About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, April 8, 2014

ഇടവഴികൾ

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ എത്ര ഇടവഴികൾ ഓർമ്മയിലുണ്ടാവും..!

സ്കൂളിലേക്ക് നടന്നുപോവുമ്പോൾ അമ്പലത്തിന്റെ വടക്കേനടയിലെത്തുമ്പോൾ ഇരുവശവും ഉയരമുള്ള മതിലുകളുള്ള ഇടവഴിയാണ്.. മഴക്കാലമായാൽ മതിലുകളിൽ പായൽ പച്ചക്കമ്പിളി പുതയ്ക്കും. വികൃതിക്കുട്ടികൾ അതിൽ ഹൃദയചിഹ്നവും പേരുകളും കോറിയിടും.. ഒരിക്കൽ പോലും ഭയക്കാതെ നടന്നുപോയ ഇടവഴി..

മഹാനഗരത്തിൽ ആൾക്കൂട്ടത്തിലും ഏകാകിനിയായി വളവുകളും തിരിവുകളും താണ്ടി തിരക്കിലൊഴുകി... നീങ്ങുമ്പോൾ ഇടവഴികൾ കാത്തുകിടന്നിരുന്നു.. എപ്പോഴും തീവണ്ടിയൊച്ച കേൾപ്പിക്കുന്ന, ഇരുവശങ്ങളിലുമുള്ള ഓലക്കുടിലുകളുടെ മുന്നിലിരുന്ന് അഴുക്കുപിടിച്ച കുട്ടികൾ വിസർജിക്കുന്ന, മദ്യം മണക്കുന്ന പാട്ടുകൾ കേൾപ്പിക്കുന്ന, കുടിവെള്ളലോറിക്ക് മുന്നിൽ പെണ്ണുങ്ങൾ വഴക്കിടുന്ന, ഓടയുടെ മണമുള്ള ഇടവഴികൾ.. എങ്കിലും എന്നും കാലടിയൊച്ച കേൾപ്പിച്ചുനടന്നാലും നമ്മെ പരിചയപ്പെടാൻ കൂട്ടാക്കാത്തവ!

ഇനിയുമുണ്ട്.. കരിയിലകൾ വീണുമൂടിയ, വേലിപ്പടർപ്പുകൾ ചാഞ്ഞുകിടക്കുന്ന, തൊട്ടാവാടികൾ ഇടയ്ക്കിടെ പിണങ്ങിയും പിന്നെയുമുണർന്നു പുഞ്ചിരിച്ചും നില്ക്കുന്ന വഴികൾ..

നഗരത്തിരക്കിൽ ഇരുവശത്തും കടകളും തിരക്കിട്ടൊഴുകുന്ന അനേകായിരം ചക്രങ്ങളും ഉടലുകളും, കാതടപ്പിക്കുന്ന ഒച്ചകളും നിറഞ്ഞ വഴികൾ...

പിന്നെ സ്വപ്നമായി വന്നെന്നെ കൊതിപ്പിക്കുന്ന ഇടവഴിയുണ്ട്.. പായൽ പിടിച്ച വെട്ടുകല്ലുകൾ കൊണ്ടുതീർത്ത നനഞ്ഞ മതിലുകളും ചുറ്റിലും പച്ചപ്പും ഇളംകാറ്റേറ്റ് തലയാട്ടുന്ന വേലിചെടികളും നിറഞ്ഞ, പവിഴമല്ലി പൂക്കൾ പൊഴിഞ്ഞുകിടക്കുന്ന ഒരിടവഴി.. അവിടെ കിളികളുടെ സംഗീതമുണ്ട്.. അവിടെ ഞാൻ തനിച്ചല്ല ... എന്റെ വലതുകൈ ഒരു കൈക്കുള്ളിലാണ്... സുരക്ഷയുടെ, തുണയുടെ, നിർവ്യാജമായ സ്നേഹത്തിന്റെയൊക്കെ ചൂടുള്ള ഒരു കൈ...

Thursday, February 20, 2014

ഇടറിയെത്തുന്ന ഓർമ്മവഴികൾ

അയാളെ ഞാൻ കുട്ടിക്കാലം മുതലേ അറിയും. അയാളുടെ കുടുംബവുമായി എന്റെ വീട്ടുകാർ പരിചിതരായിരുന്നു. അയാളുടെ അച്ഛൻ നാദസ്വരവിദ്വാനായിരുന്നു. അമ്മക്ക് റാണി, കുമുദം തുടങ്ങിയ തമിഴ് മാസികകളും ഞങ്ങൾ കുട്ടികൾക്ക് തമിഴ് അക്ഷരമാലാ പുസ്തകവും കൊണ്ടുതന്ന ആ വൃദ്ധനെ തമിഴ് വായിക്കേണ്ടിവന്ന അസന്നിഗ്ധഘട്ടങ്ങളിലെല്ലാം ഞാൻ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്. ആ അച്ഛന്റെ പാത പിന്തുടർന്ന് നാദസ്വരക്കാരനായ അയാളും നാട്ടിലെ കല്യാണങ്ങളിലും അമ്പലങ്ങളിലുമൊക്കെ അവിഭാജ്യസാന്നിധ്യമായി.

എന്റെ കൗമാരകാലത്തായിരുന്നു അയാളും ഭാര്യയും രണ്ടു കൊച്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ഞങ്ങളുടെ എതിർവശത്തെ വീട്ടിൽ താമസത്തിനെത്തിയത്. ഒരു മദ്യപനെ  ആദ്യമായി  നേരിൽ കാണുന്നത് അക്കാലത്താണ്. രാവിലെ കുളിച്ചു കുറി തൊട്ട് ഉടുത്തിരിക്കുന്ന വസ്ത്രത്തെക്കാൾ ശുഭ്രമായി ചിരിതൂകി, കുഞ്ഞുങ്ങളോട് പുന്നാരം പറഞ്ഞ് പോവുന്നയാളേയാവില്ല വൈകുന്നേരങ്ങളിൽ കാണുന്നത്. അയാൾ വന്നു കയറുന്നത്  എപ്പോഴാണെന്ന് അറിയാറില്ലെങ്കിലും  അത്താഴത്തിനു മുന്നിലിരിക്കുന്നതുമുതലുള്ള സംഭവങ്ങളുടെ ശബ്ദരേഖ കൃത്യമായി വീട്ടിൽ കേൾക്കാമായിരുന്നു. ചുവരിലോ നിലത്തോ തട്ടി വീണുരുളുന്ന പാത്രങ്ങളുടെയും മനുഷ്യശരീരത്ത് വീഴുന്ന അടിയുടെയും തെറിവാക്കുകളുടെയും അതിനനുബന്ധമായെത്തുന്ന അടക്കിയ കരച്ചിലിന്റെയും ഭയന്ന് വിറച്ച കുഞ്ഞുങ്ങളുടെ നിലവിളികളുടെയുമൊക്കെ ഒച്ചകൾ കുറച്ചുദിവസങ്ങൾ കൊണ്ടുതന്നെ ഞങ്ങൾക്ക് ശീലമായി. മധ്യസ്ഥം പറയാൻ ചെല്ലുന്ന അയൽക്കാരെയെല്ലാം അയാൾ ചെവി പൊട്ടുന്ന ചീത്ത വിളിച്ചു മടക്കി.
 
എന്തുകൊണ്ടോ അയാൾ അമ്മയെ എതിർത്ത് സംസാരിച്ചില്ല. ഭയമാണോ ബഹുമാനമാണോ എന്നറിയില്ല. വഴക്കിന്റെ ശബ്ദം കൂടുമ്പോൾ ഞങ്ങൾ പാഠപുസ്തകങ്ങളടച്ചുവെച്ച് ജനാലകളിലൂടെ തല നീട്ടും. അമ്മ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത കാര്യമായിരുന്നു അത്. സാധാരണ ശകാരവാക്കായി ഉപയോഗിക്കാറുള്ള മൃഗങ്ങളുടെ പേരുപോലും വീട്ടിൽ നിഷിദ്ധമായിരുന്നു. മറ്റുള്ളവർ ചീത്ത വിളിക്കുന്നത്‌ ഞങ്ങളുടെ കാതിൽ വീഴരുതെന്ന് അമ്മക്ക് നിർബന്ധമുണ്ടായിരുന്നു. (മീനഭരണിക്ക് കൊടുങ്ങല്ലൂർക്ക് പോവുന്ന സംഘം വീടിനു മുന്നിലൂടെ പോവുന്നതുപോലും കാണാനോ കേൾക്കാനോ അമ്മ അനുവദിച്ചിരുന്നില്ല.)

