About Me

My photo
A person who loves to read, write, sing and share thoughts.

Monday, March 5, 2012

പലായനം

ഇപ്പോഴത്തെ വാര്‍ത്തകള്‍ എന്നും സ്വസ്ഥതയ്ക്കു മേലെ തീമഴ പെയ്യിക്കുന്നവയാണ്. ഒരിടത്ത് പിഞ്ചുകുഞ്ഞുമായി വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മറ്റൊരിടത്ത് അറുപതുവയസുകാരിയുടെ നേരെയും പീഡനശ്രമം!

"അച്ഛാ.. ഇത് കണ്ടോ?"

നോട്ട് ബുക്കിന്റെ താള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഖി ഓടി വന്നപ്പോള്‍ പത്രം മടിയില്‍ വെച്ചു കണ്ണടയുടെ മുകളിലൂടെ മകളെ തുറിച്ചുനോക്കി.

"അമ്മ..."

ഇരുകവിളിലും ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ ചാലിന് മുകളില്‍ അവളുടെ കണ്ണുകളിലെ തീ അയാള്‍ തിരിച്ചറിഞ്ഞു.

"ഇറ്റ്സ് ബികോസ് ഓഫ് യു ഒണ്‍ലി... എന്നും അമ്മക്ക് കുറ്റപ്പെടുത്തല്‍ മാത്രമല്ലേ ഉണ്ടാവാറുള്ളൂ, എന്തിനുമേതിനും.. സ്നേഹത്തോടെ ഒരു വാക്ക്..?"

"മോളെ.. നീയെന്തായീ പറയുന്നത്? അവളോട്‌ സ്നേഹമില്ലാത്തത് കൊണ്ടാണോ... നീയും കണ്ടിട്ടുള്ളതല്ലേ അവളുടെ അബ്സന്റ്റ് മൈന്‍ഡ്... ഇത്ര കെയര്‍ലെസ്സ് ആവുമ്പോള്‍..."

"മതി-- ...സ്വയം ന്യായികരിക്കാന്‍ ഇതൊക്കെ അച്ഛന്‍ വെറുതെ.... "

അമ്മയുടെ പിന്നില്‍ ഭയത്തോടെ നിന്നും അമ്മ വഴി മാത്രം ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നവള്‍ എത്ര പെട്ടെന്നാണ് മുതിര്‍ന്നത്!

കയ്യിലെ തുണ്ടുകടലാസില്‍ മിഴിയുറപ്പിച്ചു കൊണ്ടു അയാള്‍ മൊബൈല്‍ കയ്യിലെടുത്തു. പേരുകള്‍ പരതുമ്പോള്‍ സംശയം. ആരെയാണ് വിളിക്കേണ്ടത്? എന്തുപറയും? ഭാര്യ വീടുവിട്ടു പോയെന്നോ.. അല്ലെങ്കില്‍ ഓടിപോയെന്നോ... ആരോടാ അന്വേഷിക്കുന്നത്? വല്ലാത്തൊരു ആത്മനിന്ദ തോന്നി.

"ഹലോ..."

"ങാ.. അളിയാ..ഞങ്ങള്‍ അങ്ങോട്ട്‌ വിളിക്കണമെന്ന് കരുതിയതായിരുന്നു... നമ്മുടെ രാഖിമോള്‍ക്ക് ഒരാലോചന.. അവളെവിടെ... അടുക്കളയിലാണോ? ഇനിയിപ്പോള്‍ പെണ്ണിന്റെ അമ്മയോടും കൂടി പറഞ്ഞില്ലെന്നു വേണ്ടാ....ഫോണ്‍ സ്പീക്കറില്‍ ഇട്ടോ... "

മറുപടിക്കായി വാക്കുകളൊന്നും മനസിന്റെ കാണാപ്പുറങ്ങളില്‍ മുള പൊട്ടാഞ്ഞതിന്റെ വേദനയില്‍ വിരലുകള്‍ അറിയാതെ ഫോണ്‍ ബന്ധം മുറിച്ചു.

"വിദ്യാന്റീടെ വീട്ടിലൊന്നു വിളിച്ചു നോക്കൂ അച്ഛാ.." പതിനെട്ടുകാരി എത്രപെട്ടെന്നാണ് വീണ്ടും വിസ്മയിപ്പിക്കുന്ന പക്വത തെളിയിക്കുന്നത്; അത്ഭുതത്തോടെ മുഖമുയര്‍ത്തുമ്പോഴേക്കും അവള്‍ ഡയല്‍ ചെയ്തു തുടങ്ങിയിരുന്നു.

"ഇതെന്താടീ ഇന്ന് കെട്ട്യോന്റെ ഫോണീന്ന് വിളിക്കുന്നത്‌? പണ്ടേ നീയൊരു പിശുക്കിയാണല്ലോ.." അപ്പുറത്തെ ചിരിയോടെ തുടങ്ങുന്ന വിശേഷം പറച്ചില്‍..

ഫോണ്‍ കട്ട്‌ ചെയ്ത് തളര്‍ച്ചയോടെ കണ്ണടച്ച് രാഖി സോഫയിലേക്ക് വീഴുമ്പോള്‍ കണ്ണുകളില്‍ നീര്‍ച്ചാലുകളുടെ ഉറവ പൊട്ടിയൊഴുകി .

അമ്മയെ വിഷമിപ്പിക്കുന്നതില്‍ താനും മോശക്കാരിയായിരുന്നില്ലല്ലോ.. കൂട്ടുകാരോടൊത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാന്‍ പോയാല്‍ ഉടനെ താന്‍ ചീത്തയായിപോവുമോ? കൊതിച്ചു വാങ്ങിയ യെല്ലോ ടോപ്‌ ഇട്ടു കൈ ഉയര്‍ത്തുമ്പോള്‍ കുറച്ചു വയര്‍ കാണുമെന്നു വെച്ചു അത്രയ്ക്കങ്ങ് എക്സ്പോസിംഗ് ആണോ?

വിലക്കുകള്‍ ഉയരുമ്പോള്‍ അമ്മ ഒരു കണ്‍ട്രി ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ഒരിക്കലും തിരിച്ചു ദേഷ്യപ്പെടാഞ്ഞത് കൊണ്ടാവണം വീണ്ടും വീണ്ടും കുറ്റപെടുത്താന്‍ തുനിഞ്ഞിട്ടുള്ളത്. അച്ഛനും തനിക്കും ഇഷ്ടമുള്ളതൊക്കെ വെച്ചുവിളമ്പുമ്പോള്‍ ഒരിക്കലും ഓര്‍ത്തിട്ടില്ല അമ്മയ്ക്കതു ഇഷ്ടമായിരുന്നോ എന്ന്.

മൊബൈലിലെ പേരുകളില്‍ വെറുതെ കണ്ണോടിച്ചു കൊണ്ടിരിക്കെ അയാളുടെ ചിന്തകള്‍ ഒരു തിരുത്തലിനെ തിരഞ്ഞു.

അവളെ താന്‍ അവഗണിച്ചിരുന്നോ?

"ഇത് വായിച്ചിട്ടുണ്ടോ അച്ഛന്‍ എന്നെങ്കിലും? അമ്മ എഴുതിയ കവിതകളാണ്..!"

മകള്‍ നീട്ടിയ പഴയ ഡയറിയിലേക്ക് തുറിച്ചു നോക്കുമ്പോള്‍ അവള്‍ക്കും തനിക്കുമിടയില്‍ കട്ടിയുള്ള തിരശ്ശീല ഉണ്ടായിരുന്നുവല്ലോ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. അവള്‍ എപ്പോഴാണ് എഴുത്ത് തുടങ്ങിയത്? വിവാഹത്തിന്റെ ആദ്യനാളുകളില്‍ എന്നോ കോളേജ് മാഗസിനില്‍ എഴുതിയതിനെകുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ എന്തോ കളിയാക്കിചിരിച്ചതല്ലാതെ...

കിടക്ക വിട്ടെഴുന്നെല്‍ക്കുന്നത് അടുക്കളയിലെ അവളുടെ നെട്ടോട്ടത്തിന്റെ അപസ്വരങ്ങള്‍ കേട്ടുകൊണ്ടാവും. ജോലി കഴിഞ്ഞു രാത്രി വന്നു കയറുമ്പോള്‍ ഭക്ഷണമെടുത്ത് വിളംബാനോരുങ്ങുന്ന കാഴ്ചയാവും..രാവിലെ പോകുമ്പോള്‍ ഏല്‍പ്പിച്ച ജോലികളില്‍ ഏതാണ് അവള്‍ ചെയ്യാതിരുന്നത് എന്നല്ലേ അന്വേഷിച്ചിരുന്നുള്ളൂ?

സ്വന്തമായി അഭിപ്രായമില്ലാത്തവള്‍ തന്നെയെന്ന് വിവാഹത്തിന്റെ ആദ്യനാളുകളില്‍ മനസിലായിരുന്നു. ഒപ്പം തന്റെ ഇഷ്ടങ്ങളെല്ലാം ശരിവെക്കുന്ന നല്ലപാതി എന്നതില്‍ അഭിമാനം തോന്നിയിരുന്നു. അവള്‍ക്കു പ്രത്യേകിച്ച് പറയാനൊന്നുമില്ല എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ പിന്നീട് അഭിപ്രായം ചോദിക്കാതെ തീരുമാനങ്ങളെടുത്തു.

എങ്കിലും കുറവുകള്‍ കണ്ടെത്തി കുറ്റപ്പെടുത്താന്‍ താനറിയാതെ ഒരുത്സാഹം എന്നുമുണ്ടായിരുന്നുവോ? വീട്ടിലെ അച്ചടക്കം അവളുടെ അശ്രദ്ധ കൊണ്ടില്ലാതാവുന്നു, അവളുടേത്‌ മാത്രമായ ചെറിയ ലോകത്ത് തനിക്കുപോലും പ്രവേശനമില്ലാതാവുന്നു എന്നൊക്കെയുള്ള മുന്‍വിധികളോ?

എങ്കിലും, അങ്ങനെ അവള്‍ എല്ലാം ഉപേക്ഷിച്ചു എവിടെയാവും പോയിരിക്കുക? അവള്‍ക്കങ്ങിനെ പോകാന്‍ കഴിയുമോ? ഒറ്റക്കവള്‍ എന്ത് ചെയ്യും ?

