About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, October 8, 2014

പഴയ പൊന്നോണത്തിൻ പൂവെട്ടം


ഓണം ഏതൊരു മലയാളിക്കുമെന്നപോലെ എനിക്കും ധാരാളം സുന്ദരചിത്രങ്ങൾ മനസ്സിൽ വരച്ചിടുന്ന ഒന്നുതന്നെയാണ്. തമിഴോരത്തു കിടക്കുന്നതുകൊണ്ടാവാം പൂവിളിയും അത്തച്ചമയങ്ങളും താരതമ്യേന കുറവായിരുന്നു ഞാൻ ജനിച്ചുവളർന്ന നാട്ടിൽ. എങ്കിലും ഗ്രാമത്തിലെ കലാസാംസ്കാരികസംഘടനകൾ നടത്താറുള്ള മത്സരങ്ങളും വീടുകളിൽ കുട്ടികളും വലിയവരുമൊക്കെ ചേർന്നുള്ള കളികളും ഓണസദ്യയും പൂവിടലും ഓണക്കോടിയുമായി വർണ്ണ ശബളം തന്നെയായിരുന്നു ഓരോ ഓണവും.

എന്റെ കുട്ടിക്കാലത്ത് ഓണം എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ച് അച്ഛന്റെ വീട്ടിൽ ആഘോഷിക്കുന്നതായിരുന്നു പതിവ്. മധ്യകേരളത്തിൽ മണിമലയാറ്റിന്റെ തീരത്തെ സ്വച്ഛസുന്ദരമായ ഗ്രാമം.
കടത്തു കടന്നുവേണം അന്നൊക്കെ അക്കരെയെത്താൻ. ഏറ്റവും വലിയ ഭയം കലർന്ന കൌതുകം വള്ളത്തിൽ കയറുന്നത് തന്നെയായിരുന്നു. കടത്തുകാരൻ കുട്ടപ്പായിച്ചന്റെ വീട് ആറിനോട് ചേർന്നുതന്നെയായിരുന്നു. കടവത്ത് വള്ളം ഇല്ലെങ്കിൽ കുട്ടപ്പായിച്ചനെ ഒന്ന് കൂവിവിളിച്ചാൽ മതി. പല യാത്രയിലും തെന്നി വീഴ്ച പതിവായിരുന്നു ഞങ്ങളിൽ പലർക്കും. ഒരു കാലെടുത്തു വയ്ക്കുമ്പോൾ തന്നെ ഇരുവശത്തേക്കും ചായുന്ന വള്ളത്തിൽ നെഞ്ചിടിപ്പോടെ അമ്മയുടെയോ ചേച്ചിയുടെയോ ചിലപ്പോൾ കുട്ടപ്പായിച്ചന്റെ തന്നെയോ കയ്യിൽ തൂങ്ങി പലകമേൽ ഇരിപ്പുറപ്പിച്ചാലേ ശ്വാസം നേരെ വീഴൂ.

അക്കരെ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴേക്കും വഴിനീളെ പരിചയക്കാർ ഇറങ്ങിവന്ന് കുശലം ചോദിക്കും. വീട്ടിലെത്താനുള്ള തിരക്കാവും ഞങ്ങൾ കുട്ടികൾക്ക്! തറവാട്ടിലെ സമപ്രായക്കാരെ കാണാനുള്ള തിടുക്കം മാത്രമല്ല അതിനു കാരണം. അടുക്കള വഴി പോകുമ്പോഴേക്കും വറുത്തുപ്പേരികളുടെയും ശർക്കര വരട്ടി, കളിയടക്ക തുടങ്ങിയ പലഹാരങ്ങളുടെയും സുഗന്ധങ്ങൾ മൂടിവെച്ച ടിന്നുകളിൽ ഒതുങ്ങാതെ അവിടം മുഴുവൻ കറങ്ങി നടക്കുകയായിരിക്കും.

