About Me

My photo
A person who loves to read, write, sing and share thoughts.

Friday, January 21, 2011

ശുചീന്ദ്രത്തെക്ക് ഒരു യാത്ര

ഇത്തവണ നാട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ തന്നെ തികച്ചും വ്യക്തിപരമായ  ഒരു തിരുവനന്തപുരം യാത്ര മനസ്സില്‍ കണ്ടിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്  അവിടേക്ക് ഞാന്‍ പോവുന്നത്.   മ്യൂസിയം,  ശംഖുമുഖം  തുടങ്ങിയയിടങ്ങള്‍ ആദ്യദിവസം തന്നെ സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ നാളെ എവിടേക്ക് എന്ന ചോദ്യത്തിന്  കൂടെയുണ്ടായിരുന്ന ഒരാളുടെ നിര്‍ദ്ദേശമായിരുന്നു ശുചീന്ദ്രം എന്നത്.  അങ്ങനെയാണ് അതിരാവിലെ നഗരത്തിലെ വാഹനബാഹുല്യം ആരംഭിക്കുന്നതിനു മുന്‍പേ പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയുടച്ചു ഞങ്ങള്‍ യാത്ര തുടങ്ങിയത്. നഗരത്തിലെ വാഹനബാഹുല്യം തുടങ്ങുന്നതിനുമുന്‍പ് പുറത്ത് കടക്കണമെന്ന ഉദ്ദേശത്തിലായിരുന്നതുകൊണ്ട് പ്രാതല്‍ വഴിയില്‍ എവിടെയെങ്കിലും കഴിക്കാമെന്ന് തീരുമാനിച്ചു.
വഴി പരിചയമുള്ള കൂട്ടുകാര്‍ നിര്‍ദേശിച്ച പല നല്ല ഹോട്ടലുകളും കണ്ടെത്താനാവാതെ ഒടുവില്‍  വിശപ്പ്‌ ഭൂതം വല്ലാതെ ആക്രമിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തക്കലയില്‍ ആദ്യം കണ്ട ഒരിടത്ത് കയറി ചൂട് ദോശയും സാമ്പാറും പിന്നെ പ്രത്യേക സ്വാദുള്ള ഒരു തരം തക്കാളിചട്ട്ണിയും അകത്താക്കി വീണ്ടും യാത്ര തുടര്‍ന്നു.

റോഡിനു വലതുവശത്തായി കുറച്ചു ഉള്ളിലേക്ക് മാറിയാണ് ശുചീന്ദ്രം അമ്പലം. റോഡില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ ധാരാളം കൊത്തുപണികളുള്ള സുന്ദരമായ ഗോപുരം കാണാം. പാലാഴി മഥനവും അനുബന്ധകഥകളുമാണത്രെ അതില്‍ സസൂക്ഷ്മം ചെയ്യപ്പെട്ടിരിക്കുന്നത്.

ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പേതന്നെ അമ്പലത്തിനു ഇടതുവശത്തായി ധാരാളം കൊത്തുപണികളുള്ള രഥം ആണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ കണ്ടിട്ടുള്ള മറ്റ് രഥങ്ങളില്‍ നിന്നും കുറച്ച് വ്യത്യാസം തോന്നി ഇതിന്റെ ആകൃതിക്ക്‌. അതുകൊണ്ടുതന്നെ ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല.

ഗോപുരത്തിനുള്ളിലേക്ക് കടക്കുമ്പോള്‍  വല്ലാത്തൊരു കുളിര്‍മ്മ അനുഭവപ്പെട്ടു. ധാരാളം ചിത്രപ്പണികളുള്ള കല്‍ത്തൂണുകളാല്‍ ചുറ്റപ്പെട്ട രീതിയിലുള്ള ക്ഷേത്രമാണിത്. ഉയരം കുറഞ്ഞ, ഇരുണ്ട കുടുസ്സുമുറികളിലാണ് ഓരോ വിഗ്രഹവും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ത്രിമൂര്‍ത്തികളെയാണ് ആദ്യം വണങ്ങിയത്. ശിവക്ഷേത്രമെന്നു അറിയപ്പെടുമെങ്കിലും  വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യം ഉണ്ടത്രേ അവിടെ. ആദ്യമായാണ്‌ അങ്ങനെ ഒരിടത്ത് ഞാന് എത്തുന്നത്.

ഓരോ പ്രതിഷ്ടയുടെ അരികില്‍ എത്തുന്നതിനു തൊട്ടുമുന്പായി തെരുവുകച്ചവടക്കാരെപോലെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കാനായി ഉറക്കെ വിളിച്ചുപറയുന്ന കുറേപേരെ കണ്ടു. ‍ പ്രാര്‍ത്ഥനയുടെ ഫലം കൂട്ടാന്‍ ദേവന് പ്രിയമായ വഴിപാട് അവിടെ പൈസ കൊടുത്താല്‍ കിട്ടും!

അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പതിനെട്ടടി പൊക്കത്തില്‍ നില്‍ക്കുന്ന ഹനുമാന്‍പ്രതിമയാണ്. അദ്ദേഹത്തിനു മുന്നിലും വാഴയിലപൊതിയില്‍  വെണ്ണയും ചെറിയ കുപ്പികളില്‍ പനിനീരുമൊക്കെ തയ്യാറായിരുന്നു. ഭക്തന്റെ ആവശ്യത്തിനനുസരിച്ച് പൂജാരി പ്രതിമയുടെ പിന്നിലുള്ള പടികള്‍വഴി മുകളില്‍ ചെന്നുനിന്നു പൂജചെയ്യും. ആഞ്ജനേയരുടെ ദേഹത്ത് വെണ്ണയും വടമാലയും വെറ്റില മാലയും ചാര്‍ത്തി പൂജ ചെയ്തു പ്രസാദം താഴെ വന്നുതരും.

തൊഴുതിറങ്ങി ഒറ്റക്കല്‍ മണ്ഡപം  ചുറ്റിക്കണ്ടു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ തിരുവിതാംകൂര്‍ രാജഭരണകാലം സങ്കല്പ്പിച്ചുനോക്കി. പത്താം ക്ലാസ്സില്‍ പഠിച്ച ധര്‍മരാജയും, സ്വാതിതിരുനാള്‍ സിനിമയുമെല്ലാം മനസിലൂടെ കടന്നുപോയി.   (മൈസൂര്‍ കൊട്ടാരം കണ്ടിറങ്ങുമ്പോള്‍ കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു ഭൃത്യയെങ്കിലുമായി ജനിച്ചില്ലല്ലോ എന്ന് സങ്കടം തോന്നിയിരുന്നു.)
കച്ചവടക്കാരും വാഹനങ്ങളും ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചിന്തകളെ മുറിച്ചു.

തുടര്‍ന്ന്, ക്ഷേത്രക്കുളവും കണ്ടു തിരിച്ചുനടക്കുമ്പോള്‍ വഴിയരികില്‍ സ്ഫടികഭരണിയില്‍ ഉപ്പിലിട്ട നെല്ലിക്ക എന്നെ നോക്കി ചിരിച്ചു! തൊട്ടരികില്‍തന്നെ നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ഉപ്പും മുളകുപൊടിയും വിതറി ഭംഗിയായി  നിരത്തിവെച്ചിരിക്കുന്ന പൈനാപ്പിളും പച്ചമാങ്ങയും! വായില്‍ കൊതിയുടെ പ്രളയം! ഹൈജീനിക്ക് ചിന്തകളെ ഒരു നിമിഷത്തേക്ക് അകറ്റിനിര്‍ത്തി കൈനീട്ടുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഈ സ്വാദിന് പകരം നില്‍ക്കാന്‍ ബര്‍ഗറും പിസയും ഒക്കെ എത്ര ജന്മമെടുക്കണം!

ഗോപുരത്തിന്റെ മുഴുവന്‍ ഭാഗവും സന്ദര്‍ശകരും ഒരുമിച്ചുകിട്ടണമെന്ന് വാശിപിടിച്ചു കൂടെയുള്ളയാള്‍‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു വിളി.. 'ഭയ്യാ'ന്ന്... പിന്നെ 'സേട്ടാ' എന്നായി..   ഇളംറോസ്നിറത്തിലുള്ള പഞ്ഞിമിട്ടായി യുമായി ഫോട്ടോയില്‍ കയറിക്കൂടാനുള്ള വിളിയായിരുന്നു അത്.

ശുചീന്ദ്രത്തോട് വിടപറയുമ്പോള്‍ മനസ്സില്‍ വീണ്ടും നൂറ്റാണ്ടുകള്‍ക്കും അപ്പുറത്ത്   പട്ടുവസ്ത്രങ്ങള്‍ ഉലച്ചുകൊണ്ട്‌ ആരൊക്കെയോ നടന്നു...
 ദൂരെ എവിടെയോ അകന്നുപോവുന്ന കുളമ്പടിയൊച്ചകള്‍...  


ശുചീന്ദ്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിക്കികുട്ടന്‍ പറഞ്ഞുതരും.

Tuesday, January 4, 2011

ആന്‍ ഇതുവരെ കരഞ്ഞില്ല...

('കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ കഥാരചനമത്സരത്തില്‍  പ്രോത്സാഹന സമ്മാനം നേടിത്തന്ന കഥ )

വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടിട്ടും ആന്‍ അനങ്ങാതെ കുറെനേരം കൂടി കിടന്നു. തുടന്നുള്ള മോളുടെ വിളിയില്‍ കലര്‍ന്ന ഗദ്ഗദം അവളെ തളര്‍ത്തി.

"മമ്മാ... പപ്പാടെ ഫോട്ടോ ഉണ്ട് പത്രത്തില്‍!"
ചരമതാളിന്റെ മൂലയ്ക്ക് തങ്ങളുടെ കല്യാണഫോട്ടോയില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട നവീന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. ആനിന്റെ സാരിയുടെ തുമ്പും കാണാം.

'കുവൈറ്റില്‍ മലയാളിഡോക്ടര്‍ അന്തരിച്ചു'

ആന്‍ താഴേക്ക്‌ ഓടിച്ചു വായിച്ചു.
ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രസിദ്ധനായ മറുനാടന്‍ മലയാളിക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്ത് പത്രം എഴുതിയിരിക്കുന്നു.

"ഞാനാ ന്യൂസ്‌ കൊടുത്തത്. ആരെയെങ്കിലും അറിയിക്കാന്‍  വിട്ടുപോയെങ്കില്‍ അറിഞ്ഞോട്ടെ എന്നുവെച്ചാ.."
ജോസിച്ചായന്‍ നെടുവീര്‍പ്പോടെ നമിമോളെ ചേര്‍ത്തുപിടിച്ചു.
"നീയിങ്ങനെ ഒന്നും മിണ്ടാതേം കഴിക്കാതേം എത്ര ദിവസമാന്നു വെച്ചാ... ആന്‍? പോയവര് പോയി... ഒന്നുമില്ലേലും ഈ കുഞ്ഞിനിനി നീയല്ലേയുള്ളൂ... നീയോന്നുറക്കെ കരയുക പോലും ചെയ്തില്ലല്ലോ മോളെ.. "

ആന്‍ പത്രത്തിലെ നവീന്റെ മുഖത്തേക്ക് നോക്കി. എത്ര ശാന്തമായ മുഖമായിരുന്നു നവീന്! ആരോടും കയര്‍ത്തുസംസാരിക്കുന്നത് കണ്ടിട്ടില്ല. രോഗികള്‍ക്കും പ്രിയങ്കരന്‍. ദൈവം ആതുരസേവനത്തിനായി നേരിട്ടയച്ച മഹാന്‍ എന്നുവരെ തോന്നിയിട്ടുണ്ട് പരിചയപ്പെട്ട ആദ്യനാളുകളില്‍.. റൌണ്ട്സിനു റിപ്പോര്‍ട്ടുകളും ചാര്‍ട്ടുമായി പിന്നാലെ ഓടിനടക്കുമ്പോള്‍ ആരാധനയോടെ നോക്കിനിന്നു സ്വയം മറന്നുപോയ ദിവസങ്ങള്‍.. പിന്നീടത്‌ പ്രണയത്തിലും വിവാഹത്തിലും കലാശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി.

ജോസിച്ചായനും മോളും പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് എപ്പോഴോ മുറിവിട്ടുപോയി. ആന്‍ വീണ്ടും പുതപ്പിനടിയില്‍ രക്ഷ തേടി. ജോസിച്ചായന്‍ പറഞ്ഞതുപോലെ ഒന്ന് നിലവിട്ടുകരയാന്‍പോലും എന്തേ തനിക്ക് കഴിയാത്തത്?

ഒരുമിച്ചു ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോള്‍ കൂടെയുള്ളയാളിന്റെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നിട്ടും വൈകി. നവീന്‍ അത്രയ്ക്ക് സമര്‍ത്ഥനായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങള്‍, അതും രക്ഷപ്പെടുമെന്നു ഉറപ്പുണ്ടായിരുന്നവരുടെത്... അതില്‍ മിക്കതും നവീന്റെ കൈപ്പിഴകള്‍.. വീട്ടിലും അനാവശ്യമായ വക്കുതര്‍ക്കങ്ങള്‍.. ദേഷ്യം.. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ നടന്ന പ്രിയങ്കരന്‍!

ജോലിസമയം കഴിഞ്ഞുള്ള പുറത്തുപോക്കിലും പുതിയ കൂട്ടുകെട്ടുകളിലും അസ്വാഭാവികത ‌ തോന്നിയ നാളുകളിലായിരുന്നു തലയില്‍ വലിയൊരു കൂടം കൊണ്ടുള്ള അടിപോലെ അന്വേഷണഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഞെട്ടിപ്പിക്കുന്ന അറിവുകള്‍ പകര്‍ന്നത്.

നവീന് ഏതോ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്! അതിനേറ്റവും യോജിച്ചയിടമായി സ്വന്തം പ്രവര്‍ത്തനമേഘല തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്! ഉറക്കം നഷ്ടപ്പെട്ട രാവുകളായി പിന്നീടങ്ങോട്ട്. ഉടലിലൂടെ കൈചുറ്റി ശാന്താമായുറങ്ങുന്നയാളിന്റെ അടഞ്ഞ കണ്പോളകള്‍ക്കടിയില്‍ ക്രൂരത സങ്കല്പ്പിക്കാനാവാതെ...
ജീവന്‍ കാക്കേണ്ടയാള്‍ക്ക് എങ്ങനെ ജീവനെടുക്കാനാവും! ‍ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതൊക്കെ.. ഏതിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമായി ആശ്വസിക്കാന്‍ ശ്രമിച്ചു..

ആശുപത്രിയിലെ പൊന്നോമന നാലുവയസ്സുകാരി സനയുടെ ആകസ്മികമരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ മുഖത്ത് നമിമോളുടെ പുഞ്ചിരി കണ്ടിരുന്നു. ജോലിത്തിരക്കില്‍ നമിമോള്‍ക്ക് നഷ്ടപ്പെടുന്ന വാത്സല്യം പോലും അവള്‍ക്കു കൊടുത്തിരുന്നു. നവീന്റെ പേഷ്യന്റ് ആയിട്ടുപോലും അവളുടെ എല്ലാ വിവരങ്ങളും ഹൃദിസ്ഥമാക്കി. ഒടുവില്‍ ആശുപത്രി വിടാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ....

നവീനോട് ആദ്യമായി കയര്‍ത്തു സംസാരിച്ചു. അയാളുടെ കണ്ണുകളിലെ ക്രൂരത നേരിട്ട് കണ്ടു. അതുവരെ അറിഞ്ഞതും കേട്ടതുമായതെല്ലാം സത്യമാണെന്ന അറിവ്... നിയന്ത്രണം വിട്ടു എന്തൊക്കെയാണ് സംസാരിച്ചതെന്നറിയില്ല...
നവീന്റെ പ്രഹരമേല്‍പ്പിച്ച അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ അലങ്കോലപ്പെട്ട മുറിയുടെ മൂലയില്‍ അവള്‍ തീര്‍ത്തും ഏകയായി. സ്ഥലകാലബോധത്തിനു പിന്നാലെ വല്ലാത്തൊരു ഭയം വേദനയില്‍ പൊതിഞ്ഞ ശരീരമാസകലം വിറയലായി... കണ്മുന്നില്‍ ആശുപത്രികിടക്കകളും നോവുന്ന മുഖങ്ങളും... അയാള്‍ എല്ലാം നശിപ്പിക്കും.. തങ്ങള്‍ക്കുമാത്രം ന്യായമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരില്‍ ഒരാളായി നവീനും..

ഇഴഞ്ഞും വലിഞ്ഞും മുറിക്കു പുറത്തുകടന്ന് ആന്‍ മാതാവിന്റെ ചിത്രത്തിനരികില്‍ മുട്ടുകുത്തി. അറിഞ്ഞതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആദ്യമായി കോട്ടും സ്റെതസ്കോപ്പും ധരിച്ചനാള്‍ അമ്മച്ചിയുടെ കുഴിമാടത്തിന്നരികെനിന്ന് 'വേദനിക്കുന്നവരെ രക്ഷിക്കുന്ന മാലാഖയാക്കാന്‍ നീ തമ്പുരാനോട്‌ പറയില്ലേ അന്നക്കുട്ടീ...' എന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ അവളുടെ കാല്‍ക്കലേക്ക് പറന്നുവീണ റോസാപൂവിതളുകള്‍ ബൈബിളിന്നുള്ളില്‍ പതിഞ്ഞിരുന്നു.

അന്ന് മുഴുവന്‍ എവിടെയും പോവാതെ നവീനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നു ചിന്തിച്ചു. ഇതെല്ലാം മറ്റുള്ളവര്‍ അറിയുമ്പോള്‍...? നമിമോളെ ജോസിചായന്റെ അടുത്ത് നിര്‍ത്തിയത് നന്നായി. ഒരു ഭീകരന്റെ മകളായി... ഓ.. ജീസസ്! പപ്പയുടെ പുതിയ മുഖം അവളൊരിക്കലും കാണരുത്.  എന്തിനും മേലെയാണ് നിന്‍റെ സ്നേഹമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു! ഒരിക്കലും നവീനെ ഒരു ദുഷ്ടശക്തിക്കും വിട്ടുകൊടുക്കാനാവില്ല... സ്നേഹം കൊണ്ട് മാറ്റാം... എല്ലാവര്‍ക്കും നവീനെ തിരികെ വേണം.

വാതില്‍മണി മുഴങ്ങുമ്പോഴേക്കും നവീനായുള്ള വാചകങ്ങള്‍വരെ തയ്യാറായിരുന്നു. പക്ഷെ, പുറത്ത് അപ്രതീക്ഷിതമുഖങ്ങള്‍ തന്ന ഞെട്ടല്‍ തീരുന്നതിനു മുന്‍പേ അവരുള്ളില്‍ കയറി പരിശോധന തുടങ്ങിയിരുന്നു.

"സീ, ഡോക്ടര്‍, നവീനെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെയും സംശയത്തിന്റെ പേരില്‍ കൊണ്ടുപോവേണ്ടിവരും. സൊ, സഹകരിക്കുക. നവീനെകുറിച്ച് എന്ത് വിവരം കിട്ടിയാലും ഉടനെ ഞങ്ങളെ അറിയിക്കുക"

ഇരുളില്‍ ഒരു കള്ളനെ പോലെ നവീന്‍ ഉള്ളിലെത്തുമ്പോള്‍, ലൈറ്റ് പോലുമിടാതെ സോഫയില്‍ ഭീതിയുടെ പുതപ്പിനുള്ളില്‍ അവള്‍ ചുരുണ്ടിരിക്കുകയായിരുന്നു. അയാള്‍ അവളെ മുറിയിലെ കിടക്കയില്‍ കിടത്തി. ഭ്രാന്തമായി കീഴടക്കപ്പെടുമ്പോള്‍ ഏതോ ഗുഹാമുഖത്തുനിന്നും ആന്‍ അയാളുടെ ശബ്ദം കേട്ടു.

"ഐ നോ, നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍‍ ചെയ്യുന്നത് തെറ്റാവും. ഒന്നുമറിയാത്തവരെ ഇല്ലാതാക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷെ... എനിക്കിനി മാറാന്‍ പറ്റില്ല... അവരെന്നെ ഇല്ലാതാക്കും... അല്ലെങ്കില്‍ പോലീസ് എന്നെ കൊണ്ടുപോകും.. എനിക്കിനിയും ജീവിക്കണം ആന്‍,  മാറ്റപ്പെട്ട പുതിയ ഭൂമിയില്‍... നമുക്ക് സ്വര്‍ഗമാക്കാം ഇവിടം. നീയും വേണം അപ്പോള്‍... ഐ ലവ് യു...ആന്‍.."

പരിശോധനക്കിടക്കയിലെ രോഗിയുടെ നിര്‍വികാരതയോടെ അയാളുടെ കീഴില്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില് എപ്പോഴോ‍ കടലിരമ്പിത്തുടങ്ങി. തിരകളില്‍ മുങ്ങിത്താഴുന്ന ആരൊക്കെയോ... രക്ഷയ്ക്കായി കേഴുന്ന ആര്‍ത്തനാദങ്ങള്‍...

ഇടക്കാരോ അവളെ കുലുക്കി വിളിച്ചതുപോലെ തോന്നി..
"ആന്‍... എന്തൊരു കിടപ്പാണിത്! എഴുന്നേല്‍ക്ക് മോളെ... വല്ലതും കഴിക്ക്.. "
കയ്യില്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഗ്രേസിചേടത്തിക്ക് പിന്നില്‍ അവള്‍ അമ്മച്ചിയെ തിരഞ്ഞു.
"അമ്മച്ചിയെ സ്വപ്നം കണ്ടോ.. ആന്‍ അമ്മച്ചീന്നു വിളിക്കുന്നത്‌ കേട്ടാ ഞാന്‍ വന്നത്."

മുഖം അമര്‍ത്തിത്തുടച്ച് എഴുന്നേറ്റിരിക്കുമ്പോള്‍ അവള്‍ക്ക് മാത്രമറിയുന്ന സത്യങ്ങള്‍ വീണ്ടും തലക്കുള്ളില്‍ തിങ്ങിഞെരുങ്ങി വീര്‍പ്പുമുട്ടിച്ചു. കണ്മുന്നില്‍ ഇപ്പോഴും ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്ന നവീന്‍. എപ്പോഴാണ് നിയന്ത്രണവും ശക്തിയും തനിക്ക് കിട്ടിയതെന്ന് അവള്‍ക്കിപ്പോഴും ഓര്‍മ്മവന്നില്ല.. കട്ടിലിന്റെ തലഭാഗത്ത്‌ നിന്നുകൊണ്ട് തലയിണ അയാളുടെ മുഖത്തമര്‍ത്തിയത് ഈ കൈകള്‍ കൊണ്ട് തന്നെയായിരുന്നോ... അതും ജീവനെക്കാളേറെ സ്നേഹിച്ചയാളെ...! ഓര്‍ക്കാനാവുന്നില്ല ഒന്നും.. വലിഞ്ഞ് നീണ്ട കാലുകളുടെ ചലനം നിലക്കുന്നതുവരെ അമര്‍ത്തിപ്പിടിക്കുമ്പോള്‍ ആശുപത്രിയിലെ കട്ടിലുകളില്‍ ശാന്തമായുറങ്ങുന്നവരെ കണ്ടു.

അഞ്ചുമണിയുടെ അലാറം കേട്ടുണരുമ്പോള്‍ അരികില്‍ സുഖമായുറങ്ങുന്ന നവീന്‍ എന്നാണ് ആദ്യം തോന്നിയത്. മൂക്കിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ച രക്തം കഴിഞ്ഞകാലം മുഴുവന്‍ ഒരുമിച്ചു ഓര്‍മ്മിപ്പിച്ചു.

മറുനാടന്‍ മലയാളിഡോക്ടറുടെ വിധവയായി നാട്ടിലേക്കു തിരിക്കുമ്പോള്‍ അമ്മച്ചിയുടെ മടിയില്‍ തലവെച്ചുറങ്ങുകയായിരുന്നു അതുവരെ എന്നാണ് തോന്നിയത്.

പക്ഷെ ഈ രഹസ്യം ഉള്ളില്‍ വെച്ച് എത്രകാലം! അപ്പച്ചന്‍ പ്രാര്‍ത്ഥിച്ചതുപോലെ രക്ഷകയായ മാലാഖ ആവേണ്ടിയിരുന്ന താന്‍ ഒരു ജീവനല്ലേ ഇല്ലാതാക്കിയത്! കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ദയാവധം ഒരു വിഷയമായപ്പോള്‍ അതുപോലും ആലോചിക്കാനാവില്ലെന്നു വാദിച്ചവള്‍ക്ക് എങ്ങനെ... എന്തുതന്നെ കാരണമായാലും.... ശിക്ഷ അര്‍ഹിക്കുന്നില്ലേ... തെറ്റാണ് ചെയ്തത്! നവീന്‍... നീയെന്നോട്‌ പൊറുക്കുമോ? നിന്‍റെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല.. മറ്റുള്ളവരെ വിഷമിപ്പിച്ചു നമുക്കൊരു സന്തോഷം ഉണ്ടാവുമോ? നവീനെ ഒരു കൊലയാളിയായി കാണാന്‍ എനിക്കാവില്ലായിരുന്നു...  കര്‍ത്താവേ... ആരോട് പറയും? നവീന്‍ ഇല്ലാത്ത ലോകത്ത് തനിച്ച് എങ്ങനെ...! നമിമോളുടെ മുഖം കണ്ടു കൊതിതീര്‍ന്നില്ല... മാതാവേ...

ബൈബിളിലെ പേജുകള്‍ ഭ്രാന്തമായി മറിച്ചുകൊണ്ട് ആന്‍ അമ്മച്ചിയെ തിരഞ്ഞു..

കളിപ്പാട്ടവുമായി നമിമോള്‍ മുറിയിലെത്തുമ്പോഴും കരിമ്പടത്തിനടിയില്‍ ആന്‍ ചുരുണ്ടുകിടക്കുകയായിരുന്നു.

Monday, December 13, 2010

എന്ത് ഞാനെഴുതും?

ബ്ലോഗെഴുത്ത്  തുടങ്ങിയ കാര്യം പലപ്പോഴും അമ്മയോടു പറയണമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല...
അമ്മയെ കുറിച്ചുതന്നെ എഴുതി,  ആദ്യമായി അത് കാണിക്കണം എന്ന് കരുതി...
അതും നടന്നില്ല..
ഒന്നിനും... ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ പോയി...
ഇപ്പോള്‍ ഓരോ തവണയും എഴുതാനായി ഇരിക്കുമ്പോള്‍ വികാരവിക്ഷോഭങ്ങള്‍ കൊണ്ട് കടലായി മാറുന്ന മനസ്  കണ്ണിലൂടെ പെയ്തിറങ്ങും...
വാക്കുകള്‍ എവിടേയ്ക്കോ കലങ്ങിയൊഴുകും..
ശൂന്യമായ മനസുമായി ഞാന്‍ വെറുതെയിരിക്കും...

കുഞ്ഞുന്നാളില്‍ ഞാന്‍ കരയുമ്പോള്‍ ഒരു സൂത്രം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു സന്തോഷിപ്പിക്കുമായിരുന്ന...
എന്‍റെ രോഗശയ്യയില്‍  അരികിലിരുന്ന് ഗുരുവായൂരപ്പനോട്  പ്രാര്‍ഥിച്ചിരുന്ന...
ഞാന്‍ പടിയിറങ്ങുമ്പോള്‍ കാഴ്ച മറയുംവരെ അമ്പലമുറ്റത്ത്  നോക്കിനിന്ന...
നിന്‍റെ തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്ന് ആത്മവിശ്വാസം തന്നിരുന്ന...
അച്ഛന്‍റെ അനുഗ്രഹം എന്നുമുണ്ടാവുമെന്ന് ധൈര്യം പകര്‍ന്ന...
എന്‍റെ മകളുടെ മുന്നില്‍പോലും എന്നെ കെട്ടിപ്പിടിച്ചു കൊഞ്ചിച്ച...
ഞാന്‍ വയറ്റില്‍ ചുറ്റിപ്പിടിച്ചു ഇക്കിളിയിടുമ്പോള്‍ കുലുങ്ങിചിരിച്ചിരുന്ന..
ഒടുവില്‍...
ഈ പാപിയായ മകള്‍ കാരണം മണിക്കൂറുകളോളം മരവിച്ചു കാത്തുകിടന്ന...
എന്‍റെ അമ്മയെ കുറിച്ച് ഞാന്‍ എന്തെഴുതും... ?
ഈ തണുത്ത ഡിസംബര്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ന്ന അമ്മയുടെ നെറ്റിയെ ഓര്‍മ്മിപ്പിക്കുന്നു...
എന്‍റെ കൈകള്‍ക്കടിയില്‍ അനങ്ങാതെയിരുന്ന ആ കാല്‍വിരലുകളെ ഓര്‍മ്മിപ്പിക്കുന്നു...
ഈ ഓര്‍മ്മകള്‍ എനിക്ക് അനാഥത്വം തരുന്നു...

ഇങ്ങനെ അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ എഴുതാമെന്നല്ലാതെ എനിക്കൊന്നിനും ശക്തിയില്ലെന്‍റെ അമ്മക്കുട്ടീ.... ഒരിക്കല്‍കൂടി ആ നെഞ്ചില്‍ മുഖമമര്‍ത്തിക്കിടക്കട്ടെ ഞാന്‍..


(കഴിഞ്ഞ ഡിസംബറില്‍ എന്നെ വിട്ടുപോയ അമ്മയ്ക്കായി അടുക്കിവെക്കാന്‍ ശ്രമിച്ച കുറെ വാക്കുകള്‍ ആ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു)

Monday, October 18, 2010

ഇരുട്ടില് നെഴലുണ്ടാവ്വ്വോ?

"നിയ്ക്ക് തലയ്ക്കു സുഖോല്ല്യെ കുട്ടീ? "
നീണ്ട വരാന്തയിലൂടെ വിദ്യയുടെയും പ്രശാന്തിന്റെയും കൈ പിടിച്ച് പതിയെ നടന്ന് സൈക്യാട്രി വിംഗ് എന്ന വലിയ ബോര്‍ഡ്‌ ചൂണ്ടുന്നിടത്തേക്ക് തിരിയുമ്പോള്‍ ലീലാവതിയമ്മ തിരിഞ്ഞുനിന്നു.
വിദ്യ വിതുമ്പിവന്ന കരച്ചില്‍ ചുവരോരത്തേയ്ക്ക് ഒതുക്കുമ്പോള്‍ പ്രശാന്ത് അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.
"ഏയ്‌.. ഒന്നൂല്ല്യാ... എല്ലാത്തിന്റെയും ചെക്കപ്പ്‌ അല്ലെമ്മേ? ഇതൊക്കെ ഓരോ ഫോര്‍മാലിറ്റി എന്നേയുള്ളൂ.. "
വിശ്വാസമാവാതെ നടക്കുന്ന അമ്മയുടെ പിന്നിലൂടെ ഭാര്യയെ ശകാരഭാവത്തില്‍ അയാള്‍ നോക്കി.
അടുത്തിരിക്കുന്ന ആളുകളെ ഓരോരുത്തരെയും വെറുതെ നോക്കുമ്പോഴും അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവിടെ ആരും ആരെയും ശ്രദ്ധിച്ചില്ല.
വിദ്യയും പ്രശാന്തും അമ്മയുടെ കയ്യില്‍ പിടിച്ചുകൊണ്ടുതന്നെയാണ് കസേരയില്‍ ഇരുത്തിയത്.
"ലീലാവതിയമ്മ ടീച്ചര്‍ ആയിരുന്നുവല്ലേ? അമ്മേ എന്ന് വിളിക്കണോ അതോ ടീച്ചറേന്നു വിളിക്കണോ? " മലയാളി ഡോക്ടര്‍ ചോദിച്ചതുകേട്ട് അമ്മ ഒന്നാലോചിച്ചു. പിന്നെ ചിരിച്ചു.
"എന്നാല്‍ ടീച്ചറമ്മേന്നു വിളിക്കാം, ന്താ? ഞാന്‍ പ്രശാന്തിന്റെ കൂടെ കോളേജില്‍ പഠിച്ചതാ.. അമ്മയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.."
"ഒന്നുകില്‍ വല്ലാത്ത ചിന്ത, അല്ലെങ്കില്‍ എപ്പോഴും സംസാരം.. അച്ഛന്‍ മരിച്ചതിനു ശേഷാ ഇങ്ങനെ... " വിദ്യയുടെ സംസാരത്തിന് ഡോക്ടറുടെ ഇടത്തേ കൈപ്പത്തി തടയിട്ടു.
"ടീച്ചറമ്മ പറയൂ... എന്തൊക്കെയാ വിശേഷങ്ങള്‍?"
"വിശേഷം.... എന്താ പറയ്യാ... എല്ലാം പോയില്ല്യെ... "
പെട്ടെന്നെന്തോ ഓര്‍ത്തുനിര്‍ത്തിയിട്ടു ഇളം നീലസാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു, കസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ചുറ്റും നോക്കി പെട്ടെന്ന് എവിടെയോ സ്വയം നഷ്ടപ്പെട്ടിരുന്നു.
"ടീച്ചറമ്മ  എന്താ ആലോചിക്കുന്നത്?"
"എല്ലാര്‍ക്കും മൂപ്പരെ പേടിയായിരുന്നു.. വലിയ തറവാട്ടിലെ കാര്‍ന്നോരല്ലേ.. പോരാത്തതിന് കോളേജിലെ മാഷും! ആരും മുന്നില്‍ നിക്കില്ല്യാ... മൂപ്പരടെ പെണ്ണായിട്ടാ വരണതേ... യ്ക്കും പേട്യന്നെ! പെണ്ണുകാണാന്‍ വന്നപ്പളും ഒന്നും ചോദിച്ചില്ല്യാ.. അതെങ്ങന്യാ... അന്ന് ഏടത്തീടെ നിഴലല്ലേ ഞാന്‍!
"ഓ... തുടങ്ങി പഴമ്പുരാണം!" വിദ്യ തെല്ലുജാള്യതയോടെ പ്രശാന്തിനെ നോക്കി.
"കുട്ട്യായിരുന്നപ്പോ അമ്മമ്മടെ നെഴലാ നീയ്യെന്നു കളിയാക്കീര്ന്നു ഏടത്തീം അമ്മുത്തലെത്തെ പാറൂം.. പാടത്തും പറമ്പിലുമൊക്കെ അമ്മമ്മടെ പിന്നാലെയല്ലേ നടന്നേര്‍ന്നെ...
അമ്മമ്മ കിടപ്പായപ്പോഴാ ഏടത്തീടെ പിന്നാലെ കൂടീത്.. നിയ്ക്കതല്ലേ പറ്റുള്ളൂ... ഇസ്കൂളില് പ്രാര്‍ത്ഥനയ്ക്ക് വരീല് നിക്കുമ്പോ മുമ്പില് നിക്കാന്‍ പറേം കണക്കുമാഷ്. അപ്പളും ജാനകീടെ പിന്നിലെ നിക്കുള്ളൂ.. "
"അതെന്തേ അങ്ങനെ? പേടിച്ചിട്ടാ? "
"പേടീണ്ടോ ന്നു ചോദിച്ചാ ഇല്ല്യാന്നു തോന്നും... ന്നാലും മുന്നില്‍ നിക്കാന്‍ എന്താവോ..
കല്യാണായി അവടയ്ക്ക് പോവുമ്പോ അമ്മമ്മ പറഞ്ഞതാ.. ദൈര്യായിരിക്കണംന്ന്... ന്നാലും മൂപ്പര്‍ടെ നെഴലാവാനല്ലേ പറ്റുള്ളൂ.. അവിടേള്ളോരന്നെ ഉമ്മറത്ത്‌ നിക്കില്ല്യാ.. അപ്പഴാ ഞാന്‍! "
മൌനത്തിനിടയില്‍ അമ്മയുടെ കയ്യില്‍ പിടിക്കാനൊരുങ്ങിയ വിദ്യയെ ഡോക്ടര്‍ ആംഗ്യത്താല്‍ തടഞ്ഞു.
"ന്നാലും സ്നേഹായിരുന്നു... ഇരുട്ടില് തോളില് കൈ വെച്ചിട്ട് ഊണു കഴിച്ച്വോ..ന്ന് ചോദിച്ചാല്‍ മതീലോ...."
ലീലാവതിയമ്മ ഓര്‍മ്മകളില്‍ മുഴുകി മന്ദഹസിച്ചു.
"ടീച്ചറമ്മക്ക് കുടിക്കാന്‍ ചായ ആയാലോ?"
"അമ്മേ... "
"കുട്ടി ഇപ്പൊ പറഞ്ഞില്ല്യെ.. ടീച്ചര്‍ ആയിരുന്നൂന്നു നിയ്ക്കന്നെ വിശ്വസല്ല്യാ... മൂപ്പര് കൊണ്ടു വിടും.. തിരിച്ചും കൂട്ടീട്ടു വരും... പെന്ഷനായിട്ടു പത്തുപതിനഞ്ചു കൊല്ലായില്ല്യെ... അദൊന്നും ഓര്‍മ്മേം കൂടീല്ല്യ... മൂപ്പരടെ കാര്യങ്ങള് നോക്കി നടത്ത്വാ.. മൂപ്പര് പറയണത് ചെയ്യാ... ദാ.. ഒറ്റമോളാ.. ഇവളെ അയക്കണവരെ ഇവള്‍ടെ കാര്യോം നോക്കീരുന്നു... അദന്നെ... "
"ഓ... ഐ  സീ...പെട്ടെന്നായിരുന്നോ വിദ്യേടെ അച്ഛന്‍...?"
"മൂപ്പര് സൂക്കെടായി കെടന്നപ്പോ അറിയായിരുന്നു ഒരുപാട് കാലോന്നും 'ണ്ടാവില്ല്യന്ന്.. ന്നാലും... പെട്ടെന്നൊരു ദിവസം ഒന്നും പറയാണ്ട്.... ഒറക്കത്തിലന്നെ..."
"ടീച്ചറമ്മ ഈ ചായ കുടിയ്ക്കൂ..."
"അമ്മ തനിച്ചു അവടെ ഇരിക്കണ്ടാന്നു പറഞ്ഞു കൂടെ കൂട്ടീതാ ഇവള്... ഷാരത്തെ വല്സലേം അതന്ന്യാ പറഞ്ഞെ...
ഇപ്പൊ ദാ.. ഇവരും പൂവാത്രേ... അമേരിക്കക്ക്..."
"അമ്മേ... രാജമാമയും അമ്മായീമൊക്കെ നോക്കിക്കോളാംന്ന് പറഞ്ഞിട്ടല്ലേ... പോരാത്തതിന് പ്രശാന്തിന്റെ അമ്മേം അച്ഛനുമൊക്കെയില്ല്യെ? അമ്മ ഇങ്ങനെ വാശി പിടിച്ചാലെങ്ങനെയാ? പ്രശാന്ത്‌ പോവുമ്പോള്‍ ഞാനെങ്ങനെയാ ഇവടെ നിക്ക്വാ?" അതുവരെ ഉള്ളില്‍ ഉറഞ്ഞുകൂടിയതെല്ലാം വിദ്യ ഒറ്റയടിക്ക് ഒഴുക്കിക്കളഞ്ഞത് അമ്മ കേട്ടില്ല.
ചായകപ്പ് മേശപ്പുറത്തുവെച്ച് ലീലാവതിയമ്മ പതിയെ എഴുനേറ്റ്, ചുവരിലും കസേരയിലും പിടിച്ചുകൊണ്ടു ജനാലയ്ക്കലേക്ക് നടന്നു.
"സീ വിദ്യ... യു ഷുഡ് അണ്ടര്‍സ്റ്റാന്റ് ഹേര്‍ മൈന്‍ഡ്... "
അവരുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട്‌ ഡോക്ടര്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
" നിങ്ങള്‍ വിചാരിക്കുന്നതുപോലെ കാര്യമായി ഒന്നുമില്ല അമ്മക്ക്... ഇതൊരു തരം ആന്ക്സൈറ്റി...... "
മൂന്നുപേരുടെ ശബ്ദങ്ങള്‍ ഇടതടവില്ലാതെ ഉയരുമ്പോള്‍ ലീലാവതിയമ്മ അവിടുത്തെ കട്ടിലില്‍ ഇരുന്ന് പുറത്തേക്കു നോക്കി.
ദാ... സൂര്യന്‍ അസ്തമിക്കാന്‍ പോണൂ.. ഇരുട്ടാവ്വ്വാ...  ഇരുട്ടില്   നെഴലുണ്ടാവ്വ്വോ? ഇനി വെളിച്ചം മാത്രം മതിയോ... നെഴലിനു മുന്നില്‍ നിക്കാന്‍ രൂപോം വേണ്ടേ? ന്തേ ഇദോന്നും ആര്‍ക്കും മനസിലാവാത്തെ?"

Thursday, September 30, 2010

പൊരുളറിയാതെ..

പൊരിവെയിലേറ്റു പാതയോരത്ത് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയില്ല! തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വെയിലത്ത്‌ വാടിയ വിശന്ന മുഖങ്ങളും ഇടയ്ക്ക് ചിതറുന്ന ചോരത്തുള്ളികളും മാംസക്കഷ്ണങ്ങളും കാണുമ്പോള്‍ പലപ്പോഴും ആശിച്ചിരുന്നു, ഒരിക്കലെങ്കിലും ഇമയൊന്നുചിമ്മാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. തൊട്ടടുത്ത കൊച്ചുകൂടാരങ്ങളില്‍ നിന്നും ചിരിയും കൊഞ്ചലും ശകാരവും കരച്ചിലും നിലവിളിയുമൊക്കെ ഉയരാറുണ്ട്. ചില രാത്രികളില്‍ മറ തേടി എത്തുന്ന ശരീരങ്ങള്‍.. അര്‍ഥം തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദങ്ങള്‍...

എത്രകാലത്തെയ്ക്കെന്നറിയാത്ത വിരസമായ തുടര്‍ച്ചയുടെ ഒരു രാത്രി മുകളില്‍ നിന്നും തണുത്ത വെള്ളത്തുള്ളികള്‍ ദേഹത്ത് പതിച്ചു. കൂടാരങ്ങളില്‍നിന്നും ആരൊക്കെയോ ഓടിയിറങ്ങിവന്ന് വെളുത്ത പുതപ്പുകൊണ്ട്‌ മൂടി കാലുകളോടുചേര്‍ത്ത് കെട്ടിവെച്ചു. ഇരുള്‍ മാറി വെളിച്ചം വന്നപ്പോള്‍ മുന്നിലെ കാഴ്ചകള്‍ നഷ്ടമായിരുന്നു. തലേന്നുവരെ കണ്ടതെല്ലാം ശബ്ദങ്ങളും വെളുപ്പും മാത്രമായി. കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസിലായത് അപ്പോള്‍ മാത്രമാണ്.

ഇടയ്ക്ക് ഏതോ വികൃതിയുടെ ദാക്ഷിണ്യം മൂടുപടത്തിലെ വലിയ തുളകളായി. ഇപ്പോള്‍ ചിലപ്പോഴൊക്കെ വീശാറുള്ള തണുത്ത കാറ്റും പാഞ്ഞുപോവുന്ന നിറങ്ങളും ആശ്വാസമാവുന്നുണ്ട്‌. ശബ്ദങ്ങള്‍ കുറേക്കൂടി വ്യക്തമായിത്തുടങ്ങി. ഇടയ്ക്കൊരു ദിവസം ആരൊക്കെയോ തള്ളിനീക്കി കുറച്ചുകൂടി മുന്നിലെത്തപ്പെട്ടു. തണുത്ത നിറങ്ങള്‍ ശരീരത്തും മുഖത്തുമൊക്കെ ശ്രദ്ധയോടെ ചാലിച്ചുചേര്‍ത്തുകൊണ്ടുനിന്ന കലാകാരന്‍റെ നിശ്വാസമേറ്റ് പിന്നെയും കുറെ നാള്‍ പാതയരികില്‍... ഇപ്പോള്‍ ഈ വഴിപോവുന്ന പലരും നോക്കുകയും ആശ്ചര്യപ്പെടുകയും കുട്ടികള്‍ കൈചൂണ്ടുകയും കൈകൊട്ടി ചിരിക്കുകയും ചെയ്യുന്നു.

ഹോ... കുറച്ചു ദിവസമായി പെരുമഴയാണ്.വീണ്ടും കനത്ത മൂടുപടം പുറം കാഴ്ചകള്‍ ഇല്ലാതാക്കി. എങ്കിലും ഇടയ്ക്കിടെ ആരൊക്കെയോ വന്നു മറനീക്കി സൌന്ദര്യം ആസ്വദിക്കുകയും ദേഹത്ത് അവിടവിടെ തൊട്ടു നോക്കി, ഉറക്കെയുറക്കെ സംസാരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇടതുവശത്തെ ചെറിയ ദ്വാരം വഴി ശക്തമായി കാറ്റ് വീശിയപ്പോഴാണ് തലേന്ന് കേട്ട ഇരമ്പലും സംസാരവും അരികില്‍ നിന്നിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു എന്ന് മനസിലായത്. ഇതുപോലെ ആരെങ്കിലും ഇവിടെ നിന്നും പോകുന്ന രാത്രി ശബ്ദമുഖരിതമായിരിക്കും. കിട്ടുന്നത് മുഴുവന്‍ നശിപ്പിക്കുമെന്ന് ശകാരമാവുന്ന വേവലാതിയും ആധിപത്യം സ്ഥാപിക്കാനെന്നോണം ബലപരീക്ഷണം നടത്തുന്ന ലഹരിയുടെ അതിപ്രസരവും.. ഇടക്കെപ്പോഴൊക്കെയോ നിലവിളിയുടെ അനുബന്ധമായ കുഞ്ഞുകരച്ചിലുകളും..

ഇന്ന് വന്നവര്‍ക്ക് എന്നെ ബോധിച്ചുവെന്നു തോന്നുന്നു. ഏതോ വലിയ വാഹനത്തില്‍ ആരൊക്കെയോ എടുത്തു കയറ്റിവെച്ചു. ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കാഴ്ചകളുണ്ട്‌‌.. എവിടെക്കോ നീങ്ങുന്നതുപോലെ.. എപ്പോഴോ ചെറിയ കുലുക്കത്തോടെ നിന്നപ്പോള്‍ വഴിയരികിലെ കടയുടെ മുന്നില്‍ പതിച്ച വലിയ കണ്ണാടിയില്‍ തെളിഞ്ഞ രൂപം ആശ്ചര്യപ്പെടുത്തി. വിടര്‍ന്ന കണ്ണുകളും ആഭരണങ്ങളും നീണ്ട തുമ്പിക്കൈയ്യും  കണ്ടു. വീണ്ടും കുലുങ്ങിക്കുലുങ്ങി എവിടെക്കോ പോയി.

വലിയ മേടയിലേക്ക് ആനയിക്കപ്പെട്ട്, പുഷ്പഹാരങ്ങളാല്‍ അലങ്കരിക്കപ്പെട്ട്, പൂക്കളും സുഗന്ധവും വിളക്കുകളും മണിനാദവും കൊണ്ട് പൂജിക്കപ്പെട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളാവുന്നു. കാവിയും മഞ്ഞയും ധരിച്ചവര്‍ മുന്നില്‍ വന്നുനിന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു. ഭജനകള്‍ ഉറക്കെ പാടുന്നു.. മുന്നില്‍ നിറയെ ഭക്ഷണസാധനങ്ങളും മറ്റെന്തൊക്കെയോ ഒക്കെ വെച്ച് നിവേദിക്കുന്നു. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന ചിലര്‍.. ഭക്തിയാല് ഉന്മാദാവസ്ഥയിലെത്തപ്പെട്ട ചിലര്‍..

ശബ്ദഘോഷങ്ങള്‍ അരോചകമായിത്തുടങ്ങി. ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുക എന്നത് ആദ്യമൊക്കെ സന്തോഷം തന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരുതരം മടുപ്പ്.. എന്നും ഒരേ മന്ത്രോച്ചാരണങ്ങള്‍.. പ്രാര്‍ത്ഥനകള്‍.. ഗാനാലാപനം.. ഇടയ്ക്കു കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍.. ചിലതൊക്കെ കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.. വെളിച്ചത്തില്‍ മുന്നില്‍ വന്നുവീണ ചില വസ്തുക്കള്‍ക്ക് വലിയ വിലയുണ്ടെന്ന് ഇരുളിലെ തര്‍ക്കങ്ങളും പിടിവലികളും മനസിലാക്കിത്തന്നു.

ആരൊക്കെയോ വലിച്ചുകയറ്റിയ വലിയ വാഹനത്തില്‍ വീണ്ടും എവിടെയ്ക്കെന്നറിയാതെ...   വാദ്യഘോഷങ്ങളുമായി കുട്ടികളും ചെറുപ്പക്കാരും മുന്നിലും പിന്നിലും. വഴിയില്‍ പലയിടത്തും സമാനരൂപികള്‍ അനുഗമിക്കുന്നുണ്ടെന്നു തോന്നുന്നു. നെടുനീളെ കെട്ടിയിട്ട കൂടാരത്തില്‍ അടുത്തുനിന്നിരുന്ന ആരെങ്കിലും അവരില്‍ ഉണ്ടായിരുന്നോ എന്തോ..

വലിയ പുരുഷാരവും താണ്ടിനീങ്ങുമ്പോള്‍ മുന്നില്‍ ഇപ്പോള്‍ നീലനിറമുള്ള കടലാണ്. ശക്തിയോടെ നുരയും പതയുമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍.. ഇരിപ്പിടത്തിലും കാലിലുമൊക്കെ കൂറ്റന്‍ കയര്‍ കെട്ടി വലിച്ചിഴക്കപ്പെടുന്നു... ശബ്ദകോലാഹലങ്ങളുടെ പാരമ്യത്തില്‍ ചെവി കൊട്ടിയടക്കപ്പെട്ടതുപോലെ.. വല്ലാത്തൊരു ഇരമ്പല്‍ മാത്രമേയുള്ളൂ ഇപ്പോള്‍.. പിന്നില്‍നിന്നും ശക്തിയായ തള്ളല്‍ അനുഭവപ്പെടുന്നുണ്ട്. തിരമാലകള്‍ ആര്‍ത്തിയോടെ ആഞ്ഞുപുണരുന്നു.. മുന്നിലേക്ക്‌ ഒഴുകിനീങ്ങുമ്പോള്‍ ഇരിപ്പിടവും കാലുമൊക്കെ അടര്‍ന്നു തുടങ്ങി... നെഞ്ചോളം മുങ്ങി.. തുമ്പിക്കയ്യും നനഞ്ഞലിഞ്ഞു.. എത്രയോ നാളുകള്‍ ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ചാര്‍ത്തിയ നിറങ്ങള്‍ ജലപ്പരപ്പില്‍ പടര്‍ന്നോഴുകുന്നു.. ഭീമാകാരം പൂണ്ട തിരയുടെ കരിമ്പടം മുഖത്തേക്ക് വലിച്ചെറിഞ്ഞ് തന്നിലേക്ക് വലിച്ചടുപ്പിച്ചതുപോലെ... ഉപ്പുവെള്ളം കണ്ണുകളിലെ വര്‍ണ്ണങ്ങള്‍ ഒഴുക്കിക്കളയുന്നതിനു തൊട്ടുമുന്പായി പൂജാപുഷ്പങ്ങളും മറ്റലങ്കാരങ്ങളും കടലിന്‍റെ മാറിലേക്ക്‌ ഒഴുകുന്നത്‌ കണ്ടു.... കാതുകളില്‍ വെള്ളം കയറിയതാണോ അതോ അതും മറ്റ് അവയവങ്ങള്‍ പോലെ അടര്‍ന്നു പോയോ? കാഴ്ച നേര്‍ത്തുനേര്‍ത്തില്ലാതായി...

(എന്‍റെ ഇവിടുത്തെ വഴിയോരക്കാഴ്ചകളില്‍ ഒന്നാണ് നെടുനീളെ കെട്ടിയിട്ട കൂടാരങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന ചെറുതും വലുതുമായ അസംഖ്യം ഗണേശപ്രതിമകള്‍. ഒരു പ്രത്യേക ദിവസത്തിനുവേണ്ടി മാസങ്ങളോളം നീളുന്ന ജോലി ചിലപ്പോഴൊക്കെ ജീവിതത്തിന്റെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കും.)

Friday, September 3, 2010

ഒരല്‍പം അടുക്കളക്കാഴ്ചകള്‍

മുള്ളങ്കി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മലയാളികള്‍ക്ക് വലിയ പ്രിയമില്ലാത്ത ഒന്നാണ് എന്നാണ് എന്‍റെ വിശ്വാസം. പണ്ട് വീടിന്നടുത്ത്‌ വരാറുള്ള പച്ചക്കറിക്കാരന്റെ കുട്ടയില്‍ മുള്ളങ്കി കാണുമ്പോള്‍ അമ്മ പറയുമായിരുന്നു, ഗുണമുള്ള സാധനമാണെന്ന്. പക്ഷെ ഒരിക്കല്‍പോലും അത് വാങ്ങാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പിന്നെ ഞാന്‍ അതിന്റെ രുചി അറിഞ്ഞത് ചെന്നൈ ജീവിതത്തിലാണ്. ഹോസ്റ്റലിലെ പ്രധാനവിഭവമായിരുന്ന സാമ്പാറില്‍ വെളുത്ത നാണയങ്ങള്‍ പോലെ മുള്ളങ്കി കഷണങ്ങള്‍ കിടന്നിരുന്നു. പരിപ്പ് പോലും ശരിക്കും ചേര്‍ക്കാത്ത സാമ്പാറിന്റെ ഏക ഹൈലൈറ്റ് ഇത് തന്നെയായിരുന്നു എന്ന് പറയാം.

പിന്നീട് ഹൈദെരബാദിലെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ വഴിയാണ് മുള്ളങ്കി കൊണ്ട് സ്വാദിഷ്ടമായ പലതും ഉണ്ടാക്കാം എന്ന് മനസിലാക്കിയത്. അതിലേറ്റവും വിശിഷ്ടമായി തോന്നിയത് 'മൂലി കാ പറാട്ടാ' ആണ്. മുള്ളങ്കിയും മറ്റു മസാലകളും ഉള്ളില്‍ വെച്ച് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന ചപ്പാത്തി ആണ് അത്. ഡല്‍ഹിക്കാരി ആസ്ത ആണ് എന്‍റെ പൊറോട്ടകളുടെ ഗുരു.

ഇതൊക്കെയാണെങ്കിലും എന്റേതായ പരീക്ഷണങ്ങള്‍ കൊണ്ട് വീട്ടിലുള്ളവരെ വിഷമിപ്പിക്കുക എന്നത് ഏതൊരു വീട്ടമ്മയെയും പോലെ എന്റേയും വിനോദമാണ്‌. മൂലി കാ പറാട്ടാ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ ബാക്കി വന്ന മുള്ളങ്കി എന്‍റെ റെഫ്രിജറേറ്ററിനെ 'സുഗന്ധ'പൂരിതമാക്കിയപ്പോള്‍,  എന്‍റെ തലയില്‍ പൊട്ടിമുളച്ച ഐഡിയ ആയിരുന്നു മുള്ളങ്കിപക്കോട.

ഒട്ടും അമാന്തിച്ചില്ല. കടലമാവും മറ്റു സാധനങ്ങളും ഉണ്ടെന്നു മനസിലായപ്പോള്‍ പിന്നെ പറയേണ്ടല്ലോ..

ഭാഗ്യത്തിന് അത് നന്നായിവന്നു. സാധാരണ വീട്ടില്‍ ഉണ്ടാക്കാറുള്ള സാധനങ്ങളോട് വലിയ പ്രിയം കാട്ടാത്ത എന്‍റെ മകള്‍ വീണ്ടും ചോദിച്ചു വാങ്ങിയപ്പോള്‍ അത് നിങ്ങളോടും കൂടി പങ്കിടാന്‍ ആത്മവിശ്വാസം തോന്നി. ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സായാഹ്ന സ്നാക്ക് ആണെന്നുള്ളതുകൊണ്ടാണ് അതെങ്ങനെയാണ്‌ ഞാനുണ്ടാക്കിയതെന്ന് ഇവിടെ പറയുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ് ഒന്നും അല്ലാത്തതുകൊണ്ട് പാചക കുറിപ്പ് തയ്യാറാക്കുന്നതിലും പോരായ്മകള്‍ ഉണ്ടാവും. ഞാന്‍ എടുത്തത്‌ അതേപടി എഴുതുന്നു.


ആവശ്യമുള്ള സാധനങ്ങള്‍ :-

മുള്ളങ്കി - ഒരെണ്ണം ചീകിയത് (ഗ്രേറ്റ് ചെയ്തത്)
കടലമാവ് - രണ്ടു കപ്പ്
അരിപ്പൊടി - അരക്കപ്പ്
അജ്വൈന്‍ (ഓമം) - 1/2 ടീസ്പൂണ്‍
ജീരകം - 1 / 4 ടീസ്പൂണ്‍
കായപ്പൊടി - 1 / 4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി
എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് കടലമാവും അരിപ്പൊടിയും എടുത്തു അതിലേക്കു മേല്പറഞ്ഞ ബാക്കി ചേരുവകള്‍ എല്ലാം ഓരോന്നായി ചേര്‍ത്ത് കുഴക്കുക. മുള്ളങ്കിയില്‍ ജലാംശം നല്ലതുപോലെ ഉള്ളതുകൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമേ ഉണ്ടാവില്ല. ഉപ്പിട്ട് കുഴയ്ക്കുംതോറും അതില്‍നിന്നും വെള്ളം ഊറിവന്നുകൊള്ളും. അതുകൊണ്ടുതന്നെ കുഴച്ചു അധികനേരം വെയ്ക്കരുത്. കട്ടിയായി തന്നെ കുഴച്ചു ചെറിയ ഉരുളകളാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, ഓരോ ഉരുളയും കൈകൊണ്ടു ഒന്ന് അമര്‍ത്തി ചൂടുള്ള എണ്ണയില്‍ ഇട്ടു വറുത്തു കൊരിയെടുക്കാം.
ചൂടോടെ ടൊമാറ്റോ കെച്ചപ്പ് കൂട്ടി കഴിക്കാം.

സീക്രെട്ട് ടിപ്സ് :
ഞാനിതു ഉണ്ടാക്കിയ വൈകുന്നേരം ഇവിടെ വലിയ മഴ ആയിരുന്നു. ചൂട് ചായയ്ക്കൊപ്പം മുള്ളങ്കി പക്കോട എളുപ്പം 'ചെലവായില്‍' പോയതിനു മറ്റൊരു കാരണം അതുമാവാം. അതുകൊണ്ട്‌ കൂടുതല്‍ നല്ല കോമ്പ്ലിമെന്റ് കിട്ടാന്‍ മഴയുള്ള ദിവസം ഉണ്ടാക്കൂ..

Wednesday, August 11, 2010

പവിത്ര

അച്ഛന്‍ അയച്ച കത്ത് ഒരിക്കല്‍കൂടി വായിക്കാനെടുത്തപ്പോഴായിരുന്നു അമിത് വിളിച്ചത്.

"പവിത്രാ.. ഈ ഞായറാഴ്ചക്ക് ഒരു ഓഫര്‍ ഉണ്ട്. ഒരു എന്‍ആര്‍ഐ വ്യവസായി ആണ്. പക്ഷെ... പുരുഷനാണ്.. എനിക്കറിയാം, നീ സമ്മതിക്കാന്‍ മടിക്കുമെന്ന്... ബട്ട്‌, ബിലീവ് മി.. നിന്‍റെ കാര്യമൊക്കെ അറിയാവുന്നത് കൊണ്ടാണ്... ഇതൊരു ഗ്രേറ്റ്‌ ഓഫര്‍ തന്നെയാവും. അയാള്‍ക്ക് ഒരു പകലിനു കൂട്ട് പോയാല്‍ മതിയത്രെ.. വെറുതെ നഗരം ചുറ്റല്‍ തന്നെ."

ആലോചിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു സംസാരം അവസാനിപ്പിച്ചു വീണ്ടും കത്ത് തുറന്നു.

".......... നിന്‍റെ പുതിയ ജോലി പഠനത്തെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നു. സ്വയം സൂക്ഷിക്കാന്‍ നിനക്കാവുമെന്നു അച്ഛനറിയാം. എങ്കിലും നഗരത്തിലെ ആളുകള്‍ പലവിധമാവും..." അത്രയും വായിച്ച് അവള്‍ കത്ത് മടക്കി മേശപ്പുറത്തു വെച്ചു.

താമസസ്ഥലത്തേക്ക് തപാല്‍ ശിപായി വരുന്നത് ഒരുപക്ഷെ തനിക്കായി മാത്രമായിരിക്കും എന്ന് പവിത്രക്ക് തോന്നാറുണ്ട്. ഓരോ കത്തിലും അവളുടെ ഗ്രാമവിശേഷങ്ങള്‍ അടുത്തിരുന്ന് അച്ഛന്‍ പറയുന്നതായി തോന്നും. കുടുംബസ്വത്തായി കിട്ടിയ ഭൂമിയിലെ മോശമല്ലാത്ത ആദായം മനസ്സില്‍ കണ്ടാണ്‌ നാഗേശ്വരറാവു മകളെ നഗരത്തില്‍ പഠിക്കാന്‍ അയച്ചത്. മൂത്തമകള്‍ പ്രജ്ഞയുടെ വിവാഹാവശ്യത്തിനായി സ്ഥലത്തെ പ്രമാണി രംഗാറെഡ്ഡിയോട് കടം വാങ്ങിയതും അതുകൊണ്ട് തന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതി കനിയാതിരുന്നതുമൂലമുള്ള നഷ്ടത്തിന്റെയും അപമാനത്തിന്റെയും കഥകള്‍ സമീപകാലങ്ങളില്‍ പവിത്രയെ തേടിയെത്തിയപ്പോഴാണ് സുഹൃത്തായ അമിത് നിര്‍ദ്ദേശിച്ച പുതിയ വരുമാനമാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സഹപാഠിയായ രുചികയുടെ അകന്നബന്ധു അമിത് മെഹ്റയെ പരിചയപ്പെടുമ്പോള്‍ അയാള്‍ ഒരു ചെറുകിടവ്യവസായി ആണെന്നേ അവള്‍ അറിഞ്ഞുള്ളൂ. രാജ്യത്തിനകത്തും പുറത്തും നിന്ന് നഗരത്തിലെത്തുന്ന വ്യക്തികള്‍ക്ക് സമയവ്യവസ്ഥയില്‍ സൌഹൃദം പങ്കിടാന്‍ അവരുടെ അഭിരുചിക്കനുസൃതമായ വ്യക്തികളെ വിട്ടുകൊടുക്കുകയും അതിന് തക്കതായ പ്രതിഫലം വാങ്ങുകയും ചെയ്യുന്നതിനെപറ്റി കോഫിബാറിലെ തണുത്തമേശയ്ക്കിരുവശവുമിരുന്ന് അവര്‍ സംസാരിച്ച ആദ്യനാള്‍ പവിത്ര വെറും ശ്രോതാവ് മാത്രമായിരുന്നു.

ഒരു മുന്‍പരിചയവുമില്ലാത്തവരുമായി ഒരു പകല്‍ മുഴുവന്‍ പങ്കിടുന്നതിനെകുറിച്ച് ഓര്‍ക്കാന്‍തന്നെ പവിത്ര മടിച്ചു. എന്നാല്‍ ദേബ്രതി മുഖര്‍ജി എന്ന ബംഗാളിവനിതക്ക് കൂട്ടുപോവുന്നതിനെപ്പറ്റി അമിത് പറഞ്ഞ ദിവസമായിരുന്നു അച്ഛന്‍റെ കണ്ണീരിനാല്‍ മഷി പടര്‍ന്ന ഒരു കത്ത് അവളെ തേടിയെത്തിയത്. രംഗാറെഡ്ഡിയുടെ ഭീഷണിയും പ്രജ്ഞയുടെ ഭര്‍തൃമാതാവിന്‍റെ നിലക്കാത്ത ആവശ്യങ്ങളും അവളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും തീര്‍ത്ത ആകുലതകളാല്‍ അച്ഛന്‍ വല്ലാതെ തകര്‍ന്നിരുന്നു. പിന്നീട് ഒന്നും ആലോചിക്കാതെ അമിതിനെ വിളിച്ചു പറഞ്ഞ്, അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തി.

ദേബ്രതി മുഖര്‍ജി അവള്‍ അതുവരെ കണ്ടിട്ടുള്ള സ്ത്രീകളില്‍നിന്നും വിഭിന്നയായിരുന്നു. ചെറുപ്രായത്തില്‍തന്നെ വലിയ വ്യവസായസമുച്ചയത്തിന്റെ തലപ്പത്തിരിക്കേണ്ടിവന്നതിനാല്‍ മോഹങ്ങളും സ്വപ്നങ്ങളും മനസിനുള്ളില്‍മാത്രം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവള്‍. കമ്പനിയുടെ എന്തോ ആവശ്യത്തിനായി അവിടെയെത്തിയ അവള്‍ക്ക് നഗരം ചുറ്റാന്‍ ഒരു സഹചാരിയായിട്ടാണ് പവിത്ര എത്തിയത്. ചിലപ്പോള്‍ കുട്ടികളെപോലെ ഉറക്കെ പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ ചിന്താവിഷ്ടയായും ദേബ്രതി അവളുടെ കൂടെനടന്നു. ചാര്‍മിനാറിന്റെ മുകളില്‍ നിന്നുകൊണ്ട് നഗരം മുഴുവന്‍ ഒറ്റനോട്ടത്തില്‍ ഒപ്പിയെടുക്കുമ്പോള്‍ അവളുടെ മുഖം വലിഞ്ഞുമുറുകി പവിത്രയെ ഭയപ്പെടുത്തി.

"ഞാനിപ്പോള്‍ ഇവിടുന്നു ചാടിയാല്‍ നീയെന്തു ചെയ്യും? " ഉത്തരമാലോചിച്ചു പകച്ചപ്പോള്‍ അവള്‍ ചേര്‍ത്ത് പുണര്‍ന്നു, "വിഷമിക്കണ്ട.. എനിക്കതൊക്കെ ആഗ്രഹിക്കാനേ പറ്റൂ.. "

വളകളുടെ വര്‍ണ്ണവിസ്മയത്തില്‍ മതിമറക്കുമ്പോള്‍ അവള്‍ കൌമാരക്കാരിയായി. ഇഷ്ടപ്പെട്ടവ അവള്‍ പവിത്രയുടെ കൈകള്‍ക്കായി വാങ്ങിക്കൂട്ടി.

മ്യൂസിയത്തിലെ വിശിഷ്ടഘടികാരത്തില്‍ ഓരോ മണിക്കൂറും ഇറങ്ങിവന്നു മണിയടിച്ചിട്ടുപോവുന്ന കുഞ്ഞുഭടനെ കാത്തിരിക്കുമ്പോള്‍ സമയനിഷ്ഠയില്ലാത്ത പൂര്‍വകാമുകനെ കുറിച്ച് ദേബ്രതി നിര്‍വികാരതയോടെ പറഞ്ഞു. അച്ചടക്കത്തോടൊപ്പം മുഖം നോക്കാതെ സ്നേഹിക്കാനും പഠിപ്പിച്ച ഗംഗാമൌസിയെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളോടൊപ്പം പവിത്രയുടെതും സജലങ്ങളായി. സമ്പന്നനായ വ്യവസായി മകളെ സംരക്ഷിക്കാനായി വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന അകന്ന ബന്ധുവായിരുന്നുവത്രേ ഗംഗമൌസി. അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ഒരിക്കലും വറ്റാതെ ലഭിച്ചുകൊണ്ടിരുന്ന ഉറവ പെട്ടെന്നൊരു ദിവസം നിലച്ചപ്പോള്‍ നഷ്ടം ദേബ്രതിക്ക് മാത്രമായിരുന്നു.

പഴയ കോട്ടയിലെ സുല്‍ത്താന്റെ പ്രണയിനി ഭാഗ്മതിയുടെ കഥ കേട്ട്, പ്രശസ്തമായ ഭക്ഷണശാലയിലെ ബിരിയാണി ഒരുമിച്ചു രുചിച്ച് കൈനിറയെ സമ്മാനങ്ങള്‍ വെച്ചുകൊടുത്തു ദേബ്രതി യാത്രയാവുമ്പോള്‍ ഒരു ദിവസം മാത്രം അറിഞ്ഞവള്‍ക്ക് വേണ്ടി എന്തിനാണ് മനസ് നോവുന്നതെന്ന് അവള്‍ അതിശയിച്ചു. അമിത് വെച്ച് നീട്ടിയ തുക കയ്യില്‍ വാങ്ങുന്നതോടെ ദേബ്രതിയെ മറക്കേണ്ടതായിരുന്നു. പക്ഷെ വിമാനത്താവളത്തിലേക്കുള്ള വണ്ടിയില്‍ കയറാന്‍ നേരം ‍ തിരിഞ്ഞുനിന്നു കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട്, "നിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പരിചയപ്പെട്ടില്ലല്ലോ കൂട്ടുകാരീ" എന്നവള്‍ പറഞ്ഞ നിമിഷം തന്നെ അവള്‍ തന്‍റെ മനസ്സില്‍ സ്ഥിരതാമസമാക്കിയെന്നറിഞ്ഞു.

രാത്രി മുറിയിലെ ഏകാന്തതയില്‍ അന്നത്തെ പകല്‍ മുഴുവന്‍ കണ്ണിനു മുന്നിലേക്കോടി എത്തിയപ്പോള്‍ പവിത്ര മനസ്സില്‍ ഉറച്ചതായിരുന്നു, അമിത്തിന്റെ അടുത്ത ക്ഷണം സ്വീകരിക്കില്ല എന്ന്. പക്ഷെ സെമെസ്റ്റര്‍ ഫീസ്‌ കഴിഞ്ഞു ബാക്കിവന്നത് സ്വീകരിച്ചതിനു മറുപടിയായിവന്ന അച്ഛന്‍റെ ആശ്വാസവും സന്തോഷവും പ്രതീക്ഷയും വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ അടുത്ത കസ്റ്റമര്‍ ഒരു പുരുഷന്‍ ആണെന്നറിഞ്ഞപ്പോള്‍ നിരസിക്കാന്‍ താമസമുണ്ടായില്ല. രാവിലെ ഇറങ്ങുമ്പോള്‍ "നീയിപ്പോഴും പഴയ ഗ്രാമീണപെണ്‍കുട്ടി തന്നെ" എന്ന് കളിയാക്കിയ രുചിക അടുത്ത ദിവസങ്ങളിലെല്ലാം ആ ദിവസത്തെ മഹത്തായ അനുഭവങ്ങള്‍ വിളമ്പി. ഒറ്റ ദിവസം കൊണ്ട് അവള്‍ക്ക് അയാള്‍ 'സ്വീറ്റും' 'ചാമിങ്ങും' ഒരിക്കല്‍പോലും അതിരുകടക്കാത്ത മാന്യനുമൊക്കെയായി. സമ്മാനങ്ങളില്‍ വിലപിടിപ്പുള്ള അടിവസ്ത്രങ്ങള്‍ കണ്ടപ്പോള്‍ പവിത്രക്ക് അവജ്ഞ തോന്നി.

അച്ഛന്‍റെ ഏറ്റവും പുതിയ കത്ത് പടരാത്ത മഷി കൊണ്ടാണ് എഴുതിയിരുന്നത്. റെഡ്ഡിയുടെ ആള്‍ക്കാര്‍ നശിപ്പിച്ച വീട്ടുപകരണങ്ങളുടെ കണക്കും ആദ്യപ്രസവത്തിനായോരുങ്ങുന്ന പ്രജ്ഞയുടെ ശാരീരികവും സാമ്പത്തികവുമായ വൈഷമ്യങ്ങളും വിശദമായി എഴുതിയിരുന്നു. അടുത്ത ഒരാഴ്ച മാത്രമാണത്രേ റെഡ്ഡി കൊടുത്ത അവസാന അവധി. പതിവിനു വിപരീതമായി സ്വന്തം രോഗവിവരങ്ങളും അപ്പുറത്തെ വീട്ടിലെ സുലക്ഷണയുടെ കല്യാണവിശേഷങ്ങളും പവിത്രയുടെ സുഖന്വേഷണവും എഴുതാന്‍ അച്ഛന്‍ മറന്നുപോയതാവുമെന്ന് അവള്‍ ആശ്വസിച്ചു.

വ്യവസായിയുടെ സഹചാരിയാവാന്‍ സമ്മതമെന്ന് അമിത്തിനെ അറിയിച്ച്, അല്പം മുന്‍പ് പെട്ടിയുടെ അടിയില്‍നിന്നും അവളെടുത്തുവെച്ച കൊച്ചുകത്തി ഭംഗിയായി പൊതിഞ്ഞ് ബാഗില്‍ വെച്ചശേഷം അഞ്ചുമണിക്ക് വെങ്കിടേശ്വരസുപ്രഭാതം ആലപിച്ചുണര്‍ത്താന്‍ സെല്‍ഫോണിനെ ഏല്‍പ്പിച്ച് പവിത്ര ഉറങ്ങാന്‍ കിടന്നു.