ന് തോന്നുമ്പോൾ മുഖം നോക്കാൻ ചുറ്റിനും കണ്ണാടികളും പോരെങ്കിൽ മൊബൈലിൽ സെൽഫിക്യാമറയും ഉണ്ട്. അന്നൊക്കെ സ്വയംദർശനസൌകര്യങ്ങളുടെ അപര്യാപ്തത കൊണ്ടാവാം രാവിലെ ഒരുങ്ങിപ്പോവുന്ന സുന്ദരികളെല്ലാം മടങ്ങി വന്നു മത്സരബുദ്ധിയോടെ ഈ കണ്ണാടിക്കു മുന്നിൽ ഇരട്ടി സമയം ചെലവിട്ടത്.

പ്രണയപരവശരായവർക്കാണ് കണ്ണാടിയുടെ ഉപയോഗം കൂടുന്നത്. നമ്മളെ കാണുന്നവർക്ക് നമ്മുടെ ചിരി, മുടി, നോട്ടം ഒക്കെ ഏറ്റവും നല്ലതായിരിക്കണം എന്നുള്ളതുകൊണ്ട് മുടി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്നതും മന്ദഹാസം മുതൽ പൊട്ടിച്ചിരി വരെയുമുള്ള പരീക്ഷണങ്ങൾക്കെല്ലാം നിശബ്ദസാക്ഷിയാവുന്നതും ഈ കണ്ണാടി തന്നെ.

കുറെയേറെ പെണ്‍ചേഷ്ടകളും വികാരങ്ങളും സഹിച്ചിരുന്ന ആ പാവം കണ്ണാടി ഇന്നെവിടെയായിരിക്കും ! എനിക്കൊരിക്കലും ചെന്ന് നില്ക്കാൻ പറ്റാത്ത ഏതു ഇടനാഴിയിൽ ആരുടെ സൗന്ദര്യമായിരിക്കും ആ കണ്ണാടി ഇപ്പോൾ ആസ്വദിക്കുന്നുണ്ടാവുക?