About Me

My photo
A person who loves to read, write, sing and share thoughts.

Thursday, January 15, 2009

എന്‍റെ മറ്റൊരു ബാല്‍ക്കണിക്കാഴ്ച്ച

"അമ്മേ.. ഒന്നിങ്ങോട്ടു വേഗം വരൂ.. "

ശനിയാഴ്ച്ചയുടെ ആലസ്യത്തോടെ പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരുന്ന എന്നെ മകള്‍ ഉറക്കെ വിളിച്ചു. രാവിലെ വൈകിയുണര്‍ന്നു ബാല്‍ക്കണിയിലെ ഗ്രില്ലിന്റെ തണുപ്പില്‍ കവിള്‍ ചേര്‍ത്തുവെച്ച് കാഴ്ച്ചകളില്‍ സ്വയംമറന്നു ഏറെനേരം നില്‍ക്കുക എന്നത് അവളുടെ ഒഴിവുദിവസത്തെ പതിവാണ്.


താഴെ പടിക്കല്‍ കുറെനേരമായി നാദസ്വരത്തിന്റെതു പോലത്തെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ചത്തെ ഭിക്ഷക്കാരില്‍ ആരോ ഒരാളെന്നൂഹിച്ചതുകൊണ്ട് ശ്രദ്ധിച്ചതേയില്ലായിരുന്നു അതുവരെ.

"ആ പശൂന്‍റെ പുറത്തു എന്തിനാ അത്രേം തുണികള്‍ ഇട്ടിരിക്കുന്നത്? അതിന് വേദനിക്കില്ലേ? "


മകളുടെ വിളി വീണ്ടും വന്നപ്പോള്‍ കുഴച്ചുകൊണ്ടിരുന്ന പുട്ടുപൊടിയുടെ പാത്രം അടച്ചുവെച്ച് കൈകഴുകി ബാല്‍ക്കണിയില്‍ ചെന്നുനോക്കി. അപ്പുറത്തെ വീടിന്‍റെ പടിക്കല്‍ നില്ക്കുന്ന മീശക്കൊമ്പന്‍ ആയിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്. കൈയിലെ നീണ്ട കുഴലില്‍ നിന്നുവന്ന ശബ്ദമാണ് നേരത്തെ കേട്ടത്. അയാളുടെ അടുത്ത് നെറ്റിയില്‍ നീണ്ട കുറിയിട്ട ഒരു കാള തലതാഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു. ധാരാളം മണികള്‍ കൊരുത്ത, തുണി കൊണ്ടുള്ള ഒരു തടിച്ച ചരടാല്‍ മുഖവും കൊമ്പുകളും ചുറ്റി ബന്ധിക്കപ്പെട്ടിരിക്കുന്ന അതിന്‍റെ പുറത്ത് പരവതാനി പോലെ കട്ടിയുള്ള ഒരു തുണി ഇട്ടിരുന്നു. അതിന് മുകളിലായി നിറയെ പഴയ സാരികളും മറ്റു തുണിത്തരങ്ങളും ആ നാല്‍ക്കാലിക്ക്‌ താങ്ങാവുന്നതിലും അധികമാണെന്ന് തോന്നി. തെരുവുകള്‍ തോറും നടന്നു കിട്ടുന്ന പഴന്തുണികള്‍ ചുമക്കാനാവും അയാള്‍ അതിനെ കൊണ്ടുനടക്കുന്നത്. നീളമുള്ള മൂക്കുകയറിന്റെ മറ്റേയറ്റം അയാളുടെ കൈയിലായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് അയാള്‍ അടുത്ത പടിക്കലേക്കു നടന്നു. കയര്‍ വലിഞ്ഞപ്പോള്‍ ഏതോ ബാഹ്യപ്രേരണയാലെന്നപോലെ വിറയ്ക്കുന്ന മെലിഞ്ഞ കാലുകളോടെ ആ കാളയും ധൃതിയില്‍ നടക്കാന്‍ ശ്രമിച്ചു.



"ആ അപ്പൂപ്പനോട്‌ കുറച്ചു തുണി എടുത്തുമാറ്റാന്‍ പറയാമമ്മേ നമുക്ക്.."
ചുമലിലെ ഭാരത്തെ കുറിച്ചു എന്നെക്കാള്‍ നന്നായി ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കറിയാമെന്നു തോന്നി. ഇനിയും വരുമ്പോള്‍ പറയാമെന്നു അവളെ ആശ്വസിപ്പിച്ച്, വളവുതിരിഞ്ഞു മറയുന്ന ആ മിണ്ടാപ്രാണിയെ നോക്കി ഞങ്ങള്‍ വെറുതെ നിന്നു.

ഇവിടെ പ്രമുഖതാരങ്ങള്‍ വരെ അംഗങ്ങളായുള്ള മൃഗസംരക്ഷക സംഘടനകളുണ്ട്. ഈ ജീവിയുടെ വേച്ചുവേച്ചുള്ള നടത്തം കണ്ട് ഒരു കൊച്ചുകുട്ടിക്ക് തോന്നിയ സഹതാപം പോലും എന്തേ ഇവര്‍ക്കൊന്നും തോന്നിയില്ല എന്ന് അതിശയത്തോടെ ചിന്തിച്ചുപോയി ഞാന്‍.

Monday, December 29, 2008

ഇവിടെ ഒരമ്മ...

പ്രാര്‍ത്ഥന കഴിഞ്ഞും നിസ്കാരപായയുടെ അറ്റം തെരുപ്പിടിപ്പിച്ചു കൊണ്ടു എത്രനേരമാണ് അങ്ങനെ തന്നെയിരുന്നതെന്ന് അറിയില്ല. രാവിലെ ഉമ്മറത്തെ ചാരുകസേരയില്‍ തളര്‍ന്നു വീണുപോയ ബാപ്പയുടെ മുഖത്ത് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തലയ്ക്കുള്ളില്‍ പുകയുന്ന അഗ്നിപര്‍വതവും ചുറ്റിനും കുത്തുവാക്കുകളുടെ കൂരമ്പുകളും മാത്രമാണല്ലോ കുറെ നേരമായി! ഇടയ്ക്ക് സാന്ത്വനമായും ചിലര്‍..


ഇതെല്ലാം താങ്ങാനുള്ള കരുത്ത്‌ തരണേ.. ന്‍റെ റബ്ബേ... എന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളു.. ആരെന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‍ എനിക്കാവില്ല! എന്‍റെ മോന്‍... ഇല്ല.. അവന് കഴിയില്ല അങ്ങനെയാവാന്‍..


"എന്തെല്ലാം കാണണം ആണ്ടവാ!! അന്ത പയ്യനെ പാര്‍ത്താല്‍ അപ്പാവി മാതിരി താനെ തെരിയുത്? കടവുളേ.. ഇതൊന്നുമറിയാതെ അവുങ്ക പക്കത്തിലേ ഇരുന്തോമേ... ശിവ! ശിവ! ഇവുങ്കളെയെല്ലാം നിക്ക വെച്ചു ശുടണം!" നിറുത്താതെ ഓരോന്ന് പുലമ്പുന്നത് പങ്കജമാമിയാണ്.