അവധിക്കാലത്തെ അവിടേയ്ക്കുള്ള യാത്ര മനസ്സിൽ ആഹ്ലാദത്തിമിർപ്പുണ്ടാക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് ഇരുകരകളെയും കുളിർപ്പിച്ചൊഴുകുന്ന മണിമലയാറിന്റെ കൈവഴിയായ പുഴയാണ്. തെങ്ങും കവുങ്ങും നിറഞ്ഞ പറമ്പിന്റെ അങ്ങേയറ്റത്ത് കാണാവുന്ന കരിമ്പിൻതോട്ടവും അതിനപ്പുറത്ത് കണ്ണാടി പോലത്തെ പുഴയിലൂടെ പാട്ടുംപാടി കടന്നുപോവുന്ന വള്ളങ്ങളും ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയിരുന്നു! മതിലുകളില്ലാത്ത പറമ്പുകളിലൂടെ ചുറ്റിനടന്ന് വേലിക്കൽ നില്ക്കുന്ന ഇലകളോടു പോലും ചങ്ങാത്തമായിരുന്നു. പൊട്ടിച്ചൂതിയാൽ കുമിളകൾ തരുന്ന കടലാവണക്ക്, പള്ളിക്കൂടം കളിക്കുമ്പോൾ നോട്ടുബുക്ക് തരുന്ന ശീമക്കൊന്ന, തണ്ടുപൊട്ടിച്ചു മാല കൊരുക്കുമ്പോൾ വലിയ പതക്കമാവുന്ന കപ്പയില അങ്ങനെ പോവുന്നു കളിക്കൂട്ടുകാർ.. ഉച്ചയോടെ മുതിർന്നവരുടെ കൂടെ ആറ്റിൽ പോയുള്ള കുളിയാണ് അടുത്തത്‌. വലിയ തണുപ്പില്ലാത്ത വെള്ളത്തിലിറങ്ങി മുകളിലേക്ക് അരിച്ചുകയറുന്ന കുളിരനുഭവിച്ച് തെളിമണലിൽ കാലൂന്നി പതിയെപ്പതിയെ താഴുമ്പോഴേക്കും ആരെങ്കിലും ഇരുകൈകളും കൊണ്ട് വെള്ളം ആഞ്ഞുവീശി നനച്ചിട്ടുണ്ടാവും. കളികളും മുങ്ങാങ്കുഴിയും നീന്തൽ പഠിത്തവുമായി മണിക്കൂറുകളോളം വെള്ളത്തിൽ കിടപ്പ്.. എന്നെ അമ്പലത്തിലും ആറ്റിലും കൊണ്ടുപോവുകയും മനോഹരമായി സിനിമാക്കഥകൾ പറഞ്ഞുതരികയും ചെയ്യുമായിരുന്ന അയലത്തെ ചേച്ചി.. അങ്ങനെ എന്റെ നാട്ടിൽ കിട്ടാത്ത കുറെ സന്തോഷങ്ങളുണ്ടായിരുന്നു അവിടെ.

കാലമേൽപ്പിച്ച മങ്ങലുണ്ടെങ്കിലും ഓണഓർമ്മകളിൽ ഒരുപാടുയരത്തിൽ കെട്ടിയ ഊഞ്ഞാലും പൂ തേടി നടക്കലും പൂവിളിയും ഓണക്കളികളും ഉണ്ട്. ഞങ്ങൾ കുട്ടികളുടെ സംഘങ്ങൾ മിക്കപ്പോഴും ചെറിയ ചെറിയ കളികളിൽ ഏർപ്പെടുകയും ഊഞ്ഞാലാടുകയും ഇടയ്ക്കിടെ വീണ് മുട്ടിലെ തൊലി കളയുകയും കരഞ്ഞുകൊണ്ട്‌ അമ്മമാരുടെ അടുത്തേക്ക് ഓടുകയും ചെയ്തിരുന്നു. ഊഞ്ഞാലാട്ടം ഇപ്പോഴും ഉള്ളിലൊരു ആളലുണ്ടാക്കുന്ന ഒന്നാണ്. ആകാശം മുട്ടെ ആയത്തിലാടി മുന്നിലെ മരത്തിലെ ഇല കടിച്ചു തിരികെവരുന്ന ചേച്ചിമാർ അന്നെനിക്ക് വീരനായികമാരായിരുന്നു. വലിയവരുടെ തുമ്പിതുള്ളൽ, മാണിക്യചെമ്പഴുക്ക പോലുള്ള കളികളുടെ ചില പാട്ടുകളും ഇന്നും മനസിലെ ഈണമാണ്.


"ആക്കയ്യിലീക്കയ്യിലോ മാണിക്യചെമ്പഴുക്ക..."

"കുടമൂതെടി കുടമൂതെടി കുറത്തിപ്പെണ്ണെ..
നിന്റെ കുടത്തിന്റെ വില ചൊല്ലടി കുറത്തിപ്പെണ്ണേ.."

അവിടുത്തെ വിരുന്നുകാരി ആയതിനാലും പ്രായം കൊണ്ട് ഏറ്റവും ഇളയതായതുകൊണ്ടും അതെല്ലാം എന്റെ കൗതുകക്കാഴ്ചകളായിരുന്നു.
ഇതൊക്കെയാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരോണവുമുണ്ടായി. അന്ന് പതിവുപോലെ അതിരാവിലെ മുതൽ ഓണത്തുമ്പികൾക്കൊപ്പം പാറിനടന്ന്, ഉച്ചക്ക് വിഭവസമൃദ്ധമായ തിരുവോണസദ്യയുമുണ്ട് ഞങ്ങൾ കുട്ടികളും മുതിർന്നവരും കളിക്കളത്തിലേക്ക് നടന്നു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ ഓരോന്നിലായി ആണ്‍കൂട്ടവും പെണ്കൂട്ടവും അവരവരുടെതായ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. പുരുഷന്മാരുടെ വടംവലിയും പന്തുകളിയും ഓണത്തല്ലുമെല്ലാം രസകരമായി തുടരുമ്പോൾ ചേച്ചിമാരുടെ പാട്ടിനൊത്ത് അയൽപക്കത്തെ രാധാമണി ചേച്ചി നടുക്കിരുന്ന് മുടിയഴിച്ച തുമ്പപ്പൂ മണപ്പിച്ച് തുള്ളുന്ന തുമ്പിയായി.

ഇടക്കെപ്പോഴോ കളി നിർത്തി പുരുഷന്മാരെല്ലാം അപ്പുറത്തേക്ക് ഓടുന്നതുകണ്ട് സ്ത്രീകളിൽ ചിലരും അങ്ങോട്ടേക്ക് ഓടിച്ചെന്ന് കാര്യമന്വേഷിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്ന ഞങ്ങൾ കുട്ടികളെ ആരോ പിടിച്ചുവലിച്ചു വീട്ടിൽ കൊണ്ടുവന്നു. ഞങ്ങള്ക്ക് പുറകെ മുതിർന്നവരും വീട്ടിലെത്തി. കുഞ്ഞുമനസിൽ ആയിരം ശങ്കകളും ചോദ്യങ്ങളുമായി പകച്ചിരുന്നതല്ലാതെ ആരും ഒന്ന് മിണ്ടാൻ പോലും ധൈര്യപ്പെട്ടില്ല.

എത്ര പെട്ടെന്നാണ് അന്തരീക്ഷം മാറിയത്! അതുവരെ തെളിഞ്ഞുനിന്ന ആകാശവും പെട്ടെന്ന് മനസുകൾ പോലെ മേഘാവൃതമായി. എല്ലാവരും ശബ്ദമില്ലാതെ മാത്രം ആശയവിനിമയം നടത്തി. എങ്ങും മരണവീടിന്റെ പ്രതീതി. കർക്കിടകം ബാക്കി വെച്ചിട്ടുപോയ മേഘങ്ങൾ സംഘടിച്ച് ആരുടെയോ കണ്ണീരിന് സഖ്യം ചൊല്ലി. ഒന്നും ചെയ്യാനില്ലാതെ ഞങ്ങളെല്ലാം തെക്കെമുറിയിൽ അങ്ങിങ്ങായി ഇരുന്നും നിന്നും നേരംപോക്കി.
പലരുടെയും അറിവുകൾ കൂട്ടിവെച്ചപ്പോൾ അപ്പുറത്ത് ആരൊക്കെയോ തമ്മിൽ വഴക്കുണ്ടായി എന്നുമാത്രമാണ് ആദ്യം മനസിലായത്. പിന്നീടത്‌ രണ്ടു വ്യത്യസ്ത മതവിഭാഗക്കാർ തമ്മിലായിരുന്നുവെന്നും അതുവരെ ഒരുമിച്ച് ഒരുപോലെ ഓണമാഘോഷിച്ചവരാണ് തമ്മിൽ കണ്ടാൽ വെട്ടാൻ വാളെടുക്കുന്ന അവസ്ഥയിലായിരിക്കുന്നതെന്നുമുള്ള വാർത്തകൾ എനിക്ക് ദഹിച്ചതേയില്ല. തലേനാൾ വരെ വാത്സല്യത്തോടെ തലയിൽ തഴുകി കുശലമന്വേഷിച്ചു പോയിരുന്ന സഹോദരതുല്യർ എതിരാളികൾക്കായി അരയിൽ ആയുധങ്ങൾ സൂക്ഷിച്ചു നടക്കുകയാണെന്ന അറിവ് നടുക്കം മാത്രമായി.

അടുത്ത ദിവസം അതിരാവിലെത്തന്നെ ഞെട്ടിക്കുന്ന പുതിയ വാർത്തകളുമായി അയല്പക്കത്തെ സ്ത്രീകൾ വീട്ടിലെത്തി. അങ്ങ് കിഴക്ക് ഒരു പറമ്പിൽ തെങ്ങിൽ ചാരി ആരോ ജഡമായിരുന്നുവത്രേ.. കലഹം വെട്ടിലും കുത്തിലും വരെ എത്തിയെന്നും വടിവാളും കുറുവടിയുമായി ആറ്റിൻകരയിൽ കരിമ്പിൻകാട്ടിലെ ഇരുളിൽ ആരൊക്കെയോ പതിയിരിപ്പുണ്ടെന്നും കേട്ടു. പണിക്കുപോയി രാത്രി വീട്ടിലെത്തുന്ന പുരുഷന്മാരെയോർത്തു വേവലാതിപ്പെട്ടും മൂക്കുപിഴിഞ്ഞും സ്ത്രീകൾ കടവത്തേക്ക് കണ്ണുംനട്ട് കാത്തിരുന്നു.

ആരും പുറത്തിറങ്ങാത്ത ആ രാത്രിയിൽ വീട്ടിലേക്ക് ഓടിക്കയറിവന്ന് ശത്രുക്കൾക്ക് തന്നെ കാട്ടിക്കൊടുക്കരുതെന്നപേക്ഷിച്ച് എവിടെയോ പതുങ്ങിയിരുന്ന്, ബഹളമൊഴിഞ്ഞപ്പോൾ ഇരുട്ടിലേക്കിറങ്ങിയോടിയ മുറിവേറ്റ മനുഷ്യൻ പിന്നീട് ഒരുപാടുനാൾ എന്റെ പേടിസ്വപ്നങ്ങളിലേക്കിറങ്ങിവന്നിരുന്നു.

ജാതി, മതം, വർഗം, വർണ്ണം ഇവയെല്ലാം എന്തെന്നോ, സിരകളിൽ ഒരേ നിറമുള്ള രക്തമൊഴുകുന്ന മനുഷ്യർക്ക്‌ ഇതെല്ലാം എന്തിനെന്നോ അറിയാത്ത പ്രായത്തിൽ അങ്ങനെ ഒരോണക്കാലം ഭീതിദമായ കുറെ പുതിയ വാക്കുകൾ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. അതുകഴിഞ്ഞിന്നേവരെ അതിനു സമാനമായതോ അതിലും ഭീകരമായതോ ആയ സ്പർധകളും വിവാദങ്ങളും യുദ്ധങ്ങളും വരെ കണ്മുന്നിൽ അരങ്ങേറുമ്പോഴും ഒന്നും മനസിലാവാതെ, ഒന്നിന്റെയും അർത്ഥമറിയാതെ അതേ പത്തുവയസുകാരിയായി പകച്ചുനിൽക്കുകയാണ് ഞാൻ. ഇനിയുമൊരു മാവേലിനാട് പുനർജനിക്കുമെന്ന പ്രത്യാശയുടെ കുഞ്ഞുവെട്ടം മനസിലെവിടെയോ അണയാതെ കാത്തുകൊണ്ട്...

 (ഈ ലേഖനം ബഹറിനിൽ നിന്നും ഇറങ്ങുന്ന ഗൾഫ്‌ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു)