About Me

My photo
A person who loves to read, write, sing and share thoughts.

Monday, June 10, 2013

സാന്ദ്രം

മരണവീട്ടിലെ ചടങ്ങുകൾ തീരുന്നതുവരെ അയാൾ മുറ്റത്തെ അരളിമരച്ചുവട്ടിൽ ആരുടേയും കണ്ണിൽപെടാതെ നിന്നു. ഉമ്മറവാതിലിനപ്പുറത്ത്  കരഞ്ഞുതളർന്ന് ആരുടെയോ മടിയിൽ തലവെച്ചുകിടക്കുന്ന അവളുടെ, തേങ്ങലാൽ  ഉയർന്നുതാഴുന്ന ചുമലുകൾ മാത്രമേ കാണാവൂ. കണ്ണീരുകൊണ്ട് പലതവണ കഴുകപ്പെട്ട ആ മുഖത്തേക്ക് ഒരിക്കലേ നോക്കാൻ തോന്നിയുള്ളൂ.

അവളിങ്ങനെ കരഞ്ഞാൽ മൈഗ്രേൻ വരുമായിരുന്നു പണ്ട്.. പിന്നീടതിനെന്തോ ചികിത്സ ചെയ്തുമാറ്റിയതുമാണ്. എങ്കിലും അവളെയങ്ങനെ കാണുംതോറും അവളൊരു രോഗിയായിപ്പോവുമെന്ന് അയാൾ ഭയപ്പെട്ടു. അടുത്ത് ചെന്ന് ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കണമെന്ന തോന്നൽ ശക്തമാവുന്നു... നിസ്സഹായത വല്ലാത്ത ഭാരമായി നിറഞ്ഞപ്പോൾ അയാൾ തല മരത്തിൽ ആഞ്ഞിടിച്ചു. ഒന്ന് വാവിട്ടു കരയാൻ ആഗ്രഹിച്ചു.

നിലവിളികൾ വീണ്ടും ഉച്ചത്തിലായപ്പോൾ അയാൾ മരച്ചുവട്ടിൽ നിന്നുമെഴുന്നേറ്റു പിന്നിലേക്ക്‌ നീങ്ങി.  ഉള്ളിൽനിന്നും മൃതദേഹം ആരെല്ലാമോ ചുമന്നുകൊണ്ടു പുറത്തുകൊണ്ടുവന്നു വെച്ചു.

അപ്പോഴേക്കും അവളുടെ പാട്ടിയും അമ്മയും മറ്റു സ്ത്രീകളും നിലവിളിച്ചുകൊണ്ടിറങ്ങി വന്നു. അവരുടെ കയ്യിൽ തൂങ്ങി അവൾ ! കല്യാണനാളിലെന്ന പോലെ തല നിറയെ പൂവും നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടും ഇരുകൈകളിലും നിറയെ കുപ്പിവളകളും.. ഈറനണിഞ്ഞ കണ്ണുകൾ മാത്രം മാറ്റി നിർത്തിയാൽ അവളിന്നും കല്യാണപ്പെണ്ണിനെപ്പോലെ മനോഹരി തന്നെ! ആ കൈ പിടിച്ചു നില്ക്കേണ്ടത് താൻ തന്നെയാണെന്ന തോന്നൽ അയാളിൽ വല്ലാത്ത നഷ്ടബോധമുണർത്തി.

അവസാന ചടങ്ങുകൾക്കായി  അവരുടെ മകൻ കണ്ണിൽ  അങ്കലാപ്പ് നിറച്ച്‌ തല മുണ്ഡനം ചെയ്തു മുന്നിൽ നിസ്സംഗനായി നിന്നു. ചന്ദനത്തിരിയുടെ പുകയും ഗന്ധവും മന്ത്രോച്ചാരണങ്ങളും കുഞ്ഞിനെ പോലെത്തന്നെ അയാളെയും അസ്വസ്ഥനാക്കി.

ഈശ്വരാ അപ്രിയക്കാഴ്ചകൾ എന്തിനാണിങ്ങനെ മുന്നിൽ  കൊണ്ടുവരുന്നത്? അതിനു പ്രതികരിക്കാനാവാത്ത സാഹചര്യവും എന്തിനാണിങ്ങനെ തരുന്നത്?

 കർമ്മങ്ങൾ തീർത്ത് ആരൊക്കെയോ ചേർന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുപോവുമ്പോൾ അവൾ ഉച്ചത്തിൽ നിലവിളിച്ച് ബോധശൂന്യയായി വീണുപോയി. അയാൾ പരിസരം മറന്ന് ഓടിയരികിലെത്തി എങ്കിലും അതിനുമുന്നെ തന്നെ അവളുടെ ചുറ്റിലും നിന്നിരുന്ന ആരോ അവളെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയിരുന്നു.

വീണ്ടും മരച്ചുവട്ടിൽ തളർന്നിരുന്നുകൊണ്ട് അയാൾ ഓരോന്നോർത്തു വ്യഥിതനായി. തമിഴത്തിപ്പെണ്ണിന്റെ  സ്നേഹത്തിനായി പുറകെ നടന്നതും ഒടുവിൽ അവളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയതും.. എതിർപ്പുകളോട് പോരാടി പിന്നെയും കുറെ കാലം..  ഏതൊക്കെയോ വഴികൾ താണ്ടി ഒടുവിൽ ... നാം വരച്ചുവെക്കുന്നതിലൂടെ നടക്കാൻ ദൈവം അനുവദിക്കാത്ത സന്ദർഭങ്ങൾ .. അപ്രതീക്ഷിത തോൽവികൾ.. വീഴ്ചയുടെ പരിക്കുകൾ അഭിനയം കൊണ്ട് മൂടി മറച്ച് എല്ലാം നേടിയവനെ പോലെ നടന്നു നോക്കി ... പിന്നെയും വീണപ്പോൾ തളർന്നു ... ചുറ്റും കുറ്റപ്പെടുത്തലുകളും കൂടിയായപ്പോൾ ഒളിച്ചോട്ടം മാത്രമേ മുന്നിൽ കണ്ടുള്ളൂ ... എന്നും ആശ്വാസം മാത്രം തന്നിരുന്ന അവളുടെ സ്നേഹമുഖം പോലും മറന്നതായി നടിച്ചു ...

 മുറ്റത്ത് അവൾ മൃതദേഹത്തിനരികിൽ സന്യാസിനിയെ പോലെ ഇരുന്നു. സ്ത്രീകൾ അവളുടെ ചുറ്റിലും നിന്ന് ഇരുകൈകളിലെയും വളകൾ മതിലിൽ അടിച്ചുടയ്ക്കുന്നു. തലവഴി ഒഴിച്ച മഞ്ഞൾവെള്ളത്തിൽ നെറ്റിയിലെ സിന്ദൂരം കലങ്ങിയൊഴുകി കാല്ക്കീഴിലെ മണ്ണിലഭയം തേടുന്നു... അരുത് ... എന്തിനാണീ ദ്രോഹം! അലറിവിളിച്ചു ചോദിക്കണമെന്ന ആഗ്രഹത്തെ ആരോ ചങ്ങലക്കിട്ടു പിന്നോട്ട് വലിക്കുന്നു.. നീയാണ് ഉത്തരവാദി എന്നേതോ ചൂണ്ടുവിരൽ തനിക്കു നേരെ വരുന്നപോലെ ...

അവളെ ഒന്ന് അടുത്തു കാണണം.. പറ്റുമെങ്കിൽ ആ കാലിൽ വീണ് മാപ്പിരക്കണം. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ ചിന്ത. ദു:ഖാന്വേഷികളുടെ തിരക്കൊഴിഞ്ഞപ്പോൾ അയാൾ പതുക്കെ അവളുടെ മുറിയുടെ പിന്നിൽ എത്തി.

മടിയിൽ  തളർന്നുറങ്ങുന്ന മകന്റെ തലയിൽ വിരലോടിച്ച് അവൾ ...  അവളുടെ കണ്ണീർ ഗ്രന്ഥികൾ അമിതാധ്വാനത്തിൽ ക്ഷീണിച്ചു പ്രവർത്തനരഹിതമായിരിക്കും. ചുവരിൽ അവരുടെ കുടുംബചിത്രം അനാഥമായി കിടന്നു.

 ആരും അടുത്തില്ലെന്ന് കണ്ടു അയാൾ ജനാലവഴി അവൾക്കു നേരെ കൈ നീട്ടി.. അവളുടെ പേര് അയാളുടെ തൊണ്ടയിൽ കുരുങ്ങി പുറത്തുവരാൻ മടിച്ചുനിന്നു.

അവൾ അയാളെ കണ്ടതേയില്ല ... അവളപ്പോഴും ചുവരിലെ അയാളുടെ കണ്ണുകളിൽ നോക്കി മൂകമായി കലഹിച്ചുകൊണ്ടിരുന്നു...