About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

ഗൗതമി

 ഗൗതമി

ദുഷ്യന്തന്റെ കൊട്ടാരത്തിൽ നിന്നും കണ്വാശ്രമത്തിലേക്കുള്ള യാത്രയിലുടനീളം ഗൗതമി ഒന്നും മിണ്ടിയതേയില്ല. എത്രയോ മുന്നേ ഹൃദിസ്ഥമാക്കിയിരുന്ന ശാന്തിമന്ത്രങ്ങൾ പോലും നാവിൻതുമ്പിലെത്താൻ മടിച്ച് വിതുമ്പുന്ന ചുണ്ടുകൾക്കരികിലായി ഉപേക്ഷിക്കപ്പെട്ടു. വാർദ്ധക്യം ചുളിവുവീഴ്ത്തിയ കണ്ണുകൾ മാത്രം നിലക്കാതെ കവിഞ്ഞൊഴുകിക്കൊണ്ടിരുന്നു. കൂടെ നടന്നിരുന്ന ശാർങ്ഗരവമഹർഷി പറഞ്ഞ സാന്ത്വനവാക്കുകൾ കയ്യിലെ രുദ്രാക്ഷമണികളിൽ തട്ടിച്ചിതറിവീണുപോയി.
ആശ്രമത്തിൽ എന്നാണ് എത്തപ്പെട്ടതെന്നോ ആരുടെ മകളാണെന്നോ ഗൗതമിക്ക് അറിവില്ല. ഓർമ്മവെച്ച നാൾമുതൽ ഒരേ കാര്യങ്ങൾ ചെയ്യുന്നു. കൗമാരത്തിലെന്നോ ഏതോ കണ്ണുകളോടും ഗാംഭീര്യസ്വരത്തിനോടുമുണ്ടായ അഭിനിവേശത്താൽ മുറുകിപ്പോയ വൽക്കലം അവൾക്കായി ആരും അഴിച്ചുകെട്ടിക്കൊടുത്തില്ല. മനസിനുള്ളിൽ മാത്രം പൂത്ത കാട്ടുപൂക്കൾ ആർക്കുവേണ്ടിയും സുഗന്ധം പരത്താതെ അരുവിയിൽ കൊഴിഞ്ഞുവീണൊഴുകിപ്പോയി.
ഒരു വസന്തകാലത്ത് സന്ധ്യാവന്ദനത്തിനുപോയി മടങ്ങിയെത്തിയ കണ്വമഹർഷി പേരുവിളിച്ചതുകേട്ട് ഭക്ഷണമുണ്ടാക്കുന്നിടത്തുനിന്നുമാണ് ഗൗതമി ഓടിയെത്തിയത്. മരവുരിയിൽ കൈകൾ തുടച്ച്, കണ്വൻ നീട്ടിയ മുത്തിനെ നെഞ്ചോട് ചേർത്തപ്പോൾ അതുവരെ അറിയാതിരുന്ന ജന്മനിയോഗമെന്തെന്ന് ഗൗതമി മനസിലാക്കി. അന്നേവരെ പൂജാദ്രവ്യങ്ങളൊരുക്കിയും ആശ്രമവും പരിസരവും പരിപാലിച്ചും മറ്റുമുനിമാരുടെ കുഞ്ഞുങ്ങളെ പരിചരിച്ചും കണ്വന്റെ ദാസിയായി ദൈവസന്നിധി മാത്രം ലക്ഷ്യമാക്കിയ ജീവിതമായിരുന്നു ആ ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞത്.
ഗോകർണ്ണത്തിൽ പകർന്ന നേർപ്പിച്ച ആട്ടിൻപാൽ അവൾ തട്ടിമാറ്റി അലറിക്കരയുമ്പോൾ ഒരിക്കലും ചുരക്കാത്ത മുല പിഞ്ചുവായിലേക്ക് തിരുകിവെച്ചത് ആരുമറിഞ്ഞതല്ല. ഒരു കുഞ്ഞിനെ പെറ്റുപോറ്റാനുള്ള അഭിലാഷങ്ങളെല്ലാം കാവിക്കുള്ളിൽ എന്നേ അടക്കിയതാണ്. എന്നിട്ടും ദൈവം ശകുന്തളയെ കയ്യിലേക്ക് വെച്ചുതന്നു അമ്മവേഷം കെട്ടിച്ചു.