"ഉടമ്പുക്ക് മുടിയലെന്നാ സൊല്ലവേണ്ടാമാ? വാമ്മാ, ഇതു കഴിക്ക്. നാന്‍ ചെയ്തതാ, തൈര്‍സാദം.. ഇതാ പയ്യനുക്ക് ഇഡലിയും ചട്നിയും ഉണ്ട്. "



"അതിനിപ്പോള്‍ ഇവിടെ എന്തുണ്ടായി മാമി? റഷീദ് ഒരിക്കലും അത്തരക്കാരനാവില്ലെന്നു എനിക്കുറപ്പുണ്ട്. ഇതെന്തോ ഒരു സംശയത്തിന്‍റെ പേരില്‍ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയി എന്നല്ലേയുള്ളൂ?" മാധവന്‍കുട്ടിമാഷാണ്.
"സുഹറ കണ്ടോളൂ.. റഷീദ് നമുക്കൊക്കെ അഭിമാനമാവും. മിടുക്കനാ അവന്‍.. എല്ലാത്തിനും ഫസ്റ്റ് ആണ്!! എല്ലാം അറിയണമെന്ന് ആഗ്രഹവും ഉണ്ട്. കഴിയുന്നത്ര പഠിപ്പിക്കണം കേട്ടോ.."

"പാട്ടി കൊഞ്ചം മിണ്ടാതിരിക്ക്യോ? റഷീദ് അന്തമാതിരി പയ്യന്‍ കിടയാത്. അവന്‍ ഏന്‍ ഫ്രണ്ട്. അങ്കിള്‍, പ്ലീസ് നമുക്കെന്തെങ്കിലും ചെയ്യണം ഉടനെ." പങ്കജമാമിയുടെ പേരക്കുട്ടി ശ്രീറാം അവന്‍റെ ഉറ്റചങ്ങാതിയാണ്.

"റഷിയുമ്മാ, പാട്ടിയോട്‌ പറയല്ലേ.. ചിക്കന്‍ കറി കുറച്ചു കൂടുതല്‍ വെക്കണം അവന്‍റെ ബോക്സില്‍. അല്ലെങ്കില്‍ അവന് കിട്ടില്ല!! "

"അപ്പോഴേ ഞാന്‍ വിശ്വേശ്വരനോട് പറഞ്ഞതാ മാഷേ.. നമ്മ ആള്‍ക്കാര്‍ക്ക് കൊടുത്താല്‍ മതി വീടെന്ന്. അപ്പോള്‍ അവന് കൂടെ പഠിച്ച കൂട്ടുകാരനോട് സ്നേഹം! " പങ്കജമാമി അനുജനെ പഴിക്കുകയാണ്.

"മോള്‍ക്കറിയ്യോ, സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഞങ്ങളുടെ കൂട്ടുകെട്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന വീട് ഇവനെയല്ലാതെ ആരെ ഏല്‍പ്പിക്കും? എപ്പോഴെങ്കിലും ഒന്നു കാണണമെന്നു തോന്നിയാല്‍ ധൈര്യമായി വരാല്ലോ.."


പുറത്ത് പലരുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌... ശ്രദ്ധിക്കാനുള്ള മനസ്സിന്‍റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു... ചുവരിലെ ചിത്രത്തിലെ പട്ടാളക്കാരന്റെ മുഖത്തെ ഭാവമെന്താണ്? കേള്‍ക്കുന്നുണ്ടോ ഇതുവല്ലതും? രാജ്യത്തിന് വേണ്ടി വീരചരമം വരിച്ച ആളുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്...


"ഉമ്മ നോക്കിക്കോളൂ.. ഇത്തവണ ഫസ്റ്റ്റാങ്ക് ഉമ്മാടെ മോന് തന്നെ കിട്ടും. എനിക്ക് ഒരുപാടു പഠിക്കണം ഉമ്മാ.. വാപ്പാനെ പോലെ രാജ്യത്തെ സേവിക്കണം."

ഇക്കാ.. ഇക്കാടെ തൊട്ടാവാടി പെണ്ണിന് പക്ഷെ അവനെ കൂടി നഷ്ടപ്പെടുത്താന്‍ വയ്യ..


"അയ്യേ.. എന്തിനാ ന്‍റെ ഉമ്മക്കുട്ടി പേടിക്കണേ.. പട്ടാളത്തില്‍ ചേരാണ്ട് തന്നെ രാജ്യത്തെ സേവിച്ചൂടെ? എനിക്ക് ഐഎഎസ് എടുക്കണം. "



ആരോ വലിയ ശബ്ദത്തോടെ വാതില്‍ തള്ളിത്തുറന്നുവല്ലോ.. ഘനഗംഭീരമായ സ്വരത്തിനുടമ ബഷീറിക്ക തന്നെ. ഒപ്പം കുറെ സമുദായ പ്രമുഖരും ഉണ്ടെന്നു തോന്നുന്നു.


"ഓള് കൊഞ്ചിച്ചു വഷളാക്കിയത് തന്നെ..! ഓന്‍ ചോദിക്കണതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ? കമ്പ്യൂട്ടര്‍ വേണന്ന് ഓന്‍ കരഞ്ഞത്രെ! പെങ്ങളായിപ്പോയില്ലേ.. വന്നു കൈനീട്ടിയപ്പോ എടുത്തു കൊടുത്തുപോയി! ന്നിട്ടിപ്പോ എന്തായി?"


"നമ്മടെ കൂട്ടര്ടെ എടേല് വന്നു താമസിക്കാന്‍ എത്ര പറഞ്ഞതാ?"

"ഈ അഗ്രഹാരത്തില്‍ വന്നു കെടക്കണ്ട വല്ല കാര്യോണ്ടോ? അത് പറഞ്ഞപ്പോ മൂപ്പര്‍ക്ക് പിടിച്ചില്ലാ.. ഉറ്റ ചങ്ങായീന്റെ വീടാണ്.. പിന്നെ ചുളു വെലയ്ക്കും കിട്ടിയില്ലേ?"

"അദൊക്കെ എന്തിനാ ഇപ്പോ പറയണേ? നമ്മടെ കുട്ടീനെ എറക്കി കൊണ്ടുവരണ വഴി നോക്കാം"


"എംഎല്‍ഏനെ കൊണ്ടു പറയിക്കാംന്ന് പറഞ്ഞിരിക്കുന്നു നമ്മടെ പഞ്ചായത്ത് മെമ്പര്. ഓനെ വിട്ടോളും.. ന്നാലും വന്ന പേരുദോഷം പൂവ്വോ? "


അടിവയറ്റില്‍ നിന്നൊരു തീഗോളം മുകളിലേക്ക് പടര്‍ന്നു പിടിച്ചുവോ? അതിന്‍റെ പുകച്ചുരുളുകള്‍ തൊണ്ടയിലൂടെ മുകളിലെത്തി കണ്ണുകളിലേക്കു പരന്നു കാഴ്ച നഷ്ടപ്പെടുന്നതിനു മുന്പേ എഴുനേല്‍ക്കണം.. ചുവരിലും അടുത്തുള്ള മേശയിലും പിടിച്ച് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ മുന്‍പ് രാധചേച്ചി കൊണ്ടുവന്ന് വെച്ചിട്ട് പോയ ഗ്ലാസ് ചരിഞ്ഞ് വസ്ത്രത്തിലും കിടക്കയിലും ചായ വീണു നനഞ്ഞുവെങ്കിലും കാര്യമാക്കിയില്ല. മങ്ങുന്ന കാഴ്ച്ചയെ വീണ്ടെടുക്കാനെന്നവണ്ണം കണ്ണുതിരുമ്മി. എന്നും തുടയ്ക്കാറുള്ള ആ ചിത്രം ഇന്നാരാണ് കുറേകൂടി മുകളിലേക്ക് വെച്ചത്? നിസ്കാരക്കുപ്പായം കാലില്‍ തടഞ്ഞ്‌ അതെടുക്കാന്‍ ആവുന്നില്ലാ... അതഴിച്ച് പായയില്‍ തന്നെ വെച്ചു. മടക്കി ഒതുക്കിവെയ്ക്കുന്ന പതിവുകള്‍ ഒന്നും ഓര്‍മ്മയില്‍ വന്നില്ല. പ്രാണനാഥന്റെ ചിത്രം ആയാസപ്പെട്ട്‌ ആണിയില്‍ നിന്നും വിമുക്തമാക്കി, താഴെ വീണു ചില്ലുടയാതെ വിറയ്ക്കുന്ന കൈകളാല്‍ മുറുകെ പിടിച്ചു മാറോടു ചേര്‍ത്തു. ഉമ്മറത്തിരിക്കുന്ന മുതിര്‍ന്നവരുടെ മുന്നിലൂടെ കടന്നുപോവുമ്പോള്‍ സാരിത്തലപ്പ് തലയിലൂടെ ഇട്ടുവോ? വാപ്പയുടെയോ മോന്റെയോ കൂടെയല്ലാതെ ഇതിന് മുന്‍പ് എപ്പോഴാണ് ഈ പടിയിറങ്ങിയിരിക്കുന്നത്? അമ്പരന്നിരിക്കുന്ന വീട്ടുകാരുടെയും പുറത്തുനിന്നു പലതും പറയുന്ന നാട്ടുകാരുടെയും മുഖങ്ങള്‍, നെഞ്ചിനുള്ളിലും പുറത്തും എരിയുന്ന പൊരിവെയിലില്‍ കാണാനാവുന്നില്ല.. പിന്‍ വിളികളും പുലഭ്യങ്ങളും ആത്മഗതങ്ങളും അവ്യക്തമായി കാതില്‍ വീഴുന്നുണ്ടെങ്കിലും ഉള്ളിലേക്ക് കടക്കുന്നതെയില്ലാ..

"അവള്‍ക്കൊരു കൂസലുമില്ല കണ്ടോ?!! ഞാനോ മറ്റോ ആയിരിക്കണം.. എപ്പോഴേ തൂങ്ങി ചത്തേനെ!"


"അറിയ്യോ? കമ്പ്യൂട്ടറില്‍ ഇപ്പൊ ബോംബുണ്ടാക്കുന്നതും പഠിക്ക്യാത്രേ! അവനതൊക്കെയാവും ചെയ്തോണ്ടിരുന്നത്‌. "


"മോളെ... യ്യിത് എങ്ങോട്ടെയ്ക്കാ? " വാപ്പയുടെ തളര്‍ന്ന സ്വരം.

എന്നോട് ക്ഷമിയ്ക്കൂ വാപ്പാ.. എങ്ങോട്ടാണെന്ന് എനിക്കും അറിയില്ല, പക്ഷേ, അങ്ങയുടെ മകന്‍റെ കുഞ്ഞിനെ മോചിപ്പിക്കാന്‍ എനിക്ക് പോകാതെ വയ്യ..


"സുഹറ, കുട്ട്യെന്തിനാ പോണേ? അവനെ ഇപ്പൊ കൊണ്ടുവരും മോളെ.. പറയണത് കേള്‍ക്കൂ.. " മാഷിന്‍റെ അപേക്ഷ.

ഇല്ലാ മാഷേ.. എനിക്കെന്‍റെ കുട്ടിയെ കാണണം.. ഒരു പട്ടാളക്കാരന്റെ രക്തമാണ് അവന്‍റെ സിരകളില്‍ ഒഴുകുന്നതെന്ന് എനിക്കവരോട് പറയണം.. ഒരു ഭാരതീയനാണെന്നു അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ മാത്രമേ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുള്ളൂ... അവനൊരു രാജ്യദ്രോഹി ആവാന്‍ കഴിയില്ല എന്ന് പറയണം.. കാലുകള്‍ തളര്‍ന്നു വീണുപോവുന്നതിനു മുന്‍പ്... ഇരുള്‍മൂടി കാഴ്ച്ച മറയുന്നതിനു മുന്‍പ്... എനിക്കവിടെ എത്തണം..

Monday, December 22, 2008

ഒരു പാര്‍ട്ടിയും ഞാനും

"ഞങ്ങളുടെ കമ്പനിയുടെ ആന്ന്വല്‍ പാര്‍ട്ടി ഈ വരുന്ന പതിനഞ്ചിനാണ്. "

ഓഫീസിലേക്ക് പോവാനൊരുങ്ങി പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്.


കഴിഞ്ഞുപോയ ഏതോ പിറന്നാള്‍ സല്‍ക്കാരത്തില്‍ അതായിരുന്നു ഞങ്ങള്‍ സ്ത്രീകളുടെ ഇടയിലെ ഒരു ചര്‍ച്ചാവിഷയം. മകള്‍ക്ക് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം എനിക്ക് ഒഴിവാക്കേണ്ടിവന്ന ആ മഹാസംഭവത്തെ കുറിച്ച് എല്ലാവര്‍ക്കുമുണ്ടായിരുന്നു പറയാന്‍.

"ഹിന്ദിസിനിമേലെ പോലെയുള്ള വേഷങ്ങളൊക്കെ കാണാം!"

"ഇത്തവണ ഡ്രെസ്സും ആഭരണങ്ങളും നേരത്തെ വാങ്ങി വെയ്ക്കണം. കഴിഞ്ഞ പ്രാവശ്യം ചേരുന്ന കമ്മലിനു വേണ്ടി കുറെ നടന്നു!"

"ഞാന്‍ പോയത് എന്‍റെ ഫേവറിറ്റ് പാട്ടുകാരന്‍ സോനു നിഗമിനെ കാണാനായിരുന്നു.. വാട്ട് എ ക്യൂട്ട് ബോയ് ഹി ഈസ്!!" ആവശ്യത്തില്‍ കൂടുതല്‍ ആശ്ചര്യഭാവങ്ങളുമായി മറ്റൊരാള്‍.

ഒരു അടുത്ത കൂട്ടുകാരി പതുക്കെ പറഞ്ഞു, "ഈ പൊങ്ങച്ചക്കാരുടെയും പരിഷ്ക്കാരികളുടെയും ഇടയില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി.. നീയും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി ട്ടോ!"

"വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌ തിളങ്ങാന്‍ പറ്റുന്ന ദിവസമല്ലേ! ഈ വര്‍ഷത്തെതിനു എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന ചര്‍ച്ചയാണെന്ന് തോന്നുന്നു." ഇടയ്ക്ക് കയറിയ പുരുഷപ്രജ കളിയാക്കി.

ഭര്‍ത്താവിനെ യാത്രയാക്കി മറ്റു പണികളും തിടുക്കത്തില്‍ തീര്‍ത്ത് ഞാന്‍ എന്‍റെ ഉറ്റതോഴിയെ വിളിച്ച് ചൂടോടെ വിശേഷം വിളമ്പി.

"നാട്ടിലെ കല്യാണപാര്‍ട്ടിക്ക് പോണപോലെ പട്ടുസാരീം മുല്ലപ്പൂവുമൊന്നും വെച്ചു പോയേക്കല്ലേ പെണ്ണെ.. കുറച്ചു സ്റ്റൈല്‍ ആയിട്ടൊക്കെ പോവണം. അല്ലെങ്കില്‍ നിനക്കല്ല നാണക്കേട്‌! " അവള്‍ പൊട്ടിച്ചിരിയോടെ കളിയാക്കി.

അവളോട്‌ പിണക്കം നടിച്ചു ഫോണ്‍ വെച്ചിട്ട് നേരെ അലമാരി തുറന്നു നോക്കിനില്‍പ്പായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ചേച്ചി സമ്മാനിച്ച കുഞ്ഞു മുത്തുകളും കല്ലുകളും പിടിപ്പിച്ച ഒരു സാരി തിരഞ്ഞെടുത്തു. ചേരുന്ന കമ്മലും മാലയും വാങ്ങേണ്ടിവരും. രണ്ടാഴ്ച സമയമുണ്ടല്ലോ എന്നാശ്വസിച്ചു സാരി തിരികെവെച്ച് അലമാരി പൂട്ടിയപ്പോഴാണ് അതില്‍ പതിപ്പിച്ചിരിക്കുന്ന നീളന്‍ കണ്ണാടിയിലേക്ക് നോക്കിയത്. മുഖത്ത് ചെറിയ കുരുക്കളൊക്കെ വന്നിരിക്കുന്നു! കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടിയിട്ടുണ്ടോ എന്നും സംശയം. മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞമ്മാവന്റെ മകളുടെ കല്യാണത്തലേന്നാണ് അവസാനമായി ഫേഷ്യല്‍ ചെയ്തത്. പുരികത്തിലെ രോമം പറിച്ചുകളയുന്നതുപോലെ സങ്കടമുള്ള കാര്യം വേറെയില്ല! എപ്പോള്‍ പോയാലും അവിടൊരു കണ്ണുനീര്‍പ്പുഴ ഒഴുക്കിയിട്ടെ ഞാന്‍ മടങ്ങാറുള്ളൂ. എന്തായാലും ഇത്തവണ അതൊക്കെ ചെയ്തേ പറ്റൂ.

പിന്നീടുള്ള ദിവസങ്ങള്‍ നീങ്ങിക്കിട്ടാന്‍ കൂടുതല്‍ നേരമെടുത്തതുപോലെ തോന്നി. അതിനിടയില്‍ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തു.

"എന്തുപറ്റി മോളെ നമ്മുടെ അമ്മയ്ക്ക്? പതിവില്ലാത്ത കാര്യങ്ങളൊക്കെ ആണല്ലോ" എന്ന് തുടങ്ങിയ ശബ്ദങ്ങള്‍ ശ്രദ്ധിച്ചതേയില്ല.

അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരമായപ്പോള്‍ത്തന്നെ നിലക്കണ്ണാടിയുടെ മുന്നിലെത്തി. ഇപ്പോഴത്തെ നായികമാരെ പോലെ മുടി അഴിച്ചിട്ടാലോ എന്ന ചിന്തയായി. രാവിലെത്തന്നെ ഷാമ്പൂ ഇട്ടു കഴുകി ഉണക്കിയ മുടി ചീകി ഒതുക്കുമ്പോള്‍ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു കുതിച്ചു. രാവിലെ ഈറന്‍ തോരാത്ത മുടി കെട്ടാന്‍ നില്‍ക്കാതെ പുസ്തകക്കെട്ടുമായി ഓടുമ്പോള്‍ അപ്പുറത്തെ വീട്ടിലെ നാണിക്കുട്ടിയമ്മ പിന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറയുമായിരുന്നു.

"പെങ്കുട്ട്യോള് ങ്ങനെ മുടിയഴിച്ചിടണത് അശുഭാണ് കുട്ട്യേ.." എന്നിട്ട് യാത്രയയക്കാന്‍ പടിക്കല്‍ നില്ക്കുന്ന അമ്മയോട്, "ങ്ങന്യാ നീ കുട്ട്യോളെ വളര്‍ത്തണേ? അവളോട്‌ പറഞ്ഞൂടെ നെനക്ക്? "
"അതൊക്കെ അവിടെ എത്തുമ്പോഴേക്കും ചെയ്തോളാം ന്നാ അവള് പറയണെ"

മുഴുവനും കേട്ടുനില്‍ക്കാതെ നീളന്‍പാവാടയുടെ പിന്‍ഭാഗത്ത് മുടിയില്‍ നിന്നുള്ള ഈര്‍പ്പം പടര്‍ത്തിക്കൊണ്ട്‌ ഓടിയിരുന്നെങ്കിലും പിന്നീടൊരിക്കലും മുടി അങ്ങനെ അഴിച്ചിടാന്‍ തോന്നിയിട്ടില്ല.

"അമ്മ ഇതുവരെ റെഡി ആയില്ലേ? " പിന്നില്‍ നിന്നും മകളുടെ ശബ്ദം, ഉഴുന്നുമാവ് പോലെ വയറുള്ള നാണിക്കുട്ടിയമ്മയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റി. അവരോട് മനസ്സാല്‍ മാപ്പ് പറഞ്ഞ്, മുടി നല്ലതുപോലെ ചീകി അങ്ങനെ തന്നെ അഴിച്ചിട്ടു. കല്യാണത്തിനോ മറ്റോ വാങ്ങിയ ഫൌണ്ടേഷന്‍ ക്രീം എടുത്തു പ്രയോഗിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം, ശ്ശൊ.. അത് ശരിയാവുമോ എന്ന്. പിന്നെ സമയം വൈകുന്നതോര്‍ത്തപ്പോള്‍ രണ്ടാമതൊരു ചിന്തക്ക് നില്‍ക്കാതെ മകളുടെ പ്രച്ഛന്നവേഷമത്സരത്തിനു വാങ്ങിയ ലിപ്സ്ടിക്ക് എടുത്തു പുരട്ടി. കണ്ണാടിയില്‍ നിന്നും ഒരടി മാറി നിന്ന് നല്ലതുപോലെ ഒന്നു പുഞ്ചിരിച്ചു നോക്കി തൃപ്തിപ്പെട്ടു.

വീട്ടില്‍ നിന്നുമിറങ്ങി ലിഫ്റ്റില്‍ കയറാന്‍ നേരത്ത് അവിശ്വസനീയതയോടെ എന്നെ നോക്കിയ ആളുടെ മുഖം കണ്ടപ്പോള്‍ ആത്മവിശ്വാസം കുറേശ്ശെ ചോര്‍ന്നുപോവുന്നതറിഞ്ഞു. മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സ്വരം താഴ്ത്തി ചോദിച്ചു, "വൃത്തികേടുണ്ടോ?"

ഒന്നും പറയാതെ വെറുതെ ചിരിച്ച ആളുടെ മനസ് ഞാന്‍ വായിച്ചത് ഇങ്ങനെ ആയിരുന്നു, "എന്തായാലും ആ മുഖത്തിന്‌ പകരം ഐശ്വര്യാ റായീടെ മുഖം വരില്ലല്ലോ.."

