ജീവിതം തന്നെ മാറ്റിമറിച്ച യാത്രകൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് എഴുതൂ എന്ന പരസ്യവാചകം കണ്ടു നടി റിമ കല്ലിങ്കലിന്റെ പുതിയ പുസ്തകത്തിലേക്ക്. അങ്ങനെ ഒരു സാഹസികയാത്ര ഒന്നും ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അത്തരമൊരു എഴുത്തിനും മുതിർന്നില്ല.
എന്നാൽ ചില രസകരങ്ങളായ യാത്രകൾ നടത്തിയിട്ടുണ്ട്. ഒരിക്കലും മറക്കാൻ പറ്റാത്തതോ വീണ്ടും ഓർത്തു ചിരിക്കാവുന്നതോ ഒക്കെയായവ.
ചെന്നൈയിലെ എന്റെ ഹോസ്റ്റൽ ജീവിതത്തിലെ അയൽമുറിയത്തിയും സുഹൃത്തുമായ വാസു എന്ന വസുന്ധരയുടെ കൂടെയായിരുന്നു അങ്ങനെയൊരു യാത്ര പോയത്.
അന്ന് വാസുവിന് തന്റെ എം ബി എ സഹപാഠിയുമായി അതിഗംഭീരമായ പ്രണയമുണ്ടായിരുന്നു. രണ്ടു ജാതി ആണെങ്കിലും ജാതകം ചേർന്നാൽ വീട്ടുകാരെ സമ്മതിപ്പിക്കാം എന്ന വിശ്വാസത്തിൽ വാസു പോയി കാണാത്ത ജ്യോത്സ്യന്മാർ ചെന്നൈ നഗരത്തിൽ കുറവായിരുന്നു. അവിടെയൊന്നും പൊരുത്തങ്ങൾ പത്തും തികഞ്ഞില്ല. ആ സങ്കടത്തിലേക്കാണ് നഗരത്തിൽ നിന്നും കുറച്ചകലെയുള്ള പട്ടണത്തിൽ എന്തും അച്ചട്ടായി പറയുകയും പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ പ്രതിവിധി നിർദേശിക്കുകയും ചെയ്യുന്ന പേരുകേട്ട മലയാളി ജ്യോത്സ്യർ ഉണ്ടെന്ന അറിവ് കുടപിടിച്ചിറങ്ങിവന്നത്. കേട്ടപാതി കേൾക്കാത്ത പാതി അവളോടി എന്റെയടുത്തെത്തി. മല്ലു ജ്യോത്സ്യർ പറയുന്ന ഒരു വാക്കുപോലും മനസിലാവാതിരിക്കരുതല്ലോ. അതുകൊണ്ട് ഞാൻ കൂടെ ചെന്നേ പറ്റൂ എന്ന്.. ആയിക്കോട്ടെ... ഒരു ചേതമില്ലാത്ത ഉപകാരമല്ലേ.. വേണെങ്കിൽ കൂട്ടത്തിൽ മ്മടെ ഉത്രാടവും പുണർതവും ചേരുമോ എന്നും കൂടെ ചോദിക്കാലോ..
അങ്ങനെ വാസുവിന്റെ കൈനെറ്റിക് ഹോണ്ടയിൽ ഞങ്ങൾ യാത്ര തിരിച്ചു. ശരിക്കും അതൊരു അടിപൊളി യാത്ര തന്നെയായിരുന്നു. നഗരം വിട്ട് പോകുംതോറും വിജനമായി വരുന്ന വഴിയിലൂടെ വാസുവിന്റെ പിന്നിൽ ഉറക്കെ പാടിയും ആർത്തുചിരിച്ചും ഒരു ഉന്മത്തമായ റൈഡ്! (അത്രേം സ്പീഡിൽ ആദ്യായിട്ടാ ഓടിച്ചത് എന്ന് പിന്നീടാ ആ പെണ്ണ് പറഞ്ഞെ)
അങ്ങനെ ചോയ്ച്ചുചോയ്ച്ച് ഞങ്ങൾ പ്രവചനക്കാരന്റെ ഗ്രാമത്തിലെത്തി. ഇരുവശങ്ങളിലും മുട്ടിയുരുമ്മിയിരിക്കുന്ന വീടുകൾ താണ്ടി ലക്ഷ്യ സ്ഥാനത്തെത്തി.
ഇവിടേം വിചാരിച്ചത്ര പൊരുത്തം ഉണ്ടായില്ലെങ്കിലും കുറെ പ്രതിവിധി കുറിച്ചു കിട്ടിയ സന്തോഷത്തിൽ വാസു തുള്ളിച്ചാടി അടുത്തമാസത്തെ ശമ്പളം അതിനായി അപ്പോൾത്തന്നെ ഡെഡിക്കേറ്റ് ചെയ്തു. അതെല്ലാം കണ്ടു പേടിച്ച് ഞാൻ എന്റെ നാള് പോയിട്ട് പേരുപോലും പറയാതെ എഴുന്നേറ്റു പോന്നു. ഒരു ഡെഡിക്കേഷൻ താങ്ങാവുന്നത്ര കനത്തതായിരുന്നില്ല മ്മടെ പഴ്സ്.
മടക്കയാത്രയിലും അതേ അടിച്ചുപൊളി തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോൾ ആരോ തങ്ങളെ പിന്തുടരുന്നുണ്ടോ എന്ന് വാസുവിന് ഒരു ശങ്ക. കുറച്ചുനേരമായി പിന്നിൽ ഒരു കറുത്ത വാഹനം സൈഡ് കൊടുത്തിട്ടും കേറിപ്പോവാൻ കൂട്ടാക്കുന്നില്ല.. തിരിഞ്ഞു നോക്കിയപ്പോൾ പല്ലിളിക്കുന്ന രണ്ടു തലകൾ പുറത്തേക്ക് നീണ്ടു. ഒപ്പം ഒരു കൈ വീശലും. ചെറുതായി പേടി തോന്നിയപ്പോൾ കുറച്ചു സ്പീഡ് കൂട്ടി നോക്കി. അപ്പോൾ അവരും ഉണ്ട് കൂടെ. പിന്നെ പേടിയായി. "എനിക്ക് വേറെ വഴിയില്ല സൂണ് " എന്ന് മാത്രം പറഞ്ഞുകൊണ്ട് വാസു തൊട്ടടുത്ത ഇടവഴിയിലേക്ക് വണ്ടി തിരിച്ചു നേരെ വിട്ടു. കുറച്ചുനേരം. വെറുതെ ഒരു രസത്തിന് ഫോളോ ചെയ്തതാവാം, കുറച്ചുനേരം നോക്കിയിട്ട് അവർ പോയിക്കാണും. എന്തായാലും ചെമ്മണ്ണിടവഴിയിലൂടെ കുറച്ചു മുന്നോട്ടുപോയിട്ട് തിരിച്ചുവന്നപ്പോൾ ആരുമുണ്ടായിരുന്നില്ല. ഇതിനിടയിൽ വൈകുന്നേരങ്ങളിലെ മഴ തുടങ്ങിയിരുന്നു. ഒരു നല്ല മഴ മതി റോഡ് നിറഞ്ഞൊഴുകാൻ! നേരം വൈകുന്നതുകൊണ്ട് വേറെ വഴിയില്ലാതെ, പുഴയായ നിരത്തിലൂടെ യാത്ര തുടർന്നു.
നഗരത്തിലെത്തിയില്ലെങ്കിലും അത്യാവശ്യം ജനത്തിരക്കും വാഹനപെരുപ്പവുമുള്ളിടത്തെത്തി യപ്പോൾ വണ്ടി ഒരു കല്ലിൽ തട്ടിയെന്നേ കരുതിയുള്ളൂ.. ബാക്ക് വീൽ ഗട്ടറിൽ ആയിരുന്നുവെന്ന് ഗ്ര്ര്ര്ർ ഗ്ര്ര്ര്ർ എന്ന ശബ്ദവും ഹോണടികളും കേട്ടപ്പോഴാണ് എനിക്ക് മനസിലായത്. മഴ നീങ്ങി നിരത്തിലിറങ്ങിയവരുടെ സാമാന്യം മോശമല്ലാത്ത തിരക്ക് ഞങ്ങൾ ജാം ആക്കിയിട്ടുണ്ട് , പിന്നിൽ നിന്നും വന്നുതുടങ്ങിയ മൾട്ടിലിംഗ്വൽ തെറികൾ അന്ന് ബീപ് പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ അർഥം മുഴുവൻ മനസിലായില്ലെങ്കിലും വ്യക്തമായി കേട്ടുകൊണ്ട് ഞാൻ പതിയെ ഇറങ്ങിമാറി. കടത്തിണ്ണയിൽ നിന്നിരുന്ന ചില സേവനസന്നദ്ധരായ ചെറുപ്പക്കാരുടെ സന്മനസ് കൊണ്ട് കുഴിയിൽ നിന്നും വണ്ടി പുറത്തിറങ്ങി. എല്ലാ അണ്ണന്മാർക്കും നന്ദി പറഞ്ഞ് വണ്ടിയിൽ ചാടിക്കയറി തിരിഞ്ഞുനോക്കാതെ പറക്കുമ്പോൾ മാനനഷ്ടം എന്നൊരു വാരഫലം ജ്യോത്സ്യർ പറഞ്ഞിരുന്നില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങൾ.