About Me

My photo
A person who loves to read, write, sing and share thoughts.

Sunday, February 8, 2009

അതൊരു സായാഹ്നമായിരുന്നു

ആശുപത്രിയില്‍ കിടക്കയോട് ചേര്‍ന്നുകിടന്ന കസേരയില്‍ മടിയിലെ കടലാസുപൊതിയില്‍ മുറുകെ പിടിച്ച് അയാള്‍ കുനിഞ്ഞിരുന്നു. വാതിലിനു പുറത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള പഴികള്‍ക്കും ശകാരങ്ങള്‍ക്കും പുറമെ ഉണ്ടാവാറുള്ള വാഗ്വാദങ്ങള്‍ക്ക് ഇപ്പോള്‍ ഈ പൊതിയായിരിക്കുന്നു വിഷയം. അനിശ്ചിതമായ ഈ കാത്തിരിപ്പ് പോലും മറന്ന് തമ്മിലടിക്കുകയാണ് മക്കള്‍. ഒന്നിനും മറുപടി കൊടുക്കാതെ, പ്രാണപ്രിയയുടെ ഓര്‍മ്മക്കടലില്‍ ഒരു പൊങ്ങുതടിപോലെ മനസ് വിട്ട് വെറുതെയിരിക്കാനാണ് അയാള്‍ക്ക്‌ തോന്നിയത്.

ബന്ധുവീട്ടില്‍ കണ്ട ചുവന്ന പട്ടുപാവാടയും മുട്ടോളം നീണ്ട കനമുള്ള മുടിയും കിലുകിലെ ചിരിയും മനം കവര്‍ന്നപ്പോള്‍ അതിന്‍റെ ഉടമയെ തേടിയുള്ള യാത്ര കുറച്ചകലെയുള്ള ടൈപ്പ്റൈറ്റിംഗ് ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചതും പിന്നീട് അമ്മയും ഏടത്തിയും കണ്ടു ജാതകവും ചേര്‍ന്ന് മനംപോലെ മാംഗല്യമായതുമൊക്കെ ഇന്നലെ നടന്നതുപോലെ... പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍.. സ്വര്‍ഗമായിരുന്നു അവള്‍... ആവശ്യങ്ങള്‍ പറയാതെതന്നെ അറിഞ്ഞുചെയ്തിരുന്നവള്‍.. തന്‍റെ മുഖമൊന്നു മാറിയാല്‍ വാടിപ്പോവുന്ന പനിനീര്‍പ്പൂവ്.. എന്നിട്ടും... ആ ഉദരത്തില്‍ ഒരു വേദന ഉണ്ടായതു താന്‍ അറിഞ്ഞത് ഈ അടുത്തകാലത്ത്‌ മാത്രം. അറിയിച്ചില്ല ഒന്നും.. ഈ മുഖത്തെ ക്ഷീണം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവള്‍ തിരിച്ചും പ്രതീക്ഷിച്ചിരിക്കില്ലേ? ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നനായ ഭര്‍ത്താവെന്ന അഹങ്കാരത്തിന്മേലാണ് അവളുടെ ഗര്‍ഭപാത്രത്തെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ഇഴഞ്ഞുകയറിയത്‌.

മക്കള്‍ പഴിക്കുന്നതില്‍ എന്താണ് തെറ്റ്? നഗരത്തിന്‍റെ ശബ്ദഘോഷങ്ങളും പരിഷ്കാരമുഖങ്ങളും നാലുചുവരുകള്‍ക്കുള്ളിലെ ജീവിതവും ആസ്വദിക്കാനാവാതെ അമ്പലക്കുളത്തിലെ കുളിയും ആല്‍ത്തറയിലെ നുറുങ്ങുസല്ലാപവും വൈകുന്നേരങ്ങളിലെ ഇളംകാറ്റും സുഖമെന്ന് കരുതുന്ന ആള്‍ പഴഞ്ചനല്ലേ? വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ബാക്കിപത്രമായി കിട്ടുന്നതുകൊണ്ട്, തനിച്ചു നടക്കാവുന്നിടത്തോളംകാലമെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ അച്ഛന്‍ ദുരഭിമാനിയല്ലാതെ മറ്റെന്താണ്? ഒടുവില്‍ ഒരുനാള്‍ മകനോടൊത്ത്‌ പടിപ്പുര കടന്നെത്തിയ പുത്തന്‍ പണക്കാരന്റെ കൈയിലെ പെട്ടിക്ക് അച്ഛന്‍റെ സ്വപ്നങ്ങളേക്കാള്‍ വിലയുണ്ടെന്ന് മകന്‍ തര്‍ക്കിച്ചപ്പോള്‍ നിഷേധിക്കാന്‍ ശ്രമിച്ചതോടെ എതിരാളിയുമായി. മുന്‍പ് മക്കളുടെ കുറ്റപ്പെടുത്തലുകള്‍ക്ക് അച്ഛന്‍റെ ഭാഗത്തുനിന്ന് വാദിച്ചിരുന്നയാള്‍ വേദനകളുടെ ലോകത്ത് നിന്നുള്ള മോചനവും കാത്തു ഉള്ളിലെ മുറിയില്‍ പാതിജീവനായി കിടക്കുന്നു.

വൈദ്യപരിശോധനയുടെ ഫലം അറിഞ്ഞ രാത്രി ഒരേകിടക്കയില്‍ അരണ്ട വെളിച്ചത്തില്‍ മുഖത്തോടുമുഖം നോക്കിക്കിടന്നുകൊണ്ട് ചോദിച്ചപ്പോഴും വേദനയാല്‍ മങ്ങിയതെങ്കിലും പതിവു പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമിച്ചു, "വയസ്സായില്ലേ ശേഖരേട്ടാ... എപ്പോഴും ഒരേപോലെയിരിക്കുമോ? അല്ലെങ്കിലും എനിക്കങ്ങനെ വലിയ അസുഖോന്നും ഇല്ലാന്നല്ലേ ശശിക്കുട്ടന്‍ പറഞ്ഞത്?" നിമിഷംപ്രതി വളരുന്ന വേദനയില്‍ അവളും മനസ്സിലാക്കിയിരിക്കും അതല്ല ശരിയെന്ന്‌. അപ്പോഴും തന്നെ ആശ്വസിപ്പിക്കാനും പഴയപോലെ കാര്യങ്ങള്‍ നോക്കിനടത്താനും അവശതയിലും ശ്രമിച്ചുകൊണ്ടിരുന്നു പാവം. കുറെ ഗുളികകള്‍ക്കും കുത്തിവെയ്ക്കലുകള്‍ക്കും ഒടുവില്‍ കരിന്തേളുകളെ വീര്യംകൂടിയ രശ്മികള്‍ കൊണ്ടു നശിപ്പിക്കാന്‍വേണ്ടി എല്ലാവരും ചേര്‍ന്നു അവളെ സജ്ജമാക്കിയപ്പോഴേക്കും ആ മുഖത്തേക്ക് നോക്കാനുള്ള തന്‍റെ ശക്തി പൂര്‍ണമായും നഷ്ടമായിരുന്നു. ഈ അന്‍പത്തിമൂന്നാംവയസ്സിലും ഒന്നോ രണ്ടോ വെള്ളിവരകള്‍ മാത്രം കയറിയിരുന്ന ആ കേശഭാരമില്ലാതെ, എന്നോ കണ്ടുമറന്ന ഒരു സന്യാസിനിയെ പോലെയിരുന്ന അവളുടെ മുഖത്തെ ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നതായിരുന്നു.

ജനാലയ്ക്കപ്പുറം കുറച്ചകലെയായി പച്ചപുതച്ച കുന്നിന്‍ചെരിവിനെ പോക്കുവെയില്‍ പൊന്നാട അണിയിച്ചിരിക്കുന്നു. പുല്ലില്‍ ഓടിക്കളിക്കുന്ന കുട്ടികള്‍... അവര്‍ക്കിടയിലൂടെ ശശിക്കുട്ടനും ശോഭയും രവിക്കുട്ടനുമല്ലേ ഓടി വരുന്നത്? ശോഭയുടെ കുഞ്ഞുടുപ്പില്‍ നിറയെ മണ്ണുപറ്റിയിരിക്കുന്നല്ലോ... അല്ലെങ്കിലും കളിക്കുമ്പോള്‍ ഈ ആണ്‍കുട്ടികള്‍ക്ക് ഒരു ശ്രദ്ധയും ഇല്ല.. എത്ര പറഞ്ഞാലും കേള്‍ക്കില്ല! അച്ഛന്‍റെ കൈയിലെ പൊതിയിലുള്ളത് ആര്‍ക്കാണ് ആദ്യമെന്ന തര്‍ക്കത്തിലാണ് മൂവരും..
"കുട്ടികളെ ഇങ്ങനെ കളിപ്പിക്കാതെ വീതിച്ചുകൊടുത്തുകൂടെ ശേഖരേട്ടാ..?"
ഭാനൂ... നീ... നീയെങ്ങനെ ഈ കുന്നിന്മുകളില്‍...? അവിടെയിരിക്കുന്നത് സൂക്ഷിച്ച്...! കാണെക്കാണെ അവള്‍... താഴേക്ക് മറഞ്ഞുവോ...?

ഒരു വല്ലാത്ത നടുക്കത്തോടെ പിടഞ്ഞെഴുന്നെല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണുപോയ പൊതി എടുത്തുകൊണ്ടു തിടുക്കത്തില്‍ മുറിക്കു പുറത്തിറങ്ങി. നീണ്ട ഇടനാഴിയുടെ അങ്ങേത്തലയ്ക്കല്‍ വാതില്‍ മലര്‍ക്കെ തുറന്നു കുറെ വെളുത്തരൂപങ്ങള്‍ ഒരു സ്ട്രക്ചര്‍ തള്ളിക്കൊണ്ട് പുറത്തേക്ക് വരുന്നു. കുന്നിന്‍ചരിവില്‍ വീണു കിടക്കുകയല്ലേ ഭാനുമതി.. എവിടെനിന്നോ ആര്‍ജിച്ച വല്ലാത്തൊരു ശക്തിയോടെ ആശുപത്രിക്കെട്ടിടത്തിന്റെ പിന്നിലേയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഓടുകതന്നെയായിരുന്നു. പച്ചവിരിച്ച കുന്നിന് പകരം ചാരനിറത്തിലുള്ള കെട്ടിടം മാത്രം ഉയരത്തില്‍ നിന്നിരുന്നു. അപ്പോള്‍... ഞാന്‍ കണ്ടതെല്ലാം...? അവിടെ വെള്ളപുതച്ചുകിടന്ന രൂപത്തിനുപിന്നില്‍ പൊട്ടിക്കരഞ്ഞത് ശോഭയായിരുന്നോ? പെരുവിരലില്‍ നിന്ന് ഒരു വിറയല്‍ മുകളിലേക്ക് പടര്‍ന്നുപിടിക്കുന്നു... ഒന്നും കാണാനാവുന്നില്ലല്ലോ ഭഗവാനെ... നെഞ്ചിന്നുള്ളില്‍ പൊട്ടിത്തെറിക്കുന്നത് അഗ്നിപര്‍വതമാണോ? ശരീരത്തിന് ഭാരമില്ലാതാവുന്നത് പോലെ... കൈകാലുകള്‍ തളര്‍ന്നുപോവുന്നു... വീഴ്ചയില്‍ കൈയിലെ പൊതി ദൂരെ എവിടെയോ തെറിച്ചു വീണു... ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആകാശത്തേയ്ക്കുയര്‍ന്ന ധൂളികളോടൊപ്പം ഭാനുമതിയുടെ മുടിച്ചുരുളുകള്‍ അവിടം മുഴുവന്‍ പാറിപ്പറന്നു.

Friday, January 23, 2009

ആല്‍ബത്തില്‍ നിന്നൊരേട്

രാവിലെ പതിവുപോലെ എഴുത്തുപെട്ടി തുറന്നപ്പോള്‍ ഓര്‍ക്കുട്ടില്‍ നിന്നും ഓര്‍മ്മയുണ്ടോ എന്ന ചോദ്യവുമായി സൌഹൃദക്ഷണം കണ്ടു. തോമസ് ഓണ്‍ വെക്കേഷന്‍ എന്ന് പേരു കണ്ടു മനസിലാവാതെ പ്രൊഫൈല്‍ നോക്കാന്‍ തന്നെ തീരുമാനിച്ച് ഓര്‍ക്കുട്ട് തുറന്നു. വ്യക്തമല്ലാത്ത ചിത്രത്തിലെ മുഖം പരിചിതര്‍ക്കിടയില്‍ തിരഞ്ഞു പരാജയപ്പെട്ട് അയാളുടെ സൌഹൃദക്കൂട്ടത്തില്‍ ഒന്നു കണ്ണോടിച്ചപ്പോള്‍ ചെന്നൈയില്‍ എന്‍റെകൂടെ താമസിച്ചിരുന്ന യമുനയുടെ സുസ്മേരവദനം കണ്ടതോടെ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു അതിവേഗം പാഞ്ഞു.

പ്രതിശ്രുതവരനുമായുള്ള ഞായറാഴ്ച്ച രാത്രിയിലെ ടെലിഫോണ്‍ സല്ലാപം കഴിഞ്ഞെത്തിയ ആളുടെ മുഖത്ത് പതിവുനാണവും കള്ളച്ചിരിയും കാണാഞ്ഞ് കാര്യം അന്വേഷിച്ചപ്പോള്‍ പരിഭ്രമത്തിന്റെ ഛായ സ്വരത്തിലും ചാലിച്ച് യമുന എന്നെ വിളിച്ചുകൊണ്ട് മുറിക്കു വെളിയിലേക്ക് ധൃതിയില്‍ നടന്നു. അങ്ങുമിങ്ങും എത്താത്ത കുറെ വാചകങ്ങള്‍ തിടുക്കപ്പെട്ടു പറഞ്ഞതില്‍ കാര്യം നിസ്സാരമല്ലെന്നു മാത്രം ആദ്യം മനസിലായി. മുഴുവനും പറഞ്ഞുകഴിഞ്ഞു ഒടുവില്‍ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു, "നാളെ റെയില്‍വേസ്റ്റേഷനിലേക്ക് നീയും വരണം... ആ പെണ്‍കുട്ടിക്ക് ഒരു ധൈര്യത്തിനാ നമ്മള്‍... എല്ലാം ബാബുസാര്‍ നോക്കിക്കോളും... വൈകിട്ട് തന്നെ തിരിച്ചുപോവുമായിരിക്കും. "

അവളില്‍ നിന്നും പകര്‍ന്ന പരിഭ്രമത്തെ അകറ്റാനായി ഞാന്‍ അടുത്തദിവസം കാണാന്‍ പോവുന്ന ആ പ്രണയജോടികളെ മനസ്സില്‍ വരയ്ക്കാന്‍ ശ്രമിച്ചു. അന്യമതത്തിലുള്ള നാട്ടുപ്രമാണിയുടെ മകളെ ജീവന്‍ പണയം വെച്ചു വിളിച്ചിറക്കി രായ്ക്കുരാമാനം നാടുകടന്ന ആ തോമാച്ചനെ ഒന്നു കാണാതെ പറ്റില്ലല്ലോ! പേടിച്ച മുഖവുമായി ബോംബെ നഗരത്തില്‍ വന്നിറങ്ങിയ മണിരത്നം പടത്തിലെ നായികയെ പോലെ ഹൃദയത്തില്‍ അടങ്ങാത്ത അനുരാഗവും പ്രതീക്ഷയും പിരിമുറുക്കവുമായി നില്ക്കുന്ന പെണ്‍കുട്ടിയെയും സങ്കല്പിച്ചുകിടന്ന് ഉറങ്ങാന്‍ വൈകിയത് കൊണ്ടാവാം രാവിലെ യമുനയുടെ വിളിയാണ് എന്നെ ഉണര്‍ത്തിയത്.

രാവിലെ മനുവേട്ടന്‍ വീണ്ടും വിളിച്ചുവത്രേ. അവിടെ പ്രശ്നം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. തോമാച്ചന്റെ ജോലിസ്ഥലത്തേക്ക് പെണ്‍കുട്ടിയുടെ ആള്‍ക്കാര്‍ ഗുണ്ടകളുമായി തിരിച്ചിരിക്കുന്നു. അവര്‍ സംശയിക്കാനിടയില്ലാത്ത സ്ഥലമായത് കൊണ്ടാണ് ഇങ്ങോട്ട് പറഞ്ഞുവിട്ടതെന്ന്... പോലീസില്‍ വിവരം കൊടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ അറിവ്.. തലേന്ന് സംഭരിച്ച ധൈര്യമൊക്കെ കുറേശ്ശെ ചോര്‍ന്നുവോ? എന്തായാലും പോവുകതന്നെ!

സബ്അര്‍ബന്‍ ട്രെയിനില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. ബാലസൂര്യന്‍ ശക്തികുറഞ്ഞ കിരണങ്ങള്‍ കൊണ്ടു പുകമഞ്ഞില്‍ കളം വരച്ചുകൊണ്ടിരിക്കേ ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി.

യമുനയുടെ മുഖം മനുവേട്ടന്റെ പഴ്സില്‍ കണ്ടിട്ടുണ്ടെന്ന് തോമാച്ചന്‍ അറിയിച്ചതിനാലായിരുന്നു ബാബുസാര്‍ പ്രധാനകവാടത്തില്‍തന്നെ ഞങ്ങള്‍ക്കായി കാത്തുനിന്നത്. ഞങ്ങള്‍ അവിടെ എത്തുന്നതിനു മുന്‍പുതന്നെ ആലപ്പി എക്സ്പ്രസ്സ് വന്നിരുന്നു എന്ന് പുറത്തേക്ക് ഒഴുകുന്ന മലയാളശബ്ദങ്ങളില്‍നിന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട്തന്നെ പരിചയക്കാരെയൊന്നും കാണല്ലേ എന്ന പ്രാര്‍ത്ഥനയായിരുന്നു അപ്പോള്‍ എന്‍റെയുള്ളില്‍. പുറത്തേക്കും അകത്തേക്കും ഒഴുകുന്ന ജനപ്രവാഹത്തില്‍ വീരശൂരപരാക്രമിയായ ഒരു പുരുഷനെയും അവനോടോട്ടിയിരിക്കുന്ന ഒരു മാന്‍പേടയെയും തിരഞ്ഞുകൊണ്ട്‌ ആകാംക്ഷയോടെ ഞങ്ങള്‍ മൂവരും ഉള്ളിലെത്തി.

നിരത്തിയിട്ടിരിക്കുന്ന അനേകം കസേരകളില്‍ കണ്ണോടിക്കവേ, കാഴ്ചയ്ക്ക് കോളേജ്കുമാരനെപോലെയിരിക്കുന്ന ഒരു യുവാവ് എഴുന്നേറ്റു ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. വിളറിയ ചിരിയോടെ യമുനയെ വിളിച്ച് സ്വയം പരിചയപ്പെടുത്തി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാന്‍ മാന്‍പേടയ്ക്കായി പരതി. തോമാച്ചന്‍ ഇരുന്നതിനു തൊട്ടടുത്ത കസേരയില്‍ ഒരു ബാഗ് മടിയില്‍ വെച്ചുകൊണ്ട് ഒരു സുന്ദരിപെണ്‍കുട്ടി ഇരുന്നിരുന്നു. മുഖത്തേക്ക് പറന്നുവീഴുന്ന മുടിയും ഉറക്കച്ചടവുള്ള കണ്ണുകളും ഒക്കെയായി യാത്രാക്ഷീണമല്ലാതെ തലേന്ന് രാത്രി ഞാന്‍ വരച്ച ഭയമോ വിഷാദമോ അവിടെ കാണാനായില്ല. പകരം അവിടെ ഏതോ ദൃഢനിശ്ചയമോ, ആ കണ്ണുകളില്‍ ഒരു സ്നേഹക്കടലോ ഒക്കെ ആണെന്നെനിക്കു തോന്നി.

ആദ്യം വല്ലതും കഴിക്കാമെന്ന നിര്‍ദ്ദേശം ബാബുസാര്‍ ആണ് ഉന്നയിച്ചത്‌. ചൂടുള്ള ഇടലിയും സാമ്പാറും മുന്നില്‍ നിരക്കെ, നേരത്തെ രൂപകല്പന ചെയ്ത പദ്ധതി ബാബുസാര്‍ പറയുമ്പോള്‍ ചെറിയൊരു ഞെട്ടല്‍ എന്നോടൊപ്പം യമുനയിലും ഉണ്ടായി. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് ജോലിസ്ഥലത്തേക്ക് പോവുന്നതാവും സുരക്ഷിതമെന്നും അതിന് അടുത്തദിവസം മാത്രമേ സൌകര്യപ്പെടുകയുള്ളൂ എന്നതിനാല്‍ അതുവരെ വീണയെ ഞങ്ങളോടൊപ്പം താമസിപ്പിക്കാം എന്നും പറയുന്നതോടൊപ്പം പോലീസില്‍ അറിയിച്ചിട്ടുണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ടു നിങ്ങള്‍ ഒന്നു സൂക്ഷിക്കണം എന്നുള്ള അവസാനത്തെ വാചകമായിരുന്നു ഞങ്ങളെ നടുക്കിയത്. പക്ഷെ ആ പ്രണയജോടികളുടെ മുഖത്തെ ദയനീയത കണ്ടതോടെ ഞങ്ങള്‍ രണ്ടുംകല്‍പ്പിച്ചു ഒരുമിച്ചു തലകുലുക്കി. മാത്രമല്ല മനുവേട്ടന്‍ അത്രയ്ക്ക് കാര്യമായി എല്പ്പിച്ചുവെങ്കില്‍ അതത്രക്ക്‌ ഗൌരവം ഉള്ളതുകൊണ്ടും കൂടിയാവുമല്ലോ എന്ന് ട്രെയിനില്‍ ഇരിക്കുമ്പോള്‍ യമുന പറഞ്ഞതും ഓര്‍ത്തു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും അവര്‍ എന്തുകൊണ്ടോ പ്രിയങ്കരരായിത്തീരുകയും അവരുടെ ഭാവി ഇപ്പോള്‍ ഞങ്ങളുടെ കൈയിലാണെന്ന തോന്നലുണ്ടാവുകയും ചെയ്തു.

ട്രെയിനില്‍ കയറാന്‍ നേരത്ത് നാലുകണ്ണുകള്‍ പരസ്പരം കോര്‍ത്ത്‌ ആശയവിനിമയം നടത്തുന്നത് കൌതുകത്തോടെ ഞാന്‍ നോക്കിപ്പോയി. അപ്പോള്‍ മാത്രം പരിചിതരായവരുടെകൂടെ പ്രാണസഖിയെ തനിച്ചയക്കുന്നതിന്റെ ആശങ്ക നിഴലിക്കുന്ന മുഖവുമായി നില്ക്കുന്ന തോമാച്ചന്റെ അടുത്തേക്ക് ചെന്ന് ഞങ്ങള്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ വീണയെ ഞങ്ങള്‍ നോക്കിക്കൊള്ളാം, എന്ന് ആശ്വസിപ്പിച്ചു. പല സിനിമകളിലും കണ്ടിട്ടുള്ള, നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ വാതില്‍ക്കല്‍ നില്ക്കുന്ന നായികയുടെ കൈ നായകന്റെ കൈയില്‍ സ്പര്‍ശിച്ച് വിട്ടുപോവുന്ന രംഗമൊക്കെ ലൈവ് ആയി കാണാനുള്ള ഭാഗ്യം സിദ്ധിച്ചവരായി ഞങ്ങള്‍.

സമയമായതുകൊണ്ട് ഞാന്‍ നേരെ ഓഫീസിലേക്ക് പോയി. അതിഭയങ്കരമായ രഹസ്യം സൂക്ഷിക്കുന്നതിന്റെ ക്ഷീണം കൊണ്ട് ഒന്നിലും മനസ്സുറയ്ക്കാതെ കാലഘടികാരം കുറേകൂടി വേഗത്തില്‍ ചുറ്റാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിന്തിച്ചു എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഞാന്‍ നേരെ ടി.നഗറിലേക്ക് ചെന്ന് ചെന്നൈ സില്‍ക്സിന്റെ മുന്നില്‍ കാത്തു നിന്നിരുന്നവരോടൊപ്പം കൂടി. കല്യാണസാരികളുടെ അടുത്തേക്ക് വെറുതെ ചെന്ന് നോക്കി.. കൊക്കില്‍ ഒതുങ്ങുന്നതായി തോന്നിയില്ല. ഒടുവില്‍ ഒരു കേരളാസാരി കൊണ്ട് തൃപ്തിപ്പെട്ടു. അല്ലെങ്കിലും ഇതിന്‍റെ പകിട്ടൊന്നു വേറെ തന്നെയാണെന്ന് അഭിപ്രായപ്പെട്ട് ഞങ്ങള്‍ തിരിച്ചു മുറിയിലെത്തി. ഭാഗ്യത്തിന് തഞ്ചാവൂര്‍ക്കാരി നാട്ടില്‍ പോയിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ മുറിയിലെ അതിഥിയായി വീണ കൂടി.
മൂന്നുപേരും പലതരം ചിന്തകളാല്‍ ഉറക്കം നഷ്ടപ്പെട്ട്‌ ഇരുളില്‍ വെറുതെ കിടക്കവേ, വീണ സംസാരിച്ചു തുടങ്ങി. "പാവമാണ് എന്‍റെ അച്ഛന്‍.. വീട്ടില്‍ എല്ലാര്‍ക്കും സ്നേഹമാണ്.. പക്ഷെ.. " ശബ്ദം നേര്‍ത്തുനേര്‍ത്ത് ഒരു തേങ്ങല്‍ പോലെയായി.. പരസ്പരം കാണാനാവുന്നില്ലെങ്കിലും കട്ടിലില്‍ ഇരിക്കുന്ന നിഴൽരൂപം കണ്ട് ഞങ്ങള്‍ ഇരുവരും എഴുന്നേറ്റു. അവള്‍ ഞങ്ങളെ ശ്രദ്ധിച്ചില്ലെന്നു തോന്നി. ഇടയ്ക്കെപ്പോഴോ ഗദ്ഗദത്താല്‍ അടഞ്ഞുപോയ ശബ്ദം വീണ്ടെടുത്ത്‌ കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞു.. "ഞാനില്ലാതെ ജീവിക്കാനാവില്ല ന്റെ തോമസിന്... അവര്... ആ പാവത്തിനെ കൊല്ലാന്‍ വരെ നോക്കി.. അതൊക്കെയാ... " കുറച്ചുനേരത്തേക്ക് സ്തബ്ധരായി വാക്കുകള്‍ പരതി ഞങ്ങളിരുന്നു. കുനിഞ്ഞിരുന്ന അവളുടെ അടുത്ത് ചെന്നിരുന്ന് കൈയില്‍ അമര്‍ത്തിപ്പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.. 'ഉറങ്ങൂ വീണ.. ' എന്നായിരുന്നു യമുനക്ക് പറയാനായത്.

രാവിലെയുണര്‍ന്നപ്പോള്‍ ഉറക്കച്ചടവുള്ള അവളുടെ മുഖം വിളറിയിരുന്നു. യമുന എന്തൊക്കെയോ ആശ്വാസവാക്കുകള്‍ പറഞ്ഞുവെന്നുതോന്നി. രാവിലെത്തന്നെ ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. ഹോസ്റ്റലിലുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പൂവും ആഭരണങ്ങളും ഓട്ടോറിക്ഷയില്‍ വെച്ചാണ് അണിയിച്ചത്. സബ് രെജിസ്ട്രാര്‍ ഓഫീസിലേക്ക് അധികം ദൂരമില്ലായിരുന്നു. എല്ലാവരും ഒരുമിച്ചതിനുശേഷവും യമുനയുടെയും ബാബുസാറിന്റെയും തമാശകള്‍ മാത്രം അന്തരീക്ഷത്തെ ലളിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതല്ലാതെ പൊതുവെ വിഷയദാരിദ്ര്യം അനുഭവപ്പെട്ടു. ഏറെനേരത്തെ കാത്തിരുപ്പിനു ശേഷം രെജിസ്ട്രാര്‍ പ്രത്യക്ഷനായി. കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ബാബുസാറും തോമാച്ചനും യമുനയും ഉള്ളിലേക്ക് കയറി. എന്‍റെ അരികില്‍ അകലേക്ക്നോക്കി വെറുതെയിരുന്നിരുന്ന വീണയുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കാനേ എനിക്ക് അപ്പോഴും കഴിഞ്ഞുള്ളു.. ഒപ്പിടാനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റ് എന്‍റെ നേരെ നോക്കി. ഒരുപാടുനേരംകൊണ്ട് സ്വരൂപിച്ച കുറച്ചു വാക്കുകള്‍ ഞാനിങ്ങനെ ക്രമപ്പെടുത്തി പറഞ്ഞു.. "എല്ലാം തീരുമാനിച്ചതല്ലേ.. ഇനി നന്നായി പ്രാര്‍ത്ഥിച്ചു ധൈര്യമായി പൊയ്ക്കൊള്ളൂ... ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന ഉണ്ട് കൂടെ.. "

ആ ചടങ്ങ് കഴിഞ്ഞതോടെ നവദമ്പതികളുടെ മുഖങ്ങളിലെ ആശ്വാസവും സന്തോഷവും ഞങ്ങളിലേക്കും പകര്‍ന്നു. കളിചിരികളുമായി ഹോട്ടലില്‍ നിന്നും സദ്യ ഉണ്ട്, ഞങ്ങള്‍ അവരവരുടെ ജോലിസ്ഥലത്തേക്കും അവര്‍ ബാബുസാറിനോടൊപ്പവും യാത്രയായി.
പിറ്റേന്നും ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ അതിരാവിലെ എത്തി, തലേന്നത്തെ ഭയമൊക്കെ മറന്ന്.. പെട്ടിയും ബാഗുമൊക്കെയായി പഴയ കസേരകളിലൊന്നില്‍ സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞ വീണ ഒരു കുടുംബിനിയുടെ ഭാവത്തോടെ ഇരുന്നു. ഞങ്ങളെ കണ്ടയുടനെ അടുത്തുള്ള ടെലെഫോണ്‍ ബൂത്തില്‍ നിന്നിറങ്ങി തോമാച്ചന്‍ ഓടിവന്നു.
"നിങ്ങളോട്... " നന്ദിപ്രകടനത്തിന്റെ രംഗം തുടരാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ യമുന ഇടയില്‍ കയറി എന്തോ പറഞ്ഞു.
"അതെ വെറും നന്ദിവാക്കില്‍ ഒതുക്കാവുന്നതല്ലാ..." വീണ്ടും പറഞ്ഞുതുടങ്ങിയ തോമാച്ചനില്‍ നിന്നും തിരിഞ്ഞു ഞങ്ങള്‍ മറ്റെന്തൊക്കെയോ പറഞ്ഞു വിഷയം മാറ്റി.. അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ട്രെയിനില്‍ കയറുന്നതിനു തൊട്ടുമുന്‍പ് ബാബുസാറിനെ കെട്ടിപ്പിടിച്ചു യാത്രപറയുന്ന തോമാച്ചനോട് ചേര്‍ന്നുനിന്ന് വീണ ഞങ്ങളുടെ രണ്ടുപേരുടെയും കൈകള്‍ ഒരുമിച്ചു കവര്‍ന്നു. തുളുമ്പുന്ന കണ്ണുകളോടെ ഇത്രമാത്രം പറഞ്ഞു.. "മറക്കില്ല!"
ട്രെയിന്‍ കണ്ണില്‍നിന്നും മറയുവോളം ഞങ്ങള്‍ക്ക്നേരെ വീശിക്കൊണ്ടിരുന്ന ആ രണ്ടുകൈകള്‍ നോക്കി അല്‍പ്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട്, ബാബുസാറിനോട് യാത്രപറഞ്ഞ്‌ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ എന്ന് സംശയത്തിലായിരുന്നു എന്‍റെ മനസ്.

പിന്നീട് ഇടയ്ക്കിടക്ക് അവരുടെ സ്നേഹാന്വേഷണങ്ങള്‍ കത്തുകളായും വിളികളായും ഞങ്ങളെത്തേടി എത്തി. അങ്ങനെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം തോമാച്ചന്റെ വീട്ടുകാര്‍ അവരെ നാട്ടിലേക്ക് വിളിപ്പിച്ചുവെന്നതും അമ്മ തന്നോട് സംസാരിച്ചുവെന്ന് ആഹ്ലാദത്തോടെ വീണ പറഞ്ഞതും ഞങ്ങള്‍ക്ക് ഒരുപാടു സന്തോഷംതന്ന വിശേഷങ്ങളായിരുന്നു. അതിലേറെ യുവത്വത്തിന്റെ എടുത്തുചാട്ടത്തില്‍ കുറേപേര്‍ ചേര്‍ന്ന് ചെയ്ത ഒരു കാര്യം മാത്രമായി ഞങ്ങള്‍ ചെയ്തത് പാഴായിപ്പോയില്ലെന്ന അറിവ് ഒരു വലിയ ആശ്വാസവും.

ഈശ്വരാ.. വര്‍ഷങ്ങള്‍ എത്രപെട്ടെന്നാണ് കടന്നുപോയത്! തോമാച്ചന്റെ ക്ഷണം സ്വീകരിച്ച്, അയാളുടെ പേജിലെ കാര്യങ്ങള്‍ ഓടിച്ചുവായിച്ച് ആല്‍ബം തുറന്നു. പണ്ടത്തെ കോളേജ്കുമാരനില്‍ നിന്നും ഒരുപാടുമാറി തടിയൊക്കെ വെച്ച് തനിഅച്ചായന്‍ ആയിട്ടുണ്ട്‌. നിറകണ്ണുകളോടെ യാത്രപറഞ്ഞുപിരിഞ്ഞ വീണയ്ക്കും ഒരു ഇരുത്തംവന്ന വീട്ടമ്മയുടെ ഭാവം. അവരുടെ ചിരി നല്‍കിയ സന്തോഷവും സംതൃപ്തിയുമായി ചിന്തകളില്‍ സ്വയം മറന്ന് കുറെനേരംകൂടി ഇരുന്നിട്ട് ഞാന്‍ തോമാച്ചന് മറുപടി അയയ്ക്കാനൊരുങ്ങി.

Thursday, January 15, 2009

എന്‍റെ മറ്റൊരു ബാല്‍ക്കണിക്കാഴ്ച്ച

"അമ്മേ.. ഒന്നിങ്ങോട്ടു വേഗം വരൂ.. "

ശനിയാഴ്ച്ചയുടെ ആലസ്യത്തോടെ പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരുന്ന എന്നെ മകള്‍ ഉറക്കെ വിളിച്ചു. രാവിലെ വൈകിയുണര്‍ന്നു ബാല്‍ക്കണിയിലെ ഗ്രില്ലിന്റെ തണുപ്പില്‍ കവിള്‍ ചേര്‍ത്തുവെച്ച് കാഴ്ച്ചകളില്‍ സ്വയംമറന്നു ഏറെനേരം നില്‍ക്കുക എന്നത് അവളുടെ ഒഴിവുദിവസത്തെ പതിവാണ്.


താഴെ പടിക്കല്‍ കുറെനേരമായി നാദസ്വരത്തിന്റെതു പോലത്തെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ചത്തെ ഭിക്ഷക്കാരില്‍ ആരോ ഒരാളെന്നൂഹിച്ചതുകൊണ്ട് ശ്രദ്ധിച്ചതേയില്ലായിരുന്നു അതുവരെ.

"ആ പശൂന്‍റെ പുറത്തു എന്തിനാ അത്രേം തുണികള്‍ ഇട്ടിരിക്കുന്നത്? അതിന് വേദനിക്കില്ലേ? "


മകളുടെ വിളി വീണ്ടും വന്നപ്പോള്‍ കുഴച്ചുകൊണ്ടിരുന്ന പുട്ടുപൊടിയുടെ പാത്രം അടച്ചുവെച്ച് കൈകഴുകി ബാല്‍ക്കണിയില്‍ ചെന്നുനോക്കി. അപ്പുറത്തെ വീടിന്‍റെ പടിക്കല്‍ നില്ക്കുന്ന മീശക്കൊമ്പന്‍ ആയിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്. കൈയിലെ നീണ്ട കുഴലില്‍ നിന്നുവന്ന ശബ്ദമാണ് നേരത്തെ കേട്ടത്. അയാളുടെ അടുത്ത് നെറ്റിയില്‍ നീണ്ട കുറിയിട്ട ഒരു കാള തലതാഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു. ധാരാളം മണികള്‍ കൊരുത്ത, തുണി കൊണ്ടുള്ള ഒരു തടിച്ച ചരടാല്‍ മുഖവും കൊമ്പുകളും ചുറ്റി ബന്ധിക്കപ്പെട്ടിരിക്കുന്ന അതിന്‍റെ പുറത്ത് പരവതാനി പോലെ കട്ടിയുള്ള ഒരു തുണി ഇട്ടിരുന്നു. അതിന് മുകളിലായി നിറയെ പഴയ സാരികളും മറ്റു തുണിത്തരങ്ങളും ആ നാല്‍ക്കാലിക്ക്‌ താങ്ങാവുന്നതിലും അധികമാണെന്ന് തോന്നി. തെരുവുകള്‍ തോറും നടന്നു കിട്ടുന്ന പഴന്തുണികള്‍ ചുമക്കാനാവും അയാള്‍ അതിനെ കൊണ്ടുനടക്കുന്നത്. നീളമുള്ള മൂക്കുകയറിന്റെ മറ്റേയറ്റം അയാളുടെ കൈയിലായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് അയാള്‍ അടുത്ത പടിക്കലേക്കു നടന്നു. കയര്‍ വലിഞ്ഞപ്പോള്‍ ഏതോ ബാഹ്യപ്രേരണയാലെന്നപോലെ വിറയ്ക്കുന്ന മെലിഞ്ഞ കാലുകളോടെ ആ കാളയും ധൃതിയില്‍ നടക്കാന്‍ ശ്രമിച്ചു.



"ആ അപ്പൂപ്പനോട്‌ കുറച്ചു തുണി എടുത്തുമാറ്റാന്‍ പറയാമമ്മേ നമുക്ക്.."
ചുമലിലെ ഭാരത്തെ കുറിച്ചു എന്നെക്കാള്‍ നന്നായി ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കറിയാമെന്നു തോന്നി. ഇനിയും വരുമ്പോള്‍ പറയാമെന്നു അവളെ ആശ്വസിപ്പിച്ച്, വളവുതിരിഞ്ഞു മറയുന്ന ആ മിണ്ടാപ്രാണിയെ നോക്കി ഞങ്ങള്‍ വെറുതെ നിന്നു.

ഇവിടെ പ്രമുഖതാരങ്ങള്‍ വരെ അംഗങ്ങളായുള്ള മൃഗസംരക്ഷക സംഘടനകളുണ്ട്. ഈ ജീവിയുടെ വേച്ചുവേച്ചുള്ള നടത്തം കണ്ട് ഒരു കൊച്ചുകുട്ടിക്ക് തോന്നിയ സഹതാപം പോലും എന്തേ ഇവര്‍ക്കൊന്നും തോന്നിയില്ല എന്ന് അതിശയത്തോടെ ചിന്തിച്ചുപോയി ഞാന്‍.

Monday, December 29, 2008

ഇവിടെ ഒരമ്മ...

പ്രാര്‍ത്ഥന കഴിഞ്ഞും നിസ്കാരപായയുടെ അറ്റം തെരുപ്പിടിപ്പിച്ചു കൊണ്ടു എത്രനേരമാണ് അങ്ങനെ തന്നെയിരുന്നതെന്ന് അറിയില്ല. രാവിലെ ഉമ്മറത്തെ ചാരുകസേരയില്‍ തളര്‍ന്നു വീണുപോയ ബാപ്പയുടെ മുഖത്ത് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തലയ്ക്കുള്ളില്‍ പുകയുന്ന അഗ്നിപര്‍വതവും ചുറ്റിനും കുത്തുവാക്കുകളുടെ കൂരമ്പുകളും മാത്രമാണല്ലോ കുറെ നേരമായി! ഇടയ്ക്ക് സാന്ത്വനമായും ചിലര്‍..


ഇതെല്ലാം താങ്ങാനുള്ള കരുത്ത്‌ തരണേ.. ന്‍റെ റബ്ബേ... എന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളു.. ആരെന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‍ എനിക്കാവില്ല! എന്‍റെ മോന്‍... ഇല്ല.. അവന് കഴിയില്ല അങ്ങനെയാവാന്‍..


"എന്തെല്ലാം കാണണം ആണ്ടവാ!! അന്ത പയ്യനെ പാര്‍ത്താല്‍ അപ്പാവി മാതിരി താനെ തെരിയുത്? കടവുളേ.. ഇതൊന്നുമറിയാതെ അവുങ്ക പക്കത്തിലേ ഇരുന്തോമേ... ശിവ! ശിവ! ഇവുങ്കളെയെല്ലാം നിക്ക വെച്ചു ശുടണം!" നിറുത്താതെ ഓരോന്ന് പുലമ്പുന്നത് പങ്കജമാമിയാണ്.

"ഉടമ്പുക്ക് മുടിയലെന്നാ സൊല്ലവേണ്ടാമാ? വാമ്മാ, ഇതു കഴിക്ക്. നാന്‍ ചെയ്തതാ, തൈര്‍സാദം.. ഇതാ പയ്യനുക്ക് ഇഡലിയും ചട്നിയും ഉണ്ട്. "



"അതിനിപ്പോള്‍ ഇവിടെ എന്തുണ്ടായി മാമി? റഷീദ് ഒരിക്കലും അത്തരക്കാരനാവില്ലെന്നു എനിക്കുറപ്പുണ്ട്. ഇതെന്തോ ഒരു സംശയത്തിന്‍റെ പേരില്‍ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയി എന്നല്ലേയുള്ളൂ?" മാധവന്‍കുട്ടിമാഷാണ്.
"സുഹറ കണ്ടോളൂ.. റഷീദ് നമുക്കൊക്കെ അഭിമാനമാവും. മിടുക്കനാ അവന്‍.. എല്ലാത്തിനും ഫസ്റ്റ് ആണ്!! എല്ലാം അറിയണമെന്ന് ആഗ്രഹവും ഉണ്ട്. കഴിയുന്നത്ര പഠിപ്പിക്കണം കേട്ടോ.."

"പാട്ടി കൊഞ്ചം മിണ്ടാതിരിക്ക്യോ? റഷീദ് അന്തമാതിരി പയ്യന്‍ കിടയാത്. അവന്‍ ഏന്‍ ഫ്രണ്ട്. അങ്കിള്‍, പ്ലീസ് നമുക്കെന്തെങ്കിലും ചെയ്യണം ഉടനെ." പങ്കജമാമിയുടെ പേരക്കുട്ടി ശ്രീറാം അവന്‍റെ ഉറ്റചങ്ങാതിയാണ്.

"റഷിയുമ്മാ, പാട്ടിയോട്‌ പറയല്ലേ.. ചിക്കന്‍ കറി കുറച്ചു കൂടുതല്‍ വെക്കണം അവന്‍റെ ബോക്സില്‍. അല്ലെങ്കില്‍ അവന് കിട്ടില്ല!! "

"അപ്പോഴേ ഞാന്‍ വിശ്വേശ്വരനോട് പറഞ്ഞതാ മാഷേ.. നമ്മ ആള്‍ക്കാര്‍ക്ക് കൊടുത്താല്‍ മതി വീടെന്ന്. അപ്പോള്‍ അവന് കൂടെ പഠിച്ച കൂട്ടുകാരനോട് സ്നേഹം! " പങ്കജമാമി അനുജനെ പഴിക്കുകയാണ്.

"മോള്‍ക്കറിയ്യോ, സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഞങ്ങളുടെ കൂട്ടുകെട്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന വീട് ഇവനെയല്ലാതെ ആരെ ഏല്‍പ്പിക്കും? എപ്പോഴെങ്കിലും ഒന്നു കാണണമെന്നു തോന്നിയാല്‍ ധൈര്യമായി വരാല്ലോ.."


പുറത്ത് പലരുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌... ശ്രദ്ധിക്കാനുള്ള മനസ്സിന്‍റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു... ചുവരിലെ ചിത്രത്തിലെ പട്ടാളക്കാരന്റെ മുഖത്തെ ഭാവമെന്താണ്? കേള്‍ക്കുന്നുണ്ടോ ഇതുവല്ലതും? രാജ്യത്തിന് വേണ്ടി വീരചരമം വരിച്ച ആളുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്...


"ഉമ്മ നോക്കിക്കോളൂ.. ഇത്തവണ ഫസ്റ്റ്റാങ്ക് ഉമ്മാടെ മോന് തന്നെ കിട്ടും. എനിക്ക് ഒരുപാടു പഠിക്കണം ഉമ്മാ.. വാപ്പാനെ പോലെ രാജ്യത്തെ സേവിക്കണം."

ഇക്കാ.. ഇക്കാടെ തൊട്ടാവാടി പെണ്ണിന് പക്ഷെ അവനെ കൂടി നഷ്ടപ്പെടുത്താന്‍ വയ്യ..


"അയ്യേ.. എന്തിനാ ന്‍റെ ഉമ്മക്കുട്ടി പേടിക്കണേ.. പട്ടാളത്തില്‍ ചേരാണ്ട് തന്നെ രാജ്യത്തെ സേവിച്ചൂടെ? എനിക്ക് ഐഎഎസ് എടുക്കണം. "



ആരോ വലിയ ശബ്ദത്തോടെ വാതില്‍ തള്ളിത്തുറന്നുവല്ലോ.. ഘനഗംഭീരമായ സ്വരത്തിനുടമ ബഷീറിക്ക തന്നെ. ഒപ്പം കുറെ സമുദായ പ്രമുഖരും ഉണ്ടെന്നു തോന്നുന്നു.


"ഓള് കൊഞ്ചിച്ചു വഷളാക്കിയത് തന്നെ..! ഓന്‍ ചോദിക്കണതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ? കമ്പ്യൂട്ടര്‍ വേണന്ന് ഓന്‍ കരഞ്ഞത്രെ! പെങ്ങളായിപ്പോയില്ലേ.. വന്നു കൈനീട്ടിയപ്പോ എടുത്തു കൊടുത്തുപോയി! ന്നിട്ടിപ്പോ എന്തായി?"


"നമ്മടെ കൂട്ടര്ടെ എടേല് വന്നു താമസിക്കാന്‍ എത്ര പറഞ്ഞതാ?"

"ഈ അഗ്രഹാരത്തില്‍ വന്നു കെടക്കണ്ട വല്ല കാര്യോണ്ടോ? അത് പറഞ്ഞപ്പോ മൂപ്പര്‍ക്ക് പിടിച്ചില്ലാ.. ഉറ്റ ചങ്ങായീന്റെ വീടാണ്.. പിന്നെ ചുളു വെലയ്ക്കും കിട്ടിയില്ലേ?"

"അദൊക്കെ എന്തിനാ ഇപ്പോ പറയണേ? നമ്മടെ കുട്ടീനെ എറക്കി കൊണ്ടുവരണ വഴി നോക്കാം"


"എംഎല്‍ഏനെ കൊണ്ടു പറയിക്കാംന്ന് പറഞ്ഞിരിക്കുന്നു നമ്മടെ പഞ്ചായത്ത് മെമ്പര്. ഓനെ വിട്ടോളും.. ന്നാലും വന്ന പേരുദോഷം പൂവ്വോ? "


അടിവയറ്റില്‍ നിന്നൊരു തീഗോളം മുകളിലേക്ക് പടര്‍ന്നു പിടിച്ചുവോ? അതിന്‍റെ പുകച്ചുരുളുകള്‍ തൊണ്ടയിലൂടെ മുകളിലെത്തി കണ്ണുകളിലേക്കു പരന്നു കാഴ്ച നഷ്ടപ്പെടുന്നതിനു മുന്പേ എഴുനേല്‍ക്കണം.. ചുവരിലും അടുത്തുള്ള മേശയിലും പിടിച്ച് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ മുന്‍പ് രാധചേച്ചി കൊണ്ടുവന്ന് വെച്ചിട്ട് പോയ ഗ്ലാസ് ചരിഞ്ഞ് വസ്ത്രത്തിലും കിടക്കയിലും ചായ വീണു നനഞ്ഞുവെങ്കിലും കാര്യമാക്കിയില്ല. മങ്ങുന്ന കാഴ്ച്ചയെ വീണ്ടെടുക്കാനെന്നവണ്ണം കണ്ണുതിരുമ്മി. എന്നും തുടയ്ക്കാറുള്ള ആ ചിത്രം ഇന്നാരാണ് കുറേകൂടി മുകളിലേക്ക് വെച്ചത്? നിസ്കാരക്കുപ്പായം കാലില്‍ തടഞ്ഞ്‌ അതെടുക്കാന്‍ ആവുന്നില്ലാ... അതഴിച്ച് പായയില്‍ തന്നെ വെച്ചു. മടക്കി ഒതുക്കിവെയ്ക്കുന്ന പതിവുകള്‍ ഒന്നും ഓര്‍മ്മയില്‍ വന്നില്ല. പ്രാണനാഥന്റെ ചിത്രം ആയാസപ്പെട്ട്‌ ആണിയില്‍ നിന്നും വിമുക്തമാക്കി, താഴെ വീണു ചില്ലുടയാതെ വിറയ്ക്കുന്ന കൈകളാല്‍ മുറുകെ പിടിച്ചു മാറോടു ചേര്‍ത്തു. ഉമ്മറത്തിരിക്കുന്ന മുതിര്‍ന്നവരുടെ മുന്നിലൂടെ കടന്നുപോവുമ്പോള്‍ സാരിത്തലപ്പ് തലയിലൂടെ ഇട്ടുവോ? വാപ്പയുടെയോ മോന്റെയോ കൂടെയല്ലാതെ ഇതിന് മുന്‍പ് എപ്പോഴാണ് ഈ പടിയിറങ്ങിയിരിക്കുന്നത്? അമ്പരന്നിരിക്കുന്ന വീട്ടുകാരുടെയും പുറത്തുനിന്നു പലതും പറയുന്ന നാട്ടുകാരുടെയും മുഖങ്ങള്‍, നെഞ്ചിനുള്ളിലും പുറത്തും എരിയുന്ന പൊരിവെയിലില്‍ കാണാനാവുന്നില്ല.. പിന്‍ വിളികളും പുലഭ്യങ്ങളും ആത്മഗതങ്ങളും അവ്യക്തമായി കാതില്‍ വീഴുന്നുണ്ടെങ്കിലും ഉള്ളിലേക്ക് കടക്കുന്നതെയില്ലാ..

"അവള്‍ക്കൊരു കൂസലുമില്ല കണ്ടോ?!! ഞാനോ മറ്റോ ആയിരിക്കണം.. എപ്പോഴേ തൂങ്ങി ചത്തേനെ!"


"അറിയ്യോ? കമ്പ്യൂട്ടറില്‍ ഇപ്പൊ ബോംബുണ്ടാക്കുന്നതും പഠിക്ക്യാത്രേ! അവനതൊക്കെയാവും ചെയ്തോണ്ടിരുന്നത്‌. "


"മോളെ... യ്യിത് എങ്ങോട്ടെയ്ക്കാ? " വാപ്പയുടെ തളര്‍ന്ന സ്വരം.

എന്നോട് ക്ഷമിയ്ക്കൂ വാപ്പാ.. എങ്ങോട്ടാണെന്ന് എനിക്കും അറിയില്ല, പക്ഷേ, അങ്ങയുടെ മകന്‍റെ കുഞ്ഞിനെ മോചിപ്പിക്കാന്‍ എനിക്ക് പോകാതെ വയ്യ..


"സുഹറ, കുട്ട്യെന്തിനാ പോണേ? അവനെ ഇപ്പൊ കൊണ്ടുവരും മോളെ.. പറയണത് കേള്‍ക്കൂ.. " മാഷിന്‍റെ അപേക്ഷ.

ഇല്ലാ മാഷേ.. എനിക്കെന്‍റെ കുട്ടിയെ കാണണം.. ഒരു പട്ടാളക്കാരന്റെ രക്തമാണ് അവന്‍റെ സിരകളില്‍ ഒഴുകുന്നതെന്ന് എനിക്കവരോട് പറയണം.. ഒരു ഭാരതീയനാണെന്നു അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ മാത്രമേ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുള്ളൂ... അവനൊരു രാജ്യദ്രോഹി ആവാന്‍ കഴിയില്ല എന്ന് പറയണം.. കാലുകള്‍ തളര്‍ന്നു വീണുപോവുന്നതിനു മുന്‍പ്... ഇരുള്‍മൂടി കാഴ്ച്ച മറയുന്നതിനു മുന്‍പ്... എനിക്കവിടെ എത്തണം..

Monday, December 22, 2008

ഒരു പാര്‍ട്ടിയും ഞാനും

"ഞങ്ങളുടെ കമ്പനിയുടെ ആന്ന്വല്‍ പാര്‍ട്ടി ഈ വരുന്ന പതിനഞ്ചിനാണ്. "

ഓഫീസിലേക്ക് പോവാനൊരുങ്ങി പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്.


കഴിഞ്ഞുപോയ ഏതോ പിറന്നാള്‍ സല്‍ക്കാരത്തില്‍ അതായിരുന്നു ഞങ്ങള്‍ സ്ത്രീകളുടെ ഇടയിലെ ഒരു ചര്‍ച്ചാവിഷയം. മകള്‍ക്ക് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം എനിക്ക് ഒഴിവാക്കേണ്ടിവന്ന ആ മഹാസംഭവത്തെ കുറിച്ച് എല്ലാവര്‍ക്കുമുണ്ടായിരുന്നു പറയാന്‍.

"ഹിന്ദിസിനിമേലെ പോലെയുള്ള വേഷങ്ങളൊക്കെ കാണാം!"

"ഇത്തവണ ഡ്രെസ്സും ആഭരണങ്ങളും നേരത്തെ വാങ്ങി വെയ്ക്കണം. കഴിഞ്ഞ പ്രാവശ്യം ചേരുന്ന കമ്മലിനു വേണ്ടി കുറെ നടന്നു!"

"ഞാന്‍ പോയത് എന്‍റെ ഫേവറിറ്റ് പാട്ടുകാരന്‍ സോനു നിഗമിനെ കാണാനായിരുന്നു.. വാട്ട് എ ക്യൂട്ട് ബോയ് ഹി ഈസ്!!" ആവശ്യത്തില്‍ കൂടുതല്‍ ആശ്ചര്യഭാവങ്ങളുമായി മറ്റൊരാള്‍.

ഒരു അടുത്ത കൂട്ടുകാരി പതുക്കെ പറഞ്ഞു, "ഈ പൊങ്ങച്ചക്കാരുടെയും പരിഷ്ക്കാരികളുടെയും ഇടയില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി.. നീയും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി ട്ടോ!"

"വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌ തിളങ്ങാന്‍ പറ്റുന്ന ദിവസമല്ലേ! ഈ വര്‍ഷത്തെതിനു എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന ചര്‍ച്ചയാണെന്ന് തോന്നുന്നു." ഇടയ്ക്ക് കയറിയ പുരുഷപ്രജ കളിയാക്കി.

ഭര്‍ത്താവിനെ യാത്രയാക്കി മറ്റു പണികളും തിടുക്കത്തില്‍ തീര്‍ത്ത് ഞാന്‍ എന്‍റെ ഉറ്റതോഴിയെ വിളിച്ച് ചൂടോടെ വിശേഷം വിളമ്പി.

"നാട്ടിലെ കല്യാണപാര്‍ട്ടിക്ക് പോണപോലെ പട്ടുസാരീം മുല്ലപ്പൂവുമൊന്നും വെച്ചു പോയേക്കല്ലേ പെണ്ണെ.. കുറച്ചു സ്റ്റൈല്‍ ആയിട്ടൊക്കെ പോവണം. അല്ലെങ്കില്‍ നിനക്കല്ല നാണക്കേട്‌! " അവള്‍ പൊട്ടിച്ചിരിയോടെ കളിയാക്കി.

അവളോട്‌ പിണക്കം നടിച്ചു ഫോണ്‍ വെച്ചിട്ട് നേരെ അലമാരി തുറന്നു നോക്കിനില്‍പ്പായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ചേച്ചി സമ്മാനിച്ച കുഞ്ഞു മുത്തുകളും കല്ലുകളും പിടിപ്പിച്ച ഒരു സാരി തിരഞ്ഞെടുത്തു. ചേരുന്ന കമ്മലും മാലയും വാങ്ങേണ്ടിവരും. രണ്ടാഴ്ച സമയമുണ്ടല്ലോ എന്നാശ്വസിച്ചു സാരി തിരികെവെച്ച് അലമാരി പൂട്ടിയപ്പോഴാണ് അതില്‍ പതിപ്പിച്ചിരിക്കുന്ന നീളന്‍ കണ്ണാടിയിലേക്ക് നോക്കിയത്. മുഖത്ത് ചെറിയ കുരുക്കളൊക്കെ വന്നിരിക്കുന്നു! കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടിയിട്ടുണ്ടോ എന്നും സംശയം. മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞമ്മാവന്റെ മകളുടെ കല്യാണത്തലേന്നാണ് അവസാനമായി ഫേഷ്യല്‍ ചെയ്തത്. പുരികത്തിലെ രോമം പറിച്ചുകളയുന്നതുപോലെ സങ്കടമുള്ള കാര്യം വേറെയില്ല! എപ്പോള്‍ പോയാലും അവിടൊരു കണ്ണുനീര്‍പ്പുഴ ഒഴുക്കിയിട്ടെ ഞാന്‍ മടങ്ങാറുള്ളൂ. എന്തായാലും ഇത്തവണ അതൊക്കെ ചെയ്തേ പറ്റൂ.

പിന്നീടുള്ള ദിവസങ്ങള്‍ നീങ്ങിക്കിട്ടാന്‍ കൂടുതല്‍ നേരമെടുത്തതുപോലെ തോന്നി. അതിനിടയില്‍ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തു.

"എന്തുപറ്റി മോളെ നമ്മുടെ അമ്മയ്ക്ക്? പതിവില്ലാത്ത കാര്യങ്ങളൊക്കെ ആണല്ലോ" എന്ന് തുടങ്ങിയ ശബ്ദങ്ങള്‍ ശ്രദ്ധിച്ചതേയില്ല.

അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരമായപ്പോള്‍ത്തന്നെ നിലക്കണ്ണാടിയുടെ മുന്നിലെത്തി. ഇപ്പോഴത്തെ നായികമാരെ പോലെ മുടി അഴിച്ചിട്ടാലോ എന്ന ചിന്തയായി. രാവിലെത്തന്നെ ഷാമ്പൂ ഇട്ടു കഴുകി ഉണക്കിയ മുടി ചീകി ഒതുക്കുമ്പോള്‍ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു കുതിച്ചു. രാവിലെ ഈറന്‍ തോരാത്ത മുടി കെട്ടാന്‍ നില്‍ക്കാതെ പുസ്തകക്കെട്ടുമായി ഓടുമ്പോള്‍ അപ്പുറത്തെ വീട്ടിലെ നാണിക്കുട്ടിയമ്മ പിന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറയുമായിരുന്നു.

"പെങ്കുട്ട്യോള് ങ്ങനെ മുടിയഴിച്ചിടണത് അശുഭാണ് കുട്ട്യേ.." എന്നിട്ട് യാത്രയയക്കാന്‍ പടിക്കല്‍ നില്ക്കുന്ന അമ്മയോട്, "ങ്ങന്യാ നീ കുട്ട്യോളെ വളര്‍ത്തണേ? അവളോട്‌ പറഞ്ഞൂടെ നെനക്ക്? "
"അതൊക്കെ അവിടെ എത്തുമ്പോഴേക്കും ചെയ്തോളാം ന്നാ അവള് പറയണെ"

മുഴുവനും കേട്ടുനില്‍ക്കാതെ നീളന്‍പാവാടയുടെ പിന്‍ഭാഗത്ത് മുടിയില്‍ നിന്നുള്ള ഈര്‍പ്പം പടര്‍ത്തിക്കൊണ്ട്‌ ഓടിയിരുന്നെങ്കിലും പിന്നീടൊരിക്കലും മുടി അങ്ങനെ അഴിച്ചിടാന്‍ തോന്നിയിട്ടില്ല.

"അമ്മ ഇതുവരെ റെഡി ആയില്ലേ? " പിന്നില്‍ നിന്നും മകളുടെ ശബ്ദം, ഉഴുന്നുമാവ് പോലെ വയറുള്ള നാണിക്കുട്ടിയമ്മയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റി. അവരോട് മനസ്സാല്‍ മാപ്പ് പറഞ്ഞ്, മുടി നല്ലതുപോലെ ചീകി അങ്ങനെ തന്നെ അഴിച്ചിട്ടു. കല്യാണത്തിനോ മറ്റോ വാങ്ങിയ ഫൌണ്ടേഷന്‍ ക്രീം എടുത്തു പ്രയോഗിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം, ശ്ശൊ.. അത് ശരിയാവുമോ എന്ന്. പിന്നെ സമയം വൈകുന്നതോര്‍ത്തപ്പോള്‍ രണ്ടാമതൊരു ചിന്തക്ക് നില്‍ക്കാതെ മകളുടെ പ്രച്ഛന്നവേഷമത്സരത്തിനു വാങ്ങിയ ലിപ്സ്ടിക്ക് എടുത്തു പുരട്ടി. കണ്ണാടിയില്‍ നിന്നും ഒരടി മാറി നിന്ന് നല്ലതുപോലെ ഒന്നു പുഞ്ചിരിച്ചു നോക്കി തൃപ്തിപ്പെട്ടു.

വീട്ടില്‍ നിന്നുമിറങ്ങി ലിഫ്റ്റില്‍ കയറാന്‍ നേരത്ത് അവിശ്വസനീയതയോടെ എന്നെ നോക്കിയ ആളുടെ മുഖം കണ്ടപ്പോള്‍ ആത്മവിശ്വാസം കുറേശ്ശെ ചോര്‍ന്നുപോവുന്നതറിഞ്ഞു. മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സ്വരം താഴ്ത്തി ചോദിച്ചു, "വൃത്തികേടുണ്ടോ?"

ഒന്നും പറയാതെ വെറുതെ ചിരിച്ച ആളുടെ മനസ് ഞാന്‍ വായിച്ചത് ഇങ്ങനെ ആയിരുന്നു, "എന്തായാലും ആ മുഖത്തിന്‌ പകരം ഐശ്വര്യാ റായീടെ മുഖം വരില്ലല്ലോ.."

പിന്നിലേക്കു ഓടി മറയുന്ന വഴിയോരക്കാഴ്ച്ചകളില്‍ മനസ്സുറയ്ക്കാതെ കാറില്‍ വെറുതെയിരുന്നു. കാറ്റില്‍ മുടി പറന്നു തുടങ്ങിയപ്പോള്‍ ഗ്ലാസ് കയറ്റിയിട്ടു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ കവാടത്തില്‍ വെച്ചുതന്നെ നിറങ്ങളുടെ മേള കാണാന്‍ കഴിഞ്ഞു. ആവശ്യത്തിലധികം അംഗ വിക്ഷേപങ്ങളും മുഖത്ത് ചായങ്ങള്‍ക്കൊപ്പം തേച്ചു പിടിപ്പിച്ച ചിരിയുമായി കുറെ രൂപങ്ങള്‍. പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. ബാഗില്‍ എപ്പോഴും കരുതാറുള്ള ഹെയര്‍ ബാന്റെടുത്ത്‌ മുടി ചേര്‍ത്തു പിടിച്ചിട്ടു. തൂവാലയെടുത്ത്‌ മുഖം അമര്‍ത്തി തുടച്ചു. കാറില്‍ നിന്നും ഇറങ്ങി മകളുടെ കൈപിടിച്ചു മുന്നില്‍ നടക്കുന്ന ആളുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടില്ലെന്നുനടിച്ച് അവര്‍ക്കു പിന്നിലായി ഞാനും ഉള്ളിലേക്ക് കയറി.

Friday, November 21, 2008

മോക്ഷം

അയാള്‍ ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും രാജേട്ടന്‍ ആയിരുന്നു. അയാളുടെ പൂര്‍ണനാമം എന്തെന്നോ അയാള്‍ എവിടെ നിന്നും വന്നെന്നോ ആരും തിരക്കിയില്ല. മീനുക്കുട്ടി കൈക്കുഞ്ഞായിരിക്കുമ്പോഴായിരുന്നു രാജേട്ടന്‍ ആ നാട്ടിലെത്തി അവളുടെ വീടിന്‍റെ മുന്നിലെ ഒറ്റമുറിക്കടയില്‍ താമസമായത്. ഒരു കാലിനു ശേഷി ഇല്ലാത്ത, കഷ്ടിച്ച് അഞ്ചടി മാത്രമുള്ള ആ കുഞ്ഞുമനുഷ്യന്‍ മീനുക്കുട്ടിയുടെ രാജേട്ടമാമയായി. നാട്ടുകാര്‍ക്ക് തന്നാലാവുന്ന ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തും തിരിച്ചു കിട്ടുന്ന കൊച്ചു കൊച്ചു കാരുണ്യം കൊണ്ടും ജീവിച്ചുപോന്ന രാജേട്ടന്‍ ഇടക്കിടെ ആരോടും പറയാതെ എങ്ങോട്ടോ പോവുമായിരുന്നു. മാസങ്ങളോളം നീണ്ട യാത്രകളുടെ അവസാനം മീനുക്കുട്ടിക്ക് മുത്തുമാലകളും അമ്പലത്തിലെ പ്രസാദവുമായി തിരിച്ചെത്തി.

തന്‍റെ കുറിയ ശരീരത്തില്‍ അസുഖങ്ങള്‍ക്ക് തങ്ങാനിടമുണ്ടാവില്ല എന്ന് ചിരിയോടെ പറഞ്ഞിരുന്ന രാജേട്ടന് ഒരിക്കല്‍ കലശലായ വയറുവേദന വന്നു. നാണുവൈദ്യരുടെ കഷായത്തിനും മെഡിക്കല്‍ റെപ്പ് രമേശന്റെ വേദന സംഹാരികള്‍ക്കും അടങ്ങാതെ വന്നപ്പോള്‍ മീനുക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആരുടെയോ സൈക്കിളിനു പിന്നിലിരുന്നു രാജേട്ടന്‍ പോയി. പരിശോധനകള്‍ക്കൊടുവില്‍ നാട്ടുകാരന്‍ കൂടിയായ ഡോക്ടര്‍ ചോദിച്ചു,

"മര്യാദക്ക് ഭക്ഷണമൊന്നും കഴിക്ക്ണില്ല്യെ രാജേട്ടാ... ഇനിയീ ഊരുചുറ്റല്‍ ഒക്കെ നിര്‍ത്തി മരുന്നും ആഹാരോം മുടങ്ങാണ്ട് കഴിച്ചോളൂ ട്ട്വോ.. "

ഡോക്ടറിനു ഒരു വിളറിയ ചിരി മാത്രം സമ്മാനിച്ച്‌ തിരിച്ചു പോന്നു രാജേട്ടന്‍.

വൈകുന്നേരം ജോലികഴിഞ്ഞെത്തിയ അച്ഛന്‍ മീനുക്കുട്ടിയുടെ അമ്മയോട് പറഞ്ഞു." മോഹന്‍ ഡോക്ടറെ വഴിക്ക് വെച്ചു കണ്ടിരുന്നു.. മൂപ്പര്‍ക്ക് വയറ്റില് ഇത്തിരി സീര്യസാ.. പുണ്ണ് പഴകീന്ന്...! വേദന മാറ്റാനുള്ള ഗുളിക മാത്രേ കൊടുത്തുള്ളൂത്രേ.."

അന്ന് രാത്രി ഒറ്റമുറിക്കടയുടെ പലകകള്‍ പലവട്ടം നീക്കപ്പെടുന്നതിന്റെ ശബ്ദം മീനുക്കുട്ടി കേട്ടു. വിളിച്ചന്വേഷിച്ച അച്ഛന്, വേദന താങ്ങാനാവാതെ വരുമ്പോള്‍ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ പോവുകയാണെന്ന് മറുപടി കിട്ടി.

പിറ്റേന്ന് രാജേട്ടന്റെ അസുഖവിവരമറിഞ്ഞ് സഹായവാഗ്ദാനങ്ങളുമായി നാട്ടുകാരില്‍ പലരുമെത്തി. സ്കൂളില്‍ പോവാനിറങ്ങിയ മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ ബെഞ്ചില്‍ ചുരുണ്ടു കിടക്കുന്ന രാജേട്ടന്റെ സന്തതസഹചാരിയായ തുണിസഞ്ചിയില്‍ ഗുളികകള്‍ തിരക്കിയപ്പോഴും മറ്റുള്ളവര്‍ക്ക് സമ്മാനിച്ച വിളറിയ ചിരി അയാള്‍ അവള്‍ക്കും നല്കി. അയാളെ ശകാരിക്കാന്‍ അവകാശമുള്ള ഏക വ്യക്തി അവളായതിനാല്‍ എന്തൊക്കെയോ കുറെ പറഞ്ഞുകൊണ്ട് തലയിണക്കീഴില്‍ നിന്നും മരുന്ന് ചീട്ട്‌ തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്ന അവളെ അയാള്‍ നിസ്സംഗതയോടെ നോക്കി കിടന്നു.

പരീക്ഷ അടുത്തതിനാല്‍ വൈകി ഉറങ്ങാന്‍ കിടന്നിരുന്ന മീനുക്കുട്ടി അന്നും രാജേട്ടന്റെ വാതിലിന്റെ ശബ്ദം കേട്ടു. വേദനകളില്ലാത്ത ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് എപ്പോഴോ അവളുറങ്ങി.

രാവിലെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ അമ്മിണിയമ്മ വെള്ളത്തില്‍ പൊങ്ങിക്കിടന്ന കാവിമുണ്ടും ഒറ്റ ചെരുപ്പും കണ്ടു നിലവിളിച്ചുകൊണ്ട് ഗ്രാമത്തെ ഉണര്‍ത്തി. മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ നിന്നും പുറത്തുവരാതെ അമ്മയെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ തേങ്ങി. എല്ലാത്തിനും മൂകസാക്ഷിയായി കിണറ്റുകരയില്‍ ഒരു ഊന്നുവടി മാത്രമിരുന്നു.

Tuesday, November 18, 2008

അവള്‍ പറയാനിരുന്നത്

മാസങ്ങള്‍ക്ക് മുന്പ് വടക്കേ ഇന്ത്യയില്‍ കൊല്ലപ്പെട്ട ആരുഷി എന്ന പെണ്‍കുട്ടി ആണ് ഇതെഴുതാന്‍ എനിക്ക് പ്രചോദനമായത്. ലോകത്തിലെ ഒരു പിതാവിനും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനാവാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


എന്‍റെ അച്ഛന്..

ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഏത് മാര്‍ഗമാണ് കത്തയക്കെണ്ടതെന്നറിയില്ല.. പണ്ടെന്നോ അച്ഛന്‍ പറഞ്ഞുതന്ന കഥകളിലെ മേഘസന്ദേശം ഞാന്‍ ഇക്കുറി ശ്രമിച്ചുനോക്കാം... ഇവിടെ എന്‍റെ മുന്നില്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലത്തെ മേഘങ്ങള്‍ ആണ്.. അതിനിടയിലൂടെ ഞാന്‍ മനോഹരമായ ഭൂമി കാണുന്നു.. ഈ ലോകം നമ്മുടെ ഭൂമിയെക്കാള്‍ സുന്ദരമാണെന്നു പറയുന്നു ഇവിടുള്ളവര്‍.. പക്ഷെ നമ്മള്‍ ഒന്നിച്ചുകണ്ടിരുന്ന കാഴ്ച്ചകളോളം വരില്ല ഈ സൌന്ദര്യമൊന്നും... അവിടെ നിന്നും കാണാന്‍ കഴിയാതിരുന്ന പലതും ഇവിടെയിരുന്നു കാണാം... ചന്ദ്രനിലെ കറുത്ത കലകള്‍ പോലെ മനുഷ്യമനസ്സിലെ ദുഷ്ടത ഞാന്‍ കാണുന്നു. മനോഹരമായ ചിരിക്കു പിന്നില്‍ മറച്ചുവെയ്ക്കപ്പെട്ട കുടിലതകള്‍ കാണാന്‍ കഴിയുന്നു...

എത്ര സുന്ദരമായിരുന്നു നമ്മുടെ ജീവിതം, അല്ലെ അച്ഛാ..? അമ്മയും ഞാനും അച്ഛനും.. എന്തിനായിരുന്നു അവര്‍ അത് നമ്മളോട് ചെയ്തത്?നമ്മുടെ ഏത് തെറ്റിന്റെ ശിക്ഷയായിരുന്നു അത്? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസിലാവുന്നില്ല... ശ്വാസം കിട്ടാതെ പ്രാണന്‍ ഇല്ലാതാവുന്നതിന്റെതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ അനുഭവിച്ചത് എല്ലാവരും എന്‍റെ അച്ഛനെ പഴിക്കുന്നത് കണ്ടപ്പോഴായിരുന്നു.. ഒരു നിമിഷം എനിക്ക് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലെന്ന്... സത്യം എല്ലാവരോടും തുറന്നു പറയാന്‍ ഒരവസരം കിട്ടിയിരുന്നെങ്കിലെന്നു വല്ലാതെ കൊതിച്ചുപോയി...

അച്ഛന്‍ ഓര്‍ക്കുന്നില്ലേ എന്‍റെ കുട്ടിക്കാലം? എന്‍റെ ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു ചെയ്തിരുന്നത്? എന്‍റെ ഉടുപ്പുകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ അമ്മ വാങ്ങുന്നതുപോലും തൃപ്തിയാവാതെ അച്ഛന്‍ നോക്കി വാങ്ങിയിരുന്നത്.. എത്ര തിരക്കിനിടയിലും എനിക്കായി സമയം കണ്ടെത്തി, എന്‍റെ കുഞ്ഞു തമാശകള്‍ പോലും ആസ്വദിക്കുകയും ഞാന്‍ കരഞ്ഞപ്പോഴൊക്കെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത്.. ആദ്യമായി ഒരു ആണ്‍കുട്ടി കണ്ണിറുക്കി കാണിച്ചത് വന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ കളിയാക്കിയതും ഞാന്‍ പിണങ്ങിയതും... പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടിച്ച എന്നെ മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തിയിരുന്നത്... രാവിലെ നടക്കാനിറങ്ങുമ്പോള്‍ എന്‍റെ സൌകര്യത്തിനു വേണ്ടി വേഗത കുറച്ചു നടന്നിരുന്നത്.. അമ്മയോട് പിണങ്ങി അത്താഴം കഴിക്കാതെ കിടന്നപ്പോള്‍ ഞാനും കഴിക്കില്ലെന്ന് പറഞ്ഞു എന്നെ തോല്‍പ്പിച്ചത്.. പരീക്ഷാക്കാലങ്ങളില്‍ ജോലിത്തിരക്കിനിടയിലും എനിക്കുവേണ്ടി രാത്രി ഉറക്കമിളച്ചു കൂടെയിരുന്നിരുന്നത്.. എന്‍റെ സ്കൂളിലെ പരിപാടിക്ക് വേണ്ടി ഞാന്‍ സാരി ഉടുത്ത ദിവസം എന്നെ നിറകണ്ണുകളോടെ നോക്കിനിന്നപ്പോള്‍ ഞാനും അമ്മയും ചേര്‍ന്ന് കളിയാക്കിയത്.. അന്ന് അച്ഛമ്മയുടെ മുഖമാണെനിക്കെന്നുപറഞ്ഞു ചേര്‍ത്തുപിടിച്ചപ്പോള്‍ എനിക്കും ചെറുതായി സങ്കടം വന്നു..

ഇതൊക്കെ ഞാന്‍ ഇനി ആരോടാണ് പറയുന്നത്? ഇവിടെ എന്‍റെ ചുറ്റുമുള്ള മേഘങ്ങള്‍ എന്‍റെ വാക്കുകള്‍ മഴയായി ഭൂമിയില്‍ പെയ്യിച്ചിരുന്നെങ്കില്‍... ഒന്നു നുള്ളിനോവിക്കാന്‍ പോലും ശക്തിയില്ലാത്ത എന്‍റെ അച്ഛന് ഒരിക്കലും എന്നെ കൊല്ലാനാവില്ല എന്ന് ഉറക്കെ ഉറക്കെ ഞാന്‍ ഇവിടുന്നു വിളിച്ചുപറഞ്ഞു.. എന്‍റെ ശബ്ദം മേഘങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു എങ്കിലും താഴേക്ക് പോയതേയില്ല.. ഞാന്‍ ഉറക്കെ കരഞ്ഞു.. എന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ലാ.. അവര്‍ അച്ഛനെ പലരീതിയിലും പീഡിപ്പിച്ചു കുറ്റസമ്മതം നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അച്ഛനനുഭവിച്ച വേദനകള്‍ എനിക്കുതന്നിരുന്നെങ്കിലെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.. ഇതാണോ അമ്മൂമ്മ പറയാറുള്ള സുകൃതക്ഷയം? കഴിഞ്ഞ ഏതെങ്കിലും ജന്മത്തില്‍ നമ്മളാരെങ്കിലും എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടാവുമോ?

ഇന്നുവരെ വിശ്വസിക്കാതിരുന്ന ജന്മാന്തരബന്ധങ്ങള്‍ സത്യമായെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു... അടുത്ത ജന്മത്തിലും ഈ അച്ഛന്‍റെ മകളായി തന്നെ ജനിച്ചു എനിക്ക് കിട്ടിയ സ്നേഹം മുഴുവനും ഇരട്ടിയായി തിരിച്ചുതന്ന്‍ മതിയാവോളം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിമാത്രം...