ബഹളം അധികരിക്കുമ്പോൾ അമ്മ മുറ്റത്തേക്കിറങ്ങി അയാളുടെ പേരുവിളിക്കും. അതോടെ അയാൾ പുറത്തേക്കിറങ്ങി അവരുടെ പടിക്കൽ പൂച്ചയെ പോലെ ചുരുണ്ടിരിക്കും. അമ്മയുടെ ശകാരം നിശബ്ദനായി തലയാട്ടി കേൾക്കും. ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് സത്യം ചെയ്യും. പിന്നെ അമ്മയോട് പതം പറച്ചിലാണ്. ചിലപ്പോൾ കരച്ചിലാവും.. എന്തായാലും ബഹളം കെട്ടടങ്ങിയ ആശ്വാസത്തിൽ അയാളുടെ ഭാര്യ അപ്പോഴേക്കും കുഞ്ഞുങ്ങളെ ഉറക്കും. ഇപ്പോൾ കുടുങ്ങുന്നത് അമ്മയാവും. എങ്ങനെയെങ്കിലും ഒഴിവായി അമ്മ അകത്തുകയറുമ്പോഴും അയാൾ പാതിമയക്കത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവിടെ കിടപ്പായിട്ടുണ്ടാവും.

അടുത്ത കുറച്ചുദിവസങ്ങളിൽ വലിയ കുഴപ്പമുണ്ടാവില്ല. എന്തെങ്കിലും കോളൊത്ത ദിവസങ്ങളിൽ വീണ്ടും ഇതെല്ലാം ആവർത്തിക്കപ്പെടും. വിവാഹ സീസണല്ലാത്ത കാലത്ത്  കൊയ്ത്തിനും മറ്റു വീട്ടുപണികൾക്കും പോയി കിട്ടുന്ന തുച്ഛമായ തുകകൊണ്ട് കുടുംബകാര്യങ്ങൾ നോക്കാൻ അയാളുടെ ഭാര്യ കഷ്ടപ്പെടുമ്പോഴും കൂട്ടുകൂടിയോ കടം വാങ്ങിയോ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്ന മനുഷ്യനോടും എത്ര അനുഭവിച്ചാലും താലി കെട്ടിയവൻ അഥവാ മക്കളുടെ അച്ഛൻ എന്ന പരിഗണനയോടെ  സർവംസഹായാവുന്ന ആ സ്ത്രീയോടും എനിക്ക് വെറുപ്പ്‌ തോന്നിയിട്ടുണ്ട്.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ അവിടെ അടുത്തുതന്നെയുള്ള മറ്റൊരു കൊച്ചു വീട് വാങ്ങി അവിടേക്ക് മാറി. അപ്പോഴും അയാളുടെ കുട്ടികൾ ഞങ്ങളോടോത്തു കളിക്കാനും, ഭാര്യ തട്ടിൻപുറം വൃത്തിയാക്കൽ, മാറാല തട്ടൽ, തുടങ്ങിയ വീട്ടുജോലികളിൽ അമ്മയെ സഹായിക്കാനും ഇടയ്ക്കു വന്നുപോയി.

കഴിഞ്ഞ തവണ ഞാൻ നാട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യയെ കണ്ടു. മക്കളൊക്കെ വലിയവരായി. മകൾ വിവാഹിതയായി ദൂരെ എവിടെയോ ആണ്.
"മഞ്ജു, തേങ്ങയിടുമ്പോ രണ്ടു ഇളനീർ കൂടി ഇടാൻ പറയണം ട്ടോ.. മൂപ്പർക്കാ .... ഒന്നും കഴിക്കാൻ വയ്യ ഇപ്പൊ"
"അയ്യോ എന്തേ പറ്റ്യേ?"
"അപ്പൊ ഒന്നുമറിഞ്ഞില്ലേ... വയ്യ.. ഇത്രകാലം കുടിച്ചതൊക്കെ തന്നെ... കരളു പോയി.. "
വീടിനുള്ളിൽ ചോറും കറികളും വിളമ്പിയ പാത്രത്തിനു മുന്നിൽനിന്ന് അവശതയോടെ എഴുന്നേറ്റ് ചുവരിൽ പിടിച്ച് ഇടറിയ കാൽവെയ്പ്പുകളോടെ എനിക്കുനേരെ നടന്നുവന്ന രൂപം കണ്ട് അമ്പരന്നുപോയി. മുഖവും വയറുമൊക്കെ നീരുവന്നു വീർത്ത് വികൃതമായ ഒരാൾ.
 
തറയിൽ ചിതറിത്തെറിച്ച ഭക്ഷണശകലങ്ങളും ഭീതിദമായ അലർച്ചയും ശകാരങ്ങളുമൊക്കെ ഒരു നിമിഷം മനസിലൂടെ കടന്നുപോയി. ഇതാവുമോ കർമ്മഫലം എന്നുപറയുന്നത്?
 
പണ്ട് പിണങ്ങി ഭക്ഷണം നിരസിക്കുമ്പോൾ അമ്മ പറയുമായിരുന്നു, "അന്നത്തെ നിന്ദിക്കുന്നത് ദോഷമാണ്.. ദേഷ്യവും വാശിയും ഭക്ഷണത്തോട് കാണിക്കരുത്.. പിന്നെ വേണ്ടസമയത്ത് കഴിക്കാൻ കിട്ടാതെയാവും! " എന്ന്..!

കഴിഞ്ഞ ദിവസം അയാളെന്റെ ചിന്തകളിലേക്ക് പതിവില്ലാതെ വേച്ചുവേച്ചിറങ്ങി വന്നു. മദ്യപിക്കാത്തപ്പൊഴും അയാളുടെ വളഞ്ഞ കാലുകൾ ഒരിക്കലും നിലത്തു പൂർണമായി പതിയാറില്ല. ഉപ്പൂറ്റി ഉയർന്ന് ചെറുതായി ചാടുന്നപോലുള്ള നടത്തമായിരുന്നു അയാൾക്ക്. അയാൾക്കു പിന്നാലെയാണ് ഈ ഗതകാലസ്മരണകൾ കുത്തിയൊഴുകിയെത്തിയത്‌.

 
ഇന്ന് ചേച്ചിയെ വിളിച്ചപ്പോൾ അറിഞ്ഞു, അയാൾ എന്റെ ഓർമ്മയിലെത്തിയത് ഈ ലോകത്തോട്‌ വിടപറഞ്ഞ ദിവസമായിരുന്നുവെന്ന്... 

Thursday, January 23, 2014

എച്മുക്കുട്ടിയുടെ അമ്മീമ്മക്കഥകളിലൂടെ...

എച്ച്മുക്കുട്ടി 

"നിനക്കീയിടെയായി പുതിയ കുറെ കൂട്ടുകെട്ടുകൾ ആണല്ലോ " എന്നൊരാളുടെ കമന്റ്‌ കേട്ടപ്പോഴാണ് അതിനെക്കുറിച്ച് ഇരുത്തി ചിന്തിച്ചത്.
ചില ബന്ധങ്ങൾ അങ്ങനെയാണ്.. ഉറപ്പുള്ളതാവാൻ കാലങ്ങളൊന്നും കാത്തിരിക്കേണ്ട. പരിചയപ്പെടുന്നതിന്റെ അടുത്ത നിമിഷം തോന്നിക്കും, എത്രയോ ജന്മങ്ങളായി പരിചിതരായിരുന്നുവെന്നും കണ്ടുമുട്ടാൻ മാത്രം എന്തേ വൈകിപ്പോയി എന്നും.. ചിലപ്പോൾ സമാന ചിന്താഗതിക്കാരാവും.. മറ്റു ചിലപ്പോൾ ഒരേ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാവാം.. പരസ്പരം മനസിലാക്കാവുന്ന സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നവരാവാം...  എന്നാൽ ഇതൊന്നുമില്ലെങ്കിലും ഹൃദയത്തോട് ചേർന്നിരിക്കുന്ന ആരോ ഒരാൾ എന്ന് തോന്നിപ്പിക്കുന്ന ചിലരും പെട്ടെന്നൊരു ദിവസം മുന്നിൽ പ്രത്യക്ഷപ്പെട്ടു വിസ്മയിപ്പിച്ചേക്കാം ... അങ്ങനെയൊരാളാണ് എനിക്ക് എച്ച്മുക്കുട്ടി.

ആദ്യകാലങ്ങളിൽ പേര് ഉണ്ടാക്കിയ കൌതുകമാണ് എച്ച്മുവോടുലകം സന്ദർശിക്കാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും പരിചിതവും മനോഹരവുമായ  ഭാഷയും ചിന്താഗതികളും ചിലപ്പോഴൊക്കെ ഞാൻ പറയണമെന്ന് കരുതിയും സ്വയം  സൃഷ്ടിച്ച ചില വേലിക്കെട്ടുകളെ പഴി ചാരി പറയാതിരുന്ന പലതുമെല്ലാം അവിടെ കണ്ടതുകൊണ്ടും സമയം കിട്ടുമ്പോഴൊക്കെ അവിടെ പോവാനും എഴുത്തുകാരിയെ പരിചയപ്പെടാനും വഴിയുണ്ടാക്കി. പിന്നെ ഇടയ്ക്ക് "മ്പേ മ്പേ" ന്ന് പശുക്കുട്ടിയായി വന്നെന്റെ ഇന്ബോക്സ് വാതിലിൽ മുട്ടാറുള്ള കൂട്ടുകാരിയിലേക്കുള്ള മാറ്റവും വളരെ പെട്ടെന്ന് തന്നെയായിരുന്നു.

തൃശ്ശൂർ വെച്ച് നടന്ന പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് എച്ച്മുക്കുട്ടിയെ നേരിൽ കണ്ടു. ചിരപരിചിതരായി വിശേഷം പറഞ്ഞു. "അമ്മീമ്മ കഥകൾ" എന്ന പുസ്തകം എഴുത്തുകാരിയുടെ ഒപ്പിട്ടു വാങ്ങി ബാഗിൽ വെച്ച് നടക്കുമ്പോൾ മറ്റെല്ലാ പുസ്തകങ്ങളും പോലെ പതുക്കെയേ വായിച്ചു തുടങ്ങൂ എന്നാണ് കരുതിയത്‌.

അമ്മീമ്മ ക്കഥകൾ 

മടക്കത്തിൽ നീണ്ട രാത്രിയിലെ ഏകാന്തമായ ട്രെയിൻ യാത്രയിലാണ് എച്ച്മുവിനെ ആദ്യമായി താളുകളിലൂടെ വായിക്കാനെടുത്തത്.  എഴുത്തുകാരിയുടെ അമ്മയുടെ ചേച്ചി ആയിരുന്ന അമ്മീമ്മ,  അനീതിക്കെതിരെ പൊരുതിയ, എന്തിനെക്കുറിച്ചും സ്വന്തമായ നിലപാടുകളുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ രത്നമാണെന്ന് പ്രകാശന സമയത്ത് പുസ്തകം പരിചയപ്പെടുത്തിയ പലരിൽ നിന്നും അറിഞ്ഞിരുന്നു. അവിടെ പുസ്തകത്തെ കുറിച്ച് പറഞ്ഞ മൂന്നുപേരും മൂന്നു തരത്തിലാണ് അതിനെ വിലയിരുത്തിയത്.

അമ്മീമ്മക്കഥകളിലൂടെ മുന്നോട്ടു പോവുമ്പോൾ എന്റെ മനസ്സിലൂടെ ഒരു സ്വച്ഛ സുന്ദരമായ നാട്ടിൻ പുറവും നിഷ്കളങ്കരായ കുറെ ജന്മങ്ങളും, കണ്ടു ശീലമുള്ള അഗ്രഹാരങ്ങളിലെ ബ്രാഹ്മണരും ഒക്കെ സിനിമാ കാഴ്ചകൾ പോലെ കടന്നുവന്നു. അതുകൊണ്ടുതന്നെ താളുകൾ മറിയുന്നതറിയാതെ അതിവേഗം ആ വഴിയെല്ലാം സഞ്ചരിച്ചു.

"ചിലപ്പോൾ ഇതെല്ലാം വെറും കഥകളാണ്.. ചിലപ്പോൾ കുറെ ഓർമ്മകളാണ് ... ചിലപ്പോൾ കഠിന വേദനകളാണ്.. ഇനിയും ചിലപ്പോൾ പരമമായ സത്യങ്ങളാണ്..." എന്ന് തുടക്കത്തിൽ കഥാകാരി തന്നെ പറയുന്നുണ്ടെങ്കിലും ഓരോ കഥയിലൂടെ സഞ്ചരിക്കുമ്പോഴും ഇതെല്ലാം  ചിലപ്പോൾ 'തെരട്ടിപ്പാൽ' പോലെയോ 'മൊളേരി പായസം' പോലെയോ സ്വാദിഷ്ടമോ  മധുരതരമോ  മറ്റുചിലപ്പോൾ ഹൃദയത്തെ കാർന്നു തിന്നുന്നത്ര  വേദനാജനകമോ ആയ  അനുഭവങ്ങൾ തന്നെയെന്ന് തോന്നിപ്പിച്ച് ഓരോന്നും വായനക്കാരെ അതേയളവിൽത്തന്നെ രുചിപ്പിക്കുന്നുമുണ്ട് എഴുത്ത്.

ഓരോ കഥയും അവസാനിക്കുന്നിടത്ത് പിന്നിലെവിടെയോ കേൾക്കുന്ന കടലിരമ്പം പോലെ ചിന്തോദ്ദീപകങ്ങളായ ഒരു വരിയോ വാക്കുകളോ അവശേഷിപ്പിച്ച് ഒന്നുമറിയാത്തപോലെ കടന്നുപോവുന്നു കഥാകാരി..

ഓരോ കഥയും വിലയിരുത്താനോ അന്തരാർത്ഥങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനോ എന്റെ തുച്ഛമായ ഭാഷാ ജ്ഞാനം കൊണ്ട് മുതിരുന്നില്ല. പ്രധാന കഥാപാത്രമായ അമ്മീമ്മ മുതൽ അധികമൊന്നും പറയാതെ നിൽക്കുന്ന അനിയത്തിക്കുട്ടി വരെയുള്ള ഓരോരുത്തരും എന്തെങ്കിലുമൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. ആത്മവിശ്വാസവും ധൈര്യവും മനസ്സുറപ്പും ഉണ്ടെങ്കിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരു സ്ത്രീക്ക് കഴിയുമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് അമ്മീമ്മ. അതുപോലെ അമ്മീമ്മയുടെ ആത്മീയതയും  യുക്തിചിന്തകളും ചിലപ്പോഴൊക്കെ എന്റെ അമ്മയെ ഓർമ്മിപ്പിച്ചു. ഒരുപക്ഷെ മനുഷ്യരാലോ മരണത്താലോ തനിച്ചാക്കപ്പെട്ട് ജീവിതവുമായി പോരാടുന്നവരുടെ ചിന്തകളിലെ സമാനതയാവാം. ദൈവങ്ങളുമായുള്ള ചങ്ങാത്തവും വാദഗതികളും എന്റെ ചിന്തകളുമായി സാമ്യമുണ്ടായിരുന്നു..

പുസ്തകം മടക്കി വെക്കുമ്പോൾ അമ്മീമ്മ മാത്രമല്ല,  തെണ്ടി മയ്സ്രെട്ടും പാറുക്കുട്ടിയും കണ്ണന്ചോവനും ഗോവിന്നനുമൊക്കെ ജീവസ്സുറ്റ രൂപങ്ങളായി മനസ്സിൽ അവശേഷിക്കുന്നു.  ഒപ്പം ഓരോ കഥ/അനുഭവവും സമ്മാനിച്ച സന്തോഷവും സന്താപവും നടുക്കവും വിങ്ങലുമെല്ലാമെല്ലാം അതുപോലെ.......

ഇനിയുമിനിയും ഒരുപാട് കഥകൾ കേൾപ്പിക്കാൻ എച്ച്മുക്കുട്ടി ക്ക് കഴിയട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.

----------------------------------------------------------------------
ഇതൊരു പുസ്തകാവലോകനമോ നിരൂപണമോ അല്ല.. ഒരു വായനയുടെ വിശേഷങ്ങൾ മാത്രം..



Monday, November 4, 2013

സൗഹൃദം

കല്ലുപെൻസിൽ മറന്ന ദിവസങ്ങളിൽ 
കയ്യിലുള്ളത് മുറിച്ച് 
ഏറ്റവും വലിയ കഷണം
എന്ന വാഗ്ദാനം!
 
ചോദ്യോത്തരവേളയിൽ 
ശരിയുത്തരം മനസിലൊളിപ്പിച്ച്,
ചൂരലിന് നേരെ
ഒപ്പം നീളുന്ന ഉള്ളംകൈ! 
 
വിഷമിച്ചിരിക്കുമ്പോൾ
പഴയ അമളിയോർമ്മിപ്പിച്ച് 
ഒരുമിച്ചുയരുന്ന പൊട്ടിച്ചിരി !
 
ഹോസ്റ്റലിലെ ഇരുട്ടിൽ
ഒരേ ശ്രുതിയിൽ
ഉയരുന്ന കൂവൽ !
 
'ആ' ദിനങ്ങളിൽ
ഉടുപ്പിനുപിന്നിൽ 
അരുണവർണ്ണപൊട്ടില്ലെ-
ന്നുറപ്പിക്കുന്ന ധൈര്യം !
 
മെസ്സേജ് ബോക്സിലെ 
മൌനത്തിന്റെയും 
വെറും മൂളലുകളുടെപോലും  
അർത്ഥമറിഞ്ഞെത്തുന്ന,   
ദൂരം വിസ്മരിപ്പിക്കുന്ന സാന്ത്വനം! 
 
ഈ ഉടുപ്പ് സുന്ദരമെങ്കിലും
നിനക്ക് ചേരില്ലെന്ന് പറയുന്ന
തുണിക്കടയിലെ ട്രയൽ റൂം കണ്ണാടി !
 
മുന്നിലും പിന്നിലുമല്ലാതെ 
ഒരുമിച്ചുനീങ്ങാനും,
ചിലനേരങ്ങളിൽ
ഒരു തല താങ്ങാനും 
ശക്തിയുള്ള ചുമൽ! 
 
 
 

Tuesday, October 29, 2013

എന്റെ വായനാലോകത്തിലൂടെ...

ഏതോ കുഞ്ഞുന്നാളിൽ തുടങ്ങിയ വായനക്ക് പൂമ്പാറ്റ, ബാലരമ, അമർചിത്ര കഥകൾ തുടങ്ങിയവയാവണം ആദ്യം മുന്നിൽ നിരന്നവ. . കപീഷും മായാവിയും ശുപ്പാണ്ടിയും ചമതകനും മിന്നു മുയലും അങ്ങനെ ആരൊക്കെയോ... ഇതിനെല്ലാം പുറമേ തട്ടിൻ പുറത്തെ പഴയ ശേഖരങ്ങളിൽ ആകർഷിച്ച 'അമ്പിളി മാമൻ'.

കുറച്ചുകൂടി വലുതായപ്പോഴാവണം ചേച്ചിമാരുടെ വനിതാ പ്രസിദ്ധീകരണങ്ങളിലെ പരസ്യചിത്രങ്ങളും കഥകളും ലേഖനങ്ങളും ആകർഷിച്ചത്. എന്നാൽ എന്നോ വായിച്ച ആരോഗ്യപംക്തിയിൽ വന്ന ഒരു വാക്കിന്റെ അർഥം അന്വേഷിച്ചതോടെ അത്തരത്തിലുള്ള എല്ലാ പുസ്തകങ്ങളും എനിക്കുമാത്രം നിഷിദ്ധമാവുകയും, അതുകൊണ്ടുതന്നെ അവയെല്ലാം രഹസ്യമായി എന്റെ പാഠപുസ്തകക്കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ നിർബന്ധിതമാവുകയും, ചന്ദ്രക്കല എസ് കമ്മത്തും, കെ.കെ സുധാകരനും മാത്യു മറ്റവും സുധാകർ മംഗളോദയവുമൊക്കെ എനിക്ക് കഥ പറഞ്ഞുതരികയും ചെയ്തു. അർഥം മനസിലായതും ആവാത്തതുമൊക്കെ പിന്നെയും ആർത്തിയോടെ വായിച്ചുതീർത്തു.

കൌമാരക്കാരി ആയപ്പോൾ ചേച്ചിയുടെ ശേഖരങ്ങളിലെ പുതിയ മുഖങ്ങളെ അറിയാനുള്ള ആകാംക്ഷയായി. മാധവിക്കുട്ടി, ബഷീർ, രാജലക്ഷ്മി, എം ടി തുടങ്ങിയവരുടെ കഥകൾ മുതൽ 'കാല'വും 'മരണം ദുർബല'വും 'മുൻപേ പറക്കുന്ന പക്ഷികളും' 'രണ്ടാമൂഴ'വും പിന്നെയും പേരോ കഥയോ പോലും ഓർമ്മയില്ലാത്ത കുറെ അക്ഷരസമൂഹങ്ങൾ വരെയും കൂട്ടിനെത്തി.

ആ കൂട്ടത്തിൽ ഖസാക്കും ധർമ്മപുരാണവും കയ്യിൽ കിട്ടിയതുമോർക്കുന്നു. സഹപാഠികൾ സംസാരിക്കുന്ന ഭാഷ (തനി പാലക്കാടൻ) എഴുതിക്കണ്ട കൌതുകം മാത്രമായിരുന്നു ഖസാക്കിന്റെ ഇതിഹാസം പകർന്നതെങ്കിൽ ധർമ്മപുരാണത്തിന്റെ ആദ്യ താളിലെ ആദ്യ വരിയോടെ തുടർന്ന് വായിക്കാനുള്ള താല്പര്യം പോലും ഇല്ലാതായി എന്നതായിരുന്നു സത്യം.

അവധിക്കാലത്ത്‌ ചേച്ചിയുടെ വീട് സന്ദർശനമാണ് എന്റെ വായനയെ വീണ്ടും വളർത്തിയത്. ചേട്ടന്റെ വിപുലമായ ശേഖരത്തിലെ പലതും ദഹിക്കാൻ ബുദ്ധിമുട്ടുള്ള മഹത് കൃതികളും ക്ലാസ്സിക്കുകളും ആയിരുന്നുവെങ്കിലും അവിടെ എന്നെ കാത്തിരുന്നത് മാതൃഭൂമി, കലാകൌമുദി തുടങ്ങിയവയുടെ വാർഷികപ്പതിപ്പുകളായിരുന്നു. പകൽ സമയത്ത് കുട്ടികൾ കളിക്കാനും ചേച്ചി അടുക്കളയിലും ചേട്ടൻ ക്ലിനിക്കിലും പോവുമ്പോൾ ഷെല്ഫ് അടുക്കിയൊതുക്കാനെന്ന വ്യാജേന ഞാൻ കയറും. ഊണിന് വിളിക്കാനായി ചേച്ചി എത്തുമ്പോൾ പഴയ പുസ്തകക്കെട്ടിനിടയിൽ കഥകളുടെ ലോകത്ത് ഞാൻ പൊടിപിടിച്ചിരിക്കുകയാവും. ടി പത്മനാഭൻ, സേതു, ചന്ദ്രമതി തുടങ്ങി കഥകളുടെ എക്കാലത്തെയും തമ്പ്രാക്കളെയും തമ്പ്രാട്ടികളെയും ഞാൻ കാണുന്നതവിടെയാണ്.
എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിന്റെ ആരാധിക ആക്കിയത് ചേട്ടൻ ഡോക്ടർ അശോകൻ ആണ്. എത്രയോ തവണ വായിച്ചതാണെന്ന് പറഞ്ഞുകൊണ്ട് 'ആൾക്കൂട്ടം' എടുത്തു കയ്യിൽ തന്ന് ആനന്ദിനെ പരിചയപ്പെടുത്തിയതും, ഖസാക്കിലൂടെ ഓരോ തവണ പോകുമ്പോഴും പുതിയ അർത്ഥങ്ങളും ചിന്തകളും ഉണ്ടാകുമെന്ന് പറഞ്ഞുതന്നതും അദ്ദേഹം തന്നെ. ഒരുപാട് വായിക്കുകയും ആഴത്തിൽ ചിന്തിക്കുകയും ദാർശനികരെ പോലെ സംസാരിക്കുകയും ചെയ്യുന്ന ആ ആയുർവേദ ഡോക്ടർ ആണ് ഞാൻ ആദ്യമായി പരിചയപ്പെട്ട ജീനിയസ്. ചേട്ടൻ എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്.

ചെന്നൈ വാസത്തിൽ സഹമുറിയത്തിയുടെ മിൽസ് ആൻഡ്‌ ബൂണ്‍സും സിഡ്നി ഷെൽഡനും പിന്നെയും പേര് ഓർമ്മയില്ലാത്ത ചിലരും, ഇംഗ്ലീഷും (ചിലപ്പോഴൊക്കെ ഡിക്ഷ്ണറി അടുത്തു വെക്കേണ്ടിവന്നാലും) ആസ്വാദ്യമാണെന്ന് പഠിപ്പിച്ചു.

വിവാഹശേഷമുള്ള ഏകാന്ത പകലുകളിലാണ് 'എന്റെ കഥ', 'ബാല്യകാലസഖി', 'നീർമാതളം പൂത്തകാലം', 'ഹിഗ്വിറ്റ', 'ഘടികാരങ്ങൾ നിലക്കുന്ന സമയം', 'ചിദംബര സ്മരണ' അങ്ങനെ ഒരുപാട് സുന്ദരക്കാഴ്ചകൾ എനിക്കായി തുറക്കപ്പെട്ടത്. ചേതൻ ഭഗത്തും അമിഷും അനിതാ നായരും കെ. ആർ മീരയും സിതാരയും സുഭാഷ് ചന്ദ്രനും അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വാഗ്ദാനങ്ങളെ ഒക്കെ ഒരുപാട് അടുത്തറിഞ്ഞില്ല എങ്കിലും കണ്ട് സന്തോഷിക്കാനായി. സ്വന്തം ശേഖരത്തെക്കാൾ ഒരുപാട് സന്മനസുകളുടെ സഹായവും ഉണ്ടായിട്ടുണ്ട് എന്റെ വായനക്ക്. കൂട്ടുകാരി പറയും "നിനക്കൊരിക്കലും പുസ്തകക്ഷാമം ഉണ്ടാവാറില്ല!" എന്ന്

ഏതോ ഒരു കർക്കിടകസന്ധ്യയിൽ അമ്മയുടെ ഈണം മനസിലോർത്ത്‌ ഞാനുമിരുന്നു, പ്രിയസുഹൃത്തുക്കളായ വിനയനും സ്മിതയും സമ്മാനിച്ച അധ്യാത്മരാമായണത്തിന് മുന്നിൽ. വായന പൂർത്തിയാക്കിയില്ല എങ്കിലും സംസ്കൃതലീനമായ ഭാഷാസൌകുമാര്യത്തിനുമുന്നിൽ നമിച്ചിരുന്നുപോയി.

ഇനിയുമെത്രയോ മനോഹരവായനകൾ ബ്ലോഗുലകത്തിലും അതിശയിപ്പിച്ചു. പരിചിതരും അല്ലാത്തതുമായ കവികൾ ലിംഗ ഭേദമില്ലാതെ തങ്ങളുടെ സർഗ്ഗചേതനകളെ നിർബാധം പങ്കിട്ടു. ഒരുപക്ഷെ മുഖ്യധാരയിലുള്ള എഴുത്തുകാരെ പോലും അതിശയിപ്പിക്കുന്ന കഥകളും കവിതകളുമായി ഓണ്‍ലൈനിൽ നിരന്നു.

ഇന്നലെ വൈകിട്ട് സി.വി ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' അടച്ചുവെക്കുമ്പോഴും അറിയുന്നു, "അറിഞ്ഞത് കയ്യളവ്‌.. അറിയാത്തത് കടലളവ്‌!" അക്ഷരക്കടൽ ഇപ്പോഴും മുന്നിൽ തന്നെ, അതിവിശാലമായി! വള്ളത്തോളും കുമാരനാശാനും വൈലോപ്പിള്ളിയും പിയും പൊറ്റക്കാടും ബഷീറും എം ടിയും തുടങ്ങി പുതിയ തലമുറക്കാർ വരെ സൃഷ്ടിച്ച എത്രയോ മുത്തും പവിഴവുമുണ്ട് മുങ്ങിയെടുക്കാൻ, ഒരായുസ്സ് കൊണ്ടും തീരാത്തത്ര!

വാഗ്ദേവതക്കു പ്രണാമം !

 

Friday, July 12, 2013

ചില ആണ്‍ പെണ്‍ ചിന്താവിശേഷങ്ങൾ

ശങ്കരേട്ടന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ സംശയമാണ് തന്റെ ഭാര്യ സുമംഗല ഒരു ലെസ്ബിയൻ ആയോ എന്ന്! കുടുംബശ്രീയും അയൽക്കൂട്ടവുമൊക്കെയായി നടന്നുതുടങ്ങിയപ്പോഴേ ഉറപ്പിച്ചു അവളൊരു ഫെമിനിസ്റ്റ് ആയെന്ന് ! ഈ പുതിയ സംശയം തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നതെയുള്ളൂ..
 
നാട്ടിൻപുറത്തെ സാദാ റേഷൻകടക്കാരനെങ്ങനെ ഇത്തരം വാക്കുകളൊക്കെ പഠിച്ചു എന്നതിന് കടപ്പാട് പത്താം ക്ലാസ്സിന്റെ രണ്ടാംവർഷത്തിൽ ഇരുന്നൂറ്റി പന്ത്രണ്ടുമാർക്ക് ഒപ്പിച്ചെടുത്ത മുപ്പത്തഞ്ചു കഴിഞ്ഞ ക്രോണിക് ബാച്ചിലർ അയൽവാസി ഭാസിക്കുട്ടനുള്ളതാണ്. അവന്റെ അമ്മാവന്റെ മകന്റെ ഇന്റർനെറ്റ്‌ കഫെ ആണ് അവനെ സർവജ്ഞൻ ആക്കിയത്. പത്രങ്ങളിലോ ചാനലുകളിലോ വരാത്ത കാര്യങ്ങൾ വരെ ഫേസ്ബുക്കിൽ വരുമത്രേ! അവിടെ അവൻ "ഭാസ്" ആണ് ..
 
 അയലത്തെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയവന്റെ  കരണത്ത് ഒരെണ്ണം പൊട്ടിച്ച ദിവസമാണ് സുമംഗലേടത്തിക്ക് പ്രതികരണശേഷി കൈവന്ന കാര്യവും ഫെമിനിസ്റ്റ് ആവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞുവരുന്നുണ്ടെന്നും അവൻ ശങ്കരേട്ടനെ അറിയിച്ചത്. ഒപ്പം ഫെമിനിസ്റ്റ് എന്നാലെന്തെന്ന് വ്യക്തമായി ക്ലാസ്സ്‌ എടുത്തുകൊടുത്തു. അതിനുശേഷം കറിക്ക് ഉപ്പുകൂടിയാലോ കുപ്പായം ഇസ്തിരിയിടാൻ മറന്നാലോ ഒന്നും ക്ഷുഭിതനാവാതിരിക്കാൻ ശങ്കരേട്ടനും ശ്രദ്ധിച്ചുതുടങ്ങി . ഈ ജാതി ആൾക്കാർ കുറച്ചു പേടിക്കേണ്ടവരാണെന്ന് 
ചില വാർത്തകളും അയാളെ പഠിപ്പിച്ചിരുന്നു.
 
ഓരോ വനിതാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ കയറിയാലുടനെയുള്ള  രോഷപ്രകടനങ്ങളിൽനിന്നും മിക്കവരുടെയും പ്രശ്നങ്ങൾ ശങ്കരേട്ടൻ അറിയാറുണ്ട്.
"ഹും അവനെന്താ വിചാരിച്ചേ .. പെണ്ണെന്നാൽ എന്നും കാൽക്കീഴിൽ കിടക്കണം എന്നാണോ ? "
"ഇവനൊക്കെ ആ കൊച്ചിന്റെ കാര്യത്തിലെങ്കിലും അവളെ ഒന്ന് സഹായിച്ചാലെന്താ ? കല്യാണം കഴിഞ്ഞുവരുമ്പോ അവൾ കയ്യെപ്പിടിച്ചു കൊണ്ടുവന്നതൊന്നുമല്ലല്ലോ ആ കൊച്ചിനെ! ഹും "
 
ഇതൊക്കെയാണെങ്കിലും മീറ്റിങ്ങുകൾക്കും മറ്റും ഓടുന്നതിനിടയിലും ഭർത്താവിനുള്ളതെല്ലാം കൃത്യമായി എടുത്തു വെക്കുകയും സമയാസമയത്തിന് വിളിച്ച് ഓർമ്മിപ്പിക്കുകയും  എത്ര ക്ഷീണിതയാണെങ്കിലും രാത്രി ശങ്കരേട്ടന്റെ കാലിൽ തൈലം പുരട്ടി ചൂട് വെള്ളം അനത്തിക്കൊടുക്കുകയും ചെയ്തിരുന്നതിനാൽ ഭാര്യയുടെ ഫെമിനിസം അങ്ങേരെ ബാധിച്ചിരുന്നില്ല.
 
മാത്രമല്ല നാട്ടിലെ സൽസ്വഭാവികളായ ചുരുക്കം ചില പുരുഷന്മാരിൽ ഒരാളാണ് തന്റെ ഭർത്താവെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.  സ്വന്തം പറമ്പിലെ ചക്കയിടുന്നതിനിടയിൽ നെഞ്ചത്ത്‌ ചക്ക വീണു പരിക്കേറ്റ, നാട്ടിലെ സുന്ദരി രേവതിയെ തടവാൻ ഓടിക്കൂടിയവരുടെ കൂട്ടത്തിൽ തന്റെ പ്രിയതമൻ ഉണ്ടായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് ശങ്കരേട്ടനോട്‌ മതിപ്പുണ്ടായതാണ്. (അതിന് ശങ്കരേട്ടൻ രഹസ്യമായി നന്ദി പറയുന്നത് വാതരോഗത്തിനോടാണ്! )
  
പുതിയ സംശയം ഉണ്ടാവാൻ കാരണം ഈയിടെയായി സുമംഗല മിക്കവാറും അയലത്തെ രാധാമണിയുടെ വീട്ടിൽ രാപകലില്ലാതെ സന്ദർശിക്കുന്നു , പലപ്പോഴും രണ്ടുപേരും അകത്തുനിന്നും പൂട്ടിയ മുറിക്കുള്ളിൽ നേരം ചെലവിടുന്നു എന്നതൊക്കെയാണ്. രാധാമണിയുടെ ഭർത്താവ് വാരാന്ത്യത്തിൽ മാത്രം വീട്ടിലെത്തുന്നയാളാണ്.  ഒരു ദിവസം രാവിലെ രാധാമണിയുടെ മോന് വയ്യ ചെന്നന്വേഷിക്കട്ടെ എന്നും പറഞ്ഞു പോയവളായിരുന്നു. അയൽക്കാരല്ലെ .. ആണ്‍ തുണ ഇല്ലാത്തനേരത്ത് ഒരു സഹായമല്ലേ എന്നേ ഓർത്തുള്ളൂ... ഇതിപ്പോൾ ഇടയ്ക്കിടയ്ക്ക്  മതിലിങ്കൽ നിന്ന് കുശുകുശുക്കൽ .. രാധാമണിയുടെ മിസ്സ്‌ കാൾ വന്നാലുടനെ ഓടിപ്പോക്ക്.. വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ കതകടച്ചിരുന്നു സംസാരം!
 
 "ഇതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ വന്നിരുന്നു ശങ്കരേട്ടാ.. " എല്ലാം കേട്ടുകഴിഞ്ഞ് തെല്ലിട മൌനത്തിനുശേഷം ഭാസിക്കുട്ടൻ സംസാരിച്ചുതുടങ്ങിയത് ഇപ്രകാരമായിരുന്നു. സ്വവർഗ്ഗ പ്രേമത്തിന്റെയും രതിയുടെയും കഥകൾ തന്നെക്കാൾ പ്രായം കുറഞ്ഞ ചെറുക്കന്റെ വായിൽ നിന്ന് കേൾക്കേണ്ടിവന്നപ്പോൾ ശങ്കരേട്ടന് അറപ്പ് തോന്നി. അതിലേറെ സ്വന്തം ഭാര്യയെ അങ്ങനെ സങ്കൽപ്പിച്ചുനോക്കാനാവാതെ നേരത്തെ കടപൂട്ടി വീട്ടിലേക്കു നടക്കുകയും ചെയ്തു.
 
സാഹചര്യത്തെളിവുകൾ എതിരായി വരുംതോറും സംശയം അദ്ദേഹത്തിൻറെ മനസ്സിൽ, മന:പൂർവ്വം മുരടിപ്പിച്ച ഒരു  ബോണ്‍സായി വൃക്ഷമായി. ഉണ്ണാനാവാതെ, ഉറങ്ങാനാവാതെ, കടയിലെ കണക്കുകൾക്കൊപ്പം മനസിലേതും തെറ്റിച്ചും വീണ്ടും കൂട്ടിയും കുറച്ചും ശങ്കരേട്ടൻ ആശയക്കുഴപ്പത്തിലായി. വന്നുവന്ന് സംശയാസ്പദമായി കണ്ടകാര്യങ്ങൾ ഭാസിക്കുട്ടനോട് പറയാനും മടിയായിത്തുടങ്ങി. കാരണം ശങ്കരേട്ടനിലും മുന്നേ 'ഇതതുതന്നെ സംഭവം' എന്ന് ഉറപ്പിച്ചത് അവനായിരുന്നതുകൊണ്ട് അതവൻ നാട്ടിൽ പാട്ടാക്കിയാലോ എന്നും അയാൾ ഭയന്നു.
 
ഒരിക്കൽ രണ്ടും കല്പ്പിച്ചു ഭാര്യയോട്‌ ചോദിക്കാൻ മുതിർന്നതായിരുന്നു. തലേന്ന് റേഷൻ കടയുടെ തൊട്ടടുത്ത കടമുറിയിൽ കുടുംബശ്രീക്കാര് തുടങ്ങിയ പച്ചക്കറിക്കടയുടെ ഉദ്ഘാടനത്തിന് മുഖത്ത് ഇരച്ചുകയറിയ രക്തത്തുടിപ്പോടെ സുമംഗല പ്രസംഗിച്ച കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെക്കൂടി  മനസ്സിൽ കയറി അയാളുടെ ധൈര്യത്തെ തല്ലിക്കെടുത്തിക്കളഞ്ഞു.
 
 
"നീയെന്തിനാ സുമം ഇടയ്ക്കിടെ ഇങ്ങനെ അങ്ങോട്ടോടുന്നെ?"
എങ്കിലും കഴിഞ്ഞദിവസം രാത്രി അത്താഴത്തിനു മുന്നിലിരിക്കുമ്പോൾ രാധാമണിയുടെ വിളി വന്നു ഇറങ്ങിയോടുന്നതിനിടയിൽ അയാളുറക്കെ ചോദിക്കുകതന്നെ ചെയ്തു.
 
"അവടെ കൊച്ചിന് മേലാഞ്ഞിട്ടാ.. ഞാനെത്ര തവണ പറയും..! അതിനെന്തോ പേടി തട്ടിയിട്ടുണ്ടെന്നാ തോന്നുന്നേ.. രാത്രിയൊക്കെ പിച്ചും പേയും പറയുവാ.. അവടെ കെട്ട്യോൻ ഇന്ന് വരും നാളെ വരുമെന്ന് പറയുമെന്നല്ലാതെ തിരിഞ്ഞു നോക്കുന്നില്ല! "
 
എന്നാലും അതുമാത്രമല്ല കാര്യമെന്ന് ഭാസിക്കുട്ടൻ അഭിപ്രായപ്പെടുമ്പോൾ മറുത്തൊന്നും പറയാൻ നിന്നില്ലെങ്കിലും അയാളുടെ മനസിലും ആ തോന്നൽ കൂടിക്കൊണ്ടേയിരുന്നു. എങ്കിലും ഈ പത്തു പതിനെട്ടുവർഷം കൂടെ ജീവിച്ച് രണ്ടുകൊച്ചുങ്ങളെയും പെറ്റ അവൾക്കങ്ങനെയൊരു മാറ്റം പെട്ടെന്നുണ്ടാവുമോ ?
 
"ങാ ഇന്നത്തെ കാലത്ത് അതും ഉണ്ട് ശങ്കരേട്ടാ... അതായത്....  "
 
ഭാസിക്കുട്ടന്റെ ചലനാത്മകമായ വിശദീകരണങ്ങൾ  മനസിനകത്തേക്ക് കടക്കാതെ, സന്ധ്യനേരത്തെ കൊതുകിൻ കൂട്ടത്തെ പോലെ അയാളുടെ തലയ്ക്കു ചുറ്റും മൂളിപ്പറന്നുകൊണ്ടിരുന്നു.
 
വെള്ളിയാഴ്ച രാത്രി ഇടക്കെപ്പോഴോ ഉണർന്നപ്പോൾ സുമംഗല അടുത്തില്ലെന്ന സത്യം പിന്നീടങ്ങോട്ടുള്ള ഓരോ ഉറക്കത്തെയും കെടുത്താൻ പോന്നതാണെന്ന്ശങ്കരേട്ടൻ മനസിലാക്കി. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇനിയും ഇത്തരം പ്രകൃതിവിരുദ്ധനടപടികൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട്‌ കാര്യമില്ല.
 
അടുത്ത രാത്രി ഭാസിക്കുട്ടനെയും കൂട്ടുപിടിച്ച് അയാൾ ഉറങ്ങാതിരുന്നു. പതിനൊന്നരക്ക് വന്ന മിസ്സ്‌ കാളിനെ തുടർന്ന് സുമംഗല ഇരുട്ടത്ത് കതകുതുറന്നു പുറത്തിറങ്ങി, രാധാമണി ഇരുളിൽ അടുക്കള വാതിൽക്കൽ അവളെ കാത്തു നില്ക്കുന്നത് തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവർ രണ്ടുപേരും കണ്ടു.
 
"ഇന്നിവളെ ഞാൻ..." മുന്നോട്ടാഞ്ഞ ശങ്കരേട്ടനെ പിടിച്ചിരുത്തി കുറച്ചുകൂടെ ക്ഷമിക്കാൻ ഭാസിക്കുട്ടൻ  ആംഗ്യം കാട്ടി.
 
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, രാധാമണിയുടെ വീടിനകത്ത് നിന്നും ഒരു പുരുഷന്റെ ദീനരോദനം കേട്ട് പുറത്തുനിന്ന രണ്ടുപേരും ഞെട്ടി എഴുന്നേറ്റു. എന്താണെന്ന് മനസിലാവാതെ വീടിനുചുറ്റും ഓടിക്കൂടിയവരുടെ  മുന്നിലേക്ക്‌ വെളിച്ചം തുപ്പിക്കൊണ്ട് പോലീസ് ജീപ്പ് വന്നു നിന്നു. വാതിൽ തുറന്നു നാടകീയമായി ഇറങ്ങിവരുന്ന സുമംഗലയെയും കുഞ്ഞിനെ നെഞ്ചോട്‌ ചേർത്തുപിടിച്ച രാധാമണിയേയും മാറിമാറി നോക്കി മിഴിച്ചുനിൽക്കുമ്പോൾ പോലീസുകാർ അവരെ ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കടന്നു.
 
കയ്യും വായും കെട്ടിയിട്ട അവസ്ഥയിൽ രാധാമണിയുടെ ഭർത്താവ് ഉത്തമനെ പിടിച്ചുകൊണ്ട് പോലീസ് ഇറങ്ങിവന്നു.
 
"വൃത്തികേട് കാണിക്കാൻ നിനക്കൊക്കെ സ്വന്തം മോനെ കിട്ടിയുള്ളോടാ ---------- " ഒപ്പം അടിയുടെ ശബ്ദവും!
 
"ഇവനെ ഒന്ന് പിടിക്കാൻ ഞങ്ങള് പെട്ട പാട്! ഞാനെന്റെ കെട്ട്യോനോട് പോലും പറയാതെയാ സാറേ വലയും വിരിച്ചിരുന്നത് !" സുമംഗലയുടെ ദീർഘനിശ്വാസത്തിനുമുന്നിൽ സ്വയം ചെറുതായിപ്പോവുന്നതായി തോന്നിയ ശങ്കരേട്ടൻ തിരിഞ്ഞുനോക്കിയപ്പോൾ ഭാസിക്കുട്ടൻ അടുത്തുണ്ടായിരുന്നില്ല.
 
"അങ്ങേർക്ക് എന്നോട് താല്പര്യമില്ലാതായപ്പോ വേറെ എന്തോ ബന്ധമുണ്ടെന്നാ ഞാൻ കരുതിയെ.. പിന്നെയാ അറിഞ്ഞേ, ഞാനുറങ്ങുന്ന നേരത്ത് അയാളെന്റെ മോനെ...  മോന് വയ്യാതായപ്പോ സുമംഗലചേച്ചിയാ എനിക്കിത്രയും ധൈര്യം തന്നതും കൂടെ നിന്നതും ... " രാധാമണിയുടെ കണ്ണീരിൽ കുതിർന്ന  പരിവേദനങ്ങൾ കേൾക്കാൻ അപ്പോഴേക്കും അയൽക്കാർ സമ്മേളിച്ചിരുന്നു.
 
ബഹളങ്ങൾ അവസാനിച്ച് മുറിയിലെത്തിയപ്പോഴേക്കും നേരം പുലരാറായിരുന്നു. ശങ്കരേട്ടന് സുമത്തിനെ ചേർത്തുപിടിച്ച് എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും വികാരത്തള്ളിച്ചയിൽ ഒരുവാക്കും പുറത്തുവന്നില്ല.
അടുത്തുകിടക്കുന്നവളെ ആദ്യമായി കാണുന്നതുപോലെ തോന്നി അയാൾക്ക്. സുമംഗല പതിവുപോലെ അയാളെ വട്ടം പിടിച്ച് അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു.   
"എന്നും തൈലം തേച്ചിട്ടും വേദന മാറിയില്ലേ.. ആ കാലെടുത്തെന്റെ പുറത്തിട്ടാലേ എനിക്കുറക്കം വരൂന്ന് അറിയത്തില്ലേ? "

(ഇ-മഷി ഓണ്‍ലൈൻ മാഗസിനിൽ ജൂലൈ ലക്കത്തിൽ വന്നത്)

Wednesday, July 10, 2013

ശിവസന്നിധിയിൽ ശിവകാമി

കൊല്ലൂർ ശ്രീ മുകാംബികാ ക്ഷേത്രദർശനത്തെതുടർന്ന് പരിസര പ്രദേശത്തുള്ള ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴായിരുന്നു മുരുദേശ്വർ മനസിലെത്തിയതും ആ സായാഹ്നത്തിൽ അവിടേക്ക് തിരിച്ചതും.  

കൊല്ലൂരിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ മാത്രം അകലേയ്ക്കുള്ള യാത്രക്ക് സുഖം പകർന്നത് ഇഷ്ടഗാനങ്ങളും മനോഹരമായ വഴിയോരക്കാഴ്ച്ചകളും തന്നെ. ഇരുവശത്തും തിങ്ങിനില്ക്കുന്ന പച്ചപ്പ്‌.. ഇടക്ക് ചിലയിടങ്ങളിൽ നിന്നും നോക്കുമ്പോൾ ദൂരെ അറബിക്കടൽ ഇളം നീല സാരിപുതച്ചു കിടക്കുന്നത് കാണാം.. ഇടയ്ക്കിടെ ജനാലചില്ലിൽ കുഞ്ഞുസുതാര്യമണികൾ അവശേഷിപ്പിച്ച് പോവുന്ന മഴ.. തണുത്ത കാറ്റ്..!!

ഏകദേശം സന്ധ്യയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. ഏഷ്യയിലെ തന്നെ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള ശിവ പ്രതിമ ആണത്രേ ഇവിടെയുള്ളത്. ഒപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖക്ഷേത്രങ്ങളുടെ രൂപസാദൃശ്യമുള്ള ഒരു അമ്പലവും അവിടെയുണ്ട്.  സുന്ദരമാകുമായിരുന്ന ഒരു അസ്തമയദൃശ്യം മേഘങ്ങൾ തടസ്സപ്പെടുത്തുമല്ലോയെന്ന് തെല്ലുനിരാശപ്പെട്ടെങ്കിലും  തണുത്ത കാറ്റുകൊണ്ട്‌ മനം കുളിർപ്പിച്ച് മഹാദേവ പ്രതിമയിലേക്കുള്ള പടികൾ കയറി..


മറ്റെങ്ങും കണ്ടിട്ടില്ലാത്തത്ര പൌരുഷമാണ് ഈ ശിവനിൽ എനിക്ക് തോന്നിയ ആദ്യത്തെ ആകർഷണീയത. മൂന്നു ചുറ്റിനും പരന്നുകിടക്കുന്ന കടലിന്റെ അക്കരെവരെ എത്തും ഞങ്ങളെന്ന് വിളിച്ചോതുന്ന തീക്ഷ്ണമിഴികൾ!
ബോളിവുഡ് / ഹോളിവുഡ് താരങ്ങളെ തോല്പ്പിക്കുന്ന ഉടൽ! പുലിത്തോലും, തിരുജടയുടെ ഇടയിലൂടെ തലനീട്ടുന്ന നാഗമുഖവുമൊക്കെ നോക്കി നിന്നപ്പോൾ അറിയാതെ ശിൽപ്പിയെ സ്തുതിച്ചുപോയി, വളരെ ചെറിയ കാര്യങ്ങൾ പോലും എത്ര ശ്രദ്ധയോടെ ചെയ്തിരിക്കുന്നു !!

ശിവപ്രതിമക്ക് താഴെയായി ഒരു ഗുഹ ഉണ്ടാക്കിയിരിക്കുന്നു. അതിനുള്ളിലേക്ക്‌ പ്രവേശനം ടിക്കറ്റ്‌ എടുത്താണ്. ഇടുങ്ങിയ ആ ഗുഹക്കുള്ളിൽ ഒരു വശത്ത്‌ മുരുദേശ്വരന്റെ ഐതിഹ്യം ശില്പങ്ങളായി ചുറ്റിലും ഉണ്ടാക്കിവെച്ചിരിക്കുന്നു , ഒപ്പം കന്നടത്തിൽ ഉള്ള വിവരണം സ്പീക്കറിൽ കൂടി കേള്ക്കുകയും ചെയ്യാം.

പണ്ട് ശിവന്റെ എല്ലാ ശക്തിയും അടങ്ങിയ ആത്മലിംഗത്തിനായി രാവണൻ തപസ്സിരുന്നു. വരം കൊടുത്താൽ പ്രശ്നമാകുമെന്ന് മനസിലാക്കിയ ശിവൻ, ഒരു ഉപാധിയോടെ അനുഗ്രഹിച്ചുവത്രേ. അതായത് വരപ്രസാദം ഒരിക്കലും താഴെ വെക്കരുത്, വെച്ചാൽ അതിന്റെ ശക്തി ഇല്ലാതാവും. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഗണപതി ബ്രാഹ്മണകുമാരനായി പ്രത്യക്ഷപ്പെട്ടു. നിലത്തുവെക്കരുത് എന്ന വ്യവസ്ഥയിൽ കുട്ടിയെ ഏല്പ്പിച്ചു സന്ധ്യാവന്ദനത്തിനു പോവുന്ന രാവണൻ തിരിച്ചുവരുന്നതിനു മുൻപേ കുട്ടി താഴെ വെക്കുകയും അത് ഭൂമിയിൽ ഉറച്ചുപോവുകയും ചെയ്തു. ദേവന്മാരുടെ ചതി ആണെന്ന് മനസിലാക്കിയ രാവണൻ കോപിഷ്ടനായി മണ്ണിലുറച്ച ശിവലിംഗം പിഴുതെടുക്കാൻ ശ്രമിക്കുകയും അത് പൊട്ടി നാലുപാടും തെറിച്ചു വീഴുകയും ചെയ്തുവത്രേ. ആ സ്ഥലങ്ങളിലൊക്കെ പില്ക്കാലത്ത് ശിവക്ഷേത്രങ്ങൾ ഉണ്ടായി.

ഈ കഥ ഞാൻ വിശദമായി വായിച്ചത് യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷമാണ്. പക്ഷെ അവിടെ ആ ഉയരത്തിൽ നിൽക്കുമ്പോൾ, ചുറ്റിലും തിരയിരമ്പുന്ന കടൽ കാണുമ്പോൾ മനസ് വല്ലാതെ നിറഞ്ഞുകവിയും. ഭക്തിക്കും മേലെയായി, ചിന്തകൾക്കെല്ലാം അതീതമായി തികച്ചും ശൂന്യമായി മനസെത്തുന്ന ഒരവസ്ഥ! ക്ഷേത്ര ദർശനത്തിനു വന്നവരും, കടലിൽ തിമിർക്കുന്നവരും ഒക്കെ ചുറ്റിലും ഉണ്ടെങ്കിലും അതിലും മുകളിലായി... തികച്ചും ശാന്തമായ ഒന്ന്!

സന്ധ്യാനേരവും ചാറ്റൽ മഴയുമാവണം കടൽക്കരയിലെ തിരക്ക് കുറച്ചത്. കുഞ്ഞുങ്ങളെ തിരകളോട് സല്ലപിക്കാൻ വിട്ട് വെറുതെ നിന്നു. കുറച്ചകലെ ശിവൻ എന്നെത്തന്നെ നോക്കിയിരിക്കുന്നുവെന്ന് തോന്നി. കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടുതന്നെ. ഹിന്ദു മിത്തോളജിയിൽ പുരുഷൻ എന്നാൽ ശിവനാണ്. ശിവനും ശക്തിയും.. പുരുഷനും പ്രകൃതിയും..  ശിവപാർവതിമാരുടെ അർദ്ധനാരീശ്വര സങ്കല്പം എത്ര മഹത്താണ്! പങ്കാളിയെ സ്വന്തം പാതിയായി അലിയിച്ചു ചേർത്ത, നീയും കൂടി ചേർന്നാലേ ഞാൻ പൂർണനാവൂ എന്ന് പറയാതെ പറയുന്ന പുരുഷനെ ഏതു ഫെമിനിസ്റ്റും ഇഷ്ടപ്പെട്ടുപോവും. അതിൽ കൂടുതൽ സമത്വമെന്തിനാണ്?!

സിക്സ് പായ്ക്ക് ശിവനോട് യാത്രപറഞ്ഞ്‌ ഇറങ്ങി കുറെ നേരം കൂടി  കടൽക്കരയിൽ ചെലവിട്ട് മടങ്ങുമ്പോൾ പുതിയൊരൂർജം മനസ്സിൽ നിറഞ്ഞിരുന്നു.

---------------

പിൻകുറിപ്പ്‌ :  ഇത് ഒരു പൂർണ്ണമായ യാത്രാവിവരണമല്ല. മുരുദേശ്വർ എന്ന പ്രദേശത്തെ എന്നെ സ്പർശിച്ച ചില കാഴ്ചകളുടെയും,  ഉണർത്തിയ ചിന്തകളുടെയും പങ്കുവെക്കൽ മാത്രമാണ്.