പിന്നിലേക്കു ഓടി മറയുന്ന വഴിയോരക്കാഴ്ച്ചകളില്‍ മനസ്സുറയ്ക്കാതെ കാറില്‍ വെറുതെയിരുന്നു. കാറ്റില്‍ മുടി പറന്നു തുടങ്ങിയപ്പോള്‍ ഗ്ലാസ് കയറ്റിയിട്ടു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ കവാടത്തില്‍ വെച്ചുതന്നെ നിറങ്ങളുടെ മേള കാണാന്‍ കഴിഞ്ഞു. ആവശ്യത്തിലധികം അംഗ വിക്ഷേപങ്ങളും മുഖത്ത് ചായങ്ങള്‍ക്കൊപ്പം തേച്ചു പിടിപ്പിച്ച ചിരിയുമായി കുറെ രൂപങ്ങള്‍. പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. ബാഗില്‍ എപ്പോഴും കരുതാറുള്ള ഹെയര്‍ ബാന്റെടുത്ത്‌ മുടി ചേര്‍ത്തു പിടിച്ചിട്ടു. തൂവാലയെടുത്ത്‌ മുഖം അമര്‍ത്തി തുടച്ചു. കാറില്‍ നിന്നും ഇറങ്ങി മകളുടെ കൈപിടിച്ചു മുന്നില്‍ നടക്കുന്ന ആളുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടില്ലെന്നുനടിച്ച് അവര്‍ക്കു പിന്നിലായി ഞാനും ഉള്ളിലേക്ക് കയറി.

Friday, November 21, 2008

മോക്ഷം

അയാള്‍ ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും രാജേട്ടന്‍ ആയിരുന്നു. അയാളുടെ പൂര്‍ണനാമം എന്തെന്നോ അയാള്‍ എവിടെ നിന്നും വന്നെന്നോ ആരും തിരക്കിയില്ല. മീനുക്കുട്ടി കൈക്കുഞ്ഞായിരിക്കുമ്പോഴായിരുന്നു രാജേട്ടന്‍ ആ നാട്ടിലെത്തി അവളുടെ വീടിന്‍റെ മുന്നിലെ ഒറ്റമുറിക്കടയില്‍ താമസമായത്. ഒരു കാലിനു ശേഷി ഇല്ലാത്ത, കഷ്ടിച്ച് അഞ്ചടി മാത്രമുള്ള ആ കുഞ്ഞുമനുഷ്യന്‍ മീനുക്കുട്ടിയുടെ രാജേട്ടമാമയായി. നാട്ടുകാര്‍ക്ക് തന്നാലാവുന്ന ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തും തിരിച്ചു കിട്ടുന്ന കൊച്ചു കൊച്ചു കാരുണ്യം കൊണ്ടും ജീവിച്ചുപോന്ന രാജേട്ടന്‍ ഇടക്കിടെ ആരോടും പറയാതെ എങ്ങോട്ടോ പോവുമായിരുന്നു. മാസങ്ങളോളം നീണ്ട യാത്രകളുടെ അവസാനം മീനുക്കുട്ടിക്ക് മുത്തുമാലകളും അമ്പലത്തിലെ പ്രസാദവുമായി തിരിച്ചെത്തി.

തന്‍റെ കുറിയ ശരീരത്തില്‍ അസുഖങ്ങള്‍ക്ക് തങ്ങാനിടമുണ്ടാവില്ല എന്ന് ചിരിയോടെ പറഞ്ഞിരുന്ന രാജേട്ടന് ഒരിക്കല്‍ കലശലായ വയറുവേദന വന്നു. നാണുവൈദ്യരുടെ കഷായത്തിനും മെഡിക്കല്‍ റെപ്പ് രമേശന്റെ വേദന സംഹാരികള്‍ക്കും അടങ്ങാതെ വന്നപ്പോള്‍ മീനുക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആരുടെയോ സൈക്കിളിനു പിന്നിലിരുന്നു രാജേട്ടന്‍ പോയി. പരിശോധനകള്‍ക്കൊടുവില്‍ നാട്ടുകാരന്‍ കൂടിയായ ഡോക്ടര്‍ ചോദിച്ചു,

"മര്യാദക്ക് ഭക്ഷണമൊന്നും കഴിക്ക്ണില്ല്യെ രാജേട്ടാ... ഇനിയീ ഊരുചുറ്റല്‍ ഒക്കെ നിര്‍ത്തി മരുന്നും ആഹാരോം മുടങ്ങാണ്ട് കഴിച്ചോളൂ ട്ട്വോ.. "

ഡോക്ടറിനു ഒരു വിളറിയ ചിരി മാത്രം സമ്മാനിച്ച്‌ തിരിച്ചു പോന്നു രാജേട്ടന്‍.

വൈകുന്നേരം ജോലികഴിഞ്ഞെത്തിയ അച്ഛന്‍ മീനുക്കുട്ടിയുടെ അമ്മയോട് പറഞ്ഞു." മോഹന്‍ ഡോക്ടറെ വഴിക്ക് വെച്ചു കണ്ടിരുന്നു.. മൂപ്പര്‍ക്ക് വയറ്റില് ഇത്തിരി സീര്യസാ.. പുണ്ണ് പഴകീന്ന്...! വേദന മാറ്റാനുള്ള ഗുളിക മാത്രേ കൊടുത്തുള്ളൂത്രേ.."

അന്ന് രാത്രി ഒറ്റമുറിക്കടയുടെ പലകകള്‍ പലവട്ടം നീക്കപ്പെടുന്നതിന്റെ ശബ്ദം മീനുക്കുട്ടി കേട്ടു. വിളിച്ചന്വേഷിച്ച അച്ഛന്, വേദന താങ്ങാനാവാതെ വരുമ്പോള്‍ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ പോവുകയാണെന്ന് മറുപടി കിട്ടി.

പിറ്റേന്ന് രാജേട്ടന്റെ അസുഖവിവരമറിഞ്ഞ് സഹായവാഗ്ദാനങ്ങളുമായി നാട്ടുകാരില്‍ പലരുമെത്തി. സ്കൂളില്‍ പോവാനിറങ്ങിയ മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ ബെഞ്ചില്‍ ചുരുണ്ടു കിടക്കുന്ന രാജേട്ടന്റെ സന്തതസഹചാരിയായ തുണിസഞ്ചിയില്‍ ഗുളികകള്‍ തിരക്കിയപ്പോഴും മറ്റുള്ളവര്‍ക്ക് സമ്മാനിച്ച വിളറിയ ചിരി അയാള്‍ അവള്‍ക്കും നല്കി. അയാളെ ശകാരിക്കാന്‍ അവകാശമുള്ള ഏക വ്യക്തി അവളായതിനാല്‍ എന്തൊക്കെയോ കുറെ പറഞ്ഞുകൊണ്ട് തലയിണക്കീഴില്‍ നിന്നും മരുന്ന് ചീട്ട്‌ തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്ന അവളെ അയാള്‍ നിസ്സംഗതയോടെ നോക്കി കിടന്നു.

പരീക്ഷ അടുത്തതിനാല്‍ വൈകി ഉറങ്ങാന്‍ കിടന്നിരുന്ന മീനുക്കുട്ടി അന്നും രാജേട്ടന്റെ വാതിലിന്റെ ശബ്ദം കേട്ടു. വേദനകളില്ലാത്ത ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് എപ്പോഴോ അവളുറങ്ങി.

രാവിലെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ അമ്മിണിയമ്മ വെള്ളത്തില്‍ പൊങ്ങിക്കിടന്ന കാവിമുണ്ടും ഒറ്റ ചെരുപ്പും കണ്ടു നിലവിളിച്ചുകൊണ്ട് ഗ്രാമത്തെ ഉണര്‍ത്തി. മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ നിന്നും പുറത്തുവരാതെ അമ്മയെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ തേങ്ങി. എല്ലാത്തിനും മൂകസാക്ഷിയായി കിണറ്റുകരയില്‍ ഒരു ഊന്നുവടി മാത്രമിരുന്നു.

Tuesday, November 18, 2008

അവള്‍ പറയാനിരുന്നത്

മാസങ്ങള്‍ക്ക് മുന്പ് വടക്കേ ഇന്ത്യയില്‍ കൊല്ലപ്പെട്ട ആരുഷി എന്ന പെണ്‍കുട്ടി ആണ് ഇതെഴുതാന്‍ എനിക്ക് പ്രചോദനമായത്. ലോകത്തിലെ ഒരു പിതാവിനും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനാവാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


എന്‍റെ അച്ഛന്..

ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഏത് മാര്‍ഗമാണ് കത്തയക്കെണ്ടതെന്നറിയില്ല.. പണ്ടെന്നോ അച്ഛന്‍ പറഞ്ഞുതന്ന കഥകളിലെ മേഘസന്ദേശം ഞാന്‍ ഇക്കുറി ശ്രമിച്ചുനോക്കാം... ഇവിടെ എന്‍റെ മുന്നില്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലത്തെ മേഘങ്ങള്‍ ആണ്.. അതിനിടയിലൂടെ ഞാന്‍ മനോഹരമായ ഭൂമി കാണുന്നു.. ഈ ലോകം നമ്മുടെ ഭൂമിയെക്കാള്‍ സുന്ദരമാണെന്നു പറയുന്നു ഇവിടുള്ളവര്‍.. പക്ഷെ നമ്മള്‍ ഒന്നിച്ചുകണ്ടിരുന്ന കാഴ്ച്ചകളോളം വരില്ല ഈ സൌന്ദര്യമൊന്നും... അവിടെ നിന്നും കാണാന്‍ കഴിയാതിരുന്ന പലതും ഇവിടെയിരുന്നു കാണാം... ചന്ദ്രനിലെ കറുത്ത കലകള്‍ പോലെ മനുഷ്യമനസ്സിലെ ദുഷ്ടത ഞാന്‍ കാണുന്നു. മനോഹരമായ ചിരിക്കു പിന്നില്‍ മറച്ചുവെയ്ക്കപ്പെട്ട കുടിലതകള്‍ കാണാന്‍ കഴിയുന്നു...

എത്ര സുന്ദരമായിരുന്നു നമ്മുടെ ജീവിതം, അല്ലെ അച്ഛാ..? അമ്മയും ഞാനും അച്ഛനും.. എന്തിനായിരുന്നു അവര്‍ അത് നമ്മളോട് ചെയ്തത്?നമ്മുടെ ഏത് തെറ്റിന്റെ ശിക്ഷയായിരുന്നു അത്? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസിലാവുന്നില്ല... ശ്വാസം കിട്ടാതെ പ്രാണന്‍ ഇല്ലാതാവുന്നതിന്റെതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ അനുഭവിച്ചത് എല്ലാവരും എന്‍റെ അച്ഛനെ പഴിക്കുന്നത് കണ്ടപ്പോഴായിരുന്നു.. ഒരു നിമിഷം എനിക്ക് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലെന്ന്... സത്യം എല്ലാവരോടും തുറന്നു പറയാന്‍ ഒരവസരം കിട്ടിയിരുന്നെങ്കിലെന്നു വല്ലാതെ കൊതിച്ചുപോയി...

അച്ഛന്‍ ഓര്‍ക്കുന്നില്ലേ എന്‍റെ കുട്ടിക്കാലം? എന്‍റെ ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു ചെയ്തിരുന്നത്? എന്‍റെ ഉടുപ്പുകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ അമ്മ വാങ്ങുന്നതുപോലും തൃപ്തിയാവാതെ അച്ഛന്‍ നോക്കി വാങ്ങിയിരുന്നത്.. എത്ര തിരക്കിനിടയിലും എനിക്കായി സമയം കണ്ടെത്തി, എന്‍റെ കുഞ്ഞു തമാശകള്‍ പോലും ആസ്വദിക്കുകയും ഞാന്‍ കരഞ്ഞപ്പോഴൊക്കെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത്.. ആദ്യമായി ഒരു ആണ്‍കുട്ടി കണ്ണിറുക്കി കാണിച്ചത് വന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ കളിയാക്കിയതും ഞാന്‍ പിണങ്ങിയതും... പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടിച്ച എന്നെ മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തിയിരുന്നത്... രാവിലെ നടക്കാനിറങ്ങുമ്പോള്‍ എന്‍റെ സൌകര്യത്തിനു വേണ്ടി വേഗത കുറച്ചു നടന്നിരുന്നത്.. അമ്മയോട് പിണങ്ങി അത്താഴം കഴിക്കാതെ കിടന്നപ്പോള്‍ ഞാനും കഴിക്കില്ലെന്ന് പറഞ്ഞു എന്നെ തോല്‍പ്പിച്ചത്.. പരീക്ഷാക്കാലങ്ങളില്‍ ജോലിത്തിരക്കിനിടയിലും എനിക്കുവേണ്ടി രാത്രി ഉറക്കമിളച്ചു കൂടെയിരുന്നിരുന്നത്.. എന്‍റെ സ്കൂളിലെ പരിപാടിക്ക് വേണ്ടി ഞാന്‍ സാരി ഉടുത്ത ദിവസം എന്നെ നിറകണ്ണുകളോടെ നോക്കിനിന്നപ്പോള്‍ ഞാനും അമ്മയും ചേര്‍ന്ന് കളിയാക്കിയത്.. അന്ന് അച്ഛമ്മയുടെ മുഖമാണെനിക്കെന്നുപറഞ്ഞു ചേര്‍ത്തുപിടിച്ചപ്പോള്‍ എനിക്കും ചെറുതായി സങ്കടം വന്നു..

ഇതൊക്കെ ഞാന്‍ ഇനി ആരോടാണ് പറയുന്നത്? ഇവിടെ എന്‍റെ ചുറ്റുമുള്ള മേഘങ്ങള്‍ എന്‍റെ വാക്കുകള്‍ മഴയായി ഭൂമിയില്‍ പെയ്യിച്ചിരുന്നെങ്കില്‍... ഒന്നു നുള്ളിനോവിക്കാന്‍ പോലും ശക്തിയില്ലാത്ത എന്‍റെ അച്ഛന് ഒരിക്കലും എന്നെ കൊല്ലാനാവില്ല എന്ന് ഉറക്കെ ഉറക്കെ ഞാന്‍ ഇവിടുന്നു വിളിച്ചുപറഞ്ഞു.. എന്‍റെ ശബ്ദം മേഘങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു എങ്കിലും താഴേക്ക് പോയതേയില്ല.. ഞാന്‍ ഉറക്കെ കരഞ്ഞു.. എന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ലാ.. അവര്‍ അച്ഛനെ പലരീതിയിലും പീഡിപ്പിച്ചു കുറ്റസമ്മതം നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അച്ഛനനുഭവിച്ച വേദനകള്‍ എനിക്കുതന്നിരുന്നെങ്കിലെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.. ഇതാണോ അമ്മൂമ്മ പറയാറുള്ള സുകൃതക്ഷയം? കഴിഞ്ഞ ഏതെങ്കിലും ജന്മത്തില്‍ നമ്മളാരെങ്കിലും എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടാവുമോ?

ഇന്നുവരെ വിശ്വസിക്കാതിരുന്ന ജന്മാന്തരബന്ധങ്ങള്‍ സത്യമായെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു... അടുത്ത ജന്മത്തിലും ഈ അച്ഛന്‍റെ മകളായി തന്നെ ജനിച്ചു എനിക്ക് കിട്ടിയ സ്നേഹം മുഴുവനും ഇരട്ടിയായി തിരിച്ചുതന്ന്‍ മതിയാവോളം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിമാത്രം...

Friday, November 7, 2008

വിസ്മയചാരുത

ഒരു അവധിദിവസം പ്രഭാതഭക്ഷണം വാങ്ങാനായി മെസ്സിലേക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിലെ നീണ്ട കോലന്‍മുടിയും ഇരുനിറവുമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ ആദ്യമായിക്കണ്ടത്. അവള്‍ അവിടെ എത്തിയിട്ട് നിമിഷങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പുറത്തെവിടെക്കോ ദൃഷ്ടികളൂന്നി മുന്നിലെ ബാഗില്‍ എന്തോ തിരയുന്നതായാണ് എനിക്ക് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. നീണ്ട പീലികളുള്ള അവളുടെ കറുത്ത കണ്ണുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുകൂട്ടുകാരോട് കുശലം ചോദിച്ച് അവരുടെ മുറിയിലേക്ക് കയറി ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവള്‍ പേരുപറഞ്ഞുവെങ്കിലും വിദൂരതയിലേക്കുള്ള നോട്ടം പിന്‍വലിച്ചതെയില്ല എന്നത് വിചിത്രമായി തോന്നി. ഞായറാഴ്ചയിലെ 'സ്വാദിഷ്ടമായ' തക്കാളിസാദത്തെ ഓര്‍ത്തുകൊണ്ട്‌ അതുവാങ്ങുന്നത് പിന്നത്തേക്കാക്കി ഞാന്‍ അവിടെ അടുത്ത കട്ടിലില്‍ ഇരുന്നു. അവള്‍ ഒരുപാടു കാര്യങ്ങള്‍ വേഗത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.


രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിരുന്ന കര്‍ണാടകക്കാരിയായ ചാരുലത ചെന്നൈയില്‍ എത്തിയത് കേന്ദ്രസര്‍കാര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായിട്ടായിരുന്നു. ഇതൊക്കെ സംസാരിക്കുമ്പോഴും എന്തൊക്കെയോ ജോലികളില്‍ വ്യാപൃതയായിരുന്നതിനാല്‍ അവളുടെ മുഖം എനിക്കഭിമുഖമായി വന്നതേയില്ല. വീണ്ടും കുനിഞ്ഞ്‌ ഒരു ഫയല്‍ എടുത്ത് എനിക്കുനേരെ നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു,

"നാളെ എനിക്ക് എടുക്കേണ്ട സെമിനാര്‍ ഇതാണ്"

അന്ധര്‍ക്കുള്ള ബോധവല്‍ക്കരണത്തെ കുറിച്ച് ഇംഗ്ലീഷിലും അന്ധലിപിയിലും എഴുതിയിരുന്ന കടലാസുകള്‍ കണ്ടു അവിശ്വസനീയതോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രമാണ് ആ കരിനീലമിഴികള്‍ ചാരുവിനു ചാരുത മാത്രം പകരാനുള്ളതായിരുന്നുവെന്ന് ഞാനറിഞ്ഞത്. കുറച്ചുനേരത്തേക്ക് നിശബ്ദയായിപ്പോയ എന്നോട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു,

"ഒരു അന്ധയായതില്‍ എനിക്ക് വിഷമമൊന്നും തോന്നാറില്ല.. എപ്പോഴെങ്കിലും ഒരു താങ്ങ് വേണമെന്നു തോന്നിയപ്പോഴൊക്കെ എന്‍റെ രക്ഷിതാക്കള്‍ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്‍റെ അച്ഛന്‍ എന്നെ ഒരിക്കലും വൈകല്യമുള്ളവളായി മാറ്റിനിര്‍ത്തിയിട്ടില്ല. മറ്റു സഹോദരങ്ങളോടൊപ്പം വളര്‍ത്തുകയും സ്വയംപര്യാപ്തയാക്കുകയും ചെയ്തു. .."

അവളോട്‌ യാത്രപറഞ്ഞു അവിടെനിന്നും ഇറങ്ങി ഭക്ഷണം വാങ്ങാന്‍ പോലും മറന്നു മുറിയിലെത്തിയ എന്‍റെ മനസിലെ പല ധാരണകളും തകര്‍ന്നു വീഴുകയായിരുന്നു. അന്ന് വൈകുന്നേരം വീണ്ടും ചാരുവിനെ സന്ദര്‍ശിക്കാതിരിക്കാനായില്ല. എന്നെ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടമാത്രയില്‍ പേരു വിളിച്ചു സ്വാഗതം ചെയ്തു അവള്‍. ഞങ്ങള്‍ വളരെ പെട്ടെന്ന് സൌഹൃദത്തിലായി. വളരെ അനായാസമായി ആംഗല ഭാഷ കൈകാര്യം ചെയ്തിരുന്ന അവള്‍ക്കു സിനിമ, പുസ്തകങ്ങള്‍, ഗാനങ്ങള്‍ എന്നിവയെ പറ്റിയെല്ലാം പറയാനുണ്ടായിരുന്നു. സ്വന്തം കവിത തരക്കേടില്ലാത്ത ഈണത്തില്‍ ചിട്ടപ്പെടുത്തി അവള്‍ പാടി. അര്‍ത്ഥമറിയില്ലെങ്കിലും ആ കന്നഡഗാനം ഞങ്ങള്‍ക്ക് ആസ്വാദ്യകരമായിരുന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു രാവിലെ എന്‍റെ മുറിയുടെ വാതില്‍ക്കല്‍ ചാരുലതയെത്തി, വിട പറയാന്‍. അവള്‍ക്ക് സര്‍ക്കാര്‍വക താമസസൌകര്യം ശരിയായിരുന്നു. മഞ്ഞ ചുരിദാറില്‍ അവളേറെ സുന്ദരിയാണെന്ന് എനിക്കുതോന്നി. എന്‍റെ മനസ് വായിച്ചിട്ടെന്നപോലെ പതിവുപുഞ്ചിരിയോടെ അവള്‍ മൊഴിഞ്ഞു,

"മഞ്ഞനിറം എനിക്ക് നല്ല ചേര്‍ച്ചയുണ്ടല്ലേ.. എന്‍റെ അച്ഛന് ഒരുപാടിഷ്ടമാണിത്. "

പിന്നീടൊരിക്കലും കാണണോ അറിയാനോ കഴിഞ്ഞിട്ടില്ലെങ്കിലും തന്‍റെ ആത്മവിശ്വാസവും സ്ഥൈര്യവും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും സഹജീവികള്‍ക്ക് പകര്‍ന്നുകൊണ്ട് ഒരിക്കലും മായാത്ത പുഞ്ചിരിയുമായി എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും അവളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Wednesday, October 15, 2008

പുണ്യത്തിന്‍ സുഗന്ധം

" എനിക്ക് വയ്യമ്മേ.. എനിക്കാവില്ല ഈ ജോലി ചെയ്യാന്‍! നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ശരി, ഈ ശവംവഹിക്കല്‍ എനിക്കാവില്ല. ഞാന്‍ കൂലിപ്പണി ചെയ്തെങ്കിലും നിങ്ങളെ പോറ്റിക്കോളാം. "

ജോലിക്ക് പോയ ആദ്യദിവസം തിരിച്ചെത്തിയ മകന്‍റെ ജല്പനങ്ങള്‍ കേട്ട് കാര്‍ത്യായനിഅമ്മ നെടുവീര്‍പ്പിട്ടു. ആ വീട്ടില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്നത് ആ നെടുവീര്‍പ്പ് മാത്രമായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്ന നാരായണന്‍ ഹൃദയാഘാതം മൂലം മരിച്ചിട്ട് ഒരുമാസം തികയുന്നതെയുള്ളൂ. അവിടുത്തെ പരാധീനതകള്‍ അറിയുന്ന നല്ലവരായ നാട്ടുകാരുടെയും ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ ബഷീറിന്റെയും നാരായണന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണാരന്റെയും ഒക്കെ ശ്രമഫലമായാണ് താല്‍കാലികമായിട്ട് പ്രത്യേകാനുമതിയോടെ മകന്‍ രാജേഷിനു നിയമനം ശരിയായത്.


എന്തൊക്കെയോ കാരണങ്ങളാല്‍ രാജേഷ് അച്ഛന്‍റെ ജോലിയെ ഇഷ്ടപ്പെട്ടിരുന്നില്ല. കുഞ്ഞുന്നാളില്‍ ആ വാഹനത്തിന്റെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞ് വരുന്ന അച്ഛന്‍റെ തോളില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴെല്ലാം അച്ഛന്‍ അവനെ അകറ്റി നിറുത്തുകയും മുറ്റത്തെ കിണറ്റില്‍ നിന്നും നിറയെ വെള്ളംകോരി വാസനസോപ്പ് ഏറെ പതപ്പിച്ചുകുളിച്ചതിന് ശേഷം മാത്രം അവനെ എടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്നപ്പോള്‍ അച്ഛന്‍റെ വാഹനം വഴിയില്‍ കാണുമ്പോള്‍ കൂട്ടുകാര്‍ അവനെ പലതും പറഞ്ഞു കളിയാക്കി. ഇപ്പോഴിതാ കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് കണാരേട്ടന്‍ ഓടിച്ചുകൊണ്ടുവന്ന വണ്ടിയില്‍ നിന്നും അച്ഛന്‍റെ വെള്ളപുതച്ച ശരീരം ഇറക്കിവെയ്ക്കുന്നതു കണ്ടതോടുകൂടി ആ വാഹനത്തെ അവന്‍ പൂര്‍ണമായും വെറുത്തുപോയി.


അവരുടെ അഭ്യുദയ കാംക്ഷികളൊക്കെയും അവനെ പ്രാരാബ്ധങ്ങളൊക്കെ ഓര്‍മ്മിപ്പിച്ച് ഉപദേശിച്ചുവെങ്കിലും പാതിമനസ്സോടെ മാത്രമെ അവന് ആ ജോലി ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളൂ. അന്നുച്ചവരെ അവന്‍ ആശുപത്രിയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ കഴിച്ചുകൂട്ടി. ഉച്ചക്ക് ശേഷമായിരുന്നു കായലില്‍ ഏതോ അജ്ഞാത ജഡം പൊങ്ങിയിട്ടുണ്ട് എന്ന അറിയിപ്പ് വന്നതും കണാരേട്ടന്റെ അഭാവത്തില്‍ അത് കൊണ്ടുവരാന്‍ താന്‍ തന്നെ പോകണമെന്നും അവനറിഞ്ഞത്. ആദ്യമായി കിട്ടിയ ജോലി നിരസിക്കാനുള്ള മടിയും കണ്ണീര്‍ പാടുവീഴ്ത്തിയ അമ്മയുടെ മുഖവും പറക്കമുറ്റാത്ത അനുജത്തിമാരുടെ അനിശ്ചിതഭാവിയും എല്ലാം, ഹൃദയം കല്ലാക്കി ആ വാഹനത്തിന്റെ വളയം പിടിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കി.


കാര്‍ത്യായനിഅമ്മക്ക് പിന്നീടൊന്നും പറയാന്‍ തോന്നിയില്ല അവനോട്. പ്രീഡിഗ്രി കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും താഴെയുള്ളവര്‍ക്ക് വേണ്ടി വഴിമാറുകയും ഡ്രൈവിങ്ങ് പഠിച്ചു കൂട്ടുകാരുടെ ഓട്ടോറിക്ഷ ഓടിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന രാജേഷ് സമയത്തിനു വീട്ടിലെത്തുകയും അവശ്യസാധനങ്ങളൊക്കെ അറിഞ്ഞു വാങ്ങിക്കൊണ്ടു വരികയും ചെയ്യുന്ന ഉത്തരവാദിത്വബോധമുള്ള മകന്‍ ആയിരുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ കണാരേട്ടന്‍ വന്നു വീണ്ടും സംസാരിക്കാനൊരുങ്ങിയപ്പോള്‍ അയാളെ വിലക്കാനാണ് അവര്‍ക്ക് തോന്നിയത്.

അന്ന് രാത്രി ആ അമ്മയ്ക്കും മകനും ഉണ്ണാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ അന്നുച്ചക്കു കണ്ട കുതിര്‍ന്നുചീര്‍ത്ത കാലുകള്‍ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ദിവസങ്ങളോളം പഴകിയ ആ ജഡത്തിന്റെ ദുര്‍ഗന്ധം അപ്പോഴും അവനെ ശ്വാസംമുട്ടിച്ചു. ഇല്ല.. എനിക്കാവില്ല.. മനസ്സിലേക്ക് മറ്റൊന്നും കയറുന്നതെയില്ല.. അസ്വസ്ഥമായ മനസ്സോടെ അയാള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നും ചിലപ്പോഴൊക്കെ എഴുന്നേറ്റിരുന്നും എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. ബഷീര്‍ ഡോക്ടറോടും മറ്റും നന്ദിയും ഒപ്പം മാപ്പും പറയണമെന്ന് കരുതി അതിരാവിലെത്തന്നെ അവനിറങ്ങി.

വീട്ടില്‍ നിന്നും പൊതുവഴിയിലേക്കു കയറുമ്പോഴായിരുന്നു പരിഭ്രമത്തോടെ ഓടി വരുന്ന കണാരേട്ടനെ കണ്ടത്.

"നീ ഇറങ്ങിയതു നന്നായി മോനേ.. നിന്നെ വിളിക്കാനാ ഓടി വന്നത്.. അറിഞ്ഞില്ലേ.. വെളുപ്പിനെ ഏതോ സ്കൂള്‍ബസ്സ് പുഴയില്‍ വീണത്രേ.. വേഗം ചെന്നില്ലെങ്കില്‍ ഒരുപാടു ജീവന്‍ ഇല്ലാതാവും! ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായാല്‍ അതൊരു പുണ്യമാ മോനേ.. "

മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതെ കണാരേട്ടന്റെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി ആംബുലന്‍സില്‍ കയറിയിരുന്ന അവനുചുറ്റും തലേന്നത്തെ ദുര്‍ഗന്ധത്തിനു പകരം അച്ഛന്‍റെ വാസനസോപ്പിന്റെ ഗന്ധം പരക്കുന്നതുപോലെ അവനു തോന്നി.