About Me

My photo
A person who loves to read, write, sing and share thoughts.

Monday, April 11, 2011

ഗൃഹസ്ഥാശ്രമി

മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കങ്ങള്‍ക്കൊടുവില്‍ അയാള്‍ തലയിണയ്ക്കരികില്‍ വെച്ചിരുന്ന വാച്ചില്‍ നോക്കി. നാലുമണി കഴിഞ്ഞു മുപ്പത്തഞ്ചു മിനിറ്റ്. നാലു പതിനഞ്ചിന് ട്രെയിന്‍ അവിടെ എത്തുമെന്നാണ് കയറുന്നതിനു തൊട്ടുമുന്‍പ് വിളിച്ചപ്പോള്‍ ഭാരതി പറഞ്ഞത്. തന്‍റെ ഉറക്കത്തിനു ഭംഗം വരുത്തേണ്ടെന്നു കരുതി, നേരം വെളുത്തിട്ടു വിളിക്കാമെന്നു വെച്ചതാവും. അവള്‍ എവിടെയ്ക്കെങ്കിലും പോവുന്നതുമുതല്‍ ‍ ഉറക്കം പിണങ്ങി നില്‍ക്കുന്നത് പതിവാണ്. ആദ്യമായിട്ടല്ല തനിച്ചുള്ള യാത്ര, കൊച്ചുകുട്ടിയല്ല എന്നൊക്കെ സ്വയം ബോധിപ്പിക്കാന്‍ ശ്രമിച്ചാലും മനസ് മന്ദബുദ്ധി ചമയും.
എഴുനേറ്റ് പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു. ഭാരതിയുടെ വിളി ഇനിയും വന്നില്ല. അക്ഷമയുടെ മുനമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഭാരതിയുടെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. നിരാശ തന്നെ സമ്മാനിച്ചുകൊണ്ട് ടെലിഫോണ്‍ ശബ്ദിക്കാതിരുന്നപ്പോള്‍ തലേന്ന് രാത്രിയില്‍ ‍ വീട്ടുപടിക്കലെ പോസ്റ്റിനു പുറത്തേക്ക് മരച്ചില്ലയെ വീഴ്ത്തിയ കാറ്റിനെ ശപിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് അവളുടെ കൈപിടിച്ച് ഈ വീട്ടില്‍ കയറി വന്നത്. പതിനെട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അവളെ മോചിപ്പിച്ചതെന്ന് വിവാഹ രാത്രിയില്‍ അവള്‍ പറയുമ്പോള്‍ ജനാലയ്ക്കപ്പുറത്തെ ഇലയനക്കം നോക്കി നില്‍ക്കുകയായിരുന്നു.
വടക്കന്‍ കേരളത്തിലെ പേരുകേട്ട തറവാട്ടിലെ ഏകാധിപതിയായ അമ്മാവനും, മരുമക്കത്തായം പടികടന്നുവെന്നും അച്ഛന്‍റെ കാലശേഷം അധികാരം മൂത്ത പുത്രനാണെന്നും സദാ സമയവും പരാതി പറയുന്ന ഏട്ടനും ഇടയില്‍ നിശബ്ദയായ അമ്മയെ മാത്രം കണ്ടു വളര്‍ന്ന ബാല്യവും കൌമാരവും. സ്വന്തമായി ശബ്ദമുണ്ടെന്നു മനസിലാക്കുന്നത്‌ പലപ്പോഴും വീടിനു പുറത്ത് വെച്ചായിരുന്നുവത്രേ. മനസിലെ ആശയങ്ങള്‍ക്കു ചിറകുകള്‍ മുളച്ചതും ആ വാശിയില്‍ തന്നെ. കോളേജില്‍ എത്തുമ്പോഴേക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വക്താവായി. നാട്ടിലെ അധികാരി അമ്മാവന്റെയും ഏട്ടന്റെയും മുന്നില്‍ നാവില്ലാത്ത അമ്മയുടെ പിന്ഗാമി ചമഞ്ഞു.