ഫോണ്‍ അഡ്രസ്‌ ബുക്കില്‍  മുകളിലെക്കൊഴുകിയ പേരുകളില്‍ ഒന്ന് ഉള്ളിലൊരു ഞെട്ടലുണ്ടാക്കി.

ഇനി ഒരുപക്ഷെ... ശ്ശെ! അതാവാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ ഇതിലും നല്ല പ്രായത്തിലാവാമായിരുന്നില്ലേ..

അതും തന്‍റെ മനസ്സിന്റെ വികലമായ തോന്നല്‍ മാത്രമാണ് അവരുടെ ബന്ധത്തെ അങ്ങനെ ഒരു നിറക്കൂട്ടില്‍ കാണുന്നതെന്ന് അവള്‍ ആണയിട്ടതാണ്. അവളുടെ കണ്ണുകളിലെ സത്യസന്ധത താന്‍ പലപ്പോഴും അംഗീകരിക്കാന്‍ മടിച്ചിരുന്നു എന്നതാണ് സത്യം. എന്നാലും അവര്‍ക്കിടയില്‍ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്.

പലപ്രാവശ്യം ആ പേര് വായിച്ചു ഒടുവില്‍ അതില്‍ വിരലമര്‍ത്തുമ്പോള്‍ അവള്‍ അവിടെയെങ്കിലും ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചുപോയി.

"ഹലോ... വാട്ട് എ സര്‍പ്രൈസ്! എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഞങ്ങളെയൊക്കെ മറന്നുവല്ലേ....."

പരിഭവങ്ങളുടെ കെട്ടഴിച്ചുകൊണ്ട് മറുതലയ്ക്കല്‍ അവളുടെ... അല്ല... പഴയ കുടുംബസുഹൃത്ത്.

"അവിടെ ഇപ്പോള്‍ ആരൊക്കെയുണ്ട്?"

"ഇതെന്തു ചോദ്യാ മാഷെ... ഇവിടുള്ളവരൊക്കെ തന്നെ.. പിന്നെ മോന്‍ കോളേജില്‍ പോയി. അവന്റെ അമ്മ അമ്പലദര്‍ശനമൊക്കെ നടത്തി, ദേ, ബ്രേക്ക്‌ ഫാസ്റ്റ് എടുത്തുവെക്കുന്നു. തന്‍റെ ഇഷ്ടവിഭവമാണ്... ഇഡലിയും സ്ടൂവും! എന്താ പോരുന്നോ?"

മറുവാക്ക് തിരയാന്‍ മെനക്കെടാതെ ഫോണ്‍ കട്ട്‌ ചെയ്ത് സോഫയിലേക്ക് വലിച്ചെറിഞ്ഞു.

അടുത്തു കിടന്ന തുണ്ടുകടലാസിലേക്ക് വീണ്ടും നോക്കി അക്ഷരങ്ങള്‍ പെറുക്കി വെച്ചു വായിക്കാന്‍ ശ്രമിച്ചു.

"ഞാന്‍ ഒരു യാത്രയിലാണ്"

അങ്ങുദൂരെ ഏതോ നാട്ടില്‍ അവള്‍ ലക്ഷ്യത്തെക്കുറിച്ചുള്ള മുന്‍വിധികളില്‍ തളരാത്ത ഒരു യാത്രയിലായിരുന്നു.
ഉത്തരവാദിത്വമെന്ന നൂലില്‍ നെയ്തെടുത്ത  ഭാര്യയുടെയും അമ്മയുടെയും മറ്റാരുടെയോക്കെയോ മേലാടകള്‍ ഒരിക്കല്‍ മാത്രം അഴിച്ചെറിഞ്ഞ്...
അവള്‍ നടന്നു...
ഒരു തൂവല്‍ കാറ്റിലെന്നപോലെ.....

Saturday, February 4, 2012

സൂക്ഷ്മദര്ശിനി

"കുട്ടീഷ്ണന്നായര് ഇന്നും കരയോഗം മീറ്റിങ്ങിനു ഇല്ല്യാന്നന്നെയാ? ഈയിടെയായി പാടത്തും കാണാറില്ല്യാന്നു ജോസപ്പ് പറഞ്ഞപ്പളും വിശ്വസിച്ചില്ല്യാട്ട്വോ.. ന്തേയ്‌ കാലില്‍ത്തെ ഒക്കെ മാറീലെ?"

മറ്റൊന്നിലും ശ്രദ്ധിക്കാതെ ടീവിയിലേക്ക് മാത്രം കണ്ണും നട്ടിരിക്കുന്ന കുട്ടികൃഷ്ണന്‍നായരുടെ അരികില്‍ മൌനമായി നിന്ന കമലാക്ഷിയമ്മ പുഴയ്ക്കലെ കരുണാകരന്റെ ചോദ്യം കേട്ട് ഭര്‍ത്താവിന്‍റെ തോളില്‍ തോണ്ടി.

"ഓ.. എന്താപ്പോ അവ്ടെ വന്നിരുന്നിട്ട്? കൊറേ പേര് ഓരോന്ന് പറേം.. ആ നേരം ഇവടെ ഇരുന്നാ കൊറച്ചു നല്ല കാര്യം പഠിക്കാം. പിന്നെ പാടത്തോ...! മണ്ണും ചെളീം വെള്ളോം.. വയസ്സായി വര്വല്ലേ.. നീപ്പോ അദൊക്കെ നോക്കണം!"

കരുണാകരന്‍ പടിപ്പുര കടക്കുമ്പോള്‍ കമലാക്ഷിയമ്മ ഭര്‍ത്താവിനെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ഉള്ളിലേക്ക് നടന്നു. ഭര്‍ത്താവില്‍ വന്ന മാറ്റം അവരെ അസ്വസ്ഥയാക്കിയിട്ട് കുറച്ചു മാസങ്ങളായിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിലും കൃഷിസ്ഥലത്തുമൊക്കെ എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നയാള്‍ കഴിഞ്ഞ കൊയ്ത്തുകാലത്ത് വരമ്പത്ത് വഴുക്കിവീണതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഒടിഞ്ഞകാലുമായി മുറിക്കുള്ളിലെ മച്ചിലേക്ക് നോക്കിയുള്ള കിടപ്പ് കണ്ടു വിഷമം തോന്നി  അച്ഛനെ ഉമ്മറത്തെ  ഒറ്റക്കട്ടിലില്‍  കിടത്താമെന്നു  തീരുമാനിച്ചത്  ദുബൈയിലുള്ള മകള്‍ സുമയാണ്.
അവിടെ കൂട്ടായി വന്ന വര്‍ണ്ണക്കാഴ്ചകള്‍ വളരെ പെട്ടെന്നാണ് ചിന്തകളുടെ ഗതി മാറ്റിയത്. അതോടെ കമലാക്ഷിയമ്മക്ക് മാത്രമല്ല ബാംഗ്ലൂരില്‍ ഉള്ള മൂത്തമകനും ദുബായിലുള്ള മകള്‍ക്കും വേലക്കാരി ജാനുവിനും വരെ എന്തിനുമേതിനും വിലങ്ങുതടിയായി. വെള്ളിയാഴ്ചകളിലെ മകളുടെ കുശലാന്വേഷണങ്ങള്‍ അച്ഛന്‍റെ ഉപദേശങ്ങള്‍ക്കും പുതിയ അറിവുകള്‍ക്കും  വഴിമാറി, ഫോണ്‍ബില്ലുകളിലെ വലിയ അക്കങ്ങളായി മരുമകനെ തേടിയെത്തി.

രാവിലെ പത്രവാര്‍ത്തകളില്‍ മുഖം പൂഴ്ത്തിയിരുന്നിരുന്ന ആള്‍ അടുക്കളപ്പുറത്തെത്തി.
"ന്താ ജാന്വോ... ഈ വെണ്ണീര്‍ ഇട്ടാ പാത്രം കഴുകണേ? "

"ന്റെ കുട്ടീഷ്ണേട്ടാ.. ദെന്താപ്പോ പുതിയ പരിഷ്കാരം? എത്ര കൊല്ലായി നിങ്ങടവ്ടെ പണി ചെയ്ണൂ ഞാന്‍. ഇത്ര കാലായിട്ടും ആരും ങ്ങനെ പറഞ്ഞിട്ടില്ല്യാ..നല്ലോണം വെളുക്കനെ തന്നെല്ലേ ഞാന്‍ തേയ്ക്കണേ.. ഞാന്‍ ഇബ്ടന്നു പോണംച്ചാ അത് പറഞ്ഞാമതി, ങ്ഹാ! "

"നല്ല കാര്യായി! വെളുക്കനെ ഇരുന്നാ മാത്രം മതിയോ? ആര്‍ക്കും ഒരു ശ്രദ്ധേല്ല്യാച്ചാ..!!."

ക്ഷോഭത്തോടെ തിരിച്ചു നടക്കുന്ന നായരെ നോക്കിക്കൊണ്ട്‌ ജാനു മുണ്ടിന്റെ കോന്തലയില്‍ കൈ തുടച്ചു.
"ഈയ്യദൊന്നും കാര്യാക്കണ്ടാടീ.. മൂപ്പര്‍ക്ക് കൊറച്ചീസായി ഇദന്നെ മട്ട്! " കമലാക്ഷിയമ്മ പിന്നെയും എന്തൊക്കെയോ പറയാനൊരുങ്ങുമ്പോഴായിരുന്നു നായരുടെ അലര്‍ച്ച.
" കമലൂ...ഇങ്ങട് ഒന്നോടിവരൂ... ഇതെന്തായീ കാട്ട്യേക്കണേ.. കക്കൂസ് കഴുകീട്ടില്ല്യാല്ലേ..?"

"മഹാപാപം പറയരുത് കുട്ടീഷ്ണേട്ടാ... ന്‍റെ മുട്ടുകാല് വയ്യാണ്ടും കൂടി ഞാന്‍ തന്നെയാ ഇന്നലേം കൂടി തേച്ചുകഴുകീത്." കമലക്ഷിയമ്മയുടെ കണ്ണ് നിറഞ്ഞു.

കുട്ടികൃഷ്ണന്‍ നായര്‍ അതൊന്നും കേള്‍ക്കാത്തതുപോലെ കുളിമുറിയുടെ മുന്നില്‍ വയറു തടവിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും എന്നും വെളുത്തിരിക്കണമെന്നു തനിക്കു നിര്‍ബന്ധമുള്ളയിടത്തെ ചൊല്ലിയുള്ള പഴി ആദ്യമായി കേട്ടപ്പോള്‍ കമലക്ഷിയമ്മയുടെ മനസ് നൊന്തു.

പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ, അയാള്‍ അണുനാശിനി കുപ്പിയുടെ മൂടി വലിച്ചുതുറന്ന്, വലിയ വൃത്താകൃതിയില്‍ ക്ലോസെറ്റില്‍ ഒഴിച്ച്, മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്തു തേച്ചുകഴുകുന്നതുകാണാന്‍ ജാനുവും ഓടിവന്നപ്പോള്‍ കമലാക്ഷിയമ്മക്ക് സഹിച്ചില്ല.

"എന്ത് കാഴ്ച കാണാനാടീ ഓടിവന്നത്? തുണി കഴുകിയിട്ട്വോ?"

"കമലൂ... അവളോട്‌ വെറുതെ അങ്ങട് നനച്ചിട്ടാ പോരാന്നു പറയ്‌.. ഡെറ്റോള്‍ മുക്കിയിടണം. മറക്കരുത്! "

കുളിമുറിയില്‍ നിന്നും വെള്ളത്തിന്റെയും ചൂലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം അയാളുടെ പുത്തന്‍ അറിവുകളും മുഴക്കമായി പുറത്തെയ്ക്കൊഴുകുമ്പോള്‍ കമലാക്ഷിയമ്മ നിലത്തു തളര്‍ന്നിരുന്നു.

കുളികഴിഞ്ഞ് പ്രാതല്‍ കഴിക്കാനിരുന്നപ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു. അയാളുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരം കൊളസ്ട്രോള്‍ തടയുന്ന ഓട്സ് കുറുക്ക് മുന്നിലെത്തി. കൂടെ മുതിര്‍ന്നവരുടെ ഹോര്‍ലിക്ക്സും. പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ കുട്ടികൃഷ്ണന്‍ നായര്‍ ചാടി എഴുനേറ്റു പിന്നോട്ട് നീങ്ങി. കയ്യിലെടുത്ത പാത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ താഴേക്കിട്ടു.

"കമലൂ... ആരും ഒന്നും കഴിക്കരുത്! "

ശരവേഗത്തില്‍ വസ്ത്രം മാറി കുടയുമായി പുറത്തേക്കോടുന്ന ഭര്‍ത്താവിനെ കണ്ട് കമലക്ഷിയമ്മ പൊട്ടിക്കരഞ്ഞപ്പോള്‍ ജാനു മേശപ്പുറത്തെ പാത്രങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്തിനെയോ തിരഞ്ഞു.

ജാനുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ മക്കളെ അറിയിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുന്ന വീട്ടിലുള്ളവരോടുള്ള കടപ്പാടും സ്നേഹവും കൊണ്ട് അന്നത്തെ മറ്റു വീടുകളിലെ പണികള്‍ റദ്ദാക്കി, ഉച്ച വരെ കമലക്ഷിയമ്മക്ക് കൂട്ടിരുന്ന് അവിടുന്ന് ഊണും കഴിച്ചാണ് അവള്‍ മടങ്ങിയത്.

പിറ്റേന്ന് വെളുപ്പിന് ബംഗ്ലൂരുള്ള മൂത്തമകന്‍ പ്രകാശ്‌ വീട്ടിലെത്തുമ്പോള്‍ നായര്‍ നല്ല ഉറക്കമായിരുന്നു. ഉറങ്ങാതെ കാത്തിരുന്ന അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന പരിവേദനങ്ങള്‍ അയാളിലും തെല്ലു പരിഭ്രാന്തി ഉണര്‍ത്തിയെങ്കിലും അയാള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"നീയെപ്പോഴാ വന്നത്? ദെന്താത് പെട്ടെന്ന്? ന്നിട്ട് കുളിച്ച്വോ? അതുകഴിഞ്ഞ് മതി ആഹാരോക്കെ.." ഓരോ തവണയും പടിപ്പുര കടക്കുമ്പോള്‍തന്നെ ഓടിവന്നു പുണരുന്ന അച്ഛന്റെ ഓര്‍മ്മ അയാളുടെ കണ്ണുനിറച്ചു.

ഇഡ്ഡലി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ വീണ്ടും അരികിലെത്തി.
"നിന്നോട് ഞാനോരൂട്ടം കൊണ്ട്വരാന്‍ പറഞ്ഞിരുന്നില്ല്യെ? ഇബ്ടെ നല്ലത് കിട്ടില്ല്യാ.. അതാ അവടുന്നന്നെ വാങ്ങാന്‍ പറഞ്ഞെ..."

പ്രകാശ്‌ നേരത്തെ എടുത്തുവെച്ചിരുന്ന പൊതി വാങ്ങുമ്പോള്‍ അയാളുടെ മുഖം സന്തോഷം കൊണ്ടുവിടര്‍ന്നു.

മകന്‍ കൊണ്ടുവന്ന ഭൂതകണ്ണാടിയുമായി വീടുമുഴുവന്‍ ഓടിനടന്ന്‍ സസൂക്ഷ്മം എന്തോ തിരയുകയും ഇടയ്ക്കിടെ ആശ്ച്ചര്യപ്പെട്ടും ഉറക്കെ നിലവിളിച്ചും കുട്ടികൃഷ്ണന്‍ നായര്‍ അവിടുള്ളവരെ അസ്വസ്ഥരാക്കി. ഇടയ്ക്കിടെ നില കണ്ണാടി ക്ക് മുന്നില്‍ നിന്ന് മുഖവും പല്ലും നിരീക്ഷിച്ചു.

അവധിപ്രശ്നം കൊണ്ടും കൂട്ടുകാരന്‍ ഡോക്ടറോടും കൂടി സംസാരിക്കാനുള്ളതുകൊണ്ടും അന്ന് വൈകിട്ടത്തെ ട്രെയിനില്‍ പ്രകാശ്‌ പോവാനൊരുങ്ങി. പെട്ടെന്ന് വരേണ്ടിവന്നതിന് സുമിത്രയോടു പറയേണ്ട കാരണങ്ങള്‍ മെനഞ്ഞുകൊണ്ട് അയാള്‍ പടിയിറങ്ങുമ്പോള്‍ അമ്മയെ ഒരിക്കല്‍ക്കൂടി ആശ്വസിപ്പിക്കാന്‍ മറന്നുപോയി.

രാത്രി പണികള്‍ തീര്‍ത്ത് കമലാക്ഷിയമ്മ മുറിയിലെത്തുമ്പോള്‍ നായര്‍ എന്തോ ഓര്‍ത്തുകിടക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണുമ്പോഴൊക്കെ അവരുടെ നെടുവീര്‍പ്പ് ഉച്ചത്തിലായി.

"നീ കുളിച്ച്വോ  കമലൂ?"

"ഈ രാത്രീലോ? നിയ്ക്ക് നീരെളക്കം പിടിക്കുംന്നറീല്ല്യേ? "

" ഉം.. ലൈറ്റ് കെടുത്തണ്ടാ .. നീ കെടന്നോ.."
ഒന്നും മിണ്ടാതെ കമലാക്ഷിയമ്മ ചുവരോട് മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ കുട്ടികൃഷ്ണന്‍നായര്‍ തലയിണയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ച പൊതിയില്‍നിന്നും ഭൂതക്കണ്ണാടി കയ്യിലെടുത്ത്‌ പതിയെ അവരുടെ അരുകിലേയ്ക്കിരുന്നു.

Thursday, December 1, 2011

തമിഴും ഞാനും..

തമിഴ് എന്ന ഭാഷയോട് എന്തുകൊണ്ടാണ് എനിക്കിത്രയും ഇഷ്ടം ഉണ്ടായത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. തമിഴ് ഞാന്‍ എന്നുമുതലാണ് കേട്ട് തുടങ്ങിയത് എന്നത് ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല. പാലക്കാട്‌ ഒരു അതിര്‍ത്തി ജില്ല ആയതുകൊണ്ടാവാം തമിഴ് നാട്ടില്‍ നിന്നും വളരെ മുന്‍പ് തന്നെ കുടിയേറിയ ബ്രാഹ്മണരും അബ്രാഹ്മണരും ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടായിരുന്നത് കൊണ്ട് ശുദ്ധമായ തമിഴ് അല്ലെങ്കില്‍ പോലും കേട്ടാല്‍ അതെത് ഭാഷയാണ്‌ എന്ന് മനസിലാക്കാന്‍ തക്ക പരിചയമെങ്കിലും ചെറുപ്രായത്തില്‍ തന്നെ എനിക്കുണ്ടായിരുന്നു.

പണ്ട് ബ്രാഹ്മണവീടുകളില്‍ മോര് വാങ്ങാനായി പോകുമ്പോള്‍ പടിപ്പുരയില്‍ നിന്നും ഉറക്കെ വിളിക്കണം. ഉള്ളിലേക്ക് പ്രവേശനമില്ല. ഉള്ളില്‍ നിന്നും അമ്മ്യാര് ഉറക്കെ വിളിച്ച് പറയും, "അങ്കെയേ നില്ല്.. ഉള്ളെ വരാതെ.." എന്ന്. അളവ് പറഞ്ഞു കാത്തുനില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് ഉള്ളില്‍ പോയി നോക്കിയാലെന്താണെന്ന്. നമ്മള്‍ കൊണ്ട് വന്ന പാത്രം താഴെ വെച്ചു മാറി നില്‍ക്കുമ്പോള്‍ അതില്‍ തൊടാതെ മറ്റൊരു പാത്രത്തില്‍ നിന്നും അതിലേക്കു ഊറ്റി ഒഴിച്ച് പിന്നിലേക്ക്‌ മാറുമ്പോള്,‍ പൈസ ദേഹത്ത് തൊടാതെ താഴെ വെച്ചു കൊടുത്തു, മോരുമായി തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഉള്ളില്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. ഒരുതരം ആജ്ഞാപനം പോലുള്ള ഭാഷയോട് വെറുപ്പും.

പിന്നീട് സ്നേഹമുള്ള കൂട്ടുകാരെ കിട്ടിയപ്പോള്‍, അവരുടെ വീടുകളില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാനും അവരോടൊപ്പം ആഹാരം കഴിക്കാനുമുള്ള സ്വാതന്ത്ര്യമായപ്പോള്‍ ആ ഭാഷക്ക് സ്നേഹമുള്ള ഒരു ഈണം കൂടെ ഉണ്ടെന്നു മനസിലായി.

ആ വഴി പോകുമ്പോൾ സ്നേഹത്തോടെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത്.  ഉള്ളിലെ തളത്തിന് നടുവിലായി തൂങ്ങുന്ന ആട്ടുകട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന്, തുടയിൽ താളമിട്ടും ഒപ്പം പാടിയും കീർത്തനങ്ങൾ ആസ്വദിച്ചിരുന്ന, തടിച്ച ഒരു മധ്യവയസ്കൻ (പിന്നീട് റിസബാവയെ ബ്രാഹ്മണ വേഷത്തിൽ കാണുമ്പോൾ ഞാനദ്ദേഹത്തെ ഓർക്കുമായിരുന്നു). ആ വീട്ടിലെ ഓരോരുത്തരും സ്നേഹപൂർവ്വം പെരുമാറുകയും പലഹാരങ്ങളും പൂജാപ്രസാദങ്ങളും നിർലോഭം തരികയും ചെയ്യുമായിരുന്നു.

പഴയ തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍കോവിലില്‍ പഠിച്ച അമ്മക്ക് തമിഴ് ഭാഷയും വശമായിരുന്നു. അമ്മക്ക് വായിക്കാന്‍ റാണി, കുമുദം തുടങ്ങിയ തമിഴ് പുസ്തകങ്ങള്‍ എത്തിച്ചിരുന്നത് ഇടയ്ക്കിടെ തമിഴ്നാട്ടില്‍ പരിപാടിക്ക് പോയിവരാറുള്ള കുമാരസ്വാമി എന്ന നാദസ്വരവിദ്വാന്‍ ആയിരുന്നു. സിനിമാക്കാരുടെയും മറ്റും ബഹുവര്‍ണ്ണ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഞങ്ങള്‍ എടുത്തു നോക്കാറുണ്ട്. ഓരോന്നും ഞങ്ങള്‍ക്കു വായിച്ചു തരേണ്ട അവസ്ഥ ആയപ്പോഴാവണം അമ്മ കുമാരസ്വാമിയോട് ഒന്നാം പാഠ പുസ്തകം വാങ്ങിവരാന്‍ നിര്‍ദേശിച്ചത്.

മലയാളത്തോട് സാമ്യമുള്ള അക്ഷരങ്ങള്‍ എഴുതി പഠിക്കാന്‍ കൌതുകമായിരുന്നു. ഒപ്പം, പഠിച്ച അക്ഷരങ്ങള്‍ കൂട്ടിവെച്ചു വാക്കുകള്‍ വിജയകരമായി വായിച്ചെടുക്കുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷവും.

ഉപജീവനത്തിനായി നാടുവിട്ടതും തമിഴ്നാട്ടിലേക്ക് തന്നെ. അതുവരെ സണ്‍ ടീവി കണ്ടും കേട്ടുമുള്ള അറിവുമായി ചെന്നൈയിലേക്ക് വണ്ടി കയറുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിച്ചു ഫലിപ്പിക്കാനാവും എന്ന ആത്മവിശ്വാസം എങ്ങനെ ഉള്ളില്‍ കയറിക്കൂടിയോ എന്തോ..

ഭാഗ്യത്തിന് കിട്ടിയ കൂട്ടുകാര്‍ എന്‍റെ മുറിതമിഴ് സഹിച്ചും ക്ഷമയോടെ തിരുത്തിയും തമിഴിനെയും ആ നാട്ടുകാരെയും സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അപരിചിതരോടും പ്രായത്തില്‍ ഇളയവര്‍ ആണെങ്കില്‍ പോലും "വാങ്ക", "സൊല്ല്ങ്ക" എന്നൊക്കെ ബഹുമാനപുരസ്സരം സംസാരിക്കുന്നത് ആദ്യമൊക്കെ വിസ്മയമായിരുന്നു. ബാല്യം മുതല്‍ തന്നെ അപ്പുറത്തെ കടയിലെ ഒരിക്കലും നിലക്കാത്ത ടേപ്പ് റിക്കോര്‍ഡറും സരോജക്കാളുടെ കോയമ്പത്തൂര്‍ വാനൊളിനിലയവും കേള്‍പ്പിച്ച ഇളയരാജയുടെ ഈണത്തില്‍ മയങ്ങിയിരുന്നുവെങ്കില്‍ അതിന് കണ്ണദാസന്‍, വാലി തുടങ്ങിയ കവികളുടെ മനോഹരങ്ങളായ വരികളുണ്ടെന്നും അവയെല്ലാം സാധാരണക്കാരന് പോലും ആസ്വാദ്യമാണ് എന്നും അറിഞ്ഞു. ഹോസ്റ്റലിലെ സഹവാസികള്‍ മഹാകവി ഭാരതിയാരെയും പരിചയപ്പെടുത്തി. ആ കാലത്തുപോലും പുതിയ കാലത്തെ പെണ്ണ് എങ്ങനെയായിരിക്കണം എന്ന് ഇത്രയും വിശാലമനസ്സോടെ ചിന്തിച്ച മറ്റൊരാള്‍ ഉണ്ടോ എന്നറിയില്ല.

തമിഴ്നാട്ടിലെ ആചാരങ്ങളും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. രാവിലെ പൂമുഖത്ത് കോലമിടുന്നത് വീടിന്റെ ഐശ്വര്യത്തിന് മാത്രമല്ല സ്ത്രീകളുടെ ആരോഗ്യം കാക്കുന്ന യോഗാസനത്തിനു സമമാണെന്ന അറിവ് ശരിക്കും അത്ഭുതമായിരുന്നു. പിന്നെയും എന്തൊക്കെ വിശ്വാസങ്ങള്‍! അരിപ്പൊടി കോലം വീട്ടിലെത്തുന്ന ഉറുമ്പിനു പോലും ആഹാരമാവും എന്നതും, എന്തിനെയും സമഭാവനയോടെ കാണുന്ന ഒരു സംസ്കാരത്തെ വിളിച്ചറിയിക്കുന്നു.

മലയാളത്തെ പോലെ തന്നെ തമിഴിനെയും ഇഷ്ടപ്പെടാന്‍ ഇതൊക്കെയാവും എന്നെ പ്രേരിപ്പിക്കുന്നത്.ഇനിയും ഞാനറിയാത്ത എന്തൊക്കെയുണ്ടാവും തമിഴുമായി ബന്ധപ്പെട്ട്! ഇനിയൊരു പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഞാനൊരു തമിഴത്തി ആയിരുന്നുവോ എന്തോ..

Wednesday, November 16, 2011

മനസ്സെഴുത്തുകള്‍

"ഹായ് വര്‍ഷ!"

"നീ മിണ്ടണ്ട! എവിടെ പോയിരിക്ക്യായിരുന്നു? നാട്ടില്‍ പോയിട്ട് ഒന്ന് വിളിക്കുമോ, അതില്ല! തിരിച്ചു അങ്ങോട്ട്‌ വിളിക്കാമെന്നുവെച്ചാല്‍ നിന്റെയാ കുഗ്രാമത്തില്‍ റേഞ്ച് കിട്ടില്ല. ദേ കാര്യം പറയുമ്പോ ഇങ്ങനെ ചിരിക്കല്ലേ... എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് ട്ടോ!"


"ഓ... അതൊക്കെ കുറെ കഥകളാ.. അമ്മമ്മക്ക് ഇത്തിരി കൂടുതലായിരുന്നു... വണ്ടി വിളിക്കലും ആശുപത്രീല്‍ കൊണ്ട് പോക്കും ഒക്കെയായി.... ആകെ തിരക്കായിപ്പോയി!"

"അയ്യോ എന്നിട്ട്? "

"പതിവ് പേടിപ്പിക്കല്‍ തന്നെ.. ഇപ്പൊ കുഴപ്പമോന്നൂല്ലാ.. ഡിസ്ചാര്‍ജ് ആയി, വീട്ടില്‍ കൊണ്ട് വിട്ടിട്ടാ വന്നത്.. ക്ഷീണം കാരണം വന്നതും കേറികിടന്നുറങ്ങി. "
"അപ്പഴും ഒന്ന് വിളിക്കാന്‍ തോന്നീല!"

"അല്ല പെണ്ണെ.. രാവിലെ ഇങ്ങോട്ടേക്കു തന്നെയല്ലേ വരുന്നേ.. "

"ഉം, ക്ഷമിച്ചിരിക്കുന്നു"
"അതൊക്കെ പോട്ടെ... നീയിന്നലെ രമേശ്‌ സാറിന്റെ ക്ലാസ്സില്‍ വല്ല്യ പ്രകടനം ആയിരുന്നു എന്ന് കേട്ടല്ലോ..."
"ഓഹോ... അതപ്പോഴേക്കും നിന്റെ കാതിലെത്തിയോ? "

"ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാ അയാള്‍ടെ ക്ലാസ്സില്‍ ഒരുപാടു ഷൈന്‍ ചെയ്യണ്ടാന്ന്!"

"അത് കൊള്ളാം.. ഒരു ചര്‍ച്ച വരുമ്പോ അഭിപ്രായം പറയലാണോ ഷൈന്‍ ചെയ്യല്‍? "

എന്തായിരുന്നു വിഷയം?"

"ആണെഴുത്ത് എന്നൊന്നുണ്ടോ... ഉണ്ടെങ്കില്‍ എങ്ങനെയുള്ളതാവും എന്നൊക്കെയാണ് ചര്‍ച്ച ചെയ്തത്. "

"ഹാ... ഇതുവരെ പെണ്ണെഴുത്ത്‌ എന്നായിരുന്നല്ലോ മുറവിളി.. ഇപ്പൊ ആണെഴുത്തും വന്നോ?"

"നീ കളിയാക്കണ്ട. സ്ത്രീപക്ഷരചനകളെ പെണ്ണെഴുത്ത്‌ എന്ന് വിളിക്കാമെങ്കില്‍ പുരുഷവിഭാഗത്തിനോട് ചായ്വുള്ള എഴുത്തുകള്‍ക്ക് ആ പേര് ചേരില്ലേ? ഇന്ന് എവിടെയാണ് അതില്ലാത്തത്? ഇത് പുരുഷന്‍റെ ലോകമല്ലെ? കവിതയില്‍ ആയാലും കഥയില്‍ ആയാലും എന്തിനു സിനിമയില്‍ പോലും നായക പരിവേഷത്തിന് മുന്‍‌തൂക്കം. അപ്പോള്‍ ആ എഴുത്തിനെയൊക്കെ എന്തുകൊണ്ട് ആണെഴുത്ത് എന്ന് പറഞ്ഞുകൂടാ?"

"നിന്നിലെ ഫെമിനിസ്റ്റ് ഉണര്‍ന്നോ?"

"പോടാ.. വര്‍ഗസ്നേഹം എന്നും എനിക്കുണ്ട്. അത് പ്രകടമാക്കുകയും ചെയ്യും. അതാണ്‌ ഫെമിനിസം എങ്കില്‍ ഞാന്‍ ഫെമിനിസ്റ്റ് ആണ്"

"എന്നിട്ടെന്തായി... ചര്‍ച്ച? "

"എന്താവാന്‍? ഇവിടെയും സംവാദത്തിനു ഞാനും നീതുവും മാത്രമല്ലേ ഉള്ളൂ.. ‍ ബാക്കിയെല്ലാം നിന്‍റെ വര്‍ഗമല്ലേ.. എല്ലാവരും പെണ്ണെഴുത്തും ആണെഴുത്തും ട്രൈ ചെയ്യാന്‍ പറഞ്ഞു സര്‍.. എന്നിട്ട് സൃഷ്ടികള്‍ വെച്ചൊരു വിശകലനം അടുത്ത ക്ലാസ്സില്‍"

"ഓഹോ.. അപ്പൊ നിര്‍ത്താന്‍ പരിപാടിയില്ല. നിനക്കൊന്നും വേറെ പണിയില്ല!"

"അല്ല.. നീയെന്തിനാ ഇപ്പൊ ചൂടാവുന്നെ? സര്‍ പറഞ്ഞപ്പോള്‍തന്നെ ഞാന്‍ നിന്നെയാ ഓര്‍ത്തത്.. യു കാന്‍ റൈറ്റ് സംതിംഗ് ലൈക്‌ ദാറ്റ്‌.. "

"ദേ.. വര്‍ഷാ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... അയാള്‍ ഓരോന്ന് പറയും.. അത് കേട്ടു തുള്ളാന്‍ കുറെ പേരും. "

"ഹേയ്.. സന്ദീപ്‌.. എനിക്ക് മനസിലാവുന്നില്ല.. നിനക്കിതെന്താ പറ്റിയത്? ഇതിനും മാത്രം ദേഷ്യപ്പെടാന്‍ എന്താ ഉള്ളത്? രമേശ്‌ സര്‍ ഇതുപോലെ ഡിബേറ്റ് വെക്കുന്നത് ഇത് ആദ്യമായിട്ടല്ല.. നീയും ആക്ടീവ് ആയിരുന്നില്ലേ അന്നൊക്കെ?"

"അതൊക്കെ ശരി തന്നെ... എനിക്ക്... എനിക്കിഷ്ടല്ല.. അത്രന്നെ!"

"ചില നേരത്ത് നിന്റെ സ്വഭാവം മഹാ  ബോറാവുന്നുണ്ട് ട്ടോ.. കാര്യോം പറയില്ല... എന്തെങ്കിലും മനസ്സില്‍ വെച്ചിട്ട്... വെറുതെ ഇന്‍ഡിഫറന്റ് ആയിട്ട് പെരുമാറും"

"വര്‍ഷാ.. നീയെന്നെ ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ എന്നാണോ? "

"....................."

"ഓക്കേ... നിനക്കിപ്പോ എന്താ വേണ്ടത്? നിന്‍റെ കൂടെ ഞാനും കൂടണം. കഥ എഴുതണം.. നീ പറയുന്നതുപോലെ ആണെഴുത്ത് ട്രൈ ചെയ്യണം, അത്രയല്ലേ ഉള്ളൂ.. ഫൈന്‍... ശരി എന്നാല്‍... ഞാന്‍ നേരത്തെ പോവാ.. കുറച്ച് എഴുതാനുണ്ട്.. "
*******************

"വര്‍ഷാ..
ഇത് എത്രാമത്തെ പേപ്പര്‍ ആണെന്നറിയ്യോ.. 
നിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതാനിരുന്നതാണ്...
ഒന്നും എഴുതാനാവുന്നില്ല.. 

ഇന്ന് എന്‍റെ അനാവശ്യമായ ദേഷ്യം കണ്ടു നീ അമ്പരന്നു എന്നറിയാം. രമേശ്‌ സര്‍ നിന്നെ ഇഷ്ടമാണെന്ന് ഏട്ടനോട് പറഞ്ഞതും കല്യാണം ആലോചിച്ചതും ജാതകം ചേരാത്തതുകൊണ്ട്‌ നിന്‍റെ അച്ഛന്‍ വേണ്ടെന്നു വെച്ചതും നീ തന്നെ എന്നോട് പറഞ്ഞതല്ലേ..
നിന്നെ മറ്റൊരാള്‍ ആ രീതിയില്‍ നോക്കുന്നത്... എനിക്കറിയില്ല... എനിക്ക് ഭ്രാന്ത് പിടിക്കും..
എല്ലാമറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കാന്‍ നിങ്ങള്‍ മിടുക്കികള്‍ ആണ്..
എന്‍റെ സ്നേഹം നിനക്ക് ഇതുവരെ മനസിലായില്ലെന്നു ഞാന്‍ വിശ്വസിക്കില്ല...."

"ഹലോ..."

"സന്ദീപ്‌.. ഞാനാ.. നീ വാതില്‍ തുറക്ക്.. നിന്‍റെ മുറിയുടെ മുന്നിലുണ്ട് ഞാന്‍. "

"വര്‍ഷാ... നീ.. നീയെന്തിനാ ഇവിടെ? "

"അതെന്താ.. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നൊന്നും എഴുതിയിട്ടില്ലല്ലോ ഇവിടെ?"

"ആരെങ്കിലും കാണുന്നതിനു മുന്‍പേ കേറി വാ.. "

"എവിടെ.. നിന്‍റെ കഥ? എഴുതിയോ?"

"നീ എഴുതിയോ? ലേഡീസ് ഫസ്റ്റ്.. വേഗം കാണിക്ക്"

"നോ നോ... നീ കാണിക്ക്... ഞാന്‍.. ഞാനൊന്നും... ഞാന്‍ വിചാരിച്ചപോലെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ..."

"എന്നാലും നോക്കട്ടെ... ഞാന്‍ എന്തായാലും കഴിഞ്ഞ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ.. അപ്പോള്‍ എഴുതിയില്ലെങ്കിലും കുഴപ്പമില്ല.. നോക്കട്ടെ... നിന്‍റെ കഥ കാണിച്ചേ.."

"അയ്യോ സന്ദീപ്‌.. പ്ലീസ്‌.... വേണ്ട.. ഞാന്‍...........ഓ... എനിക്ക് വയ്യ! നിന്നോടാരാ അതെടുക്കാന്‍ പറഞ്ഞെ.."

"നീ അവിടിരിക്ക്‌.. ഞാന്‍ വായിക്കട്ടെ.. "

"സന്ദീപ്‌... 
ഇന്നലെ വരെ എനിക്കുണ്ടായിരുന്ന ഒരുപാടു ആശയക്കുഴപ്പങ്ങള്‍ നീ നിന്‍റെ അസാന്നിധ്യം കൊണ്ടും പിന്നെ ഇന്നലത്തെ നിന്‍റെ പ്രതികരണം കൊണ്ടും ദൂരീകരിച്ചു. ഇത്.. ഇതൊരു പെണ്ണെഴുത്ത് തന്നെയാണ്. പക്ഷെ... രമേശ്‌ സാറിനെയോ ആണെഴുത്തുകാരെയോ കാണിക്കാനല്ല.. ഇത് നിനക്ക് മാത്രം കാണാന്‍ ഞാന്‍ തുറന്നു വെച്ച മനസാണ്..... "

"വര്‍ഷാ..."

"ഉം.."

"ഞാന്‍ എഴുതിയത് കാണണ്ടേ..? "

"വേണ്ട.."

"അതെന്താ? നിന്‍റെ വിളികേട്ടു ഞാന്‍ അത് ഒളിപ്പിച്ചു വെച്ചതായിരുന്നു..."

"വേണ്ട... അതെടുക്കണ്ട... എനിക്ക്.. എനിക്കത് വായിക്കാം.. "

"എങ്ങനെ?"

"ഈ കണ്ണുകളില്‍ നിന്ന്..!"

Friday, October 28, 2011

കണ്ണടയില്‍ കണ്ണെത്തുമ്പോള്‍..


കുട്ടിക്കാലത്ത് കണ്ണട വെച്ച മുഖം എന്നത് ഗൌരവമുള്ള വ്യക്തിത്വത്തിന്റെ പ്രതീകമാണ് എന്ന തോന്നല് കൊണ്ടാവാം, ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്. ‍ അതുകൊണ്ടുതന്നെ ഇലക്കറികള്‍ കഴിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച കുറയും, പിന്നെ കണ്ണട വെച്ചു നടക്കേണ്ടി വരും എന്ന ഭീഷണിയെ ഒട്ടും ഭയന്നിരുന്നില്ല.

മുതിര്‍ന്നു കഴിഞ്ഞാല്‍ കണ്ണട ഒരു വാര്‍ധക്യലക്ഷണമായി മനസ്സില്‍ കയറികൂടും. സിനിമകളില്‍ പോലും നായികയുടെയോ നായകന്റെയോ പ്രായമായ അവസ്ഥ കാണിക്കാന്‍ യൌവനയുക്തമായ മുഖത്ത് വലിയൊരു കണ്ണട വെച്ച് കൊടുക്കും. അതുപോലെ ദുരന്തനായികക്കും ഉണ്ടാവും മുഖത്തിന്റെ പാതിയോളം മറയ്ക്കുന്ന കണ്ണട.

ചിലര്‍ക്ക് കണ്ണട ജനിക്കുമ്പോഴേ ഉണ്ടായിരുന്നതായി തോന്നും. അങ്ങനെയുള്ളവരെ കണ്ണട ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരു മുഖമാണ് സംവിധായകന്‍ പ്രിയദര്‍ശന്റേത്. അതുപോലെ കരുണാനിധിയുടെയും. പക്ഷെ കണ്ണുകളെ മറക്കുന്ന അത്തരം കണ്ണടകള്‍ മുന്നില്‍ നില്‍ക്കുന്ന നമ്മെ കുഴപ്പത്തിലാക്കും. എതിരില്‍ അപരിചിതന്‍ ആണെങ്കില്‍ നോട്ടം എവിടേയ്ക്കാണ് എന്നറിയാത്തതിനാല്‍ കൈകളും മനസും വസ്ത്രം സ്ഥാനം മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിപ്പോവും.

ഗാന്ധിജിയുടെയും വയലാറിന്റെയും ചങ്ങമ്പുഴയുടെയും പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ തെളിയുക അവരുടെ കണ്ണടകള്‍ ആണ്.
ഇനിയുമുണ്ട്.. സാനിയ മിര്‍സ, സല്‍മാന്‍ റുഷ്ദി തുടങ്ങിയ താരങ്ങളുടെ സ്റ്റൈലന്‍ കണ്ണടകള്‍!‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണടകള്‍ ഒരു സ്റ്റാറ്റസ് പ്രതീകമായി കാണുന്നുണ്ട് പൊതുവേ പലരും.

ചിലര്‍ക്ക് കണ്ണടകള്‍ അലങ്കാര വസ്തുവാണ്. കഷണ്ടി മറയ്ക്കുന്ന, അല്ലെങ്കില്‍ മനോഹരമായ കേശാലങ്കാരത്തിനു മാറ്റുകൂട്ടാന്‍ നെറ്റിക്ക് മുകളിലായി വലിയ സണ്‍ ഗ്ലാസ്സുകള്‍ വിശ്രമിക്കും.

രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് കണ്ണടകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഗര്‍ഭകാലത്തെ പ്രശ്നങ്ങളോ, ജനിതക വൈകല്യങ്ങളോ കൊണ്ട് പുതിയൊരു അവയവമായി ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട അവസ്ഥ കഷ്ടമാണ്.

പരിചിതമായ കണ്ണടകള്ക്ക് വേണ്ടി മനസിന്‍റെ അന്വേഷണ കണ്ണട ഓര്‍മ്മകളിലേക്ക് വെറുതെ തിരിച്ചുവെച്ചുനോക്കട്ടെ..

ആദ്യം ഓര്‍മ്മവരുന്നത്‌ അച്ഛന്‍റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയാണ്. പൂമുഖത്ത് ചുവരിലെ മാലയിട്ട ചിത്രത്തിലെ കണ്ണടകണ്ണുകള്‍ ‍ വെറുതെ നോക്കിയിരിക്കുന്നത് കുട്ടിക്കാലത്തെ ഒരു ഏകാന്ത വിനോദമായിരുന്നു. ആ കണ്ണട അച്ഛന്റെ മുറിയിലെ അലമാരയില്‍ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്. ഒരിക്കല്‍ അത് കയ്യിലെടുത്തെങ്കിലും സാധാരണ ചെയ്യാറുള്ളതുപോലെ മൂക്കിന്മേല്‍ വെച്ചു നിലക്കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ തോന്നിയില്ല.
അമ്മയുടെയും അച്ഛന്റെയും ചെരുപ്പ്, കസേര ഒക്കെപോലെ കണ്ണടയും ബഹുമാനത്തോടെ മാത്രമേ കാണാവൂ എന്ന് മുതിര്‍ന്ന ആരോ മനസിലേക്ക് കയറ്റിവിട്ട വിശ്വാസം കൊണ്ടാവാം അമ്മയുടെ കണ്ണടയും വെച്ചുനോക്കിയിട്ടില്ല.

നാലാം ക്ലാസ്സിലെ പദ്മിനിടീച്ചറുടെ സ്വര്‍ണ്ണ നിറമുള്ള, ചെവിയോടടുത്തുള്ള രണ്ടറ്റവും അല്പം കൂര്‍ത്ത കണ്ണടയിലേക്ക് ഭയത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ.. പിന്നില്‍ കെട്ടിയ കൈയിലെ ചൂരലിന്റെ തുമ്പ് തലയ്ക്കു പിന്നില്‍ കാണുമ്പോഴേ മുട്ട് വിറച്ചു തുടങ്ങും. ഇടവേളകളിലെ പതിഞ്ഞ അടക്കം പറച്ചിലുകള്‍ക്കുപോലും ഉയരാത്ത മുഖത്തെ സ്വര്‍ണകണ്ണടയുടെ മുകളിലൂടെ എത്തുന്ന നോട്ടത്തെ ഭയമായിരുന്നു.

നാട്ടിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഭയമായിരുന്ന കേശവന്‍ മാസ്റ്ററുടെ സ്വതവേ തീക്ഷ്ണമായ മിഴികള്‍ കണ്ണടയുടെ അലങ്കാരവും കൂടിയാവുമ്പോള്‍ നേരിടാന്‍ പ്രയാസമായിരുന്നു. എങ്കിലും നരച്ച കണ്പീലികള്‍ തിങ്ങിയ കണ്ണുകളില്‍ നിന്നും വാത്സല്യവും നുകരാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് പലപ്പോഴും.
മറ്റൊരു കണ്ണടയുടെ സ്ഥാനം കള്ളകണ്ണുള്ള കൂട്ടുകാരി റാണിയുടെ മൂക്കിന്‍തുമ്പിലാണ്.. ആര് വിളിച്ചാലും മുഖമുയര്‍ത്താതെ കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കുന്നവളുടെ കണ്ണട മുകളിലേക്ക് കയറ്റിവെച്ച് ഒരുമിച്ച് ഉറക്കെ ചിരിച്ചിരുന്ന പഠനകാലം.

അച്ഛന്റെ തറവാട്ടില്‍ അവധിക്കാലത്തെത്തുമ്പോള്‍, "പിള്ളാരെ.." എന്ന ഒറ്റവിളി കൊണ്ട് എല്ലാവരെയും ഒരുമിച്ചു ഊണുമേശയില്‍ എത്തിച്ചിരുന്ന വല്യമ്മ അന്നോന്നിയമ്മയുടെ ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിന് മാറ്റുകൂട്ടിയത് മുകള്‍ഭാഗത്ത്‌ മാത്രം കറുത്ത ഫ്രെയിമുള്ള ടിപ്പിക്കല്‍ ടീച്ചര്‍ കണ്ണട തന്നെ.

മനസിനെ തൊട്ടും തൊടാതെയും കടന്നുപോയ കണ്ണടകള്‍ ഇനിയും കിട്ടും ഓര്‍മ്മവഴികളില്‍.. അടക്കിയ ചിരിയെ, നിറമിഴികളെ, പറയാന്‍ മറന്ന പ്രണയത്തെ, പരിഭവത്തെ, പരിഹാസത്തെ, ഹൃദയത്തിന്റെ വിങ്ങലിനെ ഒക്കെ മറച്ചുവെച്ച് നിസ്സംഗത ചമഞ്ഞവ.. തല്‍ക്കാലത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ച്, വര്‍ത്തമാനകണ്ണട അണിയട്ടെ..

Wednesday, October 5, 2011

വിജയദശമി തിരുനാളില്‍..

"വിജയ ദശമി തിരുനാളില്‍ ഒരു
നിലവിളക്കിന്‍ തിരുമുന്നില്‍..
മൃദു വിരല്‍ തുമ്പിനാല്‍ ഹരിശ്രീ എഴുതിച്ച
പുലരി എന്നോര്‍മ്മയില്‍ തെളിയുന്നൂ...
ഹൃദയത്തിലറിവിന്റെ വിനയ ചൈതന്യം
തൊഴുകയ്യുമായി നില്‍ക്കുന്നു.."
ഇത് ഞാന്‍ പലതവണ സ്കൂള്‍ യുവജനോത്സവങ്ങളില്‍ പാടിയ ലളിതഗാനത്തിന്റെ പല്ലവിയാണ്. ഓരോ വിജയ ദശമി നാളിലും ഇതോര്‍ത്തുപോവാറുണ്ട് ഇപ്പോഴും.
നമ്മള്‍ മലയാളികള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് ഈ വിദ്യാരംഭം (ഇപ്പോള്‍ നമ്മളെ അനുകരിച്ചു പലയിടത്തും ഉണ്ടെങ്കിലും). മലയാളികളുടെ ആചാരങ്ങളില്‍ എനിക്കെന്നും പ്രിയങ്കരമായി തോന്നിയിട്ടുള്ളത് ഇത് തന്നെ.
എങ്കിലും ആ ദിനം എനിക്കോര്‍മ്മയില്ല. അച്ഛന്‍റെ മടിയില്‍ ഇരുന്നു ആദ്യാക്ഷരം കുറിച്ചത് കേട്ടറിവ് മാത്രമാണ്. അന്ന് തൊട്ട് ഇന്നേവരെ സരസ്വതീദേവി അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
എന്‍റെ ഓര്‍മ്മയിലെ ഓരോ വിജയദശമിനാളും സംഗീതസാന്ദ്രമായ അനുഭവമാണ്. അച്ഛന്‍റെ മരണശേഷം ഞങ്ങള്‍ പുസ്തകം പൂജക്ക്‌ വെച്ചിരുന്നത് പാട്ടുമാഷിന്റെ വീട്ടില്‍ ആയിരുന്നു. അവിടെ ആ ചുറ്റുവട്ടത്തുള്ള മിക്ക കുട്ടികളും പുസ്തകം പൂജിക്കാന്‍ കൊണ്ടുവന്നിരുന്നു.
അതിരാവിലെ തുമ്പപ്പൂ തേടി ഇടവഴികളിലൂടെ ഓടി നടക്കലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന പണി. പിന്നെ കുറച്ചുപേര്‍ പൂജക്കുള്ള പൂക്കള്‍ ഒരുക്കും. അതിനിടയില്‍ അറിയാതെ എങ്ങാനും ഏതെങ്കിലും കുഞ്ഞുകടലാസിലെ എന്തെങ്കിലും വായിച്ചാല്‍ പിന്നെ എന്തോ അബദ്ധം പിണഞ്ഞപോലെയാണ് "അയ്യോ പുസ്തകം വെച്ചിരിക്കുകയല്ലേ പൂജക്ക്‌! വായിച്ചുപോയല്ലോ" എന്ന്! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
പൂജ കഴിയുന്നതോടെ മാമന്റെ (അച്ഛന്‍റെ സ്നേഹിതന്‍ കൂടിയായ അദ്ദേഹത്തെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത്‌ ) മറ്റ് ശിഷ്യഗണങ്ങളും എത്തുകയായി.. പിന്നെ സരിഗമയില്‍ തുടങ്ങി ഗണപതി - ദേവീ സ്തുതികള്‍ പാടി ഏതെങ്കിലും ഒരു കീര്‍ത്തനം തുടങ്ങിവെച്ചു പൂജ അവസാനിപ്പിക്കും. പിന്നെ സ്വാദിഷ്ടമായ പ്രസാദവും കൂടി സേവിക്കുന്നതോടെ മനം കുളിരും.
തിരികെ വീട്ടില്‍ എത്തുമ്പോള്‍ വന്‍പയറും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പ്രസാദം ഉണ്ടാക്കിവെച്ചു അമ്മ കാത്തിരിക്കുന്നുണ്ടാവും. അതോടെ ആ ദിനം തന്നെ ധന്യമാവുന്നു.. പൂജയെടുത്ത ദിവസമായതുകൊണ്ട് വല്ലതും പഠിക്കണം എന്ന് നിര്‍ബന്ധത്തോടെ പുസ്തകവുമായി കുറച്ചുനേരം...
ഒരിക്കലും തിരിച്ചുവരാത്ത മനോഹരദിനങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു നിമിഷം....
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍..

Friday, September 30, 2011

എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങള്‍

(ഇത് മാതൃഭൂമി യാത്രാബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു )

പ്രകൃതിസുന്ദരമായ നെല്ലിയാമ്പതി എന്‍റെ നാട്ടിലാണെന്നു പറയാന്‍ അഭിമാനമാണ്. എങ്കിലും ഇത്രയും കാലത്തിനിടക്ക് രണ്ട് തവണ മാത്രമേ എനിക്കവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ദുഖകരമായ സത്യവും.
നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് പോത്തുണ്ടി ഡാം. സിമെന്റ് ഉപയോഗിക്കാതെ ചില പ്രത്യേക മിശ്രിതം ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഏഷ്യയിലെതന്നെ രണ്ടാമത്തെ ഡാം ആണത്രേ ഇത്. പണ്ട് വീട്ടില്‍ വരാറുള്ള അതിഥികളെ ഞങ്ങള്‍ കൊണ്ടുവരുന്നത് ഇവിടെയായിരുന്നു. ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഇരുന്നു കടല, പക്കോട, ബിസ്ക്കറ്റ് തുടങ്ങിയവ കൊറിച്ചും കൊച്ചുവര്‍ത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും പതിയെ ഡാമിന്റെ പടികള്‍ കയറും. മുകളില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍ മുന്നില്‍ അതിമനോഹരമായ കാഴ്ചയാണ്! വലിയ തടാകത്തിനു ചുറ്റും നീല മലനിരകള്‍. ദൂരെയുള്ള മലകളില്‍ ആരോ കൊരുത്തിട്ട കൊച്ചരുവികളുടെ വെള്ളികൊലുസ്സുകള്‍..തടാകത്തിനു ചുറ്റും കണ്ണിനും മനസിനും കുളിര്‍മയാവുന്ന പച്ചപ്പ്‌..
ഡാമിന്റെ വശത്ത് കാണുന്ന, ഉയരമുള്ള മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വലിയ മലയാണ് നെല്ലിയാമ്പതി. പലപ്പോഴും പോത്തുണ്ടിഡാമിന്റെ പടികളിറങ്ങുമ്പോള്‍ നെടുവീര്‍പ്പോടെ നെല്ലിയാമ്പതിയിലേക്ക് നോക്കാറുണ്ട്. അവിടെയ്ക്കുള്ള യാത്രക്ക് അന്നൊക്കെ തടസ്സങ്ങള്‍ ഏറെയാണ്‌. ഒന്നാമത് തനിച്ച് പോവാന്‍ ബുദ്ധിമുട്ടാണ്. ആരെങ്കിലും ആണുങ്ങള്‍ കൂടെയുണ്ടാവണം. വളരെ കുറച്ചു ബസുകളെ ആ റൂട്ടില്‍ ഉള്ളൂ.. രാവിലെതന്നെ ഇറങ്ങിയാലെ എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചു വൈകിട്ടത്തെ ബസിനു ഇരുട്ടുന്നതിനു മുന്‍പേ വീടെത്താന്‍ പറ്റൂ.. ആ ബസ്‌ എങ്ങാനും മിസ്സായാല്‍ പിന്നെ രാത്രി ചിലപ്പോഴെ സര്‍വീസ് ഉണ്ടാവൂ.. ഒരു മുന്നറിയിപ്പും തരാതെ ആനയിറങ്ങുന്ന വഴിയാണ്. ഹെയര്‍പിന്‍ വളവുകളാണ്.. അങ്ങനെ ഒരുപാട്...
ചേച്ചിയുടെ വിവാഹശേഷം ബന്ധുക്കളൊക്കെ വന്നപ്പോള്‍ ഒരു ദിവസം എന്തായാലും നെല്ലിയാമ്പതി കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഗൈഡ് ആയി കൂടെ കൂട്ടിയ ആളാണ്‌ അയല്‍വാസി പാപ്പാക്കുട്ടി എന്ന് വിളിക്കുന്ന ധനലക്ഷ്മി. അവളുടെ അച്ഛനും അമ്മയും നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ ആയിരുന്നു. പഠനസൌകര്യത്തിനായി വലിയച്ഛന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന ആ ഒന്‍പതാം ക്ലാസ്സുകാരി ആയിരുന്നു അക്കാലത്ത് എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങളുടെ ‍ ഏകാശ്രയം. മലമുകളിലെ മനോഹരകാഴ്ചകള്‍ എന്‍റെ മനസ്സില്‍ ആദ്യമായി വരച്ചിട്ടത് അവളാണ്. കണങ്കാലില്‍ അള്ളിപ്പിടിച്ചു ചോരയൂറ്റി വീര്‍ക്കുന്ന അട്ട അവളുടെ വര്‍ണ്ണനകളിലൂടെ അന്നും ഇന്നും എന്‍റെ പേടിസ്വപ്നമാണ്.
അങ്ങനെ ഞങ്ങളെല്ലാവരും പാപ്പകുട്ടിയോടൊപ്പം രാവിലത്തെ ബസില്‍യാത്ര തിരിച്ചു. പോത്തുണ്ടി ഡാം പിന്നിട്ട് ഞങ്ങളെയും വഹിച്ചുകൊണ്ട് ഇരച്ചും കിതച്ചും ബസ്‌ മുകളിലേക്ക് ചുറ്റി കയറുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ ശരിക്കും ഹരം കൊള്ളിക്കുന്നത്‌ തന്നെയായിരുന്നു. പ്രകൃതി സൌന്ദര്യമത്സരത്തിനൊരുങ്ങിയ പെണ്ണിനെ പോലെ ഓരോ റൌണ്ടിലും ഓരോരോ ഭാവത്തില്‍ മുന്നിലെത്തി. ചിലപ്പോള്‍ പച്ചയണിഞ്ഞുകൊണ്ട്... ചിലപ്പോള്‍ കോടമഞ്ഞിന്റെ സുതാര്യമായ വെണ്‍പട്ട് പുതച്ച്... മറ്റുചിലപ്പോള്‍ മലനിരകളുടെയും താഴ്വരകളുടെയും നിമ്നോന്നതങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌...
ഞങ്ങള്‍ പാപ്പകുട്ടി പറഞ്ഞ ഒരു സ്റ്റോപ്പില്‍ ഇറങ്ങി. (സ്ഥലപ്പേര് ഓര്‍ക്കുന്നില്ല). ടാര്‍ റോഡിന്‍റെ അരികിലുള്ള ചെമ്മണ്‍ പാതയിലൂടെ മുന്നില്‍ നടന്നുകൊണ്ട് അവള്‍ പറഞ്ഞു, "ഇവിടുന്നു കൊറച്ചു നടന്നാല്‍ മതി "
കുറെയേറെ നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതായപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരക്കി. ഞങ്ങളെപ്പോഴും ഇങ്ങനെയാണ് പോവുന്നത് എന്ന് പറഞ്ഞുകൊണ്ട് അവള്‍ അടുത്തുള്ള തേയില തോട്ടത്തിലേക്ക് കയറി. പിന്നാലെ ഞങ്ങളും... പിന്നെയും ഒരുപാട് നേരം.. ഏകദേശം ഒരു മൂന്നുനാലു കിലോമീറ്ററോളം ഞങ്ങള്‍ നടന്നിരിക്കണം. ചുറ്റിലും തേയില പച്ചവിരിച്ച് നിന്നതും ആസ്വദിച്ചു നടന്നത് കൊണ്ടാവാം ദൂരം അനുഭവപ്പെടാതിരുന്നത്. ഇടയ്ക്കു കഴിക്കാനായി കയ്യില്‍ കരുതിയതെല്ലാം തീര്‍ന്നു. എന്നിട്ടും അവളുടെ വീട്ടിലെത്തിയില്ല. ഇടയ്ക്കു വഴിക്ക് വെച്ച് കണ്ട ആളോട് അന്വേഷിച്ചപ്പോള്‍ അയ്യോ ബസിറങ്ങുന്ന സ്ഥലത്ത് നിന്നും ജീപ്പ് കിട്ടുമായിരുന്നല്ലോ ഇനിയിപ്പോള്‍ നടക്കാനേ പറ്റൂ എന്ന് മറുപടി കിട്ടിയതോടെ ഞങ്ങള്‍ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു. ഇനിയും മുന്നോട്ടു ഒരടി നടക്കാന്‍ വയ്യ! ഇനി തിരിച്ചു ബസ്‌ സ്റ്റോപ്പില്‍ എത്തണം എങ്കിലും ഇത്രയും തന്നെ തിരിച്ചും നടക്കേണ്ടിയിരിക്കുന്നു. മൂന്നരക്കോ മറ്റോ ഉള്ള ആ ബസ്‌ പോയാല്‍ പിന്നെ സന്ധ്യക്കുള്ള ബസ്‌ വന്നാലായി.. പിന്നെ സമയം കളയാതെ ഞങ്ങള്‍ തിരിച്ചു നടന്നു. ഇടയ്ക്ക് അനുവാദം ചോദിക്കാതെ ചനുമിനെ മഴ! പത്തോളം വരുന്ന സംഘത്തില്‍ ആകെ ഉള്ളത് രണ്ടു കുട! ഓടിയും നടന്നും എങ്ങനെയൊക്കെയോ ബസ്‌ സ്റ്റാന്റ് എത്തി. അവിടെ നിന്നും പോകുമ്പോള്‍ കണ്ടുവെച്ചിരുന്ന ചെറിയ ഹോട്ടലിലെ സുന്ദരിചേച്ചിയുടെ പറോട്ടയും ചായയും വടയുമൊക്കെ മോഹം മാത്രമായി അവശേഷിപ്പിച്ച് അടുത്ത അഞ്ചുനിമിഷത്തിനുള്ളില്‍ പുറപ്പെടാന്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ ചാടിക്കയറി സീറ്റ്‌ പിടിച്ചു. പാപ്പകുട്ടി വരച്ചിട്ട ചിത്രം എന്‍റെ ഭാവന നടത്തിയ മിനുക്കുപണികളുമായി മനസ്സില്‍ തന്നെ അവശേഷിച്ചു.
*******************
ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവിടേക്ക് പോവാനായത് കഴിഞ്ഞ ആഴ്ച ആയിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര. ശരിക്കും ഒരു ഡ്രൈവ് എന്ന് പറയാം.

വെള്ളിയാഴ്ച രാവിലെ കുടുംബസമേതം പല്ലശ്ശന ദേവീക്ഷേത്രദര്‍ശനത്തിന് ഇറങ്ങിയതായിരുന്നു. നീണ്ട റോഡിനിരുവശവും നെല്‍പ്പാടങ്ങളും പാറകൂട്ടങ്ങളും കരിമ്പനകളും ഉള്ള പാലക്കാടന്‍ ഗ്രാമം എന്നും എന്‍റെ കൊതിതീരാകാഴ്ച തന്നെ. അമ്പലത്തില്‍ നിന്നും തിരിച്ചുവരുമ്പോള്‍ നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് തിരിയുന്ന വളവിലെ വഴികാട്ടിഫലകം "വെറും മുപ്പതു കിലോമീറ്ററേ ഉള്ളൂ ട്ടോ.. ഒന്ന് കേറീട്ട് പോവൂന്നേ " എന്ന് പറഞ്ഞതുപോലെ തോന്നി. അത് തന്നെ ഡ്രൈവിംഗ് സീറ്റിലെ ആളും കേട്ടുവോ എന്തോ.. "പോവ്വല്ലേ.." എന്ന് ചോദിച്ചുകൊണ്ട് വണ്ടി തിരിഞ്ഞു പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്ക്!

എങ്കിലും പോത്തുണ്ടി എത്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം അറിയാതെ ഉടലെടുത്തു. വളവുകളും തിരിവുകളും ഏറെയുണ്ട്. തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയും. കാറില്‍ ഞങ്ങളെ കൂടാതെ കൊച്ചു കുട്ടികളെ ഉള്ളൂ.. എന്തെങ്കിലും അത്യാവശ്യം വന്നാല്‍... അങ്ങനെ.. ഒരു റീതിങ്കിംഗ്‌.. പരിചയക്കാരെ വിളിച്ചറിഞ്ഞ വിവരവും അത്ര സുഖകരമായിരുന്നില്ല. റിസ്ക്‌ ആണ്. മണ്ണിടിച്ചില്‍ ഉണ്ട്. വൈകിട്ടാവുമ്പോള്‍ ആനയും ഇറങ്ങാം.
പോത്തുണ്ടി എത്തിയപ്പോള്‍ തന്നെ മല കാണാനാകാത്തവിധം പെരുമഴ! പോത്തുണ്ടിയില്‍ നിന്നും മുകളിലേക്ക് കയറുന്നിടത്ത് ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. റോഡ്‌ നല്ലതാണ്.. പ്രശ്നമൊന്നുമില്ല എന്ന് അവിടെനിന്നും അറിവ് കിട്ടിയപ്പോള്‍ ധൈര്യമായി. പിന്നെ ഒരു ആവേശമായിരുന്നു..
ഇരുവശത്തും ഉയരത്തില്‍ തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട്.. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് മുകളിലേക്ക് നോക്കി മഴ ആസ്വദിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് കയറ്റത്തില്‍? ആകാശത്ത് നിന്നും നമുക്കായി മാത്രം മഴ നേരിട്ട് താഴേക്ക്‌ വരികയാണെന്ന് തോന്നും. മലയെ ചുറ്റി മുകളിലേക്ക് കയറുംതോറും ഏറ്റവും സുന്ദരദൃശ്യങ്ങള്‍ ഒരുമിച്ചു മുന്നിലെത്തുകയായിരുന്നു. ഒരു വശത്ത് താഴെയായി നീലമലകളാല്‍ ചുറ്റപ്പെട്ട തടാകം... മറുവശത്ത് വലിയ പാറക്കെട്ടുകള്‍! ചിലയിടങ്ങളില്‍ താഴേക്ക്‌ പതിക്കുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍.. ചിലപ്പോള്‍ വലുതും.. ഇടയ്ക്ക് പേടിപ്പെടുത്തുന്ന മരക്കൂട്ടങ്ങളുടെ ഇരുള്‍.. വഴിയിലേക്ക് വീണ മരങ്ങളുടെ മുറിപ്പാടുകള്‍.. പിന്നെയും പോകുമ്പോള്‍ മഞ്ഞുമൂടിയ താഴ്‌വരയുടെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്.. മഞ്ഞിന്റെ നേരിയ തിരശ്ശീലക്കു കീഴെ ദൂരെ പാലക്കാടിന്റെ ഭൂപ്രദേശങ്ങള്..‍ ചെറിയ ചെറിയ ചതുരങ്ങളായി കൃഷി സ്ഥലങ്ങള്‍.. പൊട്ടുപോലെ കാണുന്ന കെട്ടിടങ്ങളും മറ്റും.. എവിടേക്ക് നോക്കണമെന്ന ആശയക്കുഴപ്പത്തോടെ ഇരുന്നുപോയി.. ഒരു വശത്തെ സൌന്ദര്യത്തില്‍ മതിമയങ്ങുമ്പോള്‍ മറുവശത്തെ ഒരു കൊച്ചു വെള്ളച്ചാട്ടമോ നനഞ്ഞ താഴ്വരയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒറ്റമരമോ വിട്ടുപോയിരിക്കും..!

ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ചെറിയ ഗോപുരം പോലെ റോഡിന്‍റെ വശത്ത് കെട്ടിയിട്ടിരിക്കുന്ന വ്യൂ പോയിന്റ്‌. മുന്നില്‍ വഴി കാണാന്‍ കഴിയാത്ത വിധം കോടമഞ്ഞ്‌. കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വളരെ മെലിഞ്ഞ തണുത്ത സൂചി കൊണ്ടുള്ള സ്പര്‍ശം പോലെ തണുപ്പ് അരിച്ചു കയറി..ഗോപുരത്തിനുള്ളില്‍ ഒരു കൊച്ചു കാപ്പിക്കട നടത്തുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ അവിടെ മറ്റ് മനുഷ്യസാന്നിധ്യമായിരുന്നുള്ളൂ... കൈകള്‍ കൂട്ടിത്തിരുമ്മിയും അനുസരണയുള്ള കുട്ടിയെ പോലെ കൈകള്‍ ചേര്‍ത്തു കെട്ടിയും കാപ്പിക്ക് കാത്തു നില്‍ക്കുമ്പോള്‍ മനസ് ഉറക്കെ പറഞ്ഞുപോയി... ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്! എല്ലാ മനോഹാരിതയും ഒരുപോലെ ചേര്‍ത്തു സൃഷ്ടിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വന്തം തന്നെയാവും.. ഉറപ്പ്!

 
പ്രകൃതിയില്‍ ലയിച്ച് കുറച്ചുനേരം അവിടെനിന്നിട്ട് തിരിച്ചു മലയിറങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും മനസ് നിറഞ്ഞിരുന്നു. എങ്കിലും ഒരു ചെറിയ ദുഃഖം, ഇത്തവണയും അങ്ങേയറ്റം വരെ പോവാനായില്ലല്ലോ എന്ന്.. അല്ലെങ്കിലും കേട്ട പാട്ട് മധുരം.. കേള്‍ക്കാനുള്ളത് അതിമധുരതരം എന്നല്ലേ.. അതുപോലെ കാണാക്കാഴ്ചകള്‍ ബഹുവര്‍ണ്ണചിത്രമായി നില്‍ക്കട്ടെ മനസ്സില്‍.. ഇനിയുമിനിയും ഇവിടേയ്ക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ട്.. ‍‍