അപ്സരപുത്രിയെന്ന് എല്ലാവരും പറഞ്ഞപ്പോഴും സ്വന്തമാണെന്ന് മാത്രമേ കരുതിയുള്ളൂ. കുഞ്ഞുപാദങ്ങൾ നെഞ്ചിൽ കൊണ്ടപ്പോൾ ഒരിക്കൽപോലും വേദനിച്ചില്ല. അവളുടെ കൊഞ്ചൽ മനസിലെന്നും പൂനിലാവായി. കണ്മുന്നിൽ വളർന്ന് യുവതിയായ മകൾ ആരുമറിയാതെ ഗാന്ധർവവിധിയാൽ രാജാവിനെ വരിച്ചതറിഞ്ഞപ്പോൾ അസ്വസ്ഥനായ പിതാവിനെ ആശ്വസിപ്പിച്ചതും അവളുടെ തീരുമാനം തെറ്റല്ലെന്ന് ബോധ്യപ്പെടുത്തിയതും പൊന്നുമകളുടെ കണ്ണുകൾ കലങ്ങുന്നത് അസഹനീയമായതിനാലായിരുന്നു.
മകളെ പിരിയുന്നത് ഒട്ടും സഹിക്കാനാവില്ലെങ്കിലും അവളുടെ നല്ല ഭാവി മാത്രം കരുതിയാണ് കൊട്ടാരത്തിലേക്ക് കൊണ്ടുചെന്നത്. എന്നാൽ അവിടെ വെച്ച് എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.
അപമാനഭാരം കൊണ്ട് മകൾ പൊട്ടിക്കരഞ്ഞപ്പോൾ വാക്കുകളില്ലാതെ വിറങ്ങലിച്ചു നിന്നതേയുള്ളൂ. ആരുപേക്ഷിച്ചാലും അവളെ പൊന്നുപോലെ നോക്കാനൊരുക്കമായിരുന്നു. അവിടെയും കളങ്കമാരോപിക്കപ്പെട്ടവൾക്ക് ആശ്രമം വിലക്കപ്പെട്ടു. ആരോട് പറഞ്ഞാണ് കരയേണ്ടത് ! ദൈവങ്ങൾ ഇത്ര അന്ധരായിപ്പോയോ?
കണ്വമഹർഷി എത്തിയെന്നറിഞ്ഞിട്ടും എഴുന്നേൽക്കാനാവാത്തവിധം തളർന്നുകിടപ്പിലായിരുന്നു ഗൗതമി. കണ്ണുകൾ അപ്പോഴും തോർന്നില്ല. അനസൂയ കൊണ്ടുവെച്ച ഭക്ഷണം തണുത്തിരുന്നു. പ്രിയംവദ ഇപ്പോഴും കരഞ്ഞുകൊണ്ട് അരികിലിരുന്ന് വീശുന്നുണ്ട്.
മഹർഷി മുറിയിലേക്ക് കടന്നപ്പോൾ അനസൂയയും പ്രിയംവദയും എഴുന്നേറ്റ് വന്ദിച്ച് പുറത്തേക്ക് പോയി.
അന്നാദ്യമായി കണ്വൻ ഗൗതമിക്കരികിൽ ഇരുന്നു. തണുത്ത കരസ്പർശം നെറ്റിയിൽ അനുഭവപ്പെട്ടപ്പോൾ ഗൗതമി കണ്ണുതുറന്നു. പിന്നെ നിലവിട്ട് പൊട്ടിക്കരഞ്ഞു.
