ജീവിതത്തിലുടനീളം പല പാട്ടുകളും സ്വാധീനിച്ചു കടന്നുപോയിട്ടുണ്ട്. കുഞ്ഞുന്നാൾ മുതൽ എന്നും കേട്ടുണർന്നിരുന്ന ഭക്തിഗാനങ്ങൾ മനസ്സിൽ ഭക്തി മാത്രമല്ല, സമാധാനവും ആത്മവിശ്വാസവും തന്നിട്ടുണ്ട്. ദൈവത്തിനും എനിക്കുമിടയിൽ ഒരു ഇടനിലക്കാരനും ഇല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കാൻ അതിന് കഴിഞ്ഞിട്ടുമുണ്ട്.
എത്രയൊക്കെ ഭാവസാന്ദ്രമായ ഗാനങ്ങൾ കേട്ടാലും ചില പ്രത്യേക രാഗങ്ങളിലെ കീർത്തനങ്ങൾ കേൾക്കുമ്പോൾ ഞാനറിയാതെ മറ്റേതോ അലൗകികമായ ലോകത്തേക്ക് പോകുന്നത് അനുഭവിച്ചറിഞ്ഞതിനുശേഷമാണ് ദാസേട്ടൻ മാത്രമല്ല, ബാലമുരളികൃഷ്ണയും എം എസ് സുബ്ബലക്ഷ്മിയും ടി എം കൃഷ്ണയും ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയുമൊക്കെ അടുത്തെത്തിയത്.
ഇരുപതോളം മിനിറ്റ് വരുന്ന ബലമുരളീകൃഷ്ണയുടെ വാതാപി കേട്ടിരുന്നപ്പോൾ സംഗീതമെന്ന സാഗരത്തെക്കുറിച്ച് മഹാന്മാർ പറയുന്നത് വെറുതെയല്ലെന്ന് തോന്നിപ്പോയി. ഒരേ രാഗം തന്നെ എത്ര മണിക്കൂർ വേണമെങ്കിലും പാടാം എന്നൊക്കെ പഠിക്കുകയായിരുന്നു.
ഏറെ ആവേശത്തോടെ പഠിച്ചുതുടങ്ങിയ പഞ്ചരത്നകീർത്തനങ്ങൾ മുഴുമിപ്പിക്കാതെ പാട്ടുമാമി പോയി. ആ അനശ്വരസ്വരം ഇന്നും കാതിലുണ്ട്. "ഉൻ കുരലിൽ ഭക്തി ഇരുക്ക് കുഴന്തേ" എന്ന അനുഗ്രഹവും.
സുഖമില്ലായ്മകളിൽ ബോംബെ ജയശ്രീയുടെ കീർത്തനങ്ങൾ തേൻ പുരട്ടി. ദ്വിജാവന്തിയിൽ "എങ്കു നാൻ സെൽവേൻ അയ്യാ നീർ തള്ളിനാൽ" എന്ന് കേട്ട് കണ്ണുനിറച്ചു കിടന്നതെത്രയോ പകലുകൾ!
മഴ തോരാതെ പെയ്യുന്ന ചാരനിറമുള്ള ഇരുണ്ട പകലുകളിൽ ജനാലക്കപ്പുറത്തേക്ക് നോക്കാൻ വയ്യാതെ അടുക്കളയിലെയും ഹാളിലെയും എല്ലാ ലൈറ്റുകളും തെളിച്ച്, ബോംബെ ജയശ്രീയെ കൊണ്ട് ഭാഗേശ്രീയിൽ "കണ്ടേൻ സീതയെ" പാടിച്ചാൽ സീതയെ കണ്ടെത്തിയ ഹനുമാന്റെ സന്തോഷപ്രകാശം എന്നിലും പടരും.
ഏത് തപസ് ചെയ്താണ് നിനക്ക് ഭഗവാനെ താലോലിക്കാനുള്ള വരം കിട്ടിയതെന്ന് യശോദയോട് ചോദിക്കുന്നത് കാപിരാഗത്തിലാണ്. അതേ രാഗത്തിലാണ് ഭാരതിയുടെ ചിന്നഞ്ചിരുകിളിയെ കൊഞ്ചുന്നതും. മനുഷ്യന്റെ ഓരോ വികാരങ്ങളെയും ഉത്തേജിപ്പിക്കുന്ന രാഗങ്ങൾ ഉണ്ടാക്കിയവരെ നമിക്കാതെ വയ്യ.
കീർത്തനങ്ങൾ മിക്കതും ദൈവത്തോട് ഭക്തന്റെ പറയലുകളാണ്. അതിൽ അപേക്ഷയുണ്ടാവും, സങ്കടം പറച്ചിലുണ്ടാവും, പങ്കുവെക്കലുണ്ടാവും, വേവലാതികളും കാണും. കണ്ണടച്ച് കേട്ടുകേട്ടിരിക്കുമ്പോൾ ഏതോ ഒരു പ്രത്യേകസമയത്ത് ലോകത്ത് ഞാൻ മാത്രമാവും. മുന്നിൽ എല്ലാം കേൾക്കുന്നയാൾ ഉണ്ടെന്നതുപോലും തോന്നലാവും. അതൊരു പ്രത്യേകാനുഭൂതിയാണ്.
അങ്ങനെയങ്ങനെ ദൈവത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ല എന്ന ചിന്തയിലെത്തി. എന്നെ പൂർണമായും അറിയുന്ന ഒരു ശക്തിയാണത്. എല്ലാം അറിയുന്നതും. വേണ്ടത് തരും. വേണ്ടാത്തത് മോഹിക്കേണ്ടതില്ല, കാര്യവുമില്ല എന്ന അറിവ്.
അങ്ങനെയിരിക്കെയാണ് "ഇറക്കം വരാമൽ പോനതെന്ന കാരണം? " എന്ന് ബെഹാഗ് രാഗത്തിൽ കേട്ടത്. എന്നോടുമാത്രമെന്താണ് ഭഗവാന് ഒരു പരിഗണനയും ഇല്ലാത്തത് എന്ന പരിഭവം. ഗോപാലകൃഷ്ണഭാരതിയുടെ കീർത്തനമാണ്. കേട്ടുകേട്ടങ്ങിരിക്കെ ചരണത്തിൽ ശരിക്കും കൗതുകം തോന്നി., "പഴി എത്തനൈ നാൻ സെയ്യണം പാലിത്തിടും ശിവ ചിദംബരം" എന്ന്! ഇനി ഞാൻ എന്തെങ്കിലും പഴി ചെയ്യേണ്ടതുണ്ടോ അങ്ങെന്നെ പരിഗണിക്കാൻ എന്ന്. വിചിത്രം തന്നെ!
എന്നാൽ ഇതിനേക്കാളൊക്കെ എനിക്കേറെ പ്രിയം "കുറയ് ഒന്ട്രുമില്ലൈ മറയ് മൂർത്തി കണ്ണാ.. " എന്ന് എം എസ് പാടിയതുതന്നെ,
എനിക്കൊരു കുറവുമില്ല കണ്ണാ നീയുണ്ടല്ലോ എന്റെ കൂടെ എന്ന്. ഭക്തിയുടെ മറ്റൊരു രൂപം. കുറവുകളില്ല, പരിഭവമില്ല, പരാതിയില്ല, ആവശ്യങ്ങളില്ല, ഉള്ളതുകൊണ്ട് പരമതൃപ്തി. എത്രപേർക്ക് അങ്ങനെ ചിന്തിക്കാനാകും?
സംഗീതത്തെ ഉപാസിക്കുന്നിടത്ത് ദൈവത്തെ പ്രത്യേകമായി പൂജിക്കേണ്ടതുപോലുമില്ല എന്ന് ഈയിടെ ബാലഭാസ്കർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വിശ്വസിക്കാൻ കഴിയുന്നതുകൊണ്ടാവാം ഇന്ന് ദൈവത്തിന്റെ പേരിലുള്ള മത്സരങ്ങൾ കാണുമ്പോൾ ഉള്ളിൽ ഊറിച്ചിരിച്ചു നിൽക്കാനാവുന്നത്.
ഇനിയുമെത്രയോ കേൾക്കാനിരിക്കുന്നു. ഇതിലും മധുരതരമായവ!
NB: all these songs are available in YouTube