നേരം വെളുക്കുവോളം അവള്‍ മാത്രം സംസാരിച്ചതെന്തിനായിരുന്നുവെന്ന് പിറ്റേന്ന് പകല്‍ മുഴുവന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അടുക്കളയില്‍ പുതുപ്പെണ്ണിന്റെ നാണം മാറ്റിവെച്ച് അധികാരത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അഭിമാനമായിരുന്നു. ഒരിക്കല്‍പോലും പിന്നിലാവാന്‍ ആഗ്രഹിക്കാത്ത, ഒരുതരം വാശി അവളില്‍ എല്ലാ കാര്യത്തിലും അന്നേ ഉണ്ടായിരുന്നുവോ? ജോലിക്കാരിയുടെ കഷ്ടപ്പാടിനും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ച്, വീടിന്നടുത്തുള്ള കൊച്ചു പെണ്‍കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്.. അവള്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ സാന്നിധ്യമാവുന്നതും പ്രശംസക്ക് പാത്രമാവുന്നതും സന്തോഷത്തോടെ നോക്കി നിന്നു. ജോലിസ്ഥലത്തേക്ക് തനിച്ചുപോവുമ്പോള്‍ അവള്‍ക്ക് ഏകാന്തത ഉണ്ടാവാതിരിക്കാനും ഈ തിരക്ക് ഉപകരിക്കുമെന്ന് ആശ്വസിച്ചു. വെറുമൊരു വീട്ടമ്മയായി അടച്ചിടപ്പെടേണ്ടവളല്ല, എവിടെയൊക്കെയോ പടര്ത്തപ്പെടേണ്ട ജ്വാല അവളിലുണ്ടെന്ന തിരിച്ചറിവ് അഭിമാനത്തോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട്‌ തന്നെ ഒന്നിനും താനൊരു തടസമാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചത് മധുവിധുകാലത്ത് തന്നെയാണ്.
വാതില്‍മണി നാദം അയാളെ ഭൂതകാലത്തിന്റെ പടവുകള്‍ ഓടിയിറങ്ങാന്‍ നിര്‍ബന്ധിതനാക്കി.
"ടീച്ചര്‍ ഇന്നും ഇല്ലാ ല്ലേ? ഇന്നലെ പോണ വഴി വീട്ടില്‍ കേറി രാവിലെ തന്നെ വന്നു മാഷക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണോന്ന് പറഞ്ഞിട്ടാ പോയത്."
പാറൂട്ടിയമ്മ വരുമെന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
"മാഷായതുകൊണ്ടാ... ഇബടെ ഞങ്ങളെല്ലാരും പറയും. എബ്ടെക്കാ, എന്തിനാന്നോന്നും ചോദിക്കാതെ എന്തിനേ ങ്ങനെ വിടണേ? കാലോന്നും അത്ര നന്നല്ല മാഷെ.. മാഷെ തനിച്ചാക്കി എങ്ങടാ ഈയമ്മ പോണേ?"
'എന്‍റെ ഭാരതി എവിടെയ്ക്കാ പോണത് ന്ന് നിയ്ക്കറിയാം പാറൂട്ടിയമ്മേ...അവള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്. തിരുവനന്തപുരത്ത് ഒരു സമരത്തില്‍ പ്രസംഗിക്കാനാ അവള്‍ പോയത്. അല്ലാതെ നിങ്ങള്‍ വിചാരിക്കണപോലെ......' പുതഞ്ഞുവന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറയണമെന്ന് തോന്നി.
"അതിന് അവളിന്ന് രാത്രി തന്നെ എത്തുമല്ലോ.. ഞാന്‍ തനിച്ചല്ലല്ലോ.. നിങ്ങളില്ലേ.. പോരാത്തേന് കുട്ടീഷ്ണന്‍ വരേം ചെയ്യും"
"മാഷ്ക്കൊരു കുഞ്ഞിനെ പോലും തരാന്‍ പറ്റിയില്ല്യാലോ ആയമ്മക്ക്‌!"
"പാറൂട്ടിയമ്മക്ക് പണിയില്ലേ അടുക്കളയില്‍? " ശബ്ദം അറിയാതെ കനത്തുപോയി.
"ന്തോപ്പാ... ഞാന്‍ നിയ്ക്ക് മനസ്സില്‍ തോന്നീത് പറഞ്ഞൂന്നേയുള്ളൂ.. മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെയ്ക്കാന്‍ പാറൂന് പണ്ടേ അറീല്ല്യാ.. അദോണ്ട് പറഞ്ഞതാ.."
പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കള ഭാഗത്തേക്ക് നടന്നു.
മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെക്കുന്ന എത്ര മുഖങ്ങള്‍ ഉണ്ടാവും! മുഖത്തേക്കാള്‍ വലിയ കറുത്ത കണ്ണടയും കയ്യില്ലാത്ത ബ്ലൌസും ധരിച്ച് മിനി മാത്യൂസും മുനമ്പില്‍ സ്വര്‍ണം പിടിപ്പിച്ച വടി കുത്തി കേണല്‍ മേനോനും പിന്നെയും ചില പേരറിയാത്ത മനുഷ്യരും അയാളുടെ മനസിലൂടെ നടന്നുപോയി.
പാറൂട്ടിയമ്മ ഉണ്ടാക്കി കൊടുത്ത ചോറും കറികളും തലേന്ന് പോകുന്നതിനു മുന്‍പ് ഭാരതി ധൃതി പിടിച്ചുണ്ടാക്കി വെച്ച തണുത്ത സേമിയ പായസവും നിരന്ന, വിശാലമായ മേശയ്ക്കരികില്‍ തനിച്ചിരിക്കുമ്പോള്‍ അടപ്പുകള്‍ തുറന്നു പച്ചക്കറികള്‍ എഴുനേറ്റ് വന്നു അയാള്‍ക്ക് ചുറ്റും പൊട്ടിച്ചിരിച്ചു കൊണ്ട് നൃത്തമാടി.
സ്വാതന്ത്ര്യം കൊതിച്ചവള്‍ക്ക് അത് അനുവദിച്ചു കൊടുത്തതാണോ തെറ്റ്? മറ്റുള്ളവര്‍ പറയുന്നതുപോലെ അവള്‍ വഴിതെറ്റി പോകുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു വിശ്വസിച്ചു വളര്‍ന്നവള്‍.. അത് അനുവദിച്ചുകൊടുക്കുമ്പോള്‍ അവളുടെ മനസിലെ ഉയര്‍ന്ന സ്ഥാനമേ ആഗ്രഹിച്ചുള്ളൂ.. അതുവരെയുള്ള അവളുടെ പുരുഷ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരുത്തെഴുത്ത് ! അതില്‍ വിജയിക്കുകയും ചെയ്തു...
ജോലിയില്‍ നിന്നും വിരമിച്ചു വികലാംഗനായി വീട്ടില്‍ ചടഞ്ഞുകൂടെണ്ടി വന്ന ആദ്യ നാളുകളില്‍ ഒരു അവഗണനയോ അപകര്‍ഷതയോ ഒറ്റപ്പെടലോ ഉള്ളില്‍ എവിടെയൊക്കെയോ ഭരണം നടത്തിയിരുന്നില്ലേ.. അവയെയെല്ലാം അവളോടുള്ള സ്നേഹമോ അരികില്‍ ഉള്ളപ്പോഴുള്ള അവളുടെ കരുതലോ ഒക്കെ നിഷ്പ്രഭമാക്കി.
എങ്കിലും...
പല ദിവസങ്ങളിലും രാവിലത്തെ ചായ തനിയെ അനത്തുമ്പോള്‍...
തണുത്തുറഞ്ഞ ഭക്ഷണം ചൂടാക്കി, കുറച്ചെന്തെങ്കിലും എടുത്തെന്ന് വരുത്തി ടെലിവിഷന് മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍... ചില വാര്‍ത്താ ദൃശ്യങ്ങളില്‍ അവള്‍ നിറയുമ്പോള്‍..
ഏകാന്ത രാവുകളില്‍ തലയിണയെ കൂട്ടുപിടിച്ച്, അകന്നു നില്‍ക്കുന്ന നിദ്രയെ ആവാഹിക്കാന്‍ ബദ്ധപ്പെടുമ്പോള്‍.. ഒക്കെ... തനിച്ചാക്കപ്പെട്ടുവോ? അതോ സ്വയം ഉള്വലിയുകയായിരുന്നുവോ..
തിരക്കിനിടയിലും കിട്ടുന്ന സമയത്തെ അന്വേഷണങ്ങളിലെ കരുതലും സ്നേഹവും, സന്തോഷവും സാന്ത്വനവും ആണെങ്കിലും ചിലപ്പോഴൊക്കെ താനൊരു വിലങ്ങു തടി ആകുന്നുണ്ടോ അവള്‍ക്കെന്ന തോന്നലും ഉണ്ടാവുന്നു.
ഇന്നെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? പാറൂട്ടിയമ്മയുടെ വാക്കുകള്‍ ഉള്ളില്‍ അടക്കിവെച്ച എന്തിനെയൊക്കെയോ ഉണര്ത്തുന്നവയായിരുന്നോ ?
നിറച്ചുണ്ട് ഏമ്പക്കം വന്നാലും ഒരിത്തിരി ചോറുകൂടി എന്ന് സ്നേഹം ചൊരിയാന്‍ വളരെ അപൂര്‍വമായേ അവള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ..
അഥവാ അങ്ങനെ ഒക്കെ ആഗ്രഹിക്കാന്‍ തനിക്കെന്താണ്‌ അര്ഹത? യൌവനകാലത്ത് അവളെ തനിച്ചാക്കി അതിര്‍ത്തി കാക്കാന്‍ പോയവന്‍. നെഞ്ചിനെ ലക്ഷ്യമാക്കി വന്നത് കാലില്‍ ഏറ്റുവാങ്ങി വികലാംഗപട്ടം നേടിയവന്‍. അവള്‍ക്കെന്നും ഒരു ഭാരം മാത്രമായിട്ടെയുള്ളൂ..
വാതില്‍ക്കല്‍ മുട്ടുകേട്ടു ചിന്തകളില്‍ നിന്നും ഉണരുമ്പോള്‍ വലിയ വീട്ടിലെ തനിച്ച് തന്നെയാണെന്ന് അടച്ചിട്ട അടുക്കളവാതില്‍ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടിരുന്ന നേരത്തെപ്പോഴോ "പാറു പോയിട്ട് വരാ മാഷെ" ന്ന് കേട്ടുവോ..
വാതില്‍ക്കല്‍ പുഞ്ചിരി തൂവുന്ന മുഖവുമായി അവള്‍, ഭാരതി!
"എന്തെയിങ്ങനെ നോക്കണേ.. നമ്മുടെ വിവാഹദിവസമായിട്ട് ഏട്ടനിവിടെ തനിച്ചല്ലേ എന്നോര്‍ത്തപ്പോള്‍ പിന്നെ സമരോം സെമിനാറും ഒന്നും ഓര്‍ത്തില്ലാ.. നേരെ ഇങ്ങട് പോന്നു. "
തന്‍റെ അമ്പരപ്പ്  വകവെക്കാതെ കയ്യിലെ ബാഗ്‌ സോഫയിലേക്ക് വലിച്ചെറിഞ്ഞ്, കയ്യും മുഖവും കഴുകി വസ്ത്രം പോലും മാറാതെ അവള്‍ മേശക്കരികില്‍ കസേര വലിച്ചിട്ടിരുന്നു.
"ന്താ ങ്ങനെ നിക്കണേ.. വരൂ.. നല്ല വിശപ്പ്‌.. ഒന്നും കഴിച്ചിട്ടും കൂടീല്ല്യാ.. അയ്യോ പാറൂട്ടിയമ്മ വാഴയില വെട്ടിയില്ലേ.. ഞാന്‍ അതും പറഞ്ഞേല്പ്പിചിരുന്നൂലോ.. സാരല്ല്യാ.. ഒരു പാത്രത്തില്‍ തന്നെ കഴിക്കാം, വരൂന്നേ.. ഇന്ന് ഞാനാ ഉരുളയുരുട്ടി തരുന്നത്.. എത്ര നാളായി!! ആഗ്രഹം ല്ല്യാഞ്ഞിറ്റൊന്നുമല്ലാ ട്ടോ.. ഞാന്‍ വേണ്ടപോലെ ശ്രദ്ധിക്കണില്ല്യാന്നു തോന്നീട്ട്ണ്ടോ എട്ടന്?"
ഇല്ലെന്ന് തലയാട്ടുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ കയറിവന്നു തൊണ്ടയില്‍ കുരുങ്ങി.
എപ്പോഴോ തുറന്നുവെച്ച ടെലിവിഷനില്‍ സമരപന്തലില്‍ ഭാരതി ഘോരഘോരം പ്രസംഗിച്ചതും ഏതോ സാമൂഹ്യവിരുദ്ധരുടെ ‍ ആക്രമണത്താല്‍ അവിടെ ചുവപ്പ് പടര്‍ന്നതും  സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും മഹിളാസംഘടനകളും അവതാരകനോട് തര്‍ക്കിച്ചതും മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നില്ല.
അപ്പോള്‍ അയാള്‍ നിറഞ്ഞ വയറും മനസുമായി അവളുടെ മടിയില്‍ തലവെച്ചു കണ്ണടച്ച് കിടക്കുകയായിരുന്നു.

2 comments:

Anonymous said...

kaththa?
kashTam.

ശിവകാമി said...

Peru velippeduthikkondu ee sathyam paranjirunnenkil njan kurachukoodi santhoshichene.. :)