"ഭദ്രേ, നീയെന്തിനാണിങ്ങനെ വിഷമിക്കുന്നത്? ഇതെല്ലാം ദൈവനിയോഗങ്ങളാണെന്ന് നിനക്കും അറിവുള്ളതല്ലേ? നമ്മുടെ മകൾ ഇപ്പോൾ അവളുടെ അമ്മയുടെ അരികിൽ സുരക്ഷിതയാണ്. "
"അവളുടെ അമ്മ! അത്... അത് ഞാനല്ലേ?"
"അല്ല ഗൗതമി.. നീയും ഞാനുമൊക്കെ അവളുടെ ജീവിതയാത്രയിൽ കുറച്ചുകാലം മാത്രം ഉള്ള സഹചാരികൾ ആയിരുന്നു. അന്ന് വിളിക്കാനെളുപ്പത്തിന് അച്ഛനും അമ്മയും ആയി."മഹർഷിയുടെ വാക്കുകൾ ഇടർച്ചയോടെ നിലച്ചു.
ഏറെ നേരത്തെ മൗനത്തിനുശേഷം ദീർഘനിശ്വാസത്തോടെ ഗൗതമി എഴുന്നേറ്റിരുന്നു. രണ്ടുകൈകളും നീട്ടി മഹർഷിയുടെ കരം ഗ്രഹിച്ചു.
"മഹാമുനേ... എല്ലാം എനിക്ക് മനസ്സിലാവുന്നു. ഗൗതമിയുടെ ജീവിതലക്ഷ്യം പൂർത്തിയാക്കപ്പെട്ടു. ഇനി എനിക്കിവിടെ ചെയ്യാനൊന്നുമില്ല. "
കണ്വമഹർഷി ആശ്ചര്യത്തോടെ അവരെ നോക്കിയിരുന്നതല്ലാതെ ഒന്നുമുരിയാടിയില്ല.
"തപഃശ്ശക്തിയുള്ളയാളല്ലേ അങ്ങ്! അങ്ങേയ്ക്കെന്റെ ജീവിതം അവസാനിപ്പിച്ചുതരാനാവില്ലേ ? എന്റെ ആത്മാവിനെ ഭഗവാനിൽ അർപ്പിക്കാൻ അങ്ങ് സഹായിക്കില്ലേ?"
"ഗൗതമീ.... എന്തൊക്കെയാണ് പുലമ്പുന്നത്?"
ഗൗതമി ഒന്നും മിണ്ടാതെ സാവധാനം എഴുന്നേറ്റ് കണ്വൻറെ കാലിൽ നമസ്കരിച്ചു. പിന്നെ പ്രാർത്ഥനാമന്ത്രങ്ങളുരുവിട്ടുകൊണ്ട് രുദ്രാക്ഷം മുറുകെ പിടിച്ച് കൈകൾ നെഞ്ചോട് ചേർത്ത് വറ്റിപ്പോയ കണ്ണുകളടച്ച് നിവർന്നുകിടന്നു.
-----
അനുബന്ധം : കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിൽ അധികമൊന്നും അറിയപ്പെടാതെ പോയ ഒരു കണ്വാശ്രമവാസിയായ ഗൗതമിക്ക് ശകുന്തളയുടെ പോറ്റമ്മയെന്ന സ്ഥാനം കൊടുത്തതും കൊട്ടാരത്തോളം അനുഗമിക്കാനും അവൾക്കുവേണ്ടി രാജാവിനോട് വാദിക്കാനും അവസരം കൊടുത്തത് എന്റെ പ്രിയകൂട്ടുകാരിയും 'മുദ്രാംഗുലീയ'മെന്ന നാടകത്തിന്റെ എഴുത്തുകാരിയുമായ ലീസ മാത്യു @Subish Leeza ആണ്. ശകുന്തളവും മുദ്രാംഗുലീയവും കടന്നുപോരുമ്പോൾ ഒന്നരമണിക്കൂർ വേദിയിൽ ഗൗതമിക്ക് ജീവൻ കൊടുത്തവളുടെ ഭാവനയാണിതെന്നും മേൽപ്പറഞ്ഞ ആരുമായും ഒന്നുമായും ബന്ധമില്ലെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
- Soonaja

No comments: