About Me

My photo
A person who loves to read, write, sing and share thoughts.

Saturday, March 7, 2015

എന്താണ് ഭാരതസ്ത്രീയുടെ നിർവചനം ?

എന്താണ് ഭാരതസ്ത്രീയുടെ നിർവചനം ?

പണ്ട് അമ്മ ജോലി കഴിഞ്ഞെത്തിയിരുന്നത് ഏഴുമണിയുടെ ബസിനായിരുന്നു. അത് തെറ്റിയാൽ പിന്നെ എട്ടുമണി ആകും അടുത്ത ബസെത്താൻ. അന്ന് അമ്മയെ കൂട്ടിക്കൊണ്ടുവരാൻ വീട്ടിലെ സഹായി അണ്ണാച്ചി മാമൻ ടോർച്ചും കൊണ്ട് ബസ്റ്റാന്റിൽ പോയി നില്ക്കും. വലിയ മതിലുള്ള ശിവക്ഷേത്രം ചുറ്റി നടന്നു പടിഞ്ഞാറേ നടയിലെത്തണം വീടണയാൻ. അന്ന് ഇരുട്ടിലെ ഇഴജന്തുക്കളെ മാത്രമായിരുന്നു ഭയം. പിന്നെ മാലയോ മറ്റോ പൊട്ടിക്കാൻ ആരെങ്കിലും വന്നാലോ എന്നും. പക്ഷെ അതൊരിക്കലും ഉണ്ടായിട്ടുമില്ല. അന്ന് അണ്ണാച്ചി മാമൻ ഇല്ലാത്ത ദിവസങ്ങളിൽ കൌമാരക്കാരായ ചേച്ചിമാർ ആയിരുന്നു പോയിരുന്നത്. അവരുടെ നേരെയും ശാരീരികമായ ഉപദ്രവങ്ങളെ കുറിച്ച് ആരും ചിന്തിക്കുകയോ വേവലാതിപ്പെടുകയോ ചെയ്തതു പോലുമില്ല. പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ കുശലാന്വേഷണവുമായി ചിലപ്പോൾ വീടുവരെ കൂട്ട് വന്നെന്നുമിരിക്കും.

ഇരുട്ടിൽ ഒറ്റക്കോ കൂട്ടമായോ സഞ്ചരിച്ചിരുന്ന മറ്റൊരു പെണ്‍സമൂഹവും ഉണ്ടായിരുന്നു കുട്ടിക്കാലത്ത് അയൽവീടുകളിൽ. സ്വന്തമായി കക്കൂസ് സൌകര്യമില്ലാത്തതിനാൽ ദൂരെ പാടത്തും പറമ്പിലും പോവാനായി ഇരുട്ടിനെ കാത്തിരുന്നവർ. ആരും അവരുടെ ശരീരം തേടിയെത്തിയിരുന്നില്ല അന്ന്.
ഈയിടെ അതും കേൾക്കേണ്ടി വന്നു. ഉത്തരേന്ത്യയിൽ പ്രാഥമികാവശ്യങ്ങൾക്കുപോയ പാവപ്പെട്ട പെണ്‍കുട്ടികൾക്ക് നിസ്സഹായരായി ചേതനയറ്റ് മരത്തിൽ തൂങ്ങിയാടേണ്ടി വന്ന വാർത്ത.

രാത്രികാലങ്ങളിൽ എനിക്ക് തനിച്ചു സഞ്ചരിക്കേണ്ടി വന്നത് ചെന്നൈ വാസത്തിനിടയിൽ ആയിരുന്നു. അതും നഗരത്തെ അറിയുന്നതിനും മുന്നേ തന്നെ. രാവിലെ പതിനൊന്നുമുതൽ രാത്രി എട്ടുമണി വരെ നീളുന്ന ജോലിസമയം കഴിഞ്ഞു ഓടിയിറങ്ങി മൌണ്ട് റോഡിലെ എൽ ഐ സി കെട്ടിടത്തിനു മുന്നിലുള്ള ബസ്ടോപ്പിൽ എത്തുന്നതിനിടയിൽ പലപ്പോഴും സബ് വേയിൽ വഴി തെറ്റി ഒന്നുകിൽ ഒരേ റോഡിലോ ചിലപ്പോൾ തികച്ചും എതിരെയുള്ള റോഡിലോ ഒക്കെ ചെന്ന് കയറിയിട്ടുണ്ട്. റോഡിനടിയിലുള്ള സബ് വേയിൽ പടിയിറങ്ങി ചെല്ലുമ്പോൾ മൂന്നായി തിരിയുന്ന വഴികൾ എനിക്കെപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുമായിരുന്നു. കൂട്ടുകാർ കൂടെ ഉണ്ടെങ്കിൽ രക്ഷ. അല്ലെങ്കിൽ ഞാൻ രണ്ടുതവണ പടികൾ കയറിയിറങ്ങും. ഉറങ്ങാൻ വട്ടം കൂട്ടുന്ന യാചകരോ കിടക്കാനിടമില്ലാത്തവരോ ഒക്കെ അവിടവിടെ ഉണ്ടാവും. അവരുടെ അരികിലൂടെ നടന്നുപോവുമ്പോൾ ഒരു ദ്വയാർത്ഥ ശബ്ദ പ്രയോഗമോ ചിരിയോ പോലും നേരിടേണ്ടി വന്നിട്ടില്ല.
റോഡരികിൽ അടുത്തുള്ള മതിലിലെ ഗ്രില്ലിൽ തൊട്ടിൽ കെട്ടി കുഞ്ഞിനെ ഉറക്കുകയോ നടപ്പാതയിൽ കാലുനീട്ടിയിരുന്നു മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളെയും കണ്ടിട്ടുണ്ട്. എത്രയോ പുരുഷന്മാർ അവരെ താണ്ടി നടന്നുപോവാറുണ്ട്. ബസ്റ്റാന്റിൽ എന്നെപ്പോലെ ജോലി കഴിഞ്ഞെത്തിയ എത്രയോ പെണ്‍കുട്ടികളും പൂക്കാരികളും പഴക്കാരികളും ഒറ്റക്കും അല്ലാതെയും നിന്ന് അവരവരുടെ ബസ് വരുമ്പോൾ കയറി പോവാറുണ്ട്. ഇനി ഇതൊന്നുമല്ലാതെ കൂട്ടുകാരന്റെ കൂടെ കൊഞ്ചിക്കുഴഞ്ഞു നില്ക്കുന്ന സുന്ദരിമാരെയും കാണാം അവിടെ.

അവിടെ കണ്ട ഒരു പുരുഷനുപോലും നേരത്തെ വീട്ടിൽ പോവാത്തതിനോ വഴിയിലിരുന്നു മാറുകാട്ടിയതിനോ കാമുകന്റെ കൂടെ കറങ്ങുന്നതിനോ ഒന്നും ആരെയും ശിക്ഷിക്കണമെന്ന് തോന്നിയില്ല. അവർ അവിടെ നില്ക്കുന്നതുപോലെ തന്നെ ഓരോ പെണ്ണിനും അവിടെ നില്ക്കാൻ അവകാശമുണ്ട്‌. അവളെ കുറിച്ച് മറ്റൊന്നും അറിയില്ല. ജഡ്ജ്മെന്റൽ ആവേണ്ട കാര്യമില്ല എന്ന് അവർക്കറിയാം. അത് അവരിലുള്ള മാന്യതയാണ്‌. സംസ്കാരമാണ്. അവരുടെ മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടുന്ന ഒന്നാണ്. അതാണ്‌ മനുഷ്യത്വവും സഹജീവിയോടു കാട്ടുന്ന പരിഗണനയും.

വഴിയിൽ അസമയത്ത് ഒരു പെണ്ണിനെ ഒരു പയ്യന്റെ കൂടെ കണ്ടപ്പോഴേക്കും ഇനിയൊരു പെണ്‍കുട്ടിയും ഇങ്ങനെ ചെയ്യരുത് എന്ന് ഇന്ത്യയിലെ പെണ്‍കുട്ടികൾക്കൊക്കെ പാഠമായി അവളെ മൃഗീയമായി പീഡിപ്പിച്ചു കാണിക്കുക. അതിനവൾ എതിർത്തത് കൊണ്ടുമാത്രം അവളെ കൊല്ലാൻ ശ്രമിക്കുക. അടിച്ചവശയാക്കി റോഡിൽ തള്ളിയിടുക.

നിർഭയയുടെ ഡോകുമെന്ററി കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. കഷ്ടപ്പെട്ട് പഠിച്ചതും പഠനം പൂർത്തിയാക്കാൻ വേണ്ടി കാൾ സെന്റെർ ജോലി ചെയ്തതും.. പാവം എന്തെല്ലാം സ്വപ്നങ്ങളാണ് ആ ദുഷ്ടന്മാർ കമ്പിപ്പാര കയറ്റി വലിച്ചു പുറത്തിട്ടത് ! പ്രസവിച്ചുകിടക്കുന്ന പശുവിനെ പോലെ തോന്നിച്ചു അവളുടെ കിടപ്പെന്ന് ട്രാഫിക് പോലിസ് സാക്ഷ്യപ്പെടുത്തുമ്പോൾ ഹൃദയം നുറുങ്ങിപ്പോയി. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്? ഇനി എതെങ്കിലുമൊരുവൾ മോശപ്പെട്ടവൾ തന്നെ ആയാലും അവളെ മര്യാദ പഠിപ്പിക്കാൻ ആരാണ് ഇവരെയൊക്കെ ശട്ടം കെട്ടിയത്? അക്ഷരാഭ്യാസമില്ലാത്ത കുറ്റവാളിയുടെ കൂസലില്ലായ്മ അല്ല ഞെട്ടിച്ചത്. അഭിഭാഷകന്റെ കോട്ടുമിട്ട് നിന്നവനും യാതൊരു ഉളുപ്പുമില്ലാതെ അഭിമാനത്തോടെ പറയുന്നു, പെണ്ണ് വീട്ടിലിരുന്നാൽ മതി. അങ്ങനെ പോയാൽ മകളായാൽ പോലും കത്തിച്ചുകളയും എന്ന് ! ഇവരുടെയൊക്കെ വീട്ടിലിരിക്കുന്ന സ്ത്രീകളെ ആരാണ് ഇവന്മാരെ വിശ്വസിച്ചു കൂടെ കഴിയുന്നുവെന്ന തെറ്റ് തിരുത്തുന്നത്?

സ്ത്രീ വജ്രം പോലെ വിലപ്പെട്ടതാണ്‌ അത് സൂക്ഷിക്കേണ്ടിടത്ത് സൂക്ഷിച്ചില്ലെങ്കിൽ ആരെങ്കിലും അപഹരിക്കുക തന്നെ ചെയ്യും എന്ന് നിയമപാലകന്റെ കുപ്പായമിട്ട പുരുഷൻ തന്നെ പറയുമ്പോൾ രണ്ടു പെണ്‍കുഞ്ഞുങ്ങളെ അറിയാതെ ചേർത്തുപിടിച്ചു പോവുന്നു ഞാൻ.
ഇതെല്ലാം കണ്ടിട്ടും എല്ലാവരും പറയുന്നു വീട്ടിലെ പെണ്‍കുട്ടികളോട് സൂക്ഷിക്കാൻ പറയൂ, അവരുടെ വസ്ത്രധാരണം ശ്രദ്ധിക്കൂ, ആണ്‍കുട്ടികളുടെ ചങ്ങാത്തം ഭൂതക്കണ്ണാടി വെച്ച് നിരീക്ഷിക്കൂ എന്നൊക്കെ. ഏതൊരു സമയത്ത് കണ്ടാലും ഒരു പെണ്ണിനെ കാണേണ്ടത് എങ്ങനെയെന്ന് വീട്ടിലെ ആണ്‍കുട്ടിയെ പഠിപ്പിക്കൂ എന്നാരും പറയാത്തത് എന്താണ്?

ആ ഹ്രസ്വചിത്രം കാണാനുള്ള സഹിഷ്ണുത പോലും ഇന്ത്യൻ പുരുഷസമൂഹത്തിന് ഇല്ലാതാവുന്നതെന്താണ്? സത്യം പുറത്തറിയും എന്ന ഭയമോ? ഒരു പക്ഷെ മനസലിവുള്ള ചിലരെയെങ്കിലും മാറ്റാൻ ഉതകുന്ന പലതുമുണ്ട് അതിൽ. ലജ്ജിക്കേണ്ടവർ ലജ്ജിക്കുക തന്നെ വേണം. ഇത് കാണുന്ന ഓരോരുത്തരുടെയും മനോഭാവത്തിൽ നിന്നും തിരിച്ചറിയാം ആരുടെയൊക്കെ മനസാണ് ഇടുങ്ങിയതെന്നും വിശാലമെന്നും. ആർഷഭാരത സംസ്കാരത്തിന്റെ പുനരുദ്ധാരകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അധികാരികൾ എന്തേ ഇത് മറ്റുള്ളവർ കാണുന്നതിൽ അനിഷ്ടം പ്രകടിപ്പിക്കുന്നു? കപടമുഖം പുറത്തറിയുന്നതിൽ ആർക്കാണ് അഭിമാനക്ഷതം?

മക്കളെ അവൻ ആണ്‍കുട്ടിയാണ്, അവനാകാം എന്തും.. നീ പെണ്ണാണ് അടക്കവും ഒതുക്കവും വേണം എന്ന് വേർതിരിവ് കാട്ടി വളർത്തുന്നതിൽ വീട്ടിലിരിക്കുന്ന സ്ത്രീക്കും പങ്കില്ലേ? അവൾ സൂക്ഷിച്ചാൽ മതി, എനിക്കതിന്റെ ആവശ്യമില്ല എന്ന ഭാവം ആണ്കുട്ടിയിൽ വളർത്താതിരിക്കാൻ ഓരോ രക്ഷിതാവും ശ്രമിക്കണം. നീതിന്യായ വ്യവസ്ഥിതി കൂടുതൽ ത്വരിതവും കർശനവും ആവുന്നതോടൊപ്പം സമൂഹത്തിന്റെ മനോഭാവവും മാറിയെ തീരൂ.

ജ്യോതി നെഞ്ചിലെ തീയാകുന്നു..! ഗോക്കളെ വരെ സംരക്ഷിക്കാൻ തയ്യാറാവുന്ന ഈ സമൂഹത്തിൽ ഇഷ്ടമുള്ള വസ്ത്രധാരണം എന്തിന്, പ്രാഥമികാവശ്യം പോലും തോന്നുന്ന സമയത്ത് ചെയ്യാനാവാതെയുഴലുന്ന, ഒട്ടും സുരക്ഷിതയല്ലാത്ത ഓരോ പെണ്ണിന്റെ നെഞ്ചിലും ജ്യോതി ആളുന്ന തീ തന്നെയായിരിക്കും.

14 comments:

സുധി അറയ്ക്കൽ said...

ഇങ്ങനെ കാപാലികത്തം കാണിക്കുന്ന ഭൂരിഭാഗം പ്രതികൾക്കും വീട്ടിൽ സഹോദരിമാർ കാണില്ല എന്നു തോന്നുന്നു.
ഇത്തരം എല്ലാ വാർത്തകളും എന്നെ വിഷമിപ്പിക്കുന്നുണ്ട്‌..

ajith said...

ദുഃഖകരമായ യാഥാര്‍ത്ഥ്യങ്ങള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വലിയ ചോദ്യങ്ങള്‍ !നമുക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു .ആര്‍ക്കും തടയാന്‍ കഴിയാത്ത വലിയ ഈ ഒഴുക്കില്‍ നിസ്സഹായമായി ഒഴുകുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല ..മാതാപിതാക്കള്‍ക്കൊ ഗുരുക്കന്‍മാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ നിയന്ത്രിക്കാന്‍ കഴിയാത്ത രാക്ഷ സ്വഭാവമുള്ള ഒരു തലമുറ വളര്‍ന്ന് വരുന്നു ,പ്രകൃതിനിയമം അനുസരിച്ചു ഏത് വിഷത്തിനും മരുന്നും ഉണ്ടാകും എന്നു അന്ധമായി വിശ്വസിച്ചു കൊണ്ട് ജീവിച്ച് തീര്‍ക്കുക മാത്രം ഗതി ..:(

Joselet Joseph said...
This comment has been removed by the author.
Joselet Joseph said...

നമ്മള്‍ വീണ്ടും ശിലായുഗത്തിലേക്ക് മടങ്ങിപ്പോകുകയാണോ എന്ന തോന്നല്‍ ഉളവാക്കുന്ന പലതുമാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസവും ഉള്ളവരുടെ ചില വിവരമില്ലാത്ത പ്രതികരണങ്ങളാണ് അസഹനീയം. എങ്ങനെ ഇതിനൊരു അറുതിയുണ്ടാവും എന്ന് ഏത് വിധത്തില്‍ ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഒരു കാര്യം ഞാന്‍ പറയാം. സ്ത്രീ ആരോടും, രക്ഷ അഭ്യര്‍ഥിക്കാനോ ഏതെങ്കിലും പുരുഷന്‍ അപകടത്തില്‍ അവളുടെ സംരക്ഷിക്കും എന്ന് കരുതി കാത്തിരിക്കേണ്ട കാലമല്ല ഇത്.
അവള്‍ സ്വയം സംരക്ഷിക്കുക. പ്രതികരിക്കുക. കരോട്ടയും ഡ്രൈവിങ്ങും സ്വിമ്മിങ്ങും പഠിക്കുക. വേണെമെങ്കില്‍ ആയുധം കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കുക. സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്ന എല്ലാ കേസുകളും കൈകാര്യം ചെയ്യാന്‍ പ്രമുഖരായ സ്ത്രീ അഭിഭാഷകര്‍ പ്രതിഫലമില്ലാതെ രംഗത്ത് വരിക. അല്ലെങ്കില്‍ അതിനുള്ള ഒരു മുന്നേറ്റം ഉണ്ടാക്കുക.
വനിതാ കമ്മീഷനും ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള മറ്റു സഹായങ്ങളും തത്കാലം മറന്നുകളയൂ...
ഇതിനൊക്കെ അതീതമായ ഒരു പാരലല്‍ ശക്തി./പ്രസ്ഥാനം വളര്‍ന്നു വരേണ്ടിയിരിക്കുന്നു.

മുല്ലപ്പൂ വിപ്ലവങ്ങള്‍ നടത്തിയ, വെറും ചുംബന സമരത്തിന് ആളെ കൂട്ടിയ ഫേസ്ബുക്കില്‍, എന്തുകൊണ്ട് ' സേവ് ലേഡി' ഫോറങ്ങള്‍ ഉയര്‍ന്നു വരുന്നില്ല?
സ്ടാട്ടസില്‍ മുറവിളിക്കുന്ന, വേദനിക്കുന്ന പെണ്പുളികള്‍ ഇതിനായി രംഗത്ത് ഇറങ്ങണം എന്നേ എനിക്ക് പറയാനുള്ളൂ. തീര്‍ച്ചയായും ഞാനുള്‍പടെ പതിനായിരം പുരുഷന്മാരുടെ പിന്തുണ ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് കിട്ടും. അതുറപ്പ്‌.

വിരോധാഭാസന്‍ said...

എന്താണ് ഭാരതീയ സ്ത്രീയുടെ നിര്‍വചനം..?
International Women's Day ക്ക് യോജിച്ച പോസ്റ്റ് തന്നെ..
അവസരോചിതമായി !!


ഈ ലേഖനം പ്രസിദ്ധീകരിച്ച ഈസ്റ്റ് കോസ്റ്റിനും എഴുത്തുകാരിക്കും അഭിവാദ്യങ്ങള്‍ ..!!

http://goo.gl/yA4jC1

Manu Manavan Mayyanad said...

സൂനജാ മാം എഴുതിയതെല്ലാം വായിച്ചു ..... ഒരുപാടു സന്തോഷം ഉണ്ട് ഈ പ്രതികരണത്തിന് .. പക്ഷെ "ആ ഹ്രസ്വചിത്രം കാണാനുള്ള സഹിഷ്ണുത പോലും ഇന്ത്യൻ പുരുഷസമൂഹത്തിന് ഇല്ലാതാവുന്നതെന്താണ്? "യെന്ന വാക്കുകൾ ഇന്ത്യയിലെ എല്ലാ ആണുങ്ങളെയും കുറിച്ചാണെൻക്കിൽ തിരുത്തണം .... അത് ശരിയല്ലാ ... ഹ്രസ്വചിത്രം കേന്ദ്ര സർക്കാർ നിരോധിക്കാൻ ഒരുപാട് കാരണങ്ങളുണ്ട് ... ഒന്നാമത്തേത് ആ ഹ്രസ്വചിത്രം എടുത്ത ചാനൽ .... 2 . മാം പറഞ്ഞപോലെ ഇന്ത്യയിലെ ആണുങ്ങൾ എല്ലാം ഇതുപോലെയാണെന്ന് തോന്നിപ്പിക്കുന്നതരത്തിലുള്ള ചിത്രീകരണം ...ഇതൊക്കെയാണ് ..... ആ ഞരമ്പ്‌ രോഗി നാറികളെ എത്രയും പെട്ടന്ന് തുക്കിലേറ്റണം എന്ന് തന്നെയാണ് ഇന്ത്യയിലെ 99% ആണുങ്ങളും ആഗ്രഹിക്കുന്നെ ... ബാക്കിയുള്ള 1 % പോലും ഇല്ലാത്തവരെവച്ച് ഞങ്ങൾ 99 % പേരെ കുറ്റം പറയരുതേ ...

mudiyanaya puthran said...

മുഖപുസ്തകത്തില്‍ വായിച്ചിരുന്നു. ആശംസകള്‍

mudiyanaya puthran said...

മുഖപുസ്തകത്തില്‍ വായിച്ചിരുന്നു. ആശംസകള്‍

കല്ലോലിനി said...

ഏതൊരു സമയത്ത് കണ്ടാലും ഒരു പെണ്ണിനെ കാണേണ്ടത് എങ്ങനെയെന്ന് വീട്ടിലെ ആണ്‍കുട്ടിയെ പഠിപ്പിക്കൂ എന്നാരും പറയാത്തത് എന്താണ്?



മക്കളെ അവൻ ആണ്‍കുട്ടിയാണ്, അവനാകാം എന്തും.. നീ പെണ്ണാണ് അടക്കവും ഒതുക്കവും വേണം എന്ന് വേർതിരിവ് കാട്ടി വളർത്തുന്നതിൽ വീട്ടിലിരിക്കുന്ന സ്ത്രീക്കും പങ്കില്ലേ?

വളരെ പ്രസക്തമായ ചോദ്യങ്ങൾ.!!

അവൾ സൂക്ഷിച്ചാൽ മതി, എനിക്കതിന്റെ ആവശ്യമില്ല എന്ന ഭാവം ആണ്കുട്ടിയിൽ വളർത്താതിരിക്കാൻ ഓരോ രക്ഷിതാവും ശ്രമിക്കണം. നീതിന്യായ വ്യവസ്ഥിതി കൂടുതൽ ത്വരിതവും കർശനവും ആവുന്നതോടൊപ്പം സമൂഹത്തിന്റെ മനോഭാവവും മാറിയെ തീരൂ.
അതെ. ഇങ്ങനെ ചിന്തിക്കുന്ന അമ്മമാര്‍ നമ്മുടെ സമൂഹത്തില്‍ നിറയട്ടെ..!!






w

Geetha said...

മറ്റൊരു ബ്ലോഗിലൂടെ കയറി വന്നതാണ്. നേരത്തെയും സൂനജയുടെ ചില എഴുത്തുകൾ വായിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് മാറാൻ പോകുന്നില്ല എന്നത് തന്നെയാണ് വീണ്ടും വീണ്ടും ഓരോ സംഭവങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. സൌദിയിൽ ഞങ്ങൾ സ്ത്രീകൾ ഷോപ്പിങ്ങിനു പോവുന്നതും, നടക്കാൻ പോവുന്നതും ഒക്കെ രാത്രി എട്ടു മണിക്ക് ശേഷമാണ്. വളരെ സുരക്ഷിതമായി സ്വാതന്ത്ര്യത്തോടെ സ്ത്രീകൾക്കു സഞ്ചരിക്കാൻ കഴിയുന്നു. നമ്മുടെ നാട്ടിൽ രാത്രി പോയിട്ട് പട്ടാപ്പകൽ പോലും പെണ്‍കുഞ്ഞുങ്ങൾ ഇത്തിരി വൈകിയാൽ അമ്മമാരുടെ മനസ്സിൽ ആധിയാണ്. എങ്ങിനെ അമ്മമാർക്കു മനസ്സമാധാനമായി ഇരിക്കാൻ പറ്റും. ഓരോ ദിവസത്തെയും വാർത്തകൾ മനസ്സിൽ ആധി വർദ്ധിപ്പിക്കയല്ലേ?

പ്രകാശ് ചിറക്കൽ said...

കാമ്പുള്ള കുറിപ്പ്..തികച്ചും..സമകാലികം..

വിനോദ് കുട്ടത്ത് said...

നല്ല മൂര്‍ച്ചയുള്ള വാക്കുകള്‍ ...... സമീഹ മനസാക്ഷിയോടുള്ള ചോദ്യങ്ങൾ കാലിക പ്രസക്തമായത്..... ചില വിഷയത്തില്‍ മാനവനോട് ഐക്യപ്പെടുന്നു ....നല്ല എഴുതിയത്തിന് ആശംസകൾ....

Shaheem Ayikar said...

ഒരു നല്ല നാളേക്ക് വേണ്ടി എനിക്കാവുന്നത് ശ്രമിക്കും എന്ന് സ്വയം മനസ്സിൽ കരുതി കൊണ്ട് , ആ ചിന്തക്ക് ഈ നിമിഷം നിമിത്തമായ ഈ നല്ല കുറിപ്പിന് , നന